പേര് കുരങ്ങുപനിയെന്നാണെങ്കിലും കുരങ്ങല്ല യഥാര്‍ത്ഥ രോഗവാഹകന്‍; എങ്ങനെ നേരിടാം, വരാതെ തടയാം


ഡോ. അനൂപ് കുമാര്‍/ രാജി പുതുക്കുടി

പ്രതീകാത്മക ചിത്രം

മങ്കി പോക്‌സ് പടരുന്ന സാഹചര്യത്തില്‍ കനത്ത ആശങ്കയിലാണ് ലോകം മുഴുവനും. യുഎഇയും യുഎസും ഉള്‍പ്പടെയുള്ള ഇരുപതോളം രാജ്യങ്ങളില്‍ 200ലധികം മങ്കി പോക്‌സ് കേസുകള്‍ സ്ഥിരീകരിച്ച് കഴിഞ്ഞു. മങ്കി പോക്‌സിനെ കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയില്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ ഡോക്ടര്‍ അനൂപ് കുമാര്‍ എ.എസ് സംസാരിക്കുന്നു

കുരങ്ങുകളില്‍ നിന്നും പകരുന്ന രോഗമാണോ കുരങ്ങുപനി അല്ലെങ്കില്‍ മങ്കി പോക്‌സ്?

കുരങ്ങ് പനി എന്ന് നമ്മള്‍ പറയുന്നത് തന്നെ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു പ്രയോഗമാണ്. ഇത് കുരങ്ങുകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രീതിയിലുള്ള ഒരു ജന്തുജന്യ രോഗമല്ല. ഇത് പ്രധാനമായും ആഫ്രിക്കന്‍ കാടുകളില്‍ കാണുന്ന എലി അണ്ണാന്‍ വര്‍ഗത്തില്‍പ്പെട്ട (ആഫ്രിക്കന്‍ ഡോര്‍മോസ്, റോപ് സ്‌ക്യുരല്‍, ഗാംമ്പിയന്‍ പോച്ച്ഡ് റാറ്റ്, മങ്കാബേ) ജീവികളില്‍ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്. 1958ല്‍ രോഗലക്ഷണങ്ങളുള്ള ഒരു കുരങ്ങനില്‍ നടത്തിയ പരിശോധനയിലാണ് ഈ വൈറസിനെ കണ്ടെത്തിയത് എന്നതുകൊണ്ടാണ് ഈ രോഗത്തെ മങ്കിപോക്‌സ് എന്ന് വിളിക്കുന്നത്. മനുഷ്യരിലേക്ക് ഈ രോഗം വരാനുള്ള ഒരുകാരണം ആഫ്രിക്കന്‍ കാടുകളില്‍ കാണുന്ന നേരത്തേ പറഞ്ഞ ജീവികളെ വളര്‍ത്തുമൃഗങ്ങളായി ഉപയോഗിക്കുന്നത് കൊണ്ടാണ് (എക്‌സോട്ടിക് പെറ്റ്) . ഇന്ത്യയിലായാലും കേരളത്തിലായാലും ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് കുരങ്ങുകള്‍ രോഗവാഹകരാകാനുള്ള സാധ്യത തീരെ കുറവാണ്. നമ്മുടെ നാട്ടില്‍ കാണുന്ന എലി, അതുപോലെ കൃഷിയിടങ്ങളില്‍ കാണുന്ന പെരുച്ചാഴി എന്നിവയൊക്കെ ഇതിന്റെ റിസര്‍വോയര്‍ ആയേക്കാം.

എന്താവാം പെട്ടെന്ന് ഒരു രോഗവ്യാപനം ഉണ്ടാവാന്‍ കാരണം. വൈറസിന്റെ ജനിതക വ്യതിയാനം ആണോ?

ഡോ. അനൂപ് കുമാര്‍

1970ല്‍ രോഗം ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ച ശേഷം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലപ്പോളായി ചെറിയ രീതിയില്‍ ഈ രോഗവ്യാപനം നടന്നിട്ടുണ്ട്. എന്നാല്‍ ലോകത്ത് ഒരേ സമയം ഇത്രയധികം രാജ്യങ്ങളിലേക്ക് രോഗവ്യാപനം ഉണ്ടാവുന്നതും ഇത്രയധികം രോഗികള്‍ ഉണ്ടാവുന്നത് എന്തുകൊണ്ടാണെന്നുമാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ആംകാക്ഷയോടെ ഉറ്റുനോക്കുന്നത്. പരിസ്ഥിതിയിലും സാമൂഹ്യ ജീവിതത്തിലും ഉണ്ടായ മാറ്റങ്ങള്‍ അതായത്, വനനശീകരണം, പാര്‍പ്പിട സൗകര്യങ്ങള്‍ കുറയുക, കാലാവസ്ഥാ വ്യതിയാനം, ജനസാന്ദ്രത, ദാരിദ്ര്യം, 1972ല്‍ തന്നെ സ്‌മോള്‍ പോക്‌സ് വാക്‌സിന്‍ നല്‍കുന്നത് നിര്‍ത്തിയത്. അങ്ങനെ പല കാരണങ്ങള്‍ കൊണ്ടാവാം ഇത് സംഭവിക്കുന്നത്. സ്‌മോള്‍ പോക്‌സ് വാക്‌സിന്‍ ഈ രോഗത്തിനെതിരെ 85 ശതമാനത്തിലധികം രോഗപ്രതിരോധ ശേഷി നല്‍കും എന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. 1972ന് ശേഷം സ്‌മോള്‍ പോക്‌സ് വാക്‌സിന്‍ നല്‍കാത്തതിനാല്‍ പ്രതിരോധ ശക്തി ഇല്ലാത്ത വലിയ ഒരു ജനവിഭാഗം തന്നെ ഇപ്പോള്‍ ഉണ്ട്. ഇവരിലേക്ക് ഈ വൈറസ് കടന്ന് വന്നാല്‍ വലിയ രീതിയിലുള്ള രോഗവ്യാപനം നടക്കാം. വെസ്റ്റ് ആഫ്രിക്കന്‍ ക്ലെയിഡും സെന്‍ട്രല്‍ ആഫ്രിക്കന്‍ ക്ലെയിഡും ഇങ്ങനെ രണ്ട് രീതിയിലുളള വകഭേദങ്ങളാണ് കണ്ടിട്ടുള്ളത്. ഇതിനോട് സാമ്യമുള്ള വകഭേദങ്ങളാണ് പോര്‍ച്ചുഗല്‍ ബെല്‍ജിയം ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്. രോഗലക്ഷണങ്ങളിലും രോഗം കാണുന്ന രീതിയിലും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട്. അതുപോലെ തന്നെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിന്റെ നിരക്കും കൂടി. അതുകൊണ്ട് തന്നെ പൂര്‍ണമായ ജനിതക പഠനങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. ജനിതക വ്യതിയാനം സംഭവിച്ചതിന്റെ സാധ്യത തള്ളിക്കളായാനാവില്ല.

മങ്കിപോക്‌സിന്റെ ലക്ഷണങ്ങളില്‍ വന്ന വ്യത്യാസങ്ങള്‍ എന്തൊക്കെ??

ഈ രോഗത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ചില വ്യത്യാസങ്ങള്‍ കാണുന്നുണ്ട് . സാധാരണ രീതിയില്‍ രോഗം വരുന്നതിന് രണ്ടുമുതല്‍ നാല് ദിവസം വരെ രോഗി പനി, ശരീരവേദന, അസഹ്യമായ ക്ഷീണം എന്നിവയാണ് കാണിക്കുക. അതിന് ശേഷം രോഗിയെ മുഴുവന്‍ വിരൂപനാക്കുന്ന രീതിയിലാണ് ഈ രോഗം വന്നിരുന്നത്. ശരീരം മുഴുവന്‍ ചിക്കന്‍ പോക്‌സ് പോലെ കുമിളകള്‍ പൊങ്ങുകയും അത്തരം കുമികളകള്‍ പ്രധാനമായും മുഖത്തും കൈകളിലും കാലുകളിലുമാണ് കാണുകയും ചെയ്യുന്നത്. അത് പോലെ തന്നെ കഴലവീക്കവും ഇതിന്റെ ഒരു പ്രധാന ലക്ഷണമണ്. അതുപോലെ തന്നെ ലൈംഗികാവയങ്ങളിലും മലദ്വാരത്തിലും ഉള്‍പ്പടെ ഇതിന്റെ കുമിളകള്‍ പരക്കുകയും ചെയ്യും. ഇത്തരം വലിയ കുമിളകള്‍ ശരീരത്തില്‍ കാണാതെ തന്നെ ലൈംഗികവയവങ്ങളിലും മലദ്വാരത്തിലും മാത്രം ചെറിയ കുരുക്കളായി ഈ രോഗം വരുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് കൊണ്ട് സിഫിലിസ്, ഗൊണോറിയ, ഹെര്‍പ്പസ് തുടങ്ങിയ ലൈംഗിക രോഗങ്ങളായി ഇതിനെ തെറ്റിദ്ധരിക്കപ്പെടാം. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചിലരോഗികളില്‍ ഇത്തരം രോഗങ്ങള്‍ക്കുള്ള ടെസ്റ്റുകള്‍ ആണ് നടത്തിയത്. അത് സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് മങ്കി പോക്‌സിനുള്ള ടെസ്റ്റ് നടത്തുകയും രോഗം സ്ഥിരീകരണം ഉണ്ടാവുകയും ചെയ്തത്. മറ്റൊരു പ്രശ്‌നം ഗുഹ്യഭാഗത്ത് മാത്രം ഉണ്ടാവുന്ന കുരുക്കള്‍ ആളുകള്‍ തുറന്ന് പറയണമെന്നില്ല. ഇത്തരം ആളുകള്‍ രോഗം വ്യാപനത്തിനുള്ള സാധ്യത വളരെ കൂട്ടും.

മങ്കിപോക്‌സ് ആശങ്ക എന്തുകൊണ്ട്? മറ്റൊരു കോവിഡ് ആകുമോ??

നേരത്തെ മങ്കിപോക്‌സ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപകമായി പടര്‍ന്നിട്ടില്ലെങ്കിലും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഏകദേശം 30 ശതമാനം കേസുകളിലും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കുള്ള വ്യാപനം നടന്നതായാണ് കാണുന്നത്. അതിലുപരി നമ്മളെ ആശങ്കപ്പെടുത്തുന്നത് നേരത്തെയെല്ലാം ഒരു രോഗിയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ വരുന്ന കേസുകളായിരുന്നു കണ്ടിരുന്നത്. അതെല്ലെങ്കില്‍ രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിലൂടെ സഞ്ചരിച്ചവര്‍ക്കായിരുന്നു രോഗം വന്നത്. എന്നാല്‍ യൂറോപ്പില്‍ ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച രോഗികള്‍ക്ക് മങ്കി പോക്‌സ് വന്നവരുമായി സമ്പര്‍ക്കമോ രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിലൂടെ സഞ്ചരിച്ചതിന്റെ ഹിസ്റ്ററിയോ ഇല്ല. അതിനാല്‍ തന്നെ ഈ രാജ്യങ്ങളില്‍ ഈ വൈറസിന്റെ സമൂഹ വ്യാപനം നടന്നിട്ടുണ്ടാവാം എന്ന ആശങ്കയാണ് പുറത്ത് വരുന്നത്. അതുകൊണ്ട് തന്നെ ഈ രോഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തില്‍ മങ്കിപോക്‌സിനെ കുറിച്ച് അത്രയധികം ആശങ്കപ്പെടേണ്ടതില്ല എന്ന് തോന്നുന്നു. ചൈനയില്‍ നിന്ന് തുടങ്ങിയ കോവിഡ് എന്ന വൈറസ് ലോകമെമ്പാടും പടര്‍ന്ന് പിടിച്ച് മനുഷ്യജീവിതത്തെ തന്നെ മാറ്റി മറിക്കുന്നത് നമ്മള്‍ കണ്ടതാണ്. ഇതില്‍ നിന്നും തന്നെയാവാം എല്ലാ വൈറസ് രോഗങ്ങളേയും നമ്മള്‍ ഇത്രയധികം ആശങ്കയോടെ കാണുന്ന അവസ്ഥ വന്നത്. കുരങ്ങുപനി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന നിരക്കും മരണ നിരക്ക് വളരെ കുറവാണ്. ഇപ്പോള്‍ പരക്കുന്ന വകഭേദത്തിന്റെ മരണ നിരക്ക് ഏകദേശം ഒരു ശതമാനത്തോടടുത്ത് മാത്രമാണ്. അതുകൊണ്ട് തന്നെ ഈ രോഗം വലിയ രീതിയിലുളള മരണ സാധ്യത ഉണ്ടാക്കുകയില്ല. ഇപ്പോള്‍ ഏകദേശം 200നടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അതില്‍ ഗുരുതര അവസ്ഥയിലേക്ക് പോവുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടില്ല എന്നതും ആശ്വാസമാണ്. എന്നിരുന്നാലും ഇന്ത്യ പോലെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ പണ്ട് വസൂരി പടര്‍ന്ന പോലെ ഈ രോഗവും പടരാനുള്ള സാധ്യത കൂടുതലാണ്.

കോവിഡുമായി ഈ രോഗത്തെ താരതമ്യം ചെയ്യുമ്പോള്‍ പല രീതിയിലുള്ള വ്യത്യാസങ്ങള്‍ ഇതിനുണ്ട്. കോവിഡ് ലോകത്ത് ഇത്രയധികം പടരാനുണ്ടായ സാഹചര്യം രോഗലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പ് തന്നെ രോഗി രോഗം പരത്തുന്ന അവസ്ഥ, അതുപോലെ കൃത്യമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികളില്‍ നിന്ന് പോലും രോഗം പകരുന്ന അവസ്ഥ എന്നിവയാണ് പക്ഷെ മങ്കിപോക്‌സിന്റെ കാര്യത്തില്‍ തൊലിപ്പുറത്ത് കുമിളകള്‍ വന്ന ശേഷം മാത്രമേ രോഗി വ്യാപനം നടത്തുകയുളളൂ. അത്‌കൊണ്ട് തന്നെ രോഗലക്ഷണമുള്ളവരെ മാറ്റി നിര്‍ത്തിയാല്‍ രോഗവ്യാപനം ഫലപ്രദമായി തടയാന്‍ കഴിയും. മറ്റൊന്ന് മങ്കി പോക്‌സിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് കൂടുതലാണ് എന്നതാണ്. ശരീരത്തിലേക്ക് രോഗാണുക്കള്‍ പ്രവേശിച്ചാല്‍ ഏകദേശം 7 മുതല്‍ 21 ദിവസം വരെ കഴിഞ്ഞാണ് രോഗലഗക്ഷണങ്ങള്‍ കാണുക. രോഗിയുടെ തൊലിപ്പുറത്ത് കുമിളകള്‍ വന്ന് കഴിഞ്ഞാല്‍ അത് നന്നായി ഉണങ്ങാന്‍ മൂന്ന് മുതല്‍ നാല് ആഴ്ചവരെ സമയം എടുക്കും. ഈ കാലയളവില്‍ രോഗം മറ്റൊരാളിലേക്ക് പടരാനുള്ള സാധ്യത വളരെ കൂടുതലാണ്

കൃത്യമായ ചികിത്സാ സംവിധാനങ്ങള്‍ ഉണ്ടോ?

രോഗം പടരുന്നുണ്ടെങ്കിലും ചിക്കന്‍ പോക്‌സ് പോലെ തന്നെ നമുക്ക് ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുന്ന ഒരു രോഗമാണിത്. ഹോസ്പിറ്റല്‍ ചികിത്സ പോലും മിക്കവാറും സമയങ്ങളില്‍ ആവശ്യമായി വരില്ല. തൊലിപ്പുറത്തെ കുമിളകള്‍ പൂര്‍ണമായും ഉണങ്ങുന്നത് വരെ അതായത് ഏകദേശം ഒരുമാസത്തോളം രോഗി മറ്റാരുമായി ഇടപഴകാന്‍ പാടുള്ളതല്ല. സാധാരണ ചിക്കന്‍ പോക്‌സ് രോഗികള്‍ക്ക് നമ്മള്‍ നല്‍കുന്ന സപ്പോര്‍ട്ടീവ് കെയര്‍ ഈ രോഗികള്‍ക്കും നല്‍കാം. ശരീരത്തില്‍ ചൊറിച്ചിലും വേദനയും ഉണ്ടെങ്കില്‍ അതുമാറാനുള്ള മരുന്നുകളും, ശരീരത്തില്‍ മറ്റ് അണുബാധ ഉണ്ടാവുകയാണെങ്കില്‍ അതിനുള്ള ആന്റിബയോട്ടിക് മരുന്നുകളുമാണ് നല്‍കുക. ഒപ്പം ശരീരത്തിലെ ജലാംശവും സോഡിയത്തിന്റെ അളവും കുറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. രോഗം ഉള്ള ആള്‍ മറ്റൊരാളുമായി അടുത്ത് ഇടപഴകിയാല്‍ നാല് ദിവസത്തിനുള്ളില്‍ തന്നെ സ്‌മോള്‍ പോക്‌സ് വാക്‌സിന്‍ നല്‍കിയാല്‍ രോഗം ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ ഇതിനുളള കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. ഈ രോഗത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ ......തുടങ്ങിയ ആന്റി വൈറല്‍ മരുന്നുകളും ഉപയോഗിക്കുന്നുണ്ട്.

പ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍ പ്രതിരോധ ശേഷി കുറഞ്ഞ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, കുട്ടികള്‍, പ്രായധിക്യമുളള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് രോഗം വന്നാല്‍ ഗുരുതരാവസ്ഥയിലേക്ക് പോകാനും മരണ കാരണ ആവാനും സാധ്യത കൂടുതലാണ്. അതേ പോലെ ഈ വൈറസ് തലച്ചോറിനെ ബാധിക്കുക, കിഡ്‌നിയെ ബാധിക്കുക എന്നതും മരണ കാരണം ആയേക്കാം . പക്ഷെ ഇത്തരം സാഹചര്യങ്ങള്‍ അപൂര്‍വമാണ്.

സ്വവര്‍ഗാനുരാഗികളില്‍ രോഗം കൂടുതലായി കാണുന്നത് എന്തുകൊണ്ടാവാം?

മുമ്പൊന്നും മങ്കിപ്പനി ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു രോഗമായി കണക്കാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാരില്‍ ഈ രോഗം കൂടുതലായി കാണുന്നുണ്ട്. ഇത് ലൈംഗിക ബന്ധത്തിലൂടെ പകരുന്നതിനേക്കാള്‍ ആ സമയത്ത് കൂടുതലായി അടുത്തിടപഴകുന്നതിലൂടെ വരുന്നാതാണെന്നാണ് ഇപ്പോളത്തെ നിഗമനം. എന്നാലും ലൈംഗിക അവയവങ്ങളില്‍ വ്രണങ്ങള്‍ കാണുന്നത് ഉള്‍പ്പടെയുള്ള ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ഈ കാര്യത്തില്‍ ശ്രദ്ധ വേണം. സുരക്ഷിത മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള ലൈംഗിക ബന്ധം, പങ്കാളിയുടെ ആരോഗ്യത്തെ കുറിച്ച് കൃത്യമായ അവബോധം, ലൈംഗിക ശുചിത്വം എന്നിവ ഉണ്ടായിരിക്കേണ്ടതും ഈ സാഹചര്യത്തില്‍ അത്യാവശ്യമാണ്.

ഐസൊലേഷനും ക്വാറന്റൈനും എത്രത്തോളം ഫലപ്രദമാണ്?

ഐസോലേഷനിലൂടെ രോഗപ്പകര്‍ച്ച ഏറ്റവും ഫലപ്രദമായി തടയാന്‍ പറ്റുന്ന ഒരു രോഗമാണ് ഇത്. ലൈംഗികാവയവങ്ങളില്‍ മാത്രമായോ അല്ലെങ്കില്‍ ശരീരം മുഴുവനോ കുമിളകള്‍ കണ്ടാല്‍ രോഗിയെ മാറ്റി നിര്‍ത്തിയാല്‍ രോഗം പകരുന്നത് തടയാം. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ പോയി വന്നവരേയും രോഗികളുമായി സമ്പര്‍ക്കം ഉണ്ടായവരേയും ക്വാറന്റീന്‍ ചെയ്യണം. പക്ഷെ ഏകദേശം 21 ദിവസത്തോളം ആളുകളെ ക്വാറന്റീന്‍ ചെയ്യേണ്ടി വരും എന്നതാണ് ഇപ്പോഴത്തെ കണക്ക്. എന്നാല്‍ മൂന്നാഴ്ചത്തോളം നീളുന്ന ക്വാറന്റൈനും രോഗം വന്നാല്‍ ഒരുമാസത്തോളം നീളുന്ന വിശ്രമവും ശരീരം വികൃതമാക്കുന്ന വ്രണങ്ങളും രോഗിയ്ക്ക് കടുത്ത മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ നമ്മള്‍ എന്ത് ചെയ്യണം
ലൈംഗിക രോഗങ്ങളും ചിക്കന്‍പോക്‌സ് പോലുള്ള രോഗങ്ങളും ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ ഇടയില്‍ കൃത്യമായ അവബോധം ഉണ്ടാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സംശയമുള്ള രോഗികളെ ഐസൊലേറ്റ് ചെയ്യുകയും വ്രണങ്ങള്‍ പരിശോധനയ്ക്ക് അയക്കുകയും വേണം. പല വിദേശ രാജ്യങ്ങളിലും മലയാളികള്‍ ഉള്ളതിനാല്‍ തന്നെ ഈ രോഗം കേരളത്തിലേക്ക് വരാനുള്ള സാധ്യത വളരെ കൂടുലാണ്. അതുകൊണ്ട് തന്നെ സംശയം തോന്നിയാല്‍ ഉടന്‍ തന്നെ പിസിആര്‍ പരിശോധന നടത്താനുള്ള സംവിധാനങ്ങള്‍ പുതുതായി തുടങ്ങിയ വൈറോളജി ലാബ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ലഭ്യമാക്കുകയും വേണം. അതേ പോലെ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളില്‍ നിന്ന് മടങ്ങി വരുന്നവര്‍ക്ക് രോഗത്തെ കുറിച്ചുള്ള അവബോധം നല്‍കുകയും രോഗലക്ഷണം കണ്ടാല്‍ സ്വയം ഐസൊലേഷനില്‍ പോവേണ്ടതിന്റേയും ചികിത്സ തേടേണ്ടതിന്റേയും ആവശ്യകത മനസ്സിലാക്കി കൊടുക്കുകയും വേണം. സ്‌മോള്‍ പോക്‌സ് വാക്‌സിനും ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറല്‍ മരുന്നുകളും ഇന്ത്യയില്‍ ലഭ്യമല്ലാത്തതിനാല്‍ രോഗവ്യാപന സാധ്യത മുന്നില്‍ കണ്ട് വാക്‌സിനും മരുന്നും എത്തിക്കുകയും വേണം.

ഗൃഹ ചികിത്സയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മങ്കിപോക്‌സ് വരുന്ന ഭൂരിഭാഗം രോഗികള്‍ക്കും ഗൃഹചികിത്സ ധാരാളമാണ്. കോവിഡ് രോഗികള്‍ ചെയ്യുന്ന പോലെ തന്നെ വായു സഞ്ചാരം ഉള്ള മുറിയില്‍ കഴിയുക, പ്രത്യേകം ശുചിമുറി ഉപയോഗിക്കുക. പ്രത്യേകം പാത്രത്തില്‍ ഭക്ഷണങ്ങള്‍ കഴിക്കുക, വസ്ത്രങ്ങള്‍ സോപ്പ് ലായനിയില്‍ മുക്കി വെച്ച് ശേഷം വൃത്തിയാക്കുകയും ചെയ്യുക എന്നിവയാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍. തൊലിപ്പുറത്തെ വ്രണങ്ങള്‍ പൂര്‍ണമായി മാറുന്നവരെ രോഗവ്യാപനം നടക്കാന്‍ സാധ്യത ഉള്ളതിനാല്‍ നാലാഴ്ച വരെ മറ്റുള്ളവരില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കണം, കുളിക്കുകയും ശരീര ശുചിത്വം പാലിക്കുകയും ചെയ്യുക. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കാതിരിക്കുക. നന്നായി വെള്ളം കുടിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങള്‍. ?

Content Highlights: monkey pox symptoms; how to prevent

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented