ആദ്യം ലിംഗനീതി നടപ്പാവട്ടെ, ലിംഗവിവേചനം ഇല്ലാതാവട്ടെ; എന്നിട്ടാവാം ജെന്‍ഡര്‍ ന്യൂട്രാലിറ്റി- മുനീര്‍


രാജി പുതുക്കുടി

ഡോ. എം.കെ. മുനീർ | Photo: മാതൃഭൂമി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ പ്രസംഗിച്ച മുന്‍മന്ത്രി എം.കെ. മുനീറിന്റെ വാക്കുകള്‍ സമൂഹത്തില്‍ വലിയ വിവാദത്തിനാണു വഴിതെളിച്ചത്. ഈ പശ്ചാത്തലത്തില്‍ മുനീറുമായി നടത്തിയ അഭിമുഖം.

എന്തുകൊണ്ടാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന വിഷയത്തില്‍ മുസ്‌ലിം ലീഗ് ഇത്തരം ഒരു നിലപാടിലേക്ക് പോകുന്നത്?

ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന ടെര്‍മിനോളജി ലോകത്ത് വളരെ കാലങ്ങളായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. നമ്മള്‍ ഇപ്പോളാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന വിഷയം ഇത്ര സജീവമായി കേള്‍ക്കുന്നത്. ലോകം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണിത്. പതിറ്റാണ്ടുകളായി ലോകത്ത് നടക്കുന്ന ഒരു ചര്‍ച്ചയെ ഒരു തരത്തിലും പരിഗണിക്കാതെ, പെട്ടെന്ന് ഒരു ദിവസം പാഠ്യപദ്ധതിയിലേക്ക് ജെന്‍ഡര്‍ ന്യൂട്രാലിറ്റി കൊണ്ടുവരികയായിരുന്നു. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന സങ്കീര്‍ണമായ വിഷയത്തെ കൈകാര്യം ചെയ്യുന്നത് ഇത്ര ലാഘവത്തോടെയാവരുതെന്ന്. അങ്ങനെ വരുമ്പോള്‍ ഇവിടെ പുരോഗമനത്തിന് പകരം അരാജകത്വം ഉണ്ടാവാനുള്ള ഒരു സാധ്യതയുണ്ട് എന്ന മുന്നറിയിപ്പ് മാത്രമാണ് ഞാന്‍ നല്‍കിയിട്ടുള്ളത്.

ലോകത്ത് നടക്കുന്ന ചര്‍ച്ചയില്‍ ഒരു വിഭാഗം പറയുന്നത് ഇതില്‍ പുരുഷാധികാരം പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ്. പാട്രിയാര്‍ക്കി എന്നത് പുരുഷകേന്ദ്രീകൃതമായ സ്ത്രീവിരുദ്ധതയാണ്. അങ്ങനെ സ്ത്രീവിരുദ്ധരായ ആളുകളാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ നിയന്ത്രിച്ചിട്ടുള്ളത്. ആ ഡിബേറ്റ് ഞാന്‍ ഇവിടെ പറഞ്ഞൂ എന്ന് മാത്രമേയുള്ളൂ. ഞാന്‍ സ്ത്രീവിരുദ്ധനാണ് എന്നൊക്കെയാണ് ഇപ്പോള്‍ പറയുന്നത്, പക്ഷെ, സത്യത്തില്‍ ഞാന്‍ സ്ത്രീകളുടെ പക്ഷത്ത് നിന്നുകൊണ്ടാണ് സംസാരിച്ചത് അത് വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കിയോ എന്ന് എനിക്കറിയില്ല. സ്ത്രീകളെ ഒട്ടും പരിഗണിക്കാതെയുള്ള ഒന്നാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയായി ഇവിടെ ചര്‍ച്ച ചെയ്യുന്നത്. സ്ത്രീയുടെ ഉടലിനെക്കുറിച്ചാണ് ഈ പുരുഷപക്ഷം ചിന്തിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീ ഏത് വേഷം ധരിക്കണം, അവരെ എന്ത് വിളിക്കണം, അവര്‍ എങ്ങനെയാണ് സമൂഹത്തില്‍ പെരുമാറേണ്ടത് എന്നുളള കുറേ ചിട്ടവട്ടങ്ങള്‍ ഉണ്ടാക്കുകയാണ് സത്യത്തില്‍ ചെയ്യുന്നത്. അതാണ് ലോകത്ത് നടക്കുന്ന ചര്‍ച്ചയില്‍ പറയുന്നത്.

സ്ത്രീകളെ ഇനി മുതല്‍ എടാ എന്നു വിളിക്കാം പക്ഷെ, പുരുഷനെ എടീ എന്ന് വിളിക്കുന്ന ഒരു സന്ദേശത്തെക്കുറിച്ച് ഇതില്‍ പറയുന്നില്ല. പുരുഷനെ എടീ എന്നു വിളിക്കുമ്പോള്‍ അവനെ അവന്റെ സ്വത്വബോധം വല്ലാതെ വേട്ടയാടുന്നുണ്ട്. ഈ വിഷയത്തില്‍ നമ്മുടെ സമൂഹം പോലും എജ്യുക്കേറ്റഡ് അല്ല. ഞാനിതു പറയുമ്പോള്‍ എന്നെ വിഡ്ഢി എന്നാണ് എല്ലാവരും വിളിക്കുന്നത്.

ജെന്‍ഡര്‍ പാര്‍ക്കും ഷീ ടാക്‌സിയും നടപ്പാക്കി സ്ത്രീകള്‍ക്ക് വേണ്ടി വാദിച്ച മുനീര്‍ എന്തുകൊണ്ട് ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന വിഷയത്തില്‍ മുഖം തിരിക്കുന്നു?

കുടുംബം എന്ന ഘടകം ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വിശ്വാസിയാവട്ടെ വിശ്വാസം ഇല്ലാത്തവര്‍ ആവട്ടെ, മാര്‍ക്‌സിസ്റ്റുകള്‍ ആണല്ലോ കൂടുതല്‍ പുരോഗന ആശയം മുന്നോട്ടുവെക്കുന്നു എന്ന് പറയുന്നത്. പക്ഷെ, അവര്‍ പോലും ഈ കുടുംബവ്യവസ്ഥിതിയെ വിച്ഛേദിക്കുന്നില്ല. സമൂഹമാണ് എല്ലാത്തിന്റേയും അടിസ്ഥാനം എന്നാണല്ലോ മാര്‍ക്‌സിന്റെ അടിസ്ഥാന തത്വം. സ്വത്തിന്റെ അവകാശി പോലും സമൂഹമാണ് എന്നാണ് പറയുന്നത്. പക്ഷെ, ആ ആശയത്തിലേക്ക് നമ്മള്‍ ഇപ്പോളും വന്നിട്ടില്ല. സെക്ഷ്വല്‍ ആയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുംമുമ്പ്, ഞാനെങ്ങനെ ഒരു സ്ത്രീയോട് സമൂഹത്തില്‍ പെരുമാറണം എന്ന അവബോധം എനിക്ക് ഉണ്ടാവണം.

മുമ്പ്, ഞങ്ങളൊക്കെ ഏറെ ചര്‍ച്ച ചെയ്തതാണിത്. അങ്ങനെയാണ് അവബോധത്തിന്റെ ആവശ്യം ഉണ്ടെന്ന്, അതെത്രത്തോളം പ്രാധാന്യമുള്ളതാണെന്നു മനസ്സിലാവുന്നത്. മന്ത്രിയായിരിക്കുമ്പോള്‍ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനെ പോയി കണ്ടിരുന്നു. ജെന്‍ഡര്‍ പാര്‍ക്കിന്റെ ആവശ്യകതയെ കുറിച്ചു ഞാന്‍ പറഞ്ഞപ്പോള്‍, അദ്ദേഹം അപ്പോള്‍ തന്നെ ചോദിച്ചത് സ്ത്രീകള്‍ക്ക് വേണ്ടി മാത്രമാണോ ജെന്‍ഡര്‍ പാര്‍ക്ക് എന്നാണ്. അങ്ങനെ ഉണ്ടാക്കരുത്. സ്ത്രീ എന്താണെന്ന് അറിയാനുള്ള അവബോധം അവിടെനിന്ന് പുരുഷന്മാര്‍ക്ക് ലഭിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ സമൂഹത്തില്‍ സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് ധാരണയില്ലാത്ത വളരെയധികം ആളുകള്‍ ഉണ്ട്. അതാണു ഞാന്‍ ആ യോഗത്തില്‍ പ്രസംഗിച്ചത്. എഫ്.ഐ.ആര്‍. എടുക്കാന്‍ അറിയാത്ത പോലീസുകാരുണ്ട്. അങ്ങനെയൊരു അവബോധം ഇല്ലാത്ത പോലീസും വക്കീലന്‍മാരും ഒക്കെയുളള ഒരു സമൂഹമാണ് നമ്മുടേത്. ഞാന്‍ ആരേയും കുറ്റം പറയുകയല്ല. അത്തരത്തിലുള്ള അവബോധം ഇനിയും വന്നുതുടങ്ങിയിട്ടില്ല.

അതുകൊണ്ടാണ് ഇവിടെ ഏറ്റവുമധികം ബലാത്സംഗങ്ങളും സ്ത്രീപീഡനങ്ങളും കുഞ്ഞുങ്ങളോടുള്ള അക്രമവും നടക്കുന്ന ഇടമായത്. ആ ഇടത്തിലേക്കാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി കൊണ്ടുവരുന്നത്. ആ ഒരു കാഴ്ച്ചപ്പാടിലേക്ക് സമൂഹം പാകപ്പെട്ടിട്ടില്ല എന്നാണ് എന്റെ നിരീക്ഷണം. ധൃതി പിടിച്ചു നടപ്പാക്കുമ്പോള്‍ ധാരാളം അപകടങ്ങള്‍ ഉണ്ടാവും. ഉദാഹരണമായി, ലോകത്ത് ഗേ മൂവ്‌മെന്റ് ഉണ്ട്, എല്‍.ജി.ബി.ടി.ക്യൂവിന്റെ ഭാഗമായി. ഇതിലെ ജി ഗേ ആണ്. ഗേ മൂവ്‌മെന്റിനകത്ത് ഇപ്പോള്‍ വേറെയൊരു മൂവ്‌മെന്റ് വരികയാണ്. ബോയ് ലവിങ് അസോസിയേഷന്‍. ഗേ താത്പര്യം ഉള്ളവരാണ് ഇതും ഉണ്ടാക്കിയിട്ടുള്ളത്. മൈക്കല്‍ ഫൂക്കോയെ ആണ് ക്യൂര്‍ തിയറിയുടെ തലപ്പത്ത് പ്രതിഷ്ഠിക്കുന്നത്. ലൈംഗികതയില്‍ പ്രായം തടസ്സമാവരുത്, സമ്മതം ആവശ്യമില്ല എന്നൊക്കെയാണ് ഫൂക്കോ പറഞ്ഞിട്ടുള്ളത്. നമ്മുടെ നാട്ടില്‍ ഒരു കൊച്ചുപെണ്‍കുട്ടിയേയോ ഒരു കൊച്ച് ആണ്‍കുട്ടിയേയോ ശാരീരികമായി ഉപയോഗിക്കുന്നത് തടയാന്‍ നമ്മുടെ നാട്ടില്‍ പോക്‌സോ എന്നൊരു നിയമം ഉണ്ട്. ഗേ മൂവ്‌മെന്റിന്റിന്റെ ഭാഗമായി നോര്‍ത്ത് അമേരിക്കന്‍ ബോയ് ലവ് അസോസിയേഷന്‍ അല്ലെങ്കില്‍ പീഡോഫിലിക് അസോസിയേഷന്‍ രൂപമെടുക്കുകയാണ് ലോകം മുഴുവന്‍. ഇതിന്റെയൊക്കെ പിന്നിലുളളത് ഗേ മൂവ്‌മെന്റ് ആണ്. ഒരേ ലിംഗത്തിലുളള ആളുകള്‍ക്ക് ലവ് മേക്കിങിന് പ്രായമോ സമ്മതമോ ബാധകമാവരുത്. ഈ ആശയം മുന്നോട്ട് വെച്ച മൈക്കല്‍ ഫൂക്കോ ഒരു പീഡോഫീലിക്കും ആണ്. ഇത് സംബന്ധിച്ച് ധാരാളം പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അതിലൂടെയെല്ലാം കണ്ണോടിച്ച് പോയിട്ടുള്ള ഒരാളാണ് ഞാന്‍.

ഫാദര്‍ ലെസ് അമേരിക്ക എന്നത് ഭയങ്കരമായി ഷോക്ക് ചെയ്യിക്കുന്ന ഒന്നാണ്. അമേരിക്കയില്‍ ഫാദര്‍ എന്നു പറയുന്ന തത്വത്തിന് പ്രസക്തിയില്ല. 18 വയസ്സു കഴിഞ്ഞാല്‍ അവര്‍ ഫ്രീയാണ്. വേറെ വീടെടുത്ത് പോവാം. ലിവിങ് ടുഗെതറും ഉണ്ട്. അങ്ങനെ വരുമ്പോള്‍ അച്ഛനമ്മമാര്‍ വൃദ്ധസദനങ്ങളിലേക്ക് മാറേണ്ടി വരുന്നു. കേരളത്തിന് ആ സിസ്റ്റത്തെ അതുപോലെ ഉള്‍ക്കൊള്ളാനുള്ള സമയമായോ? ഹെട്രോ നോര്‍മേറ്റീവിനെ(പല പങ്കാളികള്‍) മറികടക്കണമെന്ന് ട്വീറ്റിലൂടെ ഒരു മന്ത്രി പറയുകയാണ്. അത് എന്തിന്റെ അടിസ്ഥാനത്തിലാണ്? അവര്‍ ഇതിന്റെ എല്ലാ പശ്ചാത്തലവും പഠിച്ചിട്ടാണോ സ്‌കൂളിലേക്ക് ഇതു കൊണ്ടുവരുന്നത്? ഹെട്രോ നോര്‍മേറ്റീവ് ഇവിടെ വേണ്ട എന്ന് പ്രഖ്യാപിക്കുന്നത് വിപ്ലവകരമാണ്. ഞാന്‍ സമ്മതിക്കുന്നു. പക്ഷെ, നമ്മുടെ സമൂഹം ആ വിപ്ലവത്തിന് പാകപ്പെട്ടതാണോ എന്നതാണ് ആദ്യം പരിശോധിക്കേണ്ടത്. സമൂഹത്തെ പാകപ്പെടുത്താതെ, നേരെ സ്‌കൂളിലേക്കാണ് കൊണ്ടുവരുന്നത്.

മുസ്ലീം വോട്ടർമാർ കൂടുതലുള്ള കൊടുവള്ളിയിലെ എം.എല്‍.എയാണ് താങ്കള്‍. രാഷ്ട്രീയലക്ഷ്യം അല്ലെങ്കില്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണോ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ എതിര്‍ക്കുന്നത്?

പുരോഗമനത്തിനെതിരെ സംസാരിക്കുമ്പോഴേക്കും അത് ഇസ്ലാമിസ്റ്റുകള്‍ മാത്രം ഉയര്‍ത്തുന്ന ഒന്നാണെന്ന് പറയുന്നതിന്റെ അര്‍ഥം എന്താണ്? ഇത് ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും ബാധകമായ വിഷയം അല്ലേ? ഇത് വിശ്വാസികള്‍ അല്ലാത്തവരുടെ വിഷയം അല്ലേ? ഒരു കുടുംബം നയിക്കുന്ന ആളാണ് മന്ത്രി ശിവന്‍കുട്ടി. തന്റെ കുടുംബത്തെ അട്ടിമറിച്ചുകൊണ്ട് ജെന്‍ഡര്‍ ന്യൂട്രാലിറ്റി അദ്ദേഹം നടപ്പാക്കുമോ? എത്ര ആളുകള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി കുടുംബത്തിലേക്ക് കൊണ്ടുവരാന്‍ തയ്യാറാകും? മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന പ്രസ്ഥാനം പോലും അതിന് പാകപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് ഇത് അതിതീവ്ര പുരോഗമനവാദികള്‍ ഉണ്ടാക്കിയ വിവാദമാണെന്ന് ശിവന്‍കുട്ടി പറഞ്ഞത്. ഞാനല്ല അങ്ങനെ പറഞ്ഞത്. ഞാന്‍ ഏതോ നൂറ്റാണ്ടില്‍ ജീവിക്കുന്ന ആളാണെന്നാണ് പറയുന്നത്. അതുകൊണ്ട് അതെന്തായാലും ഞാനല്ല. എന്നെ ഉദ്ദേശിച്ചിട്ടല്ല. പിന്നെ ആരെ ഉദ്ദേശിച്ചാണ് ശിവന്‍കുട്ടി പറഞ്ഞത്? അതിതീവ്ര ആശയവാദികള്‍ ഉണ്ടാക്കുന്ന ആശയക്കുഴപ്പം ആണെന്നാണ്. അവരെക്കുറിച്ച് എന്താണ് ചര്‍ച്ച ചെയ്യാത്തത്?

ക്രിസ്ത്യന്‍ സമൂഹത്തിന്റെ നിലപാട് എന്താണെന്ന് അന്വേഷിച്ചോ? ഹിന്ദു സമൂഹത്തോട്, സനാതന ധാര്‍മികമൂല്യങ്ങള്‍ പറയുന്നവരോട് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ എന്താണ് പറയാന്‍ ഉള്ളതെന്ന് ആരും ചോദിച്ചില്ലല്ലോ. ഞാന്‍ കയറിപ്പറഞ്ഞത് കൊണ്ട് ഇത് എന്റെ തലയിലേക്ക് വന്നു. സമൂഹത്തിന്റെ മൊത്തം വികാരം ഉന്നയിച്ചപ്പോള്‍ ഞാന്‍ ഇസ്ലാമിസ്റ്റായി. ഒരിക്കലും ഇസ്ലാമും ഇസ്ലാമിസവും ഒരുമിച്ച് കാണരുത്. ഹിന്ദൂയിസവും ഹിന്ദുത്വയും ഒന്നായി കാണുന്നത് പോലെ അപകടമാണത്. ഇസ്ലാമിസത്തെ അങ്ങേയറ്റം എതിര്‍ക്കുന്ന വ്യക്തിയാണ് ഞാന്‍. ഇതിനിടയിലുള്ള മധ്യമാര്‍ഗമാണ് നമ്മുടേത് എന്നും. ഒരിക്കലും വല്ലാതെ കണ്‍സര്‍വേറ്റീവ് ആവുകയോ വല്ലാതെ തീവ്രവാദിയാകുകയോ ചെയ്യാന്‍ ഇസ്ലാമിന് സാധിക്കുകയില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് ഞാന്‍ വോട്ടുബാങ്ക് ലക്ഷ്യം വെക്കുന്നില്ല, ഗാലറിയുടെ കയ്യടി ലക്ഷ്യം വെക്കുന്നില്ല. ഈ അറുപതാമത്തെ വയസ്സില്‍ എനിക്കെന്ത് കയ്യടി, ഇനിയെന്ത് ഇലക്ഷന്‍...! അതൊന്നും എന്റെ മുന്‍ഗണനകളല്ല.

മതവിശ്വാസികളും അല്ലാത്തവരും ഒരുമിച്ച് വസിക്കുന്ന ഒരു സമൂഹത്തെക്കുറിച്ചാണ് ഞാന്‍ ആശങ്കപ്പെടുന്നത്. അങ്ങനെയൊരു സമൂഹത്തിനകത്തേക്ക് ഒരു തയ്യാറെടുപ്പും ഇല്ലാതെ കൊണ്ടുവരുന്ന ഒന്നിനെക്കുറിച്ചാണ് ഞാന്‍ ആശങ്കപ്പെടുന്നത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് മുമ്പ് ഇവിടെ ജെന്‍ഡര്‍ ജസ്റ്റിസ് ഉണ്ടായിട്ടില്ല, ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ ഉണ്ടായിട്ടില്ല എന്നതാണ് എന്റെ വാദം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പദം ലോകത്ത് വല്ലാത്ത കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന പദമായതുകൊണ്ട് എന്താണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗവണ്‍മെന്റ് ആദ്യം പറയട്ടെ.

ലിംഗനീതിയും ലിംഗസമത്വവും നമ്മുടെ സമൂഹത്തില്‍ എങ്ങനെ നടപ്പാക്കണമെന്നാണ് താങ്കളുടെ കാഴ്ചപ്പാട്?

ലിംഗനീതി, ലിംഗസമത്വം, ലിംഗാവബോധം എന്നീ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ലിംഗനീതി ഇവിടെ നടപ്പായോ എന്ന് നമ്മള്‍ പരിശോധിക്കണം. ഈ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നീതി ലഭിച്ച് തുടങ്ങിയോ? വനിതാശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്ത ആളാണ് ഞാന്‍. അതുകൊണ്ട് എനിക്ക് പറയാന്‍ കഴിയും, സ്ത്രീകള്‍ക്ക് പൂര്‍ണമായി നീതി ലഭിച്ചിട്ടില്ലെന്ന്. ഇപ്പോഴും സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് എന്തിനാണ്? സ്ത്രീ സമത്വത്തെക്കുറിച്ചല്ല ഇനി നമ്മള്‍ ചിന്തിക്കേണ്ടത്. പുരുഷനോടൊപ്പം സ്ത്രീ നില്‍ക്കണമെന്ന തത്വം എന്തിനാണ്? എന്തുകൊണ്ട് സ്ത്രീക്ക് പുരുഷനേക്കാള്‍ മുകളില്‍ പോയിക്കൂടാ? അവരുടെ കഴിവനനുസരിച്ച് പുരുഷന് മുകളിലേക്ക് പോകാന്‍ സ്ത്രീക്ക് കഴിയണം. ലിംഗനീതി വരുമ്പോള്‍ സ്ത്രീക്ക് ഇതിന് സാധിക്കും.

ഇന്ന് ഏത് ക്ലാസ് മുറിയില്‍ പോയാലും 80 ശതമാനം പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികള്‍ 20 ശതമാനമേയുള്ളൂ. എവിടെപ്പോയി ഈ ആണ്‍കുട്ടികള്‍? ആണ്‍കുട്ടികളെ ക്ലാസുകളില്‍ എത്തിക്കാനുളള പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു കൂടി നമ്മള്‍ മുന്‍തൂക്കം നല്‍കേണ്ടതുണ്ട്. ലോകം ചര്‍ച്ച ചെയ്യുന്ന ലിംഗസമത്വം പടിഞ്ഞാറന്‍ കാഴ്ച്ചപ്പാടിലാണ്. ഇന്ത്യയെ നമ്മള്‍ പാശ്ചാത്യവല്‍ക്കരിക്കുകയല്ല വേണ്ടത്. എല്‍.ജി.ബി.ടി.ക്യൂ .എന്നൊക്കെ പറയുന്നത് ശരിയാണ്. ഗേയ്ക്ക് വിവാഹിതരാവാം, ലെസ്ബിയന് വിവാഹിതരാവാം. അതൊക്കെ ലോകത്ത് നടക്കുന്നുണ്ട്. എന്നിട്ടും ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ ലോകത്ത് വലിയ ഒരു ചേരി രൂപപ്പെടുന്നത് എന്തുകൊണ്ടാണ്? ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുന്ന കുടുംബത്തിന് പുതിൻ അവാര്‍ഡ് കൊടുക്കുകയാണ്. ജനസംഖ്യ കുറയുകയാണ് എന്ന തോന്നല്‍ അവര്‍ക്ക് വന്നു. ഫെര്‍ട്ടിലൈസേഷന്‍ നടക്കാത്തതിനാല്‍ ജനസംഖ്യാ നിരക്കിനെ അത് ബാധിക്കുന്നു. ജനസംഖ്യ കൂടുതലുള്ള രാജ്യമായതുകൊണ്ട് കുറഞ്ഞാലും കുഴപ്പമില്ല എന്നതല്ല നടപ്പാക്കേണ്ടത്.

ഗേ മൂവ്‌മെന്റ് ലോകത്ത് പീഡോഫീലിയയിലേക്ക് പോകുന്നു എന്ന ഭയാനകരമായ അവസ്ഥയാണ് ഞാനന്ന് വേദിയില്‍ സൂചിപ്പിച്ചത്. പീഡോഫീലിയയില്‍ കണ്‍സെന്റ് പ്രശ്‌നമല്ല എന്ന് പറയുമ്പോള്‍ ബോയ് ലവേഴ്‌സിന് അവരുടെ ഇഷ്ടമനുസരിച്ച് ചെയ്യാം. അത് ബലപ്രയോഗത്തിലൂടെ ആവാന്‍ സാധ്യതയുണ്ട്. ബലപ്രയോഗത്തിലൂടെ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ ഇവിടെ ഇതൊന്നും പാടില്ലെന്നു പറയുന്ന പോക്‌സോ എന്ന നിയമം നമുക്കുണ്ട്. ഏഴ് കൊല്ലം വരെ ജയിലില്‍ അടയ്ക്കാം. ഇത് രണ്ടും എങ്ങനെ ഒത്തുപോകും എന്ന ഒരൊറ്റ ചോദ്യമാണ് ഞാന്‍ ചോദിച്ചത്. സ്വവര്‍ഗ പ്രേമികളിലാണോ പല പങ്കാളികളെ സ്വീകരിക്കുന്നവരിലാണോ പീഡോഫീലിക്കായവര്‍ കൂടുതല്‍ ഉള്ളതെന്നു നോക്കിയാല്‍, സ്വവര്‍ഗ പ്രേമികളില്‍ ഇതു 17 ശതമാനം കൂടുതലാണെന്നു പഠനങ്ങള്‍ പറയുന്നു.

പുരോഗമന നിലപാടുള്ള രാഷ്ട്രീയ നേതാവായാണ് എം.കെ. മുനീറിനെ പൊതുവേ സമൂഹം വിലയിരുത്തുന്നത്. പക്ഷെ, മുസ്‌ലിം ലീഗിന്റെ പൊതുബോധത്തിലേക്ക് മുനീര്‍ ചുരുങ്ങിപ്പോയി എന്ന വിമര്‍ശനത്തെ എങ്ങനെ കാണുന്നു?

ഇതൊക്കെ ലീഗിന്റെ മാത്രം പൊതുബോധമാണോ എന്നാണ് എനിക്ക് പൊതുസമൂഹത്തോടു ചോദിക്കാനുള്ളത്. ഈ പറഞ്ഞതൊന്നും ലീഗിന്റെ മാത്രം വിഷയമല്ല, ലീഗിന്റെ പൊതുബോധവും അല്ല. സ്വവര്‍ഗപ്രേമികളെ അനുകൂലിക്കുന്നവര്‍ ഉണ്ടാവാം. എനിക്ക് വേണമെങ്കില്‍ അവരോടൊപ്പം നില്‍ക്കാം. ഹിന്ദു, ക്രിസ്ത്യന്‍ സമൂഹങ്ങളിലും കുടുംബത്തിനു തന്നെയാണു കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. എത്രയൊക്കെ പുരോഗമനം പറഞ്ഞാലും പെണ്‍കുട്ടികളും ആണ്‍കുട്ടികളും സമയത്തിന് വീട്ടിലെത്തി കുടുംബത്തിലേക്ക് ചേരുന്നവരാണ്. ഒരു വിഭാഗം അതിപുരോഗമനത്തിലേക്ക് പോയിട്ടുണ്ട്. പുരോഗമനത്തിന് കൂടെയുണ്ടാവും. അരാജകത്വത്തിന് ഞാന്‍ കൂട്ടുനില്‍ക്കില്ല.

ലിബറലിസവും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും ജനാധിപത്യത്തിന്റെ ഭാഗമാണ്. ഇതും രണ്ടും കുഴപ്പം പിടിച്ചതാണെങ്കില്‍ ജനാധിപത്യവും കുഴപ്പം പിടിച്ചതല്ലേ?

ലിബറലിസത്തില്‍നിന്ന് നമ്മള്‍ എടുക്കുന്ന ധാരാളം കാര്യങ്ങളുണ്ട്. ഫ്രീ സ്പീച്ച്, ഫ്രീ തിങ്കിങ് എന്നിവയൊക്കെ അതില്‍നിന്ന് എടുത്തതാണ്. പിന്നെ അതിലുള്ളത് ഫ്രീ സെക്‌സും ഫ്രീ പ്രോപ്പര്‍ട്ടിയും ആണ്. ലിബറലിസം ഉണ്ടായ കാലത്ത് ഏറ്റവും എതിര്‍ത്തത് കമ്മ്യൂണിസ്റ്റുകളാണ്. അന്ന് ലിബറലിസ്റ്റുകളായിരുന്നോ പുരോഗമനവാദികള്‍ അതോ കമ്മ്യൂണിസ്റ്റുകളായിരുന്നോ? കമ്മ്യൂണിസ്റ്റുകള്‍ ആണെന്നാണ് പറയുന്നത്. കാരണം അവര്‍ പൊതുസ്വത്ത് എന്നതില്‍ ഉറച്ചുനിന്നു. ലിബറലിസ്റ്റുകള്‍ സ്വകാര്യ സ്വത്തവകാശത്തിനു വേണ്ടിയാണ് വാദിച്ചത്. അന്ന് സമരം ചെയ്തിരുന്ന ഈ വിഭാഗങ്ങള്‍ പരസ്പരം ലയിച്ച് പുതിയ രൂപം ഉണ്ടായിരിക്കുകയാണ്. അതായത് മാര്‍ക്‌സിസ്റ്റ് ലിബറല്‍ അല്ലെങ്കില്‍ ലിബറല്‍ മാര്‍ക്‌സിസ്റ്റ്. ഇപ്പോള്‍ ഇതില്‍ ഏതാണ് പുരോഗതിയുള്ളത്? ലിബറിലിസത്തില്‍ എടുക്കാനുള്ളതുമുണ്ട് തള്ളാനുള്ളതുമുണ്ട്. മാര്‍ക്‌സിസത്തിലും എടുക്കാനുള്ളതും തള്ളാനുള്ളതും ഉണ്ട്. ജനാധിപത്യം ശരിക്കും ഭരണഘടനയില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയല്ലേ. ഇന്ത്യയില്‍ ജനാധിപത്യം പുലരുന്നുണ്ടോ. ജനാധിപത്യത്തില്‍നിന്ന് നല്ലതെടുക്കുകയും മോശം തള്ളുകയും ചെയ്യുന്ന പ്രവൃത്തി നടക്കുന്നുണ്ടെന്നാണ് ജനാധിപത്യത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്. ഈ രീതിയില്‍ നോക്കുകയാണെങ്കില്‍ ലിബറലിസത്തെ പൂര്‍ണ്ണമായും പുരോഗമനപരമായി അന്നും എടുത്തിട്ടില്ല ഇന്നും എടുത്തിട്ടില്ല.

ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതും പെണ്ണ് ആണിന്റെ വസ്ത്രം ധരിക്കുന്നതും എന്തുകൊണ്ടാണ് മുസ്‌ലിം ലീഗ് ഇത്രയധികം ഭയക്കുന്നത്?

എത്ര പേര്‍ പാന്റ്‌സിടുന്നു എത്ര പേര്‍ ഷര്‍ട്ടിടുന്നു എന്നതിനെക്കുറിച്ച് ഞാന്‍ പറയുന്നില്ല, അതവരുടെ കംഫര്‍ട്ടാണ്. പക്ഷെ, അതിനെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് വിളിക്കരുത്. എന്റെ വാദം അത്ര മാത്രമേയൂളളൂ. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നുപറഞ്ഞാല്‍ അത് പൂര്‍ണമായും ന്യൂട്രലായിരിക്കണം. വസ്ത്രധാരണത്തില്‍ മാത്രം ഒതുങ്ങേണ്ടതല്ല. ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതിനെ മുസ്‌ലിം ലീഗ് ഭയക്കുന്നില്ല. പി.എം.എ. സലാംപറഞ്ഞത് അതിന്റെ അങ്ങേയറ്റത്തെ മറ്റ് ദൂഷ്യഫലങ്ങളെ ഓര്‍ത്താണ്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചാണ് ലീഗ് പറയുന്നത്. എംപവര്‍ അല്ലാത്ത ഒരു വിഭാഗം ഇവിടെ ഉണ്ടെങ്കില്‍, അതാണായാലും പെണ്ണായാലും, അവരെ ഉയര്‍ത്താനുള്ള നടപടികള്‍ ഉണ്ടാവാണം.

പുരോഗമനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ലൈംഗികതയിലേക്ക് മാത്രം ചുരുങ്ങിപ്പോകുന്നുണ്ട്. പാഠ്യപദ്ധതിയില്‍ പോലും ആണും പെണ്ണും സെക്‌സ് ചര്‍ച്ച ചെയ്യുന്നത് പുതിയ സംഗതി ആയിട്ടാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ആണായാലും പെണ്ണായാലും പതിനഞ്ച് വയസ്സൊക്കെ ആകുമ്പോള്‍തന്നെ ലൈംഗികതയെക്കുറിച്ച് അവബോധം ഉള്ളവര്‍ ആയിരിക്കും. അതുകൊണ്ട് സെക്‌സിനപ്പുറത്തുള്ള ചര്‍ച്ചകളും ഇവിടെ വേണം. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ നല്‍കുന്ന കുടുംബാരോഗ്യ പദ്ധതിയില്‍ പോലും സെക്‌സിനെക്കുറിച്ച് മാത്രമാണ് പറയുന്നത്.

ഇത് മാത്രമല്ല ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ഭാഗമായി ചര്‍ച്ച ചെയ്യേണ്ടത്. നല്ല രീതിയില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്ന വെബ് സൈറ്റുകള്‍ ഇന്നുണ്ട്. ഞാന്‍ പറയുന്നത് പോണ്‍ സൈറ്റുകളെക്കുറിച്ചല്ല. ആരോഗ്യകരമായ രീതിയില്‍ ലൈംഗിക വിദ്യാഭ്യാസവും നമുക്ക് വേണം. പക്ഷെ, സമൂഹത്തിന് അതിനുള്ള പക്വത വേണം. നമ്മുടെ സമൂഹം ഇപ്പോള്‍ അതിന് പാകപ്പെട്ടിട്ടില്ല, സമൂഹത്തിന് അവബോധം നല്‍കി അതിനു പ്രാപ്തമാക്കുക. അതിന് ശേഷം ഇത്തരം കാര്യങ്ങള്‍ കൊണ്ടുവരിക. സമൂഹ ചര്‍ച്ചയ്ക്ക് എന്നപേരിലാണ് പഠനസഹായി ഇവിടെ കൊണ്ടുവന്നിട്ടുള്ളത്. അതിനര്‍ത്ഥം അനുകൂലമായി മാത്രം പറയുക എന്നല്ല. എതിര്‍ത്തത് കൊണ്ടാണ് ഞാന്‍ ഇസ്ലാമിസ്റ്റായത്. ആണ്‍-പെണ്‍ എന്നതിനേക്കാള്‍ മനുഷ്യനാവുക എന്നതാണ് പ്രധാനം. അതിനുതകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് ആദ്യം കൊണ്ടുവരേണ്ടത്. അതിന് ലിംഗനീതിയും ലിംഗവിവേചനവുമാണ് ആദ്യം ചര്‍ച്ചയ്ക്ക് വെക്കേണ്ടത്.

സമൂഹത്തിലെ എല്ലാ അവകാശങ്ങളും അനുഭവിക്കാന്‍ പറ്റാത്തവരാണ് സ്ത്രീകള്‍. ലിംഗവിവേചനം ഇല്ലാതാവാന്‍ എന്താണ് നടപ്പാക്കേണ്ടത്?

സ്ത്രീക്ക് രാത്രി സ്വതന്ത്രമായി ഇറങ്ങി നടക്കാന്‍ പറ്റണം എന്നതാണ് എന്റെ കാഴ്ചപ്പാട്. നമ്മുടെ നാട്ടില്‍ ഇപ്പോഴും എത്ര സ്ത്രീകള്‍ക്ക് രാത്രി 12 മണി കഴിഞ്ഞാല്‍ നടന്ന് അവരുടെ ഇടങ്ങളിലേക്ക് പോകാന്‍ പറ്റും? സ്ത്രീക്ക് അതിനുള്ള സ്വാതന്ത്ര്യം ഒരുക്കാന്‍ സമൂഹത്തിന് സാധിക്കണം. സ്ത്രീയും സമൂഹത്തിലെ അംഗമാണെന്ന രീതിയില്‍ അവരെ പരിഗണിക്കാന്‍ പറ്റണം. ധാരാളം കാര്യങ്ങള്‍ ഇനിയും ചെയ്ത് കിട്ടാനുണ്ട്. ഇല്ലെങ്കില്‍ നമ്മുടെ സമൂഹത്തില്‍ പീഡനങ്ങള്‍ ഇത്രയധികം ഉണ്ടാവില്ല. ഇവിടെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്ന സ്ത്രീക്കു പോലും നീതി കിട്ടുന്നില്ല. സമൂഹത്തിലെ എല്ലാ സ്ത്രീകള്‍ക്കും നീതി കിട്ടുക എന്നതാണ് നടപ്പാവേണ്ടത്.

Content Highlights: mk muneer interview gender neutrality


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented