'തീവ്രവാദ നിലപാടുള്ള ഗ്രൂപ്പുകള്‍ പ്രണയക്കെണിയൊരുക്കി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സാഹചര്യമുണ്ട് '


അനീഷ് പാതിരിയാട്

തലശ്ശേരിഅതിരൂപതയുടെ മെത്രാപ്പോലീത്തയായി ബുധനാഴ്ച ചുമതലയേല്‍ക്കുകയാണ് മാര്‍ ജോസഫ് പാംപ്ലാനി. അതിരൂപതയില്‍നിന്നുതന്നെയുള്ള ആദ്യ ഇടയനായ അദ്ദേഹം സംസാരിക്കുന്നു...

മാർ ജോസഫ് പാംപ്ലാനി

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി. ആഗോളസഭയിലെയും പ്രായം കുറഞ്ഞ മെത്രാപ്പോലീത്ത. വിദേശഭാഷകളില്‍ ഡിപ്ലോമ നേടി, ലുവൈന്‍ സര്‍വകലാശാലയില്‍ ബൈബിള്‍ വിജ്ഞാനീയത്തില്‍ അസി. ലക്ചററും റിസര്‍ച്ച് സ്‌കോളറുമായി പ്രവര്‍ത്തിച്ച ഇദ്ദേഹം അമേരിക്ക, ജര്‍മനി, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. 35 ഗ്രന്ഥങ്ങളുടെ കര്‍ത്താവും ബൈബിളിന്റെ മലയാള വ്യാഖ്യാനമായ ആല്‍ഫ ബൈബിള്‍ കമ്മിറ്റിയുടെ ചീഫ് എഡിറ്ററുമായിരുന്നു. വിശേഷണങ്ങള്‍ നിരവധിയുള്ള 52കാരനായ മാര്‍ പാംപ്ലാനി നിലവില്‍ തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനാണ്. ബുധനാഴ്ച അതിരൂപതയുടെ മെത്രാപ്പോലീത്തയായി ചുമതലയേല്‍ക്കും. തലശ്ശേരി അതിരൂപതയില്‍നിന്നുതന്നെയുള്ള ആദ്യ ഇടയനായ അദ്ദേഹം സംസാരിക്കുന്നു...

കൂട്ടായ്മയുടെ സഭ

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൂട്ടായ്മയുടെ സഭ എന്ന ആശയത്തിന് പ്രഥമ പരിഗണന നല്‍കും. എല്ലാവരുടെയും സ്വരം കേള്‍ക്കുമ്പോള്‍ ദൈവസ്വരം പൂര്‍ണമായി ഗ്രഹിക്കാന്‍ കഴിയും. അകന്ന് നില്‍ക്കുന്നവരിലൂടെയും വിയോജിക്കുന്നവരിലൂടെയും എതിര്‍ക്കുന്നവരിലൂടെയും ദൈവം സംസാരിക്കുന്ന സാഹചര്യമാണ്. അതുകൊണ്ട് ഇത്തരക്കാരെ ശ്രവിക്കാനും ചേര്‍ത്തുപിടിക്കാനും കഴിയണം.

സഭയില്‍നിന്ന് അകന്നുപോയവര്‍, നിരീശ്വരവാദികള്‍ എന്നിവരെ കേള്‍ക്കുമ്പോള്‍ ദൈവസ്വരം പൂര്‍ണമാകും. അതിന് നിരന്തര ഇടപെടല്‍ ആവശ്യമാണ്. അതിലൂടെ കൂട്ടായ്മ വളര്‍ത്തും. കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിനായി സമയം നീക്കിവെച്ചു. ഇത് സഭയെ നവീകരിക്കാന്‍ പര്യാപ്തമാണ്.

കാര്‍ഷികമേഖല

കര്‍ഷകരുടെ പ്രശ്‌നം അതിരൂപതയുടെ പ്രശ്‌നമാണ്. ഒട്ടനവധി പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ അഭിമുഖികരിക്കുന്നു. 90 ശതമാനം കര്‍ഷകര്‍ ഉള്‍പ്പെട്ടതാണ് തലശ്ശേരി അതിരൂപത. കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാറുകള്‍ക്ക് ആത്മാര്‍ഥതയില്ല. ആത്മാര്‍ഥതയുണ്ടെങ്കില്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയും.

ആറളം ഫാമില്‍ ആളുകളെ ആന ചവിട്ടിക്കൊല്ലുന്നു. സര്‍ക്കാര്‍ വിഭാവനംചെയ്ത ആനമതില്‍ നടപ്പായില്ല. ലക്ഷം, കോടികളുടെ പദ്ധതി പറയുമ്പോഴും ഏഴുവര്‍ഷമായിട്ടും ആനമതില്‍ നടപ്പായില്ല. ആദിവാസികള്‍, കര്‍ഷകര്‍, മലയോരമക്കള്‍ ആനയുടെ ചവിട്ടേറ്റ് മരിക്കുന്നു.

വന്യമൃഗശല്യം

കാട്ടുപന്നിയെ ഉപദ്രവകാരിയായ ജീവിയായി പ്രഖ്യാപിച്ചാല്‍ കൊന്നൊടുക്കാം. ഭക്ഷിക്കുകയും ചെയ്യാം. പ്രശ്‌നപരിഹാരത്തിന് കേന്ദ്രാനുമതി വേണം. കേന്ദ്ര പരിസ്ഥിതി വനം മന്ത്രി ഭൂപേന്ദ്ര യാദവിനെ കണ്ട് നിവേദനം നല്‍കി. അനുമതി നല്‍കാമെന്ന് പറഞ്ഞു. പക്ഷേ അനുമതി ലഭിക്കുന്നില്ല.

കൃഷിഭൂമിയില്‍ കാട്ടുപന്നി പെറ്റുപെരുകുന്നു. ഇത് വന്യജീവിയല്ല. കര്‍ഷകന് ഇവയെ കൊല്ലാന്‍ അനുമതി നല്‍കണം. ലൈസന്‍സുള്ള തോക്കുകാരനെ അന്വേഷിച്ച് നടക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. പന്നിയെ ഇല്ലായ്മചെയ്യാന്‍ കര്‍ഷകനെ അനുവദിക്കണം. വനംവകുപ്പ് കര്‍ഷകരെ ശത്രുക്കളെപ്പോലെ കരുതുന്നു.

വന്യജീവികളെ വനാതിര്‍ത്തിയില്‍ നിര്‍ത്തുക വനം വകുപ്പിന്റെ ഉത്തരവാദിത്വമാണ്. പക്ഷേ കര്‍ഷകനെ ഉപദ്രവിക്കുന്ന നയമാണ് വകുപ്പ് നടപ്പാക്കുന്നത്. കൃഷിഭൂമിയില്‍ നാശം വിതയ്ക്കുന്ന മയിലിനെ പിടിച്ചാല്‍ വലിയ കേസായി. ഉടുമ്പിനെ പിടിച്ചതിന് കര്‍ഷകനെ അറസ്റ്റ് ചെയ്തു. വന്യജീവികളെ വനാതിര്‍ത്തിക്കുള്ളില്‍ നിര്‍ത്തുക. വനം വകുപ്പ് അവരുടെ ജോലി ചെയ്യുക.

കുടുംബശാക്തീകരണം

കുടുംബങ്ങളെ ശാക്തീകരിക്കും. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ബിഷപ്പ് വള്ളോപ്പിള്ളി ഭവനപദ്ധതിയിലെ 1000 വീട് 2028-ല്‍ പൂര്‍ത്തിയാകും. 1000 വീട് അപര്യാപ്തമാണെന്ന് മനസ്സിലായി. അതിനാല്‍ ഇനിയും വീട് നിര്‍മിച്ച് നല്‍കേണ്ടിവരും. നിര്‍ധന രോഗികള്‍, വൃക്കരോഗികള്‍, കിടപ്പുരോഗികള്‍ എന്നിവരെ സഹായിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചു.

വൃക്കരോഗികള്‍ക്കുള്ള സൗജന്യ ഡയാലിസിസ് പദ്ധതി കരുവഞ്ചാലില്‍ തുടങ്ങി. ഇരിട്ടിയിലും കാസര്‍കോട്ടും തുടങ്ങും. ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ ഡയാലിസിസ് ആഴ്ചയില്‍ ഒന്നാക്കി ചുരുക്കുന്ന വൃക്കരോഗികളുണ്ട്. രണ്ടാഴ്ചയില്‍ ഒന്ന് എന്ന നിലയില്‍ ഡയാലിസിസ് നടത്തുന്നവരുമുണ്ട്. ഇതൊരു വലിയ സാമൂഹിക പ്രശ്‌നമാണ്. ഇതിനുള്ള പരിഹാരമാണ് സൗജന്യ ഡയാലിസിസ് പദ്ധതി. സാമൂഹിക ആവശ്യമായ പദ്ധതി ശക്തമായി മുന്നോട്ടുകൊണ്ടുപോകും.

വിദ്യാഭ്യാസ സഹായം

വിദ്യാഭ്യാസരംഗത്ത് ഇപ്പോള്‍ വര്‍ഷത്തില്‍ നാലുകോടിരൂപ വരെ ഫീസിളവ് ഉള്‍പ്പെടെയുള്ള സഹായം നല്‍കുന്നുണ്ട്. സ്‌കൂള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസത്തിനുവരെ നിര്‍ധനര്‍ക്ക് പഠനസഹായ പദ്ധതി പല ഏജന്‍സികളാണ് ചെയ്യുന്നത്. അവ ഏകീകരിച്ച് അതിരൂപതയുടെ കീഴില്‍ ഒരു കുടക്കീഴിലാക്കും. അടുത്ത ഒരുവര്‍ഷത്തിനകം വിദ്യാഭ്യാസ സഹായമായി അഞ്ചുകോടി രൂപ നല്‍കും.

കുടുംബബന്ധം ദൃഢപ്പെടുത്തി, വിവാഹമോചനം കുറയ്ക്കും. മദ്യപാനം, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെ ബോധവത്കരണം നടത്തും.

പ്രൊഡ്യൂസര്‍ കമ്പനി

കര്‍ഷകവളര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാറിന്റെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയെന്നത് മികച്ച ആശയമാണ്. ഇതുസംബന്ധിച്ച് പഠനം നടത്തി നടപ്പില്‍ വരുത്താന്‍ ശ്രമിക്കും. കര്‍ഷകരുടെ ഉത്പാദനവും വിപണനവും മൂല്യവര്‍ധിതവസ്തുക്കളാക്കി കയറ്റുമതി ചെയ്യുകയാണ് പദ്ധതി. ഇതുസംബന്ധിച്ച കര്‍മപദ്ധതി നടപ്പാക്കുകയാണ്.

നന്മയുടെ രാഷ്ട്രീയം

ഏതെങ്കിലും രാഷ്ട്രീയകക്ഷിയോട് വിധേയത്വമില്ല. ജനപക്ഷത്ത് നന്മ ചെയ്യുന്ന കക്ഷിയോട് ഒപ്പം നില്‍ക്കുകയെന്നതാണ് നിലപാട്.

മതങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് അകലം സംഭവിക്കുന്നു. അത് പരിഹരിക്കണം. മതങ്ങളും രാഷ്ട്രീയകക്ഷികളും ഒരു മനസ്സോടെ പ്രവര്‍ത്തിക്കണം. മതത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി രാഷ്ട്രീയകക്ഷികള്‍ കരുതുന്നതുകൊണ്ടാണ് വര്‍ഗീയത ശക്തിപ്പെടുന്നത്.

ന്യൂനപക്ഷ അവകാശം 80-20 ശതമാനമാക്കിയത് സര്‍ക്കാറിന്റെ രാഷ്ട്രീയതീരുമാനമാണ്. തീരുമാനം ന്യൂനപക്ഷങ്ങള്‍ തമ്മിലുള്ള ഭിന്നതയ്ക്ക് കാരണമായി. യഥാര്‍ഥത്തില്‍ സര്‍ക്കാരിന്റെ തെറ്റായ തീരുമാനം മതസൗഹാര്‍ദത്തിന് ഹാനികരമായി. കുടിയേറ്റജനത കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. പൊതുരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈയുണ്ട്.

നന്മയുടെ പക്ഷത്ത് നില്‍ക്കുകയാണ് സഭയുടെ പൊതുനിലപാട്. എല്ലാ വിഭാഗത്തിലുമുള്ളവര്‍ സഭയില്‍ അംഗങ്ങളായിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി മതത്തോടുള്ള സമീപനം പുനര്‍നിര്‍വചിച്ചത് ശ്രദ്ധേയമായ മാറ്റമാണ്. മതവിശ്വാസം നിലനിര്‍ത്തി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാമെന്ന് ഇപ്പോള്‍ പറയുന്നു. മതങ്ങളുടെ സ്വാധീനത്തില്‍ പാര്‍ട്ടി വരുത്തിയ മാറ്റമായി ഇതിനെ കാണുന്നു. നേരത്തേ നിരീശ്വരവാദത്തിനായിരുന്നു മുന്‍തൂക്കം.

പ്രണയത്തെക്കുറിച്ച്

തീവ്രവാദ നിലപാടുള്ള ഗ്രൂപ്പുകള്‍ പ്രണയക്കെണിയൊരുക്കി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സാഹചര്യം നിലവിലുണ്ട്. പ്രണയത്തിലൂടെയുള്ള ചതിക്ക് ലൗ ജിഹാദ് എന്ന വാക്ക് ഉപയോഗിക്കുന്നില്ല. അത് മുസ്ലിം സഹോദരങ്ങള്‍ക്ക് വിഷമമാകും. മതങ്ങള്‍ തമ്മിലുള്ള ഭിന്നതയുടെ പ്രശ്‌നമല്ല അത്. രാജ്യത്ത് വിവിധ മതവിശ്വാസികള്‍ തമ്മില്‍ പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും സ്വാഭാവികമാണ്.

അതിനെ മനസ്സിലാക്കാനുള്ള പക്വത ക്രൈസ്തവസഭയ്ക്കുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ വിവാഹം നിയമാനുസൃതമായി നടത്താനുള്ള നടപടിക്രമവും സഭയിലുണ്ട്. ഒരുരാത്രി മകളെ കാണാതാവുമ്പോള്‍, അത് മാതാപിതാക്കളുടെ ആത്മാഭിമാനത്തിനെതിരെയുള്ള, കുടുംബത്തിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ശരിയായ പ്രണയമാണെങ്കില്‍ അത് നടപ്പാക്കാന്‍ നാട്ടില്‍ നിയമപരമായ വ്യവസ്ഥാപിത മാര്‍ഗമുണ്ട്. അര്‍ധരാത്രിയുള്ള ഒളിച്ചോട്ടത്തിന്റെയും തട്ടിക്കൊണ്ടുപോകലിന്റെയും ആവശ്യമില്ല.

Content Highlights: mar joseph pamplany interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented