ഞങ്ങളാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ് - മണി ശങ്കര്‍ അയ്യര്‍ | Interview


കെ.എ.ജോണി

യുപി തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വല്ലാതെ വലുതാക്കേണ്ട ആവശ്യമില്ല. അപ്രതീക്ഷിതമായത് (ബിജെപിയുടെ പരാജയം) സംഭവിച്ചാല്‍ മാത്രമേ യുപി തിരഞ്ഞെടുപ്പിന് ചരിത്രപരമായ പ്രാധാന്യമുണ്ടാവുകയുള്ളു.

മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ

''ഞങ്ങള്‍, പഴയ തലമുറയിലുള്ളവര്‍, കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുവിശ്വസിക്കുന്നവര്‍, ഞങ്ങളാണ് യഥാര്‍ഥകോണ്‍ഗ്രസ്. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പാര്‍ട്ടിവിടുന്ന പുത്തന്‍കൂറ്റുകാര്‍ അവസരവാദികളാണ്.'' മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പറയുന്നു.മാതൃഭൂമി പ്രതിനിധി കെ.എ. ജോണിക്കു നല്‍കിയ അഭിമുഖത്തില്‍നിന്ന്


രാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണെന്ന് നിരീക്ഷണമുണ്ട്. ഹിന്ദുത്വ അജണ്ടയുടെ സാക്ഷാത്കാരത്തിനായാണ് യോഗി ആദിത്യനാഥ് ജനവിധി തേടുന്നതെന്നാണ് സൂചന. 75-ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ അടിസ്ഥാന ശിലകള്‍ നേരിടുന്ന പരീക്ഷണമാണ്‌​ യുപി തിരഞ്ഞെടുപ്പെന്ന് കരുതുന്നുണ്ടോ?

യുപി തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വല്ലാതെ വലുതാക്കേണ്ട ആവശ്യമില്ല. അപ്രതീക്ഷിതമായത് (ബിജെപിയുടെ പരാജയം) സംഭവിച്ചാല്‍ മാത്രമേ യുപി തിരഞ്ഞെടുപ്പിന് ചരിത്രപരമായ പ്രാധാന്യമുണ്ടാവുകയുള്ളു.

ആ വഴിക്കുള്ള എന്തെങ്കിലും ലക്ഷണങ്ങള്‍ താങ്കള്‍ കാണുന്നുണ്ടോ?

ബിജെപി തോല്‍ക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല, പക്ഷേ, അതൊരു വിദൂര സാധ്യതയാണ്. അതിന് പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കണം, അങ്ങിനെയൊരു കാഴ്ച ഇപ്പോള്‍ യുപിയില്‍ ഇല്ല. അതേസമയം തന്നെ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ എസ്പി യുപിയില്‍ ബിജെപിക്കെതിരെ നടത്തുന്ന പോരാട്ടം കണ്ടില്ലെന്ന് നടിക്കേണ്ടതില്ല.

സ്വാമി പ്രസാദ് മൗര്യയെപ്പോലുള്ളവര്‍ ബിജെപിയില്‍ നിന്ന് എസ്പിയിലേക്ക് കൂടു മാറിയത് അപ്രതീക്ഷിതമായത് സംഭവിച്ചേക്കാം എന്നതിന്റെ സൂചനയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?

മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്കും ഒഴുക്കുണ്ടെന്നത് മറക്കരുത്. പിന്നെ ,സ്വാമി പ്രസാദ് മൗര്യയുടെയൊക്കെ പ്രസക്തി? എന്നു മുതലാണ് താങ്കള്‍ ഈ മൗര്യയെ ഒക്കെ കേള്‍ക്കാന്‍ തുടങ്ങിയത്? ആര്‍പിഎന്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുന്നതില്‍ കൂടുതലൊന്നും മൗര്യ എസ്പിയിലേക്ക് വരുന്നതില്‍ ഇല്ല. പൂജ്യവും പൂജ്യവും ചേര്‍ന്നാല്‍ പൂജ്യം തന്നെയാണ് ഫലം.

കര്‍ഷകരുടെ പ്രതിഷേധം യുപി തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരിക്കുമോ?

പടിഞ്ഞാറന്‍ യുപിയില്‍ തീര്‍ച്ചയായും പ്രതിഫലനമുണ്ടാവും. ബിജെപിക്ക് ഇക്കുറി അവിടെ വന്‍ വിജയം നേടാനായാല്‍ അതെന്നെ ഞെട്ടിക്കും.

പ്രതിപക്ഷം ഒന്നിച്ചു നിന്നാല്‍ യുപിയില്‍ കര്‍ഷകരുടെ വികാരം ബിജെപിക്കെതിരായുള്ള പോരാട്ടത്തില്‍ മുതല്‍ക്കൂട്ടാവുമെന്നാണോ പറഞ്ഞുവരുന്നത്?

തീര്‍ച്ചയായും! 2017 ല്‍ യുപി നഷ്ടപ്പെട്ടപ്പോള്‍ രാഹുല്‍ ഗാന്ധി ലഖ്‌നൗവിലേക്ക് താമസം മാറ്റണമെന്നും യുപിയില്‍ പ്രതിപക്ഷ നിര കെട്ടിപ്പടുക്കണമെന്നും ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെയല്ലേ കോണ്‍ഗ്രസിന് യുപിയില്‍ കഷ്ടകാലം തുടങ്ങിയത്?

കോണ്‍ഗ്രസിന്റെ തകര്‍ച്ച അതിനും മുമ്പേ തുടങ്ങി. 1986 ല്‍ ബാബറി മസ്ജിദിന്റെ ഗേറ്റുകള്‍ തുറന്നുകൊടുക്കാന്‍ അരുണ്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങളാണ് തുടക്കം എന്ന് പറയേണ്ടിവരും. മസ്ജിദ് തകര്‍ത്തതിന് ബിജെപിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കോണ്‍ഗ്രസ് പോരാട്ടം ശക്തമാക്കണമായിരുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അന്ന് നരസിംഹറാവു ആയിരുന്നു പ്രധാനമന്ത്രി. മതത്തിന്റെ കാര്യത്തില്‍ റാവു കോണ്‍ഗ്രസുകാരന്‍ എന്നതിനേക്കാള്‍ ബിജെപിക്കാരനായിരുന്നു. 1992 മുതല്‍ യുപിയില്‍ കോണ്‍ഗ്രസിന് നിരന്തരം തിരിച്ചടികളായിരുന്നു.

ഈ തകര്‍ച്ചയുടെ ഉത്തരവാദിയായി ഒരു വ്യക്തിയെ ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞാല്‍ താങ്കള്‍ റാവുവിന്റെ നേര്‍ക്ക് വിരല്‍ചൂണ്ടുമോ?

ഒരു വ്യക്തിയെ മാത്രമായി പ്രതിക്കൂട്ടില്‍ നിര്‍ത്താനാവില്ല. 1996 ല്‍ റാവുവിന്റെ നേതൃത്വം അവസാനിച്ചു. അതിനു ശേഷമുള്ള കാല്‍ നൂറ്റാണ്ടില്‍ കോണ്‍ഗ്രസിന് നില മെച്ചപ്പെടുത്തനായോ? അപ്പോള്‍ പിന്നെ റാവു മാത്രമല്ല ഈ തകര്‍ച്ചയുടെ ഉത്തരവാദി.

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് നാല് സംസ്ഥാനങ്ങളിലും പ്രതിപക്ഷം ഭിന്നിച്ചു നില്‍ക്കുകയാണ്. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരിന്ദറിനെ പുകച്ച് പുറത്ത് ചാടിക്കേണ്ട കാര്യമുണ്ടായിരുന്നോ?

കുറച്ചു നാള്‍ മുമ്പു വരെ എനിക്കും ഇതേ അഭിപ്രായമാണുണ്ടായിരുന്നത്. പക്ഷേ, അമരിന്ദര്‍ ബിജെപിയുമായി കൂട്ടുചേര്‍ന്നതും ഇപ്പോള്‍ 37 സീറ്റ് മാത്രമാണ് അമരിന്ദറിന്റെ പാര്‍ട്ടിക്ക് ബിജെപി നല്‍കിയിരിക്കുന്നതെന്നും കാണുമ്പോള്‍ അമരിന്ദര്‍ എന്തിനാണിത് ചെയ്തതെന്ന സംശയമാണുടലെടുക്കുന്നത്. മുഖ്യമന്ത്രി ചന്നിയാണെങ്കില്‍ ഞങ്ങളൊക്കെ വിചാരിച്ചതിലും ഗംഭീര പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരും എന്നാണ് ഞാന്‍ കരുതുന്നത്. ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിന് തന്നെയാണ് സാധ്യത. അതേസമയം മണിപ്പൂരില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് വിഷമകരമായിരിക്കും.

ഗോവയില്‍ എങ്ങനെയുണ്ട്?

ഗോവയില്‍ എന്താണുണ്ടാവാന്‍ പോകുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. അവിടെ കാര്യങ്ങള്‍ ആകപ്പാടെ കൂടിക്കുഴഞ്ഞ് കിടക്കുകയാണ്. മിക്കവാറും തുക്ക് സഭയ്ക്കാണ് സാധ്യത.

2024 മുമ്പുള്ള സെമിഫൈനല്‍സാണോ ഈതിരഞ്ഞെടുപ്പുകള്‍?

ഞാനങ്ങനെ കരുതുന്നില്ല. ഈ തിരഞ്ഞെടുപ്പുകളുടെ ഫലത്തിന് അനുസൃതമായിരിക്കും 2024 ലെ തിരഞ്ഞെടുപ്പ് ഫലം എന്ന് പറയാനാവില്ല. ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ എങ്ങിനെയാണ് വിവിധ പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്നത് എന്നതാണ് പ്രധാനം. എസപി , ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസിനായാല്‍ 2024 വ്യത്യസ്തമാവും.അതിന് പക്ഷേ, കോണ്‍ഗ്രസ് സ്വയം ഒന്ന് താഴേണ്ടിവരും. ജയിക്കാനായി താഴുക എന്ന് പറയാറില്ലേ , അതാണ് വേണ്ടത്. ബിജെപിയെ തോല്‍പിക്കാനായി വിശാലമായൊരു പങ്കാളിത്തമനോഭാവമാണ് കോണ്‍ഗ്രസിന് വേണ്ടത്.

മമത ബാനര്‍ജിയേയും കോണ്‍ഗ്രസ് ഉള്‍ക്കൊള്ളേണ്ടതില്ലേ? ബംഗാളില്‍ മമതയുടെ വന്‍ വിജയം കോണ്‍ഗ്രസ് കണക്കിലെടുക്കണ്ടേ?

ബംഗാളില്‍ മമതയുടെ വിജയം ഗംഭീരം തന്നെയാണ്.പക്ഷേ, ബംഗാള്‍ മാത്രമല്ലല്ലോ ഇന്ത്യ. ഒരു സംസ്ഥാനത്തെ മാത്രം നേട്ടം കൊണ്ട് ഇന്ത്യ പിടിക്കാന്‍ ആര്‍ക്കുമാവില്ല. മമതയും കോണ്‍ഗ്രസും ഒന്നിക്കണമെന്നത് വളരെ വിശുദ്ധമായൊരു ആഗ്രഹമാണ്. മമത കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നാല്‍ അത് ആഹ്ളാദകരമായിരിക്കും. പക്ഷേ, മമത പറയുന്നത് കോണ്‍ഗ്രസ് ടിഎംസിയില്‍ ലയിക്കണമെന്നാണ്.

അങ്ങിനെയാണെങ്കില്‍ 2024 ല്‍ ബിജെപി മൂന്നാം വട്ടവും തുടര്‍ച്ചയായി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമോ?

അത് 2022 ലെ തിരഞ്ഞെടുപ്പുകളില്‍ നിന്ന് എന്തെല്ലാം പാഠങ്ങള്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പഠിക്കുമെന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. 2019 ല്‍ നിന്ന് ഞങ്ങള്‍ പാഠമൊന്നും പഠിച്ചില്ല. കാര്യങ്ങള്‍ ശരിയാക്കാന്‍ മൂന്നുകൊല്ലമുണ്ടായിരുന്നു. പക്ഷേ, ഒന്നും നടന്നില്ല.

ജി 23 ന്റെ കാര്യം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഇതുവരെ ജി 23ല്‍ നിന്ന് ഒരാള്‍ പോലും മറ്റൊരു പാര്‍ട്ടിയിലേക്കും പോയിട്ടില്ല. ബിജെപി വെച്ചു നീട്ടിയ പദ്മഭൂഷണ്‍ പോലും ഗുലാം നബി ആസാദിന്റെ മനസ്സിളക്കിയിട്ടില്ല. പക്ഷേ, പുതിയ തലമുറയിലെ പലരും, രാഹുല്‍ ഗാന്ധിയുടെ കൂടെ കോണ്‍ഗ്രസിിലേക്ക് വന്നവര്‍ , അങ്ങനെയല്ല. കിട്ടിയ അവസരം മുതലാക്കി പാര്‍ട്ടി മാറാനാണ് അവര്‍ ശ്രമിച്ചിട്ടുള്ളത്. അവരാണ് അവസരവാദികള്‍. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ കോണ്‍ഗ്രസിലേക്ക് വന്നത്. ജി 23 ഉള്‍പ്പെടുന്ന പഴയ തലമുറ എന്നും എപ്പോഴും കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കുന്നവരാണ്. ആരെയാണ് വിശ്വസിക്കാനും ആശ്രയിക്കാനും കഴിയുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയണം. കേരളത്തെ നോക്കൂ. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് വിട്ടുപോയാ? രമേഷ് ചെന്നിത്തല കോണ്‍ഗ്രസ് വിട്ടുപോയോ? രാഹുല്‍ ഗാന്ധിക്കൊപ്പം വന്നവരാണ് പാര്‍ട്ടി വിട്ടുപോയത്. രാജീവിനും സോണിയയ്ക്കും ഒപ്പം വന്നവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ട്.

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കോണ്‍ഗ്രസ് വിട്ടുപോയോ എന്ന് താങ്കള്‍ ചോദിക്കുകയുണ്ടായി. അവര്‍ വിട്ടു പോയിട്ടില്ല. പക്ഷേ, ക്യാപ്റ്റന്‍ അമരിന്ദര്‍ പാര്‍ട്ടി വിട്ടുപോയി. കേരളം ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടാനാവില്ല. ദ്ക്ഷിണേന്ത്യയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്.

അമരിന്ദറിന് വിട്ടുപോകേണ്ടി വന്നത് കഷ്ടമാണ്. പഞ്ചാബില്‍ കോണ്‍ഗ്രസ് എന്നുവെച്ചാല്‍ താനാണെന്നാണ് അമരിന്ദര്‍ ധരിച്ചുവശായത്. അങ്ങനെയല്ല കാര്യങ്ങള്‍ എന്ന് ഇപ്പോള്‍ തെളിഞ്ഞു കഴിഞ്ഞു. സിദ്ധുവും ഛന്നിയും നയിക്കുന്ന കോണ്‍ഗ്രസിന് പുറത്ത് ബെറ്റ് വെയ്ക്കാന്‍ ഇപ്പോള്‍ എനിക്കൊരു മടിയുമില്ല.

ആരെയാണ് വിശ്വസിക്കേണ്ടതെന്ന് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയണമെന്ന് താങ്കള്‍ പറയുകയുണ്ടായി. പക്ഷേ, പാര്‍ട്ടി നേതൃത്വത്തിന് അങ്ങിനെയൊരു വീണ്ടുവിചാരമുണ്ടോ?

ഞാന്‍ പറഞ്ഞത് പാര്‍ട്ടിക്ക് മുന്നിലുള്ള തൊട്ടടുത്തഭാവിയെക്കുറിച്ചാണ്, ഭൂതകാലത്തെക്കുറിച്ചല്ല. കൂറുമാറുന്നവരുണ്ടാക്കുന്ന ആഘാതമാണ് കൃത്യമായി വിലയിരുത്തേണ്ടത്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പാര്‍ട്ടിയിലേക്ക് വന്നവരാണ് കൂറുമാറുന്നത്. അവര്‍ അവസരവാദികളാണ്. കാരണം അവര്‍ വന്നത് സ്ഥാനമാനങ്ങള്‍ മോഹിച്ചാണ്. കഷ്ടകാലത്തും പ്രത്യയശാസ്ത്രം കൈവിടാത്തവരാണ് യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകര്‍.

ഞങ്ങള്‍ , പഴയ തലമുറക്കാര്‍, ജി 23 , ഞാനുള്‍പ്പെടെ ജി 23 നോട് അനുഭാവമുള്ളവര്‍ , ഞങ്ങളാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ്. മന്ത്രിമാരാവാനല്ല ഞങ്ങള്‍ കോണ്‍ഗ്രസിലേക്ക് വന്നത്. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രമാണ് ഞങ്ങളെ ആകര്‍ഷിച്ചത്. ഈ പ്രത്യയശാസ്ത്രത്തിന്റെ ശത്രുക്കളാണ് ബിജെപി എന്ന തിരിച്ചറിവാണ് ഞങ്ങളെ നയിക്കുന്നത്. എപ്പോഴും, തിരഞ്ഞെടുപ്പ് പരാജയമുണ്ടാവുമ്പോള്‍ പ്രത്യേകിച്ച്, പാര്‍ട്ടിയില്‍ ഉറച്ചു നില്‍ക്കേണ്ടതായുണ്ട്.

പക്ഷേ, താങ്കളെപ്പോലുള്ളവരോട് പാര്‍ട്ടി നേതൃത്വം എന്താണ് ചെയുന്നത്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ കഴിഞ്ഞ ആറേഴു വര്‍ഷമായി താങ്കളോട് സോണിയഗാന്ധിയോ രാഹുല്‍ ഗാന്ധിയോ സംസാരിച്ചിട്ട് പോലുമില്ല?

ശരിയാണ്.

എന്ത് സന്ദേശമാണ് ഇതിലൂടെ പാര്‍ട്ടി നല്‍കുന്നത്?

എന്ത് സന്ദേശമാണ് നല്‍കിയതെന്ന് എനിക്കറിയില്ല.ഇപ്പോള്‍ എന്ത് സന്ദേശമാണ് നല്‍കാന്‍ പോകുന്നതെന്നതാണ്‌ എന്നെ അലട്ടുന്നത്. ഞാന്‍ എന്റെ കാര്യമല്ല പറയുന്നത്. അതുകൊണ്ടാണ് ഞാന്‍ ജി 23നെ പരാമര്‍ശിക്കുന്നത്. ഈ നേതാക്കളെ ആകര്‍ഷിക്കാന്‍ ബിജെപി പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട്. ഗുലാം നബി ആസാദിന് ബിജെപി സര്‍ക്കാര്‍ പദ്മ ഭൂഷണ്‍ നല്‍കുന്നത് വെറുതെയല്ല. പക്ഷേ, ഗുലാം നബിയെ വീഴ്ത്താന്‍ പദ്മ ഭൂഷണായിട്ടില്ല. അദ്ദേഹം ഇപ്പോഴും കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കുകയാണ്.

ബുദ്ധദേബ് ഭട്ടാചാര്യ പദ്മ പുരസ്‌കാരം നിരസിച്ചു?

ഗുലാം നബി ബുദ്ധദേബിനെ പിന്തുടരണമെന്ന് ഞാന്‍ പറയില്ല. പദ്മ പുരസ്‌കാരം ഗുലാം നബി അര്‍ഹിക്കുന്നുണ്ട്. രാഷ്ട്രത്തിന് അദ്ദേഹം നല്‍കിയിട്ടുള്ള സേവനങ്ങള്‍ നിസ്തുലമാണ്. ഞങ്ങളുടെ സര്‍ക്കാരില്‍ നിന്നാണ് അദ്ദേഹത്തിന് ഈ പുരസ്‌കാരം കിട്ടേണ്ടിയിരുന്നത്. പക്ഷേ, അപ്പോഴേക്കും ഞങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്തായി.

കോണ്‍ഗ്രസിന് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് വേണമെന്ന ജി 23 ന്റെ ആവശ്യം ഇപ്പോഴും നിറവേറിയിട്ടില്ല?

തിരഞ്ഞെടുപ്പ് ഉടനെയുണ്ടാവുമെന്ന് പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. അത് അവിശ്വസിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ ഒരു നെഹ്രുവിയനാണ്‌. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും പ്രത്യയശാസ്ത്രങ്ങളാണ് ഞങ്ങളെ നയിക്കുന്നത്. മതേതരത്വത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരു വിട്ടുവീഴ്ചയുമില്ല.

2025 ആര്‍എസ്എസ്സിന്റെ ശതാബ്ധി വര്‍ഷമാണ്. ഹിന്ദു രാഷ്ട്രം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്?

അപ്പോഴേക്കും അവര്‍ പ്രതിപക്ഷത്താവട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചുവരാനാവും. പക്ഷേ, അതിന് സംഘടനയെ പ്രത്യയശാസ്ത്രപരമായി ഉറച്ച ബോധ്യമുളളവര്‍ക്ക് കൈമാറണം. ബിജെപിക്കെതിരെ വേണ്ടത് പ്രത്യയശാസ്ത്രതലത്തിലുള്ള പോരാട്ടമാണ്. വളരെയധികം അടിസ്ഥാനപരമായ തലത്തില്‍ നടക്കേണ്ട പോരാട്ടമാണത്.

Content Highlights: congress leader Mani Shankar Aiyar Interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section
Most Commented