പ്രതീകാത്മക ചിത്രം
വന്യജീവി സംരക്ഷണത്തിനുള്ള പങ്കാളിത്തമെന്നതാണ് ഇത്തവണത്തെ ലോക വന്യജീവി ദിനത്തിന്റെ പ്രമേയം. ലോകമെങ്ങും മനുഷ്യ-വന്യമൃഗ സംഘര്‍ഷം രൂക്ഷമാവുന്ന കാലത്ത് കൂടിയാണ് ഇങ്ങനെയൊരു പ്രമേയത്തോട് കൂടിയുള്ള വന്യജീവി ദിനാചരണമെന്നതും ശ്രദ്ധേയമാണ്. വാദങ്ങളും കുറ്റപ്പെടുത്തലുകളും പഴിചാരലിനുമപ്പുറം ശാശ്വതമായ പരിഹാരമെന്ത് എന്ന കൂട്ടായ ചര്‍ച്ചകള്‍ക്ക് കൂടി സമയം കണ്ടത്തേണ്ടത് ഇപ്പോള്‍ തന്നെ ഏറെ വൈകിപ്പോയി. വനത്തിന്റേയും വന്യജീവികളുടേയും സംരക്ഷണ ചുമതലയുള്ള വനം വകുപ്പ് കര്‍ഷകരേയും താമസക്കാരേയും ശത്രുക്കളായി കാണുകയും കര്‍ഷകര്‍ വനം വകുപ്പിനെ ശത്രുക്കളായി കാണുകയും ചെയ്യുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ മുന്നോട്ടുപോവുന്നത്. ഇത് നീണ്ടുപോവുന്നത് പലയിടങ്ങളിലും വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് തന്നെ കാരണമാവുകയും ചെയ്യുന്നുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ വന്യജീവി വിഭാഗം മേധാവി ഡോ. പി.ഒ. നമീര്‍ മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുന്നു.
- മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാവുന്ന കാലത്താണ് വന്യജീവി സംരക്ഷണത്തിനുള്ള പങ്കാളിത്തമെന്ന പ്രമേയത്തില്‍ ലോക വന്യജീവി ദിനമെത്തുന്നത്. മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാവുന്നതിനാല്‍ എതിര്‍പക്ഷത്താണ് വനപാലകരും-നാട്ടുകാരും. പരസ്പര സഹകരണമില്ലാതെ എങ്ങനെയാണ് കൃത്യമായ പരിഹാരം കാണാനാവുക?

ഒരു കര്‍ഷകന്‍ നൂറ് വാഴ വെച്ച് അത് മുഴുവന്‍ വന്യമൃഗങ്ങള്‍ വന്ന് നശിപ്പിക്കപ്പെടുമ്പോള്‍ അടുത്ത ഒരു വര്‍ഷം കഴിഞ്ഞല്ല തുച്ഛമായ നഷ്ടപരിഹാരം നല്‍കേണ്ടത്. ഒരു വാഴയില്‍നിന്ന് ആ കര്‍ഷകന് എന്ത് വരുമാനം ലഭിക്കുമെന്ന് ഏകദേശം കണക്ക് കൂട്ടി പറ്റുമെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ നഷ്ടപരിഹാരം നല്‍കാനുള്ള സംവിധാനമുണ്ടാവണം. അങ്ങനെയെങ്കില്‍ പകുതി പ്രശ്‌നം അവിടെ തീരും. പോലീസ് തന്നെ ഇപ്പോല്‍ ജനമൈത്രിപോലുള്ള പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. വനമെന്നത് എന്തോ വിദേശരാജ്യമാണെന്ന തരത്തിലുള്ള നിലപാടും അത്തരത്തിലുള്ള പ്രവര്‍ത്തനവും വനത്തിനോടും വനം വകുപ്പിനോടും ശത്രുതാപരമായ നിലപാടുണ്ടാക്കാനേ സാധിക്കൂ. പണ്ട് നമുക്ക് ഇതിലും മൃഗങ്ങള്‍ ഉണ്ടായിരുന്നു, എന്നിട്ടും എത്ര യോജിപ്പോടെയാണ് ജീവിച്ചത്. കൃത്യമായി പരിശോധിച്ച്, മൃഗങ്ങളുടെ എണ്ണം കൂടുതലുണ്ട് എങ്കില്‍ അതിനുള്ള പരിഹാരം തീര്‍ച്ചയായും കാണണം. എന്നാല്‍ എടുത്ത് ചാടി തീരമാനമെടുക്കുന്നത് അസംബന്ധമാവും.
- വനത്തിന് ഉള്‍ക്കൊള്ളാവുന്നതിലുമപ്പുറമാണ് വന്യജീവികളുടെ എണ്ണമെന്ന വാദമുണ്ട് കൃത്യമായ കണക്കുണ്ടോ?
ആകെ 190 കടുവകള്‍ കേരളത്തിലുണ്ടെന്നാണ് അവസാനമായി നടന്ന 2018-ലെ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഈ കണക്ക് 2018-ലെ പ്രോജക്ട് ടൈഗര്‍ കണക്കുപ്രകാരമുള്ളതാണ്. ഇതിന്റെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുമുണ്ട്. വയനാട്ടില്‍ മാത്രം 150 കടുവകളുണ്ടെന്നാണ് പൊതുവായി പറയപ്പെടുന്നത്. അല്ലെങ്കില്‍ പറഞ്ഞ് പ്രചരിപ്പിക്കുന്ന കണക്ക്. 150 എന്ന എണ്ണം പറയുന്നതിന് മുമ്പെ കണക്കെടുപ്പ് നടക്കുന്ന രീതികളെ കൂടി നമ്മള്‍ പരിശോധിക്കേണ്ടതുണ്ട്. കടുവയുടെ കണക്കെടുപ്പ് നടത്തുന്നത് കാടിന്റെ പല ഭാഗങ്ങളില്‍ ക്യാമറ സ്ഥാപിച്ച് ക്യാപ്ച്ചര്‍, റീ ക്യാപ്ച്ചര്‍ മെത്തേഡ് ഉപയോഗിച്ചാണ്. അതായത് ആദ്യഘട്ടത്തില്‍ ക്യാമറ സ്ഥാപിച്ച് അതില്‍ പതിഞ്ഞ ചിത്രങ്ങളും ഒരിടവേളയ്ക്ക് ശേഷം വീണ്ടും സ്ഥാപിച്ച് ആദ്യത്തേതില്‍ പതിഞ്ഞത് വീണ്ടും പതിയുന്നുണ്ടോ എന്നും പരിശോധിച്ച് കൃത്യമായ മാനദണ്ഡപ്രകാരമുള്ള കണക്കെടുപ്പാണത്. ഇതില്‍ കിട്ടിയ കണക്കാണ് വയനാട്ടില്‍ 150 കടുവകള്‍ എന്നത്. പക്ഷെ ഒരു പ്രധാന കാര്യം വയനാടിന് നൂറ് കിലോമീറ്റര്‍ ബോര്‍ഡര്‍ ഉണ്ട്. തൊട്ടപ്പുറത്ത് നാഗര്‍ഹോളയും മുതമലയുമാണ്. നമ്മള്‍ ക്യാമറവെക്കുന്നത് ഒരോ ചതുരശ്ര കിലോമീറ്ററിലും രണ്ട് ക്യമാറകള്‍ എന്ന നിലയിലാണ്. നൂറ് കിലോമീറ്ററില്‍ 200 ക്യാമറകള്‍ വെച്ചാണ് കണക്കെടുപ്പ് നടന്നത്. അതില്‍ ഒരു പക്ഷെ അതിര്‍ത്തികളില്‍ നിന്നും കടന്നുവരുന്ന കടുവകളുമുണ്ടാവാമെന്ന് റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കുന്നുമുണ്ട്. പക്ഷെ റിപ്പോര്‍ട്ടിന്റെ ഒരുഭാഗം മാത്രം ചൂണ്ടിക്കാട്ടിയാണ് വയനാട്ടില്‍ മാത്രം 150 കടുവകളുണ്ടെന്ന് പ്രചാരണം നടക്കുന്നത്. 30-40 കടുവകള്‍ മാത്രമേ വയനാട്ടിലേത് മാത്രമായി അവിടെയുണ്ടാവുകയള്ളൂവെന്നാണ് സത്യം. പക്ഷെ പുറത്ത് വരുന്നത് 150 എന്ന മൊത്തം കണക്കാണ്.

ഇങ്ങനെ തന്നെയാണ് ആനയുടെ കണക്കും. പ്രോജക്ട് എലിഫന്റ് പദ്ധതി പ്രകാരം അവസാനം 2017-ല്‍ ആണ് അവസാനമായി ആനകളുടെ കണക്കെടുപ്പ് നടന്നത്. ഇവയെ നേരിട്ട് പോയി പരിശോധിക്കുക അപ്രായോഗികമായതിനാല്‍ ഡങ് കൗണ്ട് മെത്തേഡ് (ആനപിണ്ട പരിശോധന) ആണ് ഉപയോഗിക്കുന്നത്. അതിനൊപ്പം മൊത്തം കണക്കെടുപ്പും നടക്കും. ഓരോ ഭാഗമായി തിരിച്ച് അവിടെ എത്ര തവണ ആന പിണ്ടമിടുന്നു, അത് അത്ര സമയം കൊണ്ട് നശിച്ചുപോവുന്നു എന്നിവയെല്ലാം വിലയിരുത്തിയാണ് കണക്കെടുപ്പ് നടക്കുന്നത്. ഈ കണക്കെടുപ്പ് 2016-നവംബറില്‍ ആരംഭിക്കുകയും 2017 ഏപ്രില്‍ മെയ് മാസത്തോട് കൂടി അവസാനിക്കുകയും ചെയ്തു. ഇതിലും ആനയുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടില്ല.
ഈ കണക്കുകളൊന്നും പറയാതെയാണ് എണ്ണം കൂടിയെന്നും അതുകൊണ്ട് ഇവയെ എല്ലാം കൊന്നൊടുക്കി എണ്ണം നിയന്ത്രിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നത്. കള്ളിങ് എന്നത് ഒരു പ്രധാന വന്യജീവി നിയന്ത്രണ ഉപകരണമാണ് എന്നതില്‍ സംശയമൊന്നുമില്ല. പക്ഷെ അതിന് കൃത്യമായ കണക്കെടുപ്പ് നടക്കണം. അങ്ങനയൊരു കണക്ക് നമ്മടെ കയ്യിലില്ലാത്ത കാലത്തോളം ഇത് സാധിക്കില്ല എന്നതാണ് സത്യം. നിലവിലെ കണക്കുകള്‍ പ്രകാരം കടുവയുടേയും ആനയുടേയും കാര്യത്തില്‍ ഇത് സാധിക്കില്ല. ബാക്കിയുള്ളവയുടെ കണക്ക് ലഭ്യവുമല്ല.
- പലതരം വാദങ്ങളാണ് വന്യമൃഗങ്ങളുടെ കാടിറക്കത്തിന് പിന്നിലെ കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്. യഥാര്‍ഥ വസ്തുതയെന്താണ്?
- വന്യമൃഗങ്ങള്‍ക്ക് കാട്ടിലുള്ള ഭക്ഷ്യലഭ്യതയുടെ കുറവ് കാടിറക്കത്തിന് കാരണമാവുന്നുണ്ടോ?
വിരളമായിട്ടാണ് കടുവ കാടിന് വെളിയിലേക്കിറങ്ങുക. ഇത്തരം കടുവകള്‍ക്ക് കാട്ടില്‍ ഇരപിടിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. മാനുകള്‍, കാട്ടുപോത്തുകള്‍ തുടങ്ങി അതിശക്തരായ, കായികശേഷിയുള്ള ഇരകളാണ് കടുവയുടേത്. കായികശേഷിയില്ലാത്ത കടുവകള്‍ക്ക് ഇവയെ പിടികൂടുക അത്ര എളുപ്പമാവില്ല. അപ്പോള്‍ സ്വാഭാവികമായും അടുത്തുള്ള പ്രദേശങ്ങളിലെ വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെ തേടിയെത്തും. വളരെ എളുപ്പത്തില്‍ ഇരയായി കിട്ടുമ്പോള്‍ അത് നാട്ടിലേക്ക് വരാനുള്ള പ്രവണത കൂടുകയും ചെയ്യും. ഇത്തരം കടുവകളെ പിടിച്ച് പുനരധിവസിപ്പിക്കണം. എന്നാല്‍ എണ്ണം കൂടുതലെന്നു പറഞ്ഞ് കടുവകളെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുവിടുന്നത് ഒട്ടും പ്രായോഗികമായ കാര്യവുമല്ല.
Content Highlights: man and wildlife conflict Interview with PO Nameer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..