അപേക്ഷിക്കാന്‍ ജന്മിയുടെ മുന്നിലല്ലല്ലോ നാം നില്‍ക്കുന്നത്; പ്രേഷകനും ഗ്രാഹകനും എന്തിന്‌..!


പ്രൊഫ.എം.കൃഷ്ണന്‍ നമ്പൂതിരി/ രമ്യ ഹരികുമാര്‍   പ്രൊഫ.എം.കൃഷ്ണൻ നമ്പൂതിരി

രാഷ്ട്രത്തിന്റെ പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമാണെന്നാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത്. എന്നാല്‍, സര്‍ക്കാര്‍ രേഖകളില്‍ ഇന്നും നിലവിലുളളത് വിധേയത്വത്തിന്റെ ഭാഷയാണ്. രാജഭരണ-ബ്രിട്ടീഷ് കാലഘട്ടത്തില്‍നിന്നു ജനങ്ങളാല്‍ ജനങ്ങള്‍ക്കു വേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന ഒരു ജനാധിപത്യരാഷ്ട്രമായി 75 വര്‍ഷം പിന്നിട്ടുകഴിഞ്ഞു ഇന്ത്യ. അപേക്ഷ ഫോമുകളില്‍ ഭാര്യ എന്നതിന് പകരം ജീവിതപങ്കാളി എന്ന പദം ഉപയോഗിക്കണമെന്നുളള ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര കമ്മിഷന്റെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജനാധിപത്യ സങ്കല്പം അടിത്തറയാകുമ്പോള്‍ ലിംഗനീതിയും സമത്വവും തുല്യതയും ഭരണഭാഷയിലുണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയാണ് കാലടി ശ്രീശങ്കാരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ മലയാളം പ്രൊഫസർ എം.കൃഷ്ണന്‍ നമ്പൂതിരി.

അപേക്ഷ ഫോമുകളില്‍ ഭാര്യ എന്നതിന് പകരം ജീവിതപങ്കാളി എന്ന പദം ഉപയോഗിക്കണമെന്നുളള ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര കമ്മിഷന്റെ ഉത്തരവ് വന്നിരിക്കുകയാണ്. ഭര്‍ത്താവിനാല്‍ ഭരിക്കപ്പെടുന്നവള്‍ എന്നര്‍ഥമുളള ഭാര്യ എന്ന പദത്തിന് പകരം ജീവിതപങ്കാളി എന്ന പദം ഉപയോഗിക്കണമെന്നുമാത്രമല്ല അപേക്ഷ ഫോമില്‍ സാധാരണയായി കണ്ടുവരുന്ന അവന്‍/അവന്റെ എന്ന പദപ്രയോഗത്തിനൊപ്പം അവള്‍/അവളുടെ എന്നുകൂടി ചേര്‍ക്കാനും ആരുടെ മകള്‍ എന്നതിന് അമ്മയുടെ പേരുകൂടി എഴുതാനാകണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. അല്പം വൈകിയാണെങ്കിലും ഭരണഭാഷയിലും സ്ത്രീസമത്വം ഉറപ്പുവരുത്തുകയാണ് കമ്മിഷന്‍.

തീര്‍ച്ചയായിട്ടും. ജനാധിപത്യമായിട്ട് ബന്ധപ്പെടുത്തിക്കൊണ്ടാണല്ലോ മാതൃഭാഷയെ നാം ഔദ്യോഗിക ഭാഷ എന്ന് പറയുന്നത്. ആ ജനാധിപത്യ സങ്കല്പം അടിത്തറയാകുമ്പോള്‍ തീര്‍ച്ചയായിട്ടും ലിംഗനീതിയും സമത്വവും തുല്യതയും എല്ലായിടത്തും വരണം. സാധാരണയായി ഔദ്യോഗിക രേഖകളില്‍ പോലും അവന്‍ എന്നാണ് എഴുതാറുളളത് ഇപ്പോള്‍ സ്ലാഷ് കൊടുത്തിട്ട് അവള്‍ എന്നും ചേര്‍ക്കാം. അവനും അവള്‍ക്കും തുല്യ പരിഗണന ഔദ്യോഗിക തലത്തില്‍ കിട്ടണം എന്നുളളതുകൊണ്ടാണ് അങ്ങനെ കൊടുക്കുന്നത്. അതൊരു പുതിയ തിരിച്ചറിവ് അല്ല. നേരത്തേ ഉണ്ടാകേണ്ടതായിരുന്നു. സ്ത്രീ-പുരുഷന്‍ എന്നതിനപ്പുറത്തുളള ലിംഗവിഭാഗത്തെയും ട്രാന്‍സിനും ആ പരിഗണന നാം കൊടുക്കണം. എല്ലാവരേയും പരിഗണിച്ചുകൊണ്ടുളള അഭിസംബോധനകള്‍ ഈ രേഖകളില്‍ വരണം എന്ന് കാണിക്കുന്നതിന്റെ ഉദ്ദേശ്യം ആ ജനാധിപത്യമൂല്യമാണ്.

സ്ത്രീസമത്വ പ്രയോഗങ്ങള്‍ എന്നതുപോലെ തന്നെ ഇപ്പോഴും നിലനില്‍ക്കുന്ന വിധേയത്വ പദങ്ങളും നമുക്കില്ലേ? സര്‍, മാഡം പോലുളള അഭിസംബോധനകള്‍ ഇന്നും നിലനില്‍ക്കുകയാണ്. നമ്മുടെ നിയമവ്യവസ്ഥയിലും ഭരണവ്യവസ്ഥയിലും ബ്രിട്ടീഷ് കാലത്തിന്റെ അനുരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യമുണ്ട്. ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം നാം പ്രജകളായിരുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായിട്ടും പ്രജയില്‍ നിന്ന് പൗരനിലേക്കുളള ദൂരം ഭരണഭാഷയില്‍ ഇതുവരെ പ്രകടമായിട്ടില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യത ഭരണഭാഷയില്‍ തന്നെ വ്യതിചലിക്കപ്പെടുകയല്ലേ?

ഒരു അപേക്ഷ നല്‍കുമ്പോള്‍ ഔപചാരികത നിറഞ്ഞുനില്‍ക്കുന്ന തരത്തില്‍ ബഹുമാനപ്പെട്ട സര്‍ എന്നാണ് അഭിസംബോധന ചെയ്യുന്നത്. കളക്ടര്‍ക്കോ, ഗവര്‍ണര്‍ക്കോ അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ ആദരവും ബഹുമാനവും സൂചിപ്പിക്കുന്ന തരത്തില്‍ സാര്‍ അങ്ങ് എന്നൊക്കെ സംബോധന ചെയ്യാറുണ്ട്. അതിന്റെയും ആവശ്യമില്ല. ഭാഷ എന്നുപറയുന്നത് ഒരുതരത്തിലുമുളള അധീശത്വത്തേയോ അധിനിവേശത്തേയോ കാണിക്കാന്‍ പാടില്ല എന്നുളളതാണ്. കോടതിയില്‍ ഇത് വളരെ പ്രകടമാണ്. ഗവര്‍ണറെ വിളിക്കേണ്ടത് ഹൈനസ് എന്നൊക്കെയാണ്. അതെല്ലാം ഉണ്ടായിട്ടുളളത് പഴയകാലത്തെ മൂല്യബോധത്തില്‍ നിന്നാണ്. പുതിയ കാലഘട്ടത്തില്‍ മനുഷ്യരെല്ലാവരും ഭരണഘടനയ്ക്ക് കീഴില്‍ ഒരുപോലെ എന്നുവരുമ്പോള്‍ വൈസ് ചാന്‍സലറോ മുഖ്യമന്ത്രിയോ ഗവര്‍ണറോ സാധാരണക്കാരനോ എല്ലാവരും ഒരുപോലെയാണ്. അങ്ങനെ വരുമ്പോള്‍ ഒരാള്‍ക്ക് പറയാനുളള കാര്യം വിധേയത്വത്തിന്റെ ഭാഷയില്‍ പറയേണ്ട കാര്യമില്ല. വിശ്വാസം, വിനയപൂര്‍വം തുടങ്ങിയ പദപ്രയോഗങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അങ്ങനെ അപേക്ഷിക്കാന്‍ ഒരു ജന്മിയുടെ മുന്നില്‍ അല്ലല്ലോ നാം നില്‍ക്കുന്നത്. ജന്മിത്വം മാറി ജനാധിപത്യം വന്നപ്പോള്‍ അവിടെ അധികാരികള്‍ ജനങ്ങളാണല്ലോ. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരാളെ ഏറ്റവും അടുത്ത് നില്‍ക്കുന്ന സുഹൃത്തിനെ സംബോധന ചെയ്യുന്നത് പോലെ സംബോധന ചെയ്യാം എന്നുളള സ്വാതന്ത്ര്യം നമുക്കുണ്ട്. പ്രജയില്‍ നിന്ന് പൗരനിലേക്കെത്തിയിട്ടും പക്ഷേ ഭരണഭാഷയില്‍ നാം പ്രജ തന്നെയാണ്. ആ മാറ്റം ഔദ്യോഗിക രേഖകളില്‍ വരേണ്ടതാണ്. താങ്കള്‍ എന്ന് നമുക്ക് സംബോധനം ചെയ്യാം. പേരെടുത്ത് നമുക്ക് സംബോധന ചെയ്യാം. കളക്ടറുടെ അറിവിലേക്ക് അല്ലെങ്കില്‍ കളക്ടര്‍ അറിയാന്‍ എന്നുപറഞ്ഞ് സംബോധന ചെയ്യാം അതൊന്നും വിനയമില്ലായ്മയോ പ്രതിഷേധമോ ആയിട്ട് കാണേണ്ട കാര്യമില്ല.

അങ്ങനെ നോക്കുകയാണെങ്കില്‍ അപേക്ഷ എന്ന പദം തന്നെ ഒരുതരം വിധേയത്വമല്ലേ? അതുപോലെ പേരിനോ പദവിക്കോ മുന്നിലായി ചേര്‍ക്കുന്ന ബഹുമാന സൂചകമായ ബഹു. ഒഴിവാക്കാവുന്നതല്ലേ ?

ശരിയാണ് വിധേയത്വമുണ്ട്. അപേക്ഷയല്ല, അവകാശമാണ്. അറിയാനുളള അവകാശമാണ്. അവകാശപ്പെട്ടത് ചോദിക്കുന്നതിന് താഴ്മയോ കുമ്പിട്ട് നില്‍ക്കലോ ആവശ്യമില്ല. നേരെ നിന്ന് ചോദിക്കാവുന്നതാണ്. അപേക്ഷ കൊടുക്കുക സമര്‍പ്പിക്കുക എന്നുളളതൊക്കെ ഒരിക്കല്‍ ഉപയോഗിച്ചുപോയതുകൊണ്ട് തുടര്‍ന്നുപോകുന്നതാണ്. വിധേയത്വം അല്ലെങ്കില്‍ ഒരു കീഴാളത്തം തോന്നാത്ത വിധത്തിലുളള പദങ്ങളും പ്രയോഗങ്ങളും സമീപഭാവിയില്‍ തന്നെ കണ്ടെത്തിയേക്കാം. നേരത്തേ തന്നെ പറഞ്ഞല്ലോ. ഭാര്യ ഭര്‍ത്താവ് എന്നീ പദങ്ങളുടെ അര്‍ഥമെടുക്കുമ്പോള്‍ തന്നെ ഭാര്യ എന്നാല്‍ ഭരിക്കപ്പെടേണ്ടവളാണ്. ഭര്‍ത്താവ് ഭരിക്കേണ്ടവനാണ് എന്നാണ്. അതുമാറി ജീവിത പങ്കാളി എന്നുവരുമ്പോള്‍ അത് രണ്ടുവ്യക്തികളെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. ബഹു. എന്ന പ്രയോഗം ഒഴിവാക്കി വരുന്നുണ്ട്. ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് അതിലൊരു വല്ലായ്ക തോന്നേണ്ട കാര്യമില്ല. മുഖ്യമന്ത്രിക്കോ ഗവര്‍ണര്‍ക്കോ എഴുതുമ്പോള്‍ സമക്ഷം എന്ന പദമെല്ലാമാണല്ലോ ഉപയോഗിച്ചിരുന്നത്. 'ബഹു. മുഖ്യമന്ത്രി സമക്ഷം' അതൊക്കെ സംസ്‌കൃതം സ്വാധീനത്താല്‍ വിനയം കാണിക്കാന്‍ ഉപയോഗിച്ചിരുന്നതാണ്. അത്തരം സംബോധനകള്‍ ഒഴിവാക്കുമ്പോള്‍ എന്നോട് ബഹുമാനമില്ലാതെ ചോദിച്ചു എന്ന് മുഖ്യമന്ത്രിക്ക് തോന്നേണ്ട കാര്യമില്ല. അങ്ങനെ തോന്നുകയുമില്ലെന്ന് നാം മനസ്സിലാക്കണം.

സാഹിത്യത്തിലെന്ന പോലെ ഭരണഭാഷയിലും, മലയാളം ഒരു ദ്രാവിഡഭാഷയായിരുന്നിട്ട് കൂടി സംസ്‌കൃതഭാഷയുടെ സ്വാധീനം വളരെ പ്രകടമാണ്?

സംസ്‌കൃതത്തിന്റെ സ്വാധീനം മലയാളത്തില്‍ പഴയകാലം മുതല്‍ തന്നെ ഉളളതാണല്ലോ. മണിപ്രവാള കാലഘട്ടം തന്നെ നോക്കൂ.. മലയാളം ദ്രാവിഡ കുടുംബത്തില്‍ പെട്ട ഭാഷയാണെങ്കിലും സംസ്‌കൃതത്തിന്റെ സ്വാധീനവും സംസ്‌കൃതത്തില്‍ നിന്ന് ധാരാളം പദങ്ങളും നാം കടംകണ്ടിട്ടുണ്ട്, അതാണല്ലോ മണിപ്രവാളം കാണിക്കുന്നത്. ഭാഷാ സംസ്‌കൃത യോഗോ മണിപ്രവാളം എന്നാണ്, അത്രയും കടുത്ത സ്വാധീനം സംസ്‌കൃതം മലയാളത്തില്‍ ചുമത്തിയിട്ടുണ്ട്. ലീലാതിലകം പോലെയുളള കൃതികളില്‍ പലതരത്തില്‍ സംസ്തകൃതം മലയാളത്തിലേക്ക് സ്വീകരിച്ചതിനെ പറ്റി പറയുന്നുണ്ടല്ലോ. ധാരാളം സംസ്‌കൃത പദങ്ങള്‍ മലയാള ഭാഷയില്‍ വേരുറച്ച് പോയി. മലയാളം അല്ല എന്നുതോന്നാത്ത തരത്തില്‍ നാം അതിനെ ഉപയോഗിച്ച് ബലപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് ധാരാളം സംസ്‌കൃതപദങ്ങള്‍ മലയാളത്തില് വ്യവഹാരഭാഷയിലേക്കും ഔദ്യോഗിക ഭാഷയിലേക്കും കടന്നുവന്നിട്ടുളളത്. പ്രാദേശിക വാദം, പ്രാദേശിക സ്വത്വം പ്രാധാന്യം കൊടുത്തുകൊണ്ടുളള കാലഘട്ടത്തിലാണ് നാം നില്‍ക്കുന്നത്. തമിഴ്നാട്ടുകാരെ കുറിച്ച് നാം എല്ലായ്പ്പോഴും പറയാറുളളതാണ്. ഏതൊരുപദത്തിനും തികച്ചും തമിഴിന്റെ തനിമയുളള പദം അവര്‍ കണ്ടെത്തിയിരിക്കും.

ഭരണഭാഷ മലയാളമാക്കിയത് അത് സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്നതിന് വേണ്ടിയാണ്. പക്ഷേ വില്ലേജ് ഓഫീസുകളിലെ അപേക്ഷാഫോമുകള്‍ വായിച്ചുമനസ്സിലാക്കണമെങ്കില്‍ മലയാളഭാഷാ പണ്ഡിതനായിരിക്കേണ്ട അവസ്ഥയാണ്. പലവാക്കുകളും സാധാരണക്കാരന് മനസ്സിലാകുന്നതല്ല. ജമതിരി, കുഴിക്കൂറ് തുടങ്ങിയ പദങ്ങള്‍ ഉദാഹരണമായെടുക്കാം.

ഭരണഭാഷ മലയാളമാക്കുമ്പോള്‍ അതിനുവേണ്ട ചില മാറ്റങ്ങള്‍ എന്‍.വി.കൃഷ്ണവാര്യര്‍ ഒരു ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ആ ലേഖനത്തിന്റെ പേരുതന്നെ ഭരണഭാഷ എന്നാണ്. അതില്‍ ഈ പറഞ്ഞ കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന തലത്തിലുളള ലളിതമായ പദങ്ങള്‍ കണ്ടെത്തി വേണം പ്രയോഗിക്കാന്‍. പഴയകാലത്ത് ആധാരങ്ങളിലൊക്കെ എഴുതുന്ന വാക്കുകള്‍ ഉണ്ട്. താങ്കള്‍ സൂചിപ്പിച്ച പോലുളള പദങ്ങള്‍ ധാരാളം ഉണ്ട് അത് മാറണം. കാലികമാക്കി മാറ്റണം. കാലാനുസൃതമായിട്ടുളള ഭാഷ സമകാലവല്‍ക്കരിക്കണം. പ്രേഷകന്‍, ഗ്രാഹകന്‍ തുടങ്ങിയ പദങ്ങള്‍ തന്നെ മാറ്റാം. ആര്, ആര്‍ക്ക് എന്നുമതി.

ഭരണപരമായ കാര്യങ്ങള്‍ ഏത് ഭാഷയില്‍ നടത്തുന്നു എന്നതിനെ ആശ്രയിച്ചാണ് സുതാര്യതയും പ്രാപ്യതയും ഇരിക്കുന്നതെന്നാണല്ലോ പറയുന്നത്. സാധാരണക്കാരിലേക്ക് ഭരണപരമായ കാര്യങ്ങള്‍ സുതാര്യമായ രീതിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണഭാഷ മാതൃഭാഷയില്‍ വേണമെന്ന് പറയുന്നതും. എന്നാല്‍ ഭരണഭാഷ മലയാളത്തിലേക്ക് വരുമ്പോള്‍ ഇതരഭാഷയെ കൈക്കൊളളാന്‍ മടിക്കേണ്ടതില്ല എന്ന് കരുതുന്നുണ്ടോ. കാരണം ഭരണഭാഷ മലയാളത്തിലാക്കിയതോടെ സാധാരണ ഉപയോഗിക്കുന്ന വൗച്ചര്‍ എന്ന പദത്തെ പണംപറ്റുചീട്ട്, മുനിസിപ്പല്‍ എന്‍ജിനീയറെ നഗരകാര്യ യന്ത്രവിദ്യാവിദഗ്ധന്‍ എന്നൊക്കെ ഉദ്യോഗസ്ഥര്‍ എഴുതിത്തുടങ്ങിയിരിക്കുന്നു. സംഗതി ആളുകള്‍ക്ക് മനസ്സിലാകുന്നുമില്ല, അതൊരു ന്യൂനതയല്ലേ? സംസ്‌കൃതത്തെ ഉള്‍ക്കൊണ്ട പോലെ സാധാരണയായി ഉപയോഗിക്കുന്ന ഇതരഭാഷ പദങ്ങളും നമുക്ക് ഉപയോഗിക്കാവുന്നതല്ലേ?

അത് വളരെ പ്രസക്തമായിട്ടുളള, ആലോചിച്ചുകൊണ്ടിരിക്കുന്ന വിഷയമാണ്. സംസ്‌കൃതത്തില്‍ നിന്ന് മലയാളത്തിലേക്ക് അലിയിച്ചുചേര്‍ത്ത് ഉപയോഗിക്കുന്നത് പോലെ അന്യഭാഷാ പദങ്ങളെ നമുക്ക് ഉപയോഗിക്കാം. അത എന്‍വി കൃഷ്ണവാര്യരെപ്പോലെയും ശൂരനാടിനെപ്പോലെയും ഉളള ഭാഷാപണ്ഡിതന്മാര്‍ മുന്‍പ് പറഞ്ഞിട്ടുളളതാണ്. മലയാളം എന്നുതന്നെ തോന്നാവുന്ന തകരത്തിലുളള ഇംഗ്ലീഷ് പദങ്ങള്‍ ധാരാളമുണ്ട്. നമ്മള്‍ ഫാന്‍ എന്ന് പറയുന്നു. ബസ്, കാര്‍ എന്ന് പറയുന്നു ഇതിനൊക്കെ മലയാളം മിനക്കെട്ട് അന്വേഷിച്ച് പോകേണ്ട കാര്യമില്ലെന്നാണ് എന്റെ അഭിപ്രായം.

ലീലാതിലകത്തില്‍ കൂന്തല്‍ വാദം എന്നുളള ഒരു വ്യാകരണ ചര്‍ച്ചയുണ്ട്. അതില്‍ അന്യഭാഷാ പദങ്ങളെ മലയാളമായിട്ട് ഉപയോഗിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. ഉദാഹരണത്തിന് ആ ഫാനിന്റെ സ്വിച്ച് കെടുത്തൂ എന്നുപറയുമ്പോള്‍ അവിടെ ഫാന്‍, സ്വിച്ച് തുടങ്ങിയവ മാത്രമാണ് അന്യഭാഷാപദം. പക്ഷേ അവിടുത്തെ വ്യാകരണം മലയാളമാണ്. വിഭക്തി പ്രത്യയം മലയാളമാണ്. കെടുത്തൂ എന്ന ക്രിയാപദം മലയാളമാണ് ഇതിനിടയിലാണ് ആംഗലേയ പദങ്ങള്‍ വന്നിരിക്കുന്നത്. ഭരണഭാഷയിലാണെങ്കില്‍ അങ്ങനെ വേരുറച്ച് പോയ നമുക്ക് അറുത്തുമാറ്റാന്‍ പറ്റാത്ത തരത്തിലുളള പദങ്ങളെ അങ്ങനെ തന്നെ ഉപയോഗിക്കാം. സ്വിച്ച് എന്ന ഉദാഹരണം നാം എല്ലായ്പ്പോഴും പറയാറുളളതാണ്. 'വൈദ്യുതി ഗമന നിര്‍ഗമന നിയന്ത്രണ പേടകം' പറയുന്നതിനേക്കാള്‍ എളുപ്പമാണല്ലോ സ്വിച്ച്. മലയാളത്തില്‍ രൂഢമായി തീര്‍ന്നിട്ടുളള അന്യഭാഷാ പദങ്ങളെ അങ്ങനെ തന്നെ നിലനിര്‍ത്താം. പക്ഷേ തമിഴ്നാട്ടുകാര്‍ അതും സമ്മതിക്കില്ല. അത്രയും അന്ധമായ ഭാഷാഅഭിമാനത്തിലേക്കൊന്നും പേകേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

വളരെ നിസ്സാരമാണെന്ന് തോന്നാം ഈ ചോദ്യം അയല്‍ സംസ്ഥാനങ്ങളില്‍ ചെല്ലുമ്പോള്‍ പലപ്പോഴും നേരിടാറുളള ബുദ്ധിമുട്ട് ബസുകളുടെ ബോര്‍ഡ് വായിക്കാന്‍ സാധിക്കാറില്ല എന്നുളളതാണ്. പൊതുവിടങ്ങളിലെ ദിശകള്‍ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ പോലും കര്‍ണാടകയിലും തമിഴ്‌നാട്ടിലുമെല്ലാം അവരുടെ മാതൃഭാഷയിലാണ്. ഇത്തരം സാഹചര്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഒരു പൊതുഭാഷയില്ലാത്തതിന്റെ അപര്യാപ്തതയാണോ ചൂണ്ടിക്കാണിക്കുന്നത്? ഹിന്ദി രാഷ്ട്രഭാഷയാക്കണം എന്ന വാദം ശക്തിപ്പെട്ടുനില്‍ക്കുന്ന സമയവുമാണിത്.

ഇന്ത്യയില്‍ ഒരു പൊതുഭാഷ അല്ലെങ്കില്‍ രാഷ്ട്രഭാഷ എന്നുപറയാവുന്ന രീതിയില്‍ ഒരു ഭാഷ പൗരന്മാര്‍ക്ക് എല്ലായ്പ്പോഴും ആവശ്യമായി വരുന്നില്ല. പക്ഷേ ഒരു രാജ്യത്തെ സംബന്ധിച്ച് അത് ആവശ്യമായിട്ട് വരുന്ന സന്ദര്‍ഭങ്ങളുണ്ട്. തമിഴ്നാട്ടിലോ കര്‍ണാടകയിലോ ചെന്നുകഴിഞ്ഞാല്‍ കടകളുടെ ബോര്‍ഡ് ഒക്കെ അവരുടെ ഭാഷയില്‍ മാത്രം എഴുതിവെക്കുന്ന രീതി നല്ല ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കേരളത്തില്‍ ബോര്‍ഡ് മലയാളത്തിലാണെങ്കിലും ഇംഗ്ലീഷില്‍ കൂടി എഴുതിവെക്കുന്നുണ്ട്. അക്കാര്യത്തില്‍ നമ്മള്‍ ഒരു മാതൃകയാണ്. പക്ഷേ കേരളത്തില്‍ പല ബോര്‍ഡുകളും ഇംഗ്ലീഷില്‍ തന്നെയാണ്. മലയാളം ഐക്യവേദിയുടെ ശ്രമഫലമായിട്ട് ബോര്‍ഡുകള്‍ മലയാളമാക്കണം എന്നുളള ശ്രമം നടക്കുന്നുണ്ട്.

നമ്മള്‍ അനൗദ്യോഗികമായിട്ട് ഹിന്ദിയെ രാഷ്ട്രഭാഷയായിട്ടാണ് കണക്കാക്കുന്നത്. ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷ എന്നാണ് പഠിക്കുന്നത്. ഇന്ത്യയില്‍ കൂടുതല്‍ സംസാരിക്കപ്പെടുന്ന, ഏറ്റവും കൂടുതല്‍ ജനങ്ങളില്‍ വിനിമയം ചെയ്യപ്പെടുന്ന ഭാഷ എന്ന്‌ പരിഗണിക്കുന്നത് ഹിന്ദിയെയാണ്. ആ രീതിയില്‍ അതിനെ നിലനിര്‍ത്താം. പക്ഷേ അത് അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. ആ ഭാഷയ്ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്ത് മറ്റു ഭാഷകളുടെ പ്രാധാന്യം കുറച്ചുകാണിക്കുന്ന നിര്‍ബന്ധമായിട്ടുളള ശാസനകള്‍ ഉണ്ടാകരുത്. ഒരു ഭാഷ മെച്ചപ്പെട്ടത് മറ്റൊന്ന് മോശപ്പെട്ടത് എന്ന വിവേചനം ഒരിക്കലും ഉണ്ടാകാനും പാടില്ല.

തമിഴര്‍ മാതൃഭാഷയില്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്തുമ്പോള്‍ നാം കടംകൊളളുന്നത് ഇംഗ്ലീഷിനെയാണ്. ഇവിടെയെത്തുന്ന വിദേശികളാകട്ടേ, അയല്‍സംസ്ഥാനങ്ങളിലെ ഐഎഎസ് ഉദ്യോഗസ്ഥരാകട്ടേ അഭിനേതാക്കളാകട്ടേ വളരെ വേഗത്തില്‍ മലയാളം പഠിച്ചെടുക്കാന്‍ പ്രയത്‌നിക്കുകയും വളരെ മനോഹരമായി മലയാളം സംസാരിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷേ മലയാളികള്‍ക്ക് പൊതുവേ മലയാളത്തോട് പ്രതിപത്തി കുറവാണ്.

മറ്റു സംസ്ഥാനങ്ങളില്‍ ഉളളവര്‍ അവരുടെ മാതൃഭാഷയെ പരിഗണിക്കുന്ന അതേ പ്രാധാന്യത്തോടുകൂടി മലയാളികള്‍ മലയാളത്തെ കാണുന്നില്ല എന്നുളളത് ഒരു യാഥാര്‍ഥ്യം തന്നെയാണ്. ഐഎഎസ് പരീക്ഷ ഉള്‍പ്പടെ മലയാളത്തില്‍ എഴുതാം എന്നുവന്നിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം അവിടെയൊക്കെ മലയാളം പഠിക്കണം എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുണ്ട്. മലയാള ഭാഷാസാഹിത്യമല്ല അവിടെ പഠിപ്പിക്കേണ്ടത്. മലയാളത്തിന്റെ വിജ്ഞാനപദവി ഉറപ്പിച്ചെടുക്കാന്‍ സാധിക്കുന്ന രീതിയില്‍ അതിന്റെ പദപ്രയോഗം അന്യസംസ്ഥാനങ്ങളില്‍ അവരുടെ മാതൃഭാഷയില്‍ നടപ്പാക്കിയത് പോലെ, അത് വര്‍ഷങ്ങളുടെ ശ്രമഫലമായിട്ടാണ്. നമുക്കും നടപ്പാക്കാനാകണം. പാശ്ചാത്യ രാജ്യങ്ങളില്‍ റോക്കറ്റ് വിക്ഷേപണവും ബഹിരാകാശ ഗവേഷണവും എല്ലാം അവരുടെ ഭാഷയിലാണ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്. നമുക്കത് കഴിയായ്കയില്ല. നമ്മുടെ ഭാഷ എന്ന അഭിമാനം നമുക്കുണ്ടാകണം. അതിലൂടെ അത് വിനിമയം ചെയ്യാന്‍ കഴിയും എന്ന് മനസ്സിലാക്കണം. ആത്മവിശ്വാസം മലയാളിക്ക് ഉണ്ടാവുകയും അത് പ്രായോഗിക തലത്തില്‍ കൊണ്ടുവരികയും വേണം.

പത്രഭാഷയിലേക്ക് വരാം. ഭാഷാമികവിനേക്കാള്‍ സാധാരണക്കാരന് വളരെ എളുപ്പത്തില്‍ മനസ്സിലാകുന്ന ഭാഷയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നുളളതാണ് പത്രഭാഷയുടെ ധര്‍മം. അവിടെയും ഇംഗ്ലീഷിലുളള പൊതുപദങ്ങള്‍ ഒഴിവാക്കി തനിമലയാളം ഉപയോഗിക്കേണ്ടതുണ്ടോ. പത്രഭാഷയില്‍ ഒരു വായനക്കാരനെന്ന നിലയില്‍ വന്നിട്ടുളള മാറ്റങ്ങളെ എങ്ങനെയാണ് ഉള്‍ക്കൊളളുന്നത്?

സാധാരണക്കാരുടെ ഇടയിലേക്ക് വരുന്ന ഒരു ഭാഷാമാധ്യമം എന്നുപറയുന്നത് പത്രങ്ങള്‍ തന്നെയാണ്. പത്രങ്ങളിലെ ഭാഷയാണ് എല്ലാക്കാലത്തും ജനാധിപത്യമൂല്യങ്ങളെ നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുളളത് എന്നതാണ് എന്റെ കാഴ്ചപ്പാട്. പക്ഷേ അന്യഭാഷാസ്വാധീനവും പുതിയകാലത്തെ ഇംഗ്ലീഷ്പദങ്ങള്‍ വേണ്ടിടത്തും അല്ലാത്തിടത്തും ചേര്‍ത്ത് പ്രയോഗിക്കുക എന്ന പരിഷ്‌കാരം രൂപപ്പെട്ടുവന്നത് പത്രങ്ങളെയും സ്വാധീനിച്ചുതുടങ്ങിയിട്ടുണ്ട്. പക്ഷേ ആ മാറ്റം ലേഖകരോ റിപ്പോര്‍ട്ടര്‍മാരോ ഉള്‍ക്കൊളേളണ്ടതില്ല. പത്രം പത്രത്തിന്റെ ഭാഷയില്‍ ഉറച്ചുനിന്നുകൊണ്ട് പുതിയ തലമുറയുടെ മംഗ്ലീഷ് രീതിയെ പത്രത്തിലേക്ക് കലര്‍ത്താന്‍ തയ്യാറാകാതെ അതിനെ പ്രതിരോധിച്ചുകൊണ്ട് ജനകീയമായിട്ടുളള ഭാഷയുടെ മുഖത്തെ സംരക്ഷിക്കാനാണ് പത്രപ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടത്. ചില മലയാളവാക്കുകള്‍ വായനക്കാരന് സുപരിചിതമാകുന്നത് വരെ അതിന്റെ മലയാള തര്‍ജമയ്ക്കൊപ്പം ആംഗലേയ പദങ്ങളും കുറച്ചുകാലം തുടര്‍ച്ചയായി കൊടുക്കണം. അത് പത്രക്കാര്‍ ചെയ്യുന്ന വലിയ സേവനമാണ്.

നവമാധ്യമഭാഷാ സംസ്‌കാരത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

മാതൃഭാഷയ്ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ടുളള ചര്‍ച്ചകളുയരുമ്പോള്‍ അതിലൊരു വലിയ മറ സൃഷ്ടിക്കുകയാണ് നവമാധ്യമങ്ങളിലെ ഭാഷ എന്നുളളത് ഒരു വസ്തുതയാണ്. നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ എല്ലാവരും ഭാഷാബോധമുളളവരായിരിക്കണമെന്നില്ല. അങ്ങനെ വരുമ്പോഴാണ് ധാരാളം മറ്റുപദങ്ങള്‍ കടന്നുവരികയും പ്രയോഗങ്ങള്‍ കടന്നുവരികയും വ്യാകരണത്തെറ്റുകള്‍ കടന്നുവരികയും ചെയ്യുന്നത്. മൊബൈലില്‍ ടൈപ്പ് ചെയ്യുന്ന അവസരത്തില്‍ എളുപ്പത്തിന് വേണ്ടി മംഗ്ലീഷ് പോലെ ചെയ്തുപോകുന്നുണ്ട്. നവമാധ്യമങ്ങളിലും ബോധപൂര്‍വം ഭാഷാഉപയോഗം ഉണ്ടാകണം. എന്റെ അഭിപ്രായം എന്നുപറഞ്ഞാല്‍ മാതൃഭാഷ ഉപയോഗിക്കുമ്പോള്‍ കഴിയുന്നത്ര സംശുദ്ധമായ, സംശുദ്ധം എന്നുപറയുമ്പോള്‍ അതിനും വ്യാഖ്യാനങ്ങള്‍ ഉണ്ടാകാം. തനിമ എന്നുപറയുമ്പോഴും ആ പ്രശ്നം ഉണ്ട്, മലയാളത്തിന്റെ സംസ്‌കാരം നിലനിര്‍ത്തിക്കൊണ്ടുളള ഭാഷ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം എന്നുപറയാം.

Content Highlights: Malayalam made mandatory for official use, but is it inclusive or practical


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented