ജാലവിദ്യയില്ലാത്ത ഒരുവര്‍ഷം; സ്നേഹം കൊണ്ട് മഹാത്ഭുതം കാണിച്ച് ഗോപിനാഥ് മുതുകാട്


ഗോപിനാഥ് മുതുകാട്/ അശ്വതി അനില്‍INTERVIEW

ഗോപിനാഥ് മുതുകാട്

നുഷ്യസ്നേഹം കൊണ്ട് മാജിക്.. പണം വാങ്ങിയുള്ള ജാലവിദ്യ നിര്‍ത്തിയാല്‍ പിന്നെയെന്തെന്ന ചോദ്യത്തിന് കേരളത്തിന്റെ മായാജാലക്കാരന്‍ മുതുകാടിന് മറ്റൊരു മറുപടിയുണ്ടായിരുന്നില്ല. ഭിന്നശേഷിക്കാരായ കുട്ടികളെ ചേര്‍ത്തുപിടിച്ചുകൊണ്ട്, അവര്‍ക്കായി ജീവിതം മാറ്റിവെച്ച് മഹാത്ഭുതം കാണിക്കാനൊരുങ്ങുകയാണ് ഗോപിനാഥ് മുതുകാട് എന്ന മനുഷ്യസ്നേഹി. പ്രൊഫഷണല്‍ മാജിക് അവസാനിപ്പിച്ച്, തന്റെ കുട്ടികള്‍ക്കൊപ്പം ഒരു വര്‍ഷം പിന്നിടുമ്പോള്‍ മുതുകാടിന് ഒരുപാട് പറയാനുണ്ട്.. കാണിച്ചുകൊണ്ടിരിക്കുന്ന, ഇനി കാണാനിരിക്കുന്ന മാജിക്കുകളെ കുറിച്ച്..

നീണ്ട 45 വര്‍ഷത്തിന് ശേഷം പ്രൊഫഷണല്‍ മാജിക് നിര്‍ത്തിയിട്ട് ഒരു വര്‍ഷം.. എങ്ങനെയായിരുന്നു കയ്യടികളും ആരവങ്ങളും മാജിക്കിന്റെ തിരക്കുകളൊന്നുമില്ലാത്ത ആ നാളുകള്‍?പ്രൊഫഷണല്‍ മാജിക് അവസാനിപ്പിച്ചിട്ട് നവംബര്‍ 17ന് ഒരു വര്‍ഷം പൂര്‍ത്തിയായി. 45 വര്‍ഷത്തോളം ഞാന്‍ മാജിക്കിന്റെ ലോകത്ത് ജീവിച്ച എനിക്ക് തീര്‍ത്തും വ്യത്യസ്തമായിരുന്നു കഴിഞ്ഞ ഒരു വര്‍ഷം. ജാലവിദ്യകളില്ല, കാണികളില്ല, കയ്യടികളും ആരവങ്ങളുമില്ലാത്ത നാളുകള്‍. ജാലവിദ്യയ്ക്ക് കിട്ടുന്ന കയ്യടികളും ആരവങ്ങളും എന്നെ ത്രസിപ്പിച്ചിരുന്നു. 54 രാജ്യങ്ങളിലായി എണ്ണായിരത്തോളം മാജിക് ഷോകള്‍ നടത്തിയിട്ടുണ്ട്. മാജിക് കൊണ്ട് ജീവിച്ചയാളാണ് ഞാന്‍. അത് അവസാനിപ്പിക്കുകയെന്നത് വാക്കുകള്‍ക്കപ്പുറം വേദന നല്‍കിയ തീരുമാനമാണ്. പക്ഷെ ആ വേദനയ്ക്കിടയിലും എനിക്കൊരുപാട് ചെയ്യാനുണ്ടായിരുന്നു. ഞാന്‍ തുടങ്ങിവെച്ച സ്വപ്‌നത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു ഈ കാലമത്രയും.

നഷ്ടബോധം തോന്നിയിട്ടുണ്ടോ?

തീര്‍ച്ചയായും തോന്നിയിട്ടുണ്ട്. മാജിക്കിനോട് വിട പറയുക എന്ന തീരുമാനത്തിന് തൊട്ടുമുന്‍പ് വരെ ഞാന്‍ അനുഭവിച്ച മാനസിക സംഘര്‍ഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. പക്ഷെ ഒരു വര്‍ഷം പിന്നിടുമ്പോള്‍ പറയാനുള്ളത് ജാലവിദ്യ കണ്ട് കയ്യടിക്കുന്ന ഒരു സദസ്സിനെ മാത്രമാണ് എനിക്ക് നഷ്ടപ്പെട്ടത്, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ഒരു കൂട്ടം ആളുകള്‍ എന്റെ നേട്ടമാണ്. അതിലാണ് എനിക്കിപ്പോള്‍ സന്തോഷവും സംതൃ്പ്തിയും. എനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ഉറച്ച് വിശ്വസിക്കുന്നതും.

മാജിക്കിന് വേണ്ടി ഉണ്ടാക്കിയെടുത്ത ഉപകരണങ്ങളെല്ലാം കുന്നുകൂടി പൊടിപിടിച്ച് കിടക്കുകയാണ്. അതൊക്കെ കാണുന്നത് വല്ലാത്ത നൊമ്പരമാണുണ്ടാക്കുന്നത്. എന്റെ പഴയ വീഡിയോകള്‍ കാണുമ്പോള്‍ കണ്ണുനിറഞ്ഞുപോകും. പക്ഷെ ' ഞാന്‍ മരിക്കുന്നതിന് മുന്‍പ് എന്റെ മകന്‍ മരിക്കണ'മെന്നുപറഞ്ഞ് എന്റെ മുന്നില്‍വെച്ച് പൊട്ടിക്കരഞ്ഞ ഒരമ്മയുണ്ടായിരുന്നു. ആ അമ്മയുടെ കണ്ണീരിന് മുന്നില്‍ എന്റെ കണ്ണീര്‍ ഒന്നുമല്ലെന്ന് തോന്നിപ്പോവുന്നു. അതുപോലെ ആരും കാണാതെ കരയുന്ന, ജീവിതം തള്ളിനീക്കുന്ന എത്രയെത്ര മാതാപിതാക്കള്‍ നമ്മുടെ നാട്ടില്‍ ഉണ്ടെന്നറിയുമോ. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ജാലവിദ്യ നല്‍കുന്ന സന്തോഷത്തേക്കാള്‍ വലുത് എന്തോ നേടിയെന്ന തോന്നലാണുള്ളത്.

ജീവിതം മാറ്റിയ ആ തീരുമാനം, അതിനെ കുറിച്ച്?

2016 മുതലാണ് എന്റെ ജീവിതത്തില്‍ മറ്റൊരു കാഴ്ചപ്പാട് കൈവന്നത്. കാസര്‍കോട് ഞാനൊരു പ്രോഗ്രാം ചെയ്യാനായി പോയിരുന്നു. ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ സംഘടിപ്പിച്ച പദ്ധതിയായിരുന്നു അത്. മാജിക് ഷോയുടെ വേദിയുടെ കര്‍ട്ടന്‍ ഉയര്‍ന്നപ്പോള്‍ ഞാന്‍ കാണുന്നത് പത്തും, ഇരുപതും വയസുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ താങ്ങിയിരിക്കുന്ന അമ്മമാരെയാണ്. അവരെല്ലാം കണ്ണീര് വറ്റി പ്രതീക്ഷയറ്റ് ചിരിമറന്ന മുഖങ്ങളുള്ള അമ്മമാര്‍. ആ കാഴ്ച എന്ന വളരെയധികം വേദനിപ്പിച്ചു. അതിലേറെ ചിന്തിപ്പിച്ചു. പിന്നേയും അതുപോലെ കുറേ കാഴ്ചകള്‍ക്ക് ഞാന്‍ സാക്ഷ്യം വഹിച്ചു. സമാനമായ പല അനുഭവങ്ങളും ഉണ്ടായി. അതോടുകൂടി ഞാന്‍ ആകെ തകര്‍ന്നുപോയി. അപ്പോഴാണ് ആ കുട്ടികളെ മാജിക്ക് പഠിപ്പിക്കുന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ചത്. കുട്ടികള്‍ സന്തോഷിക്കുമ്പോള്‍ ആ അമ്മമാരും സന്തോഷിക്കുമല്ലോ. അതായിരുന്നു എന്റെ ലക്ഷ്യം. അങ്ങനെ അന്ന് മന്ത്രിയായിരുന്ന ശൈലജ ടീച്ചറിനെ പോയി കണ്ടു. 23 കുട്ടികളെ അങ്ങനെ കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ മുഖനെ എന്നെ ഏല്‍പ്പിച്ചു. ആ കുട്ടികളെ മാജിക് പ്ലാനറ്റിലെത്തിച്ച അവരെ മാജിക് പഠിപ്പിക്കാന്‍ ആരംഭിച്ചു. 2014 ഒക്ടോബര്‍ 31 നാണ് തിരുവനന്തപുരത്തെ കിന്‍ഫ്ര പാര്‍ക്കില്‍ ലോകത്തിലെ ആദ്യത്തെ മാജിക് തീം പാര്‍ക്കായ മാജിക് പ്ലാനറ്റ് തുടങ്ങിയത്. തെരുവില്‍ അലഞ്ഞു നടക്കുന്ന മജീഷ്യന്മാരുടെയും തെരുവു സര്‍ക്കസുകാരുടെയും പുനരധിവാസം ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു ഉദ്യമം തുടങ്ങിയത്. അന്നൊന്നും ഭിന്നശേഷിക്കുട്ടികളെ കുറിച്ചുള്ള ചിന്തയൊന്നും എന്റെ മനസ്സിലുണ്ടായിരുന്നില്ല. മാജിക് പഠിപ്പിക്കുക എന്നൊരുലക്ഷ്യം മാത്രമേ അപ്പോഴും എനിക്കുണ്ടായിരുന്നുള്ളൂ. പിന്നെയാണ് പൂര്‍ണസമയം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് തോന്നിയത്. അതിനായി മാജിക് അവസാനിപ്പിച്ചു. പ്രൊഫഷണല്‍ മാജിക് ഷോകളും പ്രതിഫലം വാങ്ങിയുള്ള പരിപാടികളും വേണ്ട എന്നതു വളരെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു.

ഗോപിനാഥ് മുതുകാട് മാജിക് അവതരണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കൊപ്പം

മാജിക്‌ നിര്‍ത്തുന്നുവെന്ന പ്രഖ്യാപനം വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്. കൂടെയുള്ളവര്‍ എങ്ങനെയാണ് അതിനോട് പ്രതികരിച്ചത് ..?

45 വര്‍ഷം ഞാന്‍ ജീവിച്ച ജീവിതത്തില്‍ നിന്ന് മാറിനടക്കുകയെന്നത് പ്രയാസപ്പെട്ട തീരുമാനമായിരുന്നെങ്കിലും ഉറച്ചതായിരുന്നു.ഒരു സുപ്രഭാതത്തില്‍ എല്ലാം നിര്‍ത്തുന്നുവെന്ന പ്രഖ്യാപനം കൂടെയുണ്ടായിരുന്ന മജീഷ്യന്മാര്‍ക്കും മാജിക് പ്ലാനറ്റിലെ ജീവനക്കാര്‍ക്കുമെല്ലാം ഞെട്ടിക്കുന്നതായിരുന്നു. എന്റെ ഉദ്ദേശം ബോധ്യപ്പെട്ടപ്പോള്‍ കുടുംബം ഒപ്പംനിന്നു. പക്ഷെ എന്റെ തീരുമാനം. മാജിക് നിര്‍ത്തുന്നുവെന്നുകേട്ടപ്പോള്‍ ഞങ്ങളെ ഗതിയില്ലാത്തവരാക്കി ഉപേക്ഷിക്കുകയാണോ എന്നൊക്കെയാണ് പലരും ചോദിച്ചത്. പക്ഷെ മാജിക് പ്ലാനറ്റിനെ ഡിഫറന്റ് ആര്‍ട്സ് സെന്ററാക്കി മാറ്റുകയെന്നാണ് ലക്ഷ്യമെന്ന് അവരോട് പറഞ്ഞു. കേട്ടപ്പോള്‍ ചിലര്‍ കൂടെ നിന്നു, ചിലര്‍ പോയി. ഇത്തരം പ്രവര്‍ത്തനങ്ങളും മാജിക്കും ഒരുമിച്ച് കൊണ്ടുപൊക്കൂടേ എന്ന് ചോദിച്ചവരുണ്ട്, മാജിക്കില്‍ നിന്ന് വിരമിച്ചുകഴിഞ്ഞാല്‍ പിന്നെ എങ്ങനെയാണ് ജീവിക്കുക എന്നും ചോദിച്ചവരുണ്ട്. മാജിക് നിര്‍ത്താന്‍ തന്നെയായിരുന്നു എന്റെ തീരുമാനം. എന്റെ ലക്ഷ്യത്തിലേക്കുള്ള പ്രവര്‍ത്തനവുമായി ഞാന്‍ യാത്ര തുടര്‍ന്നു.

ഡിഫറന്റ് ആര്‍ട്സ് സെന്റര്‍, എംപവര്‍ സെന്റര്‍.. വലിയ സ്വപ്നങ്ങളാണ് പങ്കുവെച്ചിരുന്നത്. എന്തൊക്കെയാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍?

ഇപ്പോള്‍ മാജിക്കിന്റെ ലോകത്ത് നിന്ന് പൂര്‍ണമായും വിടവാങ്ങി. ആ ചിന്തകള്‍ എന്നെ അലട്ടുന്നില്ല. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ പറിച്ചുനട്ടു. മാജിക് പ്ലാനറ്റിലേക്ക് സോഷ്യല്‍ സെക്യൂരിറ്റ് മിഷന്‍ മുഖേനെ 23 കുട്ടികളെ ഏറ്റെടുത്ത് അവര്‍ക്കായുള്ള ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടാണ് ഞാന്‍ ആരംഭിച്ചത്. പിന്നെ ഇത്തരം മക്കള്‍ക്ക് വേണ്ടി ഡിഫറന്റ് ആര്‍ട്സ് സെന്റര്‍ ആരംഭിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ചെറിയരീതിയില്‍ പരിശീലനം ആരംഭിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അതിന്റെ ഫലമാണ് ഒരുവര്‍ഷം കൊണ്ട് ഞാന്‍ കെട്ടിപ്പടുത്തത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള യൂണിവേഴ്‌സല്‍ എംപവര്‍മെന്റ് സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ 200 മിടുക്കരുണ്ട്.

ഭിന്നശേഷിക്കുട്ടികളുടെ ശാക്തീകരണത്തിലൂടെ അവര്‍ക്കു ജീവിതമാര്‍ഗമൊരുക്കാനാണ് യൂണിവേഴ്സല്‍ എംപവര്‍മെന്റ് സെന്റര്‍ ലക്ഷ്യമിടുന്നത്. അടുത്ത ജനുവരിയോടെ സെന്റര്‍ ഉദ്ഘാടനം ചെയ്യും. ഇത്തരത്തിലൊരു സെന്റര്‍ ലോകത്തുതന്നെ ആദ്യത്തേതാണ്. തെറാപ്പികേന്ദ്രങ്ങള്‍, കലകള്‍ പരിശീലിക്കാനും അവതരിപ്പിക്കാനുമുള്ള വേദികള്‍, സ്പോര്‍ട്സ് പരിശീലനത്തിനു കളിക്കളങ്ങള്‍, ഗവേഷണകേന്ദ്രങ്ങള്‍ തുടങ്ങിയവ പാര്‍ക്കിലെ അഞ്ചേക്കറില്‍ ഭിന്നശേഷിസൗഹൃദപരമായാണ് തയ്യാറാക്കുന്നത്. ഭിന്നശേഷിക്കുട്ടികളുടെ അമ്മമാര്‍ക്ക് സ്വയംതൊഴില്‍ പരിശീലനവും അവരുടെ ഉത്പന്നങ്ങളുടെ വിപണന സ്റ്റാളുകളുമുണ്ട്. ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കുട്ടികള്‍ക്ക് യു.ഇ.സി. സൗജന്യമായി പ്രയോജനപ്പെടുത്താം.

കാഴ്ച, കേള്‍വി, ചലനം എന്നിവയുടെ പരിമിതിയുള്ളവര്‍ക്ക് അവതരണത്തിന് മാജിക് ഓഫ് ഡാന്‍സ്, മാജിക് ഓഫ് സൈലന്‍സ്, മാജിക് ഓഫ് മിറക്കിള്‍ എന്നീ വേദികള്‍ തയ്യാറായി. ചിത്രകലാപ്രദര്‍ശനത്തിന് ആര്‍ട്ടീരിയ എന്ന ഗാലറിക്കൊപ്പം ഉപകരണസംഗീതത്തിനു സിംഫോണിയ എന്ന വേദിയുണ്ട്. സയന്‍ഷ്യ എന്നപേരില്‍ ഗവേഷണകേന്ദ്രം സെന്ററിലുണ്ട്. ഗ്രാന്‍ഡ് തിയേറ്ററില്‍ അഞ്ഞൂറോളം പേര്‍ക്കിരുന്ന് ഭിന്നശേഷിക്കുട്ടികളുടെ മെഗാ ഷോ ആസ്വദിക്കാം. തെറാപ്പികേന്ദ്രങ്ങളില്‍ വിദഗ്ദ്ധ പരിശീലകരുടെ മുഴുവന്‍സമയ സേവനമുണ്ട്.കാര്‍ഷിക പരിപാലനത്തിലൂടെ കുട്ടികളില്‍ മാറ്റംവരുത്താന്‍ ഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പി സെന്ററുണ്ട്.

അത്ലറ്റിക്സിനും ഇന്‍ഡോര്‍ ഗെയിമുകള്‍ക്കും കളിക്കളങ്ങള്‍ ഡിഫറന്റ് സ്പോര്‍ട്സ് സെന്ററില്‍ ഒരുക്കുന്നു. യു.കെ. സ്വദേശിയും ഗോകുലം കേരള അക്കാദമി ഹെഡ് കോച്ചുമായ ജോയല്‍ റിച്ചാര്‍ഡ് വില്യംസ്, ജിബ്രാള്‍ട്ടര്‍ എന്നിവരാണ് കുട്ടികള്‍ക്ക് കായികപരിശീലനത്തിനു നേതൃത്വം നല്‍കുക. ഭിന്നശേഷിക്കുട്ടികളുടെ പേടി അകറ്റാനുള്ള ചെറുതീവണ്ടിയാത്ര, നിര്‍മിതമായ കാടും മഴയും വെള്ളച്ചാട്ടവും ഇടിമിന്നലും മരംവീഴ്ചയുമൊക്കെയുള്ളതാണ്. ഭിന്നശേഷിക്കുട്ടികള്‍ക്കായി 2019-ല്‍ തുടങ്ങിയ ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ തുടര്‍ച്ചയാണ് യു.ഇ.സി. ഒരുക്കുന്നത്. ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ ഓട്ടിസം, സെറിബ്രല്‍ പള്‍സി, വിഷാദരോഗം, ഹൈപ്പര്‍ ആക്ടിവിറ്റി, എം.ആര്‍. എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന 200 കുട്ടികളാണ് കലകളില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്നത്.

Content Highlights: magician gopinath muthukad interview universal empowerment center magician muthukad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented