'ഞാന്‍ കണ്ടിട്ടുളള ഏറ്റവും വലിയ ഉദ്യോഗസ്ഥന്‍ തഹസില്‍ദാരായിരുന്നു'| അഭിമുഖം കൃഷ്ണ തേജ IAS


കൃഷ്ണ തേജ/ രമ്യഹരികുമാര്‍

കൃഷ്ണ തേജ ഐഎഎസ് | ഫോട്ടോ: അഭിലാഷ്

വിജയവും പരാജയവും ഇടകലര്‍ന്നതാണ് ജീവിതം. എന്നാല്‍ അതെല്ലാം അഭിമുഖീകരിച്ചുകൊണ്ട് നമ്മള്‍ മുന്നോട്ട് എങ്ങനെ പോകുന്നുവെന്നതാണ് പ്രധാനം. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ സംസ്ഥാനതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്നമാര്‍ക്ക്, എന്‍ജിനീയറിങ്ങില്‍ ഗോള്‍ഡ് മെഡലിസ്റ്റ്. പക്ഷേ സിവില്‍ സര്‍വീസിനുളള ആദ്യ മൂന്നുശ്രമങ്ങളിലും പരാജയം. പിന്നീട് തന്റെ ശത്രുക്കളുടെ സഹായത്തോടുകൂടി തന്റെ പോരായ്മകള്‍ കണ്ടെത്തുകയും അത് തിരുത്തി അടുത്ത ശ്രമത്തില്‍ അഖിലേന്ത്യാതലത്തില്‍ 66-ാം റാങ്കോടെ സിവില്‍സര്‍വീസ് കരസ്ഥമാക്കുകയും ചെയ്ത വ്യക്തിയാണ് ആലപ്പുഴ ജില്ലാകളക്ടറായ കൃഷ്ണ തേജ ഐഎഎസ. ജീവിതത്തിലെ മൂന്നുവിജയങ്ങളും മൂന്നുപരാജയങ്ങളും മുന്നോട്ടുളള യാത്രയ്ക്ക് എത്രമേല്‍ കരുത്തുപകര്‍ന്നുവെന്ന് പങ്കുവെക്കുകയാണ് Miles to Go.. എന്ന അഭിമുഖ പരമ്പരയിലൂടെ കൃഷ്ണ തേജ.

ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജ എന്നുപറയുന്നതിനേക്കാള്‍ കളക്ടര്‍ മാമന്‍ എന്ന വിശേഷണത്തിലാണ് കേരളം മുഴുവന്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലൂടെ കുട്ടികളുമായി സംവദിക്കാം. അതിലൂടെ കാര്യങ്ങള്‍ പങ്കുവെക്കാം എന്ന തീരുമാനത്തിലേക്ക് എത്തുന്നത് എങ്ങനെയാണ് ?ഞാനും കുട്ടികളും നല്ല അടുപ്പമാണ്. എന്റെ കസിന്‍സില്‍ ഞാനാണ് ഏറ്റവും ഇളയ വ്യക്തി. മറ്റു കസിന്‍സിന്റെ കല്യാണമെല്ലാം കഴിഞ്ഞ് കുട്ടികളായപ്പോള്‍ ഏറ്റവും ഇളയ ആളായ എന്നോടാണ് കുട്ടികള്‍ കൂട്ടായത്. ഞാനെപ്പോള്‍ വീട്ടില്‍ പോയാലും എന്നെ കാണുന്നതിനായി അവര്‍ വരും. ഇപ്പോള്‍ എനിക്കും മകനായി.

ഞാന്‍ എന്റെ മകനോട് എങ്ങനെ സംസാരിക്കും, മകന്‍ എന്നില്‍ നിന്ന് എന്ത് പ്രതീക്ഷിക്കും അതുപോലെയാണ് ഞാന്‍ കുട്ടികളോട് സംസാരിക്കേണ്ടത് എന്ന് കരുതിയാണ് സോഷ്യല്‍മീഡിയയിലൂടെ അങ്ങനെ സംവദിക്കാന്‍ തീരുമാനിക്കുന്നത്. ഒരു അച്ഛനെന്ന നിലയില്‍ നമ്മള്‍ കുട്ടിയോട് എങ്ങനെയാണ് സംസാരിക്കുക. അവധിയുണ്ട്..പക്ഷേ മഴയുണ്ട്. പുറത്തിറങ്ങരുത്. അകത്തുതന്നെ ഇരിക്കണം. കുറച്ച് സമയം പഠിക്കണം കുറച്ച് സമയം കളിക്കണം എന്നായിരിക്കില്ലേ. അതുപോലൈ സംസാരിക്കാനാണ് ഞാന്‍ ശ്രമിച്ചത്.

സോഷ്യല്‍ മീഡിയ കളക്ടര്‍മാരെ കൂടുതല്‍ ജനകീയരാക്കിയിരിക്കുകയാണ്. പണ്ടുകാലത്ത് കളക്ടര്‍ എന്നുപറഞ്ഞാല്‍ ഒരു ഉന്നത ഉദ്യോഗസ്ഥനാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ സംവദിക്കാന്‍ തുടങ്ങിയപ്പോള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അടുപ്പം തോന്നിത്തുടങ്ങി. സോഷ്യല്‍മീഡിയ എത്രത്തോളം സഹായകമായിട്ടുണ്ട് ?

സോഷ്യല്‍ മീഡിയ ഒരുപരിധിവരെ സഹായകമാണ്. പ്രത്യേകിച്ച് ജനങ്ങളുമായി സംസാരിക്കേണ്ടി വരുമ്പോള്‍. ഇപ്പോള്‍ കുട്ടികളുമായി നിരവധി കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടില്ലെങ്കിലും അച്ഛനുമമ്മയ്ക്കും ഉണ്ടാകുമല്ലോ. അവര്‍ കുട്ടികളോട് പറയും കളക്ടര്‍ ഇങ്ങനെയൊക്കെ കുട്ടികള്‍ക്കായി പറഞ്ഞിട്ടുണ്ട്. അവര്‍ അത് വായിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ഒരു കമ്യൂണിക്കേറ്റീവ് പ്ലാറ്റ്‌ഫോം ആണ്.

ആളുകള്‍ എന്താണ് നമ്മളില്‍ നിന്ന് ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കാനും നമുക്കതിലൂടെ സാധിക്കും. ഒരു ഉദാഹരണം പറയാം. റോഡുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം ഉണ്ടായിരുന്നു. സോഷ്യല്‍മീഡിയയിലൂടെയാണ് അക്കാര്യം ജനങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയത്. സെക്കന്റുകള്‍ക്കുളളില്‍ അതുമായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ അക്കാര്യം എത്തിക്കാന്‍ ഞങ്ങള്‍ക്കായി വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സാധാരണഗതിയില്‍ ഇതെങ്ങനെയാണ് നടക്കുക. അവര്‍ ഇവിടെ വരെ വരണം അപേക്ഷ നല്‍കണം. ഞാനത് വേറെ ആളുകള്‍ക്ക് അയക്കണം. അതിനെല്ലാം ഒരുപാട് സമയമെടുക്കും. സോഷ്യല്‍മീഡിയ ആ സമയം കുറച്ചിരിക്കുകയാണ്. നന്നായി വിനിയോഗിക്കുകയാണെങ്കില്‍ ഒരു മികച്ച പ്ലാറ്റ്‌ഫോമാണ് സോഷ്യല്‍ മീഡിയ.

കുട്ടികളുമായുളള അടുപ്പം പറഞ്ഞല്ലോ, സ്വന്തം കുട്ടിക്കാലം എങ്ങനെയായിരുന്നു?

ഞാന്‍ ഒരു സാധാരണ ഗ്രാമത്തില്‍ നിന്നുളള കുട്ടിയാണ്. വൈകുന്നേരം സ്‌കൂളില്‍ നിന്ന് തിരിച്ചുവന്ന ശേഷം വീടിന് സമീപത്തുളള കുട്ടികളെല്ലാം ചേര്‍ന്ന് കളിക്കും. ഞാന്‍ വളരെ ആസ്വദിച്ചിരുന്നു. ആ ഗ്രാമം, പാടങ്ങള്‍, വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍...

കര്‍ഷക കുടുംബമായിരുന്നോ?

അപ്പൂപ്പന്‍ കര്‍ഷകനായിരുന്നു. അച്ഛന് ചെറിയ ബിസിസ് ഉണ്ടായിരുന്നു അമ്മ വീട്ടമ്മയാണ്്.

യുപിക്ലാസുകളില്‍ പഠിക്കുന്ന സമയത്ത് ഒരു ശരാശരി വിദ്യാര്‍ഥി ആയിരുന്നതുകൊണ്ട് പഠനം ഉപേക്ഷിച്ച് കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ ബന്ധുക്കള്‍ ഉപദേശിച്ചിട്ടുളളതായി കേട്ടിട്ടുണ്ട്. ശരാശരി വിദ്യാര്‍ഥിയില്‍ നിന്ന് സ്റ്റേറ്റ് ടോപ്പറിലേക്കുളള വളര്‍ച്ച, അതിന് ഇന്ധനമായത് എന്തായിരുന്നു?

മക്കളെ നന്നായി വളര്‍ത്താന്‍ ഒരു അമ്മയും അച്ഛനും എങ്ങനെ ശ്രമിക്കും അതുപോലെ എന്നേയും ചേച്ചിയേയും നന്നായി വളര്‍ത്താന്‍ തന്നെ എന്റെ അച്ഛനും അമ്മയും ശ്രമിച്ചിരുന്നു. പക്ഷേ പഠപ്പിന്റെ വില എന്താണ് എന്ന് ഞാന്‍ മനസ്സിലാകണം എന്ന് അമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് പഠിക്കുന്ന സമയത്ത് പാര്‍ട്ട് ടൈം ആയി എന്നെ അമ്മ കടയില്‍ ജോലിക്ക് വിട്ടു. ജോലി ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ എനിക്ക് മനസ്സിലായി ഞാന്‍ നന്നായി പഠിച്ചില്ലെങ്കില്‍ എന്റെ ജീവിതം ഈ കടയില്‍ തന്നെയായിരിക്കും. ആ പേടിയിലാണ് ഞാന്‍ നന്നായി പഠിക്കാന്‍ തുടങ്ങിയത്. അങ്ങനെയാണ് എനിക്ക് പത്തിലും പ്ലസ്ടുവിലും എന്‍ജിനീയറിങ്ങിനും മികച്ച വിജയം നേടുന്നത്. നിങ്ങള്‍ക്ക് ചെറിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, ഒരു മധ്യവര്‍ഗ കുടുംബാംഗമാണെങ്കില്‍, സാധാരണഗതിയില്‍ അത്തരം കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ആളുകളുടെ ലക്ഷ്യം നല്ല ശമ്പളത്തിലുളള ജോലി കിട്ടണം എന്നായിരിക്കും. എന്റെ ലക്ഷ്യവും അതുതന്നെയായിരുന്നു. എന്‍ജിനീയറിങ്ങിന് ശേഷം ഞാന്‍ ഒരു നല്ല ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

അങ്ങനെ ഡല്‍ഹിയില്‍ ഞാന്‍ ജോലി ചെയ്യുന്ന സമയത്ത് എന്റെ റൂമേറ്റാണ് ഐഎഎസിനെ കുറിച്ച് എനിക്ക് പറഞ്ഞുതരുന്നത്. ഐഎഎസ് എന്താണ് എന്ന് എനിക്കറിയില്ല. ജില്ലാകളക്ടര്‍ എന്താണെന്ന് അറിയില്ല. കാരണം ഇവിടെയുളള കുട്ടികള്‍ക്കുളള എക്‌സ്‌പോഷറൊന്നും എന്റെ സംസ്ഥാനത്തെ കുട്ടികള്‍ക്കില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട വലിയ ഉദ്യോഗസ്ഥന്‍ തഹസില്‍ദാരാണ്. തഹസില്‍ദാര്‍ എന്റെ സ്‌കൂളിലേക്ക് വന്നാല്‍ അത് വലിയ ചടങ്ങാണ്. എന്നെ സംബന്ധിച്ച് വലിയ സര്‍ക്കാര്‍ ജീവനക്കാര്‍ സി.ഐ.യും തഹസില്‍ദാരുമൊക്കെയായിരുന്നു. റൂമേറ്റാണ് എനിക്ക് ഐഎഎസ് എന്താണ്, ജില്ലാകളക്ടര്‍ എന്താണ്, ജില്ലാകളക്ടര്‍ ആയാല്‍ എന്ത് പൊതുസേവനമാണ് പൊതുജനങ്ങള്‍ക്ക് ചെയ്യാനാവുക എന്നൊക്കെ പഠിപ്പിച്ചത്.

സിവില്‍സര്‍വീസിങ് കോച്ചിങ് സെന്ററിലേക്ക് ഒരു മണിക്കൂര്‍ യാത്രയുണ്ട്. എന്റെ റൂമേറ്റിന് അത്രയും ദൂരം പോയിവരാനായിട്ട് ഒരു കൂട്ടിനുവേണ്ടി പുളളി എന്നെയും മോട്ടിവേറ്റ് ചെയ്ത് കൊണ്ടുപോയി. അവിടെ ചേര്‍ന്നതോടെ എന്താണ് സിവില്‍ സര്‍വീസ് എന്ന് എനിക്ക് വ്യക്തമായി. പക്ഷേ ആദ്യ പരീക്ഷയില്‍ ഞാന്‍ പരാജയപ്പെട്ടു. പരാജയപ്പെടുമ്പോള്‍ നമുക്ക് ചുറ്റമുളള തെറ്റുകളെ കണ്ടെത്താനാണ് നാം ആദ്യം ശ്രമിക്കുക. അതുകൊണ്ട് ആദ്യതവണ പരാജയപ്പെട്ടപ്പോള്‍ ഞാന്‍ ചിന്തിച്ചു. ഞാന്‍ ജോലി ചെയ്തുകൊണ്ട് കോച്ചിങ്ങിന് പോകുന്നതുകൊണ്ട് പഠിക്കാന്‍ സമയം കിട്ടുന്നില്ല. അതുകൊണ്ടാണ് പരാജയപ്പെട്ടത്. ഉടന്‍ ജോലി രാജിവെച്ചു ഒരു വര്‍ഷം നന്നായിട്ട് പഠിച്ചിട്ട് രണ്ടാമത് എഴുതി. പരാജയപ്പെട്ടു. വീണ്ടും ഞാന്‍ എനിക്ക് ചുറ്റുമുളള തെറ്റുകള്‍ കണ്ടെത്താന്‍ ശ്രമിച്ചു. ഉത്തരം കണ്ടെത്തി. എന്റെ നിര്‍ഭാഗ്യം, അല്ലാതെ ഞാന്‍ എങ്ങനെ പരാജയപ്പെടാനാണ്. സ്‌കൂളിലും കോളേജിലും എല്ലാം മിടുക്കനാണെന്ന് ഇതിനകം ഞാന്‍ തെളിയിച്ചുകഴിഞ്ഞിട്ടുളളതാണ് നിര്‍ഭാഗ്യം മാത്രമാണ് കാരണം. ഒരുവര്‍ഷം കൂടെ നന്നായിട്ട് പഠിച്ചിട്ട് എഴുതാം എന്നുകരുതി പക്ഷേ മൂന്നാമത്തെ പ്രാവശ്യവും പരാജയപ്പെട്ടു. എന്റെ ജീവിതത്തിലേക്ക് നോക്കൂ പത്താംതരം, പ്ലസ്ടു, എന്‍ജിനീയറിങ് അടുപ്പിച്ച് മൂന്ന് ഉന്നതവിജയങ്ങള്‍ അതിനുശേഷം തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍. മൂന്നാമത്തെ പരാജയത്തോടെ എന്റെ മോട്ടിവേഷന്‍ ലെവലെല്ലാം താഴേക്ക് പോയി. ആത്മവിശ്വാസം നഷ്ടപ്പെട്ടു. എന്താണ് കുഴപ്പമെന്ന് മനസ്സിലാകുന്നില്ല. എന്റെ ചുറ്റുമുളള കാരണങ്ങളെല്ലാം അസാനിച്ചു. മറ്റുകാരണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചുമില്ല.

അവിടെയാണല്ലേ ശത്രുക്കള്‍ സഹായിക്കുന്നത്. ശത്രുക്കള്‍ക്ക് ജീവിതത്തില്‍ നിര്‍ണായകമായ സ്ഥാനമുണ്ട് എന്നാണല്ലോ താങ്കള്‍ പറയാറുളളത് അതെങ്ങനെയാണ്?

ഞാന്‍ എന്റെ കൂട്ടുകാരോട് ചോദിച്ചു, മച്ചാ നിങ്ങള്‍ക്കറിയാമോ ഞാനെന്താണ് ഇങ്ങനെ മൂന്നുതവണ പരാജയപ്പെടുന്നത്? എല്ലാവരും പറയുന്നത് നിങ്ങള്‍ സ്മാര്‍ട്ടാണ്, ഓര്‍മശക്തിയുളള ആളാണ് എന്താണ് കിട്ടാത്തത് എന്ന് ഞങ്ങള്‍ക്കും മനസ്സിലാകുന്നില്ലെന്നാണ്. രണ്ടുമാസം അങ്ങനെ കാരണങ്ങള്‍ കണ്ടെത്താനായി ചെലവഴിച്ചു. പിന്നെ ഞാന്‍ തീരുമാനിച്ചു. എനിക്ക് ഐഎഎസ് ശരിയാകില്ല. എന്റെ മൂന്നുവര്‍ഷം പോയിരിക്കുന്നു. ഞാന്‍ സെറ്റില്‍മെന്റിനെ കുറിച്ച് ചിന്തിച്ചുതുടങ്ങി. എന്നെ സംബന്ധിച്ച് അതും വളരെ പ്രധാനമാണ്. എനിക്ക് സമയം എന്ന ലക്ഷ്വറി ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഐടി ജോലിയിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചു. ഒരു ഐടി കമ്പനിയില്‍ ഇന്റര്‍വ്യൂവിന് പോയി, ജോലിയും ലഭിച്ചു. ജോലികിട്ടിയതോടെ ഞാന്‍ സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞു. ഇനി ഞാന്‍ സിവില്‍ സര്‍വീസിന് ട്രൈ ചെയ്യുന്നില്ല. ജോലിക്ക് പോവുകയാണ് എന്ന്്. ഇക്കാര്യം ന്റെ സുഹൃത്തുക്കളില്‍ നിന്ന് ശത്രുക്കളിലെത്തി. ശത്രു എന്നുപറഞ്ഞാല്‍ സിനിമയില്‍ കാണുന്ന പോലെയുളള ശത്രുതയല്ല. നമ്മളെ ഇഷ്ടപ്പെടാത്ത ആളുകള്‍, നമ്മളെ അനാവശ്യമായി വിമര്‍ശിക്കുന്നവര്‍, നമ്മുടെ പിറകില്‍ നിന്ന് നമ്മളെ കുറിച്ച് മോശം പറയുന്നവര്‍. ആ പ്രായത്തില്‍ ശത്രു എന്ന് പറഞ്ഞാല്‍ അതൊക്കെയാണ്.

അടുത്ത ദിവസം രാവിലെ മൂന്നുപേര്‍ എന്നെ കാണാന്‍ വന്നു, എന്റെ ശത്രുക്കള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. എന്നോട് ശരിക്ക് സംസാരിക്കാത്ത ആളുകളാണ്. ഇവര്‍ എന്നെ കാണാന്‍ എന്തിന് വന്നുവെന്ന് എനിക്ക് മനസ്സിലായില്ല. അവരെന്നോട് പറഞ്ഞു ഞാനെടുത്തതാണ് ശരിയായ തീരുമാനം ഐഎഎസ് അല്ല ഐടി തന്നെയാണ് എനിക്ക് ഏറ്റവും നല്ലതെന്ന്. ഞാനും ശരിവെച്ചു. പക്ഷേ ഞാനവരോട് പറഞ്ഞു എനിക്ക് എന്തുകൊണ്ട് കിട്ടുന്നില്ലെന്ന് മനസ്സിലാകുന്നില്ലെന്ന്. അപ്പോഴാണ് അവര്‍ എന്റെ നെഗറ്റീവുകള്‍ ചൂണ്ടിക്കാട്ടിയത്. ഒന്നാമത്തെയാള്‍ എന്നോട് പറഞ്ഞു, 'കൃഷ്ണ കാര്യം വളരെ സിംപിളാണ്. ഐഎഎസില്‍ 2000 മാര്‍ക്ക് എഴുത്തുപരീക്ഷയ്ക്കാണ്. നിങ്ങളുടെ കൈയെഴുത്ത് വളരെ മോശമാണ്. എന്ന് ശരിയാണ്. എന്റെ കൈയക്ഷരം വളരെ മോശമാണ്.'ശരിയാണ് എന്റെ കൈയക്ഷരം വളരെ മോശമായിരുന്നു. രണ്ടാമത്തെ ആള്‍ പറഞ്ഞു, 'നിങ്ങള്‍ സയന്‍സ് സ്റ്റുഡന്റ് അല്ലേ നിങ്ങള്‍ എന്തെഴുതുകയാണെങ്കിലും പോയിന്റ് വണ്‍, പോയിന്റ് ടു എന്ന് മാര്‍ക്ക് ചെയ്താണ് ഉത്തരം എഴുതുന്നത്. പക്ഷേ സിവില്‍ സര്‍വീസില്‍ അലപം വിശദമായി കാര്യങ്ങള്‍ എഴുതണം.' മൂന്നാമത്തെ ആള്‍ പറഞ്ഞു 'കൃഷ്ണ നിങ്ങള്‍ എന്ത് സംസാരിക്കുകയാണെങ്കിലും വളരെ ചുരുക്കി സംസാരിക്കും. പക്ഷേ അഭിമുഖത്തില്‍ കണ്‍വിന്‍സിങ്ങായി ഡിപ്ലോമാറ്റിക്കായി സംസാരിക്കാന്‍ സാധിക്കണം. അത് നിങ്ങള്‍ക്കറിയില്ല.'

ഐടി ജോലി നേടിയതിന് ആശംസകള്‍ അറിയിച്ച് അവര്‍ പോയി. അതില്‍ നിന്ന് ഞാന്‍ പഠിച്ച ഒരു കാര്യമുണ്ട്. ഒരു വ്യക്തി പോസിറ്റീവ്‌സ് എന്താണ് എന്ന് മനസ്സിലാക്കാന്‍ ചോദിക്കേണ്ടത് സുഹൃത്തുക്കളില്‍ നിന്നാണ് നെഗറ്റീവ്‌സ് എന്താണ് എന്ന് മനസ്സിലാക്കാന്‍ ചോദിക്കേണ്ടത് ശത്രുക്കളോടാണ്. അവരുടെ മുഴുവന്‍ സമയവും നമ്മുടെ അകത്തുളള നെഗറ്റീവ്‌സ് കണ്ടുപിടിക്കുന്നതിന് വേണ്ടി ചെലവഴിക്കുന്നവരാണ് അവര്‍. അങ്ങനെ ഐഎഎസ് കിട്ടാത്തിന്റെ കാരണങ്ങള്‍ എനിക്ക് മനസ്സിലായി. എന്റെ കൈയക്ഷരം മോശമാണ്, എഴുതുന്ന രീതി മോശമാണ്, എന്റെ സംസാരവും പ്രശ്‌നമാണ്.

പോരായ്മകള്‍ എങ്ങനെയാണ് പിന്നീട് പരിഹരിക്കുന്നത്?

ജോലിക്ക് പോകാത നാലാംശ്രമം നടത്താന്‍ തയ്യാറെടുക്കുകയാണ്. രക്ഷിതാക്കളുടെ അനുവാദം വാങ്ങണം. ഞാന്‍ അച്ഛനെ വിളിച്ച് പറഞ്ഞു, അച്ഛാ എനിക്ക് ഒരു വര്‍ഷം കൂടി സമയം വേണം ഒരു അവസാനത്തെ ശ്രമം നടത്തുന്നതിനായിട്ട്. അച്ഛന്‍ ഒന്നുംമിണ്ടാതെ ഫോണ്‍ കട്ട് ചെയ്തു. അച്ഛന്‍ ഒന്നും മിണ്ടാതെ ഫോണ്‍ കട്ടുചെയ്തുകഴിഞ്ഞാല്‍ പത്തുമിനിട്ടില്‍ അമ്മയുടെ വിളിവരുമെന്ന് എനിക്കറിയാം. അമ്മ വിളിച്ചു. മോനേ, എന്തുമണ്ടത്തരമാണ് കാണിക്കുന്നത്, 25 വയസ്സായി. കല്യാണം എപ്പോഴാണെന്ന് എല്ലാവരും ചോദിക്കുന്നു. നല്ല ആലോചനകള്‍ വരുന്നുണ്ട്. കല്യാണം കഴിച്ച് സെറ്റിലാകണമെങ്കില്‍ ഇനി ജോലിക്ക് പോകണം. എന്നായിരുന്നു അമ്മ പറഞ്ഞത്. പക്ഷേ ഞാന്‍ നിരാശപ്പെട്ടില്ല. അച്ഛനോടും അമ്മയോടും സംസാരിക്കുന്നതിന് വേണ്ടി എന്റെ കൈയില്‍ ഒരായുധമുണ്ട്, എന്റെ ചേച്ചി. ചേച്ചിയോട് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. ചേച്ചി നല്ല പിന്തുണ തരുന്ന ആളാണ്. ചേച്ചി അച്ഛനോട് സംസാരിച്ചു. ഒരുവര്‍ഷം കൊടുക്കണമെന്നാവശ്യപ്പെട്ടു, എനിക്ക് ഒരു വര്‍ഷം കൂടി കിട്ടി. ഇപ്പോഴെന്റെ കൈയിലുളളത് ഒരു വര്‍ഷവും മൂന്നുതെറ്റുകളുമാണ്.

കൈയക്ഷരം മെച്ചപ്പെടുത്തണമല്ലോ. അതിനായി ഞാന്‍ ഒരു ടീച്ചറുടെ വീട്ടിലേക്ക് പോയിട്ട് എന്നെ പഠിപ്പിക്കാനാകുമോ എന്ന് ചോദിച്ചു. മകനോ മകളോ ആരെയാണെങ്കിലും കൂട്ടിയിട്ട് വരൂ എന്നായിരുന്നു ടീച്ചറുടെ മറുപടി. ഞാന്‍ അവരോട് പറഞ്ഞു. എനിക്കുതന്നെയാണ്.. അവര്‍ ഞെട്ടിപ്പോയി. ഇതെന്താണ് 25 വയസ്സില്‍ ഒരാള്‍ വന്നിട്ട് നല്ല കൈക്ഷരം പഠിപ്പിക്കണം എന്ന് പറയുന്നത്. സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന കാര്യം ഞാന്‍ അവരോട് പറഞ്ഞു. അവര്‍ സഹായിച്ചു, ഒരുമാസം. അതിനുശേഷം ഞാന്‍ നന്നായി പ്രാക്ടീസ് ചെയ്തു. ഇന്ന് ഞാനെന്റെ ഫയലില്‍ എന്തെഴുതിയാലും ആളുകള്‍ ചോദിക്കും
സാര്‍ ഇത് ഹാന്‍ഡ് റൈറ്റിങ് ആണോ പ്രിന്റ് ഒൗട്ട് ആണോയെന്ന്. അങ്ങനെ ആദ്യ പോരായ്മ ഞാന്‍ മറികടന്നു.

രണ്ടാമത്തേത് എങ്ങനെ നല്ലഭാഷയില്‍ ഖണ്ഡിക തിരിച്ചെഴുതാം എന്നതാണ്. സിവില്‍ സര്‍വീസില്‍ നല്ല മാര്‍ക്ക് നേടിയ ബാലലത മാഡത്തിന്റെ വീട്ടിലേക്ക് പോയിട്ട് എന്നെ ഗൈഡ് ചെയ്യാമോയെന്ന് ചോദിച്ചു. അതിന് മുമ്പ് അവര്‍ രണ്ടുമൂന്നുപേരെ ഗൈഡ് ചെയ്തിരുന്നു അവര്‍ക്ക് റാങ്കും ഉണ്ടായിരുന്നു. ആദ്യദിവസം ചെന്നപ്പോള്‍ അവര്‍ എന്നോട് അടുത്ത ദിവസം ചെല്ലാന്‍ ആവശ്യപ്പെട്ടു, അടുത്ത ദിവസം ചെന്നപ്പോള്‍ അതിനടുത്ത ദിവസം വരാന്‍ പറഞ്ഞു. അങ്ങനെ ഏഴുദിവസം അടുത്തദിവസം അടുത്തദിവസം എന്നുപറഞ്ഞു നടന്നു. ഏഴാമത്തെ ദിവസം അവരെന്നോട് പറഞ്ഞു. 'നിങ്ങള്‍ കമ്മിറ്റഡ് ആണെന്ന് എനിക്ക് മനസ്സിലായി. പക്ഷേ ഒരു വ്യവസ്ഥയുണ്ട്. 365 ദിവസം എല്ലാ ദിവസവും രാവിലെ 4 മുതല്‍ ഏഴുമണിവരെ ഒരു പരീക്ഷ നടത്തും. ആ പരീക്ഷ ഏതെങ്കിലും ദിവസം എഴുതാതിരുന്നാല്‍ അത് നിങ്ങളുടെ അവസാനത്തെ പരീക്ഷയായിരിക്കും.' ഞാന്‍ ഓക്കേ പറഞ്ഞു.

എല്ലാ ദിവസവും ഞാന്‍ നാലുമണിക്ക് പരീക്ഷയ്ക്ക് തയ്യാറായി ഞാനെത്തും. 365 പരീക്ഷയും ഞാനെഴുതി. ആദ്യത്തെ പരീക്ഷയുടെ ഉത്തരക്കടലാസും 365-ാമത്തെ ഉത്തരക്കടലാസും നോക്കിയപ്പോള്‍ എനിക്ക് മനസ്സിലായി ഞാന്‍ എന്റെ രണ്ടാമത്തെ തെറ്റും തിരുത്തിയിരിക്കുന്നു. മൂന്നാമത്തേത് കമ്യൂണിക്കേഷന്‍ ആണ്. ഒരു ഐഎഎസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിപ്പിക്കാന്‍ തുടങ്ങി. അവിടെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുക്കാന്‍ തുടങ്ങിയതോടെ എനിക്ക് മനസ്സിലായി ഒരാളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെങ്കില്‍ എങ്ങനെ സംസാരിക്കണമെന്ന്. അവസാനത്തെ ശ്രമത്തില്‍ അഭിമുഖം പൂര്‍ത്തിയായ ശേഷം ഞാന്‍ അമ്മയെ വിളിച്ചു. ഞാന്‍ ഐഎഎസ് അല്ലെങ്കില്‍ ഐപിഎസ് ഉറപ്പായിട്ടും ആകും. പക്ഷേ ഇക്കാര്യം അച്ഛനോടോ ചേച്ചിയോടോ ഇപ്പോള്‍ പറയണ്ട, അമ്മ ഓര്‍മയില്‍ വെച്ചാല്‍ മതി എന്ന്. ഒടുവില്‍ ഫലം വന്നപ്പോള്‍ അഖിലേന്ത്യാതലത്തില്‍ 66-ാം റാങ്ക് നേടി സിവില്‍ സര്‍വീസ് പാസ്സായി.

ഐബിഎമ്മിലെ മികച്ച ജോലി രാജിവെച്ചുകൊണ്ടാണ് സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്നത്. തീര്‍ച്ചയായിട്ടും കുടുംബത്തിന്റെ ഭാഗത്തുനിന്നും സമ്മര്‍ദമുണ്ടായിട്ടുണ്ടാകും. ഇപ്പോള്‍ യൂത്ത് നേരിടുന്നതും സമാനമായ പ്രശ്‌നമാണ്. എപ്പോഴാണ് കല്യാണം, ജോലി കിട്ടിയില്ലേ.. യുവത്വത്തോട് സ്വന്തം അനുഭവത്തില്‍ നിന്ന് പറയാനുളളത് എന്താണ്?

ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് തെറ്റുകളെ കുറിച്ചോര്‍ത്ത്, പരാജയങ്ങളെ കുറിച്ചോര്‍ത്ത് വേവലാതിപ്പെടരുത്. പക്ഷേ എല്ലാ പരാജയത്തെയും ബഹുമാനിക്കണം. പരാജയപ്പെട്ടാല്‍ അതിന് എന്താണ് കാരണമെന്ന് തന്നിലേക്ക് തന്നെ നോക്കി കണ്ടെത്താനാകണം. പരാജയങ്ങളുടെ എണ്ണത്തെ കുറിച്ചോര്‍ത്ത് വേവലാതിപ്പെടേണ്ട കാര്യവുമില്ല. ലക്ഷ്യത്തെ കുറിച്ച് മാത്രമായിരിക്കണം ചിന്തിക്കേണ്ടത്. അവസാനം നോക്കൂ, ഞാന്‍ ഒരു ഐഎഎസ് ഓഫീസറാണ്. ഒരു തവണയാണോ മൂന്നുതവണയാണോ പത്തുതവണയാണോ ഞാന്‍ അതിനുവേണ്ടി ഞാന്‍ ശ്രമിച്ചത് എന്നതിനെ കുറിച്ച് ആളുകള്‍ ചിന്തിക്കുന്നില്ല. അവര്‍ നോക്കുന്നത് ഞാന്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് മാത്രമാണ്. അതുകൊണ്ട് പരാജയത്തില്‍ വലിയ കാര്യമില്ല. അതില്‍ നിന്ന് നിങ്ങള്‍ പഠിക്കുകയാണെങ്കില്‍..

രണ്ടാമത്തെ കാര്യം, ശത്രുക്കളും നല്ലതാണ്. അവര്‍ തങ്ങളുടെ സമയം മുഴുവന്‍ നിങ്ങളുടെ തെറ്റുകള്‍ കണ്ടെത്തുന്നതിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവരില്‍ നിന്ന് നമ്മുടെ തെറ്റുകള്‍ എന്താണ് എന്ന് കണ്ടെത്തി അത് പഠിക്കുകയാണ് വേണ്ടത്.

റൂമേറ്റിന് കൂട്ടിന് വേണ്ടി സിവില്‍ സര്‍വീസ് കോച്ചിങ്ങിന് വേണ്ടി പോയതാണ് എന്നുപറഞ്ഞല്ലോ ആ സുഹൃത്ത് ഇപ്പോള്‍ എവിടെയാണ് ഉളളത്?

അദ്ദേഹം ഐടി ജോലിയിലേക്ക് തന്നെ മടങ്ങി. ചിലപ്പോള്‍ എന്നെ സിവില്‍ സര്‍വീസിലേക്ക് ഗൈഡ് ചെയ്യുന്നതിന് വേണ്ടി ദൈവം അയച്ച ആളായിരിക്കും അത്. ഇന്നും അദ്ദേഹം എന്റെ നല്ല സുഹൃത്താണ്.

ജീവിതത്തിലെടുത്ത തീരുമാനത്തില്‍ എപ്പോഴെങ്കിലും പശ്ചാത്താപം തോന്നിയിട്ടുണ്ടോ?

എനിക്ക് സിവില്‍ സര്‍വീസ് കിട്ടിയപ്പോള്‍ എല്ലാവരും എന്റെ അമ്മയെ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്. എന്റെ അമ്മയ്ക്ക് എന്താണ് ഐഎഎസ് എന്ന് അറിയില്ല. കുറച്ച് കഴിഞ്ഞ് അമ്മ എന്നെ വിളിച്ചു ചോദിച്ചു. എന്താ മോനേ എല്ലാവരും എന്നെ വിളിച്ച് കണ്‍ഗ്രാജുലേഷന്‍ എന്ന് പറയുന്നത്. ഞാനെന്താ അവരോട് പറയേണ്ടത്. ഞാന്‍ പറഞ്ഞു ഒന്നുമില്ല അമ്മ അവരോട് നന്ദി എന്നുപറഞ്ഞാല്‍ മതി. എല്ലാവരും അഭിനന്ദനങ്ങള്‍ അറിയിക്കുന്നത് തുടര്‍ന്നപ്പോള്‍ എന്റെ മകനും നല്ല ശമ്പളമുളള ജോലി കിട്ടിയിട്ടുണ്ടാകും എന്നാണ് അമ്മ ചിന്തിച്ചത്.

ഒരുദിവസം അമ്മ എന്നോട് എനിക്കെത്രയാണ് ശമ്പളമെന്ന് ചോദിച്ചു. എത്രയുണ്ടാകുമെന്നാണ് അമ്മ കരുതുന്നതെന്നായിരുന്നു ഞാന്‍ തിരിച്ച് ചോദിച്ചത്. അമ്മ പറഞ്ഞു ഒരു അമ്പത്..അമ്മ ഞാനും പറഞ്ഞു അതേ അമ്പത്.. അതായിരുന്നു എന്റെ ബേസിക് സാലറി. പക്ഷേ അമ്മ ഉദ്ദേശിച്ചത് ലക്ഷങ്ങളും ഞാന്‍ ഉദ്ദേശിച്ചത് പതിനായിരങ്ങളുമായിരുന്നു എന്നുമാത്രം. വാര്‍ഷിക വരുമാനം അമ്പതുലക്ഷമാണെന്നാണ് അമ്മ ചിന്തിച്ചത്. അമ്മയ്ക്ക് നല്ല സന്തോഷമായി. ഒരിക്കല്‍ എനിക്ക് പൈസയ്ക്ക് ആവശ്യം വന്നപ്പോള്‍ ഞാന്‍ അച്ഛനോട് കടം ചോദിച്ചു. അമ്മയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. അമ്പതുലക്ഷം ശമ്പളമുളള ഞാനെന്തിന് അച്ഛനോട് പതിനായിരം രൂപ കടം ചോദിക്കണം. എനിക്ക് അമ്പതുലക്ഷം കിട്ടുമെന്ന് ആരാണ് പറഞ്ഞതെന്ന്് അപ്പോഴാണ് ഞാന്‍ അമ്മയോട് ചോദിക്കുന്നത്. നീയല്ലേ പറഞ്ഞത് അമ്പത് കിട്ടുമെന്ന് എന്ന് അമ്മ. അത് അമ്പതുലക്ഷമല്ല അമ്പതിനായിരമാണെന്ന് ഞാന്‍ പറഞ്ഞു. ലക്ഷങ്ങള്‍ ശമ്പളമുളള ജോലി ഉപേക്ഷിച്ചു പതിനായിരങ്ങള്‍ ഉളള ജോലിക്ക് പോയത് അമ്മയ്ക്ക് മനസ്സിലാകുന്നുണ്ടായില്ല. അവരുടെ സന്തോഷമെല്ലാം നഷ്ടപ്പെട്ടു. ഇതിന് വേണ്ടിയാണോ എല്ലാവരും എനിക്ക് കണ്‍ഗ്രാജുലേഷന്‍ തന്നത് എന്നൊക്കെ ചോദിച്ചു. എന്റെ ജീവിതത്തില്‍ ഒരു സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന് അമ്മയ്ക്കുണ്ടായിരുന്നു. അമ്മ ഭയങ്കര നിരാശയിലായി.

ജോലിയെ കുറിച്ച് ഞാന്‍ ആവേശത്തോടെ സംസാരിക്കുമ്പോള്‍ അമ്മ ശ്രദ്ധിച്ചിരുന്നേയില്ല. പക്ഷേ 2018-ലെ വെളളപ്പൊക്കത്തിന് ശേഷം അമ്മ ഇവിടെ എന്നെ കാണാന്‍ വന്നു. ഒരു ഐഎഎസ് ഓഫീസര്‍ പൊതുജനങ്ങള്‍ക്ക് ഏത് രീതിയിലാണ് സേവനം ചെയ്യുന്നത് എന്ന് അമ്മ കണ്ടു. അന്നാണ് അമ്മയ്ക്ക് എന്റെ ജോലി എന്താണ് എന്ന് മനസ്സിലായത്. ഇത് ദൈവത്തിന്റെ ജോലിയാണ് ഇതിന് ശമ്പളം നോക്കുന്നത് ശരിയല്ലെന്ന് അമ്മ പറഞ്ഞു. 'അമ്പതിനായിരമോ ഇരുപതിനായിരമോ അല്ല നമ്മള്‍ ഈ ജോലിയെ ബഹുമാനിക്കണം. നീയെടുത്തത് നല്ല തീരുമാനമാണ്.' എന്ന് അമ്മ പറഞ്ഞു.

ആദ്യ നിയമനം കേരളത്തിലായിരുന്നോ? ആന്ധ്ര സ്വദേശി കേരളത്തിലേക്കെത്തുന്നു. കേരളവുമായി വേഗത്തില്‍ പൊരുത്തപ്പെടാന്‍ സാധിച്ചോ?

തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇവിടുത്തെ സംസ്‌കാരം വളരെ വ്യത്യസ്തമാണ്. എത്രവേഗം മലയാളം പഠിക്കുന്നോ അത്രയും വേഗം എനിക്കിവിടെ കംഫര്‍ട്ടബിളായി ജോലി ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് മനസ്സിലായി. എനിക്ക് ട്രെയിനിങ് നല്‍കിയ അന്നത്തെ തൃശ്ശൂര്‍ ജില്ലാകളക്ടര്‍ കൗശികന്‍ സാര്‍ എന്നോട് പറഞ്ഞു. നിങ്ങളാദ്യം പഠിക്കേണ്ടത് ഭാഷയാണ്, പിന്നെ ഇവിടുത്തെ ഭക്ഷണം കഴിക്കണം, ഇവിടെയുളള ആളുകള്‍ വസ്ത്രം ധരിക്കുന്നത് പോലെ നിങ്ങളും വസ്ത്രം ധരിക്കണം. ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ വേഗം സ്വീകാര്യനാകും.

അങ്ങനെ ഞാന്‍ കേരള ഭക്ഷണം കഴിക്കാന്‍ തുടങ്ങി. മലയാളം നന്നായിട്ട് പഠിക്കാന്‍തുടങ്ങി. മലയാളം സിനിമകള്‍ കാണാന്‍ തുടങ്ങി. നന്നായിട്ട് സംസാരിക്കാനും മനസ്സിലാകാനും തുടങ്ങി. തൃശ്ശൂരില്‍ ട്രെയിന് കളക്ടറായിരിക്കുമ്പോള്‍ തന്നെ തൃശ്ശൂരിലെ എല്ലാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനും ചേര്‍ത്ത് സര്‍ക്യൂട്ട് ടൂറിസം എന്ന പദ്ധതി നിര്‍ദേശിച്ചു. അത് ട്രെയിനി കളക്ടര്‍ ചെയ്ത ഏറ്റവും നൂതനമായ പദ്ധതികളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അതിനുശേഷമായിരുന്നോ ആലപ്പുഴയിലേക്ക് വരുന്നത്?

അതിന് ശേഷം ഡല്‍ഹി നഗരവികസന വകുപ്പ് മന്ത്രാലയത്തില്‍ ജോലി ചെയ്തു. ആ സമയത്ത് സ്പാര്‍ക്ക് റാങ്കിങ് സിസ്റ്റം കൊണ്ടുവന്നു. ആ റാങ്കിങ് ഇപ്പോഴും തുടരുന്നുണ്ട്.കഴിഞ്ഞ മൂന്നുവര്‍ഷമായി കേരളം ആണ് റാങ്കിങ്ങില്‍ ഏറ്റവും മുന്നില്‍. അതിനുശേഷമാണ് ആലപ്പുഴ സബ്കളക്ടറായി വരുന്നത്.

ഞങ്ങള്‍ക്ക് നിയമനം വന്ന സമയത്ത് എന്റെ സുഹൃത്തുക്കളൊക്കെ പരസ്പരം അഭിനന്ദിക്കുന്നു. എനിക്ക് അഭിനന്ദനങ്ങളൊന്നുമില്ല, പകരം പാവം കൃഷ്ണ എന്നുപറയുന്നു. എനിക്ക് അന്ന് 'പാവം'എന്ന വാക്കിന്റെ അര്‍ഥം അറിയില്ല. ഞാന്‍ മലയാളി ഓഫീസറായ ആശയെ വിളിച്ചുചോദിച്ചു എന്താണ് എല്ലാവരും പാവം എന്നുപറയുന്നത്. അപ്പോള്‍ അവര്‍ പറഞ്ഞു. So pity of you എന്നാണ് പാവം എന്നതിന്റെ അര്‍ഥം എന്ന്. 'നീ ഒരു സബ്ഡിവിഷനിലാണ്. അവിടെ അഞ്ച് എംഎല്‍എമാരില്‍ മൂന്നുപേരും മന്ത്രിമാരാണ്. പ്രതിപക്ഷ നേതാവും അവിടെയാണ്. മുന്‍കേന്ദ്രമന്ത്രിമാരുണ്ട്. അതുകൊണ്ട് അവരെയെല്ലാം കൈകാര്യം ചെയ്യേണ്ടതായി വരും. ഇത് ഒരു ഐഎഎസ് ഓഫീസറെ സംബന്ധിച്ചിടത്തോളം ഹെര്‍ക്കൂലിയന്‍ ടാസ്‌ക് ആയിരിക്കും. അതാണ് പാവം കൃഷ്ണ എന്ന് എല്ലാവരും പറയുന്നത്.' പക്ഷേ കുറച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ മനസ്സിലാക്കി അവര്‍ക്ക് വേണ്ടത് ഒരു ജോലി ചെയ്യുന്ന ഐഎഎസ് ഓഫീസറെയാണ്. എല്ലാവരും ബഹുമാനം തരുന്നുമുണ്ട്.

പക്ഷേ അതിനേക്കാള്‍ വലിയ ഹെര്‍ക്കുലീയന്‍ ടാസ്‌ക് ആയിരുന്നല്ലോ കാത്തിരുന്നിരുന്നത്, പ്രളയം. ഡാമുകള്‍ തുറക്കുന്നു..കുട്ടനാടിന് അത് ഭീതിയാകും ഇത്രയും പേരെ ഒഴിപ്പിക്കണം 48 മണിക്കൂറിനുളളില്‍ രണ്ടുലക്ഷത്തോളം വരുന്ന ആളുകളെ ഒഴിപ്പിക്കണം. ആളുകളെ മാത്രമല്ല വളര്‍ത്തുമൃഗങ്ങളെ കൂടെ അന്ന് ഒഴിപ്പിച്ചിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എത്രത്തോളം വെല്ലുവിളി നേരിട്ടതായിരുന്നു ആ ദൗത്യം?

രാത്രി ഒമ്പതരയോടെയാണ് എനിക്ക് അന്ന് മന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ ഫോണ്‍ കോള്‍ വരുന്നത്. അപ്പോള്‍ തന്നെ ചെങ്ങന്നൂരില്‍ വെളളം കയറിയിരുന്നു. ജില്ലാ കളക്ടര്‍ അവിടെയായിരുന്നു. ഐസക് സാര്‍ എന്നോട് എത്രയും വേഗം കളക്ടറേറ്റിലേക്ക് എത്താനാവശ്യപ്പെട്ടു. അവിടെ വകുപ്പുമേധാവികളും ഉണ്ടായിരുന്നു. ജലനിരപ്പ് ഉയരുന്നത് ഞാനും ഐസക് സാറും കൂടി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അത് മോണിറ്റര്‍ ചെയ്തതോടെ ഞങ്ങള്‍ക്ക് ഒരുകാര്യം ഉറപ്പായി. കുട്ടനാട്ടില്‍ നിന്ന് ജനങ്ങളെ കൃത്യമായി ഒഴിപ്പിക്കേണ്ടതുണ്ട്. പക്ഷേ ചില ഉദ്യോഗസ്ഥര്‍ അത് ആവശ്യമില്ലെന്നാണ് അഭിപ്രായപ്പെട്ടത്. കാരണം കുട്ടനാട്ടില്‍ എല്ലാവര്‍ഷവും വെളളം വരുന്നതാണ്, കുട്ടനാട്ടില്‍ എല്ലാവര്‍ക്കും നീന്തല്‍ അറിയാവുന്നതാണ്. പക്ഷേ റിസ്‌കെടുക്കാന്‍ പറ്റില്ല എന്നുതന്നെയായിരുന്നു എന്റെയും തോമസ് ഐസക് സാറിന്റെയും നിലപാട്. അന്നു രാത്രി 1 മുതല്‍ 3 മണിവരെ തയ്യാറെടുപ്പ് ആയിരുന്നു. ഹൗസ്‌ബോട്ട് മുതലാളിമാരെ വിളിച്ചു. അതിരാവിലെ മുതല്‍ ഒഴിപ്പിക്കല്‍ തുടങ്ങാം എന്നായിരുന്നു പദ്ധതി.

രാവിലെ ആറുമണിക്ക് ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്കും വെളളം പൊങ്ങിത്തുടങ്ങിയിരുന്നു. തുടക്കത്തില്‍ ആളുകള്‍ വരാന്‍ തയ്യാറായില്ല. പിന്നീട് അവരെ പറഞ്ഞുബോധ്യപ്പെടുത്തിയാണ് ബോട്ടില്‍ കയറ്റിയത്. ആദ്യദിവസം അപ്പര്‍കുട്ടനാട്ടില്‍ ജലനിരപ്പ് 7-8 അടിയോളം ഉയര്‍ന്നിരുന്നു. പിറ്റേദിവസവും നമ്മള്‍ ബോട്ടയച്ചു. അന്ന് ഏകദേശം 2.2 ലക്ഷം ആളുകളെയാണ് ഒഴിപ്പിച്ചത്. എന്റെ നേതൃത്വത്തിലുളള ടാം ബോട്ടുകള്‍ ആളുകളുടെ അടുത്ത് എത്തിക്കുകയാണ് ചെയ്തിരുന്നത്. ഐസക് സാറിന്റെ നേതൃത്വത്തിലുളള ടീം ആ ബോട്ടില്‍ ആളുകളെ കയറ്റി ക്യാമ്പുകളിലേക്ക് എത്തിക്കും. ജില്ലാ കളക്ടര്‍ ചെങ്ങന്നൂരിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. നെഞ്ചുവരെ വെളളമുണ്ട്..പരസ്പരം ആശയവിനിമയത്തിനുളള ആകെയുളള മാര്‍ഗം മൊബൈല്‍ ഫോണാണ്. പോക്കറ്റിലിട്ടാല്‍ വെളളം നനയുന്നത് കൊണ്ട് ഒരു കൈയില്‍ ഫോണ്‍ ഉയര്‍ത്തിപ്പിടിച്ചാണ് എല്ലാവരും നിന്നിരുന്നത്. ആ കൈ കഴയ്ക്കുമ്പോള്‍ അടുത്ത കൈയിലേക്ക് മാറ്റും. 48 മണിക്കൂര്‍ ഞങ്ങളെല്ലാവരും വെളളത്തിലായിരുന്നു.

ആ സമയത്ത് മനസ്സില്‍ ഭയങ്കര വിഷമമാണ്. ലൈഫ് ബോട്ടുകള്‍ എന്ന ലക്ഷ്വറിയില്ല. ആളുകളെ കയറ്റിവരുന്ന ബോട്ടിന് എന്തെങ്കിലും പറ്റിപ്പോയാല്‍ അത് വലിയ ദുരന്തമാകും. ആളുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ബോട്ടിന് വഹിക്കാനാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ കയറാതിരിക്കുന്നതിനും വേണ്ടി രണ്ടു പോലീസുകാരെയും നീന്തല്‍ വിദഗ്ധരെയും ഉള്‍പ്പെടുത്തിയിരുന്നു. ഒരു അത്യാഹിതം പോലുമില്ലാതെ അത് ഞങ്ങള്‍ക്ക് നിയന്ത്രിക്കാനായി സാധിച്ചു. പിന്നീട് വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരുന്നതിന് വേണ്ടി ഞങ്ങള്‍ ബോട്ട് അയച്ചിരുന്നു. പക്ഷേ ഒരുപാട് ആളുകളെ ബോട്ടില്‍ കയറ്റുന്ന സമയഒരു പശുവിനെ മാത്രമേ ബോട്ടില്‍ കയറ്റാനാവൂ. പക്ഷേ പരമാവധി ശ്രമിച്ചു. പക്ഷേ തുറന്ന് പറയുകയാണെങ്കില്‍ കുറച്ച് വളര്‍ത്തുമൃഗങ്ങള്‍ ചത്തുപോയി, നല്ല വിഷമം ആയി. കാരണം എന്റെ വീട്ടിലും പശുക്കള്‍ ഉണ്ടായിരുന്നതാണ്. ആന്ധ്രയിലെ ഗ്രാമജീവിതം എന്നുപറഞ്ഞാല്‍ പശുക്കളെല്ലാമുളള ഒന്നാണ്

അന്ന് എന്റെ മകന് ആറുമാസമാണ് പ്രായം. എന്റെ വീട്ടിലും വെളളം കയറിയിരുന്നു. ഭാര്യ മകനെയും പിടിച്ച് ബെഡില്‍ കയറി ഇരിക്കും. കുഞ്ഞ് ഉറങ്ങുമ്പോള്‍ വെളളത്തിലൂടെ നടന്ന് അടുക്കളയിലെത്തി എന്തെങ്കിലും പാചകം ചെയ്യും. ആളുകളെയെല്ലാം ക്യാമ്പിലെത്തിച്ച് ഫ്രഷാകാന്‍ പോകുമ്പോഴാണ് എനിക്ക് വീണ്ടും കോളുകള്‍ വരുന്നത്. ക്യാമ്പില്‍ വെളളമില്ല, ടോയ്‌ലറ്റില്ല എന്നെല്ലാം പറഞ്ഞ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അതെല്ലാം പരിഹരിച്ചു.

ഐ ആം ഫോര്‍ ആലപ്പി എന്ന പദ്ധതി അപ്പോഴാണോ തുടങ്ങുന്നത്?

ക്യാമ്പില്‍ നിന്ന് ആളുകളെല്ലാം തിരികെ വീട്ടിലേക്ക് പോയി. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നാണ് കരുതിയത്. പക്ഷേ പ്രധാന പ്രശ്‌നം ആരംഭിക്കുന്നതേ ഉണ്ടായിരുന്നുളളൂ. ജനങ്ങള്‍ തിരികെ വീട്ടിലെത്തിയപ്പോഴേക്കും അവര്‍ക്ക് ഒരുപാട് സാധനങ്ങള്‍ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നു. പക്ഷേ ആര്‍ക്കും നികത്താനാകാത്ത ചില വിടവുകള്‍ ഉണ്ടായിരുന്നു അവിടെയാണ് ഐ ആം ഫോര്‍ ആലപ്പിയുടെ പിറവി. എന്റെ ടീം എന്നോട് ചോദിച്ചു. നമുക്ക് സോഷ്യല്‍ മീഡിയയെ എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? ആ സമയത്ത് കേരളത്തിലുളളവരും അല്ലാത്തവരുമായ എല്ലാ മലയാളികളും പ്രളയത്തില്‍ ആശങ്കാകുലരായിരുന്നു.

ഒരു ആശുപത്രിയുമായി ബന്ധപ്പെട്ട സഹായമാണ് ആദ്യം ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടത്. നാലുമണിക്കൂറിനുളളില്‍ അത് വൈറലായി. ആന്ധ്രയില്‍ താമസിക്കുന്ന ഒരു മലയാളി അഭിനേത്രി വിഷയത്തില്‍ ഉടന്‍ ഇടപെട്ടു. അവര്‍ ഹോസ്പിറ്റല്‍ ഏറ്റെടുത്തു. പുനരധിവാസത്തിനായി സാമൂഹിക മാധ്യമങ്ങളെ ഒരു മീഡിയമായി ഉപയോഗിക്കാം എന്ന് തീരുമാനിക്കുന്നത് അപ്പോഴാണ്. പീന്നീട് ആലപ്പുഴയുമായി ബന്ധപ്പെട്ട ഓരോരോ ആവശ്യങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. Donate a cow അങ്ങനെയുളള ഒന്നായിരുന്നു. തുടക്കത്തില്‍ സഹായം വരാതായപ്പോള്‍ നാട്ടിലെ എന്റെ ചിറ്റപ്പനോടും അച്ഛനോടും വരെ ഞാന്‍ സഹായം ചോദിച്ചു. അവര്‍ ഒരു പശുവിനുളള പണം തന്നു. അത് ഗുണഭോക്താക്കള്‍ക്ക് നല്‍കി. പിന്നീട് ദുബായ്, കുവൈത്ത് തുടങ്ങി പലയിടത്തുനിന്നും സഹായവാഗ്ദാനങ്ങളുമായി മലയാളികള്‍ വിളിക്കാന്‍ തുടങ്ങി. സ്‌കൂളുകളുടെയും അങ്കണവാടികളുടെയും പുനരുദ്ധാരണം, വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍, പശു, ആട്, താറാവ് തുടങ്ങി വളര്‍ത്തുമൃഗങ്ങളെ വിതരണം ചെയ്യല്‍ എന്നിവയെല്ലാം ഐ ആം ഫോര്‍ ആലപ്പിയിലൂടെ നടപ്പാക്കി.

കൃഷ്ണ തേജയുടെ ടാഗ് ലൈനായിട്ട് 'ഐ ആം ഫോര്‍ ആലപ്പി' എന്ന് മാറിക്കഴിഞ്ഞു.

Really I'm for Alleppey, may be..സാധാരണഗതിയില്‍ സബ്കളക്ടറായി ജോലി ചെയ്തതിന് ശേഷം ഇവിടെ കളക്ടറായിട്ട് കിട്ടാന്‍ ചാന്‍സ് കുറവാണ്. പക്ഷേ ആലപ്പുഴയിലെ ജനങ്ങളെ സേവിക്കാന്‍ എനിക്ക് വീണ്ടും അവസരം ലഭിച്ചു.

ആലപ്പുഴയിലെ ജനങ്ങളുമായിട്ടുളള അടുപ്പം എത്രത്തോളം ഉണ്ട്?

എനിക്ക് ഇവിടെയുളള ഭൂരിപക്ഷം ആളുകളെയും പേരുവെച്ചുതന്നെ അറിയാം. അവര്‍ക്ക് എന്നെയും അറിയാം. എന്റെ നാട്ടിലേക്കാളും കൂടുതല്‍ ബന്ധുക്കള്‍ ഉളളത് ഇപ്പോള്‍ ആലപ്പുഴയിലാണ്.

കേരളത്തിന് വേണ്ടി കൊണ്ടുവന്ന പ്രൊജക്ടുകള്‍ എന്തൊക്കെയാണ്?

എന്റെ ജോലിക്ക് പുറത്തുളള കാര്യങ്ങള്‍ ചെയ്യാനും ഞാന്‍ ശ്രമിക്കാറുണ്ട്. അങ്ങനെയാണ് തൃശ്ശൂരില്‍ സര്‍ക്യൂട്ട് ടൂറിസം എന്ന പേരില്‍ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതി ചെയ്യുന്നത്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സമയത്ത് സ്പാര്‍ക്ക് എന്ന പദ്ധതി നടപ്പാക്കുന്നത്. സബ് കളക്ടറായിരിക്കേയാണ് ഐ ആം ഫോര്‍ ആലപ്പി ചെയ്തത്. ടൂറിസം ഡയറക്ടാറിയിരിക്കുമ്പോഴാണ് കെടിഡിസി ഫെയ്‌സ് ലിഫ്റ്റ് പ്രൊജക്ട് ചെയ്യുന്നത്. കെടിഡിസിയുടെ കീഴിലുളള ഹോട്ടലുകളെല്ലാം നവീകരിക്കുന്നത് ഇക്കാലയളവിലാണ്.

ജീവിതത്തില്‍ വിജയവും പരാജയവും ഒരുപോലെ അഭിമുഖീകരിച്ചിട്ടുളള ആളാണല്ലോ..ഇന്നത്തെ തലമുറയക്ക് പരാജയം അംഗീകരിക്കാന്‍ മടിയാണ്..അവര്‍ വളരെയധികം സമ്മര്‍ദ്ദത്തിലാണ്.. അവരോടെല്ലാം ജീവിത വിജയം എന്നാല്‍ എന്താണെന്നാണ് പറയാനുളളത്?

ജീവിതത്തില്‍ വിജയം കിട്ടുക പരാജയം അനുഭവിച്ചാല്‍ മാത്രമാണ്. തുടക്കത്തില്‍ പരാജയപ്പെടുകയാണ് ഉണ്ടാവുകയെന്ന് അവര്‍ ഓര്‍ക്കണം. ഞാനെന്തെങ്കിലും വിജയം നേടിയിട്ടുണ്ടെങ്കില്‍ അതിനുമുമ്പ് ഞാന്‍ പരാജയം അഭിമുഖീകരിച്ചിട്ടുണ്ട്. കൊണ്ടുവന്ന ചില പദ്ധതികള്‍ തുടക്കത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഒരു ഉദാഹരണം പറയാം. കായംകുളത്തെ കെടിഡിസി സ്ഥാപനത്തിന്റെ മുന്നില്‍ ഒരു വലിയ മതിലുണ്ടായിരുന്നു. അതിനുമുന്നില്‍ കൂടി വാഹനത്തില്‍ പോകുമ്പോള്‍ അതുകൊണ്ട് അത് കാണാനാവില്ല. ഞാനത് പൊളിക്കാന്‍ തീരുമാനിച്ചു. ഒരുപാട് വിമര്‍ശനങ്ങള്‍ വന്നു. പക്ഷേ ഞാന്‍ നിര്‍ബന്ധപൂര്‍വം അതുപൊളിച്ചു. കെട്ടിടം നന്നായി പെയിന്റ് ചെയ്തു. ഇന്റീരിയര്‍ നന്നാക്കി. പതിനായിരം രൂപ വരുമാനമുണ്ടായിടത്തുനിന്ന് അത് ഒന്നരലക്ഷം രൂപയിലേക്ക് ഉയര്‍ന്നു. അടുത്ത മതില്‍ ഞാന്‍ പൊളിക്കുന്ന സമയത്ത് ആളുകള്‍ പറഞ്ഞു ആ ഇദ്ദേഹം ചെയ്തത് ശരിയായിരുന്നു എന്നുപറഞ്ഞ് പിന്തുണയ്ക്കുകയാണ് ഉണ്ടായത്. അങ്ങനെ ഞാന്‍ ഒരു നാല്‍പത് മതിലുകളാണ് കെടിഡിസിയുടെ പൊളിച്ചത്. ആ കെട്ടിടങ്ങള്‍ക്ക് റോഡില്‍ നിന്നുതന്നെ ശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തത്. തുടക്കത്തില്‍ നിങ്ങള്‍ എതിര്‍പ്പോ, പരാജയമോ എല്ലാം നേരിടേണ്ടി വരും. നിങ്ങള്‍ അത് അഭിമുഖീകരിക്കാന്‍ തയ്യാറാകണം.

ഇത്രയേറെ പദ്ധതികള്‍ നടപ്പാക്കി. ജനങ്ങളുമായി ഇത്രയേറെ അടുത്ത് നില്‍ക്കുന്നു. എപ്പോഴെങ്കിലും നന്നായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതായി തോന്നിയിട്ടുണ്ടോ?

ഇല്ല തോന്നിയിട്ടില്ല. ഞാനിപ്പോഴും സംതൃപ്തനല്ല. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ആ പ്രതീക്ഷയാണ് എനിക്ക് എല്ലായ്‌പ്പോഴും ഉളളത്. ഒരു ഐടി ജോലിക്കാരന്‍ എന്നതിനേക്കാള്‍ ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ഞാന്‍ സന്തോഷവാനാണ്. പൊതുജനങ്ങളെ സേവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുളള മികച്ച അവസരാണ് ഇത്. 30-35 വര്‍ഷം പൊതുജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ പറ്റും. സംതൃപ്തിയോടെയാണ് ഒരോ ദിവസവും ഞാന്‍ കിടന്നുറങ്ങുന്നത്.

Content Highlights: krishna teja ias allappuzha district collector interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented