ആദിവാസികളെ ഭൂരഹിതരാക്കിയത്‌ ഭൂപരിഷ്‌കരണം; ഭൂസമരത്തിന് ഇപ്പോഴും പ്രസക്തി - സി.കെ.ജാനു


സി.കെ.ജാനു/ രമ്യ ഹരികുമാര്‍

In Depth

സി.കെ.ജാനു

ഭൂപരിഷ്‌കരണം നടത്തിയ നാട്ടില്‍ ഭൂരഹിതര്‍ നടത്തിയ സമരം, ഭൂമിക്ക് വേണ്ടി ആദിവാസികള്‍ സംഘടിച്ച് മുന്നോട്ടുവന്ന വലിയ രീതിയിലുളള ആദ്യത്തെ പ്രക്ഷോഭം..വിശേഷണങ്ങള്‍ ഏറെയായിരുന്നു മുത്തങ്ങ ഭൂസമരത്തിന്. മുത്തങ്ങ ഒരു തുടക്കമായിരുന്നു. ചെങ്ങറയിലും ആറളത്തും അരിപ്പയിലും അതിന് തുടര്‍ച്ചയുണ്ടായി. ജന്മിത്തം അവസാനിപ്പിച്ച് എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യത്തോടെയാണ് ഭൂപരിഷ്‌കരണ നിയമം കേരളത്തില്‍ കൊണ്ടുവന്നത്. എന്നാല്‍ ആദിവാസികളെയും ദളിതരേയും മാറ്റിനിര്‍ത്തിക്കൊണ്ടുളള ഭൂപരിഷ്‌കരണ നിയമം ആദിവാസികളുടെ ഉന്മൂലനാശത്തിലേക്കാണ് വഴിവെച്ചതെന്ന് മുത്തങ്ങ ഭൂസമര നേതാവായ സി.കെ. ജാനു ചൂണ്ടിക്കാണിക്കുന്നു.

കേരള സമൂഹത്തിലെ ഒരു വലിയ അസമത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭൂപരിഷ്‌ക്കരണം നിയമം നടപ്പാക്കുന്നത്. പക്ഷേ, ഭൂപരിഷ്‌കരണ നിയമം നടപ്പാക്കി അര നൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞിട്ടും ആദിവാസികളുടെ ഭൂമിക്ക് വേണ്ടിയുളള പോരാട്ടം അവസാനിക്കുന്നില്ല?ഭൂപരിഷ്‌കരണ നിയമം കേരളത്തിലെ മുഴുവന്‍ ആദിവാസികളേയും ദളിതരേയും ഭൂരഹിതരാക്കുകയാണ് ചെയ്തത്. അവരെ ഭൂപരിഷ്‌ക്കരണത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടില്ല. പാരമ്പര്യമായിട്ട് ആദിവാസികള്‍ ഒരുപാട് ഭൂമി ഉണ്ടായിരുന്ന ആളുകളാണ്. ഭൂപരിഷ്‌കരണത്തിലൂടെ ആദിവാസികളുടെ ഭൂമി പിടിച്ചെടുക്കുകയാണ് ചെയ്തത്. ആദിവാസികള്‍ക്ക് സര്‍ക്കാര്‍ ഒരിക്കലും പട്ടയം കൊടുത്തിട്ടില്ലല്ലോ. അവര്‍ തങ്ങളുടെ പ്രദേശങ്ങളില്‍ കൃഷിയിറക്കുകയാണ് ചെയ്തിരുന്നത്. ഭൂപരിഷ്‌കരണം വന്നപ്പോള്‍ രേഖയില്ലാത്ത ഭൂമിയെല്ലാം പിടിച്ചെടുത്തു. ആദിവാസികളുടെ ഭൂമിക്ക് ഒന്നിനും രേഖയില്ലാത്തതിനാല്‍ അതു മൊത്തം മിച്ചഭൂമി എന്ന നിലയില്‍ പിടിച്ച് പോവുകയാണ് ചെയ്തത്. ആദിവാസിക്ക് അത് ഗുണം ചെയ്തില്ലെന്ന് മാത്രമല്ല അത് വളരെയധികം ദോഷം ചെയ്യുകയും ചെയ്തു. അവരെ ഭൂരഹിതരാക്കി മാറ്റിയത് തന്നെ ഭൂപരിഷ്‌കരണ നിയമമാണ്.

പാരമ്പര്യമായിട്ട് ഉണ്ടായിരുന്ന ഭൂമിക്ക് ആദിവാസികള്‍ക്ക് രേഖകള്‍ ഉണ്ടായിരുന്നില്ല. ആദിവാസികള്‍ കൃഷി ചെയ്തിരുന്ന ഭൂമി മറ്റുളളവര്‍ കൈയേറിയ സമയത്തും കൈയേറരുത് എന്നാവശ്യപ്പെട്ട സമയത്തും നിങ്ങള്‍ രേഖ കാണിക്കൂ എന്നാണ് ആവശ്യപ്പെട്ടത്. ആദിവാസികളുടെ കൈയില്‍ രേഖകളൊന്നും ഉണ്ടായിരുന്നില്ല. രേഖകള്‍ ഇല്ലാതായപ്പോള്‍ കൈയേറ്റം നടത്തിയത് അവരുടെ തന്നെ ഭൂമിയാണ് എന്ന മട്ടില്‍ കൈയേറ്റക്കാര്‍ക്ക് പട്ടയം കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഭൂപരിഷ്‌കരണത്തിലൂടെ മിച്ചഭൂമി എന്ന നിലയില്‍ ആദിവാസികളുടെ ഭൂമി പിടിച്ചെടുത്തു. ആദിവാസികളുടെ ഭൂമി മറ്റുളളവര്‍ കൈയേറിയപ്പോള്‍ അത് കൈയേറ്റക്കാരുടെ ഭൂമി എന്നുപറഞ്ഞ് അവര്‍ക്ക് പട്ടയം കൊടുത്തു. അങ്ങനെ പൂര്‍ണമായിട്ടും ആദിവാസികളെ ഭൂരഹിതരാക്കി മാറ്റി. ഭൂപരിഷ്‌കരണത്തിലൂടെയാണ് കോളനിവത്ക്കരണം കൊണ്ടുവരുന്നതും..നാലു സെന്റ് കോളനി. വിശാലമായ ഭൂമി ഉണ്ടായിരുന്നവരുടെ കൈയില്‍നിന്ന് ഭൂമി പിടിച്ചെടുത്തിട്ട് നാലു സെന്റ് ഭൂമി കോളനിയിലാക്കി കോളനിവത്കരണത്തിലേക്ക് ഒതുക്കുകയാണ് ചെയ്തത്.

ഭൂപരിഷ്‌കരണത്തിലൂടെ ആദിവാസികളുടെ കൃഷിയും ജീവിതവും ഇല്ലാതായി എന്നാണോ?

ഭൂമി മൊത്തം പിടിച്ചെടുത്തതോടെ പാരമ്പര്യമായിട്ടുളള കൃഷി അവര്‍ക്ക് ഇറക്കാന്‍ സാധിക്കാതെ വന്നു. പാരമ്പര്യമായിട്ടുളള കൃഷിയായിരുന്നു ആദിവാസികള്‍ ചെയ്തിരുന്നത്. ചോളം, തിന, ചാമ എന്നിങ്ങനെയുളള ധാന്യങ്ങളും മത്തങ്ങ, കുമ്പളങ്ങ, ചുരങ്ങ പച്ചക്കറികളുമാണ് ആദിവാസികള്‍ അവരുടെ ഉപജീവനമാര്‍ഗത്തിനായി കൃഷി ചെയ്തിരുന്നത്. ഭൂമി പിടിച്ചെടുത്തതോടെ ആദിവാസികള്‍ക്ക് ഭൂമി ഇല്ലാതായി, കൃഷി ഇല്ലാതായി, ആരോഗ്യം ഇല്ലാതായി വംശം തന്നെ ഇല്ലാതാകുന്നതിലേക്കാണ് അതെത്തിക്കുന്നത്. മൊത്തത്തില്‍ ആദിവാസികളെ ഉന്മൂലനം ചെയ്യുകയാണ് ഉണ്ടായത്. നിയമം ആദിവാസികള്‍ക്ക് ഉപകരിച്ചത് അങ്ങനെയാണ്. ആദിവാസികളെ നശിപ്പിക്കുകയാണ് ചെയ്തത്.

ആദിവാസികളുടെ ഭൂമി പ്രശ്‌നത്തെ പൊതുജനമധ്യത്തിലേക്കെത്തിച്ച സമരമായിരുന്നു മുത്തങ്ങ ഭൂസമരം. 637 കുടുംബങ്ങളാണ് അന്ന് സമരത്തില്‍ പങ്കെടുത്തത്. 19 വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. സമരം ചെയ്ത എത്ര കുടുംബങ്ങള്‍ക്ക് ഇന്ന് ഭൂമി ലഭിച്ചു?

ഒരു തുണ്ട് ഭൂമി പോലുമില്ലാത്തവര്‍ക്ക് പ്രഥമ പരിഗണന എന്ന നിലയില്‍ 280 കുടുംബത്തെയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തത്. അവര്‍ക്കു പോലും ശരിക്ക് ഭൂമി ലഭിച്ചിട്ടില്ല. ടൗണിലും മറ്റും മേളകള്‍ നടത്തി ഇവര്‍ക്ക് കൈവശ രേഖകള്‍ നല്‍കി. പക്ഷേ, ഇവിടെയാണ് ഭൂമി, നിങ്ങളുടെ പ്ലോട്ട് നമ്പര്‍ ഇത്രയാണ് എന്ന് ഇതുവരെ അവര്‍ക്ക് കാണിച്ചുകൊടുത്തിട്ടില്ല. ആ കുടുംബങ്ങള്‍ ഇപ്പോഴും കോളനികളില്‍ തന്നെ തുടരുകയാണ്. 280 കുടുംബത്തിന് കൃത്യമായി ഭൂമി കൊടുത്ത് ഇതാണ് അവരുടെ പ്ലോട്ട് എന്ന് കാണിച്ചുകൊടുക്കുന്ന നടപടികള്‍ ഉണ്ടാകണമല്ലോ. ഇതാണ് ഭൂമി എന്നുപറയാതെ ആദിവാസി എങ്ങനെ അറിയാനാണ്. സര്‍ക്കാര്‍ ഇതുവരെ അത് ചെയ്തുകൊടുത്തിട്ടില്ല.

2002-ല്‍ വിതരണം ചെയ്തതാണ് ഇടുക്കി ജില്ലയിലെ ചിന്നക്കനാലിലെ ഭൂമി. അവിടെയും ഇതുവരെ പ്ലോട്ട് കാണിച്ചിട്ടില്ല. അതു മുഴുവന്‍ ആദിവാസികളുടെ കൈയില്‍നിന്ന് തിരിച്ച് റിസോര്‍ട്ട് മാഫിയക്ക് കൊടുത്തു കൊണ്ടിരിക്കുന്ന പണിയാണ്. 2001-ലെ കുടില്‍കെട്ടല്‍ സമരത്തിന്റെ വ്യവസ്ഥയനുസരിച്ച് 2002-ലാണ് ഭൂമി വിതരണം ചെയ്തത്. അവിടെ ഇതുവരെ ആളുകള്‍ക്ക് പ്ലോട്ട് കാണിച്ചുകൊടുത്തിട്ടില്ല. ആ ഭൂമിയില്‍ റിസോര്‍ട്ട് മാഫിയകള്‍ കൈയേറ്റം നടത്തുമ്പോള്‍ അതിന് റെക്കോഡ് കൊടുക്കുന്ന പണിയാണ് സര്‍ക്കാര്‍ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. ഇതു ചൂണ്ടിക്കാണിച്ച് എത്രയോ തവണ സമരങ്ങള്‍ നടത്തി. എത്രയോ ആളുകള്‍ കളക്ടറേറ്റ് ധര്‍ണ, വില്ലേജ് ഓഫീസ് ധര്‍ണ ഇതെല്ലാം നടത്തി. അപ്പോഴെല്ലാം ചെയ്തു തരാം എന്നു പറയും പിന്നെ ആ വഴിക്ക് വരില്ല. കൈവശ രേഖ കിട്ടിയാല്‍ ഏതാണ് ഭൂമി എന്നറിയണ്ടേ. എവിടെയാണ് അവരുടെ പ്ലോട്ട് എന്നറിഞ്ഞാലല്ലേ അവിടെ വീടുവെക്കാനും കൃഷി ആരംഭിക്കാനും സാധിക്കൂ.

മുത്തങ്ങ ഭൂസമരത്തില്‍ ജോഗി എന്നയാള്‍ കൊല്ലപ്പെട്ടിരുന്നല്ലോ അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കോ?

ജോഗി അണ്ണന്റെ കുടുംബത്തിനും ഭൂമി കിട്ടിയിട്ടില്ല. മകള്‍ സീതയ്ക്ക് വില്ലേജ് ഓഫീസില്‍ ജോലി ലഭിച്ചു. അതാണ് ആകെ ചെയ്തത്. അവര്‍ക്ക് ഇപ്പോഴും ഭൂമി കൊടുത്തിട്ടിവല്ല. അവര്‍ പഴയ കോളനിയില്‍ തന്നെയാണ് നില്‍ക്കുന്നത്.

അനുവദിക്കപ്പെടുന്ന ഭൂമി പലപ്പോഴും ജനവാസയോഗ്യമല്ലെന്ന ആരോപണങ്ങള്‍ ഉയരാറുണ്ടല്ലോ?

ചില മേഖലകളില്‍ ഒരു കുന്ന് മുഴുവനായി കുറേ പേര്‍ക്ക് അനുവദിച്ചുകൊടുക്കും. അങ്ങനെയാണെങ്കില്‍ കൂടി ഇതിനു പിറകേ ഒരു പുനരധിവാസ പാക്കേജ് കൂടി നടപ്പാക്കണം. അതായത് ഒരു കുന്ന് പൂര്‍ണമായിട്ട് കൊടുക്കുകയാണെങ്കില്‍ അതിലേക്ക് റോഡ് വെട്ടണം. വൈദ്യുതി എത്തിക്കണം. വെളളം എത്തിക്കണം.. ഫോളോഅപ്പായിട്ട് ഒരു പുനരധിവാസ പാക്കേജ് ചെയ്താല്‍ മതിയല്ലോ. ഒരു കുന്നിന്റെ മണ്ടയില്‍ ഇവിടെയാണ് ഭൂമി എന്നുകാണിച്ചാല്‍ അവിടെ പോകാന്‍ വഴിയില്ല, വെളളമില്ല, വൈദ്യുതിയില്ല എന്നുകണ്ടാല്‍ ആളുകള്‍ പോകില്ലല്ലോ. ശരിക്കും പറഞ്ഞാല്‍ കൊടുത്തു എന്ന പേരും അത് തിരിച്ചുപിടിക്കലുമാണ് നടക്കുന്നതും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും.

കണ്ണൂര്‍ ആറളം ഫാം വന്‍ദുരിതമാണ്. അതിന്റെ പേരുമാറ്റി ആന ഫാം എന്ന് ഇടുന്നതാണ് ഉചിതം. പതിനാറോളം പേരെയാണ് ആനകള്‍ കൊന്നത്. അതിന് എന്തു നടപടിയാണ് എടുക്കുന്നത്? രാത്രിയോ പകലോ ആളുകള്‍ക്ക് വീടിന് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയായി. അങ്ങനെ ഓരോ സ്ഥലത്തും ആദിവാസികള്‍ക്ക് ഭൂമി കൊടുത്തു എന്ന വലിയ വാര്‍ത്തയുണ്ടാക്കി പത്രത്തിലും ടിവിയിലും എല്ലാം വന്ന ശേഷം അതിന്റെ പേര് പറഞ്ഞാണ് പിന്നെ അവര്‍ ആളുകളെ സമീപിക്കുന്നത്. ഭൂമി കൊടുത്ത ആളുകള്‍ക്ക് എത്രമാത്രം വാസയോഗ്യമായിട്ടുളള സൗകര്യമായിട്ടുണ്ട് എന്ന് ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടുളളതായി കേട്ടിട്ടില്ല.

കൂലിപ്പണി എടുത്ത് കഴിയുന്ന ആദിവാസികള്‍ക്ക് കുന്നിന്റെ മണ്ടയില്‍ ഭൂമി കൊടുത്താല്‍ അവിടെ സ്ഥിരതാമസമാകുമ്പോള്‍ നിത്യവും ഭക്ഷണം കഴിക്കാനുളള വിഭവങ്ങള്‍ അവര്‍ക്ക് കിട്ടണ്ടേ. അത് കിട്ടണമെങ്കില്‍ അവര്‍ കൂലിപ്പണിക്ക് പോകണം. അവിടെ വഴി സൗകര്യങ്ങളും മറ്റും ഇല്ലാത്തതുകൊണ്ട് പോക്കുവരവ് ബുദ്ധിമുട്ടായിരിക്കും. സ്വാഭാവികമായും അവര്‍ ആദ്യം എവിടെയാണോ താമസിച്ചിരുന്നത് അത് കോളനികളിലും ചേരികളിലുമാണെങ്കിലും അവര്‍ അവിടെത്തന്നെ നില്‍ക്കും. അതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഭൂമിക്ക് വേണ്ടി ആദിവാസികള്‍ ആദ്യം നടത്തിയ സമരമെന്നാണല്ലോ മുത്തങ്ങ ഭൂസമരത്തെ വിശേഷിപ്പിക്കുന്നത്? സി.കെ. ജാനുവെന്ന ആദിവാസി നേതാവിന്റെ ഉദയവും അവിടെ നിന്നായിരുന്നു?

ഞാന്‍ 1989 തൊട്ട് മുതല്‍ സമരരംഗത്തുണ്ട്. 89-ലാണ് എന്റെ ആദ്യ ഭൂസമരം നടക്കുന്നത്. ഞാന്‍ താമസിച്ചിരുന്ന പ്രദേശത്ത് അടിയാന്മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ എല്ലാവരും അത്യാവശ്യം ഭൂമി ഉളളവരാണ്. ഞങ്ങളുടെ തറവാട് വക ഒരേക്കര്‍ 25 സെന്റ് സ്ഥലം ഉണ്ട്, പട്ടയം ഉളളത്. ബാക്കിയുളളവര്‍ക്കും അതുപോലെയൊക്കെത്തന്നെയാണ്. പക്ഷേ, ഞാന്‍ നിരന്തരമായി കോളനികളില്‍ സമ്പര്‍ക്ക പരിപാടികള്‍ നടത്തിയിരുന്നു. അതിലൂടെയാണ് ആദിവാസികളുടെ ഭൂരാഹിത്യം എന്ന പ്രശ്‌നം ഞാന്‍ അറിയുന്നത്. ഓരോ കോളനിയിലുണ്ടാകുന്ന പ്രശ്‌നങ്ങളിലും ഇടപെട്ട് അതിനെ കുറിച്ച് അന്വേഷിച്ച്, ചര്‍ച്ച ചെയ്ത് വന്നെത്തി നില്‍ക്കുന്നത് ഭൂമിയിലാണ്. ഭൂരാഹിത്യത്തില്‍ നിന്നാണ് മൊത്തം പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. ആത്മഹത്യ, കളളുകുടി, വഴക്ക്, കുടുംബം തെറ്റിപിരിയുന്നത് തുടങ്ങി എല്ലാത്തിന്റെയും അടിസ്ഥാനകാരണം ഭൂരാഹിത്യമാണ്. ആ പ്രശ്‌നം പരിഹരിച്ചാലേ വഴക്കും ആത്മഹത്യയും മദ്യപാനവും നിര്‍ത്താന്‍ സാധിക്കൂ.

അങ്ങനെയാണ് ഞാന്‍ ഭൂസമരത്തിലേക്ക് ഇറങ്ങുന്നത്. ആദ്യഭൂസമരം വെളളമുണ്ട പഞ്ചായത്തില്‍ കോളിച്ചംപാളി എന്ന സ്ഥലത്താണ്് നടത്തുന്നത്. പണിയ സമുദായത്തിലുളളവരായിരുന്നു അവര്‍. മൂന്നു ചെറിയ കുടിലിനകത്ത് 26 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. മക്കളും മക്കളുടെ മക്കളും വിവാഹമെല്ലാം കഴിക്കുമ്പോള്‍ ഓരോ കുടുംബമായി മാറുകയാണല്ലോ. അങ്ങനെ മൂന്നു കുടിലിനകത്ത് 26 കുടുംബം. ഒരു ദിവസം ഞാന്‍ അവരുടെ കുടിലില്‍ താമസിച്ചു. അവര്‍ കഴിക്കുന്ന ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിഞ്ഞ് കിടക്കാന്‍ നേരമായപ്പോള്‍ സ്ഥലമില്ല. കുന്തന്‍കാലില്‍ കുത്തിയിരുന്ന് നേരം വെളുപ്പിച്ചു. അന്ന് കര്‍ക്കിടക മാസത്തില്‍ നല്ല മഴയുളള ദിവസമായിരുന്നു. തണുപ്പില്‍ കുത്തിയിരുന്നിട്ട് പിറ്റേന്ന് കാല്‍ നിവര്‍ത്താന്‍ ആകുന്നില്ല. ഞാന്‍ ഒരു ദിവസം നിന്നപ്പോഴുളള എന്റെ അനുഭവമാണ് ഇത്. കാലങ്ങളായി ഇവര്‍ അനുഭവിക്കുന്നതല്ലേ ഇത്. അങ്ങനെയാണ് അവരെ കൂട്ടി 89-ല്‍ ഒരേക്കറോളം വരുന്ന മിച്ചഭൂമിയില്‍ കയറി കുടില്‍ വെക്കുന്നത്. പത്തു കുടുംബങ്ങളാണ് ആദ്യം കയറി കുടില്‍ വെക്കുന്നത്. ഒരു കുടുംബത്തിന് പത്തു സെന്റ് വെച്ച് ഭൂമി കിട്ടി. അങ്ങനെ ഭൂമി കിട്ടിയവര്‍ അതില്‍ നിന്ന് അഞ്ചു സെന്റ് വീതം ഒട്ടും ഭൂമി ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് കൈമാറി. അങ്ങനെ അവിടെ 20 കുടുംബത്തെ താമസിപ്പിച്ചു. അതിനു ശേഷമാണ് പിന്നീട് ഭൂസമരത്തിലേക്ക് വ്യാപകമായി വന്നത്.

വയനാട് ജില്ല കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു സമരം. വയനാട് ജില്ലയില്‍ ഞാന്‍ പോകാത്ത ആദിവാസി കോളനികള്‍ ഇല്ല. എല്ലാ ആദിവാസി കോളനികളിലും പോയിട്ടുണ്ട്. അവിടെ ചര്‍ച്ച ചെയ്യുന്നത് അതേ കോളനിയിലുളള പത്തു വീട്ടുകാരുടെ പ്രശ്‌നങ്ങള്‍ തന്നെയാണ് ചെയ്യുന്നത്. പല കോളനികളിലും അവര്‍ പരസ്പരം മിണ്ടില്ല, ഒരുമിച്ച് കൂടില്ല. അതിന്റെയെല്ലാം കാരണങ്ങള്‍ അന്വേഷിച്ചാണ് അവിടെ ചെല്ലുന്നത്. ചില കാരണങ്ങള്‍ കേട്ടാല്‍ വളരെ ചെറുതാണ് എന്നുതോന്നും. ഒരിടത്ത് ഒരു വല്യമ്മ മുറുക്കി തുപ്പിയപ്പോള്‍ അപ്പുറത്തുളള വീട്ടിലെ തിണ്ണയിലേക്ക് തുപ്പല്‍ തെറിച്ചു. അങ്ങനെ ആ രണ്ടു വീട്ടുകാരും തമ്മില്‍ വഴക്കായി. മറ്റൊന്ന് പാത്രം കഴുകിയ വെളളം മറിച്ചപ്പോള്‍ അടുത്ത വീട്ടിലെ വീടിന്റെ ഭിത്തിയിലായി. ആ സമയത്ത് ഭിത്തിയില്ലല്ലോ. മുള കൊണ്ടുണ്ടാക്കുന്ന മൊഡലകള്‍ ഒക്കെയല്ലേ. ഭിത്തി അല്ലാത്തതുകൊണ്ട് മുളയില്‍ മണ്ണെറിഞ്ഞ് പിടിപ്പിച്ചിരിക്കുകയാണ്.നനവ് തെറിച്ചാല്‍ മണ്ണ് ഊര്‍ന്ന് താഴെ പോകും. വെളളം തട്ടി ഭിത്തി നനഞ്ഞു. അതിന്റെ പേരിലാണ് വഴക്ക്. ഒരിക്കല്‍ മഴയത്ത് കുട്ടികള്‍ ഓടി അടുത്ത വീട്ടിലെ കോലായില്‍ കയറിയപ്പോള്‍ കാലിലെ മണ്ണും ചെളിയും അവിടെ തെറിച്ചു. അതിന്റെ പേരിലായിരുന്നു വഴക്ക്. ഭാര്യക്കും ഭര്‍ത്താവിനും ഒന്നിച്ചിരിക്കാന്‍ സ്വകാര്യമായ സ്ഥലമില്ല. അത് പിന്നീട് അവര്‍ തമ്മിലുളള വഴക്കിലേക്കും മദ്യപാനത്തിലേക്കും ആത്മഹത്യയിലേക്കുമെല്ലാം എത്തിക്കുന്നു. ചുരുക്കത്തില്‍ അടിസ്ഥാന പ്രശ്‌നം നേരത്തേ സൂചിപ്പിച്ചില്ലേ ഭൂരാഹിത്യം. തുടക്കത്തില്‍ വില്ലേജുകള്‍, കളക്ടറേറ്റ് എന്നിവിടങ്ങളില്‍ ധര്‍ണ നടത്തി. അതുകഴിഞ്ഞ് ഒരു ഇടപെടലും നടത്താത്തപ്പോഴാണ് ഭൂസമരത്തിലേക്ക് പോയത്. തുടക്കത്തില്‍ ചെറിയ ചെറിയ സമര രീതികളായിരുന്നു. അതുചെയ്തുചെയ്താണ് അവസാനം കുടില്‍ കെട്ടല്‍ സമരത്തിലേക്ക് കടക്കുന്നത്.

അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതിനുളള ഒരു തുടക്കമായിരുന്നു മുത്തങ്ങ ഭൂസമരം

എന്റെ അഭിപ്രായത്തില്‍ നൂറു ശതമാനം വിജയിച്ച സമരമാണ് മുത്തങ്ങ ഭൂസമരം. നമ്മളെ സംരക്ഷിക്കാന്‍ ആരുമില്ല, നമ്മളെ സംരക്ഷിക്കാന്‍ നമ്മളേ ഉളളൂ എന്ന വലിയ തിരിച്ചറിവ് ആളുകളുടെ ഇടയില്‍ ഉണ്ടാകുന്നത് അതിനു ശേഷമാണ്. രാഷ്ട്രീയമായ തിരിച്ചറിവ് ആളുകളുടെ ഇടയില്‍ ഉണ്ടാക്കിയത് മുത്തങ്ങ സമരമാണ്. ഭൂമി നമ്മുടെ ജന്മാവകാശമാണ്, അത് നമുക്ക് അവകാശപ്പെട്ടതാണ്, അത് നമുക്ക് നേടിയെടുക്കാം എന്ന് മനസ്സിനെ ധരിപ്പിക്കുന്നത് മുത്തങ്ങ സമരമാണ്. അതിനു ശേഷമാണല്ലോ കുടില്‍കെട്ടല്‍ സമരങ്ങള്‍ ഉണ്ടാകുന്നത്. ഈ സമരം ജനങ്ങള്‍ക്ക് വലിയ ആത്മവിശ്വാസവും ആത്മാഭിമാനവുമാണ് കൊടുത്തത്. ആദിവാസികളുടെ ഇടയിലും ദളിതരുടെ ഇടയിലും അങ്ങനെ തന്നെയാണ്. കണ്ടിട്ടില്ലേ അതിനു ശേഷം ഓരോ പാര്‍ട്ടിക്കാരും അവരുടെ ആള്‍ക്കാരെ കുടില്‍കെട്ടല്‍ സമരത്തിലേക്ക് കൊണ്ടുപോയത്. അവരൊക്കെ മുദ്രാവാക്യം ഏറ്റെടുക്കുന്ന പണിയാണല്ലോ ചെയ്തത്. അതിനെ അവഗണിച്ച് പോകാന്‍ കഴിയാതെ ആയി. പാര്‍ട്ടിക്കാരടക്കം മുദ്രാവാക്യം ഏറ്റെടുക്കുകയും നിലപാട് എടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആ രീതിയില്‍ നോക്കുമ്പോള്‍ ഈ സമരം രാഷ്ട്രീയമായി വിജയമാണ്. ആദിവാസികള്‍ എപ്പോഴും വോട്ടുകുത്തികളും ജാഥ തൊഴിലാളികളും പോസ്റ്ററൊട്ടിക്കുന്ന ആളുകളുമല്ലേ. അതിനപ്പുറത്തേക്ക് അവരെ കണ്ടിട്ടില്ലല്ലോ.അതിനപ്പുറത്തേക്ക് ജാതിസംഘടനയുണ്ടാക്കി പാര്‍ട്ടിയുടെ കൂടെ നിര്‍ത്താനെങ്കിലും അവര്‍ നിര്‍ബന്ധിതരായല്ലോ.

കമ്യൂണിസ്റ്റ് പാര്‍ട്ടിയെല്ലാം ജാതി സംഘടനയുണ്ടാക്കി അവരുടെ കടയ്ക്കല്‍ അവര്‍ തന്നെ കോടാലി വെച്ചു. ജാതയില്ല മതമില്ല ദൈവമില്ല ആകെ രണ്ടു വര്‍ഗമേയുളളൂ അത് മുതലാള വര്‍ഗവും തൊഴിലാളി വര്‍ഗവുമാണ് എന്നുപറഞ്ഞ പ്രസ്ഥാനത്തിന്റെ ആളുകള്‍ ജാതി സംഘടനയുണ്ടാക്കി കൂട്ടത്തില്‍ നിര്‍ത്തണം എന്നുപറയുമ്പോള്‍ അവരുടെ പാര്‍ട്ടി പാപ്പരത്തമല്ലേ കാണിക്കുന്നത്. അത് ചെയ്തില്ലെങ്കില്‍ അവര്‍ക്ക് നിലനില്‍പ്പില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞല്ലോ. അപ്പോള്‍ പാര്‍ട്ടിക്കാരടക്കം അവരുടെ മുദ്രാവാക്യം ഏറ്റെടുപ്പിക്കുകയും നിലപാട് എടുപ്പിക്കുകയും ചെയ്തിട്ടുണ്ടല്ലോ. ആ രീതിയില്‍ രാഷ്ട്രീയപരമായി ആ സമരം വലിയ വിജയമാണ്.

ഇന്നത്തെ സാഹചര്യത്തില്‍ ഭൂസമരങ്ങളുടെ പ്രസക്തി എന്താണ്?

ഭൂസമരത്തിന് ഇപ്പോഴും നൂറു ശതമാനം പ്രസക്തി നിലനില്‍ക്കുന്നുണ്ട്. സമരം വന്നു മീഡിയ വഴി ഇത് വാര്‍ത്തയായി എന്നതിന് അപ്പുറത്തേക്ക് മറ്റൊന്നും പ്രായോഗികമായിട്ടില്ലല്ലോ. പ്രായോഗിക പരിഹാരം ഉണ്ടായാലേ പ്രശ്‌നത്തിന് പരിഹാരമാകൂ. വാര്‍ത്തകള്‍ പത്രത്തിലും മീഡിയയിലും ടിവിയിലുമെല്ലാം വന്നതിനാല്‍ പ്രശ്‌നമുണ്ടെന്ന് ജനങ്ങള്‍ അറിഞ്ഞു. പക്ഷേ അതിനപ്പുറത്തേക്ക് ജനത്തിന് പരിഹാരത്തിനുളള പ്രായോഗിക വഴികള്‍ ഭരണാധികാരികള്‍ സ്വീകരിച്ചിട്ടില്ല. സ്വീകരിച്ചിട്ടുളളത് എങ്ങുമെത്താതെ നില്‍ക്കുകയാണ്.

കേരളത്തില്‍ നിലനില്‍ക്കുന്ന സാമൂഹിക അസമത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഭൂപരിഷ്‌കരണ നിയമം എന്ന വിപ്ലവകരമായ തീരുമാനമെടുത്തത് കമ്യൂണിസ്റ്റ് സര്‍ക്കാരാണ്. ആ ലക്ഷ്യത്തിലേക്കുളള അവരുടെ ചുവടുവെപ്പുകള്‍ പക്ഷേ കാര്യക്ഷമമായിരുന്നില്ല എന്നാണോ?

ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂനിയമം ഭേദഗതി ചെയ്യാന്‍ നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഇന്ത്യന്‍ പ്രസിഡന്റിനെ കാണാന്‍ പോയത്. അവര്‍ തന്നെയാണ് 86ല്‍ ഭൂനിയമം ഭേദഗതി ചെയ്തത്. അഞ്ചേക്കര്‍ ഭൂമി കൊടുക്കണം എന്ന വ്യവസ്ഥ ഉണ്ടാക്കിയത് ആദിവാസികളല്ല. 1957 ഇഎംഎസിന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അന്നുണ്ടാക്കിയ പ്രോജക്ടാണ്. അതില്‍ ആദ്യത്തേത് ചീങ്ങേരി പ്രൊജക്ടായിരുന്നു. ബത്തേരി താലൂക്കിലെ അമ്പലവയലില്‍ ഉളളത്. അന്ന് കേരളസര്‍ക്കാരിന് കീഴിലെ ജില്ലയായിരുന്നില്ല വയനാട്. മദ്രാസ് സര്‍ക്കാരിന്റെ ജില്ലയായിരുന്നു. ഈ പ്രോജക്ട് ഉണ്ടാക്കി അതിന്റെ മുഴുവന്‍ കാര്യങ്ങള്‍ ചെയ്യുന്നത് അന്ന്കോഴിക്കോട് ജില്ലാകളക്ടറായിരുന്ന ആളാണ്. അതുപ്രകാരം ഒരു ആദിവാസി കുടുംബത്തിന് അഞ്ചേക്കര്‍ ഭൂമി വെച്ച് പതിച്ചുപട്ടയം നല്‍കണം എന്നാണ്. അഞ്ചുവര്‍ഷം വരെ ആദിവാസികള്‍ അവിടെ തൊഴിലെടുത്തിട്ട് ആ പദ്ധതി പ്രദേശം മുഴുവന്‍ ആദായമായിക്കഴിയുമ്പോള്‍ ഒരു ആദിവാസി കുടുംബത്തിന് അഞ്ചേക്കര്‍ വെച്ച് പട്ടയം കൊടുത്തിട്ട് സര്‍ക്കാര്‍ ആദിവാസികളെ സംരക്ഷിക്കാന്‍ നിര്‍ത്തിയ താല്ക്കാലിക സൊസൈറ്റി പിരിച്ചുവിട്ട് അവര്‍ പുറത്തുപോകണം എന്നാണ്. ആ വ്യവസ്ഥയിലാണ് ഈ അഞ്ചേക്കര്‍ കൊണ്ടുവന്നത്. അത് നടപ്പാക്കണം എന്നാണ് നമ്മള്‍ പറഞ്ഞത്. അല്ലാതെ ആദിവാസിക്ക് അഞ്ചേക്കര്‍ ഭൂമി നിയമം ഉണ്ടാക്കിയിട്ട് കൊടുക്കണം എന്ന് നമ്മള്‍ പറഞ്ഞിരുന്നില്ല. അവരുണ്ടാക്കിയ നിയമം നടപ്പിലാക്കണമെന്ന് മാത്രമേ നമ്മള്‍ ആവശ്യപ്പെട്ടിട്ടുളളൂ. ആദിവാസികള്‍ക്കെവിടെ നിന്നാണ് അഞ്ചേക്കര്‍ അത് ഉണ്ടാക്കാന്‍ പറ്റില്ലെന്ന് പിന്നീട് അവര്‍ തന്നെ പറഞ്ഞു. ആദിവാസിയെ കബളിപ്പിക്കാന്‍ വേണ്ടി അഞ്ചേക്കര്‍ എന്ന വ്യവസ്ഥയുണ്ടാക്കിയിട്ട് ആദിവാസികള്‍ അത് നടപ്പിലാക്കണം എന്നുപറഞ്ഞപ്പോള്‍ അത് പറ്റില്ലെന്ന് പറയുന്നത് അത് രാഷ്ട്രീയ ജന്മി മാടമ്പത്ത നയമാണ്.

ഭൂപരിഷ്‌കരണ നിയമം കൊണ്ട് ഗുണമുണ്ടായത് കുടിയാന്മാര്‍ക്ക് മാത്രമാണെന്നാണോ താങ്കളുടേയും അഭിപ്രായം?

ഭൂപരിഷ്‌കരണ നിയമം കുടിയാന്മാര്‍ക്ക് മാത്രമാണ് ഉപകാരപ്പെട്ടത്. കുടിയാന്മാരും പിന്നെ ജന്മികളായിട്ടുളള ആളുകലില്ലേ. ജന്മികള്‍, അവര്‍ക്ക് വേണ്ടപ്പെട്ടവരെയെല്ലാം കുടുംബമാക്കി നിര്‍ത്തി അവര്‍ക്ക് ഇഷ്ടദാനം കൊടുത്തു. എന്നിട്ടും സ്ഥലം ബാക്കിയായപ്പോള്‍ പശുവിന്റെ പേര് പാര്‍വതിയെന്നിട്ടും പട്ടിയുടെ പേര് ടോമിയെന്നുമിട്ട് നല്കി. അന്ന് ഭൂരഹിതരായിട്ടുളള ആദിവാസികളെയും ദളിതരെയും ഭൂപരിഷ്‌കരണത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടേയില്ല. അപ്പോഴും അയിത്തം കല്പിച്ച് അതിര്‍വരമ്പാക്കി അവരെ അകറ്റി നിര്‍ത്തുകയാണ് ചെയ്തത്. കുടിയേറ്റക്കാരെ കയ്യേറ്റക്കാരെ നിര്‍ത്താന്‍ വേണ്ടി മാത്രമാണ് ഈ ഭൂപരിഷ്‌കരണത്തിലൂടെ അവര്‍ ശ്രമിച്ചത്.

ഭൂപരിഷ്‌കരണ നിയമം വന്നിട്ട് അരനൂറ്റാണ്ടിലേറെ നാം പിന്നിട്ടുകഴിഞ്ഞു. ഭൂരഹിതരും ഭവനരഹിതരും കേരളത്തില്‍ ഇപ്പോഴുമുണ്ട്..ഒരു ഭൂരപരിഷ്‌കരണ നിയമത്തിന്റെ ആവശ്യകത എത്രത്തോളമാണ്?

രണ്ടാം ഭൂപരിഷ്‌കരണനിയമത്തിന്റെ നൂറുശതമാനം ആവശ്യതയും ഉണ്ട്. ഭൂരഹിതരായ മുഴുവന്‍ മനുഷ്യര്‍ക്കും കൊടുക്കാന്‍ ഭൂമി ഇല്ലാത്തതല്ലല്ലോ നമ്മുടെ പ്രശ്‌നം. ഭൂമി ഉണ്ടല്ലോ ഇവിടെ. രംഗനാഥ് മിശ്ര കമ്മിഷന്‍, രാജമാണിക്യം കമ്മിഷന്‍ പതിനായിരക്കണക്കിന് ഹെക്ടര്‍ ഭൂമികളാണല്ലോ ഓരോ സ്ഥലത്തും ഉളളത്. ടാറ്റയുടെ കൈയിലും ഹാരിസണിന്റെ കൈയിലുമായി ആയിരക്കണക്കിന് ഭൂമിയാണ് ഉളളത്. അമ്പത് ഏക്കര്‍ പട്ടയത്തിന്റെ പേരില്‍ അമ്പതിനായിരം ഏക്കര്‍ ആണ് പിടിച്ചുവെച്ചിരിക്കുന്നത്. ഇതെല്ലാം തിരിച്ചെടുത്താല്‍ ഇവിടെയുളള ഭൂരഹിതരായിട്ടുളള മുഴുവന്‍ ആളുകള്‍ക്കും ഭൂമി കൊടുക്കാം. ആദിവാസികള്‍ക്ക് മാത്രമല്ല.

മണ്ണില്‍ പിറവിയെടുത്ത മനുഷ്യന്‍ മണ്ണിലല്ലാതെ വേറെ എവിടെയാണ് അവര്‍ ജീവിക്കുക. ഭക്ഷണം വസ്ത്രം പാര്‍പ്പിടം ഇത് മൂന്നും മൗലിക അവകാശമാണ്. ഭൂമി മൗലിക അവകാശമാണ്. പ്രകൃതിയില്‍ പിറവിയെടുക്കുന്ന എല്ലാവര്‍ക്കും ഭൂമിയില്‍ അവകാശമുണ്ട്. മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും മൃഗങ്ങള്‍ക്കും പുല്‍ക്കൊടിക്കും പൂമ്പാറ്റയ്ക്കും പുഴുവിനുമെല്ലാം അവകാശമുണ്ട്. ഇതൊക്കെ ഈ പ്രകൃതിയില്‍ ഉളളതാണ്. അവര്‍ക്കെല്ലാം അത് വേണം. എല്ലായിടത്തും ഭൂമിയുണ്ട്. അതെടുക്കാനുളള നട്ടെല്ലും ആര്‍ജവവും അധികാരത്തില്‍ വരുന്ന ഇടതുപക്ഷത്തിനായാലും വലതുപക്ഷത്തിനായാലും ഇല്ല.

1947-ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് നാളിതുവരേയ്ക്കും ഒരു ജനാധിപത്യ സര്‍ക്കാര്‍ വന്നിട്ടില്ല. അതിനുപകരം ഏകാധിപത്യ- വന്‍കിട ഭൂമാഫിയകളുടെ ബിനാമികള്‍ മാത്രമേ കേരളത്തില്‍ ഭരിച്ചിട്ടുളളൂ. ഹാരിസണ്‍, ടാറ്റ ഇങ്ങനെയുളള ആളുകളുടെ ബിനാമികളാണ് കേരളത്തില്‍ ഭരണം നടത്തിയിട്ടുളളത്. ഇപ്പോഴും നടത്തുന്നത് ആ ബിനാമി തന്നെ. ഒരു ജനാധിപത്യ സര്‍ക്കാരോ കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാവരും ജനാധിപത്യത്തിന്റെ പേര് പറഞ്ഞ് ഏകാധിപത്യം നടപ്പിലാക്കും അതാണ് ചെയ്തുവരുന്നത്. യഥാര്‍ഥ ജനാധിപത്യം ഇവടെ പുലര്‍ന്നിട്ടില്ല. യഥാര്‍ഥ ജനാധിപത്യം പുലരുമ്പോള്‍ മാത്രമേ ഇത്തരം ആളുകള്‍ പരിഗണിക്കപ്പെടുകയുളളൂ. അല്ലാത്ത ഏകാധിപത്യം മാത്രം പുലരുമ്പോള്‍ ഈ ആളുകള്‍ അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകളായി നടക്കുന്നത് അതാണ്. നടക്കാന്‍ പോകുന്നതും അതുതന്നെയാണ്.

Content Highlights: land reform act, Kerala assembly land reform amendment bill


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented