ഡോ. അഭിലാഷ് എസ്.
മിന്നല്‍ പ്രളയം, ഉരുള്‍പൊട്ടല്‍.. എന്നിവ സൃഷ്ടിക്കാന്‍ കരുത്തുളള കൂമ്പാരമേഘങ്ങള്‍ കേരളത്തിന്റെ മണ്‍സൂണ്‍ സ്വഭാവസവിശേഷതകളില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗത്തും മറ്റും കണ്ടിരുന്ന ഈ മേഘങ്ങള്‍ കേരളതീരത്ത് കണ്ടുതുടങ്ങിയിട്ട് ചുരുങ്ങിയ വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുളളൂ. മണ്‍സൂണില്‍ മഴ കുറവാണെങ്കില്‍ പോലും പ്രളയത്തിലേക്ക് കേരളത്തെ നയിക്കാന്‍ കെല്പുളള കൂമ്പാരമേഘങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കുസാറ്റില്‍ 'അഡ്വാന്‍സഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് റഡാര്‍ റിസര്‍ച്ചി'ന്റെ ഡയറക്ടര്‍ ഡോ.അഭിലാഷ്.എസ്
കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം കേരളതീരത്ത് വര്‍ധിക്കുന്നതിനാല്‍ മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ അതിതീവ്രമഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് താങ്കളുടെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങൾ മുന്നറിയിപ്പ് നല്കിയിരുന്നല്ലോ. ഇക്കഴിഞ്ഞ മെയിൽ പുറത്തുവന്ന റിപ്പോര്‍ട്ടിനെ ശരിവെക്കുകയാണ് കേരളത്തില്‍ രണ്ടുമൂന്നു ദിവസങ്ങളായി തുടരുന്ന മഴ. വരുന്ന ഒരാഴ്ച കേരളത്തെ സംബന്ധിച്ചിടത്തോളം എത്രത്തോളം നിര്‍ണായകമാണ്?
മണ്‍സൂണ്‍ സജീവകാലഘട്ടത്തിലേക്ക് നീങ്ങുന്ന സമയമാണ്. ഇതിന്റെ ഭാഗമായി മണ്‍സൂണ്‍ കാറ്റിനും ശക്തി പ്രാപിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചുകഴിഞ്ഞാല്‍ അടുത്ത ഒന്നുരണ്ടു ദിവസം കൂടി, അതായത് ഓഗസ്റ്റ് 4, 5 തീയതികളില്‍, നമ്മൾ മഴ പ്രതീക്ഷിക്കുന്നുണ്ട്. അത് ഒരു പ്രത്യേക ശൈലിയില്‍ തന്നെ കിട്ടണമെന്നില്ല. ഇനിയുളള മഴ പ്രത്യേക പോക്കറ്റുകളില്‍ കേന്ദ്രീകരിക്കാനാണ് സാധ്യത. കേരളത്തില്‍ നേരത്തേ കിട്ടിയത് വ്യാപകമായ, അതിശക്തമഴയായിരുന്നല്ലോ. അതുമാറിയിട്ട് അതിശക്തമായ മഴ പ്രാദേശികമായി ചെറിയ ചെറിയ പോക്കറ്റുകളിലായിട്ടാണ് ഇനി പ്രതീക്ഷിക്കുന്നത്.
മഴ ചെറിയ പോക്കറ്റുകളില്‍ ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ അത് കഴിഞ്ഞ തവണ കൂട്ടിക്കലില്‍ ഉണ്ടായ അപകടം പോലുളളവയിലേക്ക് നയിക്കില്ലേ?
മഴ ലഭിക്കുന്നത് ചിലപ്പോള്‍ മധ്യകേരളത്തിലാകാം. ചിലപ്പോള്‍ കിഴക്കന്‍ മേഖലയില്‍ ആകാം. കൊച്ചി പോലുളള നഗരങ്ങളില്‍ ഇത്തരത്തിലുളള മഴ പെയ്തുകഴിഞ്ഞാല്‍ നമ്മള് Urban flood അഭിമുഖീകരിക്കേണ്ടി വരും. മഴ കുറച്ചുകൂടി കിഴക്കോട്ട് മാറി പെയ്തു കഴിഞ്ഞാല്‍ മിന്നല്‍ പ്രളയമോ, ഉരുള്‍പൊട്ടലോ ഉണ്ടായേക്കാം. എവിടെ വന്ന് പെയ്യുമെന്ന് നമുക്ക് ഇപ്പോള്‍ പറയാനാവില്ല. ഒരുദിവസം മുമ്പായേ കൃത്യമായി പറയാനാകൂ. എന്നാലും അടുത്ത 4,5 തീയതി വരെ ഇങ്ങനെ ഒരു സാഹചര്യവും പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ 2018 ലേതുപോലുള്ള ഒരു വലിയ പ്രളയ സാഹചര്യം ഇപ്പോൾ നിലവിലില്ല.
.jpg?$p=3f4ac23&w=610&q=0.8)
മധ്യ കേരളത്തിലായിരിക്കുമോ അതിനുളള സാധ്യത?
മധ്യകേരളവും ബാക്കിയുളള ജില്ലകളുടെ കിഴക്കന്‍ മേഖലകളും വടക്കന്‍ കേരളവും. വടക്കന്‍ കേരളത്തില്‍ ജൂണ്‍ മാസത്തിലും കൂടുതല്‍ മഴ കിട്ടിയ ഒരു അവസ്ഥയാണ്. അതുകൊണ്ടാണ് വടക്കന്‍കേരളം എന്ന് പറയാന്‍ കാരണം. ഒരു മാസം കിട്ടിയ മഴയുടെ അളവ് കൂടി പരിഗണിച്ചുകഴിഞ്ഞാല്‍ തെക്കന്‍ കേരളത്തില്‍ കിട്ടിയ അത്രയും മഴ കിട്ടിയില്ലെങ്കില്‍ പോലും വടക്കന്‍ കേരളത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. ഓരോ സ്ഥലത്തും എങ്ങനെ മഴ പെയ്യുന്നു എന്നുളളത് പ്രധാനമാണ്. ഓരോ സ്ഥലത്തിന്റെയും പ്രാദേശികമായിട്ടുളള, ഭൂമിശാസ്ത്രപരമായിട്ടുളള ഘടനകള്‍ അനുസരിച്ച് അതോടൊപ്പം ഒരു മാസം മുമ്പ് ഏത് പാറ്റേണിലുള്ള മഴയാണ് ലഭിച്ചത്. ഇതൊക്ക വെച്ചിട്ടേ അത് എത്രത്തോളം പ്രഭാവം ഉണ്ടാക്കും എന്ന് പറയാനാവൂ. ഗ്രൗണ്ട് ലെവലില്‍ അത് എത്രമാത്രം പ്രശ്നമുണ്ടാക്കുമെന്ന് ഇതെല്ലാം പരിഗണിച്ച് മാത്രമേ പറയാന്‍ സാധിക്കൂ.
കൂമ്പാര മേഘങ്ങള്‍ എന്ന് പരിചിതമായത് പ്രളയകാലം മുതലാണ്. കൂമ്പാരമേഘങ്ങള്‍ രൂപപ്പെടുന്നത് എങ്ങനെയാണ്? ഇത് കേരളത്തിന് എത്രത്തോളം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്?
കൂമ്പാരമേഘങ്ങള്‍ പേടിക്കേണ്ട വിഷയമായിട്ട് തന്നെയാണ് അവതരിപ്പിച്ചിട്ടുളളത്. നമുക്ക് കൂമ്പാരമേഘങ്ങള്‍ ഉണ്ടാകുന്ന സീസണ് മണ്‍സൂണ്‍ തുടങ്ങുന്നതിന് മുമ്പുളള പ്രീ മണ്‍സൂണ്‍ കാലത്താണ്. വേനല്‍ക്കാല മഴയോടൊപ്പം തന്നെ. കൂമ്പാരമേഘങ്ങള്‍ എന്ന് പറഞ്ഞാല്‍ മഴമേഘങ്ങള്‍ ഒരു കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് 12 മുതല്‍ 14 വരെ കിലോമീറ്റര്‍ ഉയരത്തിലേക്ക് താഴെ നിന്ന് അത്രയും ആഴത്തില്‍ ഉയരുന്നതാണ്. (ആഴം-depth) എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് താഴോട്ട് എന്നല്ല മുകളിലോട്ട് അതാണ് ക്ലൗഡ് ഡെപ്ത് എന്നുപറയുന്നത്.) അത്രയും കട്ടിയുളള മേഘങ്ങളായി വളര്‍ന്ന് ഒരു നിശ്ചിത ഉയരം പിന്നിടുമ്പോള്‍ പൂജ്യം ഡിഗ്രിയിലേക്ക് താഴേക്ക് വെളളം തണുക്കും. അങ്ങനെ തണുക്കുമ്പോള്‍ അതിനകത്ത് ഐസ് എല്ലാമുണ്ടാകും. മേഘങ്ങള്‍ക്കുള്ളില്‍ മുകളിലോട്ടും താഴോട്ടും നടക്കുന്ന വായുപ്രവാഹത്തില്‍ ഇലക്ട്രിക് ചാര്‍ജ് സെപ്പറേഷന്‍ നടക്കും. നെഗറ്റീവ് ചാര്‍ജ് താഴേക്കും പോസിറ്റീവ് ചാര്‍ജ് മുകളിലോട്ടും പോയിട്ട് ഒരു ചാര്‍ജ് സെപ്പറേഷന്‍ അതിനകത്ത് നടക്കുന്നത് കൊണ്ടാണ് ഇടിയും മിന്നലും ഉണ്ടാകുന്നത്. ഇത്തരം മേഘങ്ങള്‍ വേനല്‍കാലത്തും മണ്‍സൂണ്‍ കഴിഞ്ഞിട്ടുളള കാലത്ത് തുലാവര്‍ഷത്തിലാണ് സാധാരണ കാണുന്നത്.

മണ്‍സൂണ്‍ കാലത്ത് ഇത്തരം മേഘങ്ങള്‍ ഇന്ത്യയില്‍ മറ്റുപലയിടങ്ങളിലും കാണാറുണ്ട്. വടക്ക് കിഴക്കന്‍ ഇന്ത്യയിലും മധ്യേന്ത്യയിലും ഗുജറാത്ത് ഭാഗങ്ങളിലും എല്ലാം ഇത്തരം മഴമേഘങ്ങള്‍ കാണാറുണ്ട്. കേരളത്തില്‍ കഴിഞ്ഞ ഒരു ദശകത്തിലാണ് കണ്ട് തുടങ്ങിയത്. പൊതുവേ ഇത്തരം മേഘങ്ങള്‍ മംഗലാപുരത്തിന് വടക്കോട്ട് എല്ലാമാണ് കണ്ടിരുന്നത്. ഇപ്പോഴത് വ്യാപിച്ച് വരികയാണ്.
സാധാരണയായി കടലില്‍ ആണ് അത് കൂടുതലും പെയ്യുന്നത്. ചൊവ്വാഴ്ച ഇത്തരം മേഘങ്ങള്‍ മുഴുവന്‍ പെയ്ത് തീര്‍ന്നത് കടലില്‍ ആണ്. അതുകൊണ്ടാണ് ചൊവ്വാഴ്ച നമുക്ക് വലിയ പ്രശ്നങ്ങള്‍ ഇല്ലാതിരുന്നത്. അത് കരയിലേക്ക് വരികയായിരുന്നെങ്കില്‍ നമുക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായേനെ. പലപ്പോഴും ഈ മേഘങ്ങള്‍ കടലില്‍ നിന്ന് പെയ്യുന്നത് കൊണ്ടാണ് നമുക്ക് വലിയ പ്രശ്നങ്ങള്‍ ഉണ്ടാകാത്തത്. ഇപ്പോഴത് കരയിലേക്ക് കയറിവരുന്ന അവസ്ഥയിലാണ്. നമ്മുടെ ഓറോഗ്രാഫി കൂടി വരുന്നതുകൊണ്ട് ഒരു അപ്ലിഫ്റ്റിങ് ഉണ്ടായിട്ട് വീണ്ടും വലിയ ഉയരത്തില്‍ വളരുകയും ആ ഒരു ഓറോഗ്രാഫി ളളള സ്ഥലത്ത് വരുമ്പോള്‍ അത് നിന്ന് പെയ്യുകയും അവിടെ വലിയ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത്. മിന്നല്‍ പ്രളയം, ഉരുള്‍പൊട്ടല്‍ എന്നിവ ഉണ്ടാക്കാന്‍ സാധിക്കുന്ന ഒന്നായി കൂമ്പാരമേഘങ്ങള്‍ മാറുന്നത് അതുകൊണ്ടാണ്.
കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം കേരളത്തില്‍ വര്‍ധിക്കുന്നതിനുളള കാരണമെന്താണ്?
കൂമ്പാരമേഘങ്ങള്‍ വര്‍ധിക്കുന്നതിന് ഒരു കാരണം അറബിക്കടലിന്റെ താപനം വര്‍ധിച്ചതാണ്. അതോടൊപ്പം അന്തരീക്ഷത്തിന്റെ താപ അസ്ഥിരത കാരണം പണ്ടുകാലത്ത് അഞ്ചു കിലോമീറ്റര്‍ വരെ ഉയരത്തില്‍ പോയിരുന്ന മേഘങ്ങളെ അത് കുറച്ചുകൂടി തള്ളി 10 കിലോമീറ്റര്‍ ആക്കാന്‍ സാധിക്കും. ഇതുരണ്ടും ആഗോളതാപനവുമായി ബന്ധപ്പെട്ടുളളതാണ്. കടലിലാണ് ഇത് ഉണ്ടാകുന്നത്. പക്ഷേ, മണ്‍സൂണ്‍ കാറ്റ് നല്ല പോലെ കരയിലേക്ക് വീശുന്ന അവസരങ്ങളില്‍ ഈ മേഘങ്ങള്‍ കരയിലേക്ക് കയറി വരും. കരയില്‍ വലിയ പ്രളയമുണ്ടാക്കുകയും ചെയ്യും. എപ്പോഴും ഇത് ഉണ്ടാകണമെന്നല്ല. കരയിലേക്ക് വരുമ്പോള്‍ അതാണ് പ്രശ്നം.
.jpg?$p=da52247&w=610&q=0.8)
അപ്പോള്‍ വരും വര്‍ഷങ്ങളില്‍ കൂമ്പാരമേഘങ്ങള്‍ കേരളത്തിന് എത്രത്തോളം ഭീഷണിയാകും?
2019-ന് ശേഷം മണ്‍സൂണില്‍ കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം കൂടിക്കൂടി വരുന്നതായാണ് കണ്ടുവരുന്നത്. ജൂണ്മാസത്തില് പലയിടത്തും കൂമ്പാരമേഘങ്ങള്‍ ഉണ്ടായിട്ട് വിന്ഡ്ഗസ്റ്റ് (wind gust) എന്ന് പറയുന്ന ഒരു അവസ്ഥയുണ്ടായി. അതായത് മിന്നല്ച്ചുഴികള് ചെറിയ ടൊര്‍ണാഡോകൾ. മേഘങ്ങളില്‍ നിന്നുളള കാറ്റ് താഴോട്ട് വന്നിട്ട് മണ്‍സൂണ്‍ കാറ്റുമായി സംയോജിച്ചാണ് 'കറക്കം' സൃഷ്ടിക്കുന്നത്. അത് കൂടുതല്‍ കൃഷിനാശത്തിന് കാരണമാകും. മേഘങ്ങള്‍ ചെറിയ ഉയരത്തിലാണെങ്കില്‍ വലിയ പ്രശ്നമില്ല. മേഘങ്ങളുടെ ഘടനമാറുന്നതാണ് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. മിന്നല്‍ പ്രളയും ഉരുള്‍പൊട്ടല്‍ ഈ പറഞ്ഞതുപോലെ വിന്ഡ്ഗസ്റ്റ് ഇതെല്ലാം ഉണ്ടാക്കാനാവുന്ന ഒരു പൊട്ടന്‍ഷ്യല്‍ സിസ്റ്റമായി മാറുകയാണ്.
ചക്രവാതച്ചുഴികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍?
ചക്രവാതച്ചുഴി സര്ഫസില് ഉണ്ടാകില്ല. അന്തരീക്ഷത്തില്‍ ഒരു നിശ്ചിത ഉയരത്തിലാണ് ഇതുണ്ടാകുന്നത്. സര്ഫസില് അതിന്റെ സൂചനകള്‍ കാണില്ല. ഒരു ചെറിയ കറക്കം, അന്തരീക്ഷ ചുഴി, വെളളത്തില്‍ ഉണ്ടാകുന്നത് പോലെ അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന ഒരു ചുഴി ആണത്. ആ ഒരു കറക്കത്തിലേക്ക് നീരാവി ആകര്ഷിക്കപ്പെട്ടിട്ടാണ് മേഘങ്ങള്‍ ഉണ്ടാകുന്നത്. ചക്രവാതച്ചുഴിക്ക് വെതര്‍ ഡെവലപ്പ്മെന്റുമായുളള ബന്ധം അതാണ്. അത്തരം ചെറിയ ചെറിയ ചക്രവാതച്ചുഴികള്‍ ഇപ്പോള്‍ കൂടുതല്‍ ഉണ്ടാകുന്നു എന്നത് ഒരു ഭീഷണിയാണ്. അത് ഇത്തരം മേഘങ്ങള്‍ ഉണ്ടാകാനുളള സാഹചര്യം സൃഷ്ടിക്കും.
അനുഗ്രഹീതമായ കാലാവസ്ഥയുളള സംസ്ഥാനമായിരുന്നു കേരളം. ഇനി അതിലേക്ക് ഒരു തിരിഞ്ഞുനടത്തം സാധ്യമാണോ?
ഇതെല്ലാമായി പൊരുത്തപ്പെട്ട് ജീവിക്കുക മാത്രമേ ഇനി നമുക്ക് മുന്നിലുളളൂ. ഈ വര്‍ഷം ഈ രണ്ടുമൂന്നുദിവസം പ്രളയം ആണ് എന്ന് പറയുമ്പോഴും നമ്മള് മനസ്സിലാക്കേണ്ടത് മണ്‍സൂണില്‍ ജൂണ്‍മാസം വരെ 59 ശതമാനം വരെ മഴകുറവായിരുന്നു. ഇപ്പോഴും മഴക്കുറവില്‍ നിന്നാണ് പ്രളയത്തെ കുറിച്ച് സംസാരിക്കുന്നത് എന്ന ബോധം ഉണ്ടാകണം. പ്രളയം ഉണ്ടായിക്കഴിയുമ്പോള്‍ മഴക്കുറവിന്റെ പ്രശ്നം വരും. പിന്നെ ഇതും കഴിയുമ്പോള്‍ സൈക്ലോണ്‍സ് വരും. ന്യൂനമര്‍ദങ്ങള്‍ വരുന്നു. അറബിക്കടലില്‍ ആയാലും ബംഗാള്‍ ഉള്‍ക്കടലില്‍ ആയാലും ഉണ്ടാകുന്ന മാറ്റങ്ങള്‍ കൂടുതല്‍ ബാധിക്കാന്‍ പോകുന്ന പ്രദേശമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലമാകുമ്പോള്‍ ഉഷ്ണതരംഗം വരുന്നു. ഒരു ഹസാര്‍ഡ് സോണായിട്ട് കേരളം മാറുകയാണ്.
%20(5).jpg?$p=1515316&w=610&q=0.8)
ഒഴിവാക്കാനാവാത്തത ചോദ്യം പ്രളയത്തെ കുറിച്ച് തന്നെയാണ്. ഒരു പ്രളയ സാധ്യത നമുക്ക് മുന്നിലുണ്ടോ? എത്രത്തോളം ജാഗ്രതയോടെയിരിക്കണം?
ഈ രണ്ടുമൂന്നുദിവസം അതീവ ജാഗ്രതയോടെ കരുതിയിരിക്കണം, പ്രാദേശികമായ അതിതീവ്ര മഴ മിന്നല്‍ പ്രളയത്തിനും ഉരുള്‍പൊട്ടലുകള്‍ക്കും കാരണമായേക്കാം. വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും കൂടുതല്‍ കരുതല്‍ വേണം. കാരണം ഇത്തരം മേഘരൂപീകരണം നമുക്ക് ഒന്നോ രണ്ടോ ദിവസം മുമ്പേ പറയാന്‍ സാധിക്കൂ. നിലവില്‍ മഴ സാഹചര്യം നിലനില്‍ക്കുന്നിടത്തോളം കാലം അത് എവിടെയും ഉണ്ടാകാം. അതിതീവ്രമഴ സാഹചര്യം നിലനില്‍ക്കുന്ന ഈ രണ്ടുമൂന്നു ദിവസം അതീവ ജാഗ്രത തന്നെ വേണ്ടി വരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..