കർണാടകത്തിൽ നടക്കുന്നത് കുരുക്ഷേത്ര യുദ്ധം- യോഗേന്ദ്ര യാദവ്


യോഗേന്ദ്ര യാദവ് \കെ.എ. ജോണി

4 min read
Read later
Print
Share

അടുത്ത അഞ്ച് വർഷം കർണ്ണാടകം ആരു ഭരിക്കുമെന്നു തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പ് മാത്രമല്ല ഇത്തവണത്തേത്. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള മുന്നോടിയാണിത്. കർണാടകത്തിൽ ബി.ജെ.പി. വ്യക്തമായ വിജയം കൈവരിച്ചാൽ 2024-ൽ പ്രതിപക്ഷത്തിന്റെ ചെറുത്തുനിൽപിന്നുള്ള സാദ്ധ്യതകളാണ് ഇല്ലാതാവുക. ബി.ജെ.പി. പരാജയപ്പെട്ടാൽ അതു പ്രതീക്ഷകളുടെ വാതിൽ തുറന്നിടും. വെറുപ്പിന്റെയും വർഗീയതയുടെയും പ്രത്യയശാസ്ത്രത്തിനെതിരെയുള്ള വ്യക്തമായ സന്ദേശമായിരിക്കും അത്.

യോഗേന്ദ്ര യാദവ്‌ | Photo: PTI

കർണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പുറത്തുവന്നിട്ടുള്ള സർവ്വെ ഫലങ്ങളെല്ലാം കോൺഗ്രസിന് അനുകൂലമാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി താങ്കൾ കർണാടകത്തിലുടനീളം സഞ്ചരിക്കുന്നുണ്ട്. താങ്കളുടെ നേർക്കാഴ്ചകൾ സർവ്വെ ഫലങ്ങൾ ശരിവെയ്ക്കുന്നുണ്ടോ?

ഞാനിപ്പോൾ തിരഞ്ഞെടുപ്പു പ്രവചങ്ങൾ നടത്താറില്ല. പക്ഷേ, കർണാടകത്തിൽനിന്നുള്ള തിരഞ്ഞെടുപ്പ് സർവ്വെ ഫലങ്ങൾ ഞാൻ ശ്രദ്ധാപൂർവ്വം പരിശോധിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട നാലു തിരഞ്ഞെടുപ്പ് സർവ്വെ ഫലങ്ങളും (സിസറൊ, സീ-വോട്ടർ, ലോക്‌നീതി-സി.ഡി.എസ്., ഈഡിന) പറയുന്നത് കോൺഗ്രസിന് മേൽക്കൈ ഉണ്ടെന്നാണ്. 134 സീറ്റുകളുടെയെങ്കിലും സുവ്യക്തമായ ഭൂരിപക്ഷം കോൺഗ്രസിന് ലഭിക്കുമെന്ന് പ്രവചിക്കുന്നത് ഈഡിന സർവ്വെ മാത്രമാണ്. ഈ പ്രവചനം ശരിയായാൽ ഇക്കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിൽ കർണാടകത്തിൽ കോൺഗ്രസിന് ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാവും അത്.

കർണാടകത്തിൽ ഉടനീളം സഞ്ചരിച്ചതിൽനിന്ന് എനിക്ക് വ്യക്തമായ രണ്ടുമൂന്നു കാര്യങ്ങളുണ്ട്. കോൺഗ്രസിന് അനുകൂലമായി ഒരു കാറ്റു വീശുന്നുണ്ട്. എന്റെ യാത്രയിലൊരിടത്തും ബൊമ്മെ സർക്കാരിനുവേണ്ടി വാദിക്കുന്ന ഒരു ബി.ജെ.പി. പ്രവർത്തകനെപ്പോലും കാണാനായില്ല. നമുക്കു മോദിയെക്കുറിച്ച് സംസാരിക്കാമെന്നാണ് ബി.ജെ.പി. പ്രവർത്തകർ പറയുന്നത്. കോൺഗ്രസിന് അനുകൂലമായി ഒരു കാറ്റുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണിത്. ഇങ്ങനെ ഒരു കാറ്റടിക്കുമ്പോൾ മുഖ്യ എതിരാളികൾ നിശ്ശബ്ദരാവും. വ്യക്തിപരമായ ജനപ്രീതിയുടെ കാര്യത്തിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയാണ് ഏറ്റവും മുന്നിൽ എന്നതാണു രണ്ടാമത്തെ കാര്യം. പാവപ്പെട്ടവർക്കിടയിൽ കോൺഗ്രസിനുള്ള ജനസമ്മതിയാണു മൂന്നാമത്തേത്. സാധാരണക്കാർക്ക് ഒരു വാക്കുപോലും ബി.ജെ.പിക്കായി പറയാനില്ല. ഈ സാധാരണക്കാർ എന്നു പറയുന്നത് കർണാടകത്തിലെ മൂന്നിൽ രണ്ടു വിഭാഗം ജനങ്ങളാണെന്നതു മറക്കരുത്.

കർണാടക തിരഞ്ഞെടുപ്പിൽ ക്ലാസ് (വർഗം) ഒരു സുപ്രധാന ഘടകമാണെന്നാണോ താങ്കൾ പറഞ്ഞുവരുന്നത്?

തീർച്ചയായും. വർഗം അതീവപ്രസക്തമാണ്. ഈഡിന സർവ്വെ ഇക്കാര്യത്തിൽ നമ്മുടെ കണ്ണു തുറപ്പിക്കാൻ പര്യാപ്തമാണ്. പൗരസമൂഹത്തിൽനിന്ന് ആയിരം പേരെ തിരഞ്ഞെടുത്ത്, പരിശിലനം കൊടുത്ത് കർണാടകത്തിലെ 224 മണ്ഡലങ്ങളിൽ 204 ഇടങ്ങളിലേക്കയച്ചാണ് ഈഡിന സർവ്വെ നടത്തിയത്. 41, 619 പേരുമായി സംസാരിച്ച് തയ്യാറാക്കിയ സർവ്വെയാണിത്. കർണാടകത്തിൽ അപ്പർ ക്ലാസ് മൊത്തം ജനസംഖ്യയുടെ നാലു ശതമാനം വരും. ഈ വിഭാഗത്തിൽ ബി.ജെ.പിക്ക് 41% വോട്ട് കിട്ടുമെന്നാണ് ഈഡിന പറയുന്നത്. കോൺഗ്രസിന് 29 ശതമാനവും. അതേസമയം, നിത്യ വേതനക്കാരുടെയും കർഷകത്തൊഴിലാളികളുടെയും ഇടയിൽ കോൺഗ്രസിന് 50% പിന്തുണയുള്ളപ്പോൾ ബി.ജെ.പിക്ക് 29 ശതമാനമാണുള്ളത്. എല്ലാ ജാതികളിലും അതിപ്പോൾ ലിംഗായത്തായാലും വൊക്കലിഗയായാലും സാധാരണക്കാരിൽ ഭൂരിപക്ഷവും കോൺഗ്രസിനൊപ്പമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ക്ലാസ് ഇപ്പോഴും അത്യധികം പ്രസക്തമാണെന്നതിന്റെ സൂചനയാണിത്.

കോൺഗ്രസിന് ഭൂരിപക്ഷം കിട്ടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കു കിടമത്സരമുണ്ടാവില്ലേ? സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരുപോലെ രംഗത്തുണ്ടല്ലോ?

മത്സരമുണ്ടെന്നതു വ്യക്തമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും നേരിടുന്ന പ്രശ്‌നമാണിത്. പൊതുജനമദ്ധ്യത്തിൽ സിദ്ധരാമയ്യയ്ക്കാണ് ഏറ്റവും ജനപ്രീതിയെന്നതിൽ രണ്ടു പക്ഷമില്ല. ജാതി-മത ഭേദമന്യെ സാധാരണക്കാർക്കിടയിൽ സിദ്ധരാമയ്യയാണ് ഏറ്റവുമധികം പിന്തുണയുള്ള നേതാവ്.

സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും

അങ്ങിനെയാണെങ്കിൽ ജനഹിതത്തിനു വഴങ്ങി കോൺഗ്രസ് ഹൈക്കമാന്റ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുമോ?

ഈ വിഷയത്തിൽ അഭിപ്രായം പറയാൻ ഞാൻ ആളല്ല. പക്ഷേ, സിദ്ധരാമയ്യയുടെ ജനപ്രീതി ഡി.കെ. ശിവകുമാർ പോലും തള്ളിപ്പറയാനിടയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇവിടെ കൂടുതൽ സുപ്രധാനമായ കാര്യം മറ്റൊന്നാണ്. ഇക്കുറി കർണാടകത്തിൽ ബി.ജെ.പിയേക്കാൾ ഐക്യം കോൺഗ്രസിലുണ്ട്. ഉള്ളിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും ഈ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിടുന്നതു നല്ല ഒത്തൊരുമയോടെയാണ്.

ഇത് അതിജീവനത്തിന്റെ പ്രശ്‌നമാണെന്നും ഇക്കുറിയില്ലെങ്കിൽ ഇനിയൊരിക്കലുമില്ല എന്ന് കോൺഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നുമാണോ അർത്ഥമാക്കുന്നത്?

അതെ! രാജസ്ഥാനിലെ ചിത്രമല്ല കർണ്ണാകത്തിൽ. ഇവിടെ ശിഥിലമായിരിക്കുന്നത് ബി.ജെ.പിയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും | Photo ANI

അതുകൊണ്ടാണോ ബി.ജെ.പി. വീണ്ടും മോദിയിലേക്കു തിരിച്ചുപോവുന്നത്?

ബി.ജെ.പിക്കനുകൂലമായി ഇക്കുറി ഒന്നും തന്നെയില്ലെന്നതാണു വാസ്തവം. അവരുടെ പ്രകടനപത്രിക തിരിച്ചടിച്ചു, പ്രചാരണം ജനങ്ങൾ ഏറ്റെടുത്തിട്ടില്ല, ഉയർത്തിക്കട്ടാൻ സംസ്ഥാനത്ത് ഒരു നേതാവില്ല. ഈ പരിസരത്തിലാണ് അവസാന ആശ്രയമന്നെ നിലയിൽ അവർ മോദിയിലേക്കു തിരിച്ചുപോവുന്നത്. പക്ഷേ, ഇത്തവണ അതും ഫലിക്കുമോ എന്ന കാര്യം സംശയമാണ്.

മുസ്ലിങ്ങൾക്കുള്ള നാല് ശതമാനം സംവരണം ബി.ജെ.പി സർക്കാർ ലിംഗായത്തിനും വൊക്കലിഗയ്ക്കുമായി വീതിച്ചു നൽകിയിരുന്നു. ഈ നടപടി ബി.ജെ.പിക്കു വോട്ട് കൊണ്ടുവരുമോ?

എനിക്കു തോന്നുന്നില്ല. അടിത്തട്ടിലൂടെ സഞ്ചരിച്ചപ്പോൾ ഞാൻ മനസ്സിലാക്കിയ ഒരു കാര്യം ഇപ്പോൾ ആരും തന്നെ വർഗീയത സംസാരിക്കുന്നില്ലെന്നതാണ്. കർണാടകത്തിൽനിന്നു വർഗീയത ഇല്ലാതായെന്നല്ല ഇതിന്റെ അർത്ഥം. പക്ഷേ, ബജ്‌രംഗ് ബലിയെപ്പിടിച്ചുള്ള പ്രധാനമന്ത്രിയുടെ കളി പോലും ജനങ്ങളെ സ്പർശിച്ചിട്ടില്ല.

കഴിഞ്ഞ അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളിൽ 1999-ലും 2013-ലുമാണ് കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം കിട്ടിയത്. ജനതാദൾ രണ്ടായി പിരിഞ്ഞത് 1999-ലും ബി.ജെ.പിയിൽനിന്ന് യെദ്യൂരപ്പയും ബി. ശ്രീരാമുലുവും വിട്ടുപോയത് 2013-ലും കോൺഗ്രസിന് അനകൂലമായിരുന്നു. ഇത്തവണ ഇങ്ങനെയുള്ള വോട്ട് വിഭജനമൊന്നും തന്നെയില്ല. നിലിവലുള്ള ബി.ജെ.പി. സർക്കാരിനെതിരെയുള്ള ജനവികാരം ഒന്നു മാത്രം മുതലാക്കി കോൺഗ്രസിനു തിരിച്ചുവരാനാവുമോ?

കർണാടക രാഷ്ട്രീയത്തെക്കുറിച്ച് ഇത്രയും നീണ്ട കാലത്തെ പരിചയം എനിക്കില്ല. അതുകൊണ്ടുതന്നെ അത്തരമൊരു ചരിത്ര പശ്ചാത്തലത്തിൽ നിന്നുകൊണ്ട് മറുപടി പറയാനാവില്ല. പക്ഷേ, ഇത്തവണ കോൺഗ്രസിന് അനുകൂലമായി ഒരു കാറ്റ് വീശുന്നുണ്ടെന്നുള്ളത് എനിക്കു നേരിട്ടറിയാം. കാറ്റു വീശുക എന്നു പറഞ്ഞാൽ വ്യക്തമായ ഭൂരിപക്ഷം കിട്ടും എന്നുതന്നെയാണ് അർത്ഥം.

ഇക്കുറി ജെ.ഡി.എസിന്റെ പ്രകടനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ജെ.ഡി.എസിന്റെ യാത്ര താഴോട്ടാണ്. വൊക്കലിഗ സമുദായത്തിൽ ഇപ്പോഴും അവർക്ക് സ്വാധീനമുണ്ട്. പക്ഷേ, മൊത്തത്തിൽ ഒരു മുന്നേറ്റമുണ്ടാക്കാൻ അവർക്കായിട്ടില്ല. കോൺഗ്രസിനും ബി.ജെ.പിക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ മാത്രമേ ജെ.ഡി.എസിന് സർക്കാർ രൂപീകരണത്തിൽ നിർണ്ണായക പങ്കു വഹിക്കാനാവുകയുള്ളു. ഇത്തവണ അത്തരമൊരു സാഹചര്യം ഞാൻ കാണുന്നില്ല.

പൗരസമൂഹത്തിൽ നിന്നുള്ള ചില സംഘടനകൾ ഇക്കുറി കർണാടക തിരഞ്ഞെടുപ്പിൽ സജീവമായി ഇടപെട്ടിരുന്നു. താങ്കളും അതിലുണ്ട്. അടിസ്ഥാനപരമായി ഏതു തരത്തിലുള്ള ഇടപെടലാണ് നടത്തിയത്?

ഇതിന്റെ ഭാഗമായാണ് ഞാൻ കർണാടകത്തിലുടനീളം യാത്ര ചെയ്തത്. കർഷക സംഘടനകൾ, ദളിത് പ്രസ്ഥാനങ്ങൾ, ന്യൂനപക്ഷങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവർ- ഇവരൊക്കെ ഉൾപ്പെട്ടവർ ചേർന്ന് 'എതലു കർണാടക' (ഉണരൂ കർണ്ണാടക) എന്ന പ്രസ്ഥാനത്തിനു രൂപം നൽകി. കർണാടകത്തിലെ 80 മണ്ഡലങ്ങൾ തിരഞ്ഞെടുത്ത് ആഴത്തിലുള്ള പ്രവർത്തനമാണ് 'എതലു കർണാടക' നടത്തിയിരിക്കുന്നത്. ഒന്നര ലക്ഷം പുതിയ വോട്ടർമാരെ ഇതിന്റെ ഭാഗമായി ചേർത്തു. ബി.ജെ.പിയെ തോൽപിക്കേണ്ടതിന്റെ അവശ്യകത വോട്ടർമാരെ വീടുവീടാന്തരം കയറി ബോദ്ധ്യപ്പെടുത്തി. ഒരു മണ്ഡലത്തിൽ ഏറ്റവുമധികം വിജയസാദ്ധ്യതയുള്ള ബി.ജെ.പ. ഇതര സ്ഥാനാർത്ഥിയെ പിന്തുണച്ചുകൊണ്ടുള്ള പ്രവർത്തനമായിരുന്നു. അതുകൊണ്ടുതന്നെ ഒമ്പത് മണ്ഡലങ്ങളിൽ ജെ.ഡി.എസ്. സ്ഥാനാർത്ഥികളെയാണ് ഞങ്ങൾ പിന്തുണയ്ക്കുന്നത്.

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ താങ്കൾ പറഞ്ഞത് കർണാടക തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കാനുള്ള കുരുക്ഷേത്ര യുദ്ധമാണെന്നാണ്. വിശദീകരിക്കാമോ?

അടുത്ത അഞ്ചു വർഷം കർണാടകം ആരു ഭരിക്കുമെന്നു തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പ് മാത്രമല്ല ഇത്തവണത്തേത്. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള മുന്നോടിയാണിത്. കർണാടകത്തിൽ ബി.ജെ.പി. വ്യക്തമായ വിജയം കൈവരിച്ചാൽ 2024-ൽ പ്രതിപക്ഷത്തിന്റെ ചെറുത്തുനിൽപിന്നുള്ള സാദ്ധ്യതകളാണ് ഇല്ലാതാവുക. ബി.ജെ.പി. പരാജയപ്പെട്ടാൽ അതു പ്രതീക്ഷകളുടെ വാതിൽ തുറന്നിടും. വെറുപ്പിന്റെയും വർഗീയതയുടെയും പ്രത്യയശാസ്ത്രത്തിനെതിരെയുള്ള വ്യക്തമായ സന്ദേശമായിരിക്കും അത്. ഇന്ത്യ എന്ന ആശയം സംരക്ഷിക്കപ്പെടുന്നതിൽ അതിനുള്ള സ്ഥാനം സുപ്രധാനമാണ്. അതുകൊണ്ടാണ് കർണാടകം കുരുക്ഷേത്ര യുദ്ധമാണെന്നു ഞാൻ പറയുന്നത്. കർണാടകത്തിലെ വിജയം കൊണ്ടു യുദ്ധം അവസാനിക്കുന്നില്ല. 2024-ലേതാണു ശരിക്കുള്ള വലിയ യുദ്ധം. അതിലേക്കുള്ള ആദ്യ ചുവടുവെയ്പാണ് കർണാടകത്തിൽ നടക്കുക.

Content Highlights: Yogendra Yadav, Karnataka Assembly Election 2023, Siddaramaiah, DK Shivakumar

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
tomin j thachankary
Premium

9 min

കേരളത്തിലെ വലിയൊരു വാണിജ്യ മേഖലയെയാണ് അന്ന്‌ ഋഷിരാജ് സിംഗ് തകര്‍ത്തത്: ടോമിൻ തച്ചങ്കരി | അഭിമുഖം

Aug 5, 2023


B. SANDHYA
Premium

13 min

എന്തുകൊണ്ട് പോലീസ് മേധാവി ആയില്ല? സമൂഹമാണ് മറുപടി പറയേണ്ടത്...! | ബി.സന്ധ്യയുമായി അഭിമുഖം

Jul 10, 2023


Poorna Malavath
Premium

5 min

'എന്റെ സ്വപ്‌നം ഭയത്തേക്കാള്‍ വലുതായിരുന്നു, ഒരു ഘട്ടത്തിലും മടങ്ങാന്‍ ഒരുക്കമായിരുന്നില്ല'

Feb 5, 2023

Most Commented