കെ.കെ രമ| ഫോട്ടോ, മാതൃഭൂമി ആർക്കൈവ്സ്
140 എംല്‍എമാരും നിരവധി വനിതാ നേതാക്കളും ഉള്ള കേരളത്തില്‍ എന്തുകൊണ്ട് കെ.കെ രമമാത്രം നിരന്തരം അവഹേളിക്കപ്പെടുകയും വ്യക്തിഹത്യയ്ക്ക് ഇരയാവുകയും ചെയ്യുന്നു? സിപിഎം കാണിക്കുന്നത് വ്യക്തിപരമായ ഒറ്റപ്പെടുത്തലോ അവഹേളനമോ അല്ലെന്ന് പറയുകയാണ് കെ.കെ രമ. ചന്ദ്രശേഖരന്റെ രാഷ്ട്രീയം നിയമസഭയില്‍ ഉള്‍പ്പടെ പലയിടത്തും ഉയര്ന്നുകേള്ക്കുന്നതിലുള്ള അലോസരമാണ് സിപിഎം നേതാക്കളെക്കൊണ്ട് ഇത്തരത്തില്‍ പറയിക്കുന്നത് എന്ന് പറയുന്നു രമ. നേരിടുന്ന വ്യക്തഹത്യകളെക്കുറിച്ചു ഇടതുപക്ഷ ഉയര്‍ത്തുന്ന വനിതാ സൗഹൃദ രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങളെക്കുറിച്ചും കെ,കെ രമ മാതൃഭൂമി ഡോട്ട്കോമുമായി സംസാരിക്കുന്നു.
സ്പീക്കറുടെ റൂളിങ് ശരിയായിരുന്നു പക്ഷെ മാപ്പ് കൊണ്ട് തീരുന്നതല്ല ഈ വിഷയം
സ്പീക്കറുടെ റൂളിംങ്ങിലുള്ള ഓരോ വാക്കും ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കും സ്ത്രീവിരുദ്ധ ബോധം വെച്ചുപുലര്ത്തുന്നവര്ക്കുമുള്ള മറുപടിയായിരുന്നു. സ്ത്രീവിരുദ്ധത പലരിലും ഉള്ളതുകൊണ്ടാണ് ഇവരുടെയൊക്കെ ഉള്ളിന്റെ ഉള്ളില്‍ നിന്നും ഇത്തരം വാക്കുകള്‍ വരുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ നേതൃത്വം ഇത്രമാത്രം വളര്‍ന്നിട്ടും ഇത്തരം ബോധ്യങ്ങള്‍ മാറ്റാനോ അല്ലെങ്കില്‍ ഇങ്ങനെ ഉണ്ടാവുന്ന പ്രതികരണങ്ങള്‍ക്കെതിരെ സംസാരിക്കാനോ നിലപാട് എടുക്കാനോ കഴിയാത്തതും സ്ത്രീവിരുദ്ധ ബോധം ഇപ്പോഴും ഉള്ളില്‍ സൂക്ഷിക്കുന്നതുകൊണ്ടാണ്. അതുപോലെത്തന്നെ ആണധികാരത്തിന്റെ ഒരു ധാര്‍ഷ്ട്യം ഇവരുടെയൊക്കെ ഉള്ളിലുണ്ട് എന്നുളളത് കൂടിയാണ് ഇത് തെളിയിക്കുന്നത്. അത് പക്ഷെ അവരുടെ മാത്രം കുഴപ്പമായിരിക്കില്ല, അവരുടെ ചുറ്റുപാട്, അവരുടെ ബോധം ഇവയൊക്കെ അതിനെ സ്വാധീനിക്കുന്നുണ്ട്.
വ്യക്തിശുദ്ധിയാണ് ഏത് നേതാവിനും ആവശ്യം. ഒരു വാക്ക് നമ്മള് സംസാരിക്കുമ്പോള്‍ അത് മറ്റുള്ളവരെ എങ്ങനെ മുറിവേല്‍പ്പിക്കും മറ്റുള്ളവര്‍ക്ക് എത്രമാത്രം അത് പ്രയാസം ഉണ്ടാക്കും എന്നുള്ള തിരിച്ചറിവ് കൂടി ഉണ്ടാവണം. രാഷ്ട്രീയത്തില്‍ ആ തിരിച്ചറിവ് പ്രധാനപ്പെട്ടതാണ്. അതിവിടെ ഉണ്ടാവുന്നില്ല വായില്‍ വരുന്നത് മുഴുവന്‍ സംസാരിക്കും അതുകൊണ്ട് ആര്‍ക്കാണ് മോശം എന്നുപോലും ആലോചിക്കുന്നില്ല. അതിനാലാണ് പല നേതാക്കന്മാരുടെ ഭാഗത്തുനിന്നും നമ്മള് കാലാകാലങ്ങളായി സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത്. അതിപ്പോഴും തുടരുകയാണ് ആ ബോധത്തിനാണ് മാറ്റം വരേണ്ടത്. ഒരു മാപ്പുകൊണ്ട് തീരുന്ന വിഷയമാണ് ഇതെന്ന് ഞാന്‍ കരുതുന്നില്ല. എംഎം മണി ആ വാക്ക് പിന്‍വലിച്ചത് സന്തോഷത്തോടെ സ്വീകരിക്കുന്നു. അതൊരുമാതൃകയാവും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
വിധവ എന്ന വാക്ക് ഉപേക്ഷിക്കാന്‍ തയ്യാറാവണം
എംഎം മണിയുടെ പരാമര്‍ശത്തില്‍ തന്നെ വിധി, വിധവ അങ്ങനെ ഒരുപാട് വാക്കുകള്‍ വന്നു. ഇതില്‍ വിധവ എന്ന വാക്ക് എല്ലാവരും ഉപേക്ഷിക്കേണ്ട ഒരുവാക്കാണ്. ഒരു സ്ത്രീയും വിധവയായി മുദ്രകുത്തപ്പെടരുത്, ആണുങ്ങള് ഒരിക്കലും മറ്റൊരു പ്രയോഗത്തില്‍ അറിയപ്പെടുന്നേ ഇല്ല. ഒരു സ്ത്രീക്ക് ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ആഘാതം ആണത്. അത് അവര്‍ വരുത്തിവെക്കുന്നതല്ല, ജീവിതത്തില്‍ ആകസ്മികമായി വന്ന് പോകുന്ന ഒരുകാര്യമാണ് അത്. ഒരിക്കലും അറിഞ്ഞുകൊണ്ടല്ല വൈധവ്യം കിട്ടുന്നത്. അങ്ങനെ ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു പ്രയാസത്തിനെ മറ്റൊരുപേരുകൊണ്ട് മുദ്രകുത്തപ്പെടുന്ന രാഷ്ട്രീയത്തെ കൂടി നമ്മള് എതിര്‍ക്കണം. സ്ത്രീകളെ അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു പൊതുബോധമാണ് നമുക്ക് വേണ്ടത്. എന്നാലെ സ്ത്രീപക്ഷ രാഷ്ട്രീയത്തിന് പ്രസക്തി ഉണ്ടാവുന്നുള്ളൂ, അത് ഏത് രാഷ്ട്രീയ പാര്‍ട്ടിയാലും ഏത് നേതാക്കളായാലും ഏത് പൊതുപ്രവര്ത്തകന് ആയാലും.
ചാവുപായയില്‍ നിന്ന് രാഷ്ട്രീയം പറഞ്ഞവള്‍ നിയമസഭയിലെത്തിയത് അവര്‍ക്ക് സഹിക്കുന്നില്ല
2012ന് ശേഷം വ്യക്തിപരമായി ഒരുപാട് അധിക്ഷേപങ്ങള്‍ കേണ്ടുകൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. ചാവുപായില്‍ നിന്ന് രാഷ്ട്രീയം പറഞ്ഞവള്‍ എന്നാണ് ആദ്യം ഞാന്‍ കേട്ട വാക്ക്. സാമൂഹിക മാധ്യങ്ങളെല്ലാം ആസ്ഥാന വിധവ, ഭര്‍ത്താവിന്റെ ശവം വിറ്റുജീവിക്കുന്നവള്‍ അങ്ങനെ പലതും എന്നെ വിളിച്ചു. ഇതിന്റെ തുടര്‍ച്ച തന്നെയാണ് ഞാന്‍ ഇപ്പോള്‍ കേട്ടുകേട്ടുകൊണ്ടിരിക്കുന്നത്. ഈ പ്രയോഗങ്ങള്‍ ഒന്നും ഞങ്ങള്‍ക്ക് പുത്തരിയല്ല, 2008ല്‍ ആര്‍എംപി രൂപീകരിച്ചത് മുതല്‍ കേള്‍ക്കുന്നതാണ് ഇത്തരം വാക്കുകള്‍. അതില്‍ ഒറ്റുകാരുണ്ട്, വര്‍ഗവഞ്ചകര്‍ ഉണ്ട്, വിഘടനവാദികള്‍ ഉണ്ട്, കുലം കുത്തികള്‍ ഉണ്ട് അങ്ങനെ പലതും ഉണ്ട്. വാക്കുളുടെ എണ്ണം കൂടിക്കൂടി വരികയാണ്. ഞങ്ങള്‍ ഇതൊന്നും വകവെക്കാതെ രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ട് പോവുന്നവരാണ്. അന്ന് അവര്‍ പറഞ്ഞത് ആറ് മാസം കൊണ്ട് ഈ പാര്‍ട്ടിയെ അവസാനിപ്പിക്കും എന്നാണ്, വടകരയ്ക്ക് അപ്പുറത്തേക്ക് പോവില്ലെന്ന് അവര്‍ എഴുതിത്തള്ളിയ പാര്‍ട്ടിയാണ് ഒരു നിയമസഭാ അംഗം ഉണ്ടാവുന്ന നിലയിലേക്ക് വളര്‍ന്നത്. അതവര്‍ക്ക് സഹിക്കാനാവുന്നില്ല. ഇതിലൊന്നും ഞാന്‍ തളരുകയോ കുലുങ്ങുകയോ ഇല്ല, പറയുന്നവര്‍ക്ക് മാത്രമാണ് അതിന്റെ ദോഷം. കേള്‍ക്കുന്ന എന്നെ സംബന്ധിച്ചിടത്ത് ഇതൊന്നും ഒരു പ്രശ്നമേയല്ല.
സിപിഎമ്മിന്റെ വനിതാസംഘടനകളിലെ നേതാക്കള്‍ എങ്കിലും വീണ്ടുവിചാരം നടത്തണം
.jpg?$p=4505efa&w=610&q=0.8)
സ്ത്രീ വിരുദ്ധമായ ഒരു നിലപാടിനെ തള്ളിപ്പറയാന്‍ അല്‍പ്പം പോലും മനസങ്കോചം അവര്‍ക്കുണ്ടായില്ല, അല്‍പ്പം പോലും ആലോചിക്കേണ്ടി വന്നിട്ടില്ല അതാണ് അവരിലുള്ള കമ്മ്യൂണിസ്റ്റ് മൂല്യവും സ്ത്രീപക്ഷ രാഷ്ട്രീയവും ഇവിടെയുളളവര്‍ വെച്ചുപുലര്‍ത്തുന്നതും തമ്മിലുള്ള വ്യത്യാസം . അവര്‍ ഉയര്‍ത്തിയ രാഷ്ട്രീയ മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ സിപിഎമ്മിന്റെ വനിതാ സംഘടനകളിലുള്ള മറ്റ് അംഗങ്ങള്‍ക്ക് കഴിയുന്നില്ല എന്നത് കൂടിയാണ് ഈ പാര്‍ട്ടിയുടെ അപചയം. സിപിഎമ്മിന്റേ വനിതാ സംഘടനകളുടെ നേതാക്കളോട് എനിക്ക് വളരെ വിനയത്തോട് കൂടി അഭ്യര്ത്ഥിക്കാനുള്ളതും ഇത് തന്നെയാണ്, നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ രാഷ്ട്രീയം അത് സമൂഹത്തിനുള്ളില്‍ ഒരുമാറ്റം ആവണമെങ്കില്‍ സ്ത്രീകളെ മാറ്റുന്നതിന് ആവണം എങ്കില്‍ ഇതുപോലെ ആണുങ്ങള് പറയുന്ന സ്ത്രീ വിരുദ്ധതയെ അതാത് സമയം തള്ളിപ്പറയാന്‍ നിങ്ങള്‍ തയ്യാറാവണം.അല്ലെങ്കില്‍ കാലം നിങ്ങളെ വളരെ മോശമായാണ് രേഖപ്പെടുത്തി വെക്കുക. സ്ത്രീകള്‍ക്ക് വിരുദ്ധമായി ആര് എന്ത് പറഞ്ഞാലും ആര് പറയുന്നു എന്നത് നോക്കാതെ അതിനെതിരെ നിലപാട് എടുക്കാന്‍ മുഴുവന്‍ വനിതാ സംഘടനാ നേതാക്കളും സ്ത്രീകളും തയ്യാറാവണം, ഒരാളയും സംരക്ഷിക്കാന്‍ തയ്യാറാവരുത്, എങ്കില്‍ മാത്രമേ നമുക്ക് സമൂഹത്തില്‍ മാറ്റം ഉണ്ടാക്കാന്‍ കഴിയൂ.
സിപിഎം ഉയര്‍ത്തുന്ന സ്ത്രീപക്ഷ രാഷ്ട്രീയം പൊള്ളത്തരം
സിപിഎം ഉയര്‍ത്തുന്ന സ്ത്രീപക്ഷ രാഷ്ട്രീയം അല്ലെങ്കില്‍ സ്ത്രീ സൗഹാര്‍ദ്ദ രാഷ്ട്രീയം നൂറ് ശതമാനം പൊളളയാണ് എന്നുതന്നെ പറയേണ്ടി വരും. കാരണം അതിന് നിരവധി നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. വനിതാ മതില് കെട്ടിയതുകൊണ്ട് കാര്യമില്ല, ഉള്ളിലുള്ള ബോധത്തിനാണ് മാറ്റം വരേണ്ടത്. അത് മാറ്റാതെ മതിലുകെട്ടിയിട്ട് എന്തുകാര്യം. അവരുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്കുള്ള ഒരുചട്ടുകമായി സ്ത്രീപക്ഷ രാഷ്ട്രീയം എന്ന നിലപാടിനെ ഉപയോഗിക്കുകയാണ്. എല്ലാവരും എങ്ങനെയാണ് എന്നുഞാന്‍ പറയുന്നില്ല, അതിന് മാറ്റം വരുന്നു എന്നതിന്റെ സൂചനയാണ് സ്പീക്കറുടെ റൂളിങ്, തീര്‍ച്ചയായും അങ്ങനെ ചിന്തിക്കുന്നവര്‍ ആ പാര്‍ട്ടിയിലും ഉണ്ട് എന്നത് വലിയ മാറ്റത്തിന്റെ സൂചനയാണ് നമുക്ക് പ്രതീക്ഷ തരുന്നതാണ്. അത്രയും കെട്ടകാലത്തല്ല നമ്മള് ജീവിക്കുന്നത് എന്ന തോന്നല്‍ ആ റൂളിംങ് ഉണ്ടാക്കുന്നുണ്ട്. കാരണം അതില്‍ കൃത്യമായി ആണധികാരത്തെ ചോദ്യം ചെയ്യുന്നുണ്ട്. അത് ആ തരത്തില്‍ സ്ത്രീകള്‍ക്ക് അഭിമാനിക്കാന്‍ വകയുളളതുമാണ്. സ്ത്രീപക്ഷ രാഷ്ട്രീയത്തിന് ശക്തിയും കരുത്തും പകരുന്നതാണ്.
ഞങ്ങള്‍ ശരിയുടെ പക്ഷത്താണ് നിലയുറച്ചത് അതില്‍ അഭിമാനവും അധികാരവും ഉണ്ട്
നിയമസഭയില്‍ ഉള്‍പ്പടെ എടുക്കുന്ന നിലപാടുകളും കേരള മുഖ്യമന്ത്രിയെ ഉള്‍പ്പടെ പലവിഷയങ്ങളിലും വളരെ ശക്തമായി വിമര്‍ശിക്കുന്നതും അവരെ വളരെ അലോസരപ്പെടുത്തുന്നുണ്ട്. സര്‍ക്കാര്‍ എടുക്കുന്ന ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെയാണ് ഞങ്ങള്‍ ശബ്ദിക്കുന്നത്, ജനങ്ങളുടെ പൊതുവിഷയങ്ങളാണ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. അതും അവര്‍ക്ക് പ്രയാസം ഉണ്ടാക്കുന്നുണ്ട്,
ഒരു വര്‍ഷവും നാല് മാസവും ആയി ഞങ്ങള്‍ സഹിക്കുന്നു എന്നാണ് എംഎം മണിയുടെ പ്രസ്താവനയില്‍ വരെ ഉള്‍പ്പടെയുള്ളത്. അതുകൊണ്ട് ഇങ്ങനെ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഇനിയും ഇത് അനുദിക്കേണ്ട എന്നായിരിക്കാം അവര്‍ ആലോചിക്കുന്നത്.
ഒരു ഭാഗത്ത് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന് പത്ര സമ്മേളനം വിളിച്ച് ആര്‍എംപിയില്‍ ഇനി ആരുമില്ല 600ഓളം ആളുകള്‍ സിപിഎമ്മിലേക്ക് തിരിച്ചുപോയി എന്നുപറഞ്ഞിന്റെ മറുവശത്താണ് എളമരം കരീം പറയുന്നത് ആര്‍എംപി വലിയ പ്രകടനങ്ങള്‍ നടത്തുന്നു, വലിയ സമ്മേളനങ്ങള്‍ നടത്തുന്നു എന്നൊക്കെ. അങ്ങനെ അവരുതന്നെ സമ്മതിച്ചു ഞങ്ങള്‍ വലുതായെന്ന്. വലിയ ആളുകളായിപ്പോയി അഹങ്കരിക്കുകയാണ് എന്ന പ്രസ്താവനയിലേക്കാണ് കരീം വന്നത്. തീര്‍ച്ചയായും ഇത് അഹങ്കാരം ആണെങ്കില്‍ അഹങ്കാരം തന്നെയാണ്. അത് ശരിയുടെ പക്ഷത്ത് നിന്നതിന് ജനങ്ങള്‍ തന്ന അംഗീകാരത്തിന്റെ അഹങ്കാരമാണ്. അവര്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ അഭിമാനത്തിലും അഹങ്കാരത്തിലും ആണ് ഞങ്ങള്‍ സംസാരിക്കുന്നത്.
ആര്‍എംപി യുഡിഎഫുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയല്ല സിപിഎമ്മിന്റെ പ്രശ്നം
ചന്ദ്രശേഖരനെ കൊന്നിട്ടും തീരാത്ത പക അവരുടെ ഉള്ളില്‍ ഉള്ളതുകൊണ്ടാണ് രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാതെ ഇത്തരം പരാമര്‍ശങ്ങളിലേക്കും പ്രസ്താവനകളിലേക്കും അവര്‍ പോകുന്നത്. ഞാന്‍ ആഭ്യന്തരവകുപ്പിന്റെ തലവനെ, കേരളത്തിന്റെ മുഖ്യമന്ത്രിയെയാണ് വിമര്‍ശിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചുകൊണ്ടുള്ള ഒരു സര്‍ക്കാരാണ് നമ്മുടെ സര്‍ക്കാരാണ് നമ്മുടെ ആഭ്യന്തര വകുപ്പാണ് ആ ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന വീഴ്ചയെ തിരുത്തുകയാണ് നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്ന കാര്യം. അതിനുള്ള വിമര്‍ശനങ്ങളാണ് നമ്മള് ഉന്നയിക്കുന്നത്. അത് വ്യക്തിപരമല്ല, പക്ഷെ അതിന് ശേഷം സോഷ്യല്‍ മീഡിയയിലും അല്ലാതെയും ഉയര്‍ന്നുവരുന്ന കാര്യങ്ങള്‍ വലിയ വേദന ഉണ്ടാക്കുന്നുണ്ട്. അങ്ങനെ സംസാരിക്കുന്ന ആളുകളെ തിരഞ്ഞ് പിടിച്ച് അക്രമിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്, അവര്‍ പണ്ട് അങ്ങനെയായിരുന്നു, ഇങ്ങനെ ആയിരുന്നു എന്ന് പറഞ്ഞ് അവരെ ടാര്‍ജറ്റ് ചെയ്ത് ആക്രമിക്കുക അതാണ് നടന്നുകൊണ്ടിരിക്കുന്നത് ഒട്ടും ജനാധിപത്യം ആ പാര്‍ട്ടിയില്‍ ഇല്ല എന്നത് കൂടിയാണ് അത് തെളിയിക്കുന്നത്. അത് തിരുത്തേണ്ടത് അവരാണ്.
ഞങ്ങള്‍ യുഡിഎഫിന്റെ കൂട്ട് പിടിച്ചതല്ല എന്ന് വളരെ നന്നായി അവര്‍ക്കറിയാം, 2012വരെ ഞങ്ങള്‍ യുഡിഎഫിനൊപ്പം പരസ്യമായി ഒരു തെരഞ്ഞെടുപ്പ് ധാരണയും ഉണ്ടാക്കിയിട്ടില്ല. ശക്തമായ ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിയ ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുകയും അതിന്റെ ഭാഗമായി പ്രവര്‍ത്തകരെ മുഴുവന്‍ വേട്ടയാടുകയും ചെയ്തപ്പോളാണ് ഞങ്ങള്‍ ഇതുപോലെ ജനാധിപത്യ ശക്തികളുമായി ചേര്‍ന്നത്, അത് ഒരിക്കലും രാഷ്ട്രീയമായ തിരിച്ചുപോക്കല്ല, രാഷ്ട്രീയമായ ഒത്തുചേരലല്ല, ഫാസിസ്റ്റ് രാഷ്ട്രീയത്തിന് എതിരായ ഒരു പൊതുമുന്നേറ്റത്തിന്റെ ഭാഗമായിട്ടുള്ള ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ്, അത് ഇനിയും ശക്തമായി മുന്നോട്ട് പോകും.
മറ്റ് സംസ്ഥാനങ്ങളില്‍ സിപിഎം ഇപ്പോഴും എടുത്തുകൊണ്ടിരിക്കുന്ന നിലപാട് ആണ് അത്. ബംഗാളില്‍, ത്രിപുരയില്‍ സിക്കിമില്‍ അങ്ങനെ പലയിടത്തും സിപിഎം കോണ്‍ഗ്രസ് ഉള്‍പ്പടെ മറ്റ് പാര്‍ട്ടികള്‍ക്കൊപ്പം നിന്നാണ് ബിജെപിയുടെ ഫാസിസത്തിനെതിരെ പോരാടുന്നത്. ഞങ്ങളും ഇവിടെ ഈ രാഷ്ട്രീയ ഫാസിസത്തിനെതിരെ ഞങ്ങള്‍ക്കും പോരാടാനാണ് ഇതുപോലെ ജനാധിപത്യ ശക്തികളെ കൂട്ടുപിടിച്ചത്. അവര്‍ക്ക് അത് സഹിക്കുന്നില്ല എന്നതാണ് ഇതിന്റെയെല്ലാം കാരണം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..