ശുഭജിത് റോയി | ഫോട്ടോ:പി.ജി.ഉണ്ണികൃഷ്ണൻ
താലിബാൻ കാബൂൾ പിടിച്ചടക്കുന്നതിനും തുടർന്നുള്ള കലാപത്തിനും പലായനങ്ങൾക്കും സാക്ഷിയായ പത്രപ്രവർത്തകനാണ് ശുഭജിത് റോയി. ദ ഇന്ത്യൻ എക്സ്‌പ്രസിന്റെ വിദേശകാര്യ റിപ്പോർട്ടറായി കാബൂളിലെത്തിയ അദ്ദേഹത്തിന് ഞെട്ടിക്കുന്ന സംഭവങ്ങൾക്കാണ് സാക്ഷിയാകേണ്ടിവന്നത്; മരണം തൊട്ടുവിളിച്ച അനുഭവങ്ങളാണുണ്ടായത്. താൻ കണ്ട കാബൂളും കലാപവും അവിടത്തെ ജീവിതവുമാണ് ഈ അഭിമുഖത്തിൽ ശുഭജിത് വിവരിക്കുന്നത്
താങ്കൾ കാബൂളിലെത്തിയപ്പോൾ എന്തായിരുന്നു അവിടത്തെ കാഴ്ചകൾ? പ്രത്യേകിച്ചെന്തെങ്കിലും മുൻകരുതലെടുത്തിരുന്നോ?
ഈ മേഖലയിലെ പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഒട്ടേറെതവണ പോയിട്ടുണ്ടെങ്കിലും അഫ്ഗാനിസ്താനിൽ ഞാൻ ആദ്യമായിരുന്നു. ഒട്ടേറെ മുൻകരുതലെടുത്താണ് കാബൂളിൽ പോയത്. ഡ്രൈവർ ഉൾപ്പെടെയുള്ളവർ വിശ്വസ്തരായിരിക്കണമെന്ന് ഉറപ്പിച്ചിരുന്നു. ഓഗസ്റ്റ് 13-ന് കാബൂളിലെത്തുമ്പോൾ, പ്രതീക്ഷിച്ചപോലെ റോഡുകളൊന്നും ഒഴിഞ്ഞുകിടന്നിരുന്നില്ല. താലിബാൻകാരെയൊന്നും അവിടെ കണ്ടതുമില്ല. എന്നാൽ, താലിബാൻ തടഞ്ഞുവെച്ചിരുന്ന ഒട്ടേറെ അഫ്ഗാൻ അഭയാർഥികൾ വിവിധ ഭാഗങ്ങളിൽനിന്ന് കാബൂളിലേക്ക് എത്തിക്കൊണ്ടിരുന്നു. കാണ്ഡഹാർ താലിബാന്റെ പിടിയിലായതോടെ അവിടെനിന്നുള്ളവരാണ് മുഖ്യമായും എത്തിയിരുന്നത്.
താലിബാൻ കാബൂളിലേക്ക് അടുത്തുകൊണ്ടിരുന്ന സാഹചര്യത്തിലാണല്ലോ അവിടെയെത്തിയത്? തുടർന്നുള്ള ദിവസങ്ങളിൽ എന്താണ് സംഭവിച്ചത്?
ഓഗസ്റ്റ് 14-ന് കാബൂളിലെ പാസ്പോർട്ട് ഓഫീസിൽ പോയപ്പോൾ അവിടെ വലിയ ക്യൂവാണ് കണ്ടത്. എങ്ങനെയും പാസ്പോർട്ട് എടുത്ത് രാജ്യം വിടാനാഗ്രഹിക്കുന്ന ആയിരങ്ങളാണ് രാവിലെ അഞ്ചുമണിമുതൽ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കുന്നത്. ദിവസവും രണ്ടായിരവും മൂവായിരവും പാസ്പോർട്ട് അപേക്ഷകളാണ് അവിടെയെത്തുന്നത്. ചില ദിവസങ്ങളിൽ അത് പത്തുമുതൽ പന്ത്രണ്ടായിരംവരെയാകും.

താങ്കൾ കണ്ടറിഞ്ഞ അഫ്ഗാനിലെ ജനജീവിതം എങ്ങനെയായിരുന്നു, പ്രത്യേകിച്ചും സ്ത്രീകളുടെ...
അഫ്ഗാനിൽ ജോലിചെയ്യുന്ന സ്ത്രീകളുടെ അനുഭവങ്ങൾ അവരോടുതന്നെ ചോദിച്ചറിയണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. അതിനായി ഓഗസ്റ്റ് 15-ന് രാവിലെ കാബൂളിലെ ഒരു സ്വകാര്യ സ്കൂളിലേക്കുപോയി. ഡ്രൈവറും ഗൈഡുമായ റഹാബ്, പരിഭാഷകയായ റാബിയ (പേരുകൾ യഥാർഥമല്ല) എന്നിവർക്കൊപ്പമായിരുന്നു യാത്ര. അഫ്ഗാനിലെ സ്ത്രീകളുമായി സംസാരിക്കാനാണ് വനിതാ പരിഭാഷകയെത്തന്നെ കൂടെക്കൂട്ടിയത്. മുന്നൂറോളം വിദ്യാർഥികളുള്ള സ്കൂളിൽ പകുതിയോളം പെൺകുട്ടികളാണ്. ഇരുപത് അധ്യാപകരിൽ 16 പേരും വനിതകൾ. എന്നാൽ, കാര്യങ്ങൾ മറ്റൊരു വഴിക്കാണ് നീങ്ങിയത്.
സ്കൂൾ പ്രിൻസിപ്പലുമായി ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിനൊരു ഫോൺ വന്നു. താലിബാൻകാർ കാബൂളിന് തൊട്ടടുത്തെത്തിക്കഴിഞ്ഞുവെന്നായിരുന്നു വിവരം. ഉടൻ, ഞങ്ങളുടെ മുന്നിൽവെച്ചുതന്നെ വനിതകളായ അധ്യാപകരെയെല്ലാം വിളിച്ചുവരുത്തിയ പ്രിൻസിപ്പൽ അവരോട് വേഗം വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. സ്ത്രീകൾ ആക്രമിക്കപ്പെടുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. താൻ മക്കളെപ്പോലെ കരുതുന്ന അവരുടെ ജീവൻ അപകടത്തിലാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് 62-കാരനായ പ്രിൻസിപ്പൽ എന്നോടുകൂടിയായി പറഞ്ഞു.
താലിബാൻ തൊട്ടടുത്തെത്തിയെന്നറിഞ്ഞപ്പോൾ താങ്കൾക്ക് എന്താണ് തോന്നിയത്
കാര്യങ്ങൾ വഷളാവുകയാണെന്ന് എനിക്ക് ബോധ്യപ്പെട്ടുതുടങ്ങിയിരുന്നു. എന്നാൽ, സ്ത്രീകളുടെ അവസ്ഥ നേരിട്ടറിയണമെന്ന ലക്ഷ്യം ഉപേക്ഷിക്കാനും തോന്നിയില്ല. സ്കൂളിൽ നിന്നിറങ്ങിയശേഷം സ്ത്രീകൾ ജോലിചെയ്യുന്ന ബ്യൂട്ടിപാർലറിലേക്ക് നീങ്ങി. ബ്യൂട്ടിപാർലറിലേക്ക് സാഹചര്യം മനസ്സിലാക്കിവരാൻ റാബിയയെ ആദ്യം പറഞ്ഞയച്ചു. താലിബാൻ അടുത്തെത്തിയ വിവരമറിഞ്ഞ് ബ്യൂട്ടിപാർലർ അടയ്ക്കാൻ ഒരുങ്ങുകയാണെന്ന് റാബിയ പറഞ്ഞു.
താലിബാൻ അടുത്തെത്തിയതിന്റെ ലക്ഷണങ്ങൾ കാബൂൾ നഗരത്തിൽ വ്യക്തമായി കണ്ടുതുടങ്ങിയതെങ്ങനെയാണ്
തീർച്ചയായും. റോഡിനിരുവശത്തുമുള്ള കടകളുടെ ഷട്ടറുകൾ അടയുന്നു. ജനങ്ങൾ പരിഭ്രാന്തരായി പരക്കംപായുന്നു. എങ്ങും ഭീതിയുടെ അന്തരീക്ഷം. കാര്യങ്ങൾ വഷളാവുകയാണെന്ന് ഉറപ്പായി. അപ്പോഴേക്കും ഡ്രൈവർക്കും പരിഭാഷകയ്ക്കും അവരുടെ വീടുകളിൽനിന്ന് ഫോൺ വന്നു. ഉടൻ വീട്ടിലേക്ക് മടങ്ങാനാണ് നിർദേശം. അപ്പോഴേക്കും ജനങ്ങളുടെ നെട്ടോട്ടത്തിനിടെ കാറിന് നീങ്ങാനാവാത്തവിധം റോഡിൽ ഗതാഗതക്കുരുക്കായിക്കഴിഞ്ഞു. എന്നെ എങ്ങനെയെങ്കിലും ഹോട്ടലിൽ കൊണ്ടുപോയിവിടാമോയെന്ന് (കാൽനടയായി) റാബിയയോട് ഡ്രൈവർ ചോദിച്ചു. റാബിയ അതിന് തയ്യാറാവുകയും ചെയ്തു.
എന്നാൽ, വിദേശിയായ അന്യപുരുഷനൊപ്പം റാബിയയെ കണ്ടാൽ താലിബാൻകാരുടെ പ്രതികരണമെന്താകുമെന്ന് ആശങ്കയുണ്ടായി. പക്ഷേ, ധീരയായ റാബിയ പിന്മാറിയില്ല. എങ്ങനെയാണ് താങ്കളെ വഴിയിൽ ഉപേക്ഷിക്കുകയെന്ന് ചോദിച്ച റാബിയ, എന്തുസംഭവിച്ചാലും സാരമില്ലെന്നുപറഞ്ഞ് എന്നോടൊപ്പം വന്നു. റാബിയയ്ക്കൊപ്പം പോകുമ്പോൾ എന്നെയും അഫ്ഗാനിയെന്ന് തോന്നിക്കാനാവണം, റഹാബ് തന്റെ ‘അഫ്ഗാനി ഷാൾ’ എനിക്ക് തന്നു. അതുധരിച്ച് ഞാൻ റാബിയയ്ക്കൊപ്പം ഹോട്ടലിലേക്ക് നടന്നു.

ഹോട്ടലിലെ താമസവും മറ്റും സുരക്ഷിതമായിരുന്നോ...
നേരത്തേ രണ്ടുതവണ താലിബാന്റെ ആക്രമണത്തിന് ഇരയായിട്ടുണ്ടെങ്കിലും ഇപ്പോൾ സുരക്ഷിതമെന്ന് കരുതുന്ന സെറീന ഹോട്ടലിലാണ് ഞാൻ താമസിച്ചിരുന്നത്. എന്നാൽ, സ്ഥിതിഗതികൾ മോശമാകുന്നത് മനസ്സിലാക്കിയതോടെ തത്‌കാലം നാട്ടിലേക്ക് മടങ്ങാനായി അടുത്ത ദിവസത്തെ (ഓഗസ്റ്റ്-16) എയർ ഇന്ത്യയുടെ ടിക്കറ്റെടുത്തു. വൈകീട്ട് ഞാൻ എംബസിയിൽ ചെന്നപ്പോൾ അവിടെയുള്ളവരെല്ലാം നാട്ടിലേക്ക് മടങ്ങാൻ സാധനങ്ങൾ പാക്ക് ചെയ്യുകയായിരുന്നു.
പരിഭ്രാന്തരായ ജനങ്ങൾ പലായനം ചെയ്യാൻ ശ്രമിക്കുന്നതായിരിക്കുമല്ലോ അപ്പോഴത്തെ കാഴ്ച. താലിബാൻകാരുമായി നേരിട്ട് കണ്ടുമുട്ടേണ്ടി വന്നിരുന്നോ
സംഘർഷവും ഭീതിയും നിറഞ്ഞതായിരുന്നു പിന്നീടുള്ള അനുഭവങ്ങൾ. ഓഗസ്റ്റ് 16-ന് രാവിലെ 11-നായിരുന്നു എനിക്ക് പോകേണ്ട എയർ ഇന്ത്യാ വിമാനം. വഴിയിലെല്ലാം താലിബാന്റെ പരിശോധനയുണ്ടായാൽ നേരം വൈകുമെന്ന് കണക്കുകൂട്ടിയ ഞാൻ രാവിലെ 4.30-ന് ഹോട്ടലിൽനിന്ന് പോകാനൊരുങ്ങി. വളരെ നേരത്തേ വിമാനത്താവളത്തിലെത്തിയാൽ അവിടെ സുരക്ഷിതമായിരിക്കാമെന്നാണ് കരുതിയത്.
ഹോട്ടൽ ലോബിയിൽ ടാക്സിക്കായി കാത്തിരിക്കുമ്പോൾ അമ്പതോളം വരുന്ന ആയുധധാരികളായ താലിബാൻ സംഘം അവിടേക്ക് കയറിവന്നു. ഹോട്ടൽ പരിശോധിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ചിലർ ലോബിയിൽത്തന്നെ നിന്നു. സംഘത്തിലെ മറ്റുചിലർ ലിഫ്റ്റിൽ കയറി മറ്റു നിലകളിലേക്കുപോയി. അവരിൽ ചിലർ എന്നെ സൂക്ഷിച്ചുനോക്കി. വേഷവിധാനത്തിലും രൂപത്തിലും വിദേശിയാണെന്ന് തോന്നിയതിനാലാവണം എന്നെ ഒന്നുംചെയ്തില്ല. മാത്രമല്ല, അവിടെയുണ്ടായിരുന്ന ആരെയും അവർ ഭീഷണിപ്പെടുത്തുന്നതും കണ്ടില്ല.
വിമാനത്താവളത്തിലേക്കുള്ള യാത്ര സുരക്ഷിതമായിരുന്നോ
ഹോട്ടലിൽനിന്ന് വിമാനത്താവളത്തിലേക്കുള്ള വഴിയിൽ താലിബാന്റെ ഒട്ടേറെ ‘ചെക്ക് പോയന്റുകൾ’ മറികടക്കേണ്ടതുണ്ടായിരുന്നു. ചിലർ എന്നോട് ‘‘ഇന്ത്യയാണോ?’’ എന്ന് ചോദിച്ചു. ‘‘അതെ’’ എന്നു പറയുമ്പോൾ തടസ്സമില്ലാതെ നീങ്ങാനനുവദിച്ചു. എന്നാൽ, വിമാനത്താവളത്തിലെത്തിയപ്പോൾ കണ്ടത് വൻ ജനക്കൂട്ടം. പാസ്പോർട്ടോ വിസയോ ഒന്നുമില്ലാതെ ആയിരങ്ങൾ. വിമാനത്താവളത്തിലേക്കുള്ള വഴിയെല്ലാം താലിബാൻ അടയ്ക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം മറികടന്നാണ് ജനസമുദ്രമെത്തുന്നത്. അവരെ പിരിച്ചുവിടാൻ ഇടയ്ക്കിടെ താലിബാൻ സംഘം ആകാശത്തേക്ക് വെടിയുതിർക്കും. അഫ്ഗാനികളെ ഭയപ്പെടുത്തി തിരിച്ചോടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ആകെ പരിഭ്രാന്തിയുടെ അന്തരീക്ഷം.
എന്തുചെയ്യണമെന്നറിയാതെ അവിടെ കാത്തുനിന്നു. കുറച്ചുസമയത്തിനകം താലിബാന്റെ ഭീഷണിക്കുവഴങ്ങി ആളുകൾ വിമാനത്താവളത്തിൽനിന്ന് പുറത്തേക്കുനീങ്ങാൻ തുടങ്ങി. ഇതിനിടെ ഒരാളുടെ മൃതദേഹം ഒരു ട്രോളിയിലാക്കി തള്ളിക്കൊണ്ടുപോകുന്നതും കണ്ടു. വെടിവെച്ച് കൊലപ്പെടുത്തിയതാണോ എന്നറിയില്ല. കാര്യങ്ങൾ അല്പം ശാന്തമായപ്പോൾ വിമാനത്താവളത്തിലേക്കുകയറി. ഇതിനിടെ കൈയിൽക്കിട്ടുന്നതെല്ലാം എടുത്തുകൊണ്ട് ഓടുന്നവരെയും കണ്ടു.
വിമാനത്താവളത്തിലെ പ്രിന്ററുകൾ, പേപ്പറുകൾ തുടങ്ങി കിട്ടുന്നതെന്തും അവർ വാരിയെടുത്തു. വിമാനത്താവളത്തിലാവട്ടെ, ചെക്കിങ് കൗണ്ടറുകൾ പോലുമില്ല. പലയിടത്തും ചില്ലുകൾ പൊട്ടിച്ചിതറിക്കിടക്കുന്നു. ചോരപ്പാടുകളും വെടിയുണ്ടകളുടെ ഷെല്ലുകളും ചെരിപ്പുകളുമെല്ലാം അവിടവിടെ കാണാം. അപ്പോഴെല്ലാം, എംബസിയിൽനിന്ന് വിളിച്ച് എനിക്ക് കൃത്യമായ മാർഗനിർദേശങ്ങൾ തന്നുകൊണ്ടിരുന്നു.

അപ്പോഴെല്ലാം വിമാനത്താവളം താലിബാൻ കൈയടക്കിയ അവസ്ഥയിലായിരുന്നോ? അതിനകത്തെ സ്ഥിതിയെന്തായിരുന്നു.
വിമാനത്താവളത്തിൽ കാത്തുനിൽക്കുമ്പോൾ ചില യുവാക്കൾ അടുത്തെത്തി എവിടേക്കാണെന്ന് ചോദിച്ചു. ഇന്ത്യയിലേക്കാണെന്ന് പറഞ്ഞപ്പോൾ, ‘‘എന്തിനാണ് മടങ്ങുന്നത്, ഹോട്ടലിലേക്ക് പൊയ്‌ക്കൊളളൂ, താലിബാൻ ഒന്നും ചെയ്യില്ല’’ എന്നെല്ലാം പറഞ്ഞുകൊണ്ടിരുന്നു. അവർ താലിബാനെ പിന്തുണയ്ക്കുന്ന യുവാക്കളായിരിക്കാം. അവരുടെ കൈയിൽ ആയുധങ്ങളൊന്നും കണ്ടില്ല. ഞാൻ ഒരുഭാഗത്തേക്ക് മാറിനിന്നു. അല്പനേരം കഴിഞ്ഞപ്പോൾ കുറച്ച് താലിബാൻകാർ ആയുധങ്ങളുമായി കയറിവന്നതോടെ ഞങ്ങൾ ശരിക്കും അങ്കലാപ്പിലായി. അവരിലൊരാൾ എന്റെ നേരെ വന്നു. എ.കെ. 47 തോക്ക് പുറത്ത് തൂക്കിയിട്ട് കൈയിൽ ചെറിയ മറ്റൊരു തോക്കുമായാണ് വരവ്. തുടർന്ന് എന്റെ നേരെ ചെറിയ തോക്ക് ചൂണ്ടിക്കൊണ്ട് പുറത്തേക്കു പോകാൻ ആംഗ്യം കാണിച്ചു. ഞാൻ ബാഗെടുത്ത് നടന്ന് വാതിലിനടുത്തെത്തി ഇനി എന്തുചെയ്യണമെന്നറിയാതെ നിന്നു.
അവിടെ കാത്തുനിന്നശേഷം മിലിറ്ററി ഭാഗത്തേക്ക് പോകാനായിരുന്നു എംബസിയിൽ നിന്നുള്ള നിർദേശം. ഞാൻ നിൽക്കുന്ന സ്ഥലത്തുതന്നെ തുടരാനും അവിടെ വന്ന് കൂട്ടിക്കൊള്ളാമെന്നുമാണ് അവർ പറഞ്ഞിരുന്നത്. അപ്പോഴാണ് ഒഴിഞ്ഞ ഒരു മുറി അകലെ കണ്ടത്. അതിൽ കയറി വാതിലിന്റെ മറവിൽ നിന്നപ്പോഴാണ് മറ്റൊരു കാഴ്ചകണ്ടത്. താലിബാൻകാർ ഒരാളെ കഴുത്തിൽപ്പിടിച്ച് വലിച്ചിഴച്ച് കൊണ്ടുവരുന്നു. അയാൾ ഉറക്കെ നിലവിളിക്കുന്നുമുണ്ട്. ചുമരിനപ്പുറമായതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് പൂർണമായും കാണാൻ കഴിഞ്ഞില്ല. തുടർന്ന് ഒരു വെടിയൊച്ച. വലിച്ചുകൊണ്ടുവന്നയാളെ അവർ വെടിവെച്ച് കൊലപ്പെടുത്തിയതാണോ എന്നറിയില്ല. അപ്പുറത്തുനിന്ന് ആ കാഴ്ചകണ്ടവർ ഭയചകിതരായി ഓടിയകന്നു.
താലിബാന്റെ സ്വരൂപം നേരിട്ടുകാണാൻ തുടങ്ങിയ നിമിഷങ്ങളായിരുന്നോ അത്
താലിബാൻകാർ അക്ഷമരായിക്കൊണ്ടിരിക്കുകയാണെന്നു വ്യക്തമായതോടെ ഇനിയും അവിടെ നിൽക്കുന്നത് വെല്ലുവിളിയാകുമെന്ന് മനസ്സിലായി. അവിടെനിന്ന് പതുക്കെ പുറത്തേക്ക് നടന്നുനീങ്ങി. പക്ഷേ, അവിടെയും അവർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. വിമാനത്താവളത്തിൽനിന്ന് ആരാണ് പുറത്തുപോകുന്നതെന്നറിയാൻ സായുധരായ നാലഞ്ചുപേർനിന്ന് പരിശോധന നടത്തുന്നു. എന്നോട് എവിടേക്കാണെന്നു ചോദിച്ച് പാസ്പോർട്ട് കാണിക്കാൻ ആവശ്യപ്പെട്ടു. പാസ്പോർട്ട് പുറത്തുകാട്ടാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. പോക്കറ്റിൽനിന്ന് അതിന്റെ കോപ്പിയെടുത്ത് കാണിക്കാനൊരുങ്ങി. എന്നോട് പാസ്പോർട്ട് ചോദിച്ച സംഘത്തിന്റെ കമാൻഡർ എന്നുതോന്നിക്കുന്ന ഒരാൾ അല്പം അകലെ നിൽക്കുന്നുണ്ടായിരുന്നു. പാസ്പോർട്ടിന്റെ കോപ്പി കാണിക്കാൻ തുടങ്ങുമ്പോഴേക്കും എന്നെ വിട്ടുകൊള്ളാൻ കമാൻഡർ അവരോട് പറഞ്ഞു.
ഏറ്റവും വെല്ലുവിളി നേരിട്ട അനുഭവം അതാണോ
വിമാനത്താവളത്തിന് പുറത്തേക്ക് നീങ്ങുമ്പോഴാണ് ചെകുത്താനും കടലിനുമിടയിലായ മറ്റൊരനുഭവമുണ്ടായത്. ഞാനും മറ്റൊരു മാധ്യമപ്രവർത്തകയുമുൾപ്പെടെ വിമാനത്താവളത്തിന്റെ ഗേറ്റിനടുത്തേക്ക് റോഡിന്റെ ഒരു വശം ചേർന്ന് നടക്കുകയായിരുന്നു. അപ്പോൾ പുറത്തുനിന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ ജനക്കൂട്ടം ഇരമ്പിയാർത്ത് വിമാനത്താവളം ലക്ഷ്യമാക്കി ഒാടിവരുന്നു. ഞങ്ങൾ വിമാനത്താവളത്തിന് പുറത്തേക്ക്, അവർ അകത്തേക്ക്. ഇതിനിടെ, നേരത്തേ എന്നോട് പാസ്പോർട്ട് ചോദിച്ച താലിബാൻ സംഘം പിന്നിൽനിന്ന് പാഞ്ഞടുത്തു. വിമാനത്താവളം ലക്ഷ്യമാക്കിവരുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ അവർ ആകാശത്തേക്ക് വെടിയുതിർത്തു. ഇടയ്ക്കിടെ ജനക്കൂട്ടത്തെയും അവർ ലക്ഷ്യംവെക്കാൻ തുടങ്ങി. പലരും വീഴുന്നുണ്ടായിരുന്നു. വെടികൊണ്ടതുകൊണ്ടാണോ ആൾത്തിരക്കിൽപ്പെട്ടാണോ അവർ വീഴുന്നതെന്ന് വ്യക്തമായിരുന്നില്ല. ആകെ ഭീതിയും സംഘർഷവും നിറഞ്ഞ അവസ്ഥ. ഞങ്ങൾ ശരിക്കും ഇതിനിടയിൽപ്പെട്ടു.
ജനക്കൂട്ടത്തിനിടയിൽപ്പെട്ടാൽ ഞങ്ങളെ ചവിട്ടിമെതിച്ച് അവർ കടന്നുപോകുമെന്നുറപ്പ്. മറുഭാഗത്ത് ആകാശത്തേക്കും അല്ലാതെയും വെടിയുതിർത്തുകൊണ്ട് താലിബാൻ സംഘം. ഇതിനിടയിൽ ഞങ്ങൾ. മരണത്തെ അടുത്തുകണ്ട നിമിഷങ്ങൾ... റോഡിന്റെ ഒരുവശം ചേർന്ന് ഞങ്ങൾ നിന്നു. ഇതിനിടെ പിന്നിൽനിന്നുവന്ന ഒരാൾ, അയാൾ താലിബാന്റെ ആളാണോ എന്നു വ്യക്തമല്ല, ഞങ്ങളോട് അയാളെ പിന്തുടരാൻ ആവശ്യപ്പെട്ടു. അയാൾ ഞങ്ങളെ പുറത്തെത്തിച്ചു. പുറത്ത് ജീപ്പുകളിലും ട്രക്കുകളിലുമായി താലിബാൻ സംഘങ്ങൾ ആഹ്ലാദാരവങ്ങൾ മുഴക്കുകയായിരുന്നു.
ഇടയ്ക്കിടെ ആകാശത്തേക്ക് വെടിയുതിർക്കുന്നുമുണ്ട്. ടാക്സി ലക്ഷ്യമാക്കി ഓടുന്നതിനിടയിൽ എന്റെ കൈയിലുള്ള ട്രോളി ബാഗ് ഒരു താലിബാനിയുടെ കാലിൽ തട്ടി. ഞാൻ വേഗം സോറി പറഞ്ഞു. അയാൾ എങ്ങനെ പ്രതികരിക്കുമെന്ന് ഭയന്നെങ്കിലും ഒന്നുമുണ്ടായില്ല. ഒടുവിൽ ടാക്സി പിടിച്ച് ഹോട്ടലിലേക്ക് യാത്രതിരിച്ചു. റോഡിൽ ഓരോ പത്തുമീറ്ററിലും താലിബാൻസംഘം പരിശോധനയ്ക്ക് നിൽക്കുന്നുണ്ടായിരുന്നു. അവരോട് സംസാരിക്കാൻ നിൽക്കരുതെന്നും മൊബൈൽ ഫോൺ മറച്ചുപിടിക്കാനും ഡ്രൈവർ ആവശ്യപ്പെട്ടു. ഇതിനിടെ ഇന്ത്യൻ എംബസിയിലേക്ക് വിളിച്ചപ്പോൾ, ഹോട്ടലിലേക്ക് പോകാതെ എംബസിയിലേക്ക് വരാൻ അവർ ആവശ്യപ്പെട്ടു. എന്നാൽ, എംബസിക്കുപുറത്ത് താലിബാൻ സംഘം റോഡ് തടയുന്നുണ്ടായിരുന്നു. അവർ ഞങ്ങളെ അകത്തേക്ക് കടത്തിവിട്ടില്ല. കുറെനേരം കാത്തുനിന്നശേഷം അകത്തുകയറാൻ അവർ അനുമതി നൽകി.
ഇന്ത്യയിലേക്കുള്ള മടക്കം തന്നെ അനിശ്ചിതത്വത്തിലായ സമയമായിരുന്നില്ലേ അത്? ഒടുവിൽ മടക്കം എങ്ങനെയായിരുന്നു
എംബസിയിലെത്തിയതിന്റെ അടുത്തദിവസം, ഓഗസ്റ്റ് 17-ന് രാവിലെ ഞങ്ങൾക്ക് നാട്ടിലേക്കു മടങ്ങാൻ വ്യോമസേനയുടെ വിമാനം സജ്ജമായി. ഇന്ത്യൻ എംബസിയിലെ നൂറ്റിമുപ്പതോളം ജീവനക്കാരും നാലു മാധ്യമപ്രവർത്തകരുമുൾപ്പെടെ നൂറ്റമ്പതോളം പേരുമായി വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ പറന്നുയർന്നു. അഫ്ഗാന്റെ ആകാശം പരമാവധി ഒഴിവാക്കിയായിരുന്നു യാത്ര. ഡൽഹിക്കടുത്ത് ഹിൻഡൺ വിമാനത്താവളത്തിലാണ് ഞങ്ങളിറങ്ങിയത്.
നാട്ടിലെത്തി സുരക്ഷിതമായ സ്ഥലത്തിരുന്ന് അഫ്ഗാനിലെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്തുതോന്നുന്നു ഇനിയും അവിടേക്ക് റിപ്പോർട്ടിങ്ങിനായിപ്പോകാൻ പദ്ധതിയുണ്ടോ.

അഫ്ഗാനിൽ പരിചയപ്പെട്ടവരുമായി നാട്ടിലെത്തിയശേഷം സംസാരിച്ചിരുന്നോ? അവിടത്തെ സ്ഥിതിഗതികളെക്കുറിച്ച് അവരെന്താണ് പറയുന്നത്
നേരത്തേ പറഞ്ഞിരുന്നല്ലോ, വളരെ നല്ലവരായ ഡ്രൈവർ റഹാബിനെയും പരിഭാഷക റാബിയയെയും കുറിച്ച്. ചിലപ്പോഴെല്ലാം കമ്രാൻ എന്നൊരു ഡ്രൈവറും വന്നിരുന്നു. വൈകീട്ട് ഏഴുമണിക്ക് ഞാൻ ഡൽഹിയിലെ വീട്ടിൽ വന്നുകയറിയപ്പോഴേക്കും കമ്രാന്റെ ഫോൺ വന്നു: ‘‘സർ, എത്തിയോ’’ എന്നു ചോദിച്ചു. എത്തിയെന്നുപറഞ്ഞപ്പോൾ കമ്രാന് പരിഭവം. എന്തുകൊണ്ട് അക്കാര്യം തന്നെ അറിയിച്ചില്ല എന്ന്. എന്റെ കാര്യത്തിൽ കമ്രാൻ വളരെ ആശങ്കപ്പെട്ടിരുന്നതായി തോന്നി. രണ്ടുദിവസത്തിനുശേഷം ഞാൻ റഹാബിനെ വിളിച്ച് അവിടത്തെ സ്ഥിതിഗതികൾ അന്വേഷിച്ചു. ഓഗസ്റ്റ് 16-ന് എന്നെയും റാബിയയെയും റോഡിലിറക്കി പോയശേഷം നടന്നൊരു സംഭവം റഹാബ് വിവരിച്ചു. റഹാബിന്റെ വീടിനടുത്തുവെച്ച് ഇരുപതോളം അഫ്ഗാൻ പോലീസുകാരെ താലിബാൻ വെടിവെച്ച് കൊലപ്പെടുത്തിയത്രേ. താലിബാനികൾക്ക് ആയുധംവെച്ച് കീഴടങ്ങാൻ അവർ തയ്യാറാവാത്തതാണ് കാരണം. എന്നെ ആദ്യമായി കാണുമ്പോൾ റഹാബിന്റെ ഏറ്റവും ചെറിയ കുഞ്ഞിന് നാലു ദിവസമായിരുന്നു പ്രായം. കഴിഞ്ഞദിവസം കുഞ്ഞിന് സുഖമില്ലാതായപ്പോൾ ഒരുവിധം എങ്ങനെയോ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാൻ സാധിച്ചുവെന്ന് റഹാബ് പറഞ്ഞു. ‘‘ഇവിടത്തെ സ്ഥിതി കഷ്ടമാണ് സർ... വിദേശികളോടൊപ്പം ജോലിചെയ്യുന്നവരാണ് ഞങ്ങൾ. അമേരിക്കക്കാർ, ഇന്ത്യക്കാർ, ബ്രിട്ടീഷുകാർ... അവരെല്ലാം ഇവിടെ നിന്നുപോയി. ആരും ഞങ്ങളെ കൊണ്ടുപോയില്ല...’’ റഹാബ് സങ്കടപ്പെട്ടു.
റാബിയയെയും വിളിച്ചിരുന്നു. എന്നെ സാഹസികമായി ഹോട്ടലിൽ കൊണ്ടുപോയിവിട്ടശേഷം താലിബാൻ സംഘത്തിന്റെ കണ്ണിൽപ്പെടാതെ ഒരു മണിക്കൂറോളം നടന്നാണത്രേ റാബിയ വീട്ടിലെത്തിയത്. എന്നെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നതായും അവർ പറഞ്ഞു. ഇപ്പോൾ അവർക്ക് പുറത്തുപോകാൻ പറ്റാറില്ല. എഴുപതുകഴിഞ്ഞ പിതാവാണ് വീട്ടുസാധനങ്ങൾ വാങ്ങാൻ പോകുന്നത്. എപ്പോഴാണ് പാസ്പോർട്ട് ഓഫീസ് തുറക്കുന്നതെന്ന കാത്തിരിപ്പിലാണ് റാബിയ. അഞ്ചാറുവർഷം റാബിയ ഡൽഹിയിലുണ്ടായിരുന്നു. നോയിഡയിലാണ് അവർ ഒരു കോഴ്സ് ചെയ്തത്. ‘‘എങ്ങനെയെങ്കിലും അഫ്ഗാനിൽനിന്ന് രക്ഷപ്പെടണം’’ - റാബിയ പറഞ്ഞുനിർത്തിയപ്പോൾ ഞാൻ അവരുടെ വാട്സാപ്പ് പ്രൊഫൈൽ ഫോട്ടോ ശ്രദ്ധിച്ചു: ഷാരൂഖ് ഖാൻ!
Content Highlights: Journalistic witness to Taliban capturing power, Shubhajit Roy shares his experiences
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..