ജോഷിമഠ് പാഠമാകണം; മലയോര മേഖലകള്‍ ജാഗ്രത പുലര്‍ത്തണം, കേരളവും


അല്‍ഫോന്‍സ പി ജോര്‍ജ്

Premium

.ജോഷിമഠിൽ നിന്നുള്ള ദൃശ്യം

നിന്നിടം ഇടിഞ്ഞുതാഴുന്നു, ഒരായുസിന്റെ സ്വപ്‌നവും സമ്പാദ്യവുമൊക്കെ കണ്‍മുന്നില്‍ രണ്ടായി പിളരുന്നു. സ്വര്‍ഗം പോലെ സുന്ദരമായൊരിടത്ത് ജീവിച്ചിരുന്നവര്‍ ആ വീടുകളെ നോക്കി അലമുറയിട്ടു കരയുന്നു. സ്വപ്‌നഭൂമി കണ്‍മുന്നില്‍ ശ്മശാനഭൂമി കണക്കെ അനാഥമാകുന്നു. വീടുകള്‍ വിണ്ടുകീറി വാസയോഗ്യമല്ലാതെയായി മാറിയ ജോഷിമഠിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ചും നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്റർ(ഐ.ആര്‍.ടി.സി.) മുന്‍ ഡയറക്ടര്‍ ഡോ. എസ്. ശ്രീകുമാര്‍ സംസാരിക്കുന്നു.

ഡോ. എസ്. ശ്രീകുമാര്‍


ജോഷിമഠില്‍ സംഭവിക്കുന്നത് എന്താണ്? ഈ പ്രതിഭാസത്തിന്റെ കാരണം എന്താണ് ?

ഭൂമി ഇടിഞ്ഞു താഴുന്നതാണ് ജോഷിമഠില്‍ സംഭവിക്കുന്നത്. വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ജോഷിമഠ്. കടൽനിരപ്പിൽനിന്ന്‌ ഏകദേശം 1890 മീറ്ററോളം വരും ഇത്. നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം 2023 ജനുവരിയിലെ ആദ്യ ആഴ്ചയില്‍ മാത്രം 723 കെട്ടിടങ്ങള്‍ക്കാണ് വിള്ളല്‍ രൂപപ്പെട്ടത്. സര്‍ക്കാര്‍ സംവിധാനങ്ങളും മാധ്യമങ്ങളും ഉള്‍പ്പെടെ പ്രശ്‌നത്തിന്റെ ഗൗരവം തിരിച്ചറിയുന്നത് ഈ ഘട്ടത്തിലാണ്. ഇതിന് മുമ്പും പല തവണ ജോഷിമഠില്‍ ഇത്തരത്തില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷേ, ജനുവരിയില്‍ സംഭവിച്ചത് പെട്ടെന്നുള്ള ഒരു ഡെവലപ്പ്‌മെന്റ് ആയിരുന്നു എന്നുവേണം മനസിലാക്കാന്‍.

ഗഢ്‌വാൾ ഹിമാലയം പ്രദേശങ്ങള്‍ സ്വഭാവികമായി തന്നെ ദുരന്തസാധ്യത വര്‍ദ്ധിച്ച പ്രദേശമാണ്. ജോഷിമഠ് ഈ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഗഢ്‌വാൾ ഹിമാലയത്തിന്റെ മധ്യചെരുവില്‍ (Middle slope) ല്‍ നില്‍ക്കുന്ന പ്രദേശമാണ് ജോഷിമഠ്. മുകള്‍ ഭാഗത്ത് കട്ടിയേറിയ ഭാഗങ്ങളും താഴ്ഭാഗത്ത് ചെരിവും. ഇതാണ് മധ്യചെരിവില്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകത. 30 ഡിഗ്രിയോളം വരുന്നതാണ് ഈ ചെരിവ്. ഇത്രയും ചെരിവുള്ള പ്രദേശങ്ങളെ ഉരുള്‍പൊട്ടല്‍ സാധ്യത ഏറ്റവും കൂടുതലുള്ള പ്രദേശമായിട്ടാണ് വിലയിരുത്തുന്നത്. ഹിമാലയവുമായി താരതമ്യം ചെയ്യുമ്പോള്‍ പശ്ചിമഘട്ടം കുറച്ചുകൂടി ദൃഢതയുള്ള മലനിരകളാണ്. എന്നിട്ടും 30 ഡിഗ്രി ചരിവുള്ള പശ്ചിമഘട്ട മേഖലകളെ നമ്മള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

കര്‍മ്മനാശ, കിഴക്ക് ധാക്ക്‌നാള, തെക്ക് ധൗളി ഗംഗ, വടക്ക് അളകനന്ദ തുടങ്ങി നല്ല ഒഴുക്കുള്ള നദികളും ജോഷിമഠിന് ചുറ്റും ഒഴുകുന്നുണ്ട്. ഭൂമിശാസ്ത്രപരമായ ഇത്തരം സവിശേഷതകള്‍ പരിശോധിച്ചാല്‍ ജോഷിമഠ് വളരെ സെന്‍സീറ്റാവായ പ്രദേശമാണെന്ന് മനസിലാക്കാം. ഇന്ത്യയുടെ സെയ്‌സ്മിക്ക് സൊണേഷന്‍ മാപ്പ് പ്രകാരം ( seismic zonation map ) ഭൂകമ്പസാധ്യത മുന്‍നിര്‍ത്തി ഇന്ത്യന്‍ ഭൂപ്രദേശങ്ങളെ സോണ്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും ദുരന്തസാധ്യതയേറിയ സോണ്‍ അഞ്ചില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ജോഷിമഠ്. റിക്ടര്‍ സ്‌കെയിലില്‍ 6.5-ല്‍ കൂടുതല്‍ തീവ്രതയേറിയ ഭൂകമ്പം ഇവിടെ ഉണ്ടാകാം. ഭൗമശാസ്ത്രപരമായി വിലയിരുത്തുമ്പോള്‍ യമുനോത്രി, ബദ്രിനാഥ് പ്രദേശങ്ങളിലൊക്കെ ഭ്രംശ മേഖലകള്‍ കടന്നുപോകുന്നുണ്ട്. ഈ ഭാഗം നല്ല വിള്ളലുകള്‍ ഉള്ളതാണ്. ഇതുകൂടാതെ ജോഷിമഠ് പട്ടണം സ്ഥിതിചെയ്യുന്നതിന് സമീപത്തായി മറ്റ് രണ്ട് ഭ്രംശ മേഖലകള്‍ കൂടി കടന്നുപോകുന്നുണ്ട്. നേരത്തെ തന്നെ രൂപം കൊണ്ട ഇത്തരം വിള്ളലുകള്‍ പ്രദേശത്തെ ബാധിക്കുന്നതാണ്. ഹിമാലയം ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പശ്ചിമഘട്ട മലനിരകള്‍ വളരെ മുന്‍പ് തന്നെ രൂപംകൊണ്ടതാണ്. അതുകൊണ്ട് തന്നെ വളരെ ദൃഢവുമാണ്. ഹിമാലയന്‍ മലനിരകള്‍ക്ക് ഈ ദൃഢതയില്ലാത്തതും പ്രദേശത്തെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു.

പ്ലെയ്റ്റ് ടെക്‌റ്റോണിക് തിയറി പ്രകാരം, ഇന്ത്യന്‍ ഫലകം വര്‍ഷം തോറും വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുകയാണ്. ഇങ്ങനെ യൂറേഷ്യന്‍ ഫലകവുമായി കൂട്ടിയിടിക്കുന്ന പ്രക്രിയ തുടര്‍ന്നുകൊണ്ടും ഇരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ പ്രദേശത്ത് ഭൗമികസംഘര്‍ഷം സ്ഥിരമായി നില്‍ക്കുന്നു. ഇതുമൂലമുണ്ടാകുന്ന സമ്മര്‍ദ്ദം ഇടയ്ക്ക് ഇടയ്ക്ക് പുറത്തേക്ക് പോകുന്നുണ്ട്. ഇത്തരത്തില്‍ ഊര്‍ജ്ജം സംഭരിച്ചുവയ്ക്കുകയും അത് എപ്പോള്‍ വേണമെങ്കിലും മോചിപ്പിക്കാനും സാധ്യതയുള്ള പ്രദേശമാണ് ഹിമാലയന്‍ മേഖലകള്‍.

ജോഷിമഠില്‍ പണ്ടുണ്ടായ ഉരുള്‍പൊട്ടലിന്റെ ഫലമായി കൂറ്റന്‍ പാറകള്‍ മലഞ്ചരുവില്‍ വന്ന് അടിഞ്ഞിട്ടുണ്ട്. ഇതുമൂലം ക്ഷയിച്ച ശിലകളും മണ്ണും കൂടി ചേര്‍ന്ന കാഠിന്യം തീരെ കുറഞ്ഞ സ്ഥലം രൂപപ്പെട്ടിട്ടുണ്ട്‌. ഇതിന്റെ മുകളിലാണ് ഇവിടെ കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഇതിനും എത്രയൊ താഴെയാണ് ബലമുള്ള ശിലകള്‍ ഉള്ളത്. പ്രദേശത്തെ ആസ്പദമാക്കി നടന്നിട്ടുള്ള ശാസ്ത്രീയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്.

ഈ കാര്യങ്ങളെല്ലാം വിരള്‍ ചൂണ്ടുന്നത് ജോഷിമഠ് വളരെ ദുര്‍ബലമായ ഒരു പ്രദേശമാണെന്നന്നതാണ്. 1999-ലെ ചമോളി ഭൂകമ്പം പ്രദേശത്തെ കുറച്ചുകൂടി ദുര്‍ബലമാക്കി. 2013-ലെ കേദാര്‍നാഥ് പ്രളയം, 2021-ല്‍ ഹിമാനി ഉരുകി ഒഴുകിയതിന്റെ ഫലമായി ഉണ്ടായ മിന്നല്‍പ്രളയം. ഇത്തരത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതും പ്രദേശത്തിന്റെ ദുര്‍ബലാവസ്ഥയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

കാലാവസ്ഥാ മാറ്റങ്ങള്‍ ജോഷിമഠില്‍ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കേരളത്തിലും സമാനസാഹചര്യം നിലനില്‍ക്കുന്നുണ്ടല്ലോ. എല്ലാ വര്‍ഷവും ഉരുള്‍പൊട്ടല്‍. മഞ്ഞും മഴയും മാറിവരുന്നു. ജോഷിമഠില്‍ ഹിമാലയം ചൂഷണം ചെയ്യപ്പെടുന്നതാണ് കാരണമെങ്കില്‍ കേരളത്തിന്റെ സാഹചര്യത്തില്‍ അത് പശ്ചിമഘട്ടമാണ്?

മഴയിലുള്ള മാറ്റം വലിയൊരു ഘടകമാണ്. അതിതീവ്ര മഴ ചെറിയൊരു പ്രദേശം കേന്ദ്രീകരിച്ച് പെയ്യുന്നത് അപകടകരം തന്നെയാണ്. ഇത് ഹിമാലയത്തിലും പശ്ചിമഘട്ട മലനിരകളിലും സംഭവിക്കുന്നുണ്ട്. ഇങ്ങനെ പെയ്യുന്ന മഴയാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. പശ്ചിമഘട്ട മലനിരകളില്‍ വെട്ടുകല്ലുകളും ക്ഷയിച്ച പാറയും ചേര്‍ന്ന അവസ്ഥയാണുള്ളത്. ഇവിടെ ശക്തമായ മഴ പെയ്യുമ്പോള്‍, ഈ ഓവര്‍ബേഡന്‍ കുതിര്‍ന്ന് താഴോട്ടിറങ്ങുമ്പോഴാണ് ഉരുള്‍പൊട്ടലുകള്‍ സംഭവിക്കുന്നത്. കേരളത്തില്‍ അടുത്തിടെയായി സോയില്‍ പൈപ്പിങ് പോലുള്ള പ്രതിഭാസങ്ങള്‍ ധാരാളമായി കണ്ടുവരുന്നു. വീടുകള്‍ താഴ്ന്നുപോകുന്നതും വിള്ളല്‍ വീഴുന്നതുമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ മൈക്രോ സൊണേഷന്‍ പഠനങ്ങള്‍ നടത്തുന്നത് അഭികാമ്യമാണ്.

തപോവന്‍ വിഷ്ണുഘട്ട് ജലവൈദ്യുതി പദ്ധതി ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജോഷിമഠിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയതായി നിരീക്ഷണങ്ങളുണ്ട്. സുപ്രീം കോടതിയും ഭൗമശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധരും മുന്നറിയിപ്പ് നല്‍കിയിരുന്നതുമാണ്. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എന്‍.ടി.പി.സി.) തുരങ്കങ്ങളുടെ നിര്‍മാണം ജോഷിമഠിനെ ബാധിച്ചു എന്നുവേണം മനസിലാക്കാന്‍. നീളമുള്ള ഈ തുരങ്കങ്ങള്‍ ജലപ്രതലത്തെ മുറിച്ചു കൊണ്ടാണ്‌ കടന്നുപോകുന്നത്. അതിന്റെ ഫലമായാണ് വലിയ തോതിലുള്ള ജലച്ചോര്‍ച്ച അവിടെ നടന്നത്. 80- 70 ദശലക്ഷം ലിറ്റര്‍ വെള്ളം ഇത്തരത്തില്‍ വെറുതെ ഒഴുകിപ്പോയി എന്നുവേണം മനസിലാക്കാന്‍. ഇത്തരത്തില്‍ വെള്ളം ഒഴുകിപ്പോകുന്നത് മൂലം പ്രദേശത്ത് നിര്‍ജലീകരണം നടക്കുകയും അത് മൂലം സബ്‌സിഡന്‍സ് ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത പോലുള്ള സ്ഥലങ്ങള്‍ ഇത്തരത്തില്‍ ഭൂഗര്‍ഭ ജല ചൂഷണം മൂലം താഴ്ന്നുകൊണ്ടിരിക്കുകയാണ്.

പശ്ചിമഘട്ടത്തിലാണെങ്കിലും ഹിമാലയത്തിലാണെങ്കിലും വലിയ റോഡുകള്‍ നിര്‍മിക്കുമ്പോള്‍ ബ്ലാസ്റ്റിങ് വേണ്ടിവരും. ദുര്‍ബലമായൊരു പ്രദേശത്ത് നിയന്ത്രിതമല്ലാത്ത രീതിയിലുള്ള ബ്ലാസ്റ്റിങ് നടത്തുമ്പോള്‍ പ്രദേശത്ത് കൂടുതല്‍ കൂടുതല്‍ വിള്ളലുകള്‍ ഉണ്ടാകും. ശാസ്ത്രീയമല്ലാത്ത അഴുക്കുചാലുകള്‍ പോലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്.

ജോഷിമഠിലെ സാഹചര്യം ഉള്‍കൊണ്ടുകൊണ്ട് കേരളവും ജാഗരൂകമാകേണ്ടതുണ്ടോ

കേരളം മാത്രമല്ല, മലയോരപ്രദേശങ്ങളുള്ള ഏതൊരു സംസ്ഥാനവും കരുതല്‍ നടപടികള്‍ സ്വീകരിക്കണം. വികലമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഭൂവിനിയോഗ രീതിയും വലിയ പ്രശ്‌നങ്ങള്‍ എവിടെയും ഉണ്ടാക്കാം. പശ്ചിമഘട്ടത്തില്‍ ഇത്രയും രൂക്ഷമായ പ്രശ്‌നങ്ങള്‍ ഇല്ലയെങ്കിലും നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ജോഷിമഠില്‍ പുരോഗമിക്കുകയാണ്. എന്താണ് ഇനിയുള്ള ശാശ്വത പരിഹാരം ?

ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നത് ശാശ്വത പരിഹാരമായി തോന്നുന്നില്ല. ടൂറിസവും തീര്‍ത്ഥാടനും ആശ്രയിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തുന്നവരാണ് ജോഷിമഠിലെ ജനങ്ങള്‍. അവരുടെ ജീവനോപാധി നിലനിര്‍ത്തികൊണ്ടുള്ള പരിഹാരമാര്‍ഗങ്ങളാണ് തേടേണ്ടത്. കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഭൂകമ്പസാധ്യത പ്രദേശങ്ങളില്‍ ചെയ്യുന്നതുപോലെ ഭാരമില്ലാത്ത കെട്ടിടങ്ങള്‍ നിര്‍മ്മിക്കണം. പ്രദേശത്ത് വനവത്കരണം നടത്തുന്നത് വളരെ പ്രധാനമാണ്. പ്രദേശത്തിന്റെ ക്യാരിയിങ്ങ് കപ്പാസിറ്റി മനസിലാക്കി വേണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍. അത് മൂന്നാറില്‍ ആണെങ്കില്‍ പോലും.

Content Highlights: joshimath subsidence; Interview with Dr. S Sreekumar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022

Most Commented