ജയപ്രകാശ് കുളൂർ
താങ്കളുടെ കംപ്യൂട്ടറിലെ ഫോള്‍ഡറുകളിലും കടലാസുകളിലുമായി നൂറുകണക്കിന് നാടകങ്ങളുടെ സ്ക്രിപ്റ്റുകള്‍ അരങ്ങുകാത്ത് കിടക്കുന്നു. അത്രയും നാടകത്തില്‍ അഭിനയിക്കാന്‍ വേണ്ടതിനെക്കാള്‍ എത്രയോ അധികം പേര് താങ്കള്‍ക്കുമുന്നില്‍ അഭിനയമോഹവുമായി കാത്തിരിക്കുന്നു. എന്തുകൊണ്ട് എളുപ്പത്തില്‍ അവരെ അകത്തേക്ക് വിളിക്കുന്നില്ല
ഞാന്‍ ഉദ്ദേശിക്കുന്നരീതിയില്വേണം എന്റെ നാടകങ്ങള്‍ അരങ്ങിലെത്താന്‍. അതിന് ദിവസങ്ങളും മാസങ്ങളും ഒരുപക്ഷേ, വര്ഷങ്ങള്തന്നെയും മതിയായെന്നുവരില്ല. മുന്നിലെത്തുന്ന അഭിനേതാവിനെ നിരീക്ഷിച്ച് വിലയിരുത്തി പറ്റിയ കഥാപാത്രത്തെ കണ്ടെത്തണം. അയാളിലെ അഭിനയമാലിന്യങ്ങള് നീക്കംചെയ്യലാണ് എന്റെ ജോലി. ശരിക്കും ഒരു തോട്ടിപ്പണി. അവര്‍ എന്റെ നാടകം അഭിനയിക്കാന്‍ പൂര്ണസജ്ജരായെന്ന് ഉറപ്പായാല്മാത്രമേ അരങ്ങില്‍ അഭിനയിക്കാന്‍ ഞാന്‍ അനുമതി നല്‍കാറുള്ളൂ. കൂടുതല്പ്പേരൊന്നും വേണമെന്നില്ല, കുറച്ചുപേര്‍ മതി. നാടകം കൂടിയേകഴിയൂ എന്നുള്ളവരാണെങ്കില്‍ എത്ര പറഞ്ഞുവിട്ടാലും തിരിച്ചുവരും. ഏതുപരീക്ഷണങ്ങളെയും അതിജീവിക്കാന്‍ അവര്‍ക്കുകഴിയും.
ഇത്രയേറെ നാടകങ്ങളെഴുതിയിട്ടും ഒന്നോ രണ്ടോ പുസ്തകംമാത്രമേ താങ്കളുടെ പേരില്‍ പുറത്തിറങ്ങിയിട്ടുള്ളൂ
നാടകം പുസ്തകമാക്കിയാല്‍ ഓരോരുത്തരും സ്ക്രിപ്റ്റുകള്‍ അവര്ക്കുതോന്നിയവിധത്തില് കളിക്കും. അപ്പോഴത് ജയപ്രകാശ് കുളൂരിന്റെ നാടകമാവില്ല. ഓരോ നാടകത്തിനും എന്റെ മനസ്സില്‍ കൃത്യമായ ഒരു അവതരണമുണ്ട്. അതാണ് അരങ്ങില്‍ വരേണ്ടത്. എന്നുകരുതി ഇനി പുസ്തകം പുറത്തിറക്കില്ല എന്നല്ല. വൈകാതെ വന്നേക്കാം.
എന്താണ് കുളൂരിയന്‍ തിയേറ്റര്‍
അതിന്റെ അര്‍ഥമറിയാന്‍ ഇതുവരെ എനിക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ ശ്രമമാണ് ഞാന്‍ എന്നും നടത്തിക്കൊണ്ടിരിക്കുന്നത്. തിരിച്ചറിഞ്ഞാല്‍ അന്ന് എഴുത്തുനിര്ത്താനാണ് തീരുമാനം. കുളൂരിയന്‍ തിയേറ്റര്‍ എന്ന് ആദ്യം ഉപയോഗിച്ചത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്; ഒരു ലേഖനത്തിലൂടെ. പിന്നീട് അത് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. നാടകത്തെക്കാള്‍ എഴുതപ്പെടേണ്ടത് എന്റെ അനുഭവങ്ങളാണെന്ന് ജോയ് നിര്‍ബന്ധിക്കാറുണ്ട്.
നികുതിസംബന്ധമായ ജോലിയാണല്ലോ താങ്കളുടേത്. കണക്കുകളുടെ വിരസത ഏറെയുണ്ടാവും. മറുവശത്ത് ഭാവനയില്‍ വിരിയുന്ന നാടകങ്ങളും. പൊരുത്തപ്പെടുന്നതെങ്ങനെ
കണക്ക് എനിക്ക് വിരസമല്ല. നാടകത്തെപ്പോലെ രസകരമാണത്. രണ്ടും ആസ്വദിച്ചുചെയ്യുന്നു. ഒന്ന് ഇടതുതലച്ചോറിന്റെ ജോലിയാണെങ്കില്‍ മറ്റേത് വലതുതലച്ചോറിന്റെ ജോലി. ഒരര്‍ഥത്തില്‍ രണ്ടും തമ്മിലുള്ള സമരസമാണ് എന്റെ രസം.
കൊങ്ങിണിയാണല്ലോ ഇപ്പോഴും വീട്ടില്‍ ഉപയോഗിക്കുന്ന ഭാഷ. കേരളത്തിലെത്തി കാലമിത്ര കഴിഞ്ഞിട്ടും ആ ഭാഷയും സംസ്കാരവും ഒപ്പമുണ്ട്.
അച്ഛനാണ് വന്നത്. ഞാനിവിടെ ജനിച്ചുവളര്‍ന്നതാണ്. കുളൂര്‍ ദക്ഷിണ കര്‍ണാടകയിലെ ഒരു ഗ്രാമമാണ്. അച്ഛച്ഛന്റെ ഗ്രാമം. രണ്ടുഭാഷയും സംസ്കാരങ്ങളും എനിക്കൊപ്പമുണ്ട്. മലയാളികള്‍ക്കൊപ്പം നൂറുശതമാനം മലയാളിയായി ജീവിക്കുന്നു; വീട്ടില്‍ കൊങ്ങിണിയും. രണ്ടുസംസ്കാരങ്ങളുടെ കൂടിച്ചേരലാണ് എന്റെ നാടകചിന്തകള്ക്കാധാരം. കേരളത്തിലാണെന്നുകരുതി എന്റെ കുടുംബം പിന്തുടര്‍ന്ന രീതികള്‍ മാറ്റാനൊന്നും ശ്രമിച്ചിട്ടില്ല. ഭക്ഷണത്തില്‍പ്പോലും പരമ്പരാഗതമായ ശീലങ്ങളുണ്ട്.
ഏകപാത്രനാടകങ്ങള്‍ താങ്കള്‍ കൂടുതലായി എഴുതിയിട്ടുണ്ട്. പക്ഷേ, ഇത്തരം നാടകങ്ങളെ പലരും നാടകങ്ങളായി അംഗീകരിച്ചിട്ടില്ലല്ലോ
തൊണ്ണൂറുകളില്‍ ഞാന്‍ ഒരാള്‍മാത്രം അഭിനയിക്കുന്ന നാടകങ്ങള്‍ ചെയ്യുമ്പോള്‍ കൂട്ടായ്മയെ നശിപ്പിക്കുന്നു എന്നായിരുന്നു പ്രധാന പരാതി. അടുത്ത ചങ്ങാതിമാര്വരെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ന് സംഗീതനാടക അക്കാദമിവരെ ഏകപാത്ര നാടകോത്സവങ്ങള്‍ സംഘടിപ്പിക്കുന്നു. ഇവിടെ കൂട്ടായ്മ നഷ്ടപ്പെടുകയല്ല, അഭിനേതാക്കളും പ്രേക്ഷകരും തമ്മില്‍ വലിയൊരു കൂട്ടായ്മ രൂപപ്പെടുകയാണ് ചെയ്യുന്നത്. ഭരതമുനി പറഞ്ഞുവെച്ച ദശരൂപകങ്ങളിലൊന്നായ ബാണമാണ് ഏകപാത്രനാടകം എന്നാണ് എന്റെ വിശ്വാസം. ബാണം എന്നാല്‍ അമ്പുതന്നെ. എയ്യുമ്പോള്‍ ഒന്നാണെങ്കിലും കൊള്ളുന്നത് പലര്‍ക്കാണ്. ഇതൊന്നും ഞാന്‍ പറയേണ്ടതല്ല. നാടകചരിത്രം അന്വേഷിക്കുന്നവര്‍ കണ്ടെത്തേണ്ടതാണ്.
ലോകനാടകങ്ങള്ക്കൊപ്പം എത്തുന്നുണ്ടോ നമ്മുടെ നാടക നിലവാരം
അങ്ങനെയുള്ള താരതമ്യങ്ങളുടെ ആവശ്യമേയില്ല. ഓരോ നാടിന്റെയും പ്രത്യേകതകള്‍ മുന്‍നിര്‍ത്തി അതതിടങ്ങളില്‍ നാടകങ്ങള്‍ വ്യാപകമായി രൂപപ്പെടുന്നുണ്ട്. നമുക്ക് സമര്‍ഥരായ ഒട്ടേറെ നാടകപ്രവര്‍ത്തകരുണ്ട്. അവരെല്ലാം നല്ല നാടകങ്ങള്‍ക്കുവേണ്ടി വലിയ ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്. നാളെ നല്ല കുറെ നാടകങ്ങള്‍ നമുക്കുമുന്നില്‍ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.
Content Highlights: jayaprakash kuloor interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..