ഇത് പെണ്ണിനെന്ത് ചെയ്യാന്‍ പറ്റുമെന്ന് ചോദിച്ചവര്‍ക്കുള്ള ഉത്തരം: 21 വയസ്സുകാരി ബ്രാഞ്ച് സെക്രട്ടറി


അശ്വതി അനില്‍ | aswathyanil@mpp.co.in

2 min read
Read later
Print
Share

'നിപ കാലത്തും കോവിഡ് കാലത്തുമെല്ലാം ആരോഗ്യകേരളത്തെ നയിച്ച ശൈലജ ടീച്ചറുള്ള നാടല്ലേ ഇത്. ഇവിടെ സ്ത്രീകള്‍ക്ക് എന്താണ് സാധിക്കാത്തത്? ഇടതുപക്ഷത്തിന് മാത്രമാണ് ഇത്രയും ധൈര്യത്തോടെ ഇത്തരം നിലപാടുകള്‍ പിന്തുടരാന്‍ കഴിയുന്നത് എന്നാണ് തോന്നുന്നത്. '

ജസീമ

സീമ ദസ്തക്കീര്‍, സിപിഎമ്മിന്റെ ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് സെക്രട്ടറി. 21 വയസ്സ്. വിദ്യാര്‍ഥി രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ചൂടാറും മുന്‍പാണ് ബ്രാഞ്ച് സെക്രട്ടറി എന്ന പദവി ജസീമയെ സിപിഎം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം എന്താണെന്ന് തനിക്ക് ബോധ്യമുണ്ടെന്നും അത് നിറവേറ്റാനായി പ്രവര്‍ത്തിക്കുമെന്നും ജസീമ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. പുതിയ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ജസീമ പറയുന്നു.

ആശങ്കയുണ്ട്, ആത്മവിശ്വാസമുണ്ട്

കൊല്ലം ചാത്തന്നൂര്‍ ഏരിയ കമ്മിറ്റിയിലെ ചാത്തന്നൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ വയലിക്കട ബ്രാഞ്ച് സെക്രട്ടറിയായാണ് എന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. ബ്രാഞ്ച് കമ്മിറ്റിയില്‍ നേരത്തെ തന്നെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യം മുന്‍കൂട്ടി ഞാനുമായി സംസാരിച്ചിട്ടൊന്നുമില്ല. പെട്ടന്നായിരുന്നു പ്രഖ്യാപനം. കേട്ടപ്പോള്‍ സന്തോഷം തോന്നി. പക്ഷെ ടെന്‍ഷനായിരുന്നു കൂടുതല്‍. മുതിര്‍ന്ന സഖാക്കള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച പദവിയാണ്. എന്നെ കൊണ്ട് അവരെപ്പോലെ ചെയ്യാന്‍ കഴിയുമോ എന്നൊക്കെയായിരുന്നു പേടി. പക്ഷെ കൂടെയുള്ളവര്‍ ധൈര്യം നല്‍കി. പ്രാദേശികതലത്തില്‍ പാര്‍ട്ടി ഉദ്ദേശിക്കുന്ന പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഇപ്പോഴുണ്ട്.

നാടിനെ അറിയാം, നാട്ടുകാരേയും

എന്റെ ബ്രാഞ്ചിലുള്ള ഓരോ വീടും, ഓരോ ആളേയും എനിക്ക് നന്നായി അറിയാം. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനകാലം മുതല്‍ തന്നെ നാട്ടില്‍ സജീവമായി നിന്നിരുന്ന ആളാണ് ഞാന്‍. പ്രളയകാലത്തും കോവിഡ് കാലത്തുമെല്ലാം ഡിവൈഎഫ്‌ഐയുടെയും പാര്‍ട്ടിയുടെയും വളണ്ടിയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എനിക്ക് നാടിനെ അറിയുന്നത് പോലെ നാട്ടുകാര്‍ക്ക് എന്നേയും അറിയാം എന്നാണ് കരുതുന്നത്. അതുകൊണ്ടാവാം ബ്രാഞ്ച് സെക്രട്ടറി പോലെയൊരു പദവി എന്നെ ഏല്‍പ്പിച്ചത്. ഈ ഉത്തരവാദിത്തം കൈകാര്യം ചെയ്യാന്‍ എനിക്കാവുമെന്ന് പാര്‍ട്ടിക്ക് വിശ്വാസമുണ്ടാവും. ഒന്നും കാണാതെ പാര്‍ട്ടി ഇങ്ങനെ ചെയ്യില്ലല്ലോ.

ഞാന്‍ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിരവധി സമരങ്ങളില്‍ പങ്കെടുത്തു. ഇപ്പോള്‍ എസ്.എഫ്.ഐ. ചാത്തന്നൂര്‍ ഏരിയ ജോയിന്റ് സെക്രട്ടറിയും മാതൃകം ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മേഖലാ ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്നുണ്ട്.

എതിര്‍പ്പുകളില്ല, പരിപൂര്‍ണ പിന്തുണയുമായി സഖാക്കള്‍

ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തതില്‍ എതിര്‍പ്പുകളൊന്നും ഉള്ളതായി തോന്നിയിട്ടില്ല. എല്ലാവരും അഭിനന്ദിച്ചു. ധൈര്യം പകര്‍ന്നു. എന്തിനും കൂടെ നില്‍ക്കുമെന്ന് തന്നെയാണ് എന്റെ സഖാക്കള്‍ ഉറപ്പ് നല്‍കിയിട്ടുള്ളത്. ഞാന്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരുപാട് മുതിര്‍ന്ന സഖാക്കള്‍ കൂടെയുണ്ട്. അത് തന്നെയാണ് എന്റെ ധൈര്യവും.

സിപിഎമ്മിന് മാത്രം പിന്തുടരാന്‍ കഴിയുന്ന രീതി

സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും നേതൃസ്ഥാനങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎം. ഇത്തരം പദവികളില്‍ സ്ത്രീകള്‍ എത്തേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും പാര്‍ട്ടിക്ക് ബോധ്യമുണ്ട്. പെണ്ണിനെന്ത് ചെയ്യാന്‍ പറ്റുമെന്ന് ചോദിക്കുന്നവര്‍ക്ക് പെണ്ണിനെന്താണ് ചെയ്യാന്‍ പറ്റാത്തത് എന്ന് തെളിയിച്ചുകൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. നിപ കാലത്തും കോവിഡ് കാലത്തുമെല്ലാം ആരോഗ്യകേരളത്തെ നയിച്ച ശൈലജ ടീച്ചറുള്ള നാടല്ലേ ഇത്. ഇവിടെ സ്ത്രീകള്‍ക്ക് എന്താണ് സാധിക്കാത്തത്? ഇടതുപക്ഷത്തിന് മാത്രമാണ് ഇത്രയും ധൈര്യത്തോടെ ഇത്തരം നിലപാടുകള്‍ പിന്തുടരാന്‍ കഴിയുന്നത് എന്നാണ് തോന്നുന്നത്.

വിദ്യാഭ്യാസം, കുടുംബം

ഈ വര്‍ഷം ചാത്തന്നൂര്‍ എസ്.എന്‍ കോളേജില്‍ നിന്ന് ബി.എ ഫിലോസഫി പൂര്‍ത്തിയാക്കി. കൂടെ മെഡിക്കല്‍ കോഡിങ് എന്നൊരു ഓണ്‍ലകോഴ്‌സ് കൂടി ചെയ്യുന്നുണ്ട്. തുടര്‍പഠനം നടത്താന്‍ എല്‍എല്‍ബിയാണ് താല്‍പര്യം.

അച്ഛന്‍ ദസ്തക്കീര്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമാണ്. 28 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം തിരിച്ചുവന്ന് പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചു. വാപ്പച്ചിയും ഈ രംഗത്ത് തന്നെ ആയതിനാല്‍ ഞാന്‍ പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. ഉമ്മച്ചിയായാലും ബന്ധുക്കളായാലും പിന്തുണയ്ക്കും.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Premium

41:16

ഷീലയോട് ഞാന്‍ പറഞ്ഞു: വിവാഹത്തിന് മുന്‍പ് 'കുട്ടി' ഉണ്ടായിട്ടുണ്ട് | ചിറ്റിലപ്പിള്ളിയുമായി അഭിമുഖം

Apr 28, 2023


vilayil faseela

4 min

'നമ്മെ ആവശ്യമുള്ളവര്‍ ഇപ്പോഴും വിളിക്കും'; VM കുട്ടിയില്ലെങ്കില്‍ ഞാനില്ലെന്നുപറഞ്ഞ ഫസീലയും ഇനിയില്ല

Aug 12, 2023


governer
Premium

3 min

തമിഴ്‌നാട് ഗവര്‍ണറുടെ നടപടി തെറ്റ്; പിന്‍വാങ്ങേണ്ടി വന്നത് ഭരണഘടനയുടെ കരുത്ത് മൂലം- പി.ഡി.ടി ആചാരി

Jul 1, 2023


Most Commented