എന്തുകൊണ്ടാണ് മെലഡിയൊന്നും പാടാന്‍ എന്നെ വിളിക്കാത്തത് സംഗീതസംവിധായകരേ?


പുഷ്പവതി പൊയ്പാടത്ത്/ രമ്യ ഹരികുമാര്‍



Premium

പുഷ്പവതി പൊയ്പാടത്ത്

ചെമ്പാവ് പുന്നെല്ലിന്‍ ചോറോ..
നിന്റെ മുത്താരം മിന്നുന്ന മുല്ലപ്പൂച്ചിരിയോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ...

കേരളം മുഴുവന്‍ ഏറ്റുപാടിയ ഈ പാട്ടുപോലും വേദികളില്‍ മറ്റുളളവര്‍ പാടുന്നത് കേട്ടിരിക്കേണ്ടി വന്ന പാട്ടുകാരി, താനൊരു പിന്നണി ഗായികയായെന്ന് യാത്രക്കിടയില്‍ ബസില്‍ വെച്ച പാട്ടിലൂടെ മനസ്സിലാക്കേണ്ടി വന്നവള്‍..ഗാനഭൂഷണവും ഗാനപ്രവീണയും മികച്ച സ്‌കോറില്‍ പാസ്സായിട്ടും അര്‍ഹിച്ച തൊഴിലവസരങ്ങള്‍ പോലും നിഷേധിക്കപ്പെട്ടു. ഈ വേര്‍തിരിവുകള്‍ക്കെതിരേ പാട്ടിലൂടെ പോരാടിയ സംഗീതകാരിയാണ് പുഷ്പവതി പൊയ്പാടത്ത്. സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷയായി ചുമതലയേറ്റ പുഷ്പവതി തന്റെ ജീവിതത്തെ കുറിച്ചും പാട്ടുവഴികളെ കുറിച്ചും മനസ്സുതുറക്കുന്നു.

'നല്ലതല്ല ഒരുവന്‍ ചെയ്ത നല്ലകാര്യം മറപ്പത്..
നല്ലതല്ലാത്തത് ഉടനെ മറന്നീടുക...'
- ശ്രീനാരായണഗുരുവിന്റെ സദാചാരം എന്ന കൃതിയുടെ തുടക്കം ആലപിച്ചുകൊണ്ടാണ് പുഷ്പവതി സംസാരിച്ചുതുടങ്ങിയത്.

സംഗീതനാടക അക്കാദമിയുടെ ഉപാധ്യക്ഷയായിട്ട് ചുമതലയേറ്റിരിക്കുകയാണ്. അഭിനന്ദനങ്ങള്‍.. ആര്‍.എല്‍.വി.രാമകൃഷ്ണന്‍, മന്‍സിയ തുടങ്ങിയ കലാകാരന്മാര്‍ക്ക് വേദി നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടായി. ആ ഒരു കാലത്താണ് പുഷ്പവതി സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷ ആയി ചുമതലയേല്‍ക്കുന്നത്. പുഷ്പവതി എന്ന പേരിനൊപ്പം ചേരുന്ന ചില ഘടകങ്ങള്‍ ഉണ്ടല്ലോ. ദളിത് സ്ത്രീ ഉപാധ്യക്ഷ പദവിയിലെത്തുന്നു. ഈ ചുമതലയെ നോക്കിക്കാണുന്നത് എങ്ങനെയാണ്?

നമ്മുടെ ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസരിച്ചുളള പ്രാതിനിധ്യവും അവകാശങ്ങളും എല്ലാവര്‍ക്കുമുണ്ടെന്ന ഉത്തമമായ ബോധ്യമെനിക്കുണ്ട്. അതാണ് അടിസ്ഥാനം. അതില്‍നിന്നുകൊണ്ട് കാര്യങ്ങള്‍ മനസ്സിലാക്കാനും എന്നാല്‍ കഴിയുന്ന രീതിയില്‍ കാര്യങ്ങള്‍ പോകാനും ഉളള ഇടപെടലുകള്‍ ഉണ്ടാകണം എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

അക്കാദമി ചെയര്‍മാനായി ചുമതലയേറ്റതിനുശേഷം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി പറഞ്ഞിരുന്നല്ലോ ആരാണ് അവതരിപ്പിക്കുന്നത് എന്നല്ല അവതരണത്തിലെ കൃത്യതയും മികവും നോക്കിയാണ് കലാകാരന്മാര്‍ക്ക് അവസരം നല്‍കുക എന്ന്..

മികവ് തീര്‍ച്ചയായും നോക്കണം. എന്നെ സംബന്ധിച്ച് സംഗീതം പഠിക്കുന്ന സമയത്ത് അങ്ങേയറ്റം മികവ് പുലര്‍ത്തിയിട്ടാണ് ഓരോ റിസള്‍ട്ടുകളും ഉണ്ടായിട്ടുളളത്. പഠനകാലത്ത് ഒന്നും പഠിക്കാതെ ഒരു ദളിത് ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ കഴിവ് നമ്മള്‍ പരമാവധി തെളിയിക്കണം. അതിനുവേണ്ടിയുളള പരിശ്രമം ഉണ്ടാകണം. എന്നിട്ട് വേദികള്‍ ഉണ്ടാകാതെ വരുമ്പോള്‍ എന്തുകൊണ്ട് എന്ന ചോദ്യം ഉണ്ടാകും. തീര്‍ച്ചയായിട്ടും എന്റെ ഭാഗത്ത് നിന്ന് ആ ചോദ്യം ഉണ്ടായിരിക്കും.

അച്ഛന്റെ മടിയിരുന്ന് അച്ഛന്‍ പാടിക്കേട്ട പാട്ടുകളാണ് സംഗീതത്തിലേക്കുളള ചുവടുവെപ്പായതെന്ന് കേട്ടിട്ടുണ്ട്. കുട്ടിക്കാലത്തെ പാട്ടോര്‍മകളെ കുറിച്ച് പറയാമോ?

അച്ഛന്‍ നല്ല പ്രണയഗാനങ്ങള്‍ പാടുമായിരുന്നു. ബാബുക്കയുടെ പാട്ടുകള്‍ ഭയങ്കര ഇഷ്ടമാണ്. കെ.പി.എ.സിയുടെ പാട്ടുകളാണ് പിന്നെ പാടിക്കേട്ടിട്ടുളളത്. എന്റെ അച്ഛന്‍ ഒരു നാടന്‍പാട്ട് പോലും പാടി ഞാന്‍ കേട്ടിട്ടില്ല. എന്റെ അച്ഛന്റെ ഇഷ്ടഗാനങ്ങള്‍ പ്രണയം നിറഞ്ഞ ഗാനങ്ങളായിരുന്നു.

മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി
മധുമാസ ചന്ദ്രിക വന്നു.
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ..
പ്രേമചകോരി ചകോരീ ചകോരി...
യൂക്കലേലയില്‍ താളമിട്ട് അച്ഛന്റെ പ്രിയഗാനം അവര്‍ പാടി..

അച്ഛന്‍ തന്നെയാണോ പാട്ടുപഠിപ്പിക്കാനായി കൊണ്ടുചേര്‍ത്തത്?

അച്ഛന്‍ അങ്ങനെ ഉത്തരവാദിത്തം ഉണ്ടായിരുന്ന ആളല്ല. പക്ഷേ അച്ഛന്‍ വളരെ സ്‌നേഹമുളളയാളായിരുന്നു. ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ സംഗീതം പഠിക്കാന്‍ പോകുന്നത്. എന്റെ കുഞ്ഞോപ്പ, ഇളയ ചേട്ടന്‍ ആണ് ദ്രൗപതി നങ്ങ്യാർ എന്ന ടീച്ചറുടെ അടുത്ത് സംഗീതം പഠിക്കാന്‍ കൊണ്ടാക്കുന്നത്. എന്നെ സംഗീതം പഠിപ്പിക്കുന്ന കാര്യത്തില്‍ ചേട്ടന്‍ ഭയങ്കര പിന്തുണയായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് പാലക്കാട്ട് സംഗീത കോളേജില്‍ കൊണ്ടുചെന്നാക്കാനും ചേട്ടനാണ് ഉണ്ടായിരുന്നത്.

ഞങ്ങളുടെ കുട്ടിക്കാലം ഭയങ്കര രസമാണ്. പെണ്‍കുട്ടികള്‍ സ്വാതന്ത്ര്യം അനുഭവിച്ച് വളരുന്ന ഒരു കാലമായിരുന്നില്ല. പക്ഷേ ഞാന്‍ സൈക്കിളിങും ഫുട്‌ബോളും നന്നായി കളിച്ചാണ് വളര്‍ന്നത്. അത് ആണ്‍കുട്ടികള്‍ക്ക് മാത്രം തീറെഴുതിയിട്ടുളള കളികള്‍ അല്ലല്ലോ. എല്ലാ കളികളും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ച് ഉണ്ടാകണം. കായികമായിട്ടുളള അത്തരം കളികളില്‍ ഒത്തിരി ആത്മവിശ്വാസം ഉണ്ടാകും. എനിക്കത് ഉണ്ടായിട്ടുളളത് എന്റെ കുഞ്ഞോപ്പയുടെ പിന്തുണ കൊണ്ടായിരുന്നു. എന്നെ സൈക്കിള്‍ ചവിട്ട് പഠിപ്പിച്ചത് ചേട്ടനാണ്. അന്നൊക്കെ പെണ്‍കുട്ടികള്‍ സൈക്കിള്‍ ചവിട്ടിയാല്‍ ആളുകള്‍ കളിയാക്കും. പക്ഷേ എനിക്ക് കളിച്ചുവളര്‍ന്നതിന്റെ ഉശിരുണ്ടല്ലോ. എന്നോട് മത്സരിക്കാന്‍ വരും ആമ്പിള്ളേര്. തോല്‍ക്കാന്‍ എനിക്കിഷ്ടമായിരുന്നില്ല. അന്നത്തെ എന്റെ കൂട്ടുകാരികള്‍ക്ക് സൈക്കിള്‍ ചവിട്ടി നടക്കുക എന്നുപറഞ്ഞാല്‍ സ്വപ്‌നം കാണാന്‍ കഴിയില്ല. സാമ്പത്തികമില്ലാഞ്ഞിട്ടല്ല, സദാചാരത്തിന്റെ ഭാഗമായിട്ട്. എനിക്ക് സാമ്പത്തികമില്ലാഞ്ഞിട്ട് പോലും വാടകയ്ക്ക് സൈക്കിള്‍ എടുത്ത് ചവിട്ടും. ഞാന്‍ സ്‌കൂളിലേക്ക് ആദ്യമായി സൈക്കിള്‍ ചവിട്ടി ചെന്നപ്പോള്‍ ആ സ്‌കൂളിലെ അധ്യാപകരും കുട്ടികളും ഇറങ്ങിനിന്ന് നോക്കിയിട്ടുണ്ട്. ഇന്ന് അവിടെ പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ വെക്കാന്‍ ഷെഡുണ്ട്. കാലം പുരോഗമിച്ചു, നമ്മളെ പോലുളള ആളുകളുടെ തുടക്കങ്ങളൊക്കെ അതിലുണ്ടായിട്ടുണ്ട്.

പറഞ്ഞുവന്നത് ചേട്ടന്‍ എന്നെ സിനിമ കാണാന്‍ കൊണ്ടുപോകും. ഫസ്റ്റ് ഷോയ്ക്കും സെക്കന്‍ഡ് ഷോയ്ക്കുമെല്ലാമാണ് പോകുന്നത്. ഒന്നുകില്‍ ചേട്ടന്‍ എന്നെ പിറകിലിരുത്തും. അല്ലെങ്കില്‍ ഞാന്‍ ചേട്ടനെ പിറകില്‍ ഇരുത്തും.സാധാരണ സിനിമയൊന്നുമല്ല കാണുക. ജാന്‍ക്ലൈവിന്റെ, സില്‍വര്‍സ്റ്റര്‍ സ്‌റ്റെലോണ്‍, ബ്രൂസ് ലി, ജാക്കിചാന്‍ ഇവരുടെയൊക്കെ സിനിമ നാട്ടിന്‍പുറത്തെ തിയേറ്ററില്‍ വരുമ്പോള്‍ സാധാരണ ഇംഗ്ലീഷ് സിനിമ വരുമ്പോള്‍ പെണ്‍കുട്ടികള്‍ ഒന്നും ആ ഭാഗത്തേക്ക് പോകാന്‍ പാടില്ല.ചേട്ടന്‍ ആദ്യം പോയി സിനിമ കാണും. അതെന്തിനാണ് എന്നുവെച്ചാല്‍ സിനിമയ്ക്കിടയില്‍ ഇവര്‍ പീസിടും അത്തരം ദുരാചാരങ്ങള്‍ അന്നുണ്ടായിരുന്നു.. അതില്‍ പെട്ടുപോകരുതല്ലോ. ഞങ്ങള്‍ സിനിമ കാണാന്‍ ഇരിക്കുമ്പോള്‍ ഫ്രണ്ടിലിരിക്കുന്ന പുരുഷന്മാര്‍ തിരിഞ്ഞുനോക്കിക്കൊണ്ടിരിക്കും. അങ്ങനത്തെ ഒരു സമൂഹമായിരുന്നു അന്ന്.

സംഗീതം തന്നെയാണ് വഴി എന്ന് തിരിച്ചറിയുന്നത് എങ്ങനെയാണ്? മെന്റര്‍മാര്‍ ആരെങ്കിലും ഉണ്ടായിരുന്നോ?

നമ്മുടെ ഉളളില്‍ സംഗീതം ഉളളതുകൊണ്ട് നമ്മള്‍ തന്നെയായിരിക്കണം മെന്റര്‍ എന്നാണ് തോന്നുന്നത്. പ്രീഡിഗ്രി മുഴുവന്‍ ഞാന്‍ ഇങ്കുലാബ് വിളിച്ച് നടന്ന് കുളമാക്കിയിരുന്നു. സംഗീതമാണ് എന്റെ വഴി എന്ന തിരിച്ചറിവുണ്ടാകുന്നത് അതിനുശേഷമാണ്. അങ്ങനെ എന്റെ ഒരു സുഹൃത്ത് വഴി അവിടുത്തെ മ്യൂസിക് കോളേജിലെ അപേക്ഷ ഫോം കിട്ടി, അപേക്ഷിച്ചു. അവിടെ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് മനസ്സിലായി ഇതാണ് എന്റെ വഴിയെന്ന്. അവിടം മുതല്‍ ഞാന്‍ വളരെയധികം ആത്മാര്‍ഥതയോടെയാണ് പഠിച്ചിട്ടുളളത്.

പ്രീഡിഗ്രി സമയത്ത് അന്നത്തെ സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളെല്ലാം എന്റെ തലയിലാണെന്ന ചിന്തയായിരുന്നു. പല്ലി ഉത്തരം താങ്ങുമ്പോലത്തെ അവസ്ഥ. പഠനത്തില്‍ ഭയങ്കര പിന്നിലായിരുന്നു. വല്ല ആലിന്റെ ചുവട്ടില്‍ പോയിരിക്കും. അങ്ങനെ അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് നടന്ന കാലം. വീട്ടുകാര്‍ക്ക് മനസ്സിലായി ഞാന്‍ ഉഴപ്പുകയാണെന്ന്. അങ്ങനെയാണ് ഞാന്‍ പാലക്കാട് പഠിക്കാന്‍ പോവുകയാണ്. പഠിക്കാന്‍ പോയാല്‍ ശരിയാവില്ല. ഞങ്ങളുടെ കണ്‍മുന്നില്‍ ഇരുന്നിട്ട് തന്നെ ഭയങ്കര ഉഴപ്പാണ്. പിന്നെ അവിടെ പോയാല്‍ എന്തായിരിക്കും സ്ഥിതി എന്നുളളത്. എനിക്ക് പോകണം പഠിക്കണം എന്നുളളത് എന്റെ തീരുമാനമായിരുന്നു. അങ്ങനെ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. ആ സമയത്ത് കുറച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ പഠനത്തെ അത് ബാധിച്ചില്ല. അത് ബാധിക്കാതിരിക്കാനുളള ജാഗ്രത എന്റെ ഭാഗത്ത് ഉണ്ടായിരുന്നു.

പക്ഷേ ഗാനപ്രവീണ പഠിക്കാന്‍ സമയത്ത് പഠിച്ചത് മതി. നിന്നെ പഠിപ്പിക്കാന്‍ ഉളള ശേഷി അമ്മയ്ക്കില്ല മോളേ എന്ന് അമ്മ പറഞ്ഞു. അന്നുമുതല്‍ ഞാന്‍ കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ തുടങ്ങി. പാലക്കാട് നിന്ന് ചെന്ത്രാപ്പിന്നിയിലെത്തി കുട്ടികള്‍ക്ക് ക്ലാസെടുക്കും. ശനിയാഴ്ച രാവിലെ ഞാന്‍ വടക്കുംനാഥനില്‍ പോയി തൊഴും. അന്നെനിക്ക് നടേശന്‍ മാഷ്ടെ അടുത്ത് ട്യൂഷന്‍ ഉണ്ട്. വടക്കുന്നാഥനില്‍ തൊഴുത് നടേശന്‍ മാഷിന്റെ അടുത്തക്കേ് നടക്കും. അതുകഴിഞ്ഞ് വീട്ടില്‍ പോകും. പിറ്റേന്ന് കാലത്ത് എഴുന്നേറ്റ് ഗുരുവായൂര്‍ അമ്പലത്തില്‍ പോയി തൊഴും. പിന്നെ പടിഞ്ഞാറെ നടയില്‍ നിന്ന് കൊടുങ്ങല്ലൂര്‍ വണ്ടിയില്‍ കയറി ചെന്ത്രാപ്പിന്നിയില്‍ ഇറങ്ങും. ഒരു 36 കുട്ടികള്‍ ഉണ്ടായിരുന്നു ആ സമയത്ത്. പാട്ടുപഠിപ്പിച്ച് കിട്ടുന്ന പൈസ ഞാന്‍ അമ്മയ്ക്ക് കൊടുക്കും. അമ്മയുടെ ബുദ്ധിമുട്ടുകള്‍ മാറ്റാന്‍ വേണ്ടി അങ്ങനെയെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്. അതൊക്കെ ഭയങ്കര അഭിമാനമുളള കാര്യമല്ലേ. എന്നിട്ടാണ് നമ്മളൊക്കെ ഇവിടെ വന്ന് നില്‍ക്കുന്നത്. നമ്മള്‍ ഒരു സ്ഥാനത്തേക്ക് എത്തുമ്പോള്‍ അതിലേക്കുളള ദൂരം ഒരുപാട് ഉണ്ടായിരുന്നുവെന്നുളള സാമൂഹികമായ സത്യം സമൂഹം അറിയണം. അത് ഒരു സന്ദേശമാണ്. സാമൂഹികവും സാമ്പത്തികവും തമ്മില്‍ നല്ല അന്തരമുണ്ട്.

പഠനകാലത്ത് സാമൂഹിക പ്രശ്‌നങ്ങളെല്ലാം എന്റെ തലയിലായിരുന്നു എന്ന ചിന്തിച്ച ഒരു കാലമുണ്ടല്ലോ. ആ ഒരു കാലമാണോ പാട്ടിലൂടെ ഒരു പോരാട്ടത്തിലേക്ക് വരാനുളള കാരണമായത്?

അത്തരം വിഷയങ്ങളില്‍ കുഞ്ഞുകാലത്ത് തന്നെ ഫോക്കസ് ഉണ്ടായിരുന്നല്ലോ. സംഗീതം പഠിച്ചപ്പോഴും പഠിച്ചിറങ്ങിയപ്പോഴും അതൊക്കെ ഉളളിലുണ്ട്. പാട്ടിലാണെങ്കിലും അങ്ങനെ വരുന്നത് അതുകൊണ്ടാണ്.

ശ്രീനാരായണഗുരു, പൊയ്കയില്‍ അപ്പച്ചന്‍ എന്നിവരുടെ കൃതികള്‍ അതിനായി തിരഞ്ഞെടുത്തു

സമൂഹത്തിന് വെളിച്ചം ഉണ്ടാക്കുക എന്നുളളതാണ്. എല്ലാവരേയും ഓരോ കളളികളിലേക്ക് നിര്‍ത്തിയിരിക്കുകയാണ്. പൊതുസമൂഹം എന്നുളളത് അതിന്റെ ഒരു കൂടിച്ചേരല്‍ എല്ലാം ഇല്ലാതെ വരുന്നുണ്ട്. എല്ലാവരേയും ഒന്നിപ്പിക്കുന്ന ഇടങ്ങള്‍ സൃഷ്ടിക്കുക എന്നുളളതാണ് അത്തരം സംഗീതം തിരഞ്ഞെടുക്കുന്നതിനുളള കാരണം. കാരണം നമ്മുടെ സമൂഹത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകാന്‍ ഇങ്ങനെയുളള സാംസ്‌കാരിക ഇടപെടലുകള്‍ അത്യാവശ്യമാണ്. മനുഷ്യന്മാരായിട്ട് സമാധാനത്തില്‍ ജീവിക്കണമെങ്കില്‍ മൂല്യബോധ നിര്‍മിതികള്‍ സമൂഹത്തില്‍ ഉണ്ടാകണം. അതിനുവേണ്ടി കഷ്ടപ്പെട്ട മുന്‍തലമുറയിലുളള ഒരുപാട് ആളുകള്‍ ഉണ്ട്. ഗുരുവാണെങ്കിലും പൊയ്കയില്‍ അപ്പച്ചനാണെങ്കിലും അവരുടെ കൃതികളില്‍ അത് നിറയെ ഉണ്ട്. ഇന്നത്തെ കാലത്ത് നമുക്ക് അഡ്രസ് ചെയ്യാന്‍ അവരുടെ വരികള്‍ എടുക്കേണ്ടി വരുന്നു.

ഇപ്പോഴും ജാതീയമായ ഒരു വേര്‍തിരിവ് നിലനില്‍ക്കുന്നുണ്ട് എന്ന് കരുതുന്നുണ്ടോ?

വെളളത്തിലെ ഉപ്പുപോലെ ഉണ്ട്. എല്ലായിടത്തും ഉണ്ട്.

കലയിലോ?

ഒരു സമൂഹത്തിന്റെ പ്രതിഫലനമാണ് കല. അതുകൊണ്ട് തീര്‍ച്ചയായിട്ടും അതുണ്ടാകുമല്ലോ. ആധികാരികകലകളിലും പ്രശസ്തിയും പണവുമുണ്ടാകുന്ന ഏത് കലകളിലും അതുണ്ടാകും. നാടന്‍പാട്ട് പാവപ്പെട്ട ആളുകള്‍ക്ക് ഉളളതല്ലേ എന്നുളള കാഴ്ചപ്പാടാണ്. അടിത്തട്ടിലെ ജനങ്ങള്‍ അതിനെയെല്ലാം കമേഴ്ഷ്യലൈസ് ചെയ്യാന്‍ പഠിക്കണം.

സിനിമകളില്‍ എല്ലായ്‌പ്പോഴും ഫോക് ടച്ചുളള പാട്ടുകളാണ് കൂടുതലും പാടാനായി വിളിക്കുന്നത്?

അത് അവരോട് ചോദിക്കണം. എന്തുകൊണ്ടാണ് നിങ്ങള്‍ മെലഡിയൊന്നും പാടാന്‍ എന്നെ വിളിക്കാത്തത് സംഗീതസംവിധായകരേ? അത് ഞാന്‍ ചോദിക്കണോ നിങ്ങള്‍ ചോദിക്കുമോ.. അത് ആരുവേണമെങ്കിലും ചോദിക്കാം. പക്ഷേ അത് അവരോട് ചോദിക്കേണ്ട ചോദ്യമാണ്. അവര്‍ എനിക്ക് തന്നാല്‍ ഞാന്‍ പാടും. ആരും തന്നില്ലെങ്കിലും എനിക്ക് വേണ്ട പാട്ടുകള്‍ ഞാന്‍ ഉണ്ടാക്കി പാടും എന്നുപറയാന്‍ കഴിയുന്ന ആത്മവിശ്വാസത്തിലെത്തുക എന്നുപറയുന്നത് അഭിമാനിക്കാന്‍ കഴിയുന്ന ഒരു കാര്യമല്ലേ. വലിയ പ്രിവിലെജില്‍ വളര്‍ന്ന ആളുകള്‍ പോലും അങ്ങനെ പറഞ്ഞു എന്നുവരില്ല. അഹങ്കാരം ആണെന്ന് വിചാരിച്ചോളൂ എനിക്ക് ഒരു കുഴപ്പവുമില്ല.

ചെമ്പാവ് പുന്നെല്ലിന്‍ എന്ന പാട്ട് ഏറ്റുപാടാത്ത മലയാളികള്‍ കുറവാണ്. പക്ഷേ എന്തുകൊണ്ട് അതുപാടിയ പുഷ്പാവതിയെന്ന പേരോ പാടിയ ആളുടെ മുഖമോ ആസ്വാദകരുടെ മനസ്സില്‍ പതിഞ്ഞില്ല?

ചെയ്ത ആള്‍ക്കാര്‍ ഇത് കേള്‍ക്കട്ടേ. അത് അവര്‍ക്കുളള ചോദ്യമാണ്. ഞാന്‍ അതിന് മറുപടിപറയുന്നില്ല.

അതേസമയം ചേച്ചിയുടെ ആസാദി എന്ന പാട്ടുകൊണ്ട് പുഷ്പവതി ആരാണെന്ന് നമുക്കെല്ലാം മനസ്സിലായി.

അതാണ്. നമ്മള്‍ ആരാണെന്ന് നമുക്ക് തന്നെ അടയാളപ്പെടുത്താന്‍ പറ്റി. അതാണ് വിജയം.

കടന്നുവന്ന ഈ അനുഭവങ്ങളാണോ പാട്ട് ഒരു പോരാട്ടവഴിയായി തിരഞ്ഞെടുക്കാനുളള കാരണം?

നമ്മള്‍ പോകുന്ന വഴിയില്‍ ഒരു തടസ്സം വരുമ്പോള്‍ എന്താണ് ഈ തടസ്സം? അപ്പുറത്തേക്ക് കടക്കാന്‍ എന്താണ് വഴിയെന്ന് നമ്മള്‍ ആലോചിക്കും. അപ്പുറത്തേക്ക് കടക്കുമ്പോള്‍ വേറെ തടസ്സം ഉണ്ടാകും. തടസ്സങ്ങളെ അഭിസംബോധന ചെയ്യുക അതിനെ മറികടക്കുക. അതിനെ പോരാട്ടം എന്നാണ് വിളിക്കുന്നത് എങ്കില്‍ അത് ഒരു പോരാട്ടമാണ്.

നമ്മള്‍ പല ജോണറിലുളള പാട്ടുകള്‍ പാടുന്നുണ്ട്. നിങ്ങള്‍ ഏത് തരത്തിലുളള ജോണറുകള്‍ പാട്ടുചോദിച്ചോളാം. ഞാന്‍ പാടാം. എനിക്ക് അതിനുളള കഴിവുണ്ട്. പക്ഷേ അവസാനം ലേബല്‍ ചെയ്യപ്പെടുക പോരാട്ട ഗായിക, അല്ലെങ്കില്‍ നാടന്‍പാട്ട് ഗായിക ഇങ്ങനെയെല്ലാമാണ്. അതും എനിക്ക് നെഗറ്റീവായിട്ടാണ് വരിക. എന്റെ ജീവിതത്തില്‍ പോരാട്ടം ഉണ്ടായിട്ടുണ്ട്. അതുശരിയാണ്. ഒട്ടും പ്രിവിലെജ്ഡ് അല്ലാത്ത സമൂഹത്തിലാണ് ഞാന്‍ വളര്‍ന്നത്. അപ്പോള്‍ പോരാട്ടം മുന്നോട്ടുവരാന്‍ വേണ്ടി ഒരുപാട് തടസ്സങ്ങള്‍ ഉണ്ട്, നമ്മള്‍ അതിനെ മറികടക്കും. അതിനെ മറികടന്ന് മുന്നോട്ടുവന്നുകഴിഞ്ഞാല്‍ പോരാട്ടം അവിടെ നടന്നിട്ട് എന്നത് ശരിയാണ്. പക്ഷേ നമ്മുടെ ജോണറുകള്‍ അതുമാത്രമായിട്ട് അടയാളപ്പെടുത്താന്‍ പാടില്ല.

മസകറ്റില്‍ പോയപ്പോള്‍ ഒരു സ്ത്രീ ചോദിച്ചിട്ടുണ്ട് നാടന്‍പാട്ട് പാടുന്ന ആളല്ലേ എന്ന്. ജീവിതത്തില്‍ നാടന്‍പാട്ട് പാടി നടന്നിട്ടില്ല. സിനിമയില്‍ നാടന്‍പാട്ടിന്റെ ജോണറില്‍ പാട്ടുകള്‍ പാടിയിട്ടുണ്ട് എത്രയോ പ്രശസ്തരായ പാട്ടുകാര്‍ അത്തരം പാട്ടുകള്‍ പാടി നടന്നിട്ടുണ്ട്. അവര്‍ ആ ലേബലില്‍ ആണോ അറിയപ്പെടുന്നത്. പിന്നെ എന്തുകൊണ്ട് ഞാന്‍ അതുമാത്രമായി അറിയപ്പെടുന്നു. അത് ശരിയല്ലല്ലോ. കാഴ്ചയിലുണ്ടോ ജാതി സംഗീതത്തിലുണ്ടോ ജാതി?

മാറ്റി നിര്‍ത്തപ്പെടലുകളോടുളള കലഹം

മാറ്റിനിര്‍ത്തിയാല്‍ എനിക്ക് ഒരു ചുക്കുമില്ല. ഞാനെന്റെ സംഗീതവുമായി മുന്നോട്ടുപോകും. എനിക്ക് എത്രയോ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഞാന്‍ അത് കണ്ടെത്തുക എന്നുളളതാണ്. പിന്നെ അവര്‍ എന്നെ അവസരം തന്നില്ലെന്ന് വിലപിക്കേണ്ട കാര്യമെന്താണ്. അതിന്റെ ആവശ്യമില്ല. എന്റെ ശബ്ദം അവര്‍ക്ക് അനുയോജ്യമാണെന്ന് തോന്നിക്കഴിഞ്ഞാല്‍ അവര്‍ വിളിക്കും. അതില്‍ സംശയമില്ല. അവരുടെ കൂടെ സാമൂഹ്യബോധത്തിന്റെ, അവരുടെ ചിന്ത ഇതെല്ലാം അതിന്റെ ഘടകമാണ്. അവരുടെ കാഴ്ചപ്പാട് ഇതില്‍ പ്രതിഫലിക്കും.

മാധവിക്കുട്ടിയുടെ രചനകളെ എങ്ങനെയാണ് സംഗീതത്തിലേക്ക് കൊണ്ടുവരാന്‍ തീരുമാനിക്കുന്നത്?

നമ്മുടെ സൗഹൃദങ്ങള്‍ നമുക്ക് ഒരുപാട് ആശയങ്ങള്‍ കൊണ്ടുതരും. നല്ല സൗഹൃദങ്ങളുടെ ഒരു കൂട്ടായ ആലോചനകളുണ്ട്. അതെന്റെ മാത്രമൊന്നുമല്ല അതില്‍ എന്റെ സുഹൃത്തുക്കള്‍ക്ക് കൂടി അവകാശമുണ്ട്. നല്ല സൗഹൃദങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചിട്ടുളള ഒരാളാണ് ഞാന്‍. നല്ല വായനയും എഴുത്തുമുളള ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവരെന്നെ തിരഞ്ഞെടുക്കുകയാണ്. കബീറിന്റെ ഗാനങ്ങള്‍ പുഷ്പപാടിയാല്‍ നന്നായിരിക്കും. പുഷ്പയുടെ ചിന്താഗതികളും പാട്ടുമായി യോജിക്കുന്നതാണ്. നമ്മുടെ സുഹൃത്തുക്കള്‍ക്കല്ലേ നമ്മളെ കുറിച്ച് അറിയുന്നത്. നമ്മുടെ വീട്ടുകാര്‍ക്ക് ആരാണ് എന്നറിയില്ല. പക്ഷേ നമ്മുടെ സുഹൃത്തുക്കള്‍ക്ക് നമ്മുടെ കാഴ്ചപ്പാട് അറിയാം.

നമുക്കറിയാമല്ലോ..ദൈവത്തിന്റെ പേരിലാണ് കലാപങ്ങള്‍ ഉണ്ടാകുന്നത്. ഇതുപോലുളള കലാപങ്ങളെ അവര്‍ രാഷ്ട്രീയ അജണ്ടയാക്കി മാറ്റുന്നുണ്ട്. ഒരുവിഭാഗം രാഷ്ട്രീയപാര്‍ട്ടികള്‍ അതിനെ വോട്ടാക്കി മാറ്റുന്നു. അങ്ങനെയൊക്കെയുളള ഒരു സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പാട്ടുകള്‍ ഉണ്ടാകുക. ഇത് നമ്മുടെ ചിന്തയുടെ ഭാഗമാണ്.

കല എന്നുപറഞ്ഞാല്‍ സമൂഹത്തിന്റെ പ്രതിഫലനമാണ് എന്ന് നേരത്തേ പറഞ്ഞല്ലോ. സമൂഹത്തെ ഉദ്‌ബോധിപ്പിക്കുന്നതിനായി സംഗീതത്തെ എങ്ങനെ വിനിയോഗിക്കാനാണ് പുഷ്പവതി എന്ന വ്യക്തി ആഗ്രഹിക്കുന്നത്?

2003-ലാണ് കബീര്‍ മ്യൂസിക് ഓഫ് ഹാര്‍മണി ചെയ്യുന്നത്. ഒമ്പതുപാട്ടുകള്‍ ഉണ്ടായിരുന്നു അതില്‍. കബീര്‍ എല്ലാം ഞാന്‍ ആലോചിക്കാറുണ്ട്. കേരളത്തില്‍ നാരായണ ഗുരുവിനെ പോലെ ഉത്തരേന്ത്യയില്‍ കബീര്‍ ഉണ്ടായിരുന്നു. പക്ഷേ 13-14 നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്നത് കൊണ്ടാണോ എന്തുകൊണ്ടാണ് അവിടെ ഇപ്പോവും അവിടെ ജാതിയും മതവുമെല്ലാം ശ്വാസം മുട്ടിക്കുന്ന രീതിയില്‍ ഓരോരുത്തരും അവരുടെ അനുഭവങ്ങള്‍ പറയുന്നത് കേട്ടാല്‍ വിഷമം വരും. അതുവെച്ചുനോക്കുമ്പോള്‍ കേരള സമൂഹം കുറച്ചുകൂടെ മെച്ചപ്പെട്ടതാണ്. അതിന്റെ അടിസ്ഥാനം അറിയാമല്ലോ നാരായണ ഗുരുവും അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനും പോലുളള ആളുകള്‍ ഉഴുതുമറിച്ച മണ്ണാണ് അത്. അവിടെ ആ സാമൂഹിക വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ ഉണ്ടാകുന്നു. അത് ഒരു കാവലാണ്. ആ കാവല്‍ നമ്മള്‍ നഷ്ടപ്പെടുത്താന്‍ പാടില്ല. ആ നവോത്ഥാനമൂല്യങ്ങളെ മുന്നോട്ടുകൊണ്ടുപോകണം. ചുറ്റും അതല്ലാത്ത വിഷസര്‍പ്പങ്ങള്‍ നില്‍ക്കുന്നുണ്ട്. എന്റെ ഭാഗത്ത് നിന്ന് കൊച്ചുകൊച്ചുകാര്യങ്ങള്‍ ചെയ്യും. പക്ഷേ അതുമാത്രമല്ല എന്റെ സംഗീതം അതില്‍ ഒതുക്കാന്‍ പാടില്ല. കാരണം എനിക്ക് ഇഷ്ടമുളള സംഗീതത്തിന് ഒരുപാട് വഴികളുണ്ട്.

ഉഴപ്പി നടന്നിരുന്ന ഒരു വിദ്യാര്‍ഥിനി ഒന്നാം റാങ്കോടെയാണ് സംഗീത ബിരുദം നേടിയത്.

പ്രാക്ടിക്കല്‍ മ്യൂസിക്കുണ്ടല്ലോ. അതില്‍ ഏറ്റവും ടോപ്പായിരുന്നു. ആ വര്‍ഷത്തെ. റാങ്ക് എന്ന് പറയാന്‍ പറ്റുമോ എന്നറിയില്ല. സ്‌റ്റേറ്റ് ഫസ്റ്റായിരുന്നു എന്ന് ഞാന്‍ പറയും. എനിക്ക് ആദ്യമായി ഒരു അംഗീകാരം കിട്ടുന്നത് സംഗീത നാടക അക്കാദമിയുടെ ആണ്. പുതുക്കോട് കൃഷ്ണമൂര്‍ത്തിയുടെ പേരിലുളള അവാര്‍ഡ്. ഏറ്റവും മികച്ച വിജയം നേടിയ വിദ്യാര്‍ഥിക്കുളള 2002ലെ പുരസ്‌കാരം.

സിനിമയിലേക്കുളള വഴിതുറക്കുന്നത് എങ്ങനെയാണ്?

ജീവിക്കണ്ടേ കുട്ടീ. ജീവിക്കാന്‍ വേണ്ടീട്ട്.. സത്യം പറഞ്ഞാല്‍ കോറസ്, ട്രാക്ക് ഇതൊന്നും പാടാന്‍ വലിയ താല്പര്യം ഉണ്ടായിട്ട് പോയതല്ല. നമുക്ക് ജീവിക്കാന്‍ വേണ്ടി. ജീവിതം നമ്മുടെ മുന്നില്‍ ചോദ്യചിഹ്നമായിട്ട് നില്‍ക്കുകയാണ്. നമ്മുടെ മുന്നില്‍ ഒരു പ്രശ്‌നം വന്നാല്‍ അതിനെ അഭിസംബോധന ചെയ്യണം. അതിനെ എങ്ങനെ മറികടക്കാം. അതിനുളള ഒരു സ്‌റ്റെപ്പായിരുന്നു അത്. അങ്ങനെ സിനിമാസംഗീതത്തിലെത്തി.

ബസ് യാത്രക്കിടയിലാണ് പിന്നണി ഗായിക ആയ കാര്യം അറിയുന്നത് എന്ന് കേട്ടിട്ടുണ്ട്.

അതേ തൃശ്ശൂര്‍ക്കുളള ഒരു ബസ് യാത്രക്കിടയിലാണ് ഞാന്‍ ട്രാക്ക് പാടിയ പാട്ട് കേള്‍ക്കുന്നത്. ഏയ് ഇത് ഞാന്‍ പാടിയ പാട്ടല്ലേ!!അപ്പോഴാണ് മനസ്സിലായത് സിനിമയില്‍ എന്റെ പാട്ട് എടുത്തിട്ടുണ്ട് എന്ന്.

മോഹന്‍ സിത്താരയ്‌ക്കൊപ്പമാണ് കൂടുതല്‍ പാട്ടുകളും ചെയ്തിട്ടുളളത് അല്ലേ?

അന്ന് അദ്ദേഹമായിരുന്നു ഇവിടെയുളള വലിയ സംഗീതജ്ഞന്‍. പിന്നെ ഇതെല്ലാം മതിയാക്കി ഖത്തറില്‍ ഞാന്‍ അധ്യാപികയായിട്ട് പോയിരുന്നു. കര്‍ണാടക സംഗീതം പഠിപ്പിക്കുന്ന അധ്യാപിക.

കാത്ത്കാത്തൊരുമഴയത്ത് ഭാവന ആദ്യമായി പാടി അഭിനയിച്ച ഒരു ഗാനമാണ്. അവരായി സൗഹൃദമുണ്ടോ?

സൗഹൃദമില്ല. ഒന്നുരണ്ട് പരിപാടികള്‍ക്ക് കണ്ടിട്ടുണ്ട്. വ്യക്തിബന്ധങ്ങള്‍ ഇല്ല. സിനിമാസംഗീതലോകത്തോ അഭിനയരംഗത്തോ ഉളളവരായിട്ടുളള ബന്ധങ്ങള്‍ എനിക്ക് കുറവായിരുന്നു.

അവരുടെ ജീവിതത്തില്‍ അവര്‍ പോരാട്ടത്തിലാണ്.

അതിനൊക്കെ ഞാന്‍ വലിയ പിന്തുണ കൊടുക്കുന്നുണ്ട്. അത്തരത്തിലുളള പോസ്റ്റുകള്‍ വരുമ്പോള്‍ പിന്തുണ നല്‍കാറുണ്ട്. നമ്മള്‍ ഒരു സ്ത്രീയാണല്ലോ. ഏതുസ്ത്രീകള്‍ക്കും ഇത്തരത്തിലുളള പ്രശ്‌നങ്ങള്‍ വരാം. സ്ത്രീകള്‍ കരുത്തോടെ നേരിടണം. അതിനുവേണ്ട എല്ലാ സപ്പോര്‍ട്ടും കൊടുക്കും നമ്മള്‍.

നമ്മള്‍ ഒരു പുതുമുഖങ്ങളുടെ സിനിമയായിരുന്നല്ലോ? ജിഷ്ണു, ഭാവന, സിദ്ധാര്‍ഥ്, രേണുക..ഗായിക ജ്യോത്സനയുടെ ആദ്യ ഗാനം..പക്ഷേ ഇവര്‍ക്കെല്ലാം കിട്ടിയ ഒരു സ്വീകാര്യത പുഷ്പവതിക്ക് ലഭിക്കാതെ പോയി. കാത്തുകാത്തൊരു മഴയത്ത് ശ്രദ്ധിക്കപ്പെട്ട ഗാനംകൂടിയാണല്ലോ?

സൊസൈറ്റിയില്‍ നിലനില്‍ക്കുന്നതിന്റെ പ്രതിഫലനങ്ങളാണ് അതൊക്കെ. ഞാന്‍ ആ സമയത്ത് ട്രാക്ക് പാടാനും കോറസ് പാടാനും ഉണ്ടായിരുന്നു. 2005-ന് ശേഷം ആരുടേയും ട്രാക്ക് പാടാന്‍ പോയിട്ടില്ല. കോറസും പാടാന്‍ പോയിട്ടില്ല. ആരേയും ആശ്രയിക്കാതെ നമ്മുടെ സംഗീതം കൊണ്ട് ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ പോയിട്ടില്ല.

എങ്ങനെയാണ് ബിജിപാല്‍ സാറുമായുളള പരിചയം?

ബിജി എന്നെ വിളിക്കുകയാണ് ഉണ്ടായിട്ടുളളത്. എവിടെ നിന്നോ നമ്പര്‍ വാങ്ങി വിളിച്ചു. ഒരു സിനിമ ചെയ്യുന്നുണ്ട്. വന്നുപാടുമോ എന്ന് ചോദിച്ചു. പോയി പാടി. പാടുമ്പോള്‍ ഞാന്‍ വിചാരിച്ചിട്ടില്ല അത് ഹിറ്റാകുമെന്ന്. പക്ഷേ ആ പാട്ട് ബമ്പര്‍ ഹിറ്റായി. അതൊരു ടേണിങ് പോയിന്റ് ആയിരുന്നു.

പക്ഷേ ആ ഗാനം വേദികളില്‍ പാടാന്‍ കഴിഞ്ഞില്ല എന്നുതോന്നിയിട്ടുണ്ടോ?

തോന്നിയിട്ടുണ്ട്. അതൊക്കെ അവരുടെ തീരുമാനങ്ങളല്ലേ. വേദികളില്‍ വരുമ്പോള്‍ പുഷ്പ പാടണം എന്ന് തീരുമാനിക്കേണ്ടത് അവരല്ലേ.

നമ്മുടെ തൃശ്ശൂരിന്റെ ഒരു പാട്ട് പാടിയിട്ടുണ്ടല്ലേ?

തൃശ്ശൂര്‍ മുഴുവന്‍ റൗണ്ടണ്... അങ്ങനെയുളള കോമഡി പാട്ടുകളാണ് നമുക്ക് കിട്ടുന്നത്. കുഴപ്പമില്ല ഏതുപാട്ടുകളും ഞാന്‍ പാടും. ഞാന്‍ പാട്ടുപാടിയാണ് ജീവിക്കുന്നത്. പാടിക്കഴിഞ്ഞാല്‍ മാന്യമായ പ്രതിഫലം കിട്ടും. കിട്ടിയില്ലെങ്കില്‍ ചോദിച്ചു വാങ്ങിക്കും. ജീവിക്കാന്‍ വേണ്ടി പാടുന്നു. അതുകഴിഞ്ഞാല്‍ കഴിഞ്ഞു. നല്ല മെലഡി എന്താണ് കിട്ടാത്തത് എന്ന് തോന്നിയിട്ടുണ്ട്. വരുമായിരിക്കും. വന്നാല്‍ പാടും.

പഠിപ്പിക്കാനാവില്ല മോളേ എന്ന് പറഞ്ഞിട്ടുണ്ടല്ലോ ഒരിക്കല്‍ അമ്മ. അവിടെ നിന്നുളള പുഷ്പവതിയുടെ വളര്‍ച്ചയെ അമ്മ എങ്ങനെയാണ് സ്വീകരിച്ചത്?

അമ്മയുടെ ജീവിതത്തില്‍ അമ്മ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. മിശ്രവിവാഹം കഴിച്ചതിന്റെ ഭാഗമായിട്ട് അമ്മയ്ക്ക് കുടുംബം തന്നെ ഉണ്ടായിരുന്നില്ല. അമ്മയുടെ ഫാമിലി അമ്മയെ കൂടെ കൂട്ടിയിട്ടില്ല. ഒറ്റപ്പെട്ട ജീവിതമായിരുന്നു. ഭാരം മുഴുവന്‍ അമ്മയുടെ തലയില്‍ ആയിരുന്നു, ഞങ്ങള്‍ അഞ്ചുമക്കളെ വളര്‍ത്തുന്നതിന്റെയെല്ലാം. അമ്മ റിലാക്‌സ് ചെയ്തിട്ടുളളത് എന്റെ പഠനം കഴിഞ്ഞ് നാട്ടില്‍ വന്നിട്ടുളളപ്പോഴാണ്. ഞാന്‍ പഠിച്ചുകൊണ്ടിരിക്കേ അമ്മയെ നന്നായി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഠനം കഴിഞ്ഞ് നാട്ടില്‍ വന്നതിന് ശേഷം മതി കഷ്ടപ്പെട്ടത് ഇനി ഞാനുണ്ട്. എന്നുപറഞ്ഞ് അമ്മയെ പിന്നെ പറഞ്ഞയച്ചിട്ടില്ല. നമ്മുടെ വീട്ടില്‍ പശുക്കള്‍ ഉണ്ടായിരുന്നു. അമ്മ അതിനെ പുല്ലുമേച്ച് നടക്കും. അമ്മയുടെ വാര്‍ധക്യം വളരെ ശാന്തവും സ്വസ്ഥവുമായിരുന്നു. അമ്മയ്ക്ക് പ്രത്യേകിച്ച് വേറെ ആഗ്രഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഏറ്റവും നന്നായിട്ടാണ് അമ്മ പിന്നീട് ജീവിച്ചിട്ടുളളത്. അമ്മയ്ക്ക് കാന്‍സര്‍ ഉണ്ടായിരുന്നു. ആ ചികിത്സ നടക്കുന്ന സമയത്ത് അമ്മയുടെ അടുത്ത് ഞാന്‍ എന്റെ പാട്ടുമായി ഉണ്ടായിരുന്നു. വിനായക് തോര്‍വെയുടെയും അജോയ് ചക്രവര്‍ത്തിയുടെ പാട്ടുകള്‍ പാടിക്കൊടുക്കും. നല്ല കഥകള്‍ വായിച്ചുകൊടുക്കും. നല്ല നല്ല മെസേജസ് വായിച്ചുകൊടുക്കും.

അമ്മയെ കുറിച്ചുളള മനോഹരമായ ഓര്‍മ എന്താണ്?

അമ്മ കാലുനീട്ടി ഉമ്മറത്തിരുന്നിട്ട് ഒന്നുരണ്ട് പറഞ്ഞ് വളരെ റിലാക്‌സ് ആയി മുറുക്കി ഇരിക്കുന്നത്. അമ്മയുടെ ചിരി. അമ്മയ്ക്ക് എന്നോടുളള കരുതല്‍ ഭയങ്കരമാണ് ഞാന്‍ വരുന്നു എന്നുപറഞ്ഞാല്‍ എനിക്ക് ഏറ്റവും ഇഷ്ടമുളള മുരിങ്ങയില കൊണ്ടുവരും കൂര്‍ക്കയുടെ സീസണാണെങ്കില്‍ കൂര്‍ക്ക അതിങ്ങനെ ചെരണ്ടിക്കൊണ്ട് ഇരിക്കുന്നുണ്ടാകും. പാവം. ഇതൊക്കെ തയ്യാറാക്കി വെക്കും.

അമ്മയോട് പറയാന്‍ കഴിയാതെ പോയ എന്തെങ്കിലുമുണ്ടോ?

ഇല്ല.. അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു. എല്ലാം പറഞ്ഞ് കഴിഞ്ഞിരുന്നു. അമ്മ മരിക്കണ നേരത്ത് ഞാന്‍ പറഞ്ഞത് എന്തെങ്കിലും തെറ്റ് എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം എന്നാണ്. എന്റെ അമ്മ മരിക്കണ സമയത്ത് ഞാന്‍ കരഞ്ഞിട്ടില്ല. വളരെ സംതൃപ്തമായ ജീവിതായിരുന്നു അമ്മയുടേത്. നേരെമറിച്ച് എന്റെ ഭര്‍ത്താവിന്റെ അമ്മ മരിച്ച സമയത്ത് ഞാന്‍ കരഞ്ഞിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അമ്മ മരിച്ചുപോയത്. 85 വയസ്സുണ്ടായിരുന്നു അമ്മയ്ക്ക്. കാന്‍സര്‍ വരുമ്പോള്‍ 63 വയസ്സാണ്. അമ്മയെ 85 വരെ എത്തിച്ചു. ഞങ്ങള്‍ അഞ്ചുമക്കളും ചുറ്റുമുണ്ടായിരുന്നു. എന്റെ കുഞ്ഞോപ്പയുടെ ഭാര്യ നന്നായി നോക്കിയിട്ടുണ്ട്. പരമാവധി സന്തോഷം കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

പാട്ടുപഠിക്കാന്‍ കൊണ്ടുചെന്നാക്കിയ ചേട്ടന്‍ സംഗീതനാടക അക്കാദമി ഉപാധ്യക്ഷയായ വാര്‍ത്തയോട് എങ്ങനെയാണ് പ്രതികരിച്ചത്?

ചേട്ടന് തീര്‍ച്ചയായിട്ടും അഭിമാനം ഉണ്ടാകുമല്ലോ? അവര്‍ക്കൊന്നും സന്തോഷം പ്രകടിപ്പിക്കാന്‍ അറിയില്ല. ഞാന്‍ ചോദിച്ചു, ചേട്ടാ വരുന്നില്ലേ അക്കാദമിയിലേക്ക് ഞാനിന്ന് അവിടെ പോവുകയാണ്. എനിക്ക് വേറെ പരിപാടിയുണ്ട്, സംഗീതനാടക അക്കാദമിയില്‍ ഒരു പുഷ്പാവതി ചുമതലയേല്‍ക്കുന്നുണ്ട്. എനിക്കതുപോയി കാണണം എന്നായിരുന്നു ചേട്ടന്റെ മറുപടി. ഓ എന്നാശരി ഞാനും ആ വഴിക്കാ എന്നുപറഞ്ഞ് ചേട്ടനെ ഞാന്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി.

വീട്ടില്‍ എല്ലാവരും പാട്ടുകാരാണോ?

എല്ലാവരും പാട്ടുകാരാണ്. അച്ഛന്റെ പാടാനുളള കഴിവ് എല്ലാവര്‍ക്കും കിട്ടിയിട്ടുണ്ട്. ഞാനത് ശാസ്ത്രീയമായി പഠിച്ചുവെന്നേയുളളൂ.

സംഗീതവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലാണോ?

എന്റെ ഇത്തരത്തിലുളള അന്വേഷണങ്ങളെല്ലാം തന്നെയല്ലേ ഗവേഷണം എന്നുപറയുന്നത്. നാരായണഗുരുവിന്റെ ദൈവദശകം, ആത്മോപദേശശതകം, കുണ്ഡലിനിപ്പാട്ട്, സദാചാരം..അദ്ദേഹം തമിഴിലെഴുതിയിട്ടുളള ജ്ഞാനോദയമേ എന്നത് ഇതൊക്കെ ഞാന്‍ കംപോസ് ചെയ്തിട്ടുണ്ട്. ഗുരുവിന്റെ കൃതികളില്‍ കൂടി ഇങ്ങനെ പോവുകയാണ്. ഇതെല്ലാം ഒരു അന്വേഷണമല്ലേ?

ഗവേഷണത്തില്‍ കാര്യമില്ല. അതിന്റെ ഉളളില്‍ ചില കാര്യങ്ങള്‍ ഉണ്ട്. അത് അറിയാന്‍ പറ്റണം. അത് അറിയാന്‍ വേണ്ടി ശ്രമിക്കുകയാണ് ഞാന്‍. അദ്ദേഹത്തിന്റെ ആത്മീയ വഴിയെന്നുപറഞ്ഞാല്‍ അത്രയേറെ ഒൗന്നിത്യമുളളതാണ്. അദ്ദേഹത്തെ പോലെ ഒരു മനുഷ്യന്‍ ഉണ്ടാകില്ലെന്നാണ് എനിക്ക് തോന്നിയിട്ടുളളത്. ആത്മോപദേശ ശതകം വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട് ഞാന്‍. അതിലെ കൃതികള്‍ കംപോസ് ചെയ്തിട്ടുമുണ്ട്. അതില്‍ പറയുന്ന കാര്യങ്ങള്‍ ഉള്‍ക്കൊളളാന്‍ സാധിക്കണം. അതിലാണ് ഗവേഷണം എന്നുളളത് വിജയിക്കുന്നത്.

പുതിയ എന്തെങ്കിലും കംപോസിഷന്‍ ചെയ്യുന്നുണ്ടോ?

ഗുരുവിന്റെ തന്നെയാണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പൊയ്കയില്‍ അപ്പച്ചന്റെയും ചെയ്യുന്നുണ്ട്. അത് ഓര്‍ക്കസ്‌ട്രേഷന്‍ എല്ലാം ചെയ്ത് നല്ലരീതിയില്‍ ആളുകളിലേക്ക് എത്തിക്കണമെന്ന് ഉണ്ട്.

സംഗീതത്തെ സിനിമാ സംഗീതം മാത്രമായി ചുരുക്കുന്നതായിട്ട് തോന്നിയിട്ടുണ്ടോ?

അതിനാണ് അംഗീകാരം കിട്ടുന്നത്. പണം സമ്പാദിക്കാനാവുന്നതും പ്രിവിലെജ് കിട്ടുന്നതും അതിനായതുകൊണ്ടായിരിക്കണം. സംഗീതം എന്നുപറഞ്ഞാല്‍ പിന്നണി ഗാനരംഗത്ത് ആണെങ്കില്‍ കിട്ടുന്ന അംഗീകാരം മറ്റൊന്നിന് ലഭിക്കണമെന്നില്ല. യഥാര്‍ഥത്തില്‍ പഠിക്കാന്‍ അറിയാന്‍ ബുദ്ധിമുട്ടുളള പലകലകളുമുണ്ടല്ലോ. ശാസ്ത്രീയമായി പഠിക്കുന്നത്. ഒരുപാട് കഷ്ടപ്പെട്ട് പഠിച്ച് ഒരു ജ്ഞാനബോധത്തിലേക്ക് വളരുന്നുണ്ട്. അതിനും മൂല്യം കൊടുക്കണം. അതിന് അംഗീകാരങ്ങളുണ്ടാകണം.

അത്തരം ഒരു മാറ്റമുണ്ടാകുമെന്ന് കരുതുന്നുണ്ടോ?

നമുക്ക് ഒറ്റയടിക്ക് എല്ലാം മാറ്റിമറിക്കാന്‍ ഒന്നും പറ്റില്ല. ഞാനിപ്പോ എല്ലാം അങ്ങോട്ട് ശരിയാക്കാം എന്നുവിചാരിച്ചാല്‍ ഒരു കാര്യവുമില്ല. അതിന് സമയമെടുക്കും. എല്ലാതരത്തിലും നമുക്ക് സപ്പോര്‍ട്ട് ഉണ്ടാകണം. സാമ്പത്തികം അതില്‍ പ്രധാനമായിട്ടുളള കാര്യമാണ്.

സംഗീതത്തില്‍ ഇനിയുളള യാത്ര

പുഷ്പവതി നിനക്കിനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ട്. ഇങ്ങനെയൊന്നും ഇരുന്നാല്‍ പോര. കുറേകാര്യങ്ങള്‍ ചെയ്യാനുണ്ട്.അതുനമ്മള്‍ കണ്ടെത്തണം. നമുക്ക് ഒരു യാത്രയുണ്ട്. കബീര്‍, നാരായണഗുരു, പൊയ്കയില്‍ അപ്പച്ചന്‍, അതിന്റെ ഇടയില്‍ ആസാദി, മതില്‍പാട്ട്, മാധവിക്കുട്ടിയുടെ രചനകള്‍, ഞാന്‍ പഠിച്ച ക്ലാസിക്കല്‍ മ്യൂസിക്, ഖവാലികള്‍..യാ റസൂലേ എന്നുപറഞ്ഞിട്ടുളള നല്ല ഖവാലികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഖുറാന്റെ മൂന്നിലൊന്ന് സംഗ്രഹമാണ് അത്. അങ്ങനെ ഓരോന്ന് ചെയ്തുകൊണ്ടിരിക്കുന്നു ഇനിയും ചെയ്യണം. ചെയ്യണം എന്നുകരുതി ചെയ്യുന്നതല്ല ഇതൊക്കെ നമ്മുടെ മുന്നില്‍ വന്നുചേരുന്നതാണ്. എന്നുകരുതി വരുന്നതെല്ലാം സ്വീകരിക്കാറില്ല. എന്തെങ്കിലും സന്ദേശം വേണം. ഒന്നുകില്‍ സംഗീതം കൊണ്ട് എല്ലാവരേയും സന്തോഷിപ്പിക്കാന്‍ സാധിക്കണം. അതില്‍ കുറച്ച് വെളിച്ചങ്ങള്‍ കൊടുക്കാന്‍ സാധിക്കണം.

മുന്നോട്ടുളള യാത്രകളില്‍ കുറേ തടസ്സങ്ങള്‍ വന്നിട്ടുണ്ടല്ലോ. അതിനെയെല്ലാം തന്റേതായ രീതിയില്‍ മറികടന്ന് വന്നയാളാണ്. ചെറിയ ചെറിയ പ്രശ്‌നങ്ങളില്‍ തളര്‍ന്നുപോകുന്ന മനുഷ്യര്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്. അവരോട് സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്ന് എന്താണ് പറയാനുളളത്?

നിങ്ങളോട് ഞാനെന്റെ അനുഭവങ്ങള്‍ പറഞ്ഞുവല്ലോ. അതുകേള്‍ക്കുമ്പോള്‍ അവര്‍ക്ക് ഒരു ആത്മവിശ്വാസം വരും. എങ്ങനെയാണ് പുഷ്പവതി ഇങ്ങനെ മാറിയത്. പുഷ്പവതിക്ക് ഇത്രയൊക്കെ മാറാന്‍ പറ്റി. പുഷ്പാവതി ഗംഭീരസംഭവമായിട്ടല്ല പറയുന്നത്. പക്ഷേ ഇത്രയെങ്കിലും ആകാന്‍ കഴിഞ്ഞു. എന്റെ ചെറിയ ജീവിതത്തില്‍ പാട്ടുകൊണ്ട് ഇങ്ങനെയെങ്കിലും ആകാന്‍ സാധിച്ചു. സംഗീതവഴിയില്‍ കുറേ കാര്യങ്ങള്‍ ചെയ്യാനായി. തിരിഞ്ഞുനോക്കുമ്പോള്‍ വലിയ സന്തോഷമുണ്ട്. ഇനിയും കുറേ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അത് കൊതിയാണ്. അത്യാര്‍ത്തിയാണ്.

കബീറിന്റെയും നാരായണഗുരുവിന്റെയും രചനകളും, സിനിമാഗാനങ്ങളും ആലപിച്ചുകൊണ്ടുളള സംഗീതസാന്ദ്രമായ അഭിമുഖം. അവസാനിപ്പിക്കുംമുമ്പ് ഔചിത്യമില്ലാത്ത ആവശ്യക്കാരനായി ഗസല്‍ പാടാമോയെന്ന് ചോദിച്ചു. മടികൂടാതെ അവര്‍ പാടി..

'മുഝ്‌സേ പെഹ്‌ലിസി മുഹബത്ത്
മേരെ മെഹബൂബ് ന മാംഗ് ..'

Content Highlights: interview with Pushpavathy Poypadathu Singer, gooseberries conversations on life

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented