ദ്രൗപദി മുര്‍മു; മിഥ്യയും യാഥാര്‍ത്ഥ്യവും


എം കുഞ്ഞാമന്‍/ കെ.എ.ജോണി

സാമൂഹിക ശാസ്ത്രജ്ഞനും ചിന്തകനുമായ പ്രൊഫസര്‍ എം കുഞ്ഞാമനുമായി ഈ വിഷയത്തില്‍ നടത്തിയ സംഭാഷണത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍

ദ്രൗപദി മുർമു

*ഒഡിഷയിലെ സന്താള്‍ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള വനിത ദ്രൗപദി മുര്‍മു രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയാവുമ്പോള്‍ അതൊരു ചരിത്ര നിമിഷമാണ്. ഈ ചരിത്രപരതയുടെ അടരുകള്‍ തുറന്നെടുക്കുന്ന വിശ്ലേഷണവും വിശകലനവും അതുകൊണ്ടുതന്നെ ഈ ഘട്ടത്തില്‍ സുപ്രധാനമാണ്. സമകാലിക കേരളത്തിന്റെ ധൈഷണിക മേഖലയെ മൗലിക നിരീക്ഷണങ്ങള്‍ കൊണ്ട് സമ്പന്നമാക്കുന്ന സാമൂഹിക ശാസ്ത്രജ്ഞനും ചിന്തകനുമായ പ്രൊഫസര്‍ എം കുഞ്ഞാമനുമായി ഈ വിഷയത്തില്‍ നടത്തിയ സംഭാഷണത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍:


ഇതാദ്യമായി ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരാള്‍ ഇന്ത്യന്‍ രാഷ്ട്രപതിയാവുകയാണ്. ചരിത്രപരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മുഹൂര്‍ത്തം താങ്കള്‍ എങ്ങിനെയാണ് കാണുന്നത്?

ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തിയല്ല രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഒരു ഇലക്ടറല്‍ കോളേജിന്റെ തിരഞ്ഞെടുപ്പാണിത്. മറ്റൊരു കാര്യം നമ്മുടെ രാഷ്ട്രപതിയുടെ അധികാരങ്ങള്‍ വളരെ പരിമിതമാണെന്നതാണ്. അമേരിക്കയിലേതുപോലെ ഒരു എക്‌സിക്യൂട്ടിവ് പ്രസിഡന്റല്ല നമ്മുടേത്. നമ്മുടെ എക്‌സിക്യൂട്ടിവ് തലവന്‍ പ്രധാനമന്ത്രിയാണ്. ഭരണഘടനയുടെ തലവനാണ് പ്രസിഡന്റ്. അതുകൊണ്ട് തന്നെ വലിയൊരു പരിധി വരെ നമ്മുടെ രാഷ്ട്രപതിയുടേത് പ്രതീകാത്മക പദവിയാണ്. ഗവര്‍ണ്ണര്‍മാര്‍ക്കുള്ള അധികാരം പോലും പ്രസിഡന്റിനില്ലെന്നതാണ് വാസ്തവം. ഉദാഹരണത്തിന് ഭരണഘടനയുടെ അഞ്ചും ആറും പട്ടികകള്‍ പട്ടിക വര്‍ഗ്ഗക്കാരുടെ ക്ഷേമവും സംരക്ഷണവുമാണ് ലക്ഷ്യമിടുന്നത്. നിയമ നിര്‍മ്മാണ സഭകള്‍ രൂപം നല്‍കുന്ന നിയമങ്ങള്‍ ആദിവാസികളുടെ ക്ഷേമത്തിന് വിഘാതമാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ അതില്‍ ഇടപെടാന്‍ ഈ പട്ടികകള്‍ ഗവര്‍ണ്ണര്‍ക്ക് അധികാരം നല്‍കുന്നുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് ജാര്‍ഖണ്ഡ് ഗവര്‍ണ്ണറായിരിക്കെ ദ്രൗപദി മുര്‍മു അന്നത്തെ ബിജെപി സര്‍ക്കാര്‍ ഭൂവിനിയോഗ നിയമത്തില്‍ വരുത്തിയ ഭേദഗതി തിരിച്ചയച്ചത്. പല ഗവര്‍ണ്ണര്‍മാരും ഈ അധികാരം വിനിയോഗിക്കാറില്ല. പക്ഷേ, ദ്രൗപദി മുര്‍മു അവിടെ അവസരത്തിനൊത്തുയര്‍ന്നു.

രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസമ്മതിയുള്ള ഒരാളെയാണ് കൊണ്ടുവരേണ്ടതെന്നും മത്സരം ഒഴിവാക്കപ്പെടേണ്ടതുണ്ടെന്നുമുള്ള നിരീക്ഷണത്തെക്കുറിച്ച് എന്തു പറയുന്നു?

അതാണ് നല്ലത്. പക്ഷേ, 1977ല്‍ നീലം സഞ്ജിവ റെഡ്ഡിയുടെ കാര്യത്തില്‍ മാത്രമേ അതുണ്ടായിട്ടുള്ളു. ഇക്കുറി പ്രതിപക്ഷം രാഷ്രപതി തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാട് അപഹാസ്യമായിരുന്നു. ബിജെപിയുടെ പ്രത്യയശാസ്ത്രം എതിര്‍ക്കുന്നവര്‍ ഒരു മുന്‍ ബിജെപിക്കാരനെയാണ് രംഗത്തിറക്കിയത്. നരേന്ദ്ര മോദിയുടെ ബിജെപിയെയാണ് താന്‍ എതിര്‍ക്കുന്നതെന്നും താന്‍ പങ്കാളിയായിരുന്നത് വാജ്‌പേയിയുടെ ബിജെപിയിലായിരുന്നുവെന്നുമാണ് യശ്വന്ത് സിന്‍ഹ പറഞ്ഞത്. അങ്ങിനെ വരുമ്പോള്‍ ബിജെപിയെ എതിര്‍ക്കാനല്ല ദ്രൗപദിയെ എതിര്‍ക്കാനാണ് സിന്‍ഹയെ നിര്‍ത്തിയതെന്ന് പറയേണ്ടി വരും. 1952-ലെ പൊതു തിരഞ്ഞെടുപ്പില്‍ ബി ആര്‍ അംബദ്കറെ പരാജയപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സോഷ്യലിസ്റ്റ് പാര്‍ട്ടിയും കൈകോര്‍ത്തതാണ് ഓര്‍മ്മ വരുന്നത്. ആദിവാസി ജനതയുടെ മൗലികമായ സംരക്ഷണവും ഉന്നമനവും ലക്ഷ്യമിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ എതിര്‍പ്പെങ്കില്‍ അതിനനുസരിച്ചുള്ള രാഷ്ട്രീയ നിലപാടാണ് അവര്‍ എടുക്കേണ്ടിയിരുന്നത്. പക്ഷേ, അതല്ല ഇവിടെയുണ്ടായത്.

ഇവിടെ നമ്മള്‍ മറ്റൊരു വിമര്‍ശം കാണേണ്ടതുണ്ടെന്ന് തോന്നുന്നു. അടിസ്ഥാനപരമായി ബിജെപി സര്‍ക്കാര്‍ ആദിവാസികളുടെ ചൂക്ഷണത്തിന് കുടപിടിക്കുകയാണെന്ന വിമര്‍ശമാണത്. ആദിവാസികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പൊരുതിയ ഫാദര്‍ സ്റ്റാന്‍ സ്വാമിയെപ്പോലുള്ളവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു. ആദിവാസികളുടെ ഭൂമിയും അതിലെ ധാതുവിഭവങ്ങളും വന്‍കിട കോര്‍പറേറ്ററ്റുകള്‍ കൊള്ളയടിക്കുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന ഒരു സര്‍ക്കാര്‍ ദ്രൗപദി മുര്‍മുവിനെ രാഷട്രപതിയാക്കുന്നത് പ്രതീകാത്മക നടപടി മാത്രമാണെന്ന വിമര്‍ശത്തില്‍ കഴമ്പില്ലേ?

കൊളോണിയല്‍ ഭരണകൂടമായാലും സ്വതന്ത്ര ഇന്ത്യയിലെ ഭരണകൂടങ്ങളായാലും ആദിവാസികളോട് ശത്രുത മനോഭാവത്തോടെയാണ് പെരുമാറിയിരുന്നത്. ഇപ്പോഴും അതില്‍ കാതലായ മാറ്റമൊന്നുമുണ്ടായിട്ടില്ല. അതേ സമയം രണ്ട് ഭരണാധികാരികള്‍ - നെഹ്രുവും ഇന്ദിരാ ഗാന്ധിയും - ആദിവാസികള്‍ക്ക് അനുകൂലമായ നിലപാടുകള്‍ എടുത്തിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ കുറ്റവാളികളായി ചിത്രീകരിച്ചിരുന്ന ആദിവാസി സമൂഹങ്ങളെ അതില്‍ നിന്നും മുക്തമാക്കിയത് 1952 ല്‍ നെഹ്രുവാണ്. പ്രശസ്ത നരവംശ ശാസ്ത്രജ്ഞന്‍ വെറിയര്‍ എല്‍വിന്റെ ഉപദേശാനുസരണമാണ് നെഹ്രു ആദിവാസികള്‍ക്കുനുകൂലമായ നയങ്ങള്‍ രൂപപ്പെടുത്തിയത്. ഒരു ഭരണാധികാരി എന്നതിനപ്പുറത്ത് ദാര്‍ശനികന്‍ കൂടിയായിരുന്നു നെഹ്രു എന്ന് നമ്മള്‍ മറക്കരുത്. 1975 ല്‍ ഇന്ദിരാഗാന്ധി നടപ്പാക്കിയ ഇരുപതിന പരിപാടിയില്‍ ഒന്ന് ആദിവാസികളുടെ അന്യാധീനമാക്കപ്പെട്ട ഭൂമി തിരിച്ചുകൊടുക്കുന്നത് ലക്ഷ്യമിട്ടിട്ടുള്ളതായിയിരുന്നു.

ഒരു ഗവര്‍ണ്ണര്‍ എന്ന നിലയ്ക്ക് ദ്രൗപദി മുര്‍മു നടത്തിയ ഇടപെടലുകള്‍ ഗംഭീരമായിരുന്നുവെന്ന് പറയുമ്പോള്‍ തന്നെ രാഷ്ട്രപതിയെന്ന നിലയ്ക്ക് അവരുടെ സാന്നിദ്ധ്യം പ്രതീകാത്മകമാവും എന്ന സന്ദേഹം തള്ളിക്കളയാനാവുമോ?

ശരിയാണ്. ഒരു ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയാല്‍ അതില്‍ പ്രശ്‌നങ്ങളുണ്ടെന്ന് തോന്നിയാല്‍ പ്രസിഡന്റിന് ചില നിര്‍ദ്ദേശങ്ങളോടെ തിരിച്ചയക്കാം. പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ ബില്‍ രണ്ടാമതും അയച്ചാല്‍ പ്രസിഡന്റിന് അതില്‍ ഒപ്പുവെയ്‌ക്കേണ്ടി വരും. ദ്രൗപദി മുര്‍മുവിനും ഇത് ബാധകമാണ്. പക്ഷേ, രാഷ്ട്രപതി സ്ഥാനത്തേക്കുള്ള ദ്രൗപദി മുര്‍മുവിന്റെ വരവ് പ്രതീകാത്മകതയ്ക്കപ്പുറത്ത് ചില കാര്യങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഇന്ത്യയില്‍ ഒമ്പത് കോടിയോളം ആദിവാസികളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവരുടെ ആശയാഭിലാഷങ്ങള്‍ക്ക് ദ്രൗപദി മുര്‍മു നല്‍കുന്ന ഊര്‍ജ്ജവും ആവേശവും ഒരിക്കലും നിസ്സാരവത്കരിക്കാനാവില്ല.

ഇന്ത്യയിലെ ദളിതര്‍ക്ക് ജ്യോതി റാവു ഫുലെയും അയ്യങ്കാളിയും അംബദ്കറും പകര്‍ന്നു നല്‍കിയ ഊര്‍ജ്ജം അപാരമായിരുന്നു. ഇവരെപ്പോലൊരു നേതാവുണ്ടായില്ല എന്നതാണ് ഇന്ത്യയിലെ ആദിവാസികള്‍ നേരിടുന്ന പ്രതിസന്ധിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈ പ്രതിസന്ധിക്കൊരു പരിഹാരമാവുന്നുണ്ടോ ദ്രൗപദിയുടെ വരവ്?

താങ്കള്‍ പരാമര്‍ശിച്ച മൂന്നുപേരുടെ രാഷ്ട്രീയ , സാമൂഹ്യ പ്രസക്തിയിലേക്ക് ദ്രൗപദി എത്തുന്നുണ്ടെന്ന് പറയാനാവില്ല. പക്ഷേ, ദ്രൗപദിയുടെ വരവില്‍ ഒരു സന്ദേശമുണ്ട്. ആ സന്ദേശം ഇന്ത്യയിലെ ആദിവാസി സമൂഹങ്ങളെ ഉത്തേജിതരാക്കുന്നുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. ഭരണഘടനയ്ക്ക് പുറത്തു നിന്നുകൊണ്ടാണ് നക്സ്ലുകള്‍ ആദിവാസികളെ സംഘടിപ്പിക്കാന്‍ നോക്കിയത്. എന്നാല്‍ ഇന്ത്യയിലെ ആദിവാസികള്‍ ഭരണഘടന തിരസ്‌കരിക്കുന്നവരല്ല. ഭരണഘടനയുടെ പരമോന്നത പദവിയിലേക്ക് അവരുടെ ഇടയില്‍ നിന്നൊരാള്‍ വരുമ്പോള്‍ അതുയര്‍ത്തുന്ന പ്രതീക്ഷകളും പ്രത്യാശയും കണ്ടില്ലെന്ന് നടിക്കാനാവില്ല.

ഗുജറാത്ത് , മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തിസ്ഗഡ് എന്നിവടങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ നാല് സംസ്ഥാനങ്ങളിലുമായി 128 സീറ്റുകള്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 35 സീറ്റുകള്‍ മാത്രമാണ് കഴിഞ്ഞ തവണ ബിജെപിക്ക് നേടാനായത്. ദ്രൗപദി മുര്‍മു രാഷ്രടപതിയാവുമ്പോള്‍ ആദിവാസികള്‍ക്കുണ്ടാവുന്ന ഉണര്‍വ്വവിനെക്കുറിച്ച് താങ്കള്‍ സൂചിപ്പിച്ചു. ഈ ഉണര്‍വ്വ് വോട്ടാക്കി മാറ്റുക എന്നൊരു രാഷ്ട്രീയ ലക്ഷ്യവും ബിജെപിക്കില്ലേ?

തീര്‍ച്ചയായും. ബിജെപിയും ആര്‍എസ്എസ്സും കൃത്യമായ ആസൂത്രണത്തോടെയാണ് നീങ്ങുന്നത്. വ്യക്തികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സമൂഹങ്ങളെ ഒഴിവാക്കുക എന്ന രാഷ്ട്രീയ പദ്ധതിയാണത്. ദ്രൗപദി മുര്‍മുവിനെപ്പോലുള്ളവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുമ്പോള്‍ തന്നെ ജുഡീഷ്യറി പോലുള്ള സുപ്രധാന ഇടങ്ങളില്‍ ദളിത്, ആദിവാസി പ്രാതിനിധ്യം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ' symbolic inclusion and substantial exclusion' എന്ന അവസ്ഥയാണിത്. ഇതിവിടെ കാലാകാലങ്ങളായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിപാടിയാണ്. അതൊരു വര്‍ഗ്ഗ താല്‍പര്യമാണ്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ തലപ്പത്തിരിക്കുന്നവരുടെ വര്‍ഗ്ഗ താല്‍പര്യം. പക്ഷേ, ഇതിനിടയിലും ദ്രൗപദി മുര്‍മുവിനെപ്പോലുള്ളവരെ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അംഗീകരിക്കേണ്ടി വരുന്നുവെന്നത് ചെറിയ കാര്യമല്ല. അടിച്ചമര്‍ത്തപ്പെടുന്ന ജനതയുടെ മുന്നേറ്റത്തിന് അത് പകര്‍ന്നു നല്‍കുന്ന കരുത്ത് അടയാളപ്പെടുത്തുക തന്നെ വേണം.

Content Highlights: interview with prof.m.kunjaman, Droupadi Murmu

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented