പൂർണ മലാവത്ത് പർവതാരോഹണ സമയത്ത് ( ഫയൽ ചിത്രം), പൂർണ മലാവത്ത്
ധൈര്യവും നിശ്ചയദാര്‍ഢ്യവും കൃത്യമായ ലക്ഷ്യവുമുണ്ടെങ്കില്‍ ഏത് വലിയ കൊടുമുടിയും കീഴടക്കാമെന്ന് തെളിയിച്ച പെണ്‍കുട്ടിയാണ് പൂര്‍ണ മലാവത്ത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പൂർണ എവറസ്റ്റ് കീഴടക്കിയത്. 2013 മേയ് 25-നായിരുന്നു ആ ചരിത്ര നിമിഷം പിറന്നത്. പ്രതികൂല കാലാവസ്ഥയും തണുപ്പും മറികടന്നായിരുന്നു പൂര്‍ണയുടെ നേട്ടം. വെല്ലുവിളികള്‍ ഏറെയുണ്ടായിരുന്നു ആ യാത്രയില്‍. എവറസ്റ്റിന് പിന്നാലെ ആറ് വന്‍കരകളിലെ വലിയ പര്‍വതങ്ങള്‍ കീഴടക്കിയ പെണ്‍കുട്ടിയുമാണ് പൂര്‍ണ. പതിമൂന്നാം വയസ്സില്‍ എവറസ്റ്റിന്റെ നെറുകയില്‍ എത്തിയ പൂര്‍ണ മലാവത്ത് തന്റെ സാഹസിക യാത്രയുടെ കഥ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു.
തെലങ്കാനയിലെ ഒരു ഗ്രാമപ്രദേശത്ത് നിന്നാണ് പൂര്‍ണ വരുന്നത്, പര്‍വതാരോഹണത്തിലേയ്ക്കുള്ള താങ്കളുടെ യാത്രയുടെ തുടക്കം എങ്ങനെയായിരുന്നു?
തെലങ്കാനയിലെ പാക്കാല എന്ന ചെറിയ ഗ്രാമത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. അവിടെ ഒരു തരത്തിലുള്ള പ്രാഥമിക സൗകര്യങ്ങളുമുണ്ടായിരുന്നില്ല. ഒരു ചെറിയ തീപ്പെട്ടി വാങ്ങാന്‍ പോലും ഏഴ് കിലോമീറ്റര്‍ സഞ്ചരിക്കണമായിരുന്നു. കാര്യമായ ഗതാഗതസൗകര്യമൊന്നും ഉണ്ടായിരുന്നില്ല. നിത്യജീവിതത്തില്‍ അത്യാവശ്യമുള്ള എന്ത് ചെറിയ സാധനം വാങ്ങാന്‍ വേണ്ടിയും ഏഴ് കിലോമീറ്റര്‍ സഞ്ചരിക്കണമായിരുന്നു. ഒരു അത്യാഹിതമുണ്ടായാല്‍ ആശുപത്രിയിലെത്താല്‍ 16 കിലോമീറ്റര്‍ സഞ്ചരിക്കണമായിരുന്നു. അത്തരത്തിലുള്ള ഒരു ഗ്രാമത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. എന്റെ ഗ്രാമത്തില്‍ തന്നെയുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം ഞാന്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഗ്രാമത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള ഒരു റസിഡന്‍ഷ്യല്‍ സ്‌കൂളിലേയ്ക്ക് മാറി. അതായിരുന്നു എന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ്.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എല്ലാത്തരം കായിക മത്സരങ്ങളിലും പങ്കെടുക്കുമായിരുന്നു. അന്ന് സ്‌കൂളില്‍ നിന്ന് റോക്ക് ക്ലൈംബിങ്ങിന് തിരഞ്ഞെടുക്കപ്പെട്ട രണ്ട് പേരില്‍ ഒരാള്‍ ഞാനായിന്നു. ഏതാണ്ട് 110 വിദ്യാര്‍ഥികളാണ് അതില്‍ പങ്കെടുത്തത്. ഹൈദരാബാദിലെ ബോണഗിരിയിലായിരുന്നു അഞ്ച് ദിവസത്തെ പരിശീലനം. ആദ്യത്തെ ദിവസം, ആ വലിയ പാറ കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ജീവിതത്തില്‍ ആദ്യമായാണ് അത്രയും വലിയ പാറ കാണുന്നത്. ഒരുപാട് കാര്യങ്ങള്‍ മനസിലേക്ക് ഓടിയെത്തി. എങ്ങനെ ഇത് കയറുമെന്നാണ് ചിന്തിച്ചത്. എന്നാല്‍ പരിശീലകന്റെ നിര്‍ദേശം അനുസരിച്ച് പാറയില്‍ കയറാന്‍ തുടങ്ങി. ആദ്യത്തെ ദിവസം ശരിക്കും പേടി തോന്നിയിരുന്നു. എളുപ്പത്തില്‍ പാറയുടെ മുകളില്‍ കയറിയെങ്കിലും തിരിച്ചിറക്കം ദുഷ്‌കരമായിരുന്നു. അതിന്റെ ചെരിവ് തന്നെയായിരുന്നു വെല്ലുവിളി. അതിനാല്‍ തന്നെ കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി. ഭയം വന്ന് പൊതിഞ്ഞു. എന്നാല്‍ അഞ്ച് ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയതോടെ ആത്മവിശ്വാസം വര്‍ധിച്ചു. എന്തും ചെയ്യാം എന്ന വിശ്വാസം എനിക്ക് വന്നുചേര്‍ന്നു. അതായിരുന്നു എന്റെ യാത്രയുടെ തുടക്കം.
അവിടെ നിന്ന് എങ്ങനെയാണ് എവറസ്റ്റ് കിഴടക്കാനുള്ള സംഘത്തിലേയ്ക്ക് എത്തുന്നത് ?
എന്റെ ഗ്രാമത്തെക്കുറിച്ച് പറഞ്ഞല്ലോ, അതുപോലെ ഒരു ഗ്രാമത്തില്‍ നിന്ന് വരുന്ന ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച്, സമൂഹത്തില്‍ നിന്നോ ഗ്രാമത്തിലെ ആളുകളില്‍ നിന്നോ വലിയ പിന്തുണ ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നില്ല. അപ്പോള്‍ ഇതാണ് അവസരമെന്ന് ഞാന്‍ ചിന്തിച്ചു. റോക്ക് ക്ലൈബിങ്ങിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും എന്റെ ആത്മവിശ്വാസം വര്‍ധിച്ചു. ആ ആത്മവിശ്വാസമാണ് ഇവിടെ വരെ എത്തിച്ചത്. അവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാര്‍ഥികളില്‍ ഞാനുമുണ്ടായിരുന്നു. അത് പശ്ചിമ ബംഗാളിലെ ഡാര്‍ജലിങ്ങിലെ ഹിമാലയന്‍ മൗണ്ടനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നടന്നത്. ഹൈ ആള്‍ട്ടിറ്റ്യൂഡുമായി എങ്ങനെ താതാത്മ്യം പ്രാപിക്കാം, അതിശൈത്യത്തിനോട് എങ്ങനെ പൊരുത്തപ്പെടാം എന്നതടക്കമുള്ളതാണ് അവിടെ പരിശീലനം നല്‍കിയത്. ആ ശൈത്യത്തോടും ഉയരത്തോടും പൊരുത്തപ്പെടുക എന്നത് കഠിനമായിരുന്നു. അവിടെവെച്ചാണ് ഞാന്‍ ആദ്യത്തെ പര്‍വതം കീഴടക്കിയത്.
20 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ അടുത്ത ഘട്ടത്തിന് എനിക്ക് അവസരം ലഭിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. ശൈത്യകാല പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടു. 20 പേരില്‍ നിന്ന് ഒന്‍പത് പേര്‍ക്കാണ് അവസരം ലഭിച്ചത്. ലഡാക്കില്‍ ഏകദേശം ഒരു മാസം നീളുന്ന പരിശീലനമായിരുന്നു അത്. മൈനസ് 13 ഡിഗ്രിയായിരുന്നു ആ സമയത്ത് അവിടുത്തെ താപനില. ആ പ്രായത്തില്‍ എന്നെപ്പോലെ ഒരു കുട്ടിക്ക് ആ താപനിലയുമായി പൊരുത്തപ്പെടുക അതികഠിനമായിരുന്നു. എന്നാലും ഞാന്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി. ആ കോഴ്‌സിന് ശേഷം ശരിക്കും നാല് പേരെയാണ് തിരഞ്ഞെടുത്തത്. എന്നാല്‍ സര്‍ക്കാര്‍ രണ്ട് പേര്‍ക്ക് മാത്രമാണ് സാമ്പത്തിക സഹായം നല്‍കാന്‍ തയ്യാറായത്. ആ രണ്ട് പേരില്‍ ഞാനും ഉണ്ടായിരുന്നു. മൗണ്ട് എവറസ്റ്റ് കയറാന്‍ തിരഞ്ഞെടുക്കുന്ന സമയത്ത് എനിക്ക് 13 വയസായിരുന്നു പ്രായം.
എവറസ്റ്റ് ആരോഹണത്തിന് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എന്തായിരുന്നു മനസ്സില്‍ തോന്നിയത് ?
എനിക്ക് വലിയ ആശ്ചര്യവും സന്തോഷവുമാണ് തോന്നിയത്. എവറസ്റ്റ് കയറാന്‍ തിരഞ്ഞെടുക്കപ്പെടുക എന്നത് വലിയ സന്തോഷം തന്നെയായിരുന്നു. ഒരുപാട് പെണ്‍കുട്ടികളില്‍ നിന്ന്, പെണ്‍കുട്ടികളില്‍ നിന്ന് മാത്രമല്ല ഒരുപാട് കുട്ടികളില്‍ നിന്നാണ് എനിക്ക് അവസരം ലഭിച്ചത്. അതിനാല്‍ തന്നെ എന്തെന്നില്ലാത്ത സന്തോഷം തോന്നി.
പതിമൂന്ന് വയസുള്ള ഒരു പെണ്‍കുട്ടി എവറസ്റ്റ് കയറാന്‍ തിരഞ്ഞെടുക്കപ്പെടുക, താങ്കള്‍ എങ്ങനെയാണ് മാതാപിതാക്കളെ ഇക്കാര്യം ബോധ്യപ്പെടുത്തിയത്, അത് എളുപ്പമായിരുന്നോ ?
അതൊരു വലിയ കാര്യമായിരുന്നു. അവര്‍ നമ്മളെ വിശ്വസിക്കുക എന്നതായിരുന്നു പ്രധാനം. ഒരു പെണ്‍കുട്ടി എന്ന നിലയില്‍, അതും 13 വയസ് മാത്രമുള്ള കുട്ടി എന്ന നിലയില്‍ അവരെക്കൊണ്ട് സമ്മതിപ്പിക്കുക വെല്ലുവിളിയായിരുന്നു. അതേസമയം പരിശീലകനില്‍ നിന്ന് എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. അദ്ദേഹമായിരുന്നു എന്റെ വഴികാട്ടി. അദ്ദേഹമാണ് മാതാപിതാക്കളെ എന്റെ കഴിവുകള്‍ ബോധ്യപ്പെടുത്തിയത്. എവറസ്റ്റ് കയറുന്നതിനേപ്പറ്റി പറഞ്ഞപ്പോള്‍ അമ്മ കരയുകയാണ് ആദ്യം ചെയ്തത്. ഞാന്‍ ഒരു കാര്യം മാത്രമാണ് അമ്മയോട് പറഞ്ഞത്, ഒരുപാട് കുട്ടികളില്‍ നിന്നാണ് എവറസ്റ്റ് കയറാനുള്ള അവസരം എനിക്ക് ലഭിച്ചത്. അവസരം ലഭിക്കാതിരുന്നവര്‍ വീട്ടിലിരുന്നു കരയുകയാണ്. ഇത് വലിയ അവസരമാണ്, തടയാതിരുന്നാല്‍ എനിക്ക് ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കും.
എങ്കിലും അവര്‍ക്ക് സമൂഹത്തേക്കുറിച്ചും ഈ ലോകത്തെക്കുറിച്ചും നന്നായി അറിയാമായിരുന്നു. മാതാപിതാക്കള്‍ എന്നെ ഒരിക്കലും ഒന്നിനും നിര്‍ബന്ധിച്ചിരുന്നില്ല. അതിലെനിക്ക് അതിയായ സന്തോഷമുണ്ട്. അവര്‍ എല്ലായ്പ്പോഴും എനിക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. പക്ഷേ എവറസ്റ്റിന്റെ കാര്യം വരുമ്പോള്‍ അവര്‍ ചിന്തിക്കുക സ്വാഭാവികമാണ്. പക്ഷേ ഞാന്‍ അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അവരുടെ മകള്‍ക്ക് എന്തും ചെയ്യാന്‍ സാധിക്കുമെന്ന വിശ്വാസം അവര്‍ക്കുമുണ്ടായിരുന്നു.
എന്തെല്ലാമായിരുന്നു എവറസ്റ്റില്‍ കാത്തിരുന്ന വെല്ലുവിളികള്‍, താങ്കള്‍ എങ്ങനെയാണ് അവ മറികടന്നത് ?
ഏപ്രില്‍, മേയ് മാസങ്ങളിലാണ് എവറസ്റ്റ് ആരോഹണത്തിന് അനുമതി ലഭിക്കുക. ആ സമയത്ത് മാത്രമാണ് എവറസ്റ്റ് കയറാനാകുക. നേപ്പാളിന്റെ ഭാഗത്ത് കൂടെയും ടിബറ്റിന്റെ ഭാഗത്ത് കൂടിയും എവറസ്റ്റ് കയറാമെങ്കിലും ഞാന്‍ ടിബറ്റിന്റെ ഭാഗത്ത് കൂടിയാണ് എവറസ്റ്റ് കയറിയത്. എന്റെ പരിശീലകന്‍ ശേഖര്‍ ബാബു അതുവഴിയാണ് ടിബറ്റ് കീഴടക്കിയത്. എന്നാല്‍ നേപ്പാള്‍ ഭാഗത്ത്കൂടി 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് എവറസ്റ്റ് കയറാന്‍ അനുമതിയില്ല എന്നതായിരുന്നു പ്രധാന കാരണം. ടിബറ്റിന്റെ ഭാഗത്ത് അത്തരം നിയന്ത്രണങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ല.
പരിശീലനത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ആരോഹണം. ഓരോ ചുവടും കഠിനവും ബുദ്ധിമുട്ടേറിയതുമായിരുന്നു. കാലാവസ്ഥയ്ക്ക് അനുകൂലമായി പൊരുത്തപ്പെടുക എന്നത് പ്രധാനമായിരുന്നു. ചില സമയത്ത് കാലാവസ്ഥ അപ്രതീക്ഷിതമായി മാറും, ശീതക്കാറ്റ് വീശും. പതിമൂന്ന് വയസുള്ള പെണ്‍കുട്ടി എന്ന നിലയില്‍ ഇതെല്ലാം വലിയ വെല്ലുവിളിയായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് ഉയരത്തിലുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ച് പൊരുത്തപ്പെടുക എന്നത് പ്രധാനമായിരുന്നു. ഞാന്‍ തുടര്‍ച്ചയായി ഛര്‍ദ്ദിക്കാന്‍ തുടങ്ങി. എങ്കിലും ഏതെങ്കിലും കാരണത്താല്‍ തിരിച്ചിറങ്ങുന്നതിനേക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല.
ഏതെങ്കിലും ഘട്ടത്തില്‍ താങ്കള്‍ക്ക് ഭയം തോന്നിയിരുന്നോ?
ആദ്യമായി റോക്ക് ക്ലംബിങ് പരിശീലനത്തിന് ചെല്ലുമ്പോള്‍ ശരിക്കും ഭയമുണ്ടായിരുന്നു. ഒട്ടും തന്നെ ആത്മവിശ്വാസം എനിക്കുണ്ടായിരുന്നില്ല. പക്ഷേ പരിശീലകനില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു. അതൊരു പഠനഘട്ടമായിരുന്നു. ആ പരിശീലനത്തിന്റെ ഘട്ടത്തില്‍ സ്വാഭാവികമായും ആത്മവിശ്വാസം വന്നുചേര്‍ന്നു. അതാണ് എന്റെ കാര്യത്തില്‍ സംഭവിച്ചത്. എന്നാല്‍ എവറസ്റ്റ് കയറുന്ന ഘട്ടത്തില്‍ ഒരിക്കല്‍ പോലും ഭയം തോന്നിയിരുന്നില്ല. അവസാനഘട്ടത്തില്‍, ശിഖരത്തിന് തൊട്ടടുത്ത് മൃതദേഹം കണ്ടിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് ഒരു ഭയവും വിറയലും ഉണ്ടായി. പക്ഷേ എന്റെ സ്വപ്‌നം ഭയത്തേക്കാള്‍ വലുതായിരുന്നു. എന്റെ ആത്മവിശ്വാസം സമര്‍പ്പണം ഇതെല്ലാം എന്റെ പേടിയേക്കാള്‍ ഒരുപാട് വലുതായിരുന്നു. ലക്ഷ്യം ഏതാനും ചുവട് മാത്രം അകലെയായിരുന്നതിനാല്‍, എനിക്കൊരു മടക്കം സാധ്യമല്ലായിരുന്നു. മടങ്ങാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല.
എവറസ്റ്റ് കീഴടക്കി കഴിഞ്ഞപ്പോള്‍ എന്തായിരുന്നു താങ്കളുടെ മനസ്സില്‍?
ശരിക്കും പറഞ്ഞാല്‍, വാക്കുകളില്ല. എന്റെ സന്തോഷം വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ സാധിക്കുന്നില്ല. എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവിടെ തുള്ളിച്ചാടാനാണ് ശരിക്കും തോന്നിയത്. പക്ഷേ അത് സാധിച്ചില്ല. നമുക്കൊരിക്കലും അവിടെ തുള്ളിച്ചാടി നമ്മുടെ സന്തോഷം പ്രകടിപ്പിക്കാന്‍ സാധിക്കില്ല. സത്യത്തില്‍ ഞാന്‍ തളര്‍ന്നിരുന്നു. അവിടെ ഇരുന്ന് ആ പര്‍വതങ്ങളുടെ ഭംഗി ആസ്വദിക്കുകയാണ് ആദ്യം ചെയ്തത്. വിവിധ നിറത്തിലുള്ള ടെന്റുകള്‍ കാണാമായിരുന്നു. സംഘാംഗങ്ങളും എത്തുന്നുണ്ടായിരുന്നു. ക്ഷീണിതരായി എത്തുന്ന അവരെയും കാണാമായിരുന്നു. അതേസമയം താഴേയ്ക്ക് ഇറങ്ങുന്നതിനേക്കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്.
ഗ്രാമപ്രദേശത്ത് നിന്ന് വന്ന സാധാരണക്കാരിയായ പെണ്‍കുട്ടി എന്ന നിലയില്‍ ഈ യാത്ര എളുപ്പമായിരുന്നോ?
തീര്‍ച്ചയായും അത് ഒരിക്കലും എളുപ്പമായിരുന്നില്ല. ഒരു സാധാരണ പശ്ചാത്തലത്തില്‍ നിന്ന് വരുന്നതിനാല്‍ തന്നെ ഇതുപോലെ ഒരു നേട്ടത്തിലേയ്ക്ക് എത്താന്‍ ഒരുപാട് പരിശ്രമം വേണ്ടിവന്നു. സാമ്പത്തിക സഹായം അധികമായി ലഭിച്ചിരുന്നില്ല. അവസരങ്ങളും വളരെക്കുറവായിരുന്നു. കഠിനമായിരുന്നു യാത്ര. പക്ഷേ, നമ്മുടെ ലക്ഷ്യത്തിലേക്ക് വേണ്ടി പരിശ്രമിച്ചാല്‍, എല്ലാം നമ്മളിലേക്ക് വന്നുചേരും. നമ്മള്‍ നമ്മളില്‍ തന്നെ വിശ്വസിക്കുകയാണ് വേണ്ടത്.
എന്ത് മാറ്റമാണ് പൂര്‍ണയുടെ ജീവിതത്തില്‍ ഉണ്ടായത്, ഗ്രാമം എങ്ങനെയാണ് താങ്കളുടെ നേട്ടത്തെ സ്വീകരിച്ചത്?
എവറസ്റ്റ് കീഴടക്കുന്നതിന് മുമ്പും അതിന് ശേഷവും തമ്മില്‍ ഒരുപാട് മാറ്റങ്ങളുണ്ടായി. നേരത്തെ ആര്‍ക്കും പൂര്‍ണയെ ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ എന്റെ അടുത്തേക്ക് വരുന്നു. സംസാരിക്കുന്നു. അതൊരു വലിയ മാറ്റമാണ്. മുമ്പ് പൂര്‍ണയ്ക്ക് ഒന്നിനെപ്പറ്റിയും അറിവുണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ എല്ലാം അറിയാന്‍ ശ്രമിക്കുന്നു, പഠിക്കുന്നു. ലോകം മുഴുവന്‍ സഞ്ചരിക്കുന്നു.
ഗ്രാമത്തിലെ കാര്യമെടുത്താല്‍, എവറസ്റ്റ് കീഴടക്കും മുമ്പ് ഏതാനും പേര്‍ക്ക് മാത്രമാണ് ഞാന്‍ പര്‍വതാരോഹണത്തിന് പോകുന്നതിനേപ്പറ്റി പോലും അറിയാമായിരുന്നത്. എന്നാല്‍ ഭൂരിഭാഗം ഗ്രാമീണര്‍ക്കും അത് എത്ര പ്രയാസകരമായിരുന്നുവെന്ന് അറിവുണ്ടായിരുന്നില്ല. അതിന് ശേഷം എല്ലാവരും അഭിനന്ദിക്കാനെത്തി. എനിക്കായി വലിയ റാലികള്‍ നടത്തി. അഭിനന്ദനങ്ങള്‍കൊണ്ടുമൂടി, അതൊരു വല്ലാത്ത നിമിഷമായിരുന്നു.
Content Highlights: interview with Poorna Malavath, Mountaineer Scales Highest Mountains In 7 Continents
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..