വി.ഡി.സതീശൻ. ഫോട്ടോ: ജിതിൻ ജലീൽ
തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സമുദായ നേതാക്കളെ നേരില്‍ക്കണ്ടത് രാഷ്ട്രീയനേട്ടം ലക്ഷ്യവെച്ചല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കേരള സമൂഹത്തില്‍ വിദ്വേഷമുണ്ടാകുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അതിരുവിടുന്നുവെന്ന് തോന്നിയപ്പോള്‍ പ്രശ്നം പരിഹരിക്കാനാണ് പാര്‍ട്ടി ഇടപെട്ടതെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. സര്‍ക്കാര്‍ ഇടപെടല്‍ കോണ്‍ഗ്രസിനെ മാതൃകയാക്കിയാണെങ്കില്‍ അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശിവദാസന്‍ നായര്‍ക്കെതിരായ പാര്‍ട്ടി നടപടി പിന്‍വലിച്ചത് കൂടുതല്‍ കൊഴിഞ്ഞുപോക്കുണ്ടാകുമോയെന്ന് ഭയന്നിട്ടല്ലെന്നും വിശദീകരണം തൃപ്തികരമായതിനാലാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നവരെ പൂവിട്ട് പൂജിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പാലക്കാട്ട് പാര്‍ട്ടി വിട്ട എ.വി ഗോപിനാഥുമായി ചര്‍ച്ച നടത്തുകയാണെന്നും തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ അംഗത്വത്തിന്റെ 50ാം വാര്‍ഷികാഘോഷ പരിപാടികള്‍ അവസാനിപ്പിച്ച കാര്യം തനിക്കറിയില്ലെന്നും അക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്യം രാഷ്ട്രീയ നേട്ടമല്ല
ഒന്നാമതായി രാഷ്ടീയ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യം അതില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നില്ല. രണ്ട് വിഷയങ്ങളാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചത്. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ അകല്‍ച്ചയും ചേരിതിരിവും ഉണ്ടാകുന്നതിനായി ചിലര്‍ മനഃപൂര്‍വം നടത്തിയ ഇടപെടലുകള്‍. സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് വര്‍ഗീയ വിദ്വേഷം പരത്തുന്നതിന് വ്യാപകമായ ശ്രമം നടക്കുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കണം. സൈബര്‍ പോലീസിനെ ഉപയോഗിച്ച് നാടിന് ദേഷകരമായ ഈ പ്രശ്നത്തില്‍ ഗൗരവതരമായ ഒരു ഇടപെടല്‍ ഉണ്ടാകണം.
രണ്ടാമത്തെ പ്രശ്നം ഈ ഒരു വിഷയത്തില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ അകലുന്ന സ്ഥിതിയുണ്ട്. ഇരു വിഭാഗത്തിലേയും മത നേതാക്കളെ ഉള്‍പ്പെടെ വിളിച്ച് ഒരു സര്‍വകക്ഷിയോഗം ചേര്‍ന്ന് കാര്യങ്ങള്‍ പരിഹരിക്കാനുള്ള നീക്കം ഉണ്ടാകണം. ഈ രണ്ട് കാര്യങ്ങള്‍ നാല് ദിവസത്തോളം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ പരിഹരിക്കാന്‍ ശ്രമിച്ചില്ല. ആകെ ഉണ്ടായത് വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു എന്നത് മാത്രമാണ്. മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത അറിഞ്ഞതല്ലാതെ മറ്റൊരു തുടര്‍ നടപടിയുണ്ടായോ എന്ന് അറിയില്ല.
ഇടപെട്ടത് സര്‍ക്കാര്‍ നിഷ്ക്രിയമായതിനാല്‍
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ തുടര്‍ന്നുള്ള വിവാദത്തില്‍ പ്രശ്ന പരിഹാരത്തിന് ശ്രമിച്ചത് പ്രതിപക്ഷം എന്ന നിലയിലും ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയിലുമാണ്. സമൂഹത്തില്‍ ചേരിതിരിവുണ്ടാകരുതെന്ന ആഗ്രഹം മാത്രമായിരുന്നു ഇതിന് പിന്നില്‍. നേരിട്ടും ഫോണിലും വിവിധ മത നേതാക്കളേയും സമുദായ നേതാക്കളേയും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഞാനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും ബന്ധപ്പെടുകയായിരുന്നു. കേരളം സമാധാനം നിലനില്‍ക്കുന്ന ഒരു സംസ്ഥാനമാണ്, പുരോഗമനപരമായി ചിന്തിക്കുന്ന ഒരു സമൂഹമാണ്. അതിന് കോട്ടം തട്ടാതിരിക്കുക എന്ന ലക്ഷ്യം മാത്രം വെച്ച് സദുദ്ദേശത്തോടെയാണ് കോണ്‍ഗ്രസ് ഇടപെട്ടത്.
മന്ത്രി വാസവന് ബിഷപ്പ് ഹൗസില്‍ എത്തിയത്
കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ എന്തെങ്കിലും ഒരു രാഷ്ട്രീയനേട്ടമുണ്ടാകുമോ എന്ന ഭയത്തിലാണ് സര്‍ക്കാര്‍ വിഷയത്തിൽ ഇടപെട്ടതെന്ന ആക്ഷേപമുന്നയിക്കാന്‍ പ്രതിപക്ഷം തയ്യാറല്ല. സാമുദായികമായി നിലനില്‍ക്കുന്ന ഭിന്നത തീര്‍ക്കണമെന്ന ഉദ്ദേശത്തിലാണ് ഇടപെട്ടത്. സര്‍ക്കാര്‍ ഇടപെടല്‍ എപ്പോഴുണ്ടായാലും കോണ്‍ഗ്രസിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകും. രാഷ്ട്രീയമായ നേട്ടം ഉണ്ടാക്കുകയെന്ന ലക്ഷ്യം ആര്‍ക്കും ഉണ്ടാകുമെന്ന് തോന്നുന്നില്ല. കേരളം ബാക്കിയുണ്ടാകണം. കേരളം ഇല്ലെങ്കില്‍ പിന്നെ അര്‍ക്കാണ് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ കഴിയുക.
വളരെ വൈകാരികമായ ഒരു പ്രശ്നമാണ്. ആളുകള്‍ അകന്ന് കഴിഞ്ഞാല്‍ കേരളം ഇല്ലാതാകും, പിന്നെ ആര്‍ക്കാണ് നേട്ടം. സര്‍ക്കാരിന് പ്രശ്നത്തിൽ ഇടപെടണമായിരുന്നെങ്കിൽ നേരത്തേ സമയമുണ്ടായിരുന്നു. കോട്ടയത്ത് നിന്ന് മന്ത്രിയുണ്ടായിരുന്നു. കോണ്‍ഗ്രസ് ഇടപെട്ടതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ നടപടിയെങ്കില്‍ സന്തോഷമുണ്ട്. പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമമുണ്ടായാല്‍ സര്‍ക്കാരിനൊപ്പം പ്രതിപക്ഷവുമുണ്ടായിരിക്കും.
ശിവദാസന്‍ നായര്‍ക്കെതിരേ നടപടിയില്ലാത്തത് കൊഴിഞ്ഞുപോക്ക് ഭയന്നിട്ടോ?
ശിവദാസന്‍ നായര്‍ക്കെതിരേ അച്ചടക്കനടപടിയെടുക്കാത്തത് അദ്ദേഹം നല്കിയ വിശദീകരണം തൃപ്തികരമായതിനാലാണ്. കൊഴിഞ്ഞുപോക്ക് ഭയന്നിട്ടാണ് എന്ന് പറയുന്നത് ശരിയല്ല. കേരളത്തില്‍ 14 ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിക്കുമ്പോള്‍ ഒരു കെപിസിസി സെക്രട്ടറി ചാനലുകളില്‍ വന്ന് ഈ 14 പേരും പെട്ടിതൂക്കികളാണെന്ന് പറയുമ്പോള്‍ അതൊരു പരസ്യമായ അധിക്ഷേപമാണ്. ഏതെങ്കിലുമൊരു പാര്‍ട്ടിക്ക് ഇത്തരക്കാരെ പൂവിട്ട് പൂജിച്ച് കൊണ്ട് നടക്കാന്‍ കഴിയുമോ. രണ്ട് പേരെ സസ്പെന്‍ഡ് ചെയ്തു.
പറയാനുള്ളത് കേള്‍ക്കാന്‍ സമയം കൊടുത്തു. കാര്യങ്ങളില്‍ സിപിഎം ചെയ്യുന്നത് പോലെ കര്‍ശനമായ കടുത്ത നടപടിയിലേക്ക് പോവുകയല്ല കോണ്‍ഗ്രസ് ചെയ്തത്. ശിവദാസന്‍ നായര്‍ കൃത്യമായി വിശദീകരണം നല്കിയപ്പോള് പുറത്ത് പോയ ആള് വളരെ ധിക്കാരപരമായ നിലപാടാണ് സ്വീകരിച്ചത്. ചെയ്ത തെറ്റ് അംഗീകരിക്കാതെ അത് ശരിയാണെന്ന വാദം തുടരുകയാണ് ചെയ്തത്. പാര്‍ട്ടി വിട്ട് പോയവരുടെ നടപടിക്ക് മുന്‍പ് തന്നെ ശിവദാസന്‍ നായര്‍ക്ക് കത്ത് നല്‍കിയിരുന്നു.
എ.വി ഗോപിനാഥ് കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുമോ?
എ.വി ഗോപിനാഥും അദ്ദേഹത്തിനൊപ്പമുള്ളവരും തീരുമാനിച്ചിരിക്കുന്നത് മറ്റൊരു പാര്‍ട്ടിയിലേക്ക് പോകേണ്ട എന്നാണ്. അവര്‍ ചില പ്രശ്നങ്ങള്‍ ഉന്നയിച്ച് പ്രതിഷേധം പ്രകടിപ്പിച്ചു. കെപിസിസി പ്രസിഡന്റ് അവരുമായി ചര്‍ച്ച നടത്തി. എങ്ങും പോകില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. തീര്‍ച്ചയായും അവരെ തിരിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരും. പിണറായി വിജയനെ പുകഴ്ത്തി എന്ന് പറയുന്നത് ശരിയല്ല. അനില്‍ അക്കരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കമന്റുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ പെട്ടെന്നുള്ള ദേഷ്യത്തില്‍ പ്രതികരിച്ചുവെന്നേയുള്ളൂ. ഗോപിനാഥും കൂട്ടരും പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വ വാര്‍ഷിക പരിപാടികള്‍ നിര്‍ത്തുന്നത് സംബന്ധിച്ച്
ഒരു പ്രത്യേക സമിതിയാണ് കോട്ടയത്ത് ഇക്കാര്യം സംബന്ധിച്ച കാര്യങ്ങള്‍ ചെയ്യുന്നത്. അതേക്കുറിച്ച് എനിക്ക് ധാരണയില്ല. എന്തായാലും അന്വേഷിക്കും
Content Highlights: Interview with opposition leader VD Satheesan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..