മന്ത്രി പി പ്രസാദ്. ഫോട്ടോ: പ്രവീൺ ദാസ്
കൃഷിയും കൃഷി രീതിയിലും മാറ്റം വരണമെന്ന് പറയുകയാണ് കൃഷിമന്ത്രി പി. പ്രസാദ്. ലോകം മുഴുവന്‍ കാലാവസ്ഥാ വ്യതിയാനം സംഭവിച്ചികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മലയാളിയുടെ ഭക്ഷണ ശീലത്തിലും മാറ്റമുണ്ടാകണമെന്നും ഭക്ഷ്യ സ്വയംപര്യാപ്തത നേടാന്‍ ഇത് അത്യാവശ്യമാണെന്നും മന്ത്രി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. മാത്രമല്ല കൃഷിയില്‍ ലോകത്താകമാനമുള്ള മാറ്റങ്ങള്‍ പഠിക്കാന്‍ കര്ഷകരുള്പ്പെടുന്ന സംഘത്തെ വിദേശത്തയച്ച് പഠിക്കുമെന്നും മന്ത്രി പറഞ്ഞു. ലോക മണ്ണ് ദിനത്തോട് അനുബന്ധിച്ച് മന്ത്രിയുമായി നടത്തിയ ദീര്‍ഘ സംഭാഷണത്തില്‍ നിന്ന്.
അടുത്തിടെ മന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ആന്ധ്ര സന്ദര്‍ശിച്ചിരുന്നല്ലോ? അതിന്റെ വിശദാംശങ്ങള്‍ എന്തൊക്കെയാണ്?
ആന്ധ്ര ചെയ്യുന്ന ചില കാര്യങ്ങള്‍ മനസിലാക്കുക എന്നുള്ളതായിരുന്നു ആ സന്ദര്‍ശനത്തിന്റെ ഉദ്ദേശം. അവിടെ നാച്വറല്‍ ഫാമിങ് ഉണ്ട്. ചില നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പാട്ടത്തിന് ഭൂമി എടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു നിയമം അവര്‍ നടപ്പിലാക്കിയിരുന്നു. നാച്വറല്‍ ഫാമിങ് ഫലപ്രദമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് ആന്ധ്ര. നമുക്കിവിടെ കൃഷി ഭവനുകള്‍ എന്ന് പറയുന്നതുപോലെ അവിടെ അവര്‍ അതിനായി സംവിധാനം ഒരുക്കിയിട്ടുണ്ട്. അതിനെ ഒരു വലിയ സംവിധാനമായിട്ടാണ് അവര്‍ നടപ്പിലാക്കുന്നത്. അതിനെ മനസിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.
കേരളത്തിലെ 75 ശതമാനത്തോളം വരുന്ന കര്‍ഷകര്‍ കടക്കെണിയിലാണ് എന്നുള്ള ഒരു പഠനം സ്വതന്ത്ര കര്‍ഷക സംഘടനയായ കെഫയുടേതായി കഴിഞ്ഞ മാസം വന്നിരുന്നു. ഇതില്‍ 65 ശതമാനം ആളുകളുടെയും ഭൂമി വരെ പണയത്തിലാണ്. കേരളം കാര്‍ഷിക മേഖലയില്‍ വലിയൊരു തിരിച്ചടിയിലേക്ക് പോകുന്നുവെന്നതിന്റെ സൂചനയല്ലെ ഇത്?
കടം എന്നത് മലയാളിയുടെ ഒരു ജീവിത രീതിയുടെ ഭാഗമാണ്. പക്ഷെ കൃഷിക്കാരുടെ കാര്യം വരുമ്പോള്‍ അത് കുറച്ചുകൂടി ഗൗരവമുള്ളതാണ്. കര്ഷകന് കടം കൂടി കൃഷിയില്‍ നിന്ന് മാറുന്നുവെന്നത് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുക. നമ്മുടെ ഭക്ഷ്യോത്പാദനവുമായി ബന്ധപ്പെട്ട് ഒരു പ്രതിസന്ധി ഉണ്ടാകുന്നുവെന്നാണ് അതിന്റെ അര്‍ഥം.
ഈയൊരു പ്രശ്നം മുന്നില്‍ കണ്ടാണ് കര്‍ഷക കടാശ്വാസ കമ്മീഷന് രൂപം കൊടുക്കുകയും സഹകരണ പ്രസ്ഥാനങ്ങള്‍ നിന്ന് അവരെടുക്കുന്ന വായ്പകള്‍ക്ക് വലിയ അളവില്‍ സഹായം ചെയ്തുകൊടുക്കുന്നതിനും തീരുമാനമെടുത്തു. ആയിരക്കണക്കിന് കോടിരൂപയുടെ സഹായം ഈ കമ്മീഷന് വന്നതിന് ശേഷം കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭ്യമായിട്ടുണ്ട്. ഇന്ത്യയിലാദ്യമായിട്ടാണ് അങ്ങനൊരു കാര്യം നടപ്പിലാക്കിയത് എന്നത് നമ്മള് ഓര്‍ക്കണം. ഈ കമ്മീഷന്റെ കാലാവധി രണ്ടുവര്‍ഷം കൂടി നീട്ടിക്കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നൂറുകണക്കിന് കര്‍ഷകര്‍ക്ക് ഇതിന്റെ സഹായം ലഭ്യമാകും. കര്‍ഷകന്റെ കടം എന്നതിനെ ഗൗരവതരമായി തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്. കമ്മീഷന്റെ കാര്യത്തില്‍ ദേശസാത്കൃത ബാങ്കുകളെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല എന്നത് മാത്രമാണ് പ്രശ്നം.
കര്‍ഷകര്‍ക്ക് കടം വരുന്നത് അവര്‍ക്ക് വരുമാനം വര്ധിക്കാത്തതുകൊണ്ടുകൂടിയാണ്. ഉത്പാദനം നടത്തിയാല്‍ അത് വില്ക്കാന് സൗകര്യമില്ലാതാകുക, വിലയിടിയുക തുടങ്ങിയതൊക്കെ അതിന്റെ കാരണങ്ങളാണ്. അതിലേക്കായി എന്താണ് സര്‍ക്കാരിന് ചെയ്യാനാകുക?
കടാശ്വാസ പരിപാടി മാത്രം നടപ്പിലാക്കുക എന്നുള്ളതല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന് അവരുടെ വരുമാനം വര്‍ധിക്കണം. വരുമാനം വര്‍ധിച്ചാല്‍ കടം വീട്ടാന്‍ കര്‍ഷകര്‍ക്ക് സാധിക്കും. ഇപ്പോഴുള്ളതിനേക്കാള്‍ കുറഞ്ഞത് 50 ശതമാനമെങ്കിലും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. അവര്‍ക്ക് കൃഷികൊണ്ട് ജീവിക്കാന്‍ കഴിയണം. അവരുടെ കടങ്ങള്‍ വീട്ടാന്‍ കഴിയണം.
ഇപ്പോള്‍ നടക്കുന്നത് വിളയെ അടിസ്ഥാനപ്പെടുത്തിയുള്ള ആസൂത്രണമാണ്. അതിന് പകരം കൃഷിയിടത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ആസൂത്രണം വരണം. അവിടുത്തെ മണ്ണിന്റെ ഘടനയും ഭൂമിയുടെ സ്വഭാവവും കാലാവസ്ഥയും കണക്കിലെടുത്ത് ഏത് വിള കൃഷിചെയ്താല്‍ മെച്ചപ്പെട്ട വിള ലഭിക്കുമെന്നുള്ള ശാസ്ത്രീയവും പരമ്പരാഗതവുമായ ആസൂത്രണം നടത്തുക എന്നതാണ് ഒരുകാര്യം. ഇത് കഴിഞ്ഞാല്‍ ആ കൃഷിയിടത്തില്‍ നിന്ന് എന്ത് ഉത്പാദിപ്പിക്കാമെന്ന കാര്യത്തില്‍ ഒരു ധാരണ കിട്ടും. ഉത്പാദിപ്പിച്ചു കഴിഞ്ഞാല്‍ ആരും വാങ്ങാനില്ല എന്നുള്ളത് എല്ലാക്കാലത്തും കേള്‍ക്കുന്നതാണ്. ക്രൈസിസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞ് ഓടുകയാണ്. സര്‍ക്കാര്‍ വിളകള്‍ ഏറ്റെടുത്ത് കഴിഞ്ഞാല്‍ പ്രതിസന്ധി മാറി എന്ന് കരുതുന്നവരുണ്ട്. പക്ഷെ അങ്ങനെയല്ല കാര്യങ്ങള്‍.
ടണ്‍ കണക്കിന് പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നു, ഏറ്റെടുക്കാനാളില്ല എന്നൊക്കെ മാധ്യമങ്ങള്‍ പറയും. ഇത് കണ്ട് ഹോര്‍ട്ടികോര്‍പ്പ് വഴി അത് ഏറ്റെടുത്തെന്നിരിക്കട്ടെ, പ്രത്യക്ഷത്തില്‍ ആ പ്രതിസന്ധി പരിഹരിക്കപ്പെട്ടെന്ന് തോന്നാം. പക്ഷെ ഈ സംഭരിച്ച പച്ചക്കറികള്‍ വില്പന നടക്കണമെന്നില്ല. അവ കെട്ടിക്കിടന്ന് നശിച്ച് പോയെന്ന് വരാം. അത് പിന്നീട് വലിയ നഷ്ടത്തിലേക്ക് പോകും. ഇതൊക്കെ നമ്മുടെ ആസൂത്രണത്തിലെ പാളിച്ചയാണ് കാരണം. നേരത്തെ പറഞ്ഞതുപോലെയാണെങ്കില്‍ ഏതൊക്കെ വിള ഇന്ന സ്ഥലത്ത് എത്രത്തോളമുണ്ടാകുമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയും. ഇനി ഇവ ആവശ്യമുള്ളത് എവിടെയൊക്കെയാണ് എന്ന് മുന്‍കൂട്ടി അറിയാന്‍ സാധിക്കും. ഇവ ആവശ്യമുള്ളിടത്തേക്ക് വിതരണം ചെയ്യുന്നതോടെ വിള വാങ്ങാനാളില്ല എന്ന പ്രതിസന്ധി പരിഹരിക്കപ്പെടും.
സീസണില്‍ വിള കൂടുതലായി ഉത്പാദിപ്പിക്കുന്ന സാഹചര്യമുണ്ട്. അപ്പോള്‍ മാര്‍ക്കറ്റില്‍ വില ഇടിയുന്ന സ്ഥിതിയുണ്ടാകും. ഇവ അധികനാള്‍ സൂക്ഷിക്കാനാകാത്തതു കൊണ്ട് എങ്ങനെയെങ്കിലും വിറ്റൊഴിയാനാണ് കര്ഷകന് ശ്രമിക്കുക. ഇതിനായി കോള്‍ഡ് സ്റ്റോറേജ് സംവിധാനം ഏര്‍പ്പെടുത്തി അധികം വരുന്ന വിളകള്‍ സൂക്ഷിച്ച് വെച്ച് അത് മാര്‍ക്കറ്റില്‍ ലഭ്യമല്ലാതെ വരുന്ന സമയത്ത് ഉപയോഗിക്കാന്‍ സാധിക്കണം. ഇതിന് സര്‍ക്കാരും സഹകരണ സംഘങ്ങളും കൈകോര്‍ത്ത് ശ്രമിച്ചാല്‍ ആവശ്യമായ കോള്‍ഡ് സ്റ്റോറേജ് സംവിധാനം സജ്ജമാകും. ഇനി ചിലത് സംസ്കരിച്ച് വെക്കാവുന്നതാണ്. അങ്ങനെ കൃഷിക്കാരുടെ തന്നെ കൂട്ടായ്മകള്‍ കര്‍ഷകരുടെ വിളകളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കുന്നത്. ഇങ്ങനെ മൂല്യവര്‍ധിത ഉത്പന്നങ്ങളായാല് അത് വിപണനം ചെയ്യാനുള്ള സംവിധാനവും വേണം. ഇതിനൊക്കെ ആയി മൂല്യവര്‍ധിത കര്‍ഷക മിഷന് ആരംഭിച്ചു.
കര്‍ഷകരെ സഹായിക്കേണ്ടത് കൃഷി വകുപ്പ് മാത്രമല്ല. മൃഗക്ഷേമം, സഹകരണം, വൈദ്യൂതി, ജലസേചനം, വ്യവസായം, പൊതുവിതരണം തുടങ്ങി നിരവധി വകുപ്പുകള്‍ സംയോജിച്ചാലെ കര്‍ഷകരെ സഹായിക്കാനാകു. ആകെ 11 വകുപ്പുകള്‍ കര്‍ഷകരെ സഹായിക്കാന്‍ സജ്ജമാക്കുന്ന തരത്തിലാണ് ഇന്ത്യയിലാദ്യമായി മൂല്യവര്‍ധിത കൃഷി മിഷന് കേരളത്തില്‍ കഴിഞ്ഞമാസം രൂപം കൊണ്ടത്.
ലോകബാങ്കിന്റെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് 2150 കോടിയുടെ ഒരു വായ്പാ പദ്ധതി ഇതിനായി രൂപം കൊടുത്തിട്ടുണ്ട്. ഉണ്ടാക്കിയ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് കര്‍ഷകര്‍ക്ക് കൂടി പങ്കാളിത്തമുള്ള സിയാല്‍ മോഡല്‍ കമ്പനി 2023 ജനുവരിയില്‍ നിലവില്‍ വരും. കേരള അഗ്രോ ബിസിനസ് കമ്പനി എന്നാണ് ഇതിന് പേര്. മിഡില്‍ ഈസ്റ്റിലുള്പ്പെടെയുള്ള മേഖലയിലെ രാജ്യങ്ങളിലേക്ക് ആവശ്യമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. കര്‍ഷകന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ ഇത്രയും പരിപാടികള്‍ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.
ഇത്രയും കാര്യങ്ങള്‍ നടപ്പിലാക്കണമെന്നുണ്ടെങ്കില്‍ സംസ്ഥാനത്തെ 1076 കൃഷിഭവനുകളെ സ്മാര്‍ട്ടാക്കി മാറ്റേണ്ടതുണ്ട്, മാത്രമല്ല കര്‍ഷകര്‍ക്ക് ക്ഷേമ പെന്ഷന് നല്‍കുന്നതിനുള്ള ഒരു ബോര്‍ഡ് രൂപീകരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളൊക്കെ മുമ്പെ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിന്റെ നിലവിലെ അവസ്ഥ എന്തായി. സിയാല്‍ മോഡല്‍ കമ്പനിയെപ്പറ്റി ചെറിയ വിശദീകരണം നല്‍കാമോ?
കൃഷി ഭവന്റെ കാര്യം നോക്കിയാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സ്റ്റാഫ് പാറ്റേണ്‍ ആണ് ഇപ്പോഴുമുള്ളത്. കൂടുതല്‍ ഉദ്യോഗസ്ഥന്മാരെ വിനിയോഗിക്കേണ്ടതാണോ എന്ന് ചോദിച്ചാല്‍ ആണ്. പക്ഷെ ലോകം മുഴുവന്‍ ഇപ്പോഴൊരു സാമ്പത്തിക പ്രതിസന്ധിയിലാണ്. ചിലര്‍ ചോദിക്കാറുണ്ട് പണ്ടത്തെ പോലെ ഇവിടെ കൃഷിയില്ലല്ലോയെന്ന്. പക്ഷെ കൃഷിഭവനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം കൂടിയെന്നതാണ് വസ്തുത.
1973-74 ഭരണഘടനാ ഭേദഗതികളെ തുടര്‍ന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറപ്പെട്ട ഒന്നാണ് കൃഷിഭവനുകള്‍. പലയിടങ്ങളിലും ഇപ്പോള്‍ കാര്യങ്ങള്‍ നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥര്‍ ഇവര്‍ ആയിട്ടുണ്ട്. കൃഷിഭവനിലെ ഉദ്യോഗസ്ഥര്‍ കൃഷിയിടത്തില്‍ കര്‍ഷകരെ സഹായിക്കേണ്ടവരാണ്. പക്ഷെ ഇപ്പോള്‍ ഓഫീസ് ജോലികളുടെ അമിത ഭാരത്തിലാണ് ഇപ്പോഴവര്‍. ഇതില്‍ മാറ്റം വരുത്താനാണ് ഞങ്ങള്‍ സ്മാര്‍ട്ട് കൃഷിഭവനുകള്‍ എന്ന ആശയം കൊണ്ടുവന്നത്. പെട്ടെന്നൊരു ദിവസം എല്ലാം സ്മാര്‍ട്ടാക്കുക എന്നതല്ല.
കൃഷിയിടങ്ങളിലേക്ക് കൃഷി ഓഫീസറെയും അസിസ്റ്റന്റ് കൃഷി ഓഫീസറെയും കൂടുതലായി എത്തിക്കുന്നതിന് വേണ്ടി ഓഫീസ് കാര്യങ്ങളില്‍ മാറ്റം വരുത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുതിയ കെട്ടിടം ഉണ്ടാക്കുകയോ രണ്ട് കംപ്യൂട്ടര്‍ വെച്ച് കൊടുക്കുന്നതിനെയൊ അല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കൃഷിയിടത്തില്‍ സേവനങ്ങള്‍ സ്മാര്‍ട്ടാകുക എന്നതാണ്.
എപ്പോഴും മീറ്റിങ്ങെന്ന് പറഞ്ഞും, പേപ്പര്‍ വര്‍ക്കിനും വേണ്ടി ഓഫീസില്‍ തന്നെ കഴിഞ്ഞു കൂടേണ്ടി വരരുത്. ഇനി കര്‍ഷകര്‍ കൃഷി ഭവനുകളില്‍ എത്തിയാല്‍ അവര്‍ക്ക് കാര്യങ്ങള്‍ മനസിലാക്കാന്‍ ഉപകരിക്കുന്ന രീതിയില്‍ ലോകത്തെ മാറ്റങ്ങള്‍ വിശദീകരിക്കാനുള്ള ആധുനിക സംവിധാനം വേണം. പരിശീലന കേന്ദ്രം വേണം. കൃഷിയുടെ ക്ലിനിക്ക് പോലെ കൃഷിഭവനെ മാറ്റുക എന്നതാണ്.
കേരള അഗ്രോ ബിസിനസ് കമ്പനിയുടെ പ്രവര്‍ത്തനം കൃഷിഭവനിലെ ഉദ്യോഗസ്ഥര്‍ക്ക് അമിത ഭാരമുണ്ടാകാത്ത തരത്തിലായിരിക്കും. ഇതിനെല്ലാം പ്രത്യേകമായ സംവിധാനം വേറെയുണ്ടാകും.
പിന്നെ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് യാഥാര്‍ഥ്യമായിട്ടുണ്ട്. അതിന്റെ ആനുകൂല്യങ്ങളെ സംബന്ധിച്ചിടത്തോളമുള്ള തീരുമാനങ്ങളിലേക്ക് ഉടന്‍ എത്തും. ഇതിന്റെ രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചു. രജിസ്ട്രേഷന് കഴിഞ്ഞാല്‍ കുറഞ്ഞത് അഞ്ച് കൊല്ലം കഴിഞ്ഞാണ് ആനുകൂല്യങ്ങള്‍ ലഭ്യമായി തുടങ്ങു. കൂടുതല്‍ കര്‍ഷകരെ ഇതിന്റെ ഭാഗമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍.
കേരളത്തിന്റേതെന്ന് നമ്മള് പറഞ്ഞിരുന്ന വിളകളുണ്ട്. തെങ്ങ് അതിനൊരു ഉദാഹരണമായിരുന്നു. ഇന്ന് കേരളത്തേക്കാള്‍ തമിഴ്നാട്ടിലാണ് തെങ്ങ് കൃഷി. ഏലവും കുരുമുളകും അവിടേക്ക് പറിച്ചുനടാന്‍ അവര്‍ പരിശ്രമിക്കുന്നു. കൃഷിയുടെ കാര്യത്തില്‍ അവര്‍ കാണിക്കുന്ന ഒരു പരീക്ഷണ ത്വര അത് നമുക്കും മാതൃകയല്ലെ?
ശരിയാണ് ശാസ്ത്രീയമായി വിളകളെ കാണേണ്ടത് അത്യാവശ്യമാണ്. കുരുമുളകിന്റെ കാര്യത്തില്‍ നമ്മുടെ കാലാവസ്ഥയ്ക്കും കൃഷിയിടങ്ങള്‍ക്കും പറ്റുന്ന ഇനങ്ങള്‍ തന്നെ തിരഞ്ഞെടുത്ത് പരമ്പരാഗത രീതിക്ക് പുറമെ കൃഷിചെയ്യുന്ന ഇടങ്ങള്‍ കേരളത്തിലും പലരും തുടങ്ങിയിട്ടുണ്ട്. അതിനെ വ്യാപകമാക്കണമെന്ന് തന്നെയാണ് ഞങ്ങള്‍ ആലോചിക്കുന്നത്. വിയറ്റ്നാമിലൊക്കെ ഇത്തരം രീതികള്‍ വ്യാപകമാണ്. അത് ഇവിടെയും പകര്‍ത്തണമെന്നാണ് ഞങ്ങള്‍ ആലോചിക്കുന്നത്.
തെങ്ങിന്റെ കാര്യത്തില്‍ ഇവിടെ ഉത്പാദന ക്ഷമത ഇവിടെ കുറഞ്ഞ് വരികയായിരുന്നു. കേരഗ്രാമവും നാളികേര വികസന കൗണ്‍സിലും വന്നതോടെ അതിന്റെ കാര്യത്തില്‍ കുറച്ച് മാറ്റം വന്നിട്ടുണ്ട്. ഉത്പാദനം കുറഞ്ഞെങ്കിലും ഉപയോഗത്തിന്റെ കാര്യത്തില്‍ അത് പ്രതിഫലിച്ചിട്ടില്ല. അധികമായി വരുന്ന നാളികേരത്തിന് വേണ്ടി മറ്റിടങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്.
ഇവിടെ ഉത്പാദനം വര്‍ധിക്കണമെങ്കില്‍ നാളികേരത്തിന് നല്ല വില ലഭിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് നാളികേര സംഭരണത്തിന് ശ്രദ്ധ കൊടുക്കുന്നത്. സഹകരണ സംവിധാനത്തിലൂടെയും കര്‍ഷക കൂട്ടായ്മ വഴിയും നാളികേരം സംഭരിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കി നാട്ടിലും മറുനാട്ടിലും വിപണം ചെയ്യുക എന്നൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നു. ഇങ്ങനെ പലയിടങ്ങളിലും അത് പ്രാവര്‍ത്തികമായപ്പോള്‍ കര്‍ഷകര്‍ക്ക് കൂടുതലായി പണം ലഭ്യമാകുന്ന സാഹചര്യമുണ്ടായി.
നാളികേര കൃഷിയില്‍ ശാസ്ത്രീയമായ സമീപനങ്ങള്‍ കൊണ്ടുവന്നാലെ വിളവ് മെച്ചപ്പെടു. അതിന് ലോകത്ത് നടക്കുന്ന മാറ്റങ്ങള്‍ കണ്ട് മനസിലാക്കണം. ഇതിനായി കര്ഷകരുള്പ്പെടുന്ന സംഘത്തെ വിയറ്റ്നാമിലേക്കും ഇസ്രായേലിലേക്കും അയച്ച് പുതുരീതികള്‍ പരിചയപ്പെടുത്തും. സാധാരണ കര്‍ഷകര്‍ അടങ്ങുന്ന സംഘമാകും വിദേശത്തേക്ക് പോകുക.
അരിയാണ് നമ്മുടെ പ്രധാനപ്പെട്ട ഭക്ഷ്യ വിഭവം. മാറുന്ന ലോക സാഹചര്യത്തില്‍ മലയാളി മറ്റ് വിളകളിലേക്കോ കൃഷി രീതിയിലേക്ക് മലയാളി മാറേണ്ടതുണ്ടോ?
കാലാവസ്ഥാ മാറ്റം കണക്കിലെടുക്കുമ്പോള്‍ നെല്ല് മാത്രമല്ല പ്രതിസന്ധിയിലാകാന്‍ പോകുന്നത്. വെള്ളപ്പൊക്കം വരുമ്പോള്‍ ഏപ്പോഴും പ്രതിസന്ധിയിലാകുന്നത് താഴ്ന്ന ഇടങ്ങളിലാണ്. നമ്മുടെ നെല്പാടങ്ങള് എല്ലാം താഴ്ന്ന ഇടങ്ങളിലാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. സമുദ്ര നിരപ്പിനേക്കാള്‍ താഴ്ന്ന സ്ഥലമായതുകൊണ്ട് കുട്ടനാട് വലിയ പ്രതിസന്ധിയിലേക്കാണ് പോകുന്നത്.
കാലാവസ്ഥാ വ്യതിയാനവും നമ്മുടെ ഭക്ഷ്യ സുരക്ഷയെ അതിഭയങ്കരമായി ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതിനെ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. അതുകൊണ്ട് അരിയെ മാത്രമായി ആശ്രയിക്കുന്ന രീതിയില്‍ നിന്ന് മാറേണ്ടതുണ്ട്.
അരിയാഹാരം കഴിക്കുന്ന മലയാളിയെന്നാണ് നമ്മള് സ്വയം വിശേഷിപ്പിക്കുന്നത്. തലയെണ്ണം കണക്കിലെടുത്താല്‍ 40 ലക്ഷം ടണ്‍ അരി പ്രതിവര്‍ഷം വേണ്ടവരാണ് നമ്മള്. പക്ഷെ ഇപ്പോള്‍ അത്രയും വേണ്ടി വരുന്നില്ല. ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിച്ചതുമൂലം അരിയാഹാരം കഴിക്കുന്നതിന് പകരം അരിയാഹാരം കുറയ്ക്കുന്ന മലയാളികളായിക്കൊണ്ടിരിക്കുകയാണ് നമ്മള്. അതുകൊണ്ട് ഏകദേശം 30 ലക്ഷം ടണ്‍ അരി മതി ഇപ്പോള്‍ ഒരു വര്‍ഷം. ഏഴ് ലക്ഷം ടണ്‍ മാത്രമാണ് നമ്മള് ഉത്പാദിപ്പിക്കുന്നത്. ബാക്കിയെല്ലാം പുറമേനിന്ന് കൊണ്ടുവരികയാണ് ചെയ്യുന്നത്.
അപ്പോള്‍ എല്ലാക്കാലവും നമുക്ക് അരിയെ ആശ്രയിക്കാനാകില്ല. അപ്പോള്‍ എന്താണ് ചെയ്യാനാകുക. നമുക്ക് കൃഷി ചെയ്യാനാകുന്ന മണ്ണും ഭൂമിയും വേറെ ലഭ്യമാണ്. പച്ചക്കറി, കിഴങ്ങ് വര്‍ഗങ്ങള്‍, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്യാനാവശ്യമായ മണ്ണും മനുഷ്യരും നമുക്കിവിടെയുണ്ട്. അതിലേക്ക് ശ്രദ്ധ കൊടുക്കണം.
ഭക്ഷണത്തില്‍ ചോറിനേക്കാള്‍ ഇവയുടെ അളവ് കൂട്ടേണ്ടിയിരിക്കുന്നു. ഒരു മനുഷ്യന് ഒരു ദിവസം 200 ഗ്രാം പച്ചക്കറി, 50 ഗ്രാം ഇലവര്ഗങ്ങള്, 50 ഗ്രാം കിഴങ്ങ് വര്‍ഗങ്ങള്‍, 100 ഗ്രാം പഴവര്‍ഗങ്ങള്‍ എന്നിവ കഴിക്കണമെന്നാണ് ഐസിഎംആറിന്റെ പഠനത്തില്‍ പറയുന്നത്. പക്ഷെ മലയാളികള്‍ അങ്ങനെയല്ല കഴിക്കുന്നതെന്നാണ് പഠനത്തിലുള്ളത്.
അപ്പോള്‍ പറമ്പ് കൃഷി പ്രധാനമുള്ളതാകുന്നു. വെള്ളം കയറി നെല്‍കൃഷി നശിക്കുന്നതുപോലെ അല്പം ഉയര്‍ന്ന സ്ഥലത്തുള്ള പറമ്പുകളിലെ കൃഷിയെ വെള്ളപ്പൊക്കം ബാധിക്കില്ല. നമ്മുടെ ചേനയും ചേമ്പുമൊക്കെ ഒരുകാലത്ത് പ്രധാനപ്പെട്ട ഭക്ഷണമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇത്തരം ഇനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കണം. അവ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുക എന്ന നിലയിലേക്ക് എത്തണം.
പുറത്തുനിന്ന് വരുന്ന പച്ചക്കറികളില്‍ 47 ശതമാനത്തിലും അനുവദനീയമായതിലും അധികം കീടനാശിനികള്‍ അടങ്ങിയിരിക്കുന്നുവെന്നാണ് ഏറ്റവും അവസാനം നടത്തിയ പരിശോധനയിലും കണ്ടെത്തിയത്. 35 മുതല്‍ 40 ശതമാനം വരെയാണ് ഭക്ഷണ- ജീവിത രീതികള്‍ കാന്‍സറിന് കാരണമാകുന്ന കാരണം. പുകയില ഉപയോഗം പോലും അതിനു പിന്നിലെ വരുന്നുള്ളു.
അതുകൊണ്ട് വിഷമില്ലാത്ത ഭക്ഷണം കഴിക്കാന്‍ ആരോഗ്യത്തേക്കൂടി കാര്യമായി പരിഗണിച്ച് വലിയ ഗൗരവത്തോടുകൂടി തന്നെ സമീപിക്കണം. അതിന് ഭക്ഷണ രീതികളില്‍ മാറ്റം വരണം. ചിലതിനെ കൂടുതലായി ഉള്‍പ്പെടുത്തണം. ഇതിനുള്ളത് ഇവിടെ തന്നെ കൃഷി ചെയ്യണം. അങ്ങനെ ഒരു ജനതയുടെ ആരോഗ്യത്തെ കൂടി കണക്കിലെടുത്തുള്ള ആസൂത്രണം ആകുമ്പോള്‍ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് എത്താനാകും. പുറമേനിന്നുള്ള ഇനങ്ങള്‍ കുറച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ആസൂത്രണം അത്യന്താപേക്ഷിതമാണ്.
Content Highlights: Interview with Minister P Prasad on Farming in Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..