കേരളം ആര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ല, യാത്രയുടെ ലക്ഷ്യത്തില്‍ സിപിഎമ്മില്ല-കെ.സി വേണുഗോപാല്‍


പി.കെ.മണികണ്ഠന്‍

ഈ യാത്രയുടെ ലക്ഷ്യത്തില്‍ സി.പി.എമ്മില്ല

കെ.സി.വേണുഗോപാൽ |ഫോട്ടോ:പി.ജി.ഉണ്ണികൃഷ്ണൻ/മാതൃഭൂമി

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെക്കുറിച്ച് അദ്ദേഹത്തിനൊപ്പം സഞ്ചരിക്കുന്ന എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ 'മാതൃഭൂമി'യോടു സംസാരിക്കുന്നു.

എന്താണ് യാത്രയുടെ ഇതുവരെയുള്ള അനുഭവം?

അഭൂതപൂര്‍വ അനുഭവമാണ്. ഞങ്ങള്‍ പ്രതീക്ഷിച്ചതിലും അപ്പുറത്താണ് യാത്രയോടുള്ള ജനങ്ങളുടെ പ്രതികരണം. തമിഴ്നാട്ടില്‍ മുപ്പതു വര്‍ഷത്തോളമായി ഞങ്ങള്‍ ഭരണത്തിനു പുറത്തായിരുന്നു. അവിടെ ലക്ഷങ്ങളാണ് യാത്രയ്ക്കൊപ്പം അണിനിരന്നത്. കേരളത്തില്‍ വന്നപ്പോഴതു ജനമഹാസമുദ്രമായി.

സംഘടനാപരമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് മാത്രമാണോ യാത്രയുടെ ഉദ്ദേശ്യം?

അല്ലേയല്ല. സംഘടനാപരമായ ഞങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കാനാണ് ഈ യാത്ര. രാജ്യത്തെ ഇന്നത്തെ സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ ആരും പോരാടുന്നില്ല. എല്ലാവരെയും ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുന്നു. ചെറുപ്പക്കാര്‍ തൊഴിലില്ലാതെ വലയുന്നു. വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങള്‍. എന്നാല്‍, കോണ്‍ഗ്രസ് ഒഴിച്ച് ഇതിനെതിരേ സമരം ചെയ്യാന്‍ ആരും രംഗത്തു വരുന്നില്ല. ജനങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങള്‍ ഞങ്ങള്‍ ഏറ്റെടുക്കുകയാണ്. ജനങ്ങളെ ഒന്നിപ്പിക്കുക എന്ന ദൗത്യം ഞങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. സി.ബി.ഐയെ ഭയപ്പെടുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ല.

ചരിത്രമാണ് ഈ യാത്രയെന്നു വിശേഷിപ്പിക്കുന്നു, ഇന്ത്യയുടെ രാഷ്ട്രീയചരിത്രം തന്നെ മാറുമെന്നാണോ?

തീര്‍ച്ചയായും. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു വഴിത്തിരിവായിരിക്കും ഈ യാത്രയുടെ സമാപനത്തോടെ സംഭവിക്കുക. രാജ്യത്തെ ജനങ്ങളെ ഭീഷണിപ്പെടുത്തിയും പേടിപ്പിച്ചും ഭരിക്കുന്ന ഒരു ഭരണകൂടമാണ് ഇന്ന് ഇന്ത്യയില്‍. ആ അവസ്ഥയ്ക്കു മാറ്റമുണ്ടാവാന്‍ ജനങ്ങള്‍ സംഘടിതരാവുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ഭാരതത്തെ ഒന്നിപ്പിക്കാന്‍ വേണ്ടിയുള്ളതാണ് ഈ യാത്ര.

കേരളത്തില്‍ 19 ദിവസമുണ്ടെങ്കിലും ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ രണ്ടു ദിവസമേയുള്ളൂവെന്നാണ് സി.പി.എം വിമര്‍ശനം?

ഇന്ത്യയുടെ ഭൂപടം മനസിലാക്കാത്ത സി.പി.എം അങ്ങനെ മാത്രമേ പറയൂ. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് ഈ യാത്ര. കേരളം ഒഴിവാക്കണമെന്നാണ് അവരുടെ ആഗ്രഹം. കേരളം ഇവര്‍ക്കങ്ങു തീറെഴുതി കൊടുത്തിട്ടുണ്ടോ? അവരാണ് മോദിയും ബി.ജെ.പിയുമായി രഹസ്യബന്ധത്തിലാണവര്‍. അവര്‍ ഇവിടേക്ക് അമിത് ഷായെ ക്ഷണിക്കും, മോദിയെ ക്ഷണിക്കും, ഗുജറാത്തിലേക്ക് ആളെ അയയ്ക്കും. ഞങ്ങള്‍ക്ക് ആരോടും പ്രത്യേക മമതയില്ല.

ഇതു പഞ്ചനക്ഷത്ര യാത്രയാണെന്നൊക്കെ സി.പി.എം ആദ്യം വിമര്‍ശിച്ചു. ഈ യാത്ര കടന്നു പോവുന്നതു ജനങ്ങളെല്ലാം കാണുന്നുണ്ടല്ലോ. അതിനാല്‍, അത്തരം വിമര്‍ശനങ്ങളൊന്നും ഞങ്ങള്‍ കണക്കാക്കുന്നില്ല. ഈ യാത്രയുടെ ലക്ഷ്യത്തില്‍ സി.പി.എമ്മില്ല. നിങ്ങള്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഭാരത് ജോഡോ യാത്ര കടന്നു പോവാത്ത സംസ്ഥാനങ്ങളിലെല്ലാം അതതു പി.സി.സികളുടെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന സമാന്തരയാത്രകള്‍ നടത്തുന്നുണ്ട്. അങ്ങനെ, വലിയ നിശ്ചയദാര്‍ഢ്യത്തില്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര.

പക്ഷെ, സി.പി.എം ദേശീയ നേതൃത്വം വിമര്‍ശിച്ചിട്ടില്ലല്ലോ?

ദേശീയകാഴ്ചപ്പാടുള്ളവര്‍ ഇതിനെയെങ്ങനെ വിമര്‍ശിക്കും? ബി.ജെ.പിയുടെ നയങ്ങള്‍ക്കെതിരേയും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയുള്ള യാത്രയാണിത്. കേരളത്തില്‍ സി.പി.എമ്മിന് കോണ്‍ഗ്രസാണ് മുഖ്യശത്രു,ബി.ജെ.പിയല്ല. എന്നാല്‍, കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ പ്രതികരിക്കുകയും അണിചേരുകയും ചെയ്യുന്നുവെന്നതാണ് ഈ യാത്രയുടെ അനുഭവം. യഥാര്‍ഥ കമ്മ്യൂണിസ്റ്റുകള്‍ ഈ യാത്രയോട് അനുകൂലനിലപാടെടുക്കും.

പ്രതിപക്ഷപാര്‍ട്ടികള്‍ വിഘടിച്ചു നില്‍ക്കുകയാണല്ലോ. അവരെയെല്ലാം ഒന്നിപ്പിക്കാന്‍ ഈ യാത്ര സമാപിക്കുമ്പോള്‍ സാധിക്കുമോ?

ഈ യാത്ര ഉദ്ഘാടനം ചെയ്തത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ്. യാത്ര കടന്നു പോവുന്ന സംസ്ഥാനങ്ങളിലെല്ലാം പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം ഞങ്ങള്‍ ക്ഷണിക്കുന്നുണ്ട്. അവരുടെയെല്ലാം സഹായവും സഹകരണവുമുണ്ടെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിഞ്ഞു നില്‍ക്കുന്ന രാഹുല്‍ രാജ്യത്തിന്റെ നേതാവായി അംഗീകരിക്കപ്പെടാന്‍ യാത്ര സഹായിക്കുമോ?

തീര്‍ച്ചയായും. രാജ്യത്തിന്റെ നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണ്. സംശയമില്ല.

Content Highlights: interview with kc venugopal-congress bharat jodo yatra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented