കാലത്തിന്റെ കരിവേഷമാടി മിനുങ്ങിയതാണ് പിന്‍പാട്ടിന്റെ ഈ സ്വരസൗകുമാര്യം


സ്വീറ്റി കാവ്

കഥകളി കണ്ടിട്ടില്ലാത്ത, കഥകളി പരിചയമില്ലാത്ത, റേഡിയോയില്‍ പോലും കഥകളിസംഗീതം കേട്ടിട്ടില്ലാത്ത എനിക്ക് പഠനത്തിന്റെ ആദ്യകാലം പ്രയാസമേറിയതായിരുന്നു. സദനത്തില്‍ എത്തിയ ശേഷമാണ് കഥകളി കാണുന്നതും കഥകളിസംഗീതം കേള്‍ക്കുന്നതും. അക്കാരണത്താല്‍ തന്നെ കഥകളിസംഗീതപഠനം എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായിരുന്നു

സദനം ജ്യോതിഷ് ബാബു

രങ്ങിലെത്തുന്ന കഥാപാത്രങ്ങളുടെ ഭാവവും സ്വഭാവവും കാണികളിലേക്ക് കൃത്യമായി പ്രതിഫലിപ്പിക്കുക എന്നതാണ് കഥകളിയില്‍ പിന്നണിപ്പാട്ടുകാരുടെ പ്രധാനധര്‍മം. ചില നേരങ്ങളില്‍ കേള്‍വിക്കാരെ അഭൗമികമായ ആസ്വാദനതലങ്ങളിലേക്കെത്തിക്കാനുള്ള ശേഷിയും കഥകളിസംഗീതത്തിന് മാത്രം സ്വന്തമായുണ്ട്. കേരളത്തില്‍ ഇന്നുള്ള കഥകളിപ്പാട്ടുകാരില്‍ സ്വന്തം ശബ്ദസൗകുമാര്യവും ആലാപനശൈലി കൊണ്ടും ഏറെ ശ്രദ്ധ നേടിയ കലാകാരനാണ് സദനം ജ്യോതിഷ് ബാബു. സംഗീതത്തോട് ഏറെ അഭിനിവേശമുണ്ടായിട്ടും കുടുംബസ്ഥിതി അനുവദിക്കാത്തതിനാല്‍ കുട്ടിക്കാലത്ത് സംഗീതപഠനത്തിന് അവസരം ലഭിക്കാതിരുന്ന ജ്യോതിഷ് സ്‌കൂള്‍ സംഗീത മത്സരങ്ങളിലൂടെയാണ് തന്റെ പ്രതിഭയ്ക്ക് തെളിച്ചം വരുത്തിയത്. ജ്യോതിഷിന്റെ പ്രതിഭയും സംഗീതപഠനമോഹവും തിരിച്ചറിഞ്ഞ അനില്‍ എന്ന അധ്യാപകന്‍ സദനം കഥകളിഅക്കാദമിയില്‍ പഠനത്തിന് അവസരമൊരുക്കി. അതിന് മുമ്പ് ഒരിക്കല്‍പോലും കഥകളി കണ്ടിട്ടില്ലാത്ത ജ്യോതിഷ് തനിക്ക് കഥകളിസംഗീതം പഠിക്കാനാവുമോ എന്ന ആശങ്കയില്‍ അവിടെ നിന്ന് മടങ്ങിപ്പോകാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷെ അവിടെ തന്നെ തുടരാനുള്ള പ്രധാനാധ്യാപകന്റെ നിര്‍ദേശം അനുസരിക്കാനുള്ള തീരുമാനം തന്റെ ജീവിതത്തെ മാറ്റിയ കഥയാണ് ജ്യോതിഷിന് പറയാനുള്ളത്. ഇപ്പോള്‍ സദനം കഥകളി അക്കാദമിയില്‍ കഥകളിസംഗീത അധ്യാപകനായി പ്രവര്‍ത്തിക്കുകയാണ് ജ്യോതിഷ്. ജ്യോതിഷിന്റെ ആലാപനത്തെ കുറിച്ച് ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്‍ 'സുഖമോ ദേവി' എന്ന കവിതയെഴുതിയതും (ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ചത്) ഈ പാട്ടുകാരനെ സംബന്ധിച്ചുള്ള മറ്റൊരു കൗതുകമാണ്.

കേരളത്തില്‍ ക്ഷേത്രകലകളുമായി ബന്ധപ്പെട്ട് ഉത്ഭവമെടുത്ത സോപാനസംഗീതത്തിന്റെ വിഭാഗമാണല്ലോ കഥകളിസംഗീതം. സോപാനസംഗീതത്തില്‍ നിന്ന് കഥകളിസംഗീതം എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നു?

കഥകളിസംഗീതം പൂര്‍ണമായും സോപാനസംഗീതശൈലിയിലാണെന്ന് പറയാമോ എന്ന കാര്യം സംശയമാണ്. അഭിനയസംഗീതം എന്ന് പറയുന്നതാവും കൂടുതല്‍ നല്ലതെന്നാണ് എന്റെ അഭിപ്രായം. ഏതെങ്കിലും മൂര്‍ത്തിയുടെ മുമ്പില്‍ കൊട്ടിപ്പാടി സേവ നടത്താന്‍ വേണ്ടിയുള്ളതാണ് സോപാനസംഗീതം. ഒരു മൂര്‍ത്തിയെ സ്തുതിച്ചു കൊണ്ട് ഭക്തിപ്രധാനമായിട്ട് ആലപിക്കുന്ന സംഗീതശാഖയാണ് സോപാനസംഗീതം. ഒരു മൂര്‍ത്തിയെ ആരാധിക്കലോ ഒരു കഥാപാത്രത്തെ മാത്രം അവതരിപ്പിക്കലോ അല്ല കഥകളി സംഗീതത്തിന്റെ കടമ. പല തരത്തിലുള്ള കഥാപാത്രങ്ങള്‍, വിവിധഭാവങ്ങള്‍, പല തരത്തിലുള്ള ആശയവിനിമയം തുടങ്ങിയവയൊക്കെ നടത്തുന്നത് ഈ സംഗീതത്തിലൂടെയാണ് ചെണ്ട, മദ്ദളം ഇവയും അതിന്റെ ഭാഗമാകും. സിനിമയിലോ നാടകത്തിലോ ഒരു ഡയലോഗ് പറയുന്നത് പോലെയല്ല മറിച്ച് അരങ്ങിലെത്തുന്ന നടന്‍മാര്‍ പറയാനുദ്ദേശിക്കുന്ന സംഗതികള്‍ അതേ ഭാവത്തില്‍, വേഗതയില്‍ പാട്ടില്‍ കൊണ്ടുവരണം. ഉദാഹരണത്തിന് പോരിന് വിളിക്കുകയാണെങ്കില്‍ ആ സ്പീഡ്, വെയ്റ്റ് തുടങ്ങി എല്ലാം ശബ്ദത്തില്‍ കൊണ്ടുവരണം. പ്രണയമാണെങ്കില്‍ അങ്ങനെ, ശൃംഗാരമാണെങ്കില്‍ ആ വിധത്തില്‍, ഹാസ്യം, വീരം...അങ്ങനെ കഥാപാത്രങ്ങള്‍ പറയാനുദ്ദേശിക്കുന്ന ഭാവങ്ങളുടെ വിനിമയത്തിന് വേണ്ടിയാണ് കഥകളിസംഗീതം ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റ് സംഗീതപദ്ധതികളില്‍ നിന്ന് കഥകളിസംഗീതം വളരെയേറെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് കര്‍ണാടകസംഗീതത്തില്‍ ഭക്തിയാണല്ലോ പ്രധാനം. എന്നാല്‍ കഥകളിസംഗീതത്തില്‍ പ്രണയം, വിരഹം, ക്രോധം...എല്ലാവിധത്തിലുള്ള ഭാവങ്ങളിലൂടെയും കടന്നുപോകുന്നതാണ് കഥകളിസംഗീതം. അത്തരത്തിലുള്ള മറ്റൊരു സംഗീതപദ്ധതി ഉണ്ടോയെന്ന കാര്യം സംശയമാണ്. കഥകളിസംഗീതത്തിന്റെ, കഥകളിസംഗീതജ്ഞരുടെ മാത്രം ഭാഗ്യമാണത്.

അരങ്ങിലെത്തുന്ന നടന്‍മാര്‍ക്ക് തത്തുല്യമായ കഠിനപരിശീലനം കഥകളിയുടെ പിന്നണിപ്പാട്ടുകാര്‍ക്കും ആവശ്യമാണോ?

കഥകളിസംഗീതം അവതരിപ്പിക്കാന്‍ കഠിനമായ പരിശീലനവും പ്രയത്നവും ആവശ്യമാണ്. ആറോ എട്ടോ വര്‍ഷത്തെ കോഴ്സ് തന്നെയുണ്ട്. അതിന് ശേഷം ഓരോ അരങ്ങിലും നമ്മള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഒരു വേഷക്കാരനാവാന്‍ കഥകളിയുടെ അടവുകള്‍, ചുഴിപ്പുകള്‍, എണ്ണങ്ങള്‍ എന്നിവ പരിശീലിക്കണം. കൂടാതെ ഉഴിച്ചില്‍, ചവിട്ടിയുഴിച്ചില്‍ തുടങ്ങി കഠിനമായ കുറേയേറെ പരിശീലനരീതികളുണ്ട്. അതേസമയം കഥകളിപ്പാട്ടുകാരന് ശരീരത്തിന് കഠിനാഭ്യാസമുറകളുടെ പരിശീലനം ആവശ്യമില്ലെങ്കിലും ശാരീരത്തിന് നല്ല രീതിയിലുള്ള പരിശീലനം വേണം. കഥകളിസംഗീതം അരങ്ങില്‍ അവതരിപ്പിക്കാന്‍ നല്ല രീതിയില്‍ കഷ്ടപ്പെടുക തന്നെ വേണം. ഓരോ നടന്‍മാര്‍ക്ക്, അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ക്കനുസരിച്ച് സെക്കന്‍ഡിന്റെ ഇടവേളയിലൊക്കെ പാട്ടില്‍ ഭാവമാറ്റങ്ങള്‍ വരുത്തേണ്ടി വരും. അരങ്ങ് പരിചയം കൊണ്ടു മാത്രമേ അക്കാര്യങ്ങള്‍ സാധ്യമാകൂ. അരങ്ങിലെ ഒരോ സെക്കന്‍ഡും നമുക്ക് ഓരോ പാഠങ്ങള്‍ തന്നുകൊണ്ടിരിക്കും. ഓരോ അരങ്ങും ഓരോ അനുഭവങ്ങളാവും പകര്‍ന്നുതരുന്നത്. അതൊക്കെ പഠനത്തിന്റെ ഭാഗങ്ങളാണ്. കഠിനമായ പ്രയത്നം ഉണ്ടെങ്കില്‍ മാത്രമേ കഥകളിസംഗീതം അവതരിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. കൃത്യമായി രേഖപ്പെടുത്തി വെച്ചാണ് കര്‍ണാടകസംഗീതത്തിലെ ഒരു കൃതി പഠിപ്പിക്കുന്നത്. ഗുരു ശിഷ്യനെ മുമ്പിലിരുത്തി പദങ്ങള്‍ ചെറിയ ഭാഗങ്ങളാക്കിയോ വരികള്‍ മാത്രമായോ ചൊല്ലിക്കേള്‍പ്പിച്ച് ശേഷം ശിഷ്യനെക്കൊണ്ട് പാടിക്കേള്‍പ്പിച്ചാണ് കഥകളിസംഗീതത്തിലെ അഭ്യസനം. സ്വരസ്ഥാനങ്ങള്‍ക്ക് പ്രാധാന്യമില്ലെങ്കിലും പദങ്ങളും അക്ഷരങ്ങളും കൃത്യമായ താളത്തില്‍ കൃത്യമായി വരണമെന്ന് കഥകളിസംഗീതത്തില്‍ നിഷ്‌കര്‍ഷയുണ്ട്. പാടുന്നതിന് ഒരു സമ്പ്രദായമുണ്ട്. പക്ഷെ അതിന് നൊട്ടേഷനുകളില്ല.

ജ്യോതിഷിന്റെ കഥകളി സംഗീതപഠനകാലത്തെ അനുഭവങ്ങള്‍?

പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയില്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധിസേവാസദനം കഥകളി അക്കാദമിയിലായിരുന്നു എന്റെ കഥകളിസംഗീതാഭ്യസനം. ഗുരുകുലസമ്പ്രദായത്തിലായിരുന്നു അക്കാലത്ത് പഠനം. എല്ലാകാര്യങ്ങളിലും കുട്ടികള്‍ സഹായിക്കണമായിരുന്നു. പാചകം, വെള്ളവും വിറകും കൊണ്ടുവരിക, മുറ്റമടിക്കുക, അവരവരുടെ വസ്ത്രമലക്കുക തുടങ്ങി പല ജോലികള്‍ ചെയ്യണമായിരുന്നു. സദനത്തില്‍ നിന്ന് സ്വയം പര്യാപ്തത നേടിയാണ് വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങിയിരുന്നത്. അതു തന്നെയാവണം ഗാന്ധിസേവാസദനം സ്ഥാപിച്ച കെ. കുമാരന്‍ എന്ന ഗാന്ധിശിഷ്യന്‍ ലക്ഷ്യമിട്ടിരുന്നതും. എന്നാല്‍ ഇന്ന് സമ്പ്രദായത്തില്‍ മാറ്റം വന്നിട്ടുണ്ട്. പഠനരീതിയെ കുറിച്ച് പറയുകയാണെങ്കില്‍ രാവിലെ നാല് മണി വരെ സാധകം, ഒമ്പത് മണി മുതല്‍ പന്ത്രണ്ട് വരെ വേഷക്കാര്‍, പാട്ടുകാര്‍, ചെണ്ട-മദ്ദളവാദകര്‍ എന്നിവര്‍ ചേര്‍ന്നുള്ള
ചെല്ലിയാട്ടം, ഉച്ചഭക്ഷണത്തിന് ശേഷം ഒന്നരമണിക്കൂറോളം കഥകളിപദങ്ങളിലെ അക്ഷരങ്ങളുടേയും വാക്കുകളുടേയും കൃത്യമായ ഉച്ചാരണവും അര്‍ഥവുമൊക്കെ പഠിക്കുന്നതിനുള്ള പുരാണ-സാഹിത്യക്ലാസ്, അതു കഴിഞ്ഞ് വീണ്ടും ചൊല്ലിയാട്ടം, അപ്പോഴേക്കും സന്ധ്യയാവും. കുളി കഴിഞ്ഞു വന്നാല്‍ ഭജന, അതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് രാത്രി ക്ലാസ്. അന്ന് കളരിയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. റാന്തല്‍ വെളിച്ചമായിരുന്നു പകരമുണ്ടായിരുന്നത്. റാന്തലുകളുടെ ചില്ലുകള്‍ തുടക്കുക, വിളക്കുകളില്‍ മണ്ണെണ്ണയൊഴിക്കുക, തിരിയിടുക തുടങ്ങിയ ജോലിയൊക്കെ കുട്ടികളുടേതായിരുന്നു. എന്റെ ബാച്ചില്‍ കഥകളിസംഗീതം പഠിക്കാന്‍ ഞാന്‍ മാത്രമായിരുന്നത് കൊണ്ട് അതൊക്കെ ഞാന്‍ തന്നെയാണ് ചെയ്തിരുന്നത്. ഒന്നര മണിക്കൂറോളം രാത്രിക്ലാസ് നീളും.

കലാമണ്ഡലം നാരായണന്‍ നമ്പൂതിരി ആശാനും സദനം ശിവദാസ് ആശാനുമാണ് കഥകളി സംഗീതത്തില്‍ എന്റെ ഗുരുനാഥന്‍മാര്‍. മലയാളം എഴുതാനും വായിക്കാനും അറിയാമെങ്കിലും കഥകളിസംഗീതത്തിലെ ഒട്ടുമിക്ക പദങ്ങളും മണിപ്രവാളത്തിലായിരുന്നു. സംസ്‌കൃതവും അറിഞ്ഞിരിക്കണം. പദം കാണാതെ പഠിക്കുക, അതിന്റെ അര്‍ഥവും സാഹിത്യവും പഠിക്കുക എന്നത് കുറച്ച് കടുപ്പമുള്ള പ്രവൃത്തിയായിരുന്നു. പദങ്ങളുടെ അര്‍ഥവും വാക്കുകളുടെ ഉച്ചാരണവും കൃത്യമാക്കാന്‍ അന്ന് ഏറെ സഹായിച്ച അധ്യാപകനാണ് നരിപ്പറ്റ ആശാന്‍ എന്നു വിളിക്കുന്ന നരിപ്പറ്റ നാരായണന്‍ നമ്പൂതിരി ആണ്. അദ്ദേഹത്തില്‍ നിന്ന് ലഭിച്ച പാഠങ്ങള്‍ കഥകളിസംഗീതജ്ഞനെന്ന നിലയില്‍ എന്നെ ഏറെ തുണച്ചിട്ടുണ്ട്. കഥകളി കണ്ടിട്ടില്ലാത്ത, കഥകളി പരിചയമില്ലാത്ത, റേഡിയോയില്‍ പോലും കഥകളിസംഗീതം കേട്ടിട്ടില്ലാത്ത എനിക്ക് പഠനത്തിന്റെ ആദ്യകാലം പ്രയാസമേറിയതായിരുന്നു. സദനത്തില്‍ എത്തിയ ശേഷമാണ് കഥകളി കാണുന്നതും കഥകളിസംഗീതം കേള്‍ക്കുന്നതും. അക്കാരണത്താല്‍ തന്നെ കഥകളിസംഗീതപഠനം എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായിരുന്നു.

കര്‍ണാടകസംഗീതപഠനം പിന്നീട് തുടരുകയുണ്ടായോ?

സ്‌കൂള്‍ പഠനകാലത്ത് സംഗീതവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും നാടകങ്ങളിലും പങ്കെടുക്കുമായിരുന്നു. സ്‌കൂള്‍ മത്സരത്തിന് വേണ്ടി ഒരു കീര്‍ത്തനം പഠിച്ചായിരുന്നു കര്‍ണാടകസംഗീതപഠനത്തിന്റെ ആരംഭം. സപ്തസ്വരങ്ങള്‍ പോലും പഠിക്കാതെയായിരുന്നു ആ പഠനം. വീടിനടുത്തുള്ള വി.കെ. കുമാരന്‍ എന്ന മാഷാണ്. കര്‍ണാടകസംഗീതം അഭ്യസിച്ചെങ്കിലും കുടുംബപ്രാരാബ്ധം കാരണം കുലത്തൊഴിലുമായി ജീവിക്കുകയാണ് മാഷ്. കര്‍ണാടകസംഗീതത്തില്‍ എനിക്ക് കുറേ ഗുരുക്കന്‍മാരുണ്ട്. നടുവത്ത് ശ്രീരാജ്, മധു നെല്ലിയോട്, പ്രഭ, വെള്ളിനേഴി സുബ്രഹ്‌മണ്യം, ഡോ. സദനം ഹരികുമാര്‍ തുടങ്ങി കുറേയേറെ അധ്യാപരുടെ അടുത്ത് കര്‍ണാടകസംഗീതം പഠിച്ചു. ഇപ്പോഴും കര്‍ണാടകസംഗീതം കേള്‍ക്കാറുണ്ട്, പഠിക്കാനും ശ്രമിക്കാറുണ്ട്.

കലാപഠനത്തിന് സാമ്പത്തികം അത്യാവശ്യഘടകമാണെന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ?

എന്നെ സംബന്ധിച്ചിടത്തോളം കലാപഠനത്തിനുള്ള സാമ്പത്തികത്തിനായി കുട്ടിക്കാലത്ത് ഏറെ ബുദ്ധിമുട്ടിയിരുന്നു. ഫീസ് വാങ്ങിക്കാതെ സംഗീതം പഠിപ്പിക്കുന്ന ഗുരുക്കന്‍മാരുണ്ടോ എന്ന് പോലും ചിന്തിക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല അന്ന്. യാദൃച്ഛികമായി കണ്ടുമുട്ടിയ വാണിയമ്പലത്ത് നൃത്തവിദ്യാലയം നടത്തിയിരുന്ന അനില്‍ മാഷാണ് നടുവത്ത് ശ്രീരാജ്, മധു നെല്ലിയോട് എന്നീ അധ്യാപകരുടെ അടുത്തേക്ക് കര്‍ണാടകസംഗീതം പഠിക്കാന്‍ എന്നെ കൂട്ടിക്കൊണ്ടു പോയത്. അനില്‍ മാഷ് സ്വന്തം കയ്യില്‍ നിന്ന് പണം നല്‍കിയാണ് എന്നെ സംഗീതം പഠിപ്പിച്ചത്. അദ്ദേഹം തന്നെയാണ് സദനത്തിലേക്ക് സംഗീതം അഭ്യസിക്കാനുള്ള അപേക്ഷ അയച്ചതും അദ്ദേഹമാണ്. ഇന്റര്‍വ്യൂ കാര്‍ഡ് വന്നപ്പോഴാണ് അക്കാര്യം ഞാന്‍ അറിഞ്ഞതു തന്നെ. അച്ഛന്റെ ജ്യേഷ്ഠനായ സി.പി.വേലായുധന്‍, അദ്ദേഹവും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. കല പഠിക്കാന്‍ സാമ്പത്തികം പ്രശ്‌നമാണോ എന്ന ചോദ്യത്തിന് അതെ എന്ന ഉത്തരമാണ് എന്റെ അനുഭവത്തില്‍ നിന്ന് എനിക്ക് പറയാനുള്ളത്.

ഇപ്പോഴത്തെ കുട്ടികള്‍ക്ക് അത്രയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടോയെന്ന് പറയാനാവില്ല. കാരണം ഞാനുള്‍പ്പെടെ നിരവധി അധ്യാപകര്‍ ഇപ്പോള്‍ മിടുക്കരായ കുട്ടികള്‍ക്ക് സൗജന്യമായി ക്ലാസ്സുകള്‍ നല്‍കി വരുന്നുണ്ട്. കല പഠിക്കാന്‍ മോഹമുള്ള ഒരാള്‍ക്കും സാമ്പത്തികപ്രതിസന്ധി കൊണ്ട് അതു നടക്കാതെ പോകരുത് എന്നാണ് എന്റെ ആഗ്രഹം. ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് കലാകാരന്‍മാരെ വിന്യസിച്ച് ഏതു കല പഠിക്കാനുള്ള അവസരവും സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. ആ സൗകര്യം കല പഠിക്കാന്‍ മോഹമുള്ളവര്‍ക്ക് വിനിയോഗിക്കാം. എന്റെ കുട്ടിക്കാലത്ത് അത്തരം അവസരങ്ങള്‍ ഉണ്ടായിരുന്നില്ല. സൗജന്യമായി പഠിപ്പിക്കാന്‍ കലാകാരന്‍മാര്‍ തയ്യാറാവാത്തതില്‍ അവരെ കുറ്റപ്പെടുത്താനും ആവില്ല. കാരണം ചിലപ്പോള്‍ കലാകാരന്‍മാരുടെ ആകെയുള്ള വരുമാനമാര്‍ഗ്ഗം അതാവാം. അവരുടെ അവസ്ഥ ചിലപ്പോള്‍ അതിലേറെ കഷ്ടമാവാം. ഇക്കാരണങ്ങള്‍ കൊണ്ട് കലയും സാമ്പത്തികവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തന്നെ പറയാം.

ഒരു ഇഷ്ടികയോട് ജീവിതത്തെ ഉപമിച്ചതിലുള്ള ഔചിത്യമെന്താണ്?

കളിമണ്ണ് ഇഷ്ടികയായി വരുന്നതിനുള്ള സമയത്തെ കുറിച്ച് ചിന്തിച്ച് നോക്കിയാലറിയാം. ഒട്ടും തരിയോ കല്ലോ പെടാതെയാണ് മണ്ണ് കുഴച്ചെടുക്കുന്നത്. അതിന് കൃത്യമായ അളവില്‍ വെള്ളമൊഴിച്ച്, കൃത്യമായ അളവില്‍ ഉണ്ടാക്കിയ അച്ചിലേക്ക് അടിച്ചുപരത്തി ഉണക്കി, വലിയ ചൂടില്‍ ചുട്ടെടുക്കുകയാണ്. ഇഷ്ടിക വെന്ത് ചുവപ്പുനിറമായാല്‍ പാകമായി എന്നാണ്. പാകമാകാന്‍ വേണ്ടി ആ കളിമണ്ണ് കടന്നുപോരുന്ന സാഹചര്യങ്ങള്‍ക്ക് തുല്യമാണ് നാമോരുത്തരും പാകമാകാന്‍ കടന്നുപോകുന്ന വഴികളെന്ന് ഒരു സൗഹൃദസംഭാഷണത്തിനിടെ പറഞ്ഞതാണ്. ഇപ്പോള്‍ എന്റെ ജീവിതസാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. ഞാന്‍ ഒരിക്കല്‍ പോലും സ്വപ്‌നം കാണാത്ത വിധത്തിലാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്. അതില്‍ ഏറെ സന്തോഷവും സംതൃപ്തിയും ഉണ്ട്.

ലോകോത്തര കലാരൂപമായ കഥകളി കലാകാരനായതില്‍ എത്രത്തോളം അഭിമാനമാണ് ജ്യോതിഷിന് തോന്നുന്നത്?

അഭിമാനത്തിലേറെ സന്തോഷമാണുള്ളത്. കഥകളിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കുടുംബത്തില്‍ നിന്ന് വന്ന് കഥകളി രംഗത്ത് പ്രവര്‍ത്തിക്കാനും ജീവിക്കാനും കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ട്. ആ സന്തോഷം എത്രത്തോളമാണെന്ന് പറയാന്‍ പറ്റില്ല. എന്റെ കുടുംബവും പരമ്പരയും ഇക്കാര്യത്തെ കുറിച്ചോര്‍ത്ത് ഏറെ അഭിമാനിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം ഞങ്ങളുടെ കുടുംബത്തില്‍ അങ്ങനെയൊരു പാരമ്പര്യം ഇതുവരെ ഉണ്ടായിട്ടില്ല. കഥകളിസംഗീതം പഠിക്കാനാണ് സദനത്തില്‍ എത്തിയതെന്നറിഞ്ഞ നിമിഷം എങ്ങനെയെങ്കിലും അവിടെ നിന്ന് തിരിച്ചു പോകാനാഗ്രഹിച്ചു, അന്ന് തിരിച്ചു പോയിരുന്നെങ്കില്‍ ഞാന്‍ കഥകളിസംഗീതരംഗത്ത് ഒരിക്കലും എത്തുമായിരുന്നില്ലെന്ന കാര്യം ഉറപ്പിച്ച് പറയാനാവും. അതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാവുമായിരുന്നു. കഥകളിസംഗീതമാണ് എനിക്ക് എല്ലാം നേടിത്തന്നത്. ഒരുപാട് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും വലിയ കലാകാരന്‍മാരെ പരിചയപ്പെടാനും ഇടപഴകാനുമുള്ള അവസരം തന്നത് സംഗീതമാണ്.

കോരുവും കമലവുമാണ് മലപ്പുറം സ്വദേശിയായ ജ്യോതിഷിന്റെ മാതാപിതാക്കള്‍. കഥകളിസംഗീതത്തിന് പുറമേ ശാസ്ത്രീയനൃത്തരൂപങ്ങള്‍ക്കും ജ്യോതിഷ് സംഗീതം നല്‍കി വരുന്നു. വിവിധ കലാസംഘങ്ങളുടെ അംഗീകാരങ്ങള്‍ക്ക് അര്‍ഹനായ ജ്യോതിഷ് ഭാര്യ രേഷ്മ, മക്കള്‍ സാംരംഗ് ജ്യോതി, സാരമതി എന്നിവര്‍ക്കൊപ്പം പാലക്കാട് പത്തിരിപ്പാലയിലാണ് താമസം.

Content Highlights: Interview With Kathakali Singer Sadanam Jyothish Babu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented