'യുദ്ധമുണ്ടാകില്ലെന്നത് നമ്മുടെ വിശ്വാസംമാത്രം'; യുക്രൈനിലേക്ക് സേവനത്തിനായി മലയാളി ഡോക്ടര്‍


വിഷ്ണു കോട്ടാങ്ങല്‍

ഡോ. സന്തോഷ് കുമാർ

യുദ്ധത്താല്‍ തകര്‍ന്നു കിടക്കുകയാണ് യുക്രൈന്‍. റഷ്യയുമായുള്ള മാസങ്ങള്‍ നീണ്ട യുദ്ധത്തില്‍ പലതും തകര്‍ന്നു. ആത്മവീര്യത്തോടെ പൊരുതി നില്‍ക്കുന്ന രാജ്യത്തുനിന്ന് പലരും പലായനം ചെയ്യുമ്പോള്‍ കുറെ ആളുകള്‍ ആ നാട്ടിലേക്ക് പോവുകയാണ്. യുദ്ധത്തിന്റെ അനന്തര ഫലങ്ങളാണ് ക്ഷാമവും രോഗവും മുറിവുകളും. ഇത്തരം ദുരിതങ്ങള്‍ നേരിടുന്ന ജനതയ്ക്ക് ആശ്വാസവും സഹായവുമായി ഒരുകൂട്ടം ഡോക്ടര്‍മാരാണ് യുക്രൈനിലേക്ക് പോകുന്നത്. ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് എന്ന സന്നദ്ധ സംഘടനയാണ് ഇതിന് പിന്നില്‍.

രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന സേവന ദൗത്യത്തിന്റെ ആദ്യഘട്ടത്തില്‍ ഈ സംഘത്തെ നയിക്കാനായി നിയോഗിക്കപ്പെട്ടിരിക്കുന്നത് മലയാളിയായ ഡോക്ടര്‍ സന്തോഷ് കുമാറാണ്. ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ സൗത്ത് ഏഷ്യന്‍ വൈസ് പ്രസിഡന്റും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടുമാണ് ഡോ. സന്തോഷ് കുമാര്‍. ചൊവ്വാഴ്ച രാവിലെ അദ്ദേഹം യുക്രൈനിലേക്ക് പുറപ്പെടും. വ്യോമഗതാഗതം സാധ്യമല്ലാത്തതിനാല്‍ പോളണ്ട് വഴി കരമാര്‍ഗമാണ് യുക്രൈനിലേക്ക് വൈദ്യസംഘം എത്തിച്ചേരുക.

യുദ്ധം മൂലം തകര്‍ന്നു കിടക്കുന്ന രാജ്യമാണ് യുക്രൈന്‍, അവിടേക്കാണ് ഇപ്പോള്‍ പോകുന്നത്. അവിടെ എങ്ങനെയുള്ള പ്രവര്‍ത്തനമാണ് നടത്തേണ്ടത്?

യുദ്ധത്തേപ്പറ്റി കേള്‍ക്കുമ്പോള്‍ നമുക്ക് മനസിലാകുന്നത്, അല്ലെങ്കില്‍ ഓര്‍മവരുന്നത് വെടിയുണ്ടയേറ്റും ബോംബ് പൊട്ടിയും മരിക്കുന്നതും പരിക്കേല്‍ക്കുന്നതുമൊക്കെയാണ്. പക്ഷെ അതിനെല്ലാം അപ്പുറത്താണ് ഒരു രാജ്യത്തിന്റെ വ്യവസ്ഥിതി താറുമാറാകുന്നത് മൂലമുള്ള പ്രശ്നങ്ങള്‍. ഇത് പെട്ടെന്ന് ഉണ്ടാകുന്ന ഒന്നല്ല. യുദ്ധമുണ്ടായിട്ട് ഇപ്പോള്‍ മാസം മൂന്നാകുന്നു. വെള്ളം, ഭക്ഷണം, വൈദ്യുതി, ആശയവിനിമയത്തിനുള്ള പ്രയാസങ്ങള്‍ ഇതൊക്കെയാണ് ആദ്യം ഉണ്ടാകുന്ന പ്രതിസന്ധി. ഇതിന് പിന്നാലെ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകും. സാധാരണ ഗതിയില്‍ കുറച്ച് ആളുകള്‍ മാത്രമുള്ള സ്ഥലത്ത് നിരവധി പേര്‍ പലായനം ചെയ്തെത്തും. അങ്ങനെ ഒരുപാട് പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ആരോഗ്യ മേഖലയിലുണ്ടാകുന്ന പ്രതിസന്ധി മാത്രമല്ല അപ്പോഴുണ്ടാകുക.

ഇതെല്ലാം കൈകാര്യം ചെയ്യാന്‍ നിരവധി സംഘടനകള്‍ അവിടെ എത്തും. ചിലരൊക്കെ ഇപ്പോള്‍ തന്നെ അവിടെ പ്രവര്‍ത്തനം തുടങ്ങി. ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡര്‍ എത്തുന്നത് ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനാണ്. പ്രധാനമായും നോക്കുന്നത് പ്രാഥമിക മരുന്നുകളുടെ ലഭ്യത ഉറപ്പാക്കലാണ്. ഗതാഗതം അടഞ്ഞതിനെതുടര്‍ന്ന് നിരവധി രോഗങ്ങളാല്‍ വലയുന്നവര്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ ലഭിക്കാതെയാകും. അങ്ങനെയുള്ളവര്‍ക്കുള്ള പ്രൈമറി ഹെല്‍ത്ത് കെയര്‍ ഞങ്ങളുടെ ഉത്തരവാദിത്തത്തിലൊന്നാണ്. ഇതുപോലെ പ്രധാനമാണ് മെറ്റേണിറ്റി കെയര്‍. ഒരുപാട് ആളുകള്‍ പലായനം ചെയ്തെത്തുന്നതിനാല്‍ അവരില്‍ ഗര്‍ഭിണികളായവരും പ്രസവമടുത്തവരും ഒക്കെയുണ്ടാകും. അവര്‍ക്ക് വേണ്ട സഹായങ്ങളും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുക എന്നതും മറ്റൊരു ദൗത്യമാണ്.

പലപ്പോഴും ആശുപത്രികളിലേക്ക് ആളുകള്‍ക്ക് എത്താന്‍ സാധിച്ചെന്ന് വരില്ല. അവരെ ചെന്നു കണ്ട് ചികിത്സിക്കാന്‍ മൊബൈല്‍ ക്ലിനിക്കുകള്‍ വേണ്ടിവരും. ഇതൊക്കെയാണ് പ്രധാനമായും ചെയ്യുന്നത്. യുദ്ധം മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക്, അതായത് സ്ഫോടനത്തിലും മറ്റും പരിക്കേല്‍ക്കുന്നവര്‍ക്കുള്ള പരിചരണവും ഞങ്ങളുടെ ദൗത്യമാണ്. യുദ്ധത്തില്‍ നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്നതിന് അഞ്ച് കിലോമീറ്റര്‍ പിന്നിലാണ് ഇത്തരം ആശുപത്രികള്‍ പ്രവര്‍ത്തിക്കുക. പെട്ടെന്ന് മറ്റൊരിടത്തേക്ക് മാറ്റാന്‍ സാധിക്കുന്ന തരത്തില്‍ തയ്യാറാക്കുന്ന ഇത്തരം ആശുപത്രികളില്‍ പ്രാഥമിക ചികിത്സയും മറ്റ് ട്രോമാ കെയര്‍ സംവിധാനങ്ങളുമുണ്ടാകും.

ഇപ്പോഴും യുദ്ധം നടക്കുന്ന ഒരു സ്ഥലത്തേക്കാണ് പോകുന്നത്, എങ്ങനെ കാണുന്നു ഇതിനെ?

ഇതിനുമുമ്പും നിരവധി സ്ഥലങ്ങളില്‍ ഇങ്ങനെ പ്രവര്‍ത്തിച്ചിട്ടുണ്ട്. മനുഷ്യര്‍ വരുത്തിവയ്ക്കുന്ന യുദ്ധം പോലെയുള്ള ദുരന്തങ്ങള്‍, മഹാമാരിപോലുള്ള രോഗങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ സമയത്താണ് ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡര്‍ പ്രവര്‍ത്തിക്കുക. ഇതൊരു സന്നദ്ധ സംഘടനയാണ്. ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരെല്ലാം പ്രതിഫലം വാങ്ങാതെയാണ് ഇത്തരം സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുക. 1971-ല്‍ രൂപീകരിച്ച ഈ സംഘടനയ്ക്ക് ഇന്ന് 81 രാജ്യങ്ങളില്‍ പ്രവര്‍ത്തനമുണ്ട്. ഇങ്ങനെ ഒരു ദുരന്തമുണ്ടാകുമ്പോള്‍ അപ്പോള്‍ ലഭ്യമായ ഏറ്റവും സമീപത്തുള്ളവരുടെ സേവനം അവിടെ ലഭ്യമാക്കുക എന്നതാണ് ഉദ്ദേശം.

ഇതുവരെ 45 രാജ്യങ്ങളില്‍ ഞാന്‍ പലസമയത്തായി പോയിട്ടുണ്ട്. ഇന്തോനേഷ്യ, നേപ്പാള്‍, ശ്രീലങ്ക, യെമന്‍, അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാഖ്, ഇറാന്‍, ലിബിയ, സൗത്ത് സുഡാന്‍, ഛാഡ്, കോംഗോ തുടങ്ങി പലസ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതൊക്കെ ഒരു ഡോക്ടര്‍ എന്ന നിലയില്‍ വലിയ അനുഭവങ്ങളാണ്. കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും അവസരം ലഭിക്കുന്നു. ആഫ്രിക്കയില്‍ എബോള പൊട്ടിപ്പുറപ്പെട്ട സമയത്താണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ വേണമെന്ന് മനസിലാക്കാനായത്. ഇതുകൊണ്ട് കോവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ അന്നത്തെ അനുഭവങ്ങള്‍ ലോകത്തെ പല ഡോക്ടര്‍മാര്‍ക്കും ഉപയോഗിക്കാനായി. പലസ്ഥലത്തുനിന്നും ഡോക്ടര്‍മാര്‍ വന്നുചേരും. അവരില്‍ നിന്നും ദുരന്ത സ്ഥലത്തുനിന്നും ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനാകും. ഇത്തരം പ്രാക്ടിക്കല്‍ അനുഭവജ്ഞാനം ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതാണ്.

യുദ്ധമുണ്ടാകുമ്പോള്‍ നിരവധി ആളുകള്‍ അവിടെ നിന്ന് ഇന്ത്യയിലേക്ക് വന്നു, അപ്പോഴാണ് നിങ്ങളൊക്കെ അങ്ങോട്ട് പോകുന്നത്?

നമ്മള്‍ പലപ്പോഴും കരുതും ഇവിടെയൊന്നും യുദ്ധമുണ്ടാകില്ലെന്ന്. യുദ്ധമുണ്ടായ മിക്ക സ്ഥലത്തും ആളുകള്‍ വിശ്വസിച്ചിരുന്നതും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. സിറിയയില്‍ യുദ്ധമുണ്ടാകുമെന്ന് അത് സംഭവിക്കുന്നതിന്റെ അടുത്ത ദിവസങ്ങളില്‍ പോലും ആരും വിശ്വസിച്ചിരുന്നില്ല. യെമനില്‍ ഓര്‍ക്കാപ്പുറത്താണ് യുദ്ധം തുടങ്ങിയത്. ഭരണാധികാരികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം. പക്ഷെ ഓരോ ജനതയും യുദ്ധത്തിലേക്ക് വളരെ പെട്ടെന്നാണ് എടുത്തെറിയപ്പെടുന്നത്. അതില്‍നിന്ന് നമ്മളും അന്യരല്ലെന്ന ധാരണ എപ്പോഴുമുണ്ടാകണം എന്നതാണ് ഇത്രയും അനുഭവത്തില്‍ നിന്ന് എനിക്ക് പറയാനുള്ളത്.

ഇവിടെയും അത്തരം പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഇതുപോലെ ഇവിടേക്കും ആളുകള്‍ വരേണ്ടതുണ്ട്. കേരളത്തെ സംബന്ധിച്ച് പറയാനാണെങ്കില്‍ നിരവധി ഡോക്ടര്‍മാരും നഴ്സുമാരുമുള്ള നാടാണ്. യെമെനിലൊക്കെ യുദ്ധസമയത്ത് നമ്മള്‍ ചെന്നിറങ്ങുമ്പോള്‍ അത്രയും കാലം അവിടെ ജോലി ചെയ്തിരുന്ന ഡോക്ടര്‍മാരും നഴ്സുമാരുമൊക്കെ അവിടെ നിന്ന് കേറി ഇങ്ങോട്ട് വരാനാണ് നോക്കുന്നത്. പ്രത്യേക കപ്പലും വിമാനവുമൊക്കെ ഏര്‍പ്പാടാക്കുന്നതുമൊക്കെ സിനിമ വരെ ആയിട്ടുണ്ട്.

വാസ്തവത്തില്‍ യുദ്ധമുണ്ടാകുമ്പോള്‍ അവിടെ ആരും നില്‍ക്കുന്നില്ല. ഒരു പ്രതിസന്ധിയുണ്ടാകുമ്പോഴല്ലെ അവിടെ നില്‍ക്കേണ്ടത്. അത്തരം സാഹചര്യങ്ങളില്‍ അവിടെനിന്ന് ഓടിയൊളിക്കാനുള്ള വികാരമാണ് നമുക്കുള്ളത്. അത്തരം സ്ഥലങ്ങളില്‍ അവര്‍ക്കുമൊരു ഇടമുണ്ട്. അതിനേപ്പറ്റി ഒരു ധാരണയില്ലാത്തതാണ് പ്രശനമെന്നാണ് എനിക്ക് തോന്നുന്നത്. നമുക്ക് അങ്ങനെ യുദ്ധമൊന്നും ഉണ്ടാകാത്തത്‌ കൊണ്ടായിരിക്കാം.

മാധ്യമപ്രവര്‍ത്തകരെ നോക്കൂ, അവര്‍ സമരത്തിലും സംഘര്‍ഷത്തിലുമൊക്കെ റിപ്പോര്‍ട്ടിങ്ങിനെത്തുമ്പോള്‍ എവിടെ നില്‍ക്കണമെന്ന് അവര്‍ക്ക് നന്നായിട്ടറിയാം. എവിടെ നിന്നാല്‍ കല്ലേറ് കൊള്ളില്ലെന്നും എവിടെ നിന്നാല്‍ നല്ല ചിത്രങ്ങളെടുക്കാനാകുമെന്നും അവര്‍ക്ക് ബോധ്യമുണ്ടാകും. അത് പ്രൊഫഷണല്‍ സ്പേസാണ്. ഇതേപോലെ ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഇടമുണ്ട്. നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്നതിന്റെ അഞ്ച് കിലോമീറ്റര്‍ സ്ഥലത്ത് വെടിയുണ്ടയും മറ്റ് ആക്രമണങ്ങളും ഉണ്ടാകില്ലെന്ന് അറിയണം.

എപ്പോള്‍ മാറണം, എങ്ങോട്ടാണ് പോകേണ്ടത് തുടങ്ങിയവയൊക്കെ അറിയണം. ഇതൊക്കെ അറിഞ്ഞുകഴിഞ്ഞാല്‍ അവിടെയുള്ള ആളുകളെ സഹായിക്കാനായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. അത് ചെയ്യേണ്ടതാണ്. കാരണം ആ ജനതയുടെ തെറ്റുകൊണ്ടല്ല യുദ്ധമുള്‍പ്പെടെയുള്ള ദുരന്തങ്ങളുണ്ടാകുന്നത്. മാനുഷികമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹമെന്ന നിലയില്‍ നമ്മളും അവരുടെ കൂടെ നില്‍ക്കേണ്ടതാണ്. കേരളത്തില്‍ നിന്ന് ഇങ്ങനെ കൂടുതല്‍ ആളുകള്‍ ഇത്തരം സേവനത്തിന് പോകണമെന്നതാണ് എന്റെ അഭിപ്രായം.

Content Highlights: Interview with Dr Santhosh Kumar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented