പി സരിൻ. photo: drsarinp/facebook
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സി. ഡോക്യുമെന്ററി പുറത്തുവന്നപ്പോള്‍ പ്രതിരോധത്തിലായത് ബി.ജെ.പിയാണെങ്കിലും വിവാദത്തിലായത് കോണ്‍ഗ്രസായിരുന്നു. പാര്‍ട്ടി നിലപാടിനെതിരേയുള്ള അനില്‍ ആന്റണിയുടെ പ്രതികരണവും തുടര്‍ന്നുള്ള സംഭവങ്ങളും അദ്ദേഹത്തിന്റെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ എ.കെ. ആന്റണിയുടെ മകന്‍ തന്നെ നേതൃത്വത്തിനെതിരേ പരസ്യമായി തിരിഞ്ഞപ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അനിലിന്റെ രാജിക്ക് പിന്നാലെ അദ്ദേഹം വഹിച്ചിരുന്ന കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനത്തേക്ക് പി. സരിനേയാണ് കേരളത്തിലെ നേതൃത്വം തിരഞ്ഞെടുത്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തുനിന്ന് ജനവിധി തേടിയ സരിന്‍ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ കൂടിയാണ്. പുതിയ ദൗത്യത്തെത്തുറിച്ചും ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ കേരളത്തിലെ കോണ്‍ഗ്രസിനെ എങ്ങനെ ശക്തിപ്പെടുത്താനാകുമെന്നത് സംബന്ധിച്ചും സരിന്‍ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു...
പാര്‍ട്ടി ഏല്‍പ്പിച്ച പുതിയ ഉത്തരവാദിത്വം എങ്ങനെ നിറവേറ്റും? കേരളത്തില്‍ പാര്‍ട്ടിയുടെ ഡിജിറ്റല്‍ മേഖലയില്‍ നടപ്പാക്കാൻ പോവുന്ന
മാറ്റങ്ങള്‍ എന്തെല്ലാം?
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ തെരുവുകളില്‍ പറയുന്ന രാഷ്ട്രീയവും സാമൂഹിക മാധ്യമങ്ങളിലൂടെ പറയുന്ന രാഷ്ട്രീയവും ഒന്നുതന്നെയാണ്. അങ്ങനെ അവകാശപ്പെടാന്‍ പറ്റുന്ന മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും ഇന്നില്ല. ജനങ്ങളുടെ സാമാന്യ വ്യവഹാരത്തില്‍ ഒരു പ്രതീതി സൃഷ്ടിക്കുകയും എന്നാല്‍ സ്വന്തം അണികളെ കൊണ്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ തോന്നുംപോലെ വസ്തുതകള്‍ക്ക് നിരക്കാത്തതും സത്യം തൊട്ടുതീണ്ടിയിട്ട് പോലുമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ കാമ്പയ്‌നുകള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ജനം വീണുപോകുന്നതും പലപ്പോഴും ഏറ്റെടുക്കുന്നതും ഇതാണ്. സാമൂഹിക മാധ്യമങ്ങളിലെ ഇത്തരം നെഗറ്റീവ് ട്രന്റുകള്‍ അവസാനിപ്പിക്കേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണ്.
മറ്റുള്ളവരെ നേരിട്ട് അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത സമൂഹത്തില്‍ ഇന്ന് കുറഞ്ഞിട്ടുണ്ട്. അത് കോളേജിലെ റാഗിങ് ആകട്ടെ, സ്‌കൂളിലോ പൊതുനിരത്തിലോ ആളുകളുമായി ഇടപഴകുമ്പോഴാകട്ടെ, അതെല്ലാം കുറഞ്ഞു. എന്നാല്‍, സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍ പതിന്‍മടങ്ങ് കൂടി. അജ്ഞാതനായി തുടരാമെന്നതിനാല്‍ പെട്ടെന്ന് പിടിക്കപ്പെടില്ലെന്ന ധൈര്യവും കൃത്യമായ നിയമവ്യവസ്ഥയൊന്നുമില്ല, തോന്നുംപോലെ ആവാമെന്നുമുള്ള ചിന്തയാണ് ഇതിലേക്ക് നയിക്കുന്നത്. പ്രത്യേക ആര്‍മികളും ഇതിനായി സജ്ജരായിരിക്കും. ഇതിനെയെല്ലാം തുടച്ചുനീക്കാന്‍ പറ്റുന്ന ഒരു രാഷ്ട്രീയം കോണ്‍ഗ്രസ് കൊണ്ടുവരും. ഒരു പ്രത്യുപകാരവും പ്രതീക്ഷിക്കാതെ, പാര്‍ട്ടിയോടുള്ള വികാരം മാത്രം നെഞ്ചേറ്റി പോരാടുന്ന ലക്ഷക്കണക്കിന് സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലുണ്ട്. പലയിടത്തായി ചിതറിനില്‍ക്കുന്ന ഈ അണികളെ ഒരുമിപ്പിച്ച് ഒരു ടീമാക്കിയാല്‍ ഇത്തരം തെറ്റായ പ്രവണതകളെയെല്ലാം പിഴുതെറിയാന്‍ പാര്‍ട്ടിക്ക് സാധിക്കും.
മാറ്റങ്ങള്‍ അത്ര എളുപ്പത്തില്‍ നടപ്പാക്കാവുന്ന ഒരു പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഡിജിറ്റല്‍ മേഖലയില്‍ മാറ്റങ്ങള്‍ക്ക് ശ്രമിക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള വെല്ലുവിളികള്‍?
കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റെതായ ഒരു ജനാധിപത്യ വ്യവസ്ഥയുണ്ട്. പറയുന്ന കാര്യങ്ങള്‍ക്ക് ഒരു മറയില്ല, അല്ലെങ്കില്‍ ആരുമത് നിയന്ത്രിക്കുന്നില്ല. സ്വാഭാവികമായും അതേ പ്രവണത പാര്‍ട്ടിയുടെ സാമൂഹിക മാധ്യമത്തിലും പലപ്പോഴും കാണും. സ്വന്തം പ്രസ്ഥാനത്തിനുള്ളില്‍ തന്നെയുള്ള ആളുകള്‍ പരസ്പരം വിമര്‍ശിക്കുന്ന സാഹചര്യമുണ്ടാകാം. എന്നാല്‍, ജനം നോക്കികാണുന്നത് പാര്‍ട്ടിക്കുള്ളിലെ അച്ചടക്കമില്ലായ്മയായാണ്. ഇത് നിയന്ത്രിക്കാന്‍ പ്രവര്‍ത്തകര്‍ സ്വയം അച്ചടക്കം പാലിക്കുന്ന ഒരു സംവിധാനം കൊണ്ടുവരാന്‍ ശ്രമം നടത്തും. അതില്‍ വിജയിക്കാനും സാധിക്കും. കാരണം പാര്‍ട്ടി അത്തരം അപകടത്തിലാണെന്ന് തിരിച്ചറിയാത്ത അണികളൊന്നുമല്ല സോഷ്യല്‍ മീഡിയകളിലുള്ളത്. തെരുവുകളിലുള്ള നേതാക്കളെക്കാള്‍ രാഷ്ട്രീയമായി കൂടുതല്‍ അവബോധം ഉള്ളവരാണവര്‍. സാമൂഹിക മാധ്യമങ്ങളില്‍ അച്ചടക്കം നിര്‍ബന്ധമാക്കാന്‍ കാര്‍ക്കശ്യമോ ഭീഷണിയോ അല്ല വേണ്ടത്, മറിച്ച് തൊട്ടുതലോടലും അണികള്‍ക്കുള്ള സംരക്ഷണവുമാണ്. ഇതിനെല്ലാമുള്ള ഒരു സംവിധാനം മൂന്ന് മാസത്തിനുള്ളില്‍ നടപ്പാക്കും.
കേരളത്തിലെ പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കും സോഷ്യല്‍ മീഡിയകളില്‍ പ്രത്യേകം ബ്രിഗേഡുകളുണ്ട്. ഇതില്‍നിന്ന് മാറി ഒരു ഏകീകൃത രൂപത്തിലേക്ക് പാര്‍ട്ടിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനെ മാറ്റാന്‍ എളുപ്പമാണോ? ഗ്രൂപ്പിസത്തിനിടയില്‍ ഡിജിറ്റല്‍ മീഡിയയെ എങ്ങനെ ഒറ്റക്കെട്ടായി നയിക്കാനാകും?
പാര്‍ട്ടിക്ക് ഏകീകൃതരൂപമില്ല എന്നത് ഒരുപരിധി വരെ മാധ്യമങ്ങള്‍ക്ക് പാര്‍ട്ടിയെ ഇകഴ്ത്തിത്താഴ്ത്താന്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം നിരന്തരമായി ഉപയോഗിക്കുന്ന പ്രചാരമാണ്. ആ പ്രചാരം പൊളിച്ചേ പറ്റു. കോണ്‍ഗ്രസിനെ ഇകഴ്ത്തിക്കാണിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ കാലങ്ങളായി നടക്കുന്നുണ്ടെങ്കിലും അത് ജനങ്ങള്‍ ഏറ്റെടുത്തിട്ടില്ല. പാര്‍ട്ടിക്ക് എല്ലാ വിഷയങ്ങളിലും ഒരേ അഭിപ്രായം തന്നെയാണുള്ളത്. അപൂര്‍വം ചില പരാമര്‍ശങ്ങള്‍ പല സ്ഥലത്തും സംഭവിക്കുന്നുണ്ട്. അതില്ലെന്നു പറയുന്നില്ല. എന്നാല്‍, അതെല്ലാം എല്ലാ പാര്‍ട്ടിയിലും സംഭവിക്കുന്നതാണ്. ആളുകള്‍ക്ക് പറയാനുള്ളത് ഒന്നുതന്നെയാണെന്ന് ജനങ്ങളെ മനസിലാക്കിയെടുക്കുക എന്നതാണ്. അല്ലാതെ അതിന് വേവ്വേറെ ബ്രിഗേഡ് സിസ്റ്റമൊന്നും കോണ്‍ഗ്രസിനകത്തില്ല. ഒറ്റ കോണ്‍ഗ്രസ് ബ്രിഗേഡ് മാത്രമേ പാര്‍ട്ടിക്കുള്ളു.
Also Read
ഇനി ഗ്രൂപ്പിസത്തിലേക്ക് വന്നാല്‍, കഴിഞ്ഞ കുറച്ചുകാലമായി പാര്‍ട്ടിയെ ഗ്രൂപ്പിസം ബാധിക്കുന്നില്ല. പിന്നെയാണോ സാമൂഹിക മാധ്യമത്തിലെ ഗ്രൂപ്പിസം?. സി.പി.എമ്മിലെ ഗ്രൂപ്പിസത്തിന്റെയും പരസ്പര പഴിചാരലിന്റെയും അത്രയൊന്നും പ്രശ്നങ്ങള്‍ മുമ്പും കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
പാര്‍ട്ടികളുടെ വളര്‍ച്ചയില്‍ ഡിജിറ്റല്‍ മീഡിയയ്ക്ക് വലിയ പങ്കുണ്ടല്ലോ, കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി മതിയായ പ്രധാന്യം ഡിജിറ്റല്‍ മീഡിയയ്ക്ക് നല്‍കിയിട്ടുണ്ടോ?
ഡിജിറ്റല്‍ മീഡിയയ്ക്ക് പാര്‍ട്ടി എന്നും പ്രധാന്യം കൊടുത്തിട്ടുണ്ട്. പാര്‍ട്ടിക്ക് അതേക്കുറിച്ച് കൃത്യമായ ധാരണകളുണ്ടായിരുന്നു. പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടോയിരിക്കുകയാണ്. ആ ശ്രമങ്ങള്‍ക്ക് ഇനിയും തുടര്‍ച്ചയുണ്ടാകണം. ഇതുവരെ പതിയെ മുന്നേറിയതാണെങ്കില്‍ ഇനിയൊരു കുതിച്ചുചാട്ടമാണ് വേണ്ടത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഡിജിറ്റല്‍ മീഡിയ മേഖലയിലെ വളര്‍ച്ച അതിവേഗത്തിലാക്കാനുള്ള ശ്രമം ഇനിയുണ്ടാകുമെന്ന വ്യത്യാസം മാത്രമേയുള്ളു.
അനില്‍ ആന്റണി രാജിവെച്ച ഒഴിവിലേക്കാണ് നിയമനം, അദ്ദേഹത്തിന്റെ രാജിയും അതേതുടര്‍ന്നുള്ള വിവാദങ്ങളും കോണ്‍ഗ്രസിനെ എങ്ങനെ ബാധിക്കും?
അനില്‍ ആന്റണി പദവി രാജിവെച്ച സാഹചര്യം നേരത്തെ തന്നെ പാര്‍ട്ടി ആലോചിച്ചുകൊണ്ടിരുന്ന കാര്യമാണ്. മറ്റു കാര്യങ്ങളിലേക്ക് കടക്കുന്നതിനാണ് താത്പര്യമെന്ന് കഴിഞ്ഞ ഒരു വര്‍ഷമായി അനില്‍ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. എന്നാല്‍, പാര്‍ട്ടിയിലെ പദവിയില്‍നിന്ന് രാജിവെച്ചിരുന്നില്ല. ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയത് ഇപ്പോഴത്തെ സാഹചര്യത്തില്‍ സംഭവിച്ചുവെന്ന് മാത്രമേയുള്ളു. അനിലിന്റെ രാജി കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. പുതിയ നിയമനം നല്‍കി പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ ധർമ്മം കരുത്തുറ്റതാക്കുക എന്ന ചര്‍ച്ച ഒരു രാത്രി കൊണ്ട് സംഭവിച്ചതോ അല്ലെങ്കില്‍ അനില്‍ രാജിവെച്ചത് കൊണ്ടോ സംഭവിച്ചതല്ല. അതു മുന്നേതന്നെ നടന്നുവന്നതായിരുന്നു. സാങ്കേതികമായി അനില്‍ രാജിവെച്ചപ്പോള്‍ മറ്റു കാര്യങ്ങളെല്ലാം പെട്ടെന്ന് സംഭവിച്ചുവെന്ന് മാത്രമേയുള്ളു.
രാജിവെച്ചതിന് പിന്നാലെ അനില്‍ ആന്റണി ഡിജിറ്റല്‍ മീഡിയ തലപ്പത്ത് ഇരുന്ന് എന്താണ് ഇത്രനാളും ചെയ്തത് എന്ന ചോദ്യം സ്വന്തം അണികള്‍ക്കിടയില്‍ നിന്നുതന്നെ ഉയര്‍ന്നുവന്നിരുന്നു. കോണ്‍ഗ്രസില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ ചെയ്തതെന്താണെന്ന് അണികള്‍ക്ക് പോലും മനസിലാകാത്ത സാഹചര്യം വരുന്നത് എന്തുകൊണ്ടാണ്?
ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ എന്നാല്‍ അയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകുക എന്നല്ല അര്‍ഥം. പോസ്റ്റിടുന്നതോ റീച്ച് കൂട്ടുന്നതോ കമന്റ് ഉണ്ടാക്കുന്നതോ അല്ല ഒരു ഡിജിറ്റല്‍ മീഡിയ കണ്‍വീനറുടെ ദൗത്യം. പാര്‍ട്ടി നടപ്പാക്കുന്ന അജണ്ടകള്‍ ടീം വര്‍ക്കിലൂടെ ജനങ്ങളിലേക്കെത്തിക്കുക അല്ലെങ്കില്‍ ജനങ്ങള്‍ ഏറ്റെടുക്കുക എന്നതിലേക്ക് എത്തിക്കുകയാണ് അവരുടെ ദൗത്യം. അതില്‍ അനില്‍ പരാജയമാണോയെന്ന് ചോദിച്ചാല്‍ അല്ലെന്നാണ് ഉത്തരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ അത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. എന്നാല്‍, അതിനുശേഷം ഒരു തുടര്‍ച്ച ഇല്ലാതെ പോയി എന്നത് മാത്രമാണ് പ്രശ്നം.
സാമൂഹിക മാധ്യമങ്ങളില്‍ പാര്‍ട്ടി അണികള്‍ എങ്ങനെ പെരുമാറണമെന്നാണ് നിര്‍ദേശിക്കാനുള്ളത്? ചില നേതാക്കള്‍ സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെട്ട പോസ്റ്റുകളും മറ്റും പങ്കുവെച്ചുള്ള വിവാദങ്ങള്‍ അടുത്തിടെ ഉണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കാന്‍ എന്തു ചെയ്യാനാകും?
സാമൂഹിക മാധ്യമത്തില്‍ ഇടപഴകുമ്പോള്‍ ഫാക്ട് ചെക്ക് ആവശ്യമാണ്. എതിര്‍ പ്രസ്ഥാനങ്ങളെ തച്ചുതകര്‍ക്കാന്‍ മറുപക്ഷത്തുള്ള ചില പാര്‍ട്ടികള്‍ ബോധപൂര്‍വം നുണകള്‍ സൃഷ്ടിക്കും. ഇവ തിരിച്ചറിയാനും ഓരോ കാര്യങ്ങളിലേയും വാസ്തവം തിരിച്ചറിയാനും ഫാക്ട് ചെക്ക് ഉപകരിക്കും. അടുത്തകാലത്ത് കോണ്‍ഗ്രസ് അണികളുടെ ഭാഗത്തുനിന്ന് സംഭവിച്ചതെല്ലാം പിഴവുകളാണ്. അത് നുണകളല്ല. വേണമെന്ന് വിചാരിച്ച് ചെയ്യുന്ന കാര്യമല്ല അതൊന്നും, രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെയോ സാമൂഹിക മാധ്യമ അറിവുകളുടെ കുറവുകൊണ്ടോ അല്ലെങ്കില്‍ തിടുക്കത്തില്‍ ചെയ്തുപോകുന്ന കാര്യമായതുകൊണ്ടോ സംഭവിച്ചുപോകുന്ന പിഴവാണത്. പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടുകളില്‍ ഇത്തരം ഫാക്ട് ചെക്ക് ഇനി നിര്‍ബന്ധമായും ഉണ്ടാകും.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആശയപോരാട്ടത്തില്‍ ബി.ജെ.പിയാണോ സി.പി.എമ്മാണോ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി?
കേരളത്തിന്റെ ചുമതലയുള്ള കെ.പി.സി.സിയുടെ ഡിജിറ്റല്‍ മീഡിയ കണ്‍വീനറായതിനാല്‍ എന്നെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസിന്റെ ആശയത്തിനാണ് പ്രാധാന്യം. ആ ആശയത്തിന് എതിരുനില്‍ക്കുന്ന ആരായാലും അത് ബി.ജെ.പിയാണെങ്കിലും സി.പി.എമ്മാണെങ്കിലും അവരെ നേരിടുമെന്നതില്‍ ഒരു തര്‍ക്കവുമില്ല. ഇരുപാര്‍ട്ടികളുടെയും കള്ളക്കളികള്‍ കോണ്‍ഗ്രസ് തുറന്നുകാണിക്കും. പ്രത്യക്ഷ രാഷ്ട്രീയത്തിലായാലും സോഷ്യല്‍ മീഡിയ രാഷ്ട്രീയത്തിലായാലും ഇരുകൂട്ടരുടെയും ഒളിച്ചുകളികള്‍ അവസാനിക്കേണ്ട ഉത്തരവാദിത്വം വളരെ ഭംഗിയായി കോണ്‍ഗ്രസ് നിര്‍വഹിക്കും.
യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ഹൃദയപക്ഷം കോണ്‍ഗ്രസ് ആണെന്നതാണ് യാഥാര്‍ഥ്യം. ഇടതന്‍മാര്‍ ഹൃദയപക്ഷം എന്നുള്ള വാക്ക് ഹൈജാക്ക് ചെയ്തതുകൊണ്ട് കോണ്‍ഗ്രസ് അതില്‍ അവകാശവാദം ഉന്നയിക്കില്ല എന്നില്ല. അതെല്ലാം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് പറ്റും. സോഷ്യല്‍ മീഡിയ ഇടങ്ങളിലൂടെ അതെല്ലാം കോണ്‍ഗ്രസ് തിരിച്ചുപിടിക്കും.
രാഹുലിന്റെ ഭാരത് ജോഡോ യാത്ര അവസാനിച്ചു. യാത്ര കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും മുഖച്ഛായ മാറ്റിമറിക്കുമോ?
ഭാരത് ജോഡോ യാത്ര കേവലം കാല്‍നടയായി നടന്നുതീര്‍ത്ത ദൂരം മാത്രമല്ല. അത് ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ നടന്നുകൊണ്ടേ ഇരിക്കേണ്ട ഒരു യാത്രയാണ്. അതിന് ഇനിയും ഒരു തുടര്‍ച്ചയുണ്ടാകണം. യാത്രയുടെ ആവേശം നിലനിര്‍ത്തുക എന്നത് വളരെ പ്രധാനമാണ്. യാത്ര രാഹുലിന്റെ പ്രതിച്ഛായ മാറ്റിയോ എന്ന് ചോദിച്ചാല്‍, മാറ്റിയെന്ന് തന്നെയാണ് ഉത്തരം. വാക്കിലും നോക്കിലും നടപ്പിലും വരെ രാഹുല്‍ ഭയരഹിതനായി മാറി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ഭയത്ത്വത്തോടുകൂടി ഇരിക്കുന്ന ഓരെയൊരു നേതാവായി മാറാന്‍ രാഹുലിനും അത്തരമൊരു പ്രസ്ഥാനമായി മാറാന്‍ കോണ്‍ഗ്രസിനും സാധിച്ചു.
എത്രയോ നിസ്വാര്‍ത്ഥരായ ആളുകളാണ് നൂറുകണക്കിന് കിലോ മീറ്ററുകള്‍ അവരുടെ സംസ്ഥാനത്തും മറ്റു സംസ്ഥാനങ്ങളിലും നടന്നുതീര്‍ത്തത്. യാത്രയ്ക്കിടെ ഒരു എംപി ഉള്‍പ്പെടെ മരിച്ചു. ഒരുപാട് പേര്‍ കുടുംബവും കുട്ടികളെയും ജോലിയും വരെ മാറ്റിവെച്ച് രാജ്യത്തിന്റെ നിലനില്‍പ്പിനായി നടന്ന യാത്രയാണിത്. ആ യാത്രയുടെ സന്ദേശം അത്ര പെട്ടെന്നൊന്നും കെട്ടടങ്ങാന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ല. രാഹുലിന്റെ വീക്ഷണങ്ങള്‍ തുടര്‍ന്നും ജനങ്ങളിലേക്ക് എത്തിക്കണം. യാത്രയില്‍ ചെറുതും വലുതമായ ഒരുപാട് രസകരമായ, മനസ്സിനെ പിടിച്ചുലയ്ക്കുന്ന കാര്യങ്ങള്‍ നടന്നിട്ടുണ്ട്. രാജ്യത്തെമ്പാടുമുള്ള കവലകളില്‍ പ്രൊജക്റ്റര്‍വെച്ചു യാത്രയുടെ വീഡിയോകള്‍ തുടര്‍ന്നും കാണിക്കും. ആ വിധത്തില്‍ യാത്രയെ ലൈവാക്കി നിര്‍ത്തുക എന്നതും ഉത്തവാദിത്വമാണ്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനായി പാര്‍ട്ടിയുടെ ഡിജിറ്റല്‍ മീഡിയ വിങ് ശക്തിപ്പെടുത്തുകയാണോ പ്രധാന ലക്ഷ്യം?
തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടല്ല കോണ്‍ഗ്രസിന്റെ രാഷ്ട്രീയം. ഞാന്‍ കെ.പി.സി.സിയുടെ ഡിജിറ്റല്‍ മീഡിയ കണ്‍വീനറാകുന്നതും തിരഞ്ഞെടുപ്പ് അജണ്ട വെച്ചുകൊണ്ടല്ല. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത് 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ജയിക്കാനായിരുന്നില്ല. ആങ്ങനെയാകണം ഓരോ കോണ്‍ഗ്രസ് അണികളുടെയും മനസ്. തിരഞ്ഞെടുപ്പ് അജണ്ട മുന്നില്‍ കണ്ടല്ലാതെ പാര്‍ട്ടിയെ എപ്പോഴും സര്‍വസജ്ജമായി നിലനിര്‍ത്തുക എന്നതാണ് ദൗത്യം. കേരളത്തില്‍ പാര്‍ട്ടിയുടെ ഡിജിറ്റല്‍ മീഡിയ വിങ്ങിന് കൃത്യമായ ഘടനയെല്ലാം സംഭവിച്ചു കഴിഞ്ഞാല്‍, അതിന്റെ ഭാഗമായി പ്രത്യേകിച്ച് ശ്രദ്ധ കൊടുക്കാതെ തന്നെ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനും പാര്‍ട്ടിക്ക് സാധിക്കും.
Content Highlights: Interview with Dr P Sarin who replaces Anil Antony as KPCC digital media convenor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..