ഡോ.ഐഷ സ്വപ്ന
നിറയെ പെണ്‍കുട്ടികള്‍ പഠിക്കുന്നൊരു കലാലയം. 80 ശതമാനത്തോളം വരും ഈ പറഞ്ഞ കോളേജിലെ പെണ്‍ ആധിപത്യം അവര്‍ക്കിടയിലൂടെ സാരിയുടുത്ത് കയ്യില്‍ പുസ്തകവുമായി പരിചയമില്ലാത്ത വിദ്യാര്‍ത്ഥികളോടുപോലും ചിരിച്ച് ക്യാമ്പസിലൂടെ നടന്നു നീങ്ങുന്ന ഒരു അധ്യാപിക. ഈ മുഖം അവിടെ പഠിച്ച ഏതൊരു വിദ്യാര്‍ത്ഥിയുടെയും മനസില്‍ പതിഞ്ഞിട്ടുണ്ടാകും. അവരുടെ പേര് ഡോ. ആയിശ സ്വപ്ന. പഠിപ്പിച്ച കുട്ടികള്‍ ഡോ.ആയിശ സ്വപ്നയെ ഓർക്കുന്നത് അവരുടെ വിദ്യാര്‍ത്ഥി ജീവിതത്തില്‍ ഏറ്റവും നന്നായി ആംഗലേയ സാഹിത്യം പഠിപ്പിച്ച അധ്യാപിക എന്ന നിലയിലായിരിക്കും. കോഴിക്കോട് ഫാറൂഖ് കോളേജിലെ മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസിലെ ചിരിക്കുന്ന മുഖമാണ് ആയിശ സ്വപ്‌ന. അവരിന്ന് 75 വര്‍ഷം പാരമ്പര്യമുള്ള കേരളത്തിലെ എണ്ണം പറഞ്ഞ കലാലയത്തിലൊന്നിന്റെ ആദ്യത്തെ വനിതാ പ്രിന്‍സിപ്പല്‍ എന്ന പദവിയിലെത്തി നില്‍ക്കുകയാണ്. ഫാറൂഖ് കോളേജിലെ ആദ്യ വനിതാ പ്രിന്‍സിപ്പല്‍ ആയി നിയമിതയാകുന്ന ഡോ. ആയിശ സ്വപ്‌ന കോളേജിനെക്കുറിച്ചുള്ള അവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവയ്ക്കുന്നു.
75 വര്‍ഷത്തെ പാരമ്പര്യം പേറുന്ന കോളേജിനെ സംബന്ധിച്ച് ഇതൊരു ചരിത്രനിമിഷമാണ്. എന്തു തോന്നുന്നു?
ചരിത്രനിമിഷം എന്നൊക്കെ പലരും വിശേഷിപ്പിക്കുന്നുണ്ടെങ്കിലും. എനിക്കിത് അടുത്തൊരു ഘട്ടമായിട്ടേ തോന്നുന്നുള്ളു. ഫാറൂഖ് കോളേജിന്റെ ചരിത്രം പരിശോധിച്ചാല്‍ 1948-ല്‍ കോളേജ് തുടങ്ങുമ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ ഉണ്ടായിരുന്നില്ല. വീണ്ടും രണ്ട് വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് വിദ്യാര്‍ത്ഥിനികള്‍ കോളേജില്‍ പഠിക്കാനെത്തുന്നത്. ഇന്ന് 80 ശതമാനത്തോളം പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണ് ഫാറൂഖ് കോളേജ്. ഇതോടൊപ്പം തന്നെ സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ കൂടി ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ആദ്യ വനിതാപ്രിന്‍സിപ്പല്‍ എന്നൊക്കെ മറ്റുള്ളവര്‍ പറഞ്ഞുകേള്‍ക്കുമ്പോഴാണ് ഞാന്‍ അതേ പറ്റി ചിന്തിക്കുന്നത്. പക്ഷേ, 12 പ്രിന്‍സിപ്പല്‍മാര്‍ക്ക് ശേഷം വന്ന വനിതാ പ്രിന്‍സിപ്പല്‍ എന്നതില്‍ അതിയായ സന്തോഷം തോന്നുന്നുണ്ട്. ഇത് തീര്‍ത്തും മാനേജ്‌മെന്റിന്റെ തീരുമാനം ആണ്. നിലവിലെ നമ്മുടെ മാനേജ്‌മെന്റെ വളരെ പുരോഗമനപരമായി നീങ്ങുന്നു എന്നുവേണം മനസിലാക്കാന്‍. കോളേജിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് വളരെ കരുതലും വിപുലമായ പദ്ധതികളും മാനേജ്‌മെന്റിനുണ്ട്.
80 ശതമാനത്തോളം പെണ്‍കുട്ടികള്‍ പഠിക്കുന്നൊരു സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍ ഈ പദവി സമ്മര്‍ദ്ദം നല്‍കുന്നുണ്ടോ ?
കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ഥാപനം എന്നത് ഒരു സമ്മര്‍ദ്ദവും നല്‍കുന്നില്ല. മറിച്ച് പെണ്‍കുട്ടികള്‍ പഠിക്കുന്നു എന്നത് സമൂഹത്തിന് നല്‍കുന്ന സന്ദേശം തന്നെ മറ്റൊന്നാണ്. ആ സമൂഹം പുരോഗതിയിലേക്ക് എത്തുന്നു എന്നതാണ് അതിന്റെ അര്‍ത്ഥം. സമൂഹത്തിലെ മാറ്റമാണ് കോളേജിലെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലൂടെ പ്രതിഫലിക്കുന്നത്. പണ്ട് കോളേജിലെത്താതിരുന്ന ഒരു കൂട്ടം ഇപ്പോള്‍ സജീവമായി കോളേജില്‍ വിവിധ കോഴ്‌സുകളുടെ ഭാഗമാകുന്നു. ഇവിടെനിന്ന് പഠിച്ചിറങ്ങുന്ന പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യൂണിവേഴ്‌സിറ്റികളിലേക്ക് പോകുന്നുണ്ട്. അതുകൊണ്ടു തന്നെ അവരുടെ കരിയറിലും ജീവിതത്തിലും വരുന്ന മാറ്റങ്ങള്‍ കാണുമ്പോള്‍ വളരെ സന്തോഷവും ചാരിതാര്‍ഥ്യവും ഉണ്ട്.
കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് മൃഗീയ ഭൂരിപക്ഷം ഉണ്ടെങ്കില്‍ പോലും സ്ത്രീ-പുരുഷ സമത്വം തീരെയില്ലാത്ത കോളേജ് എന്ന വിമര്‍ശനം ഫാറൂഖ് കോളേജിനെതിരെ വ്യാപകമായി ഉണ്ടായിരുന്നു. ഒരു വനിത പ്രിന്‍സിപ്പലായി ചാര്‍ജെടുക്കുമ്പോള്‍ എന്ത് മാറ്റമാണ് പ്രതീക്ഷിക്കേണ്ടത്. ?
ആ വിമര്‍ശനങ്ങളെക്കുറിച്ച് ഇപ്പോള്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് കരുതുന്നില്ല. അത് തീര്‍ത്തും ഒറ്റപ്പെട്ടൊരു സംഭവമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിലും അന്നും കോളേജില്‍ വന്നു നോക്കിയാല്‍ ആരോഗ്യപരമായ ആണ്‍-പെണ്‍ കൂട്ടായ്മകളും സൗഹൃദങ്ങളും ഉണ്ടായിരുന്നു. ഇപ്പോള്‍ പ്രത്യേകിച്ച് ഇക്കാര്യത്തില്‍ എന്തെങ്കിലും പുതിയതായി ചെയ്യേണ്ടതായ സാഹചര്യം ക്യാമ്പസില്‍ ഇല്ല. കോളേജില്‍ എത്തിയാല്‍ നേരിട്ട് അത് മനസിലാക്കാന്‍ സാധിക്കും. എല്ലാവര്‍ക്കും അവരുടേതായ ഇടങ്ങളുണ്ട്. പരസ്പരം സ്വതന്ത്ര്യമായി ഇടപഴകാം. ഏതൊരു കുട്ടിയും ഉയര്‍ന്നുവരാന്‍ ആഗ്രഹിച്ചാല്‍ അതിന് സാഹചര്യം ഒരുക്കുന്ന വളക്കൂറുള്ള മണ്ണാണ് ഫാറൂഖിലേത്.
കോളേജിന്റെ സ്ഥാപക നേതാവായ സീതി സാഹിബിന്റെ കുടുംബാംഗം കൂടിയാണ് താങ്കള്‍. ജോലി ചെയ്യുന്ന സ്ഥാപനം എന്നതില്‍ ഉപരി കുടുംബപരമായ ആത്മബന്ധം കൂടിയുണ്ട് ഫാറൂഖ് കോളേജിനോട്. അങ്ങനെയൊരു സ്ഥാപനത്തിന്റെ തലപ്പത്തേക്കാണ് എത്തിയിരിക്കുന്നത്. ?
എന്റ പിതാവിന്റെ അമ്മയുടെ സഹോദരനാണ് സീതി സാഹിബ്. അവര്‍ ഒന്‍പത് സഹോദരങ്ങളില്‍ മൂന്ന് പേര്‍ പെണ്‍കുട്ടികള്‍ ആയിരുന്നു. അതിലൊരാളാണ് എന്റെ മുത്തശ്ശി. അങ്ങനെ നോക്കുമ്പോള്‍ സീതി സാഹിബിന്റെ പേരക്കുട്ടിയാണ് ഞാന്‍. സീതി സാഹിബ് കൊടുങ്ങല്ലൂരില്‍ ഒതുങ്ങിനിന്നൊരു വ്യക്തിയായിരുന്നില്ല. കേരളത്തില്‍ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ പലയിടത്തും താമസിച്ചിട്ടുണ്ട്. അവിടെയെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടും ഉണ്ട്. ഞങ്ങള്‍ക്കതിൽ ചാരിതാർത്ഥ്യവും ഉണ്ട്. ആ കുടുംബത്തില്‍ നിന്നുതന്നെയൊരാള്‍ പ്രിന്‍സിപ്പല്‍ ആകുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷം തന്നെയാണ്.
നിരവധി പെണ്‍കുട്ടികള്‍ ബിരുദവും കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസം നേടി വിവിധ മേഖലകളില്‍ എത്തുമ്പോള്‍ തന്നെ, മറ്റൊരു വിഭാഗത്തിന് വിവാഹം കഴിക്കാനുള്ള ക്വാളിഫിക്കേഷനായി ബിരുദപഠനം മാറുന്ന പ്രവണതയും ഉണ്ട്. ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന ഒരു സ്ഥാപനത്തില്‍ പ്രിന്‍സിപ്പലായി എത്തുമ്പോള്‍ ഡിഗ്രി നേടുന്നതിലുപരി സ്വന്തം കാലില്‍ നില്‍ക്കാന്‍ വിദ്യാര്‍ത്ഥിനികളെ പ്രാപ്തരാക്കാന്‍ എന്തൊക്കെയാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ?
തൊഴിലവസരങ്ങളെ കോവിഡ് സാരമായി ബാധിച്ചിരുന്നു.അതിന് ശേഷം കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടികളെ പ്രോത്സാഹിപ്പിച്ചും പരിശീലനം നടത്തിയും പ്ലെയിസ്‌മെന്റുകളില്‍ പങ്കെടുപ്പിക്കുന്നുണ്ട്. പഠനത്തിന് പുറമെ വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുക്കാം, ഇന്റേണ്‍ഷിപ്പുകള്‍ ചെയ്യാം, പാര്‍ട്ട് ടൈം ജോലിചെയ്യാം. ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകര്‍ നേരിട്ട് വിദ്യാര്‍ത്ഥികളോട് സംസാരിക്കാറുണ്ട്. വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതേ സാഹചര്യത്തില്‍ ഇവിടെയും ഉപരിപഠനം നടത്താം. പ്ലെയിസ്‌മെന്റും ഇന്റേണ്‍ഷിപ്പുകളും കൂറേക്കൂടി പ്രോത്സാഹിപ്പിക്കാനാണു തീരുമാനം. അത് പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല. ആണ്‍കുട്ടികള്‍ക്കും. കാരണം എല്ലാവരും വിദ്യാര്‍ത്ഥികളാണ്. ഫാറൂഖ് കോളേജില്‍ ബിരുദം കഴിയുന്നവര്‍ ഉന്നത പഠനത്തിനായി വിദേശരാജ്യങ്ങളില്‍ പോകുന്ന പ്രവണ കൂടിവരുന്നുണ്ട്. ഇത് ഒരുപാട് സന്തോഷവും അഭിമാനവും നല്‍കുന്ന കാര്യമാണ്. പഠനത്തോടൊപ്പം ജോലി ചെയ്യുന്നതിന്റെയും വരുമാനം നേടുന്നതിന്റെയും ആവശ്യകത വിദ്യാര്‍ത്ഥികളെ പറഞ്ഞു മനസിലാക്കും. ഇക്കാര്യത്തില്‍ പ്രകടമായ മാറ്റങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്.
അധ്യാപികയായി ജോലിചെയ്യുമ്പോള്‍ എപ്പോഴെങ്കിലും കോളേജില്‍ ഇങ്ങനെയാരു പദവിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നോ ?
ഒരിക്കലുമില്ല. കാരണം അധ്യാപിക എന്ന റോളില്‍ ഞാന്‍ ഒരുപാട് സന്തോഷവതിയായിരുന്നു.
ആയിശ സ്വപ്‌നയുടെ കാലഘട്ടത്തില്‍ കോളേജ് എങ്ങനെയായിരിക്കണം എന്താണ് ആ സ്വപ്‌നം. ?
10- 15 വര്‍ഷത്തേക്കുള്ള സ്വപ്‌നമാണ് ഓരോ കോളേജും വിഭാവനം ചെയ്യുന്നത്. അതൊരു നീണ്ട പ്രയാണം ആണ്. കാലം ആവശ്യപ്പെടുന്ന ന്യൂജനറേഷന്‍ കോഴ്‌സുകളും ഡിപ്ലോമകളും നടപ്പിലാക്കാന്‍ പദ്ധതികളുണ്ട്. സ്വയംഭരണ കോളേജ് ആയതുകൊണ്ട് തന്നെ കോഴ്‌സുകള്‍ ഡിസൈന്‍ ചെയ്യാന്‍ കഴിയും ഇതിന് ഉന്നത തലങ്ങളില്‍നിന്ന് അപ്രൂവല്‍ ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ ആവശ്യമാണ്. സമയബന്ധിതമായി ഇക്കാര്യത്തില്‍ മുന്നോട്ട് പോകും.
75 വര്‍ഷങ്ങള്‍ക്കിപ്പുറം കോളേജില്‍ ഒരു വനിതയെ പ്രിന്‍സിപ്പല്‍ ആക്കാം എന്ന തീരുമാനത്തിലേക്ക് മാനേജ്‌മെന്റിനെ എത്തിച്ചതില്‍ 80 ശതമാനത്തോളം പെണ്‍കുട്ടികള്‍ പഠിക്കുന്നൊരു സ്ഥാപനം എന്നതും കാരണമായിട്ടുണ്ടോ ?
പ്രത്യേകിച്ചൊരു കാരണം ഉണ്ടോയെന്ന് എനിക്ക് അറിയില്ല. അത് മാനേജ്‌മെന്റിനോട് തന്നെ ചോദിക്കേണ്ടതാണ്. ഇപ്രാവശ്യം മാനേജ്‌മെന്റ് യോഗ്യതയുള്ളവരെ പരിഗണിക്കുന്ന സമയത്ത് എന്നെയും പരിഗണിച്ചിട്ടുണ്ടാകാം. ആ സമത്ത് ഒരു വനിതയെ പ്രിന്‍സിപ്പല്‍ ആക്കാം എന്ന തീരുമാനത്തില്‍ എത്തിയതാകാം. നേരത്തെ തീരുമാനിച്ച് ചെയ്തത് ആണോയെന്നൊക്കെ മാനേജ്‌മെന്റിനെ പറയാന്‍ പറ്റു.
കുട്ടിക്കാലം, പഠനം, ജോലി
പിതാവ് സൗദിയില്‍ ആയതിനാല്‍ എട്ടാം ക്ലാസ് വരെ വിദ്യാഭ്യാസം അവിടെയായിരുന്നു. എട്ട് മുതല്‍ 12-ാം ക്ലാസ് വരെ ഭവന്‍സ് വിദ്യാമന്ദിര്‍ എളമക്കര
കൊച്ചി, ബി.എ ഇംഗ്ലീഷ് സെന്റ് തെരേസാസ് കോളേജ് എറണാകുളം, പി.ജി മഹാരാജാസ് കോളേജ് എറണാകുളം എന്നിവിടങ്ങളിൽ. പഠിച്ചിറങ്ങിയ വര്‍ഷം തന്നെ നെറ്റ് യോഗ്യത നേടി. പിന്നീട് ബി.എഡ്. ചെയ്തു. മൂന്ന് വര്‍ഷം കോഴിക്കോടുള്ള സാഫി കോളേജില്‍ അധ്യാപികയായി.2008-ല്‍ ഫറൂഖ് കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു.
കുടുംബം
ഭര്‍ത്താവ് ഡോ.പി.കെ. മഖ്ബൂല്‍, ജെ.ഡി.ടി. കോളേജ് ഓഫ് ആർട്‌സ് ആന്റ് സയന്‍സില്‍ പ്രിന്‍സിപ്പളായി വര്‍ക്ക് ചെയ്യുന്നു. അദ്‌നാനും അഫ്രിനും മക്കള്‍.
Content Highlights: Interview with Aisha swapna first lady principal of farook college


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..