പൈലറ്റാകാന്‍ യോഗ്യനല്ലെന്ന് ഡിജിസിഎ; ട്രാന്‍സ്മാനായി തന്നെ പറക്കാന്‍ ഹാരിയുടെ പോരാട്ടം


രമ്യ ഹരികുമാര്‍| remyaharikumar@mpp.co.inആദ്യം സ്വത്വം മുറുക്കെ പിടിച്ചുകൊണ്ട് കുടുംബത്തോട്, ഇപ്പോള്‍ അതേ സ്വത്വത്തില്‍ ഇഷ്ടപ്പെട്ട പ്രൊഫഷനിലെത്തുന്നതിന് വേണ്ടി.. ഹാരിയുടെ പോരാട്ടങ്ങള്‍ തുടരുകയാണ്. 

.

കാശം കീഴടക്കി ഉയരങ്ങളിലേക്ക് പറന്നുയരാന്‍ കൊതിച്ച, ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ പ്രൈവറ്റ് പൈലറ്റ് ലൈസന്‍സുളള രാജ്യത്തെ ആദ്യ ട്രാന്‍സ്മാന്‍. തൃശ്ശൂര്‍ സ്വദേശി ആദം ഹാരി. കൗമാരത്തില്‍ തിരിച്ചറിഞ്ഞ സ്വത്വം മുറുകെ പിടിച്ചുകൊണ്ട് കുടുംബത്തോടും സാഹചര്യങ്ങളോടും കലഹിച്ചും പോരാടിയും കഴിയുന്ന നാളുകളില്‍ പോലും 'പൈലറ്റ്' എന്ന സ്വപ്‌നം താലോലിച്ച ഹാരിക്ക് മുന്നില്‍ സഹായഹസ്തവുമായെത്തിയത് സംസ്ഥാന സര്‍ക്കാരാണ്. മൂന്നുവര്‍ഷം നീളുന്ന പരിശീലനത്തിനായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയില്‍ ചേരുന്നതിന് 23.34 ലക്ഷം രൂപയുടെ സക്‌ളോര്‍ഷിപ്പാണ് സാമൂഹ്യനീതി വകുപ്പ് ഹാരിക്ക് അനുവദിച്ചത്. കമേഴ്ഷ്യല്‍ പൈലറ്റ് എന്ന സ്വപ്‌നത്തിലേക്ക് ഹാരി നടന്നുകയറുന്നത്, അതിന് സംസ്ഥാന സര്‍ക്കാര്‍ തന്നെ സഹായഹസ്തം നീട്ടുന്നത് എല്ലാം ആവേശത്തോടെ, കൈയടിയോടെ ആഘോഷിച്ചു കേരളം.

ആ കൈയടികളുടെ ശബ്ദം നിലയ്ക്കുമ്പോള്‍ ഹാരി വീണ്ടും പോരാട്ടത്തിലാണ്.. മേഘപാളികള്‍ക്കിടയിലൂടെ വിമാനം പറത്തി നടക്കേണ്ടിയിരുന്ന ആ ട്രാന്‍സ്മാന്‍ ഡെലിവറി ബോയിയായി നഗരവീഥികളിലൂടെ ടൂവീലറോടിച്ച് അതിജീവനം നടത്തുന്നു. ട്രാന്‍സ് വ്യക്തികള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കല്പിച്ചിരിക്കുന്ന അയിത്തം തന്നെ കാരണം. ഹോര്‍മോണ്‍ തെറാപ്പി തുടരുന്നതിനാല്‍ പറക്കുന്നതിന് ആദം ഹാരി യോഗ്യനല്ലെന്നാണ് ഡിജിസിഎയുടെ ഔദ്യോഗിക ഭാഷ്യം.

ആദ്യം സ്വത്വം മുറുക്കെ പിടിച്ചുകൊണ്ട് കുടുംബത്തോട്, ഇപ്പോള്‍ അതേ സ്വത്വത്തില്‍ ഇഷ്ടപ്പെട്ട പ്രൊഫഷനിലെത്തുന്നതിന് വേണ്ടി ഡിജിസിഎയോട്‌.. ഹാരിയുടെ പോരാട്ടങ്ങള്‍ തുടരുകയാണ്.

രാജ്യത്തെ ആദ്യ ട്രാന്‍സ്മാന്‍ പൈലറ്റെന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തിയാണ് ആദം ഹാരി. ഇപ്പോള്‍ പറന്നുയരാനുളള ഹാരിയുടെ സ്വപ്‌നങ്ങള്‍ക്ക് വിഘാതമായി ഡിജിസിഎ ചൂണ്ടിക്കാട്ടുന്നത് ഇതേ ട്രാന്‍സ് വ്യക്തിത്വം തന്നെ. മെഡിക്കല്‍ സമയത്ത് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വന്നത് ?

നാളുകളായി ഈ പ്രശ്‌നങ്ങള്‍ ആരംഭിച്ചിട്ട്. ഡിജിസിഎക്ക് ഇതുസംബന്ധിച്ച് ഞാന്‍ കത്തെഴുതിയിരുന്നു. രാജീവ് ഗാന്ധി അക്കാദമിയില്‍ പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എനിക്ക് ഫണ്ട് അനുവദിച്ചിരുന്നല്ലോ. പരിശീലനത്തിന് ചേരുമ്പോള്‍ മെഡിക്കല്‍ എടുക്കേണ്ടതുണ്ട്. ക്ലാസ് വണ്‍ മെഡിക്കലിന്റെ ഇനീഷ്യല്‍ മെഡിക്കലാണ് ക്ലാസ് ടു മെഡിക്കല്‍. അതിന് അപേക്ഷിച്ചപ്പോള്‍ എന്നെ ആറുമാസം ഗ്രൗണ്ട് ചെയ്തിരുന്നു.

ഞാന്‍ ഹോര്‍മോണ്‍ തെറാപ്പി ചെയ്യുന്നുണ്ട്. ട്രാന്‍സ് ആണ് എന്നുളള കാരണം കൊണ്ട് മെഡിക്കല്‍ റിവ്യൂ ചെയ്തപ്പോള്‍ അവര്‍ എന്നെ വല്ലാതെ ബുള്ളിയിങ് ചെയ്തിരുന്നു. ഇങ്ങനെ ട്രാന്‍സിഷന്‍ ചെയ്താല്‍ എങ്ങനെയാണ് ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കുന്നത് തുടങ്ങി വളരെ പേഴ്‌സണായിട്ടുളള കാര്യങ്ങളാണ് അവര്‍ കൂടുതലും ചോദിച്ചത്. അന്ന് ഞാന്‍ സര്‍ജറി ചെയ്തിട്ടുണ്ടായിരുന്നില്ല. ശാരീരിക പരിശോധന ചെയ്യുന്ന സമയത്ത് എനിക്ക് വനിതാ ഡോക്ടറുടെ അസിസ്റ്റന്‍സ് ഒന്നും തന്നിട്ടുണ്ടായിരുന്നില്ല. പിന്നെ മെഡിക്കല്‍ പരിശോധന കഴിഞ്ഞതിന് ശേഷം ഐഎഎഫിലെ തന്നെ ഒരു ഡോക്ടര്‍ വിളിച്ചിട്ട് പറഞ്ഞു Genital പരിശോധന നടത്തണമെന്ന്. നിലവിലുളള മെഡിക്കല്‍ പരിശോധനയുടെ ഭാഗമായിട്ടായിരുന്നില്ല അത്. എന്തോ ആകാംക്ഷയുടെ പുറത്തോ മറ്റോ അതാവശ്യപ്പെട്ടതെന്നാണ് ഞാന്‍ കരുതുന്നത്.

സാധാരണഗതിയില്‍ ഒരാള്‍ക്ക് മെഡിക്കല്‍ ടെസ്റ്റ് ഐഎഎമ്മില്‍ നിന്ന് ചെയ്യേണ്ട കാര്യമില്ല. പുറത്ത് നിന്ന് ചെയ്താല്‍ മതി. അതും ഒരുദിവസം മാത്രം നീണ്ടുനില്‍ക്കുന്ന ഒരു പരിശോധനയാണത്. പക്ഷേ എനിക്ക് ആഴ്ചകളോളം വേണ്ടിവന്നു. മെഡിക്കലില്‍ നിര്‍ദേശിച്ചിട്ടുളള ടെസ്റ്റുകള്‍ക്ക് പുറമേ വേറെയും കുറേ ടെസ്റ്റുകള്‍ എന്നെക്കൊണ്ട് ചെയ്യിച്ചു. ക്ലാസ് ടു മെഡിക്കലിലോ ക്ലാസ് വണ്‍ മെഡിക്കലിലോ ഇല്ലാത്ത സൈക്കോമെട്രിക് ടെസ്റ്റ് പോലും ചെയ്യിച്ചിരുന്നു.

ഈ പരിശോധനകള്‍ എന്തിനു നടത്തുന്നുവെന്ന് ചോദിച്ചില്ലേ?

ട്രാന്‍സ് വ്യക്തിയായതിനാല്‍ എന്തെങ്കിലും മാനസിക പ്രശ്‌നമുണ്ടോ എന്നറിയുന്നതിന് വേണ്ടിയാണെന്നാണ് അവര്‍ വിശദീകരണം നല്‍കിയത്. ഈ പരിശോധനകളൊക്കെയും ഞാന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതാണ്. പരിശോധനകളിലൊന്നും വൈമാനിക സുരക്ഷയെ അപകടപ്പെടുത്തുന്ന യാതൊരു മെഡിക്കല്‍ ഇന്‍ഡിക്കേഷനും ഇല്ലായിരുന്നു. അതൊന്നും ഇല്ലാതിരുന്നിട്ട് കൂടി അവര്‍ എന്നോട് ആവശ്യപ്പെട്ടത് ഹോര്‍മോണ്‍ തെറാപ്പി നിര്‍ത്തണം എന്നാണ്. മുഖത്തുളള താടി പോലും അവര്‍ക്ക് പ്രശ്‌നമായിരുന്നു. അടുത്ത തവണ വരുമ്പോള്‍ താടി കാണരുത് എന്നവര്‍ പറഞ്ഞു. ട്രാന്‍സിഷന്‍ നടത്തരുതെന്ന രീതിയിലാണ് അവര്‍ സംസാരിച്ചത്. ഹോര്‍മോണ്‍ ചികിത്സ പാടില്ല, ജെന്‍ഡര്‍ മാറ്റാന്‍ പാടില്ല പേരു മാറ്റാന്‍ പാടില്ല എന്നൊക്കെയാണ് പറഞ്ഞത്. എന്തിനാണ് ഈ പ്രൊഫഷന്‍ തന്നെ തിരഞ്ഞെടുക്കുന്നത് മറ്റെന്തെങ്കിലും പ്രൊഫഷന്‍ തിരഞ്ഞെടുത്തുകൂടെ? എന്തിനാണ് 200 പേരുടെ ജീവന്‍ വെച്ചുകളിക്കുന്നത് എന്നെല്ലാം ചോദിച്ചവരുണ്ട്. ഒരു ട്രാന്‍സ് വ്യക്തിക്ക് കൊടുത്താല്‍ വീണ്ടും ട്രാന്‍സ് ഈ രംഗത്തേക്ക് വരില്ലേ. അതാണ് അവരുടെ യഥാര്‍ഥ ഉത്കണ്ഠ.

പൈലറ്റ് പരിശീലനത്തിന് സര്‍ക്കാരാണ് ഫണ്ട് അനുവദിച്ചത്.. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നോ?

കുറച്ച് ട്രാന്‍സ് വ്യക്തികള്‍ കൂടിയുളള കേന്ദ്രസര്‍ക്കാരിന്റെ ഒരു ട്രാൻസ് കൗണ്‍സില്‍ ഉണ്ട്. അവിടെ ഞാന്‍ ഇക്കാര്യം അവതരിപ്പിക്കുകയും അവര്‍ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ മീറ്റിങ്ങില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മിനിട്‌സില്‍ വന്നിട്ടുണ്ട്. അല്ലാതെ ഡിജിസിഎയുടെ ഭാഗത്ത് നിന്ന് എന്തുകൊണ്ട് ഹോര്‍മോണ്‍ തെറാപ്പി തുടരരുത്, സ്ത്രീയിലും പുരുഷനിലും ഉളള ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ എങ്ങനെയാണ് ഏവിയേഷനെ ബാധിക്കുക എന്നത് സംബന്ധിച്ച് ഒരു വിശദീകരണം തന്നിട്ടില്ല.

ഞാനിവിടെ ഫ്‌ളൈ ചെയ്യാത്തതുകൊണ്ട് സാമൂഹ്യനീതി വകുപ്പില്‍ നിന്ന് അനുവദിക്കപ്പെട്ട തുക സര്‍ക്കാരിലേക്ക് തന്നെ തിരിച്ചടയ്ക്കപ്പെട്ടു. ഇനി എനിക്കതില്ല. ഗഡുക്കളായിട്ടാണ് അത് അടയ്ക്കുക. ആദ്യത്തെ ഗഡു സര്‍ക്കാര്‍ അടച്ചത് അക്കാദമി തിരിച്ച് സര്‍ക്കാരിന് തന്നെ കൊടുത്തു.

കെ.കെ. ശൈലജയ്ക്കൊപ്പം ഹാരി

കഠിനമായിരുന്നില്ലേ സ്‌കോളര്‍ഷിപ്പ് നേടുന്നത് വരെയുളള യാത്ര; എന്നിട്ടും?

ദക്ഷിണാഫ്രിക്കയില്‍ പൈലറ്റ് ട്രെയിനിങ്ങിന് ഞാന്‍ പോകുന്നത് വീട്ടില്‍ നിന്ന് ലോണിന് അപേക്ഷിച്ചിട്ടാണ്. എന്റെ കുടുംബം അത്ര സാമ്പത്തിക സ്ഥിതിയുളളവരല്ല. പുറത്ത് പഠിക്കാന്‍ വിടുക അവരെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുളള ഒരു കാര്യമേ അല്ല. ഒരുപാട് കഷ്ടപ്പെട്ടാണ് അവര്‍ എന്നെ പറഞ്ഞയക്കുന്നത്. പക്ഷേ എന്റെ ജെന്‍ഡര്‍ ഐഡന്റിറ്റി തുറന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ നാണക്കേട് ആയിരുന്നു. ഇനി പഠിക്കേണ്ടെന്ന് പറഞ്ഞു. അതിനിടയില്‍ പ്രൈവറ്റ് പൈലറ്റ് ട്രെയിനിങ് കഴിഞ്ഞിരുന്നു. എന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മനസ്സിലാക്കിയതോടെ അവര്‍ ഫീസ് അയക്കുന്നത് നിര്‍ത്തി. പിന്നെ അവിടെ റെസ്റ്റോറന്റില്‍ പാര്‍ട്ട് ടൈം ജോലി ചെയ്താണ് താമസവും ഭക്ഷണവും ഉല്‍പ്പടെയുളള കാര്യങ്ങള്‍ ഞാന്‍ മാനേജ് ചെയ്തത്. മുകളില്‍ മേല്‍ക്കൂര പോലും ഇല്ലാത്ത ഒട്ടും സുരക്ഷിതമല്ലാത്ത ഇടത്താണ് ഞാന്‍ താമസിച്ചിരുന്നത്.

നാട്ടിലെത്തിയപ്പോള്‍ അവര്‍ എന്നെ വീട്ടുതടങ്കലിലാക്കി. ശാരീരികമായി കുറേ ഉപദ്രവിച്ചു, സൈക്യാട്രിസ്റ്റിനെ കാണിച്ചു. വല്ലാത്ത ഉപദ്രവമായിരുന്നു. ഒരുദിവസം ശാരീരിക ഉപദ്രവം അതിരുവിട്ടതോടെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നു. സഹയാത്രിക എന്ന ഓര്‍ഗനൈസേഷന്‍ എന്റെ രക്ഷിതാക്കള്‍ക്കെതിരായി കേസ് ഫയല്‍ ചെയ്തു. പക്ഷേ ഞാനത് പിന്‍വലിച്ചു. എന്റെ രക്ഷിതാക്കളല്ലേ അവര്‍ക്കു മനസ്സിലാകാത്തതുകൊണ്ടല്ലേ.. രണ്ടുപ്രാവശ്യം ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ശ്രമിച്ചു. ആദ്യതവണ സാധിച്ചില്ല. എന്റെ വസ്ത്രങ്ങളും ഫോണും അവര്‍ നശിപ്പിച്ചു.

രണ്ടാമത്തെ തവണ ഇറങ്ങുമ്പോള്‍ എന്റെ കൈയില്‍ ഒന്നും ഉണ്ടായിരുന്നില്ല. റെയില്‍വേ സ്‌റ്റേഷനിലും ബസ്റ്റാന്‍ഡിലും കഴിഞ്ഞ നാളുകള്‍. ജീവിക്കാനായി ജ്യൂസ് കടയില്‍ ജോലി ചെയ്തു. ഏവിയേഷന്‍ അക്കാദമിയില്‍ അവസരം കണ്ട് ജോലിക്കെത്തിയ എന്നെ സാഹചര്യങ്ങള്‍ മനസ്സിലാക്കി ചൂഷണം ചെയ്യുകയായിരുന്നു. ഫാക്കല്‍റ്റിയായി ജോലിയില്‍ പ്രവേശിച്ച ഞാനവിടെ വാച്ച്മാനായി. ചായ വാങ്ങിക്കൊടുക്കുന്ന ആളായി, അക്കാദമി ക്ലീന്‍ ചെയ്യുന്ന ആളായി. അക്കോമഡേഷന്‍ പോലും തന്നിരുന്നില്ല. ക്ലാസിലെ ബെഞ്ചിനടിയിലാണ് കിടന്നുറങ്ങിയിരുന്നത്. അങ്ങനെ ഒരുവര്‍ഷം കടന്നുപോയി. ഒടുവിലാണ് സാമൂഹ്യനീതി വകുപ്പില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. അതിപ്പോള്‍ ഇങ്ങനെയുമായി.

ഇപ്പോൾ കുടുംബം ഹാരിയെ അംഗീകരിച്ചോ?

ഇല്ല, വീട്ടുകാര്‍ എന്നെ ഇതുവരെ അംഗീകരിച്ചിട്ടില്ല. അതിനവര്‍ തയ്യാറായിട്ടില്ല. ഇതുവരെ യാതൊരു ബന്ധവുമില്ല..

എന്നായിരുന്നു ശസ്ത്രക്രിയ?

ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു സര്‍ജറി ചെയ്യണമെന്നത്. കഴിഞ്ഞിട്ട് ഏഴുമാസമേ ആയിട്ടുളളൂ.

ശസ്ത്രക്രിയയ്ക്ക് ശേഷം ഹാരി ആശുപത്രിയില്‍

ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളില്‍ മനംനൊന്ത് അനന്യ എന്ന ട്രാന്‍സ് വുമണ്‍ ആത്മഹത്യ ചെയ്തത് കുറച്ചുനാള്‍ മുമ്പ് വാര്‍ത്തയായിരുന്നല്ലോ. കേരളം നേരിടുന്ന പരിമിതികളും വെല്ലുവിളികളും എന്തൊക്കെയാണ്?

കേരളത്തില്‍ വളരെ പരിമിതമായ സൗകര്യങ്ങളാണ് ഉളളത്. അതുകൊണ്ടുതന്നെ എന്റെ ശസ്ത്രക്രിയ ബെംഗളൂരുവിൽ നിന്നായിരുന്നു. ട്രാന്‍സിഷന്റെ ഭാഗമായിട്ടുളള ട്രീറ്റ്‌മെന്റുകള്‍ക്ക് കൃത്യമായിട്ടുളള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ കേരളത്തില്‍ കുറവാണ്. അതായത് ഹോര്‍മോണ്‍ ചികിത്സ ചെയ്യണമെങ്കില്‍ എന്‍ഡക്രൈനോളജിസ്റ്റിനെ കാണണം. അതിന് മുമ്പ് സൈക്കോളജിസ്റ്റിനെയും സൈക്യാട്രിസ്റ്റിനെയും കാണണം. പക്ഷേ ഒരു ട്രാന്‍സ് വ്യക്തിക്ക് സമീപിക്കാന്‍ സാധിക്കുന്ന, ഈ വിഷയത്തില്‍ അവഗാഹമുളള ഡോക്ടര്‍മാര്‍ കേരളത്തില്‍ ഇല്ല, അതിനുളള പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ ഇല്ല. ഹോസ്പിറ്റലില്‍ സര്‍ജറി ചെയ്യാനുളള കൃത്യമായ സൗകര്യങ്ങളും അനുഭവപരിചയം ഉളള ഡോക്ടര്‍മാരുമില്ല. ചെയ്യുന്നതില്‍ കൂടുതല്‍ സര്‍ജറികളും പരാജയപ്പെടുന്നുണ്ട്. അനന്യയുടെ വിഷയം ഉണ്ടായതിന് ശേഷം ഡോക്ടര്‍മാര്‍ക്കെല്ലാം ട്രാന്‍സ് വ്യക്തികള്‍ ചികിത്സയ്ക്ക് വരുന്ന സമയത്ത് നമ്മളെ ചികിത്സിച്ചാല്‍ നാളെ എന്തെങ്കിലും ആയിപ്പോകുമോ എന്ന ഭയമാണ്. അതിനാല്‍ തന്നെ ഹോര്‍മോണ്‍ ചികിത്സകള്‍ പോലും പലരുടേയും മുടങ്ങിപ്പോകുന്ന സാഹചര്യമാണ് നിലവിലുളളത്. ഇതിനുവേണ്ടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സപ്പോര്‍ട്ട് ചോദിച്ചിരുന്നു. എന്നാല്‍ നാളിതുവരെ കേരള സര്‍ക്കാര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ട്രാന്‍സ്‌ജെൻഡർ ക്ലിനിക്ക് കൃത്യമായ പ്രവര്‍ത്തിക്കുന്ന രീതി ആരംഭിച്ചിട്ടില്ല.

എന്‍ഡക്രൈനോളജിസ്റ്റ് നമുക്ക് ഹോര്‍മോണ്‍ എഴുതുമ്പോള്‍ ട്രാന്‍സ് വ്യക്തിയെ സംബന്ധിച്ചിടത്തോളം ഹോര്‍മോണ്‍ ജീവിതകാലം മുഴുവന്‍ കഴിക്കേണ്ടതാണ്. സര്‍ജറിക്ക് ധനസഹായം ലഭിക്കുന്നുണ്ട്. അത് കഴിഞ്ഞിട്ട് ചെലവായ തുകയാണ് ലഭിക്കുന്നത്. ആദ്യം സ്വന്തം കൈയില്‍ നിന്ന് തന്നെ നല്‍കണം. അതുപോലെ ട്രാന്‍സിഷന്റെ ഹോര്‍മോണ്‍ ചികിത്സയ്ക്ക് വളരെ വലിയൊരു പൈസ ആകുന്നുണ്ട്. ഓരോ തവണയും ഇതിന്റെ വിലകൂടികൊണ്ടിരിക്കുകയാണ്. ഇതൊന്നും ഒരു സാധാരണ ട്രാന്‍സ് വ്യക്തിക്ക് താങ്ങാനാവില്ല. എല്ലാ 21 ദിവസവും കൂടുമ്പോള്‍ ഈ ഹോര്‍മോണെടുക്കാന്‍ നമ്മള്‍ കമ്പനികള്‍ക്ക് പുറത്തുളള മെഡിക്കല്‍ ഷോപ്പിനെ സമീപിക്കുന്നതിന് പകരം സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കുകയാണെങ്കില്‍ ഉപകാരമായിരിക്കും.

ഇപ്പോഴും പുരോഗമിച്ചിട്ടില്ലാത്ത ഒരു ഹെല്‍ത്ത് കെയര്‍ സിസ്റ്റമാണ് കേരളത്തിലുളളത്. ട്രാന്‍സ് വ്യക്തികള്‍ക്ക് അടിസ്ഥാന ചികിത്സാസൗകര്യങ്ങള്‍ പോലും കേരളത്തില്‍ നിരാകരിക്കപ്പെടുന്നുണ്ട്. കാരണം സ്റ്റിഗ്മ നിലനില്‍ക്കുന്നുണ്ടല്ലോ. ഇപ്പോഴും ട്രാന്‍സ് വ്യക്തികള്‍ പല തരത്തിലുളള ചോദ്യങ്ങള്‍ നേരിടേണ്ടി വരികയാണ്. അതുമാത്രമല്ല ട്രാന്‍സ് വ്യക്തികളെ എങ്ങനെയാണ് ചികിത്സിക്കേണ്ടത് എന്നറിയാത്ത ഡോക്ടര്‍മാരുണ്ട്.

മറ്റു രാജ്യങ്ങളില്‍ ട്രാന്‍സ് പൈലറ്റിനോടുളള സമീപനം എങ്ങനെയാണ്?

മറ്റുരാജ്യങ്ങളില്‍ ഒരു പ്രശ്‌നവുമല്ല. ദക്ഷിണാഫ്രിക്കയിലും യുഎസിലുമെല്ലാം മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ മാത്രമാണ് പ്രശ്‌നം. ട്രാന്‍സിനായി മാര്‍ഗനിര്‍ദേശങ്ങള്‍ ഇല്ലാത്തത് ഇവിടെ മാത്രമാണ്. കേരള സര്‍ക്കാരിന്റെ സഹായത്തോടെ പ്രൈവറ്റ് ലൈസന്‍സ് എടുത്തത് പുതുക്കുന്നതിനായി ഞാന്‍ ദക്ഷിണാഫ്രിക്കയില്‍ പോയിരുന്നു. ഹോര്‍മോണ്‍ തെറാപ്പിയെല്ലാം ചെയ്യുന്നതിന് മുമ്പാണ് എനിക്ക് പ്രൈവറ്റ് ലൈസന്‍സ് കിട്ടുന്നത്. ഇപ്പോള്‍ ഹോര്‍മോണ്‍ തെറാപ്പി ആരംഭിച്ചിട്ടാണ് ഞാന്‍ ലൈസന്‍സ് പുതുക്കാനായി പോയത്. ഒരു തടസ്സവും നേരിട്ടില്ല. അഞ്ചുവര്‍ഷത്തേക്ക് എനിക്ക് മെഡിക്കല്‍ കിട്ടി. അവിടെ ഫ്‌ളൈ ചെയ്യുന്നതിനോ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നതിനോ യാതൊരു പ്രശ്‌നവുമില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. ഇന്ത്യക്ക് മാത്രമാണ് ഈ ട്രാന്‍സ്‌ഫോബിയ. അല്ലെങ്കില്‍ ട്രാന്‍സ് പീപ്പിള്‍ മെയിന്‍സ്ട്രീമിലേക്ക് വരാന്‍ പാടില്ലെന്നുളള രീതിയിലാണ് കാര്യങ്ങള്‍..നാഷണല്‍ ഗേ പൈലറ്റ് അസോസിയേഷന്‍ എന്ന് പറഞ്ഞ് പണ്ടുതൊട്ടേ യുകെയില്‍ ഒരു അസോസിയേഷനുണ്ട്. അതിലെ മെമ്പറാണ് ഞാന്‍. അവിടെ ഇഷ്ടം പോലെ പൈലറ്റുമാര്‍ ഉണ്ട്. ട്രാന്ഡസിഷന്‍ ചെയ്യുന്ന ട്രെയിനീ പൈലറ്റസ്, എയര്‍ലൈന്‍ പൈലറ്റ്‌സ് തുടങ്ങിയവരെല്ലാം അതില്‍ അംഗങ്ങളാണ്.

കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുളള നിര്‍ദേശം എന്തായിരുന്നു?

ദക്ഷിണാഫ്രിക്കയില്‍ നിന്ന് എനിക്ക് കമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്ഡസിനുളള പരിശീലനം പൂര്‍ത്തിയാക്കാന്‍ സാധിക്കും. കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പറഞ്ഞത് പരിശീലനത്തിന് ധനസഹായം ലഭിക്കുന്നതിനായി ഒരു അപേക്ഷ സമര്‍പ്പിക്കാനാണ്. അത് കൊടുത്തിട്ട് എട്ടുമാസമായി. ഇനിയത് അനുവദിക്കുമോ എന്നറിയില്ല. എല്ലാം ആദ്യം മുതല്‍ തുടങ്ങണം. ധനകാര്യവകുപ്പില്‍ നിന്ന് അനുമതി ലഭിക്കണം. സര്‍ക്കാരിന്റെ കൈയില്‍ ഫണ്ടില്ലെന്ന് പറയുന്നുണ്ട്. അതിനാല്‍ തന്നെ ഫണ്ട് ലഭിക്കാനുളള സാധ്യത കുറവാണ്. ശൈലജ ടീച്ചര്‍ മന്ത്രിയായിരിക്കേ എനിക്ക് പരിശീലനത്തിനായി പണം അനുവദിക്കപ്പെട്ടത് വലിയ രീതിയില്‍ സെലിബ്രേറ്റ് ചെയ്യപ്പെട്ടതാണ്. ഇപ്പോള്‍ ഇക്കാര്യത്തില്‍ യാതൊരു മീഡിയാ അറ്റന്‍ഷനും ലഭിക്കുന്നില്ല. എത്രതവണയാണ് ഇക്കാര്യം പറഞ്ഞ് സാമൂഹ്യനീതി വകുപ്പിന്റെ ഓഫീസില്‍ കയറിയിറങ്ങുന്നത്. എന്തൊക്കെ രേഖകള്‍ വേണം എന്ന് ഇവര്‍ ആദ്യം പറയില്ല. ഒരോ തവണ ചെയ്യുമ്പോഴും ഒാരോരോ ഡോക്യുമെന്റ് ചോദിക്കും. 17 വയസ്സില്‍ ആരംഭിച്ചതാണ് ഫ്‌ളൈയിങ്...ആറുവര്‍ഷമായി പക്ഷേ ഇതുവരെ പറക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉളളത്.

രാജ്യത്ത് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം.. എന്നിരുന്നാല്‍ തന്നെയും വിവേചനങ്ങള്‍ തുടരുന്നതായി ഇപ്പോഴും തോന്നുന്നുണ്ടോ?

നിലവില്‍ ഒരുപാട് പദ്ധതികളും വെല്‍ഫെയര്‍ സ്‌കീമുകളും കൊണ്ടുവരാനായിട്ട് സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു എല്ലാ കോളേജുകളിലും രണ്ടുശതമാനം റിസര്‍വേഷന് നല്‍കിയിരുന്നത്. അതുകൂടാതെ തന്നെ കുട്ടികള്‍ക്ക് ഹോസ്റ്റലിന് 4000 രൂപ വെച്ച് മാസം കൊടുത്തിരുന്നു. അതുപോലെ തന്നെയാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായുളള സ്‌കീമുകള്‍.പക്ഷേ പലയിടങ്ങളിലും നമുക്ക് ഔദ്യോഗികമായി ഒരുപാട് രേഖകള്‍ വരുന്ന സമയത്ത് ജെന്‍ഡര്‍ ചേഞ്ച് ഡോക്യുമെന്റ്‌സില്‍ ചെയ്തിട്ടില്ലെങ്കില്‍ അല്ലെങ്കില്‍ ജെന്‍ഡര്‍ തുറന്നുപറയുന്ന സമയത്ത് അല്ലെങ്കില്‍ മെയിന്‍സ്ട്രീം പ്രൊഫഷന്‍ തിരഞ്ഞെടുക്കുന്ന സമയത്ത് വളരെയധികം ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്. യാഥാസ്ഥിതികരാണ് ആളുകള്‍. കാരണം ആരോഗ്യരംഗത്തായാലും വിദ്യാഭ്യാസ മേഖലയിലായാലും തൊഴില്‍രംഗത്തായാലും ട്രാന്‍സ് പീപ്പിള്‍ ഇങ്ങനെയാണ് എന്ന ചിന്താഗതിയാണ് മനുഷ്യര്‍ക്കുളളത്. അതുകൊണ്ട് ഒരുപാട് വിവേചനം നേരിടുന്നുണ്ട്.

വിദേശത്ത് പഠിച്ച് അവിടെ തന്നെ തുടരാനാണോ തീരുമാനം?

ഇവിടേക്ക് തിരിച്ചുവരാന്‍ തന്നെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ ഫൈറ്റ് ചെയ്ത് ഇവിടെ നിന്നാല്‍ വര്‍ഷങ്ങളെടുക്കും കൊമേഴ്‌സ്യല്‍ കംപ്ലീറ്റ് ചെയ്യുന്നതിനായിട്ട്. പക്ഷേ എന്തായാലും പോരാട്ടം തുടരും ഞാന്‍. ഈ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഡിജിസിഎക്കെതിരേ റിട്ട് ഫയല്‍ ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ നിയമത്തിന്റെ സാധ്യതകള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ട്രാന്‍സ്പീപ്പിള്‍സിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരുപാട് നിയമങ്ങള്‍ രാജ്യത്തുണ്ട്. മനുഷ്യാവകാശ ലംഘനമാണ് എന്റെ കാര്യത്തില്‍ നടന്നിരിക്കുന്നത്. അതെല്ലാം അതുവെച്ച് ഫയല്‍ ചെയ്യാം എന്നാണ് വിചാരിക്കുന്നത്. വിധി എനിക്ക് അനുകൂലമായിട്ടാണ് വരുന്നതെങ്കില്‍ എനിക്ക് ഇങ്ങോട്ടുതന്നെ മടങ്ങിവരാം.

ഇപ്പോള്‍ ജീവിതം എങ്ങനെയാണ് മുന്നോട്ട് പോകുന്നത് ?

ഹോസ്റ്റല്‍ ഫീസ് സര്‍ക്കാര്‍ തരുന്നുണ്ട്. ചെലവുകള്‍ നടത്തുന്നതിന് പാര്‍ട്ട് ടൈം ജോലി ചെയ്യുന്നു. ഡെലിവറി ജോബ് ചെയ്യും. എന്തു ജോലി കിട്ടിയാലും പോകും. ഇടയ്ക്ക് ആയിരം രൂപയൊക്കെ കിട്ടുന്നത് നല്ലതല്ലേ. സഭാ ടിവിയില്‍ ആങ്കറിങ് ചെയ്തു. കിട്ടുന്നത് കിട്ടുന്നത് ചെയ്യും ചെറുതാണെങ്കിലും മടിയില്ല. അങ്ങനെയാണ് സര്‍വൈവ് ചെയ്യുന്നത്.

Content Highlights: India's first trans man pilot Adam Harry talks about his fight against DGCA

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented