കെ. മോഹൻദാസ് ഐ.എ.എസ്. | ഫോട്ടോ: എസ്. ശ്രീകേഷ്
ശമ്പള വര്‍ധനവ്, പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, എയ്ഡഡ് സ്‌കൂളിലെ അധ്യാപക നിയമനങ്ങള്‍ക്ക് റിക്രൂട്ട്മെന്റ് ബോര്‍ഡ് തുടങ്ങി വിവാദമായേക്കാവുന്ന നിരവധി നിര്‍ദ്ദേശങ്ങളാണ് ശമ്പളകമ്മീഷന്‍ മുന്നോട്ടുവെച്ചിട്ടുള്ലത്. നിര്‍ദ്ദേശങ്ങള്‍ പലതിനുമെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നും തുടങ്ങി. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങള്‍ക്കിടെ മാതൃഭൂമി ഡോട്ട് കോമിനോട് നിലപാടുകള്‍ വ്യക്തമാക്കുകയാണ് 11-ാം ശമ്പള കമ്മീഷന്‍ ചെയര്‍മാന്‍ കെ. മോഹന്‍ദാസ് ഐഎഎസ്.
സാധാരണ ഗതിയില്‍ കമ്മീഷനുകള്‍ വിരമിച്ച ജഡ്ജിമാരാണ് ആവുക. അതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ വിരമിച്ച ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനെ കമ്മീഷനായി നിശ്ചയിച്ചു. അതിലെന്തെങ്കിലും പ്രത്യേകതകള്‍ ഉണ്ടോ?
കഴിഞ്ഞ രണ്ട് ശമ്പള കമ്മീഷനുകളും ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാരായിരുന്നു. എന്നാല്‍ അതിന് മുമ്പ് ആര്‍ നാരായണന്‍ എന്ന വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു കമ്മീഷന്‍ ചെയര്‍മാന്‍. ഇങ്ങനെ രണ്ട് പതിവുകള്‍ സാധാരണ നിലവിലുണ്ട്. കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ഇങ്ങനെ തന്നെയാണ്. കേരളത്തിന് സമാന്തരമായി ശമ്പള പരിഷ്‌കരണത്തിന് കമ്മീഷനുകള്‍ പ്രവര്‍ത്തിച്ചത് ആന്ധ്രയിലും തെലങ്കാനയിലുമാണ്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരായിരുന്നു അവിടെയും കമ്മീഷന്‍ ചെയര്‍മാന്‍മാരായത്. ഇതില്‍ നിയമപരമായി പ്രത്യേകിച്ച് ചട്ടക്കൂടുകള്‍ ഒന്നുമില്ല. ഗവണ്‍മെന്റിന് ഇഷ്ടമുള്ള ആളിനെ കമ്മീഷനായി നിശ്ചയിക്കാം.
കമ്മീഷന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്തൊക്കെ ആയിരുന്നു. ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തൊക്ക ആയിരുന്നു?
സര്‍ക്കാര്‍ വകുപ്പുകള്‍- ഹൈക്കോടതി- സര്‍വകലാശാല- മുനിസിപ്പല്‍ കണ്ടിജന്‍സ് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ആണ് പ്രധാനമായും സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. രണ്ടാമത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത് ഭരണത്തിലെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടികളാണ്. ജനസൗഹൃദം, സോഷ്യല്‍ അക്കൗണ്ടബിളിറ്റി തുടങ്ങിയ കാര്യങ്ങളും കമ്മീഷന്റെ ചുമതലയില്‍ വന്നു. ഇക്കാര്യങ്ങളിലെല്ലാം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്.
ഇതില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനുള്ള റിപ്പോര്‍ട്ടുകള്‍ ജനുവരി മാസം കൊടുത്തു. അതനുസരിച്ച് അതിലെ പ്രധാന ഭാഗങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി ഇറക്കി. അതിലെ മറ്റ് കാര്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നു. മറ്റുള്ള നിര്‍ദ്ദേശങ്ങളെല്ലാം ആറ് റിപ്പോര്‍ട്ടുകളായി പിന്നീട് സമര്‍പ്പിച്ചിരുന്നു. അവസാനത്തെ റിപ്പോര്‍ട്ടിലാണ് ഭരണ കാര്യക്ഷമതയും മറ്റും ഏഴാം ഭാഗത്തിലായി പറയുന്നത്. ഓഗസ്റ്റ് 31 ന് തയ്യാറാക്കി സെപ്റ്റംബര്‍ ഒന്നിന് മുഖ്യമന്ത്രിക്ക് കൈമാറി.
വാര്‍ത്തകളില്‍ ഒരു ദിവസം നിറഞ്ഞുനിന്നത് ആ റിപ്പോര്‍ട്ടാണ്. അതിലെ നിര്‍ദേശങ്ങള്‍ എല്ലാം പുതിയതാണെന്ന് ആര്‍ക്കും ആവശ്യപ്പെടാന്‍ കഴിയില്ല. പലതും മുമ്പ് ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങള്‍ തന്നെയാണ്. പക്ഷേ ഇതൊരു പാക്കേജായി കമ്മീഷന്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.
കമ്മീഷന്‍ നിര്‍ദ്ദേശം നടപ്പിലാകുന്നതില്‍ വിവാദമായേക്കാവുന്നതാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക എന്നത്. യുവജന സംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇത് വഴിവെക്കുക. അതില്‍ കമ്മീഷന്റെ അഭിപ്രായമെന്താണ്?
കേരളത്തെപ്പോലൊരു സംസ്ഥാനത്തെ സംബന്ധിച്ച് 56 എന്നത് വിരമിക്കലിന് വളരെ കുറഞ്ഞ ഒരു പ്രായമാണ്. ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങള്‍ നോക്കിയാലും ആയുര്‍ദൈര്‍ഘ്യം ഏറ്റവും ഉയര്‍ന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ വിരമിക്കല്‍ പ്രായം വളരെ കുറവുമാണ്. ഇതിന്റെ പരിണിത ഫലമെന്ന് പറയുന്നത് ജീവനക്കാര്‍ അവരുടെ കാര്യക്ഷമതയുടെ പാരമ്യതയിലെത്തി നില്‍ക്കുന്ന സമയത്ത് വിരമിക്കേണ്ടി വരുന്നുവെന്നതാണ്. അതുപോലെ കൂടുതല്‍ കാലം ഇവര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കേണ്ടി വരുന്നുവെന്നതും വലിയൊരു ബാധ്യതയാണ്.
എന്നാല്‍ മറുഭാഗത്ത് നോക്കിയാല്‍ പുതിയ ആളുകള്‍ സര്‍വീസിലേക്ക് വരണം. ഒരുവര്‍ഷം 20,000 ആളുകളാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. അങ്ങനെ നോക്കിയാല്‍ അത്രയും ആളുകള്‍ ആ വര്‍ഷം സര്‍വീസില്‍ എത്തണം. കമ്മീഷന്‍ പറഞ്ഞത് പ്രകാരം ഒരു വര്‍ഷം കൂട്ടുകയാണെങ്കില്‍ ആ 20,000 പേര്‍ക്ക് സര്‍വീസില്‍ കയറേണ്ട സമയം ഒരുവര്‍ഷം കൂടി നീളും. അവര്‍ക്ക് അവസരം നഷ്ടപ്പെടുന്നില്ല. എന്നാല്‍ കാലതാമസം ഉണ്ടാകും. അതില്‍ സ്വാഭാവികമായും യുവജന സംഘടനകളുടെ എതിര്‍പ്പ് ഉണ്ടാവും.
പക്ഷെ ഇത്തരം കാര്യങ്ങളില്‍ രണ്ടുവശവും നോക്കണമല്ലോ. ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയതോടെ സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വളരെ കൂടി. കോവിഡ് കാലഘട്ടമായതിനാല്‍ സര്‍ക്കാരിന്റെ വരുമാനം ഗണ്യമായി കുറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെയും നികുതി വരുമാനം കുറഞ്ഞു. കേന്ദ്ര നികുതിയില്‍ നിന്നാണ് കേരളത്തിന്റെ വരുമാനത്തില്‍ ഒരു ഭാഗം കിട്ടുന്നത്. അതുകൂടി കുറഞ്ഞു. മൊത്തത്തില്‍ വരുമാനമിടിഞ്ഞു, ചെലവ് കൂടി എന്നൊരു അവസ്ഥയുണ്ട്. അപ്പോള്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ സര്‍ക്കാരിന് ഈവര്‍ഷം ഉണ്ടായേക്കാവുന്ന 4000 കോടിയുടെ ചെലവ് നീട്ടിവെക്കാന്‍ സാധിക്കും.
കേരളത്തില്‍ തന്നെ നോക്കിയാല്‍ വിരമിക്കല്‍ പ്രായം പല രീതിയിലാണ്. 2013ന് ശേഷം സര്‍വീസില്‍ വന്നവര്‍ക്ക് വിരമിക്കല്‍ പ്രായം 60 ആണ്. അങ്ങനെയുള്ളവരില്‍ പോലും ഇപ്പോള്‍ ചിലര്‍ വിരമിച്ച് തുടങ്ങി. ബാക്കിയുള്ളവര്‍ക്കാണ് 57 വയസ് ആക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
2013 മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറിയവര്‍ പങ്കാളിത്ത പെന്‍ഷന്‍ വ്യവസ്ഥയില്‍ എത്തിയവരാണ്. പങ്കാളിത്ത പെന്‍ഷന്‍ വിഷയം സര്‍വീസ് സംഘടനകള്‍ വലിയ എതിര്‍പ്പ് ഉയര്‍ത്തുന്ന ഒന്നാണ്. അതില്‍ കമ്മീഷന്റെ അഭിപ്രായം എങ്ങനെയാണ്?
ഇക്കാര്യത്തില്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല. ഇക്കാര്യം പഠിക്കാനും പരിശോധിക്കാനും സര്‍ക്കാര്‍ വേറൊരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഒരു മൂന്നംഗ സമിതി ഇക്കാര്യത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. വിഷയത്തില്‍ പ്രത്യേകമായൊരു കമ്മിറ്റി റിപ്പോര്‍ട്ട് കൊടുത്തിട്ടുള്ളതിനാല്‍ ശമ്പള കമ്മീഷന്‍ അതേപറ്റി പരിശോധിക്കുകയോ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ല. ഒരേ വിഷയത്തില്‍ രണ്ടുപേര്‍ പഠനം നടത്തുന്നത് ഡ്യൂപ്ലിക്കേഷന്‍ ഓഫ് എഫേര്‍ട്ട് ആകും. അതുവേണ്ടെന്ന് വെച്ചിട്ടാണ് അങ്ങനെ ഒരു തീരുമാനം എടുത്ത്.
ശമ്പള കമ്മീഷനെ സംബന്ധിച്ചിടത്തോളം വളരെ വലിയ ക്യാന്‍വാസാണ് ഉള്ളത്. പഠിച്ച് പറയേണ്ട കാര്യങ്ങള്‍ ഒരുപാടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ ഗഹനമായി പഠിക്കാന്‍ ഒരു കമ്മിറ്റി നിലവിലുള്ളപ്പോള്‍ അതിലേക്ക് കമ്മീഷന്‍ ശ്രദ്ധകൊടുത്തിട്ടില്ല.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ സര്‍ക്കാരിന് ഇത്തവണ 4000 കോടി രൂപ ലാഭിക്കാന്‍ സാധിക്കുമെന്നാണ് ധനമന്ത്രിയും പറയുന്നത്. അങ്ങനെയെങ്കില്‍ അത് നടപ്പിലായാല്‍ സര്‍ക്കാരിനുണ്ടാകുന്ന നേട്ടം എങ്ങനെയാകും?
പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയാണെങ്കില്‍ 4000 കോടിയുടെ ചെലവ് ഈ വര്‍ഷം ഒഴിവാക്കാന്‍ സാധിക്കും. എന്നാല്‍ അത് ഈയൊരു വര്‍ഷം മാത്രം ഉണ്ടാകുന്ന നേട്ടമാണ്. അടുത്ത വര്‍ഷം ആളുകള്‍ വിരമിക്കുമ്പോള്‍ വീണ്ടും നല്ലൊരു തുക ചെലവിടേണ്ടി വരും. ഇതേപോലെയാണ് നിലവിലെ വിരമിക്കല്‍ പ്രായമെങ്കില്‍ അടുത്ത വര്‍ഷം ഉണ്ടായേക്കാവുന്ന ചെലവ് വിരമിക്കല്‍ പ്രായം ഉയര്‍ത്തുകയാണെങ്കില്‍ നീട്ടിവെക്കും. അങ്ങനെ അത് മുന്നോട്ടുപോകുമെന്നത് ഒരു നേട്ടമാണ്.
കേന്ദ്ര സര്‍വീസില്‍ വിരമിക്കല്‍ പ്രായം 60 ആണ്. അതേപോലെ കേരളത്തിലും വിരമിക്കല്‍ പ്രായം 60 ആക്കണമെന്നാണ് ചില സര്‍വീസ് സംഘടനകളും ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ താങ്കളുടെ വ്യക്തിപരമായ അഭിപ്രായമെന്തായിരിക്കും?
വിരമിക്കല്‍ പ്രായം 60 ആക്കുന്നത് നല്ലതാണ് എന്നതാണ് വ്യക്തിപരമായ അഭിപ്രായം. പക്ഷേ പ്രായോഗികത പരിശോധിച്ചാല്‍ 56 ല്‍നിന്ന് 60 ലേക്ക് ഉയര്‍ത്തുമ്പോള്‍ നാല് വര്‍ഷത്തേക്ക് ഒരു വര്‍ധനവാണ് വരുന്നത്. പുതിയ ആളുകള്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് നാലുവര്‍ഷത്തേക്ക് വരാത്ത അവസ്ഥയുണ്ടാകും. അതൊക്കെ കൊണ്ടാണ് തത്കാലം ഒരുവര്‍ഷം എന്ന് ശുപാര്‍ശ ചെയ്തത്. ഇനി ഘട്ടം ഘട്ടമായി അത് 60 ആക്കുന്നത് നല്ലതാണ്. ഇന്നത്തെ ഒരു ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യം വെച്ചുനോക്കുമ്പോള്‍ 60 വയസില്‍ പോലും ഭൂരിപക്ഷം ആളുകളും ആരോഗ്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്.
പ്രവൃത്തി ദിനം അഞ്ചാക്കി കുറയ്ക്കണമെന്നൊരു നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കിയിട്ടുണ്ടല്ലോ. അതിനൊപ്പം ദിവസം ഒരു മണിക്കൂര്‍ അധികമായി ജോലി ചെയ്യുകയും വേണം. ഇത്തരമൊരു നിര്‍ദ്ദേശം കൊണ്ടുവരാനുള്ള കാരണെന്തായിരുന്നു?
രാജ്യത്തെ പൊതുവെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചുദിവസമാണ്. കേന്ദ്രസര്‍വീസിലും നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലുമൊക്കെ അങ്ങനെയാണ്. ജീവനക്കാര്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം തുടര്‍ച്ചയായി അവധി കിട്ടുമെന്നതാണ് അവര്‍ക്കുള്ള നേട്ടം. രണ്ടുദിവസം കുടുംബത്തോടൊത്ത് സമയം ചെലവഴിക്കുന്നത് അവരുടെ സമ്മര്‍ദങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ലോകത്തെമ്പാടും ഇതൊരു അംഗീകരിക്കപ്പെട്ട സംഗതിയാണ്. ജീവിതവും ജോലിയും ആരോഗ്യകരമായി കൊണ്ടുപോകുന്നതിന് സഹായിക്കുമെന്നതിനാലാണ് അങ്ങനെയൊരു കാര്യം ശുപാര്‍ശ ചെയ്തത്. പക്ഷേ, അങ്ങനെ ചെയ്യുമ്പോള്‍ ആഴ്ചയില്‍ നിര്‍ബന്ധമായും നടക്കേണ്ട പ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെടാതിരിക്കാനാണ് ഒരുമണിക്കൂര്‍ അധികമായി ജോലി ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചത്.
പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് കാര്യം സാധിക്കേണ്ടവര്‍ക്ക് അതൊരു ബുദ്ധിമുട്ടായി മാറും എന്നതാണ് എതിരായി ഉയര്‍ന്ന വാദം. പക്ഷെ സര്‍ക്കാര്‍ വകുപ്പുകളിലെല്ലാം പടിപടിയായി ഡിജിറ്റലൈസേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. അത് കാര്യക്ഷമമായി നടപ്പിലാക്കണമെന്നതാണ് കമ്മീഷന്‍ മുന്നോട്ടുവെച്ച പ്രധാന ശുപാര്‍ശ.
മുമ്പൊക്കെ ജനന- മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പഞ്ചായത്ത്- മുന്‍സിപ്പല്‍ ഓഫീസുകളില്‍ കയറി ഇറങ്ങി നടക്കണമായിരുന്നു. ഇപ്പോള്‍ വീട്ടിലിരുന്നോ അല്ലെങ്കില്‍ തൊട്ടടുത്ത അക്ഷയ സെന്ററില്‍ പോയിട്ടോ അത് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. അതുപോലെ കഴിയുന്നത്ര സേവനങ്ങളും ഫയലുകള്‍ ട്രാക്ക് ചെയ്യുന്നതുള്‍പ്പെടെ ഓണ്‍ലൈനായി ചെയ്യാവുന്ന അവസ്ഥയുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് നേരിട്ട് ഓഫീസില്‍ പോകേണ്ട ആവശ്യമുണ്ടാകുന്നില്ല. കഴിയുന്നിടത്തോളം ജനങ്ങളെ ഓഫീസുകളിലേക്ക് എത്തിക്കേണ്ട അവസ്ഥ കുറയ്ക്കണം. അങ്ങനെ ആയാല്‍ ഓഫീസുകള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. എന്നാല്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭിക്കുകയും ചെയ്യും. കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയാനും സാധിക്കും. അപ്പോള്‍ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാകുന്നതോടെ അവധി ദിവസം രണ്ടാകുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കില്ല.
അഞ്ച് ദിവസം ജോലി ചെയ്യുന്ന രീതിയാണെങ്കില്‍ ആ ദിവസങ്ങളില്‍ ഒരുമണിക്കൂര്‍ അധികമായി ജോലി ചെയ്യണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. സാധാരണ ഗതിയില്‍ ഇത് നടപ്പിലാക്കുക ബുദ്ധിമുട്ടാണ്. കാരണം പഞ്ചിങ് സംവിധാനം പോലും കാര്യക്ഷമമായി നടപ്പിലാകാത്ത ഒരു സാഹചര്യത്തില്‍ ജീവനക്കാര്‍ താമസിച്ച് വരികയും നേരത്തെ പോവുകയും ചെയ്യുന്ന രീതി തടയിടാനും ഒരുമണിക്കൂര്‍ അധിക ജോലി ഉറപ്പുവരുത്താനും എങ്ങനെയാണ് സാധിക്കുക?
അത് പ്രാവര്‍ത്തികമാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കാനാകും. പ്രധാനപ്പെട്ട ഓഫീസുകളിലൊക്കെ പഞ്ചിങ് നിര്‍ബന്ധമാക്കണം. ഇക്കാര്യത്തില്‍ മേലുദ്യോഗസ്ഥന്‍മാരുടെ ഭാഗത്തുനിന്ന് പ്രൊഫഷണലായൊരു സമീപനം വേണം. ഇതിനായി വിജിലന്‍സ് പോലുള്ള സംവിധാനങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കണം.
ഓമ്പതര മുതല്‍ അഞ്ചര വരെ എന്ന് കമ്മീഷന്‍ പറഞ്ഞിട്ടുണ്ട്. ഒമ്പതരയ്ക്ക് മുമ്പ് ഓഫീസിലെത്തി അഞ്ചരയ്ക്ക് ശേഷം പോകുന്ന രീതിയാണ് വേണ്ടത്. ആദ്യമൊക്കെ ഇത് നടപ്പിലാക്കാന്‍ എന്‍ഫോഴ്സ്മെന്റ് വേണ്ടിവരും.
മറ്റ് അവധി ദിനങ്ങളും ലീവും മറ്റും കണക്കിലെടുക്കുമ്പോള്‍ ആകെ 115 മണിക്കൂര്‍ മാത്രമേ ഒരുദ്യോഗസ്ഥന്‍ ഓഫീസില്‍ ജോലിയെടുക്കുന്നുള്ളു. ഒരുമാസത്തെ ശമ്പളം കിട്ടുന്നത് ഈ 115 മണിക്കൂര്‍ ജോലിക്കാണ്. അപ്പോള്‍ ഒരു മണിക്കൂറിന്റെ വില എന്നത് ഏകദേശം ഒരു ശതമാണ് മാസശമ്പളത്തിലുണ്ടാകുക. അതുകൊണ്ട് തന്നെ ആ ഒരു പ്രാധാന്യം കണ്ടുകൊണ്ടുവേണം ഇക്കാര്യം നടപ്പിലാക്കാന്‍. അപ്പോള്‍ ഒരാള്‍ ജോലി ചെയ്യുന്ന മണിക്കൂറുകള്‍ കുറയുകയാണെങ്കില്‍ അതിന് തതുല്യമായ തുക ശമ്പളത്തില്‍ നിന്ന് കുറയ്ക്കണം. അല്ലെങ്കില്‍ അതിന് പകരം ജോലി ചെയ്യിക്കണം.
10 ശതമാനം ശമ്പള വര്‍ധനവാണല്ലോ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. രണ്ട് പ്രളയം, കോവിഡ് തുടങ്ങിയ ദുരിതങ്ങളെ നേരിട്ട് നടുവൊടിഞ്ഞ് നില്‍ക്കുന്ന അവസ്ഥയിലാണ് കേരളം. ഇതൊക്കെ നേരിട്ട് ബാധിച്ചവരാണ് സാധാരണക്കാരായ ജനങ്ങള്‍. അവരില്‍ നിന്ന് ഈടാക്കുന്ന നികുതിയില്‍ നി്ന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. മറ്റെല്ലാതരത്തിലും ജനങ്ങള്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനവ് നല്‍കുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാന്‍ സാധിക്കുക?
പ്രതിസന്ധി കാലത്തും ഉറപ്പായ വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്ന ഏക വിഭാഗമാണെന്ന് വേണമെങ്കില്‍ പറയാം. ബഹുഭൂരിപക്ഷത്തിനും വരുമാനമാര്‍ഗം അടഞ്ഞുനില്‍ക്കുന്ന ഒരു സമയമാണ്. പക്ഷെ കോവിഡ് കാലഘട്ടം മാത്രം കണക്കിലെടുത്തുകൊണ്ടല്ലല്ലോ കമ്മീഷന്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയിട്ട് വേണം കാര്യങ്ങൾ ചെയ്യാൻ. ശമ്പളം പരിഷ്‌കരിക്കണം എന്നുള്ളതുകൊണ്ടാണല്ലോ സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്. ഇല്ലെങ്കില്‍ കമ്മീഷനെ നിയമിക്കേണ്ട സാഹചര്യമുണ്ടാകുമായിരുന്നില്ല. ശമ്പളവര്‍ധനവിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടായിരുന്നു. അതിനോട് ചേര്‍ന്നാണ് കമ്മീഷനും പ്രവര്‍ത്തിച്ചത്.
കഴിഞ്ഞ ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത് ഇനി മുതല്‍ ഓരോ 10 വര്‍ഷം കൂടുമ്പോഴും ശമ്പള വര്‍ധനവ് മതി എന്നാണ്. ഇത് മാറ്റിയിട്ടാണ് ഇപ്പോള്‍ അഞ്ചുകൊല്ലമാകുമ്പോഴേക്കും അടുത്ത കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. അപ്പോള്‍ ശമ്പളം വര്‍ധിപ്പിക്കാനുള്ള ഉത്തരവാദിത്തം വാസ്തവത്തില്‍ ജനങ്ങളോടുള്ള വെല്ലുവിളിയല്ലെ?
കഴിഞ്ഞ ശമ്പള കമ്മീഷന്‍ 10 വര്‍ഷത്തേക്ക് ശുപാര്‍ശ ചെയ്യുകയും അതിനനുസരിച്ചുള്ള ശമ്പള സ്‌കെയിലുകള്‍ തയ്യാറാക്കുകയും ചെയ്തു. വ്യക്തിപരമായി എനിക്കും അതിനോട് പൂര്‍ണ യോജിപ്പാണ്. പക്ഷെ കഴിഞ്ഞ കമ്മീഷന്റെ റിപ്പോര്‍ട്ട് വന്ന സമയത്ത് അഞ്ചുവര്‍ഷത്തിന് ശേഷം പുനഃപരിശോധിക്കാമെന്നുള്ള തീരുമാനത്തിന്റെ ഭാഗമായി ശമ്പള സ്‌കെയിലുകളില്‍ മാറ്റം വരുത്തിയിരുന്നു. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ വീണ്ടും ഇത് പരിശോധിക്കുമെന്ന് അന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിഷ്‌കരണത്തിനുള്ള നടപടി എടുത്തിട്ടുള്ളത്.
വളരെ ന്യായമായ സ്‌കെയിലുകളാണ് ഇപ്പോഴുള്ളത്. ഇനി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയതിന് ശേഷം മാത്രമേ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം പരിഗണിക്കാവു എന്ന് കമ്മീഷന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. കേന്ദ്രത്തിന്റെ ശമ്പള പരിഷ്‌കരണം കഴിഞ്ഞത് 2016 ജനുവരി ഒന്നുമുതലായിരുന്നു. ഇനിയത് 2026 ലാണ് നടക്കേണ്ടത. അതേസമയം കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 2019 ജൂലായ് ഒന്നുമുതലാണ് ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നത്. അഞ്ചുവര്‍ഷം കഴിഞ്ഞാണ് അടുത്ത പുനഃപരിശോധന വരുന്നതെങ്കില്‍ 2024 ല്‍ അത് ആവശ്യപ്പെടാം. പക്ഷേ, 2026ന് ശേഷം മാത്രമേ ഇനി അതേപ്പറ്റി ആലോചിക്കാവു എന്നാണ് ഈ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കുള്ള നിയമനത്തിന് പുതിയ റിക്രൂട്ട്മെന്റ് ബോര്‍ഡ് വേണമെന്ന ആവശ്യം ഉന്നയിക്കാനുള്ള കാരണം?
ഗവണ്‍മെന്റ് ഇവര്‍ക്ക് ശമ്പളം മാത്രമല്ല സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നു. അതിന് പുറമെ രാഷ്ട്രീയ സ്വാതന്ത്രമുള്‍പ്പെടെയുള്ള സ്വാതന്ത്ര്യത്തിന് അനുമതിയുമുണ്ട്. അപ്പോള്‍ ഇത്രയൊക്കെ സൗകര്യങ്ങള്‍ അനുവദിക്കുകയും പൊതുഖജനാവില്‍ നിന്ന് അവര്‍ക്കായി പണം ചെലവഴിക്കുകയും ചെയ്യുമ്പോള്‍ അവരുടെ നിയമനം മെരിറ്റ് അടിസ്ഥാനത്തില്‍ സുതാര്യമായി വേണം എന്നതാണ് കമ്മീഷന്റെ നിലപാട്. അതൊരു പൊതു താത്പര്യം കൂടിയാണ്. നിയമനം പിഎസ്സിക്ക് വിടണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കമ്മീഷന്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ അത് അംഗീകരിക്കപ്പെടാത്തതുകൊണ്ടാണ് പകരം മാനേജ്മെന്റുകള്‍ക്ക് കൂടി പങ്കാളിത്തമുള്ള റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന നിര്‍ദ്ദേശം കമ്മീഷന്‍ മുന്നോട്ടുവെച്ചത്.
ഇങ്ങനെയാരു റിക്രൂട്ട്മെന്റ് ബോര്‍ഡ് വന്നാല്‍ സാധാരണക്കാര്‍ക്കും അതിലൂടെ ജോലി ലഭിക്കും. നിയമനം സുതാര്യമാകും. മെരിറ്റടിസ്ഥാനത്തില്‍ നിയമനം നടക്കും. ഈ രംഗത്ത് കള്ളപ്പണം ഇറക്കുന്ന രീതിക്ക് തടയിടാന്‍ സാധിക്കും. കള്ളപ്പണത്തിനും ക്രമക്കേടുകള്‍ക്കും കാരണമായൊരു കാര്യത്തില്‍ നമുക്കെല്ലാവര്‍ക്കും അറിവുണ്ടെങ്കില്‍ എന്തുകൊണ്ട് അതില്‍ നടപടിയെടുക്കേണ്ട എന്നാണ് എന്റെ ചോദ്യം.
അതിനാല്‍ ബോര്‍ഡ് രൂപവത്കരിക്കുന്നതുവരെ നിയമനം സുതാര്യമായിരിക്കണം. ഒഴിവുകളും മറ്റും പത്രങ്ങളില്‍ പരസ്യം ചെയ്യണം. അഭിമുഖങ്ങള്‍ റെക്കോര്‍ഡ് ചെയ്യണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാത്രമല്ല പരാതി വന്നാല്‍ പരിഹരിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയെ ഓംബുഡ്സ്മാനായി നിയമിച്ച് പരാതി പരിശോധന സംവിധാനം കൂടി വേണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഐക്യകേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തുപോകാന്‍ കാരണമായ വിമോചന സമരത്തിന് തുടക്കമിട്ടത് ഇതുപോലൊരുതീരുമാനമായിരുന്നു. എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനം സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നിയമം അന്ന് മുണ്ടശ്ശേരി അവതരിപ്പിച്ചിരുന്നു. അതേപോലെ മാനേജുമെന്റുകളുടെ നിയന്ത്രണത്തില്‍ നിന്ന് റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ചുമതലയിലേക്ക് അധ്യാപക നിയമനം മാറ്റിയാലുണ്ടാകുന്ന പ്രത്യാഘാതം കണക്കിലെടുത്തിരുന്നോ?
ഇത് വളരെ സുഗമമായി നടപ്പിലാക്കാവുന്ന ഒരു കാര്യമല്ല. മാനേജുമെന്റുകള്‍ തീര്‍ച്ചയായുമിതിനെ എതിര്‍ക്കും. കൈക്കൂലി വാങ്ങിക്കാത്ത മാനേജുമെന്റുകള്‍ പോലും സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നുവെന്ന് പറഞ്ഞ് അതിനെ എതിര്‍ക്കും. അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് രാഷ്ട്രീയ തീരുമാനമായിരിക്കും.
പക്ഷെ നോക്കേണ്ട കാര്യം ഇതാണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൊടുക്കുന്നു. ആര്‍ക്ക് ഇങ്ങനെ ശമ്പളം കൊടുക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. ആ ഒരു അവകാശം സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉപയോഗിക്കേണ്ടി വരും. ആരെയെങ്കിലുമൊക്കെ നിയമിച്ചിട്ട് മാനേജുമെന്റിന്റെ ജോലിക്കാരായി നില്‍ക്കുകയും അവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുകയും ചെയ്യുക എന്നതില്‍ ഒരു ഭംഗികേടുണ്ട്. ഏറ്റവും പ്രധാനം മെറിറ്റ് ഇതില്‍ കൊണ്ടുവരിക എന്നതാണ്. രണ്ടാമത്തേത് കള്ളപ്പണം ഒഴിവാക്കുക എന്നതാണ്.
പല മാനേജുമെന്റുകളും നിയമനത്തിനായി ലക്ഷങ്ങള്‍ തലവരിപ്പണം പിരിക്കാറുണ്ട്. അത് കോളേജിന്റെ നടത്തിപ്പിന് വേണ്ടിയാണെന്നാണ് വാദം?
അതില്‍ പലവശങ്ങളുണ്ട്. നമുക്കറിയാം സംസ്ഥാനത്തെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലവില്‍ വന്നത് സമൂഹനന്മയുദ്ദേശിച്ച് പ്രവര്‍ത്തിച്ച പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും പ്രവര്‍ത്തനഫലമായാണ്. ഇതിന്റെ വളര്‍ച്ചയ്ക്ക് മാനേജുമെന്റുകള്‍ കൂടുതല്‍ ചെലവഴിക്കണം. പക്ഷെ ഇപ്പോള്‍ തന്നെ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ വഴി വേറെ ഒരുപാട് ഫണ്ടുകള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. അതിന് പുറമെ എംഎല്‍എ ഫണ്ടില്‍ നിന്നും എംപി ഫണ്ടില്‍ നിന്നും പണം ലഭിക്കാറുണ്ട്. നിയമനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുതാര്യത ഉറപ്പാക്കിയാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ കൂടുതല്‍ പണംമുടക്കാന്‍ സാധിക്കും.
ഞങ്ങള്‍ ഇക്കാര്യം ഒരുപാട് ചര്‍ച്ച ചെയ്തതാണ്. പക്ഷെ അതിലും അപകടമുണ്ട്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നമ്മള്‍ പണം അനുവദിക്കുകയും ക്രമക്കേടും കള്ളപ്പണത്തിന്റെ പ്രശ്നം നിലനില്‍ക്കുകയും ചെയ്താല്‍ അത് അപകടമാണ് എന്നതിനാലാണ് അത്തരം ഗ്രാന്റുകളൊന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യാതിരുന്നത്.
സാധാരണ ഗതിയില്‍ ശമ്പള കമ്മീഷന്‍ ഒക്കെ റിപ്പോര്‍ട്ട് നല്‍കിയാലും ജീവനക്കാര്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം വിവാദ വിഷയങ്ങളില്‍ തൊടാതിരിക്കുന്ന ഒരു രീതി കാലാകാലങ്ങളായുണ്ട്. അത് തന്നെ ഈ റിപ്പോര്‍ട്ടിനുമുണ്ടാകുമെന്ന് കരുതുന്നുണ്ടോ?
അതേപ്പറ്റി എനിക്കങ്ങനെ മുന്‍വിധിയൊന്നുമില്ല. നിര്‍ദ്ദേശങ്ങളെല്ലാം സര്‍ക്കാരിന്റെ മുന്നിലുണ്ട്. കമ്മീഷനെ സംബന്ധിച്ചിടത്തോളം ഏല്‍പിച്ച ജോലി ചെയ്തു പൂര്‍ത്തിയാക്കി. കാര്യങ്ങള്‍ സര്‍ക്കാരിനെ എല്‍പ്പിച്ചു. അതിന്റെ വിവരങ്ങളൊക്കെ പൊതുജനങ്ങളുടെ മുന്നിലുമെത്തി. ശുപാര്‍ശകളില്‍ എന്തൊക്കെ ചെയ്യണം ചെയ്യരുത് എന്നതൊക്കെ സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമാണ്.
സ്വാഭാവികമായും സര്‍വീസ് സംഘടനകള്‍, യുവജന സംഘടനകള്‍, മാനേജ്മെന്റുകള്‍ തുടങ്ങിയവരുമായി ഒരുപാട് ചര്‍ച്ചകള്‍ വേണ്ടി വരും. അങ്ങനെ ഓരോന്നിന്റെയും പ്രായോഗികത നോക്കി മാറ്റങ്ങള്‍ വരുത്തി നടപ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കമ്മീഷന്റെ ദൗത്യം അവസാനിച്ചുകഴിഞ്ഞതിനാല്‍ പിന്നെ അതുമായി ബന്ധം പാടില്ല എന്നാണ്. നമ്മള്‍ കര്‍മം ചെയ്തു കര്‍മഫലം ഈശ്വരന്‍ തീരുമാനിക്കട്ടെ.
Content Highlights: If the pension age is raised, the government will get Rs 4,000 crore- k mohandas interview
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..