ഹഫ്സാമോൾ | photo: facebook
കോഴിക്കോട്: എം.എസ്.എഫിൽ മാത്രമല്ല, മുസ്ലീംലീഗിൽ തന്നെയും വലിയൊരു കൊടുങ്കാറ്റിനാണ് സംഘടനയുടെ വനിതാ വിഭാഗമായ ഹരിത തിരികൊളുത്തിയത്. വനിതാ നേതാക്കൾ എയ്ത ആരോപണശരം മുൻനിര നേതാക്കളുടെ നെഞ്ചിൽ തന്നെയാണ് ചെന്നുതറച്ചിരിക്കുന്നത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് അറസ്റ്റിലാവുന്നത് വരെ എത്തി കാര്യങ്ങൾ. സംഘടനയുടെ നേതൃത്വത്തെ അപ്പാടെ ഇളക്കി പ്രതിഷ്ഠിക്കുന്നതിൽ വരെ ചെന്നെത്തി കാര്യങ്ങൾ. എന്നാൽ, ലീഗിന്റെ പേശിബലത്തിന് മുന്നിൽ പിന്നാക്കം പോകുന്ന പ്രശ്നമില്ലെന്ന് നെഞ്ചുവിരിച്ചുനിന്നു പറയുകയാണ് മുൻ സംസ്ഥാന ഭാരവാഹി ഹഫ്സമോൾ. ഏതാനും ആളുകളുടെ അഭിപ്രായത്തിനനുസരിച്ച് കാര്യങ്ങള്‍ പോകുന്ന രീതിയാണ് ഇപ്പോള്‍ ലീഗിലുള്ളതെന്നും ഇത് പാര്‍ട്ടിയെ കുഴിയില്‍ ചാടിക്കുമെന്നു ഈ രീതി മാറാന്‍ വേണ്ടി കൂടിയാണ് ഞങ്ങള്‍ കലഹിക്കുന്നതെന്നും ഹഫ്സമോൾ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
എവിടെയാണ് ഹരിതയുമായി ബന്ധപ്പെട്ട് ലീഗിലുണ്ടായ പ്രശ്നങ്ങളുടെ തുടക്കം?
രണ്ട് കാര്യങ്ങളാണ് എനിക്ക് ഇതുമായി ബന്ധപ്പെട്ട് പറയാനുള്ളത്. സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായ പ്രശ്നങ്ങളാണ് ആദ്യത്തേത്. അത് പരിഹരിക്കേണ്ട സമയത്ത് കൃത്യമായി പരിഹരിച്ചില്ല. ഇരയ്ക്കൊപ്പം നില്‍ക്കേണ്ട ലീഗ് വേട്ടക്കാരനൊപ്പം നില്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പൊതുസമൂഹത്തിന്റെ മുന്നില്‍ പോലും മുസ്ലീം ലീഗിന്റെ ഈ നിലപാട് അപഹാസ്യമായി. ആസിഫ, പാലത്തായി തുടങ്ങി പെണ്‍കുട്ടികളുടെ അനേകം വിഷയങ്ങളില്‍ ഇടപെട്ടിട്ടുള്ള ഒരു പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. പക്ഷെ പാര്‍ട്ടിക്കകത്ത് ഒരു പെണ്‍കുട്ടി ഇത്തരത്തില്‍ ഒരുവിഷയം ഉന്നയിച്ചപ്പോള്‍ അവര്‍ക്ക് മര്യാദ കൊടുക്കാത്ത രീതിയിലാണ് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്.
മറ്റൊന്ന് നിലവിലുള്ള ഹരിത കമ്മറ്റി 2017 ജനുവരിയില്‍ വരേണ്ടിയിരുന്ന കമ്മറ്റിയാണ്. 2017ല്‍ ഒരു കൗണ്‍സില്‍ വിളിച്ചു. ആ കൗണ്‍സിലിലേക്ക് ഒരു കത്തുമായി ഒരു പെണ്‍കുട്ടി കടന്നുവന്നു. ഇനി പ്രഖ്യാപിക്കാനിരിക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ ആ പെണ്‍കുട്ടിയെ പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ ആക്കണമെന്നായിരുന്നു ആ കത്തില്‍ പറഞ്ഞിരുന്നത്. സാദിക്കലി ഷിഹാബ് തങ്ങളായിരുന്നു ആ കത്ത് കൊടുത്തത്. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ മകള്‍ക്ക് ഈ പറഞ്ഞ സ്ഥാനം കൊടുക്കണമെന്നായിരുന്നു ആവശ്യം. ആ സമയത്ത് ഈ പറഞ്ഞ പെണ്‍കുട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് ആയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂ. അവര്‍ക്ക് കുറച്ച് കൂടി പ്രവൃത്തിപരിചയം വന്നിട്ട് അവരെ ഇത്തരം ഒരു സ്ഥാനത്ത് ഇരുത്തിയാല്‍ പോരെ എന്ന് ഞാന്‍ ഉള്‍പ്പടെയുള്ള അംഗങ്ങള്‍ അന്ന് ചോദിച്ചിരുന്നു. കാരണം അതിന് അര്‍ഹതയുള്ള ഒരുപാട് അവിടെ ഉണ്ടായിരുന്നു എന്ന് മാത്രമല്ല ഈ കത്ത് കൊടുത്തുവിടുന്ന സമ്പ്രദായം സംഘടനാ സംവിധാനത്തില്‍ ഇല്ലാത്തതുമാണ്. ഈ കാര്യം ചോദ്യം ചെയ്തതിന് ഒരു വര്‍ഷത്തോളം ഹരിതയുടെ പുതിയ കമ്മിറ്റി പ്രഖ്യാപിക്കാതെ മരവിപ്പിച്ചു.
പിന്നീട് 2018 ജനുവരിയിലാണ് ആ കമ്മിറ്റി പ്രഖ്യാപിക്കുന്നത്. ആ കമ്മിറ്റിയില്‍ ഈ പെണ്‍കുട്ടി ട്രഷറര്‍ സ്ഥാനത്ത് വരികയും ചെയ്തു. മുന്‍ കമ്മിറ്റി അംഗങ്ങളെ അറിയിക്കുക പോലും ചെയ്യാതെയാണ് കമ്മിറ്റി പ്രഖ്യാപിച്ചത്. ഞങ്ങള്‍ ഈ വിവരം അറിഞ്ഞത് പോലും പത്രങ്ങളിലൂടെയായിരുന്നു. മജീദ് സാഹിബ് ഉള്‍പ്പടെയുള്ള നേതാക്കളോട് ഇങ്ങനെ ഒരു കീഴ്വഴക്കത്തിന് കൂട്ടുനില്‍ക്കരുതെന്ന് അന്നേ ഞങ്ങള്‍ പറഞ്ഞിരുന്നു. പക്ഷെ എംഎസ്എഫ് നേതാക്കള്‍ പോലും അവരുടെ രാഷ്ട്രീയ ഭാവി സംരക്ഷിക്കാന്‍ വേണ്ടി ഇതിന് കൂട്ടുനിന്നു. സ്വന്തക്കാര്‍ക്ക് പദവി നല്കുന്ന ഈ രീതി ഹരിതയില്‍ നിന്ന് എംഎസ്എഫിലേക്കും മറ്റ് പോഷക സംഘടനകളിലും വളരുന്നു എന്നതാണ് ലീഗ് ഇന്ന് അനുഭവിക്കുന്ന ഈ പ്രശ്നങ്ങളുടെ തുടക്കത്തിന് കാരണം.
സ്ത്രീവിരുദ്ധ പരാമര്‍ശം ഉണ്ടാവുന്ന രീതിയിലേക്ക് ഈ പ്രശ്നം വളര്‍ന്നത് എങ്ങനെയാണ്?
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഈ സ്ഥാനത്ത് വന്നത് എങ്ങനെയെന്ന് പറയാതെ ഈ ഉത്തരം പൂര്‍ണമാവില്ല. ഹരിതയുടെ സംസ്ഥാന കമ്മിറ്റി രൂപീകരണ സമയത്ത് ഉണ്ടായ അതേ പ്രശ്നം എം.എസ്. എഫിന്റെ സംസ്ഥാന കമ്മിറ്റി രൂപീകരിക്കുന്ന സമയത്തും ഉണ്ടായി. 12 ജില്ലാ കമ്മിറ്റികള്‍ എതിര്‍ത്ത ഒരു പാനലാണ് ഇന്നത്തെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയായി അംഗീകരിച്ചത്.
ഇത്തരത്തില്‍ നേതാവായ ഒരാളാണ് സ്വജനപക്ഷപാതത്തെ എതിര്‍ക്കുന്നവര്‍ക്കെതിരേ വേശ്യയുടെ ചാരിത്ര്യപ്രസംഗമാണെങ്കിലും നമ്മള് കേള്‍ക്കണം എന്ന് എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയില്‍ പറഞ്ഞത്. ഈ പരാമര്‍ശം എത്രത്തോളം പെണ്‍കുട്ടികളില്‍ മുറിവേല്‍പ്പിക്കും എന്ന ധാരണയോട് കൂടി തന്നെയാണ് ഈ പ്രസ്താവന ഉണ്ടായത്.
ആദ്യം ഹരിതയ്ക്ക് പിന്തുണ നല്കിയ എം.കെ മുനീര്‍ പോലും ഇപ്പോള്‍ മൗനം പാലിക്കുന്നു. ഇതില്‍ കൂടുതല്‍ നിങ്ങള്‍ ലീഗില്‍ നിന്നും പ്രതീക്ഷിച്ചിരുന്നോ?
എം.കെ മുനീറായും ഇ.ടി.മുഹമ്മദ് ബഷീറായാലും പാര്‍ട്ടിക്കകത്ത് അവര്‍ക്ക് സംസാരിക്കാനുള്ള പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് അവര്‍ സംസാരിക്കുന്നത്. കാരണം ചിലര്‍ അധികാരം അവരിലേക്ക് കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി പലര്‍ക്കും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം വിട്ട് നിയമസഭയിലേക്ക് മത്സരിക്കാന്‍ വന്നപ്പോള്‍ നിരവധി വിട്ടുവീഴ്ചകള്‍ പാര്‍ട്ടിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്.
ഇത് നേതാക്കള്‍ക്കിടയില്‍ പിന്നീടും തുടരുകയാണ്. ഈ വിട്ടുവീഴ്ചകള്‍ പാര്‍ട്ടിയെ അവരിലേക്ക് കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണമുണ്ടാക്കി.
ഹരിതയുടെ ഭാവി ഇനി എന്തായിരിക്കും?
മുസ്ലീം ലീഗിന് ന്യൂനപക്ഷത്തിനിടയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള പ്ലാറ്റ്ഫോം ഉണ്ട്. ഇത് ഏതെങ്കിലും നേതാക്കള്‍ അധികാരം അവരിലേക്ക് കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി നഷ്ടപ്പെടാന്‍ പാടില്ല. വനിതാ ലീഗിനെ കൈകാര്യം ചെയ്യുന്ന രീതിയില്‍ ഹരിതയുടെ പ്രവര്‍ത്തനങ്ങളെ വായിച്ചെടുക്കാന്‍ ശ്രമിച്ചു എന്ന വീഴ്ച ലീഗിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. മുസ്ലീം ലീഗിന്റെ പുരുഷമേധാവിത്ത സ്വഭാവത്തിനനുസരിച്ച് അടുക്കള, പാര്‍ട്ടി പരിപാടികള്‍ എന്ന നിലയിലാണ് വനിതാ ലീഗ് പ്രവര്‍ത്തിച്ചത്.
ഇങ്ങനെയൊരു അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് വനിതാലീഗ് കൂട്ടുനിന്നത് കൊണ്ടാണ് പുതുതലമുറയിലെ വനിതകള്‍ക്ക് ഇടം കിട്ടാതായി പോയത്. പെണ്‍കുട്ടികള്‍ പഠിക്കാനും ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും തുടങ്ങിയിട്ടുണ്ട്. അതിനനുസരിച്ചുള്ള സ്പേസ് അവര്‍ക്ക് നല്‍കണമെന്ന കാര്യം മുസ്ലീം ലീഗ് ഇനിയെങ്കിലും തിരിച്ചറിയണം.
ലീഗ് നേതൃത്വം പറയുന്നത് അനുസരിച്ച് ഹരിത മുന്നോട്ടുപോകണം എന്ന നിലപാടാണോ ലീഗ് വെച്ചുപുലര്‍ത്തുന്നത്?
എല്ലാ നേതാക്കളും അങ്ങനെയാണെന്ന് പറയുന്നില്ല. ലീഗില്‍ നല്ല നേതാക്കളുണ്ട്. പക്ഷെ വിരലില്‍ എണ്ണാവുന്ന ചിലര്‍ അധികാരകേന്ദ്രീകരണം നടത്തുന്നുണ്ട്. അത് ഹരിതയില്‍ മാത്രമല്ല. എംഎസ്എഫിലും യൂത്ത്ലീഗിലും എല്ലാം സംസ്ഥാനകമ്മിറ്റികളില്‍ അവര്‍ക്ക് വിധേയരാകുന്ന ആളുകള്‍ മതിയെന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.
കേരളത്തിലെ രാഷട്രീയ പാര്‍ട്ടികളിലെല്ലാം സ്ത്രീകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സ്പേസ് കുറയുന്നുണ്ട്. ഇങ്ങനെ മതിയോ കേരളത്തിലെ രാഷ്ട്രീയം?
ഇതില്‍ മാറ്റം വരണം എന്നുതന്നെയാണ് എന്റെ അഭിപ്രായം. അതിന് പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് കഴിയും. അവര്‍ വിദ്യാഭ്യാസം ഉള്ളവരാണ്. മുന്‍തലമുറയിലെ സ്ത്രീകളില്‍ പലര്‍ക്കും വിദ്യാഭ്യാസത്തിന്റേയും അഭിപ്രായം പ്രകടിപ്പിക്കാനുള്ള പ്ലാറ്റ്ഫോമിന്റേയും കുറവുണ്ടായിരുന്നു. എല്ലാപാര്ട്ടികളിലെ പെണ്‍കുട്ടികള്‍ക്കും അഭിപ്രായ സ്വതന്ത്ര്യത്തിനുള്ള വലിയ സ്പേസ് ഇന്നുണ്ട്. അത് പ്രയോജനപ്പെടുത്തേണ്ടതാണ്.
25 വര്‍ഷത്തിന് ശേഷമാണ് ലീഗില്‍ നിന്നും നിയമസഭയിലേക്ക് ഒരു വനിതാ സ്ഥാനാര്‍ഥി ഉണ്ടായത്. ന്യൂനപക്ഷവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായതിനാല്‍ സ്ത്രീകളുടെ അവസരം നിഷേധിക്കുന്ന പ്രവണത ലീഗിലുണ്ടോ?
സ്ത്രീപ്രാധിനിധ്യം ഈ കാലഘട്ടത്തില്‍ മാത്രം സംഭവിക്കേണ്ട ഒന്നായിരുന്നില്ല. ഒന്നിലധികം സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവെക്കുന്ന രീതിയിലേക്ക് ലീഗ് മാറേണ്ട സമയം കഴിഞ്ഞു. ഇതിനെ പണ്ടേ വിമര്‍ശിക്കുന്നതുമാണ്. ലീഗിനകത്തുള്ള ഏതാനും ആളുകളുടെ അഭിപ്രായത്തിനനുസരിച്ച് കാര്യങ്ങള്‍ പോകുന്ന രീതിയാണ് ഇപ്പോള്‍ ഉള്ളത്. ഇത് പാര്‍ട്ടിയെ കുഴിയില്‍ ചാടിക്കും. ഈ രീതി മാറാന്‍ വേണ്ടി കൂടിയാണ് ഞങ്ങള്‍ കലഹിക്കുന്നത്. ലീഗിനകത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ വരണം. ഇരയ്ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പം നില്ക്കുന്ന സ്ത്രീകളെ പിന്തുണക്കാത്ത രീതി മാറണം. ഇതിന് തടസ്സം നില്‍ക്കുന്നവരെ മാറ്റാന്‍ പാര്‍ട്ടി തയ്യാറാകണം. എന്നാലെ ന്യൂനപക്ഷങ്ങളേയും പെണ്‍കുട്ടികളേയും ചേര്‍ത്തുനിര്‍ത്തിയുള്ള നിലനില്പ് ലീഗിന് സാധ്യമാകൂ.
ഹരിതയുടെ പുതിയ കമ്മിറ്റിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകും എന്നു തോന്നുന്നുണ്ടോ? ആരാകും ഹരിതയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക?
ഹരിതയുടെ പുതിയ കമ്മിറ്റിക്ക് എത്രത്തോളം മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിയും എന്നതില്‍ എനിക്ക് സംശയമുണ്ട്. ഹരിത എം.എസ്.എഫിന്റെ പോഷക സംഘടനയാണ്. ഈ രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ ഹരിതയ്ക്ക് മുന്കാലങ്ങളിലുണ്ടായത് പോലുള്ള വളര്‍ച്ച ഇനി ഉണ്ടാകില്ല. അവര്‍ വെറും പാവകളായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.
കലഹിച്ച് പുറത്ത് നില്ക്കുന്നവരുടെ രാഷ്ട്രീയ ഭാവി എന്താവും ?
ലീഗിന്റെ എം.എല്‍.എയോ എം.പിയോ ആവാം എന്ന വ്യാമോഹം വെച്ചുപുലര്‍ത്തുന്നവരല്ല ഞങ്ങള്‍. സാധാരണക്കാരായ ലീഗിന്റെ പ്രവര്‍ത്തകരോട് സത്യമിതാണെന്ന് എനിക്ക് വിളിച്ചുപറയണം. ഈ പാര്‍ട്ടി നിലനില്‍ക്കണം. ഇത്തരത്തില്‍ പാര്‍ട്ടിയെ ഒരാളിലേക്ക് കേന്ദ്രീകരിച്ച് നിര്‍ത്താന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി കുറച്ചുവര്‍ഷങ്ങള്‍ കൊണ്ട് ശിഥിലമായിപ്പോകും. ഒരാള്‍ക്ക് സ്തുതി പാടുന്നവര്മാത്രം ഹരിതയുടേയും യൂത്ത് ലീഗിന്റേയും എം.എസ്.എഫിന്റേയും നേതൃത്വങ്ങളിലേക്ക് വരിക എന്നത് മോശം പ്രവണതയാണ്. പാര്‍ട്ടികകത്ത് ജനാധിപത്യം തകരുമ്പോള്‍ പാര്‍ട്ടി എങ്ങനെയാണ് സമൂഹത്തിലെ ജനാധിപത്യപ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുക. ഈ രീതിയിലാണ് പോകുന്നതെങ്കില്‍ പാര്‍ട്ടി നശിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. എല്ലാ പോഷകസംഘടനകളും ജനാധിപത്യ രീതിയില്‍ വരണം. പാര്‍ട്ടി നിലനില്‍ക്കണം. പുറത്തുനിന്ന് കലഹിക്കുന്നവരുടെ ആവശ്യം ഇതാണ്. അല്ലാതെ സ്ഥാനമാനങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ട. ഇങ്ങനെ കലഹിക്കുന്നതിന് എനിക്ക് കിട്ടുന്നത് തെറിവിളിയും വീട്ടിലേക്ക് വിളിച്ചുള്ള ഭീഷണിയുമാണ്. ഞങ്ങളേയും കുടുബത്തേയും പരമാവധി ഇകഴ്ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്
ലീഗ് ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. ഈ പരാതിയുമായി ഇനി എങ്ങനെ മുന്നോട്ട് പോകും?
ഈ പരാതിയുമായി നിയമപരമായി മുന്നോട്ട് പോകും. കാരണം ഭരണഘടനയില്‍ ഇല്ലാത്ത ലീഗിന്റെ ഒരു ഉന്നതാധികാര സമിതിയാണ് ഹരിത പിരിച്ചുവിട്ടു എന്ന വാര്‍ത്ത പുറത്തുവിട്ടത്. അങ്ങനെ ഒരു ഉന്നതാധികാരി ഭരണഘടനയില്‍ ഇല്ല. ആരാണ് ഈ ഉന്നതാധികാര സമിതിയില്‍ കയ്യൂക്കുള്ള ആളായി പ്രവര്‍ത്തിക്കുന്നത് എന്നത് പരിശോധിച്ചാല്‍ മനസ്സിലാകും. അത്കൊണ്ട് നിയമപരമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം.
content higlights: ex haritha leader talks about the issues between haritha and league
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..