'ബില്ലുകളില്‍ ഒപ്പിടില്ലെന്ന് പറയാന്‍ അവകാശമില്ല; ഭരണസ്തംഭനം ഉണ്ടാക്കലല്ല ഗവര്‍ണറുടെ പണി'


അജ്‌നാസ് നാസര്‍

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പി.ഡി.ടി ആചാരി

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കങ്ങള്‍ പുതിയ തലത്തിലേക്ക് പ്രവേശിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായി കേരള നിയമസഭ പാസാക്കിയ സര്‍വകാലാശാല, ലോകായുക്ത ബില്ലുകള്‍ ഒപ്പുവെക്കില്ലെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത് ഭരണസ്തംഭനത്തിലേക്ക് സംസ്ഥാനത്തെ നയിക്കുമോ..? ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറലും ഭരണഘടനാ വിദഗ്ധനുമായ പി.ഡി.ടി ആചാരിയുമായി നടത്തിയ അഭിമുഖം:

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി നിയമസഭ പാസാക്കിയ സര്‍വകലാശാല, ലോകായുക്ത ബില്ലുകള്‍ ഒപ്പുവെക്കില്ലെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചിരിക്കയാണ്. ഇത്തരത്തില്‍ ഒപ്പുവെക്കില്ലെന്ന് പറയാനുള്ള അവകാശം ഗവര്‍ണര്‍ക്കുണ്ടോ?

ബില്ല് കാണുക പോലും ചെയ്യാതെ ഒപ്പിടില്ല എന്ന് പറയാന്‍ എന്തവകാശമാണ് ഗവര്‍ണര്‍ക്കുള്ളത്? ഒരു ബില്ലിന് assent നിഷേധിച്ചാല്‍ അതിന് കാരണം ബോധിപ്പിക്കാന്‍ ഗവര്‍ണര്‍ ഭരണഘടനാപരമായി ബാധ്യസ്ഥനാണ്. അദ്ദേഹത്തിന് ആ ബില്ലുകള്‍ പൂര്‍ണമായി വായിച്ച് മനസ്സിലാക്കാനുള്ള അവകാശമുണ്ട്. ആവശ്യമെങ്കില്‍ നിയമോപദേശം തേടാം. അങ്ങനെയൊക്കെ ചെയ്തിട്ടാണ് assent നിഷേധിക്കുകയോ തിരിച്ചയക്കുകയോ ഒക്കെ ചെയ്യേണ്ടത്. ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള ഈ സാധ്യതകളില്‍ ഏതെങ്കിലും ഒന്ന് അദ്ദേഹം നിര്‍ബന്ധമായും ചെയ്തിരിക്കണമെന്നുള്ളതാണ്. ചിലര്‍ പറയുന്നത് ഗവര്‍ണര്‍ക്ക് എത്രകാലം വേണമെങ്കിലും ഇത് ഒപ്പിടാതിരിക്കാം, അദ്ദേഹം ഒന്നുംചെയ്യാതെ ഇരുന്നാല്‍മതി എന്നൊക്കെയാണ്. ഭരണഘടനയില്‍ ഇത്ര സമയത്തിനിടെ ഒപ്പിടണം എന്ന് പറഞ്ഞിട്ടില്ലെന്നാണ് ഇവരുടെ വാദം. പക്ഷെ, അത് ഭരണഘടനാവിരുദ്ധം തന്നെയാണ്. ജനങ്ങള്‍ക്കുവേണ്ടിയാണ് നിയമസഭകള്‍ നിയമം നിര്‍മിക്കുന്നത്. അത് നിയമമായി ജനങ്ങളിലേക്ക് എത്താന്‍ ഗവര്‍ണര്‍ ഒപ്പുവെക്കണം. അത് ഒപ്പുവെക്കാതെ കാലാകാലം പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അവകാശമാണുള്ളത്? പിന്നെ നിയമനിര്‍മാണ സഭയുടെ ആവശ്യമെന്താണ്? ജനപ്രതിനിധികള്‍ നിയമം നിര്‍മ്മിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്. ഗവര്‍ണര്‍ എന്ന് പറയുന്നത് ഒരു ഭരണഘടനാ പദവിയാണ്. അവര്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനൊക്ക ചില ഭരണഘടനാപരമായ വ്യവസ്ഥകളുണ്ട്. അല്ലാതെ തോന്നുംവിധം പ്രവര്‍ത്തിക്കാനാവില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യായമുള്ളതും വിവേകത്തോടെയുളളതുമായിരിക്കണമെന്നാണ് അതില്‍ പ്രധാനപ്പെട്ടത്. അദ്ദേഹം എടുക്കുന്ന തീരുമാനങ്ങളും ഒപ്പിടാന്‍ എടുക്കുന്ന സമയവും എല്ലാം ന്യായമായിരിക്കണം.

ഈ ബില്ലുകളില്‍ ഒപ്പ് വെക്കുന്നില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് മുന്‍പിലുള്ള സാധ്യതകള്‍ എന്തൊക്കെയാണ്?

ഗവര്‍ണര്‍ക്ക് കൈക്കൊള്ളാവുന്ന ഈ നടപടികളില്‍ ഏറ്റവും പെട്ടെന്ന് ചെയ്യാവുന്നതും സ്വാഭാവികവുമായ നടപടി ഒപ്പുവെക്കുക എന്നതാണ്. അതായത്, നിയമസഭ പാസാക്കുന്ന ബില്ലിന് അനുമതിനല്‍കുന്നകാര്യത്തില്‍ അധികമൊന്നും ആലോചിക്കേണ്ട ആവശ്യം ഗവര്‍ണര്‍ക്കില്ല. അതല്ലെങ്കില്‍ അദ്ദേഹത്തിന് ആ ബില്ലിലെ ഏതെങ്കിലും ഭാഗത്തെ കുറിച്ച് സംശയമുണ്ടെങ്കില്‍ നിയമസഭയ്ക്ക് തിരിച്ചയച്ച് ആ ഭാഗം പുനഃപരിശോധിക്കാന്‍ പറയാം. വേണമെങ്കില്‍ അതിന് ആവശ്യമായ ഭേദഗതി നിര്‍ദേശിക്കുകയും ചെയ്യാം. നിയമസഭയ്ക്ക് അത് അംഗീകരിച്ച് വീണ്ടും അയക്കാം. അപ്പോള്‍ അദ്ദേഹം ആ ബില്ലില്‍ ഒപ്പുവെക്കണം. ഇനി നിയമസഭ ബില്ലില്‍ ഒരു മാറ്റവും വരുത്താതെ തിരിച്ചയച്ചാലും ഗവര്‍ണര്‍ ആ ബില്ലില്‍ ഒപ്പുവെക്കാന്‍ ബാധ്യസ്ഥനാണ്. അല്ലാതെ നിങ്ങള്‍ എന്റെ ഭേദഗതി അനുസരിക്കാത്തതിനാല്‍ ബില്ലില്‍ ഒപ്പുവെക്കില്ല എന്ന് പറയാനുള്ള അവകാശം ഗവര്‍ണര്‍ക്കില്ല.

ഗവര്‍ണര്‍ ബില്ല് രാഷ്ട്രപതിക്ക് അയക്കുന്നത് ഏത് സാഹചര്യത്തിലാണ്?

അത് ഭരണഘടന തന്നെ വ്യക്തമാക്കുന്ന മറ്റൊരു സാഹചര്യത്തിലാണ്. ഹൈക്കോടതിയുടെ അധികാരങ്ങളില്‍ ഏതെങ്കിലും കുറവ് വരുത്തുന്ന വ്യവസ്ഥകളുള്ള ബില്ലുകളാണ് ഒരു സാഹചര്യം. അത്തരം ബില്ലുകള്‍ ഗവര്‍ണര്‍ നിര്‍ബന്ധമായും രാഷ്ട്രപതിക്ക് അയക്കണം. അല്ലാതെ ഏതൊക്കെ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കണമെന്ന് ഗവര്‍ണര്‍ക്ക് തീരുമാനിക്കാം. പക്ഷെ, അതിനും ഭരണഘടനയില്‍ കൃത്യമായ നിര്‍ദേശങ്ങളുണ്ട്. ഉദാഹരണത്തിന് കണ്‍കറന്റ് ലിസ്റ്റില്‍ പെടുന്ന ഒരു വിഷയത്തില്‍ നിയമസഭ ഉണ്ടാക്കിയ നിയമത്തിലെ വ്യവസ്ഥയ്ക്ക് കേന്ദ്ര നിയമവുമായി വ്യത്യാസങ്ങളുണ്ടെങ്കില്‍ ഇത് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാം. നിയമസഭയുടെ അധികാരപരിധിയ്ക്ക് പുറത്തുള്ള വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന ബില്ലുകള്‍, മൗലികാവകാശങ്ങളെ ബാധിക്കുന്ന ബില്ലുകള്‍, പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ക്കെതിരായുള്ള ബില്ലുകള്‍ എന്നിവയൊക്കെ പ്രസിഡന്റിന്റെ പരിഗണനയ്ക്കുവിടാം. 1957-ലെ വിദ്യാഭ്യാസ ബില്ലാണ് ഗവര്‍ണര്‍ അത്തരത്തില്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ളത്. അത്തരം പ്രത്യേകസാഹചര്യത്തില്‍ മാത്രമേ ഈ വ്യവസ്ഥ ഉപയോഗിക്കാറുള്ളു. ഇവിടുത്തെ സാഹചര്യത്തില്‍ അത്തരത്തില്‍ രാഷ്ട്രപതിക്ക് അയക്കാനുള്ള സാധ്യത ഉള്ളതായി എനിക്ക് തോന്നുന്നില്ല. സര്‍വകലാശാല ബില്ലായാലും ലോകായുക്ത ബില്ലായാലും പൂര്‍ണമായും സംസ്ഥാനത്തിന്റെ കീഴിലുള്ള വിഷയങ്ങളിലെ ബില്ലുകളാണ്.

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പ്രഥമദൃഷ്ട്യാ തന്നെ ഭരണഘടനാനുസൃതമായിരിക്കുമെന്ന് ഒരു വ്യവസ്ഥയുള്ളതായി താങ്കള്‍ പറഞ്ഞിട്ടുണ്ട്. ഇതൊന്ന് വിശദീകരിക്കാമോ? ഈ സാഹചര്യത്തില്‍ അത് ഈ ബില്ലുകള്‍ ഭരണഘടനാനുസൃതമല്ല എന്ന് ഗവര്‍ണര്‍ തെളിയിക്കേണ്ടി വരുമോ?

അക്കാര്യം നിയമത്തില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അത് കോടതിയുടെ കാഴ്ചപ്പാടാണ്. പാര്‍ലമെന്റായാലും നിയമസഭകളായാലും നിയമങ്ങള്‍ നിര്‍മിക്കുമ്പോള്‍ ആ നിയമങ്ങള്‍ പ്രഥമദൃഷ്ട്യാ ഭരണഘടനാനുസൃതമായിരിക്കുമെന്നാണ് കോടതിയുടെ വിലയിരുത്തല്‍. കോടതി അങ്ങനെയാണ് ആ വിഷയത്തെ കാണുന്നത്. ആ വിവക്ഷ തെറ്റാണെന്ന് എതിര്‍ക്കുന്നയാള്‍ക്ക് തെളിയിക്കേണ്ടിവരും. ഈ ബില്ലുകള്‍ ഭരണഘടനാ വിരുദ്ധമാകുന്നത് എങ്ങനെയാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കേണ്ടിവരും. ഗവര്‍ണര്‍ നിയമസഭയോട് ഇത് പുനഃപരിശോധിക്കാന്‍ അയക്കുന്നത് തന്നെ ഒരു അഭ്യര്‍ഥനയായാണ്. ആ സഭയോട് ബില്ലിലെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ഥിക്കുകയാണ്, ആജ്ഞാപിക്കുകയല്ല ചെയ്യുന്നത്. ആ അഭ്യര്‍ഥന നിരസിക്കാന്‍ സഭയ്ക്ക് അധികാരമുണ്ട്. അതുകൊണ്ടാണ് പുനഃപരിശോധനയ്ക്കുശേഷം അയക്കുന്ന ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന് ഭരണഘടന പറയുന്നത്. നിയമനിര്‍മ്മാണ സഭയുടെ ഭരണഘടനാപരമായ പ്രാധാന്യമാണ് അത് തെളിയിക്കുന്നത്.

ഗവര്‍ണറുടെ നടപടിയ്ക്ക് എതിരെ കോടതിയെ സമീപിക്കാന്‍ സാധിക്കുമോ?

കോടതിയെ സമീപിക്കാം. പക്ഷെ, അത്തരത്തിലുള്ള കേസുകള്‍ ഉണ്ടായിട്ടില്ല. സ്വാഭാവികമായും ഗവര്‍ണര്‍ അത്തരമൊരു തെറ്റായ തീരുമാനം എടുത്താല്‍ അതിന് ഭരണഘടനാപരമായ പരിഹാരം വേണമല്ലോ. ഇപ്പോള്‍ ഗവര്‍ണര്‍ നിയമസഭ പാസാക്കിയ ഒരു ബില്ലില്‍ തെറ്റായ കാരണത്താല്‍ assent നിഷേധിക്കുകയാണെന്ന് കരുതുക. ഒന്ന്, അദ്ദേഹം കാരണംപറയാന്‍ ബാധ്യസ്ഥനാണ്. governer shall declared എന്നാണ് പറഞ്ഞിരിക്കുന്നത്. ഗവര്‍ണര്‍ പ്രഖ്യാപിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. അത് ഒപ്പിടുന്നില്ല എന്ന് പ്രഖ്യാപിക്കലല്ല, അതിന്റെ കാരണം പ്രഖ്യാപിക്കലാണ്. അത് അറിയാനുള്ള അവകാശം നിയമസഭയ്ക്ക് ഉണ്ടല്ലോ. ഇനി ഈ ന്യായം അസംബ്ലിക്ക് ബോധ്യമാവുന്നില്ലെങ്കില്‍ സ്വാഭാവികമായും കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ടല്ലോ. കോടതിക്ക് ഇടപെടാനും സാധിക്കും. അത് കോടതിയുടെ ഉത്തരവാദിത്വമാണല്ലോ.

ഗവര്‍ണര്‍ എന്ന പദവിയെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

കേന്ദ്ര സര്‍ക്കാരിന്റെ ആളാണല്ലോ ഗവര്‍ണര്‍. ബ്രിട്ടീഷ് ഇന്ത്യയില്‍ രാജ്ഞിയുടെ പ്രതിനിധിയായി ഗവര്‍ണര്‍മാരുണ്ടായിരുന്നു. ആ ഗവര്‍ണര്‍മാര്‍ സര്‍വ്വാധികാരികളായിരുന്നു. ഭരണഘടന വന്നപ്പോള്‍ ഗവര്‍ണര്‍മാരുടെ സര്‍വ്വാധിപത്യം മാറി. പക്ഷെ, അപ്പോഴും ഉണ്ടായ ഒരു പ്രശ്‌നം ഭരണഘടനയിലെ ഗവര്‍ണര്‍, പ്രസിഡന്റ് പോലുള്ള കാര്യങ്ങളില്‍ 1935-ലെ ഗവര്‍ണമെന്റ് ഓഫ് ഇന്ത്യ നിയമത്തിലെ വ്യവസ്ഥകള്‍ അതുപോലെ എടുക്കുകയാണ് ചെയ്തത്. അതിന്റെ പ്രശ്‌നങ്ങള്‍ ഇപ്പോഴുമുണ്ട്. അന്നത്തെ സര്‍വ്വാധികാരിയായിരുന്ന ഗവര്‍ണറെ കുറിച്ച് ഉപയോഗിച്ച വാക്കുകള്‍ തന്നെയാണ് ഭരണഘടനയിലും ഉപയോഗിച്ചിരിക്കുന്നത്. ഇത് വലിയ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കി. പിന്നീട് സുപ്രീംകോടതിയാണ് ഗവര്‍ണര്‍ക്ക് അധികാരങ്ങളില്ലെന്നും അത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കാണെന്നും വ്യക്തമാക്കിയത്. കോടതികള്‍ വ്യക്തമാക്കുന്നതുതന്നെയാണ് നിയമം. അപ്പോള്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് തന്നെയാണ് നിയമം. ആര്‍ട്ടിക്കിള്‍ 355 അനുസരിച്ച് ഒരു സംസ്ഥാനത്തെ ഭരണം ഭരണഘടനയ്ക്ക് അനുസൃതമായി നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കേന്ദ്രത്തിനാണ്. അതിനുള്ള സഹായം ചെയ്യലാണ് ഗവര്‍ണറുടെ ഉത്തരവാദിത്വം. അതല്ലാതെ ഒരു സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടാക്കലല്ല. അത്തരം സാഹചര്യത്തില്‍ ഗവര്‍ണറെ നിയന്ത്രിക്കണമെന്ന് കേന്ദ്രത്തോട് പറയാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനുണ്ട്.

Content Highlights: governor vs government in kerala governor arif mohammed khan interview pdt achary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented