പാര്‍ട്ടി അടിമുടി മാറും, ഇനി പുതിയ കോണ്‍ഗ്രസ്‌- കെ.സി. വേണുഗോപാല്‍


ഡോ. പ്രകാശന്‍ പുതിയേട്ടി

7 min read
Read later
Print
Share

കെ.സി വേണുഗോപാൽ| ഫോട്ടോ: സാബു സ്‌കറിയ

ന്യൂഡല്‍ഹി: എല്ലാ കൊടുങ്കാറ്റുകളെയും പേമാരികളെയും അതിജീവിച്ച് കോണ്‍ഗ്രസ് എന്ന വഞ്ചി കരയ്ക്കടുക്കുമെന്നും എല്ലാ കാലത്തും ജനങ്ങളെ ഭിന്നിപ്പിച്ച് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ആര്‍ക്കും ആവില്ലെന്നും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. വെള്ളിയാഴ്ച തുടങ്ങുന്ന ഉദയ്പുര്‍ ചിന്തന്‍ ശിബിരത്തോടെ കോണ്‍ഗ്രസ്സില്‍ അടിമുടി മാറ്റമുണ്ടാവുമെന്നും പുതിയ കോണ്‍ഗ്രസ്സാവും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടുകയെന്നും വേണുഗോപാല്‍ പറഞ്ഞു. മേയ് 13 മുതല്‍ 15 വരെ രാജസ്ഥാനിലെ നടക്കുന്ന ശിബിരത്തിനു മുന്നോടിയായുള്ള അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍:

കോണ്‍ഗ്രസ് ഏറ്റവും വലിയ വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോഴാണ് ചിന്തന്‍ ശിബിരം രാജസ്ഥാനില്‍ നടക്കുന്നത്. എന്തു മാറ്റങ്ങളാണ് ശിബിരത്തിലൂടെ സംഘടനയില്‍ ഉണ്ടാവുക?
ചിന്തന്‍ ശിബിരം നടക്കുന്നത് പ്രയാസകരമായ രാഷ്ട്രീയകാലാവസ്ഥയില്‍ തന്നെയാണ്. വര്‍ഷങ്ങളുടെ പൈതൃകമുള്ള പാര്‍ട്ടി എന്ന നിലയില്‍ അതിന്റേതായ ദൗര്‍ബല്യങ്ങളുണ്ട്. സ്വാഭാവികമായും ചില പരാജയങ്ങളുമുണ്ടായി. രാഷ്ട്രീയ നിലപാടില്‍ വ്യക്തത വരുത്തി, അടിമുടി അഴിച്ചു പണിത്, വര്‍ത്തമാന കാല തിരഞ്ഞെടുപ്പ് രീതിക്കനുസൃതമായി പാര്‍ട്ടിയെ മാറ്റുന്നതിനാണ് ശിബിരം. പഴയ കാല ശിബിരങ്ങളില്‍ തീരുമാനം എടുത്തിരുന്നുവെങ്കിലും നടപ്പാക്കിയിരുന്നില്ല. അതിനാലാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇതു ചിന്തിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല, നടപടിക്കു കൂടി വേണ്ടിയുള്ളതാണ് എന്നു പറഞ്ഞത്. അതിനാല്‍ ശിബിരത്തിനു ശേഷം പാര്‍ട്ടി മാറും, പുതിയ പാര്‍ട്ടിയാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

സംഘടനാ തലത്തില്‍ എന്തു മാറ്റങ്ങളാണ് ശിബിരത്തില്‍ ഉണ്ടാവുക ?

അതേക്കുറിച്ച് ചില തീരുമാനങ്ങളുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി പ്രവര്‍ത്തകസമിതികളില്‍, പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തലങ്ങളില്‍, പാര്‍ട്ടി ബന്ധുക്കളുടെയും അഭ്യുദയ കാംക്ഷികളുടെയും വിദഗ്ധരുടെയും തലങ്ങളില്‍ ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു. ഇവരുടെ നിര്‍ദേശങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ശിബിരത്തിനു മുന്നോടിയായി ആറു വിഷയങ്ങളില്‍ സമതിയുണ്ടാക്കി. ഓരോ വിഷയത്തിലും അതുമായി ബന്ധപ്പെട്ടവരാണ് പങ്കെടുക്കുക. ഏറ്റവും പ്രാധാന്യമുള്ളത് സംഘടനാകാര്യ സമിതിക്കാണ്. അവര്‍ പാര്‍ട്ടിക്കു വേണ്ട മാറ്റങ്ങളില്‍ ശിബിരത്തില്‍ അംഗീകാരം തേടും

എന്തൊക്കെ മാറ്റങ്ങളാണ് സമിതി പ്രധാനമായും നിര്‍ദേശിച്ചിരിക്കുന്നത്?

അതെന്താണെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ശിബിരം ചര്‍ച്ച ചെയ്താല്‍ മാത്രമേ അക്കാര്യം നടപ്പിലാക്കാനാവുമോ എന്നു പറയാന്‍ പറ്റൂ. ഓരോ സമിതിയിലും ചര്‍ച്ചയ്ക്ക് എഴുപതോളം പേരുണ്ട്. അവരുടെ ചര്‍ച്ചയ്ക്കു ശേഷം അതിന്മേല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ വിലയിരുത്തലുണ്ടാവും. ഒരു കാര്യം ഉറപ്പിച്ചു പറയാനാവും. പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തില്‍ വളരെ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാവും. തിരഞ്ഞെടുപ്പ്‌ സമീപന രീതിയില്‍, കമ്യൂണിക്കേഷന്‍ സംവിധാനത്തില്‍ ഒക്കെ. വക്താവിനെ മാത്രം വെച്ചുള്ള കമ്യൂണിക്കേഷന്‍ സിസ്റ്റത്തിനപ്പുറത്ത്, അടി മുതല്‍ മുടി വരെ ശക്തമായ കമ്യൂണിക്കേഷന്‍ ശൃംഖല
ജില്ലാ-സംസ്ഥാന-അഖിലേന്ത്യാ തലങ്ങളില്‍ ഉണ്ടാവും.

ഒരു കാലത്ത് ബ്രാഹ്‌മണരുടെ പാര്‍ട്ടി എന്ന ആക്ഷേപം കോണ്‍ഗ്രസ്സിനെതിരേ ഉണ്ടായിരുന്നു. ഇപ്പോള്‍ മുതിര്‍ന്ന നേതാക്കളുടെ പാര്‍ട്ടി എന്നും. എന്തു പ്രാതിനിധ്യ മാറ്റമാണ് ശിബിരത്തോടെ ഉണ്ടാവുക. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഒ.ബി.സി., ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണന കിട്ടുമോ?

താങ്കള്‍ പറഞ്ഞത് ശ്രദ്ധേയമായ കാര്യമാണ്. ശിബിരം നന്നായി നടത്താന്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ സഹായിക്കുന്ന സമിതി ഉണ്ടാക്കിയിരുന്നു. പ്രവര്‍ത്തക സമിതി അംഗീകരിച്ച ആ സമിതിയുടെ റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട കാര്യം ഇതാണ്. ഇന്ത്യയുടെ ജനസംഖ്യയില്‍ 62 ശതമാനത്തോളം 25 വയസ്സില്‍ താഴെയാണ്. 18-നും 30-നും വയസ്സിനിടയിലുള്ള വോട്ടര്‍മാരുടെ എണ്ണം വളരെ കൂടുതലാണ്. 50 വയസ്സില്‍ താഴെയുള്ളവരാണെങ്കില്‍ മഹാഭൂരിപക്ഷവും. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളെക്കൊണ്ടു സമ്പന്നമായ പാര്‍ട്ടിയാണ്. അവരുടെ അനുഭവ സമ്പത്തും പരിചയവും മുതല്‍ക്കൂട്ടുമാണ്. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്ന പുതിയ തലമുറയെ, പുതിയ ചെറുപ്പക്കാരെ അഭിമുഖീകരിക്കാന്‍ പറ്റുന്നില്ലെങ്കില്‍ എന്ത് ഇന്ദ്രജാലം കൊണ്ടും കോണ്‍ഗ്രസ്സിന് തിരിച്ചു വരാന്‍ കഴിയില്ല. ആ ചെറുപ്പക്കാരെ ആകര്‍ഷിക്കാനുള്ള ഉറച്ച നടപടികള്‍ ഉണ്ടാക്കുന്നതിനു കൂടിയാണ് ഇപ്രാവശ്യത്തെ ചിന്തന്‍ ശിബിരത്തില്‍ 50 ശതമാനത്തോളം 50 വയസ്സില്‍ താഴെയുള്ളവരെ ഉള്‍പ്പെടുത്തിയത്. ഇതിനു മുമ്പ് ഒരു ശിബിരത്തിലും ഇങ്ങിനെ ഉണ്ടായിട്ടില്ല. 21 ശതമാനം പ്രതിനിധികളും സ്ത്രീകളാണ്. ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗക്കാരായ നേതാക്കളെയും ഉള്‍പ്പെടുത്തി. ഇതിനൊരു മറുവശം പല മുതിര്‍ന്ന നേതാക്കളെയും ഉള്‍പ്പെടുത്താന്‍ പറ്റിയില്ല എന്നതാണ്. യുവജനങ്ങള്‍, വിദ്യാഭ്യാസം, ശാക്തീകരണം എന്ന വിഷയം ചര്‍ച്ചയ്ക്ക് എടുത്തതു തന്നെ ചെറുപ്പക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്.

ശിബിരത്തില്‍ യുവാക്കള്‍ക്ക് ഈ പ്രാതിനിധ്യം ഉണ്ട്. ശിബിരം കഴിഞ്ഞാല്‍ സംഘടനയിലും അതുണ്ടാവുമോ?

തീര്‍ച്ചയായും. അതിന്റെ ആദ്യപടിയായുള്ള വിപ്ലവകരമായ മാറ്റമായിട്ടാണ് ഇതിനെ വ്യാഖ്യാനിക്കേണ്ടത്. കോണ്‍ഗ്രസ്സിന്റെ സംഘടനാ രംഗത്ത് വഴിത്തിരിവാകേണ്ട സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്ന വേദിയില്‍ ഇന്ത്യയിലെ ഇളംതലമുറ നേതാക്കള്‍ക്ക് ഇത്രയും പ്രാധാന്യം നല്‍കുന്നതു തന്നെ വ്യക്തമായ സന്ദേശമാണ്. അത് ഇനി വരുന്ന സംഘടനാ നടപടികളിലെല്ലാം ഉണ്ടാവും.

അതായത് യുവാക്കള്‍ക്കും ദളിത്, ന്യൂനപക്ഷ, പിന്നാക്ക വിഭാഗ നേതാക്കള്‍ കൂടുതലായി വരുമെന്നര്‍ഥം.?

അവര്‍ക്കുള്ള പ്രാതിനിധ്യം ഇപ്പോഴും കുറഞ്ഞ പാര്‍ട്ടിയൊന്നുമല്ല കോണ്‍ഗ്രസ്. പക്ഷേ, അതു പോര. നമ്മുടെ നാട്ടിന്റെ ഇന്നത്തെ സാഹചര്യത്തിനനുസരിച്ച് അതു മാറണം. അതിനാണ് ശ്രമം.

പ്രശാന്ത് കിഷോറിന്റെ റിപ്പോര്‍ട്ട് തന്നെയാണോ ശിബിരം ചര്‍ച്ച ചെയ്യുന്നത്?

പ്രശാന്ത് കിഷോറിന്റെ റിപ്പോര്‍ട്ടിലെ പല ഭാഗങ്ങളും സ്വാഭാവികമായും ശിബിരത്തില്‍ ചര്‍ച്ച ചെയ്യും. നമ്മള്‍ പലരും ചിന്തിച്ച കാര്യം തന്നെയാണ് പ്രശാന്ത് കിഷോറും മുന്നോട്ടുവെച്ചത്. അദ്ദേഹത്തിന്റേതായിട്ടുള്ള നിര്‍ദേശങ്ങളും ഉണ്ടായിരുന്നു. അതിനു പുറമേ, പരിണിത പ്രജ്ഞരായ ഒരുപാടുപേര്‍ വ്യത്യസ്ത അവസരങ്ങളിലായി ഒട്ടേറെ നിര്‍ദേശങ്ങള്‍ നല്‍കി. ആ നിര്‍ദേശങ്ങളും പ്രശാന്ത് കിഷോര്‍ പറഞ്ഞ നല്ല നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യും.

പ്രശാന്ത് കിഷോര്‍ പറഞ്ഞതില്‍ ഒരു സുപ്രധാന കാര്യം ഒരാള്‍ക്ക് ഒരു പദവി, കുടുംബത്തില്‍ ഒരാള്‍ക്ക് സീറ്റ് എന്നാണ്. അതു നടപ്പാവുമ്പോള്‍ ഗാന്ധി കുടുംബത്തിന്റെ പ്രാതിനിധ്യം എങ്ങിനെയാവും?

അതു നിങ്ങള്‍ തെറ്റിദ്ധാരണയില്‍ പ്രചരിപ്പിക്കുന്നതാണ്. പ്രശാന്ത് കിഷോറിന്റെ അവതരണത്തില്‍ തന്നെ അദ്ദേഹം പറയുന്നത് സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും രാഹുല്‍ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് ആകണമെന്നുമാണ്. അവരാരും ഇതില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്നവരല്ല. 2019-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം രാഹുല്‍ ഗാന്ധി ധാര്‍മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചു. സോണിയ ഗാന്ധി ആ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലായിരുന്നു. വര്‍ക്കിങ് കമ്മിറ്റി ചേര്‍ന്ന് ഇന്ത്യയിലെ പ്രധാനപ്പെട്ട നേതാക്കളെ വിളിച്ചു വരുത്തി. അവരെ ഒരു മുറിയിലിരുത്തി എ.ഐ.സി.സി.യില്‍ രണ്ടു ദിവസം ചര്‍ച്ച ചെയ്തു. ഒരാള്‍ പോലും മറ്റൊരു നേതാവിന്റെ പേരു പറഞ്ഞില്ല. അങ്ങിനെയാണ് സോണിയ ഗാന്ധി സ്ഥാനം ഏറ്റെടുക്കുന്നത്. അവരെ ഇന്ത്യയിലെ കോണ്‍ഗ്രസ്സുകാരെല്ലാം ഏറ്റവും പ്രധാനപ്പെട്ട നേതാക്കളായി കാണുന്നു എന്ന കാര്യം വിസ്മരിച്ച് പാര്‍ട്ടിക്ക് മുന്നോട്ടുപോവാനാവില്ല. അതെന്തായാലും അത്തരം നിര്‍ദേശങ്ങളുണ്ടെങ്കില്‍ അതു ചര്‍ച്ച ചെയ്യും.

അങ്ങിനെയൊരു നിര്‍ദേശം ഉണ്ടെങ്കില്‍ അപ്പോള്‍ പ്രിയങ്ക ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരുമോ?

ഇല്ല. ഒരു കാര്യം പറയാം. രണ്ടും രണ്ടായി കാണണം. ചിന്തന്‍ ശിബിരം എന്നു പറയുന്നത് പാര്‍ട്ടിയുടെ മുന്നോട്ടുപോക്കിലെ ആശയപരമായ ദൃഢത വരുത്താനും ഭദ്രത വരുത്താനും സംഘടനാ രംഗത്ത് പാര്‍ട്ടി സ്വീകരിക്കേണ്ട മാറ്റങ്ങളെക്കുറിച്ച് ബോധ്യമുണ്ടാക്കാനുമാണ്. സംഘടനാ പരമായ ഘടന ഉണ്ടാവുന്നത് പാര്‍ട്ടി തിരഞ്ഞെടുപ്പുകളിലൂടെയാണ്. അത് തുടങ്ങിക്കഴിഞ്ഞു. ഓഗസ്റ്റ് 20 കഴിഞ്ഞാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കും. ആള്‍ക്കാര്‍ നാമനിര്‍ദേശ പത്രിക നല്‍കും. അപ്പോള്‍ മനസ്സിലാവും താഴെത്തട്ടു മുതല്‍ മുകളില്‍ വരെ ആരാണ് വരുന്നതെന്ന്. അതു മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണം. ഇനിയത് നീട്ടിവെക്കാനും പറ്റില്ല. അതു നടക്കും. ആ വലിയ നേതൃത്വത്തിന് മുന്നോട്ടു പോവാനുള്ള കാഴ്ചപ്പാട്, കാര്‍ഷിക മേഖലയില്‍, സാമ്പത്തിക മേഖലയില്‍, രാഷ്ട്രീയ മേഖലയില്‍ കോണ്‍ഗ്രസ് ഇടപെടേണ്ട വിധം ഇതൊക്കെ നിശ്ചയിക്കാനാണ് ശിബിരം. നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയാജന്‍ഡ തന്നെ നരേന്ദ്ര മോദി സര്‍ക്കാര്‍ മാറ്റി. അവര്‍ തിരഞ്ഞെടുപ്പ് ജയിക്കുന്നതു തന്നെ വര്‍ഗീയ വിഭജനത്തിലൂടെയാണ്. കൊച്ചു കാര്യങ്ങള്‍ക്കു പോലും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. വോട്ടു കിട്ടാനായി എന്തു ചെയ്യാനും മടിയില്ല. വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും സാമ്പത്തിക മാന്ദ്യത്തിലും ജനം പൊറുതിമുട്ടി. ഇതൊന്നും ചര്‍ച്ച ചെയ്യാതെയാണ് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രയോഗിക്കുന്നത്. അറിഞ്ഞോ അറിയാതെയോ നമ്മുടെ നാട്ടിലെ പലരും അതില്‍ വീണു പോയിട്ടുണ്ട്. അവരെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരുകയെന്ന ശ്രമകരമായ രാഷ്ട്രീയ വ്യായാമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. അത് ഒരു സുപ്രഭാതത്തില്‍ പ്രാവര്‍ത്തികമാവുന്നതല്ല. അതിനെ ദൃഢതയോടെ നേരിടുന്നതിനുള്ള ഉത്തരമാണ് ശിബിരത്തില്‍ തേടുന്നത്.

തീവ്രഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടുന്ന കോണ്‍ഗ്രസ് രീതി അപ്പോള്‍ അവസാനിപ്പിക്കുമോ. പ്രത്യയ ശാസ്ത്രപരമായി എന്തു മാറ്റമാണ് ഉണ്ടാവുക?

താങ്കളുടെ ഈ ചോദ്യത്തിനോട് യോജിപ്പില്ല. കോണ്‍ഗ്രസ്സിന് മൃദുഹിന്ദുത്വ നിലപാടുമായി ഒരിക്കലും മുന്നോട്ടുപോകാനാവില്ല. കോണ്‍ഗ്രസ്സിന് ഒരു ഉറച്ച നിലപാടേയുള്ളൂ. അത് മതേതരത്വമാണ്. എല്ലാവര്‍ക്കും വിശ്വാസമുണ്ട്. എല്ലാ വിശ്വാസങ്ങളെയും അംഗീകരിച്ച് സ്വന്തം വിശ്വാസവുമായി മുന്നോട്ടു പോവുക. മതേതരത്തില്‍ വെള്ളം ചേര്‍ത്താല്‍ അതു കോണ്‍ഗ്രസ്സല്ല. പാര്‍ട്ടിക്ക് മുന്നോട്ടു പോവാന്‍ കഴിയുകയുമില്ല. എളുപ്പത്തില്‍ തിരഞ്ഞെടുപ്പു ജയിക്കാന്‍ തീവ്രഹിന്ദുവാകാന്‍ കോണ്‍ഗ്രസ്സിനാവില്ല. വളരെ സൂക്ഷ്മ ശതമാനം ഹിന്ദുക്കള്‍ മാത്രമാവും കലാപം ആഗ്രഹിക്കുക. ഭൂരിപക്ഷം ഹിന്ദുക്കളും പരസ്പര സ്നേഹവും സമാധാനവും ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അന്തരീക്ഷം വഷളാക്കിയെടുത്ത് അതില്‍ എല്ലാവരെയും കക്ഷിയാക്കി മാറ്റുന്നവരുടെ കൈയ്യിലാണിപ്പോള്‍ രാജ്യം നില്‍ക്കുന്നത്. ചിലയിടങ്ങളില്‍ ചില നിലപാടുകളില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ടാവും. ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതില്‍ വ്യത്യാസം കണ്ടിട്ടുണ്ടാവും. അതൊന്നും പാര്‍ട്ടി നയമല്ല. ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് പാര്‍ട്ടിക്കുണ്ട്. അതില്‍ ശിബിരത്തില്‍ വ്യക്തത വരുത്തും.

സംഘടനാ തിരഞ്ഞെടുപ്പ് മൂന്നു മാസത്തിനുള്ളില്‍ നടക്കുന്നു. അപ്പോള്‍ രാഹുല്‍ തന്നെ അധ്യക്ഷനാവുമോ?

അത് രാഹുല്‍ ഗാന്ധിയാണ് തീരുമാനിക്കേണ്ടത്. സോണിയ ഗാന്ധിയായാലും രാഹുല്‍ ഗാന്ധിയായാലും അവര്‍ ആഗ്രഹിച്ചിട്ടല്ല ഈ സ്ഥാനത്തേക്ക് വന്നത്. ഇന്ത്യയിലെ 98 ശതമാനം കോണ്‍ഗ്രസസ്സുകാരും ആഗ്രഹിക്കുന്നതാണ് അവരുടെ നേതൃത്വം. അതിനാലാണ് ഒരു തിരഞ്ഞെടുപ്പു വന്നാല്‍ എല്ലായിടത്തും അവരെ വിളിക്കുന്നത്. അദ്ദേഹത്തിന് താല്പര്യമുണ്ടെങ്കില്‍ അദ്ദേഹം മത്സരിക്കും.

തിരഞ്ഞെടുപ്പിന് പ്രത്യേകമായി ഒരു ജനറല്‍ സെക്രട്ടറി വരുമോ?

ഒരുപാട് മാറ്റങ്ങള്‍ പാര്‍ട്ടി സംഘടനാ രംഗത്ത് വരുത്തണം. നേരത്തെ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണിത്. തിരഞ്ഞെടുപ്പ് എന്നു പറയുന്നത് മൂന്നു മാസത്തെ പ്രക്രിയ അല്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ നടപടി എടുക്കുന്ന രീതിയാണ്. എന്നാല്‍ തിരഞ്ഞെടുപ്പു രംഗം ഇപ്പോള്‍ നേരത്തെ തയ്യാറെടുക്കുന്ന രീതിയിലായി. അതിനാല്‍ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള കാര്യങ്ങള്‍ ഇപ്പോഴേ തുടങ്ങണം. അതിന് സംഘടനാ സംവിധാനത്തിനൊപ്പം തിരഞ്ഞെടുപ്പ് സംവിധാനവും വേണമെന്ന് നിര്‍ദേശമുണ്ട്. അതില്‍ ശിബിരം തീരുമാനമെടുത്താല്‍ പാര്‍ട്ടി അതുമായി മുന്നോട്ടുപോകും.

പ്രിയങ്ക ഗാന്ധി ആയിരിക്കുമോ?

ഊഹാപോഹങ്ങളിലേക്കൊന്നും പോകുന്നില്ല. അങ്ങിനെയൊരു നിര്‍ദേശം വന്നാല്‍ അതു പ്രവര്‍ത്തക സമിതി മുമ്പാകെ വരും. സമിതി അതു ക്രിയാത്മകമായേ പരിഗണിക്കൂ. അതു കഴിഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷയാണ് തീരുമാനിക്കേണ്ടത്, ആ ചുമതല ആരെ ഏല്‍പ്പിക്കണമെന്ന്. കമ്യൂണിക്കേഷന്‍ രംഗത്തും മാറ്റം അങ്ങിനെയാവും വരിക.

അപ്പോള്‍ തിരഞ്ഞെടുപ്പിന് ആറു മാസം മുമ്പ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുമോ?

ഇക്കാര്യത്തില്‍ ആലോചനയുണ്ട്. ഗോവയില്‍ അങ്ങിനെ നിശ്ചയിച്ച സീറ്റുകളില്‍ നല്ല ഫലം കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ശിബിര ചര്‍ച്ചയ്ക്കു ശേഷം പ്രവര്‍ത്തക സമിതിയാണ് തീരുമാനമെടുക്കേണ്ടത്. പ്രവര്‍ത്തക സമിതി മുമ്പാകെ നല്ല നിര്‍ദേശങ്ങളെല്ലാം സ്വീകരിക്കാനാണ് സാധ്യത.

അപ്പോള്‍ 2023-ല്‍ തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങും?

അല്ല 2022-ല്‍ തന്നെ. അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നതിന് സമാന്തരമായി തന്നെ.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തന്നെ?

ഇതില്‍ വ്യക്തത രണ്ടു മാസം കൊണ്ടു വരും. എല്ലാ പേമാരികളെയും കൊടുങ്കാറ്റുകളെയും അതിജീവിച്ച് ഈ വഞ്ചി കരയ്ക്കടുക്കും.

എളുപ്പമാണോ അത്?

എളുപ്പമാണെന്ന് പറയുന്നില്ല. എന്നാല്‍ ഈ അന്തരീക്ഷം സ്ഥായിയല്ല. അതിന് ഇവര്‍ക്ക് കഴിയില്ല. എല്ലാ കാലത്തും ജനങ്ങളെ ഭിന്നിപ്പിച്ച് മുന്നോട്ടു പോവാനാവില്ല. കോണ്‍ഗ്രസ് അതിനോട് സന്ധി ചെയ്യില്ല. ഇന്ത്യയുടെ മണ്ണിലലിഞ്ഞു ചേര്‍ന്ന പാര്‍ട്ടിയാണത്. അപചയങ്ങള്‍ ഉണ്ടായിട്ടുണ്ടാവും. ചെറിയ തെറ്റുകളും കുറ്റങ്ങളും ഉണ്ടായിട്ടുണ്ടാവും. പക്ഷേ, അതിനെ തരണം ചെയ്ത് കോണ്‍ഗ്രസ് മുന്നോട്ടുപോവും.

അപ്പോള്‍ പാര്‍ട്ടിയിലെ സമൂലമാറ്റത്തിന് ഭരണഘടനയില്‍ കൂടുതല്‍ ഭേദഗതികള്‍ വേണ്ടി വരില്ലേ?

വേണ്ടി വരും. അതൊരു പ്രശ്നമുള്ള കാര്യമല്ല. ശിബിരത്തിലൂടെ ഉയര്‍ന്നു വരുന്നവയില്‍ ഭരണ ഘടനയില്‍ മാറ്റം വേണ്ടവ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള പ്ലീനറി സമ്മേളനത്തില്‍ പാസാക്കും. പ്ലീനറിയില്‍ പ്രവര്‍ത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുക്കും. യുവജനങ്ങളെയും മറ്റും കൂടുതല്‍ ഭാരവാഹികളായി ഉള്‍പ്പെടുത്തുന്നതിന് ഭരണഘടനയ്ക്കനുസൃതമായി ചട്ടം ഉണ്ടാക്കിയാല്‍ മതി.

മുതിര്‍ന്ന നേതാക്കളുടെ ജി.-23 അടക്കം എങ്ങിനെ പരിഹരിക്കും?

മുതിര്‍ന്ന നേതാക്കളുടെ സേവനം പാര്‍ട്ടി ഉപയോഗിച്ചിട്ടുണ്ട്. സ്വാഭാവികമായും ചിലര്‍ക്ക് പരിഭവങ്ങളും പരാതികളും ഉണ്ടാവും. പക്ഷേ, ഞാനിരിക്കുന്ന കസേര എനിക്ക് എല്ലാ കാലത്തും കൊണ്ടു നടക്കാന്‍ പറ്റുമോ. മാറേണ്ട സമയത്ത് മാറണം. കോണ്‍ഗ്രസ് പ്രസിഡന്റിന് മറ്റൊരാള്‍ അനുയോജ്യനാണ് എന്നു തോന്നിയാല്‍ മാറാനുള്ള മാനസികാവസ്ഥ എനിക്കുണ്ടായേ പറ്റൂ. നേതാക്കന്മാര്‍ക്ക് കഴിവില്ല എന്നു പറയുന്നില്ല. പക്ഷേ, പ്രസ്ഥാനമാണ് നേതാക്കളെ ഉണ്ടാക്കുന്നത്. മാതമംഗലം കണ്ടോന്താന്‍ എന്ന കൊച്ചു ഗ്രാമത്തില്‍ ജനിച്ച വേണുഗോപാലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തെത്തിക്കുന്നത് പാര്‍ട്ടിയാണ്. അതിനെ മാറ്റി നിര്‍ത്തിയാല്‍ ഞാന്‍ വട്ടപ്പൂജ്യമാണ്. അടുത്ത ഒരവസരം കിട്ടുന്നില്ലെങ്കില്‍ പാര്‍ട്ടി ചെയ്തതെല്ലാം മോശമാവുമോ. ആരും അറിയപ്പെടാതെ ഒരു കൊച്ചു ഗ്രാമത്തില്‍ നിന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ കോളേജ് അധ്യാപകനോ ആവേണ്ടിയിരുന്ന എന്നെ ഈ തലത്തിലെത്തിക്കുന്നത് പാര്‍ട്ടിയാണ്. എല്ലാ മുതിര്‍ന്ന നേതാക്കളുടെയും സംഭാവന പാര്‍ട്ടി വിസ്മരിക്കുന്നില്ല. എല്ലാവരെയും പരമാവധി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

മുതിര്‍ന്ന നേതാവ് കെ.വി. തോമസ് സി.പി.എമ്മിനൊപ്പമാണ്. എന്തു നടപടിയാണ് ഉണ്ടാവുക?

എന്തു നടപടി എന്നല്ല. മാഷ് അക്കാര്യം സ്വയം ചിന്തിക്കണം. തേവര കോളേജില്‍ അധ്യാപകനായ മാഷ് ഇന്ത്യയിലെ അറിയപ്പെടുന്ന നേതാവായിട്ടുണ്ടെങ്കില്‍ ഇതേ പാര്‍ട്ടിയും നേതൃത്വവും അനുവദിച്ചു കൊടുത്ത കാര്യങ്ങള്‍ കൊണ്ടാണ്. മാഷിന് കഴിവില്ല എന്നു പറയുന്നില്ല. എല്ലാവര്‍ക്കും കഴിവുകളുണ്ട്. പക്ഷേ, അവസരം കിട്ടേണ്ടേ. അദ്ദേഹത്തെ വേട്ടയാടിയ കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് വേണ്ടി വോട്ടു തേടാന്‍ മാഷിന് എങ്ങിനെ പോകാന്‍ പറ്റുന്നു. നമുക്കൊക്കെ അമ്മയാണ് പാര്‍ട്ടി. മാഷ് ആ അമ്മയെയാണിപ്പോള്‍ തള്ളിപ്പറയുന്നത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടാവും. അതിനാലാണ് പാര്‍ട്ടി മാഷിനെതിരേ കടുത്ത നടപടിക്കു പോകാതിരുന്നത്. അച്ചടക്ക സമിതി അതിനാലാണ് മൃദു സമീപനം എടുത്തത്. അതിനെക്കുറിച്ച് കേരളത്തില്‍ ആക്ഷേപം പോലും ഉണ്ടായിരുന്നു. നമുക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി 51 വെട്ട് വെട്ടും പോലെ പാര്‍ട്ടി വിടുന്നവരെ നേരിടാനാവില്ല.

Content Highlights: chintan shivir, k c venugopal

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rajasenan
Premium

4 min

കലാകാരന്മാര്‍ക്ക് പിന്തുണയില്ല, കൈയില്‍നിന്ന് കാശിറക്കി ബി.ജെ.പിയെ സഹായിച്ചു- രാജസേനന്‍

Jun 9, 2023


pushpavathy
Premium

13 min

എന്തുകൊണ്ടാണ് മെലഡിയൊന്നും പാടാന്‍ എന്നെ വിളിക്കാത്തത് സംഗീതസംവിധായകരേ?

Dec 7, 2022


Lekshmi Menon
Premium

9 min

ചേക്കുട്ടിപ്പാവ, അമ്മൂമ്മത്തിരി, ചൂലാല, ശയ്യ....! പുത്തനാശയങ്ങളുടെ ആശാനാണീ ലക്ഷ്മി

May 4, 2023

Most Commented