സീനത്ത്
പതിനാലാം വയസ്സില്‍ വിവാഹം. പതിനെട്ടില്‍ രണ്ട് മക്കളുടെ അമ്മ. വീട്ടുജോലി, ഭര്‍ത്താവിന്റെ കിടപ്പിലായ ഉമ്മയുടെ പരിചരണം. പത്താം ക്ലാസില്‍ നല്ല മാര്‍ക്കില്‍ വിജയിച്ചിട്ടും പഠനം നിര്‍ത്തേണ്ടി വന്നതിന്റെ നിരാശയും. സിനിമയിലായിരുന്നെങ്കില്‍ ഈ കഥയിലെ നായികയുടെ ജീവിതം തീര്‍ന്നു എന്നെഴുതിക്കാണിക്കേണ്ടി വരും. പക്ഷേ, ഭാവനയ്ക്കും അപ്പുറത്താണല്ലോ ചില മനുഷ്യരുടെ അതിജീവിക്കാനുള്ള കരുത്ത്. കുറെ ആഗ്രഹങ്ങളും അതിലേറെ വാശികളും ഊതിയൂതി ജീവിതത്തില്‍ വെളിച്ചം കത്തിച്ചയാളാണ് മലപ്പുറം ജില്ലയില്‍ ചങ്ങരംകുളത്തിന് അടുത്തുള്ള സീനത്ത് കോക്കൂര്‍. ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്കിടയില്‍ വലിയൊരു കാര്‍ഷിക വിപ്ലവത്തിന് തുടക്കമിടുകയും ആ പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്ത സീനത്ത് തന്നെയാണ് തുടക്കത്തില്‍ പറഞ്ഞ കഥയിലെ വീരനായികയും.
"എന്ത് ചെയ്യാന്‍ ഇറങ്ങിയാലും നിന്നെക്കൊണ്ടത് പറ്റില്ല എന്നുപറഞ്ഞവരാണ് എന്നും ചുറ്റിലുണ്ടായിരുന്നത്. പഴികളും പരിഹാസവുമെല്ലാം കുറെക്കാലം കൂടപ്പിറപ്പുകളായിരുന്നു. പക്ഷേ, എന്റെ ഉള്ളിലൊരു വാശിയുണ്ടായിരുന്നു. അതിനെ കത്തിച്ചുനിര്ത്തിയതാവട്ടെ ആളുകളുടെ കളിയാക്കലുകളും..." കോക്കൂരിലെ വീട്ടിലിരുന്ന് ആ പഴയ കാലം ഓര്‍ത്തെടുക്കുമ്പോള്‍ സീനത്തിന് ചുറ്റിലും ഉറ്റവരെപ്പോലെ കുറെപ്പേരുണ്ട്. ആടും കോഴിയും താറാവും തേനീച്ചയും പൂവും പൂക്കളും പൂമ്പാറ്റയും.
കൃഷിയില്‍ താത്പര്യമുള്ള സ്ത്രീകള്‍ക്കായി സീനത്തിന്റെ നേതൃത്വത്തിലുണ്ടാക്കിയ പെണ്‍മിത്ര എന്ന കൂട്ടായ്മ കേരളത്തിന്റെ കാര്‍ഷിക ചരിത്രത്തില്‍ വലിയ മുന്നേറ്റത്തിന് വിത്തിട്ട പേരുകളിലൊന്നാണ്. കോക്കൂരിന്റെ തരിശു പടര്‍ന്ന നിലങ്ങളിലെല്ലാം ഇവർ പച്ചപ്പ് പടര്‍ത്തി. ട്രാക്ടറോടിച്ചും വിത്ത് വിതച്ചും കള പറിച്ചും കതിര് കൊയ്തും സീനത്തായിരുന്നു അതിന്റെ മുന്‍നിരയില്‍. സ്ത്രീകളുടെ നേതൃത്വത്തിലുള്ള കൂട്ടുകൃഷി കേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അധികകാലം വേണ്ടി വന്നില്ല.
കാലം നഷ്ടപ്പെടുത്തിയ സ്വപ്നങ്ങളെല്ലാം വാശിയോടെ തിരികെപ്പിടിച്ച സീനത്തിന്റെ കഥ കേട്ടാല്‍ ആരും ചോദിച്ചുപോകും: ഇങ്ങനെയുമുണ്ടോ ഒരു മധുരപ്രതികാരം...!. "ചെറുപ്പത്തിലേ മനസ്സില്‍ പതിഞ്ഞുകിടക്കുന്ന കുറെ ആഗ്രഹങ്ങളുണ്ട്. എന്നും അതിന്റെ എതിര്‍പക്ഷത്ത് കുറെപ്പേരുണ്ടാവും. സ്ത്രീകള്‍ ചിലത് ചെയ്യാന്‍ പാടില്ല എന്നൊക്കെ വിമര്‍ശനം ഉയരാം. അപ്പോഴാണ് നമ്മുടെ ഉള്ളിലെ വാശികളും ആഗ്രഹങ്ങളുമൊക്കെ മുന്നില്‍ ഉയര്‍ന്നു വന്ന് കരുത്ത് പകരുന്നത്...." സീനത്തിന്റെ ഈ വാക്കുകളിലുണ്ട് അവരുടെ ബാല്യവും കൗമാരവും കാലത്തിനൊപ്പം തളരാതെ ഓടിയ ഒരു സ്ത്രീയുടെ ജീവിതചിത്രങ്ങളും.
കാര്‍ഷിക കുടുംബത്തില്‍ ജനനം. അന്നേ ഉള്ളില്‍ കൃഷിയോടുള്ള മോഹത്തിന്റെ വിത്ത് പാകിയിരുന്നോ?
കുഞ്ഞുനാളിലേ കൃഷിയോട് ഇഷ്ടമുണ്ട്. എന്റെ ഉപ്പ(മുഹമ്മദ് കുട്ടി)യും ഉമ്മ(ആയിഷ)യുമൊക്കെ കൃഷി ചെയ്യുന്നത് കണ്ടാണ് ഞാനും വളര്‍ന്നത്. അടയ്ക്ക, കപ്പ, കൂര്‍ക്ക, പച്ചക്കറിയൊക്കെയുണ്ടായിരുന്നു. അന്നേ ആരെന്ത് ചെയ്താലും അവരോടൊപ്പം ഞാനും ജോലി ചെയ്യും. ഉപ്പയ്ക്ക് ചെറിയ സ്ഥലമേ ഉള്ളു. എങ്കിലും എല്ലാ കൃഷിയുമുണ്ട്. പാടത്ത് സഹായത്തിനിറങ്ങിയാല് ഉപ്പ എനിക്കും കാശ് തരും. സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ ബാഗും പുസ്തകവുമൊക്കെ വാങ്ങുന്നത് ഇങ്ങനെ കിട്ടുന്ന സമ്പാദ്യമെടുത്തിട്ടാണ്. സാമ്പത്തികമായി അത്ര ഉയര്‍ന്ന കുടുംബമൊന്നുമായിരുന്നില്ല ഞങ്ങളുടേത്. കൃഷിയായിരുന്നു ജീവിതമാര്‍ഗം. ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികളാണ്. യാഥാസ്ഥിതിക കുടുംബമായിരുന്നു. പത്താം ക്ലാസ് എത്തിയപ്പോഴേക്കും എനിക്ക് കല്യാണാലോചന വരാന്‍ തുടങ്ങി. വിവാഹം കഴിഞ്ഞാലും പഠിക്കാമെന്നായിരുന്നു പലരുടെയും ഉപദേശം. അങ്ങനെയാണ് പതിനാലാം വയസ്സില്‍ വിവാഹിതയായത്. ഇക്ക(ഭര്‍ത്താവ്) പുരോഗമന കാഴ്ചപ്പാടുള്ളയാളായിരുന്നു. സ്ത്രീകള്‍ പഠിക്കണമെന്നും മുന്നോട്ട് വരണമെന്നൊക്കെയുള്ള നിലപാടാണ്. പക്ഷേ, അദ്ദേഹത്തിന്റെ ഉമ്മ കിടപ്പിലായിരുന്നു. അതുകൊണ്ട് ഞാന്‍ പിന്നെ പഠനത്തെക്കുറിച്ച് ഒന്നും ആലോചിച്ചില്ല. ഉമ്മായുടെ പരിചരണം ഏറ്റെടുത്തു. വീട് നോക്കാന്‍ തുടങ്ങി.
ശരിക്കും സ്ത്രീകളുടെ സ്വപ്നങ്ങള്‍ കരിയാന്‍ തുടങ്ങുന്ന സമയമാണിത്. അടുക്കളയും വീടും കുടുംബവും മാത്രമായൊരു ലോകത്തേക്ക് അവര്‍ ചുരുങ്ങിപ്പോവും. അങ്ങനെ തോന്നിയിരുന്നോ ആ കാലത്ത്?
മക്കളൊക്കെ ഇത്തിരി വലുതാവുന്നതുവരെ ഞാന്‍ വീട്ടിനകത്തു തന്നെയായിരുന്നു. അവര്‍ വളര്‍ന്നപ്പോഴാണ് എനിക്ക് പഠിക്കണം, വായിക്കണം എന്നൊക്കെ തോന്നിത്തുടങ്ങുന്നത്. മോള് ഏഴാം ക്ലാസിലെത്തിയ സമയത്താണ് 'ഹൗ ഓള്‍ഡ് ആര് യു' എന്ന സിനിമ ഇറങ്ങുന്നത്. ഞാന്‍ സിനിമ കാണുന്ന ശീലമൊക്കെ ഉപേക്ഷിച്ചിരിക്കുന്ന സമയമാണ്. ടി.വിക്ക് മുന്നിലിരുന്ന് സീരിയലിനൊക്കെ അടിമയായപ്പോള്‍ വല്ലാത്ത അസ്വസ്ഥതയായിരുന്നു. അങ്ങനെയാണ് ടി.വി. ഉപേക്ഷിച്ചത്. വീട്ടിലുള്ളവര്‍ എത്ര നിര്‍ബന്ധിച്ചാലും ഞാന്‍ ടി.വി. നോക്കില്ല. പക്ഷേ, ഈ സിനിമ കാണാന്‍ മോള് വല്ലാതെ നിര്‍ബന്ധിച്ചു. സിനിമയിലെ നായികയായ മഞ്ജുവിനെപ്പോലെ എനിക്കും അതൊരു തിരിച്ചുവരവായി മാറുകയായിരുന്നു. ആ സിനിമയിലൂടെയാണ് ഗ്രോബാഗില്‍ കൃഷി ചെയ്യാമെന്നൊക്കെ മനസ്സിലാക്കുന്നത്. കൃഷിയോട് വല്ലാത്തൊരു ഇഷ്ടം വരാന്‍ തുടങ്ങി. നാട്ടിലെ കൃഷിഭവനുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ കുറെ തക്കാളിത്തൈകള്‍ തന്നു. ഞാന്‍ ചില സുഹൃത്തുക്കളെയും കൂട്ടി മണ്ണൂത്തിയില്‍ ചെന്ന് കൃഷിക്ക് വേണ്ട ബാക്കി സാധനങ്ങളെല്ലാം വാങ്ങി. അന്ന് ഞങ്ങള്‍ ഗ്രോബാഗെല്ലാം വാങ്ങി വരുന്നത് കണ്ടപ്പോള്‍ ബസില്നിന്നൊക്കെ പലരും കളിയാക്കിയിട്ടുണ്ട്. ഒരു സിനിമ ഇറങ്ങിയപ്പോഴേക്കും നാട്ടിലെ പെണ്ണുങ്ങളെല്ലാം കൃഷിക്കാരായല്ലോ എന്നൊക്കെയായിരുന്നു പരിഹാസം. അതൊക്കെ ഞങ്ങള്‍ക്ക് പ്രോത്സാഹനമായി. ഞാന്‍ കൃഷിയെക്കുറിച്ച് കുറെ പഠിച്ചു.
%20(1).jpg?$p=563cce6&&q=0.8)
രോഗങ്ങള്‍, കീടങ്ങള്‍, വളപ്രയോഗം എന്നിവയെക്കുറിച്ചെല്ലാം മനസ്സിലാക്കി. അപ്പോഴേക്കും വീടിന്റെ അരികില്‍വെച്ച തക്കാളിത്തൈകള്‍ പൂവിട്ടിരുന്നു. നിറയെ തക്കാളിയുണ്ടായി. ഒരു കുട്ട നിറയെ വിളഞ്ഞ തക്കാളിയുമായി ഞാനൊരു ഫോട്ടോ എടുത്തു. അന്നത്തെ കൃഷി അസിസ്റ്റന്റ് ഓഫീസര്‍ക്ക് അയച്ചു കൊടുത്ത ഫോട്ടോ അദ്ദേഹം പലയിടത്തും ഷെയര്‍ ചെയ്തു. കേരളത്തില്‍ ഇത്രയധികം തക്കാളി കൃഷി ചെയ്ത വീടെന്ന നിലയില്‍ അതങ്ങ് ശ്രദ്ധിക്കപ്പെട്ടു. ശരിക്കും ആ നിമിഷത്തിലാണ് ഞാനൊരു കൃഷിക്കാരിയായി മാറുന്നത്. പിറ്റേന്ന് മുതല്‍ സംശയങ്ങളുമായി ആളുകള്‍ വിളിക്കാന്‍ തുടങ്ങി. പലരും കൃഷി പഠിക്കാന്‍ എന്റെ തൊടിയിലേക്ക് വന്നു.
പെണ്‍മിത്ര എന്ന പേരില്‍ സ്ത്രീകളുടെ കാര്‍ഷിക കൂട്ടായ്മ രൂപപ്പെടുന്നത് ഈ സമയത്താണോ?
2016-17 കാലത്താണത്. ഞങ്ങള്‍ കുറെ സ്ത്രീകള്‍ ചേര്‍ന്ന് കൃഷി ചെയ്തു. പച്ചക്കറിയും നെല്‍കൃഷിയുമെല്ലാം വലിയ വിജയമായി. പത്തഞ്ഞൂറ് സ്ത്രീകളെങ്കിലും എന്നെക്കണ്ട് കൃഷി തുടങ്ങിക്കാണും. സീനത്താണ് ഞങ്ങളെ കൃഷിയിലേക്ക് ഇറക്കിയതെന്ന് പറയുന്ന ഒരുപാട് സ്ത്രീകളുണ്ട്.അതൊരു സന്തോഷമായി. ഈയൊരു കാലയളവില്‍ ഞാന്‍ ചെയ്യാത്ത കൃഷിയൊന്നുമില്ല. ചിലതൊക്കെ പരാജയപ്പെടും. എല്ലാ കൃഷിയും എപ്പോഴും വിജയിക്കണമെന്നില്ലല്ലോ. എന്നാലും തോറ്റു കൊടുക്കില്ല. പല തരം വിളകള്‍ കൃഷി ചെയ്യും. ഏതില്‍നിന്നാണ് വരുമാനം കണ്ടെത്താന്‍ പറ്റുകയെന്ന് പറയാന്‍ പറ്റില്ലല്ലോ. അങ്ങനെ കയറിക്കയറി പഠിച്ചുവന്നതാണ്. ഇപ്പോള്‍ പഴവര്‍ഗങ്ങളുടെ കൃഷിയാണ് മുഖ്യം. അതാണ് കൂടുതല്‍ ആദായം. പത്തറുപതോളം വിദേശ പഴവര്‍ഗങ്ങളുടെ തൈ നട്ടിട്ടുണ്ട്. അതില്‍ പലതിലും ഒരു വര്‍ഷം കൊണ്ടുതന്നെ പഴങ്ങളുണ്ടായി.
നിങ്ങളുടെ അനുഭവത്തില്‍ സ്ത്രീകള്‍ക്ക് കാര്‍ഷികരംഗത്ത് എത്രത്തോളം വിജയിക്കാന്‍ പറ്റും?
ഞാനിത്രയും കാലത്തെ കൃഷിയില്‍നിന്ന് മനസ്സിലാക്കിയ ഒരു കാര്യം സ്ത്രീകള്‍ക്ക് ഈ രംഗത്ത് നന്നായി ശോഭിക്കാന്‍ കഴിയുമെന്നാണ്. സ്ത്രീകള്‍ക്ക് ഏറ്റവും ആദായകരമായി ചെയ്യാന്‍ പറ്റുന്ന ഒന്ന് കപ്പകൃഷിയാണ്. എളുപ്പം ചെയ്യാന്‍ പറ്റുന്നതും വരുമാനമുള്ളതുമാണത്. ഞാനിപ്പോള്‍ പാലും പച്ചക്കറിയുമെല്ലാം വില്‍ക്കുന്നുണ്ട്. മുപ്പതിലേറെ ആടുകളുണ്ട്. എന്റെ കൈയില്‍ സ്വന്തമായൊരു 25,000 രൂപയായപ്പോഴാണ് ഒരു പശുവിനെ വാങ്ങിത്തരാന്‍ ഇക്കയോട് പറയുന്നത്. പതിവുപോലെ അതിനും ഇക്ക തടസ്സം പറഞ്ഞു. ഞാനിങ്ങനെ ഓരോന്നിലേക്കും എടുത്തുചാടുകയല്ലേ. പക്ഷേ, ഒടുവില്‍ എന്റെ നിര്‍ബന്ധം വിജയിച്ചു. വീട്ടില്‍ പശുക്കളെത്തി. അതിനുശേഷമാണ് ആടിനെ വാങ്ങാന്‍ തോന്നുന്നത്. അതിനുള്ള പൈസ കൈയിലുണ്ടായിരുന്നില്ല. അപ്പോഴാണ് ഒരു വീട്ടില്‍ തള്ള ചത്ത രണ്ട് ആട്ടിന്കുട്ടികളുണ്ടെന്ന് കേട്ടത്. ഞാനത് വാങ്ങിക്കാമെന്ന് പറഞ്ഞപ്പോള്‍ വേണ്ട നിന്നെക്കൊണ്ട് അതൊന്നും പറ്റില്ലെന്ന് പറഞ്ഞ് ഇക്ക വീണ്ടും നിരുത്സാഹപ്പെടുത്തി. അപ്പോള്‍ ഞാന്‍ തന്നെ നേരിട്ടുപോയി ആട്ടിന്‍കുട്ടികളെ വാങ്ങി. ആ സമയത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ ആത്മപദ്ധതി വഴി സഹായധനവും കിട്ടി. 40,000 രൂപ. അതിനുശേഷമാണ് ഞാന്‍ കോഴികളെ വാങ്ങുന്നത്. നൂറിന് മുകളില്‍ കോഴികളുണ്ടായിരുന്നു. ഇപ്പോള്‍ നാല്പതിലധികം ആടുകളുണ്ട്.

സ്ത്രീകള്‍ കൃഷിയിലേക്ക് വരുമ്പോള്‍ നെറ്റി ചുളിക്കുന്നവരുണ്ടോ?
മറ്റ് കാര്യങ്ങളിലൊക്കെ സ്ത്രീകള്‍ മുന്നിട്ടിറങ്ങിയാല്‍ എതിര്‍പ്പുണ്ടായാലും കൃഷിയില്‍ വലിയ എതിര്പ്പുണ്ടാവാറില്ല. കൃഷിക്ക് മുന്നില്‍ മതമോ രാഷ്ട്രീയമോ ആശയവ്യത്യാസങ്ങളോ ഒന്നുമില്ല. നിന്റെ ഭര്‍ത്താവ് കുഴപ്പമില്ലാതെ ബിസിനസ് ചെയ്യുന്ന ആളാണ്. നിനക്ക് എന്തിന്റെ കുറവാണുള്ളതെന്ന് ചോദിച്ചവരൊക്കെയുണ്ട്. ചെറിയ രീതിയിലൊക്കെ പരിഹാസമുണ്ടാവും. അതൊക്കെ നിസ്സാരമെന്ന് കണ്ട് തള്ളിക്കളയാന്‍ പറ്റും. കൃഷിയുടെ എത്രയോ ഇരട്ടി എതിര്‍പ്പുണ്ടായിട്ടുണ്ട് ഞാന്‍ നാല്പതാം വയസ്സില്‍ കരാട്ടെ പഠിക്കാന്‍ പോയപ്പോള്‍. കുടുംബത്തിനകത്തുനിന്നുതന്നെ ഇത് നമ്മള്‍ക്ക് ചേര്‍ന്നതല്ല, നീ ചെയ്യരുത് എന്നൊക്കെ പറഞ്ഞവരുണ്ട്. അങ്ങനെ കുടുംബത്തില്‍നിന്ന് ശക്തമായ എതിര്‍പ്പ് വന്നാല്‍ ചിലപ്പോള്‍ നമ്മള് മാനസികമായി തളര്‍ന്നുപോകും. അതിനോടൊക്കെ താരതമ്യപ്പെടുത്തി നോക്കിയാല്‍ കൃഷിയുടെ കാര്യത്തില്‍ അത്തരം പ്രശ്നങ്ങളില്ല. കൃഷി എല്ലാവരും പ്രോത്സാഹിപ്പിക്കുന്നുണ്ട്. നമ്മളോട് പല തരത്തില്‍ വിരോധമുള്ളവരും വീട്ടിലേക്ക് കൃഷി കാണാനും പഠിക്കാനും മനസ്സിലാക്കാനുമൊക്കെ വരുമായിരുന്നു.
ചെറുപ്പത്തിലെ ചില ആഗ്രഹങ്ങളും വാശികളുമൊക്കെയാണ് മുന്നോട്ട് നയിച്ചതെന്ന് പറഞ്ഞല്ലോ. എന്തൊക്കെയായിരുന്നു അത്?
പോലീസാവണം, വീടിനോട് ചേര്‍ന്ന് കരാട്ടെ സ്കൂള്‍ തുടങ്ങണം എന്നൊക്കെ വിചാരിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ ഞങ്ങളുടെ വീടിന്റെ അടുത്ത് കരാട്ടെ പഠിപ്പിക്കുന്നുണ്ടായിരുന്നു. അന്നേ കരാട്ടെ പഠിക്കാന്‍ കൊതിയായിരുന്നു. അന്നീ ആഗ്രഹം പുറത്ത് പറയാന്‍പോലും പറ്റാത്ത സാഹചര്യമാണ്. പത്താം ക്ലാസ് ജയിച്ച ഉടനെയായിരുന്നു കല്യാണം എന്നുപറഞ്ഞല്ലോ. പിന്നെ മക്കളെയൊക്കെ പഠിപ്പിക്കാനിരുന്ന് ഞാനും കുറച്ച് പഠിച്ചു. ഡിക്ഷനറിയൊക്കെ വെച്ചാണ് അവരെ ഓരോന്നും പഠിപ്പിച്ചത്. അപ്പോഴാണ് വിദൂരവിദ്യാഭ്യാസത്തിലൂടെ എനിക്കും പഠിക്കാമെന്ന് അറിയുന്നത്. അങ്ങനെ ബി.എ. ഹിസ്റ്ററിയില്‍ ബിരുദമെടുത്തു.
പത്താം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്നതിന്റെ വിഷമമൊക്കെ അതോടെ മാറിത്തുടങ്ങിയോ?
അന്ന് ഞങ്ങളുടെ ഗ്രാമത്തിലൊക്കെ പെണ്‍കുട്ടികള്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ കല്യാണാലോചനയുമായി ആളുകള്‍ വരും. എന്റെ തൊട്ടുതാഴെ രണ്ട് പെണ്‍കുട്ടികളാണ്. അവരും വളര്‍ന്ന് വരികയാണ്. അപ്പോള്‍ ഞാന്‍ വിവാഹം വേണ്ടെന്ന് പറഞ്ഞതൊന്നും ആരും വിലയ്ക്ക് എടുത്തില്ല. പയ്യന് നിന്നെയൊരു സഹോദരിയെപ്പോലെ കാണുമെന്നൊക്കെ സ്ഥലത്തെ പ്രമുഖരൊക്കെ വന്ന് പറഞ്ഞു. നിര്‍ബന്ധം സഹിക്കാന്‍ വയ്യാതായതോടെയാണ് ഞാന്‍ മനസ്സില്ലാമനസ്സോടെ കല്യാണത്തിന് സമ്മതിച്ചത്. വീട്ടിലെ സാഹചര്യങ്ങള്‍ ഓര്‍ത്താണ് സമ്മതം മൂളിയത്. എനിക്ക് പഠിക്കണമെന്ന് പറഞ്ഞ് വാശിപിടിച്ചുനിന്നാല് ഉപ്പ ആകെ വിഷമത്തിലാവും. അനിയത്തിമാര് വളര്‍ന്ന് വരുമ്പോള്‍ അവരുടെ കാര്യം കൂടെ നോക്കാന്‍ അദ്ദേഹം കഷ്ടപ്പെടും. എന്തായാലും ഒരു കാര്യത്തില്‍ ഭാഗ്യം കിട്ടി. കല്യാണം കഴിഞ്ഞതോടെ ഭര്‍ത്താവ് എന്നെ നന്നായി മനസ്സിലാക്കി. അതോടെ കുടുംബത്തിന് അകത്തുനിന്നുള്ള മുറുമുറുക്കലുകളെ എനിക്ക് എളുപ്പത്തില്‍ തരണം ചെയ്യാന്‍ സാധിച്ചു. ശരിക്കും സ്വപ്നത്തിന് പിന്നാലെയുള്ള സീനത്തിന്റെ ഓട്ടം ആരിലും പ്രചോദനം നിറയ്ക്കും
കരാട്ടെ, യോഗ തുടങ്ങി മനസ്സിലുള്ള ആഗ്രഹങ്ങളെയൊക്കെ കൈയെത്തി പിടിച്ചപ്പോള്‍ ആ സന്തോഷം എത്രത്തോളം അനുഭവിക്കാന്‍ കഴിഞ്ഞു?
എനിക്കിപ്പോള്‍ 42 വയസ്സായി. നാല്പത് തികഞ്ഞപ്പോഴാണ് കരാട്ടെ പഠിക്കുന്നത്. തുടക്കത്തില്‍ എനിക്കും ചില പേടികളൊക്കെ ഉണ്ടായിരുന്നു. ഫേസ്ബുക്കില്‍ പല സ്ത്രീകളും പ്രൊഫൈല്‍ പിക്ചറിന്റെ സ്ഥാനത്ത് പൂക്കളൊക്കെ ഇടുമ്പോള്‍ ചില പെണ്ണുങ്ങള് തന്റേടത്തോടെ പലതും പോസ്റ്റ് ചെയ്തുകണ്ടു. അപ്പോഴാണ് എനിക്കും ആ തന്റേടം കൈവരുന്നത്. എവിടെപ്പോയാലും ചിലര്‍ നമ്മളെ തളര്‍ത്താന്‍ ഒരു ആയുധം പുറത്തെടുക്കും. 'നിനക്ക് പ്രായം ഇത്രയായില്ലേ, ഇനി എന്തിനാണ് ഇതിനൊക്കെ മിനക്കെടുന്നതെന്ന് 'ഒരു ചോദ്യമുണ്ട്. അതില്‍ തളരാതെ നിന്നാല്‍ മതി. ഞാന്‍ കരാട്ടെ പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഒരു ട്രെയിനറെ വിളിച്ചു. അദ്ദേഹത്തോട് എനിക്ക് നാല്പത് വയസ്സു കഴിഞ്ഞെന്നും പറഞ്ഞു. അപ്പോള്‍ ട്രെയിനറാണ് പറയുന്നത് 'ആഗ്രഹമുണ്ടെങ്കില്‍ പ്രായം ഒരു പ്രശ്നമേ അല്ലെന്ന്.' അവിടെ ചെന്നപ്പോള്‍ അറുപത് വയസ്സ് കഴിഞ്ഞവരൊക്കെ പഠിക്കുന്നുണ്ട്. ഒന്ന് രണ്ട് മാസം കൊണ്ട് ഞാന്‍ കരാട്ടെയുമായി പൊരുത്തപ്പെട്ടു തുടങ്ങി. ഇനി കുങ്ഫുവും വുഷുമൊക്കെ പഠിക്കാനുള്ള തയ്യാറെടുപ്പിലാണ്.
പൊതുവെ സ്ത്രീകള്‍ക്ക് വീട്ടില്‍ അധികം തിരക്കില്ലാത്ത നേരം ചോദിച്ചാല്‍ രാത്രി ഏഴു മണിയെന്ന് പറയാം. പുതിയൊരു കാര്യം പഠിക്കാന്‍ ഞാന്‍ ആ നേരമാണ് തിരഞ്ഞെടുക്കാറ്. കരാട്ടെ പഠിക്കുന്ന കാലത്ത് പലരും മുന്നറിയിപ്പ് തന്നിരുന്നു. 'സൈനുത്ത, ഫേസ് ബുക്കില്‍ കരാട്ടെ പഠിക്കുന്ന കാര്യത്തെക്കുറിച്ച് പോസ്റ്റിടരുത് 'എന്ന്. അതു കാണുമ്പോള്‍ പലരും ചൊറിയാന്‍ വരും. ചിലര്‍ ക്രൂരമായി കല്ലെറിയും. അത് കേട്ടാല്‍ ചിലപ്പോള്‍ നിങ്ങളിത് നിര്ത്തിപ്പോയിക്കളയുമെന്ന്. പക്ഷേ ഞാന്‍ അങ്ങനെയൊന്നും പിന്മാറുന്നയാളല്ല. എന്നെ സംബന്ധിച്ച് ഇടയ്ക്ക് ആരെങ്കിലുമൊക്കെ വിമര്‍ശിക്കണം. എന്നാലേ ഒരു ഊര്‍ജം കിട്ടൂ. അങ്ങനെയാണ് കുറച്ചുകാലം കഴിഞ്ഞ് യോഗയിലും ഒരു കൈ നോക്കിയത്. സ്പോര്‍ട്സ് യോഗയുടെ ജില്ലാതല മത്സരത്തില്‍ ഗോള്‍ഡ് മെഡലും സംസ്ഥാനത്ത് വെങ്കലവും നേടാനായി. വരുന്ന മാര്‍ച്ചില്‍ രാജസ്ഥാനില്‍വച്ച് നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നുണ്ട്. പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്.
ശരിക്കും സ്ത്രീകളുടെ ജീവിതത്തില്‍ ആഗ്രഹിച്ചപോലെ ഒരു വഴിത്തിരിവ് ഉണ്ടാകുന്നത് ഏത് പ്രായത്തിലാണ്?
40-ാം വയസ്സിലാണ് സ്ത്രീകള്‍ ആഗ്രഹങ്ങള്‍ ഒക്കെ കൂടുതല്‍ മുറുകെ പിടിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. 20- 25 വയസ്സിനേക്കാള്‍ ശരീരത്തിന് കുറച്ചുകൂടെ ആരോഗ്യവും നമുക്ക് തീരുമാനങ്ങള്‍ എടുക്കാനുള്ള മാനസികമായ കരുത്തുമൊക്കെ കിട്ടുന്നത് നാല്പതാം വയസ്സിലാണ്. പതിനെട്ടാം വയസ്സില്‍ തന്നെ എനിക്ക് മക്കളായി എന്ന് പറഞ്ഞല്ലോ. അവരിപ്പോള്‍ വലുതായി. മോന് യു.കെയില്‍ സ്പോര്‍ട്സ് മാനേജ്മെന്റ് പഠിക്കുന്നു. മകള്‍ എന്‍ജിനീയറിങ് പഠിക്കുന്നു. മക്കള്‍ മുതിര്‍ന്നു എന്നത് എനിക്ക് നല്ല സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഇതിനെയും വിമര്‍ശിക്കുന്നവരുണ്ട്. ഞാന്‍ മക്കളെ നോക്കുന്നില്ല എന്നു പറയുന്നവര്‍ കുടുംബത്തിന് അകത്തുതന്നെയുണ്ട്. ഒരു സ്ത്രീ മുന്നോട്ട് വരുമ്പോള്‍ സാധാരണ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് ഞാനീ പറഞ്ഞതൊക്കെ. പക്ഷേ ഞാന്‍ ഇതൊന്നും മൈന്‍ഡ് ചെയ്യാറില്ല. മക്കളെ ഞാന്‍ എല്ലാത്തിനും പ്രാപ്തരാക്കിയിട്ടുണ്ട്. അവര്‍ തന്നെ അവരുടെ കാര്യങ്ങള്‍ ചെയ്തോളും. അത് കാര്‍ഷിക സംസ്കാരം കണ്ട് അനുഭവിച്ച് വളര്‍ന്നതിന്റെ ഗുണമാണ്. എനിക്ക് ഒരു അസുഖം വന്നാല്‍ എന്റെ മക്കള്‍ ഭക്ഷണം ഉണ്ടാക്കും. എന്നെ പരിചരിക്കും വയലിലിറങ്ങി കൃഷി നോക്കും. അതുകൊണ്ട് മക്കളെക്കുറിച്ച് ആധിയില്ല. അവര്‍ ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ട്. കാര്‍ഷിക സംസ്കാരമുള്ള വീട്ടില്‍ വളരുന്ന കുട്ടികള്‍ക്ക് നല്ല പക്വത ഉണ്ടാവും. അവര്‍ക്ക് പരാജയങ്ങളെ എളുപ്പത്തില്‍ അതിജീവിക്കാനും കഴിയും.
സാമ്പത്തിക സ്വാതന്ത്ര്യം എന്നത് സ്ത്രീയുടെ ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യമുള്ളതാണ്?
ഞാനെന്റെ അനുഭവം പറയാം. നേരത്തെ മുതല്‍ ഇക്ക എന്നെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നെങ്കിലും വീട്ടില്‍ എനിക്കൊരു വിലയുണ്ടായിരുന്നില്ല. പണ്ട് ഉപ്പ കാശ് തരുന്നതുപോലെ ഇക്കയും എന്റെ ആവശ്യങ്ങള്‍ക്കുള്ള പണം തരും. എങ്കിലും എനിക്ക് സ്വന്തമായി വരുമാനമില്ലല്ലോ. ഞാന്‍ കൃഷിയിലേക്ക് ഇറങ്ങി എന്റെ കയ്യിലേക്ക് വരുമാനം വന്നപ്പോള്‍ വീട്ടില്‍ എനിക്ക് കൂടുതല്‍ ബഹുമാനം കിട്ടി തുടങ്ങി. പണ്ട് ഞാന്‍ ഒരു കാര്‍ വാങ്ങട്ടെ എന്നുചോദിച്ചപ്പോള്‍ നീ ഇത് എന്തിനുള്ള പുറപ്പാടാണ്, ഇതില്‍ എങ്ങനെയാണ് പെട്രോള്‍ അടിക്കുക, നിനക്ക് എവിടെ നിന്നാണ് കാശ് കിട്ടുക എന്നൊക്കെയുള്ള ചോദ്യം കേട്ടിട്ടുണ്ട്. നമ്മള് വീട്ടിലെ വീട്ടുജോലി ചെയ്യുന്നുണ്ട് ,മക്കളെ നോക്കുന്നുണ്ട്, ഉമ്മാനെ നോക്കുന്നുണ്ട്. അതിനൊന്നും ശമ്പളം വാങ്ങുന്നില്ലല്ലോ എന്ന് തിരിച്ച് ചോദിക്കാന്‍ തോന്നും, ആ ചോദ്യങ്ങള്‍ ഉള്ളില്‍നിന്ന് പിടച്ചുകളിക്കും. സ്വന്തമായി ഒരു കാര്‍ വാങ്ങിയാല്‍ അതിന് പെട്രോള്‍ അടിക്കാന്‍ കാശ് എവിടെ നിന്ന് കിട്ടും എന്ന ചോദ്യത്തില്‍ ഞാനാകെ തോറ്റത് പോലെയായി. സ്വന്തമായി ഒന്നുമില്ലല്ലോ എന്നൊരു സങ്കടം ഉണ്ടായി. അങ്ങനെ ഒരു വാശിയില്‍നിന്നാണ് ഞാന്‍ ആടിലേക്കും പശുവിലേക്കുമൊക്കെ തിരിയുന്നത്. സ്വന്തം രക്ഷിതാക്കളായാലും ഭര്ത്താവായാലുമൊക്കെ അവര്‍ നമുക്ക് കാശ് തരുന്നത് ഔദാര്യം പോലെയാണ്. അത് നമ്മുടെ അവകാശമാണ് എന്ന് ആരും സമ്മതിക്കില്ല. നമ്മള് സ്വന്തമായി എന്തെങ്കിലും സമ്പാദിക്കുമ്പോള്‍ ഈയൊരു വേദന ഉണ്ടാകില്ലല്ലോ. ഞാന്‍ തുടക്കത്തില്‍ പറഞ്ഞ വാശികളിലൊന്ന് ഇതുതന്നെയാണ്. എനിക്ക് കുടുംബത്തില്‍നിന്നും സമൂഹത്തില്‍ നിന്നുമെല്ലാം കിട്ടിയ ചില അനുഭവങ്ങളില്‍നിന്ന് മുളച്ചുപൊന്തിയതാണ് ആ വാശികളോരോന്നും. ഓരോ തടസ്സങ്ങള്‍ വരുമ്പോഴും നമുക്ക് തല തല്ലിപ്പൊളിച്ച് ആത്മഹത്യ ചെയ്യാനോ വീട്ടിലുള്ളവരോട് വഴക്ക് അടിക്കാനോ ഒന്നും വയ്യല്ലോ. അതിന് പകരം ഇങ്ങനെ മധുരമായി പ്രതികാരം ചെയ്യുമ്പോള്‍ ഒരു രസമൊക്കെയുണ്ട്, ജീവിതത്തിലാകെ...
ജീവിതത്തില്‍ ഇത്തരം സാധ്യതകള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നല്ല ആത്മവിശ്വാസം ഉണ്ടായിക്കാണുമല്ലോ?
ഞാന്‍ അതിന് തിരഞ്ഞെടുത്ത വഴി കൃഷി ആയതുകൊണ്ട് കൂടുതല്‍ സന്തോഷമുണ്ട്. സാമ്പത്തിക ചെലവുകള്‍ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും ഇതിന് മറ്റൊരു വശം കൂടിയുണ്ട്. കുറെ കാര്യങ്ങള്‍ പഠിക്കാനായല്ലോ. എന്തും പഠിച്ച് ചെയ്യുമ്പോഴാണ് നമുക്കതില്‍ മിടുക്ക് തെളിയിക്കാന്‍ കഴിയുക. പണ്ട് ഞാന്‍ കപ്പ നടാന്‍ തുനിഞ്ഞപ്പോള്‍ ഇക്ക പതിവുപോലെ തടയിട്ടു. കപ്പയെല്ലാം തൊരപ്പന് തിന്നുമെന്നായിരുന്നു ഇക്കയുടെ തടസ്സവാദം. അപ്പോള്‍ ഞാന്‍ പറഞ്ഞു, തൊരപ്പന് തിന്നട്ടെ. നമുക്ക് അതിന്റെ ബാക്കി മതിയെന്ന്. ഇപ്പോള്‍ നല്ല വിളവും രുചിയുമുള്ള സിലോണ്‍ കപ്പ കൃഷി ചെയ്യുന്നുണ്ട് ഞങ്ങള്‍. ഇതിന് വലിയ മുതല്‍മുടക്കൊന്നുമില്ല. അധികം അധ്വാനവുമില്ല. നല്ല ലാഭവുമുണ്ട്. ഞാന്‍ ഈയിടയ്ക്ക് കുറെ സ്ത്രീകള്‍ക്കൊപ്പം കാശ്മീരിലൊക്കെ കറങ്ങി വന്നതിന് ചെലവായ 30,000 രൂപയൊക്കെ ഇങ്ങനെ അധ്വാനിച്ച് ഉണ്ടാക്കിയതാണെന്ന് ആലോചിക്കുമ്പോള്‍ ഒരു സന്തോഷമുണ്ട്.
കൃഷിയെക്കുറിച്ച് ആര് എപ്പോള്‍ സംസാരിച്ചാലും അത് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നൊരു കാര്യമാണെന്നാണ് പൊതുവാദം. ഇത് എത്രത്തോളം ശരിയാണ് ?
ഇപ്പോഴത്തെ അവസ്ഥയില്‍ ശരിയാണോ എന്ന് ചോദിച്ചാല്‍ ശരിയാണെന്ന് പറയേണ്ടിവരും. എന്നാല്‍, അതിനെ മറികടക്കാനുള്ള വഴികളുമുണ്ട്. നമ്മുടെ കൃഷിയില്‍ ടെക്നോളജി അധികം ഉപയോഗിക്കുന്നില്ല. അതൊരു പോരായ്മയാണ്. അത് പരിഹരിക്കണം. പിന്നെ ആവശ്യത്തിന് ജോലിക്കാരെ വെച്ചുകൊണ്ട് തന്നെ കൃഷി നടത്തണം. എല്ലാം നമ്മള് തന്നെ അധ്വാനിച്ചുണ്ടാക്കുമെന്ന ചിന്തകൊണ്ട് ഗുണമില്ല. കേരളത്തില്‍ നെല്‍കൃഷിക്ക് കാലാവസ്ഥയെ ആശ്രയിക്കുന്നതുകൊണ്ട് പണികിട്ടാന്‍ സാധ്യതയുണ്ട്. അതില്‍ കരുതല്‍ വേണം. പച്ചക്കറി കൃഷിയാണെങ്കില്‍ രോഗബാധ വരാം. പിന്നെ കാട്ടുപന്നിയുടെ ആക്രമണം. ഇങ്ങനെയുള്ള നഷ്ടങ്ങള്‍ വരുമ്പോള്‍ അത് പരിഹരിക്കാന്‍ വഴികള്‍ ഇല്ലാത്തതുകൊണ്ട് പലരും കൃഷി ഉപേക്ഷിച്ചു പോകുകയാണ് പതിവ്. കോഴി കൃഷി ആണെങ്കില്‍ അതിന് വിലസ്ഥിരത ഇല്ല. തമിഴ്നാട്ടിലെ വിലയ്ക്കനുസരിച്ചാണ് നമ്മുടെ മാര്‍ക്കറ്റ്. ഇങ്ങനെ ആലോചിച്ചാല്‍ കൃഷിയില്‍ പ്രശ്നങ്ങള്‍ മാത്രമേ കാണാന്‍ പറ്റൂ. പക്ഷേ, വൈവിധ്യമുള്ള ഉല്‍പ്പന്നങ്ങള്‍ കൃഷി ചെയ്ത് ഈ നഷ്ടങ്ങളെല്ലാം മറികടക്കാന്‍ കഴിയും. ഞാന്‍ കുരുമുളക് കൃഷി ചെയ്യുന്നുണ്ട്. അടക്കയുണ്ട്. പശു വളര്‍ത്തുന്നുണ്ട്. പാലും തേനും വില്‍ക്കുന്നുണ്ട്. ഇങ്ങനെ എല്ലാം കൂടി ചെയ്യുന്നതുകൊണ്ട് മാസം 50,000 രൂപയെങ്കിലും വരുമാനം കിട്ടുന്നുണ്ട്. ആടുവളര്‍ത്തലിനെ കാര്യമായി സാമ്പത്തികലാഭമുണ്ടാക്കാന് പറ്റുന്ന മേഖലയായി കാണാം. ഞാനിതിനെ എ.ടി.എം. എന്നാണ് വിളിക്കാറ്. ആടുകള്‍ ആറു മാസം കൂടുമ്പോള്‍ പ്രസവിച്ചു കൊണ്ടിരിക്കും. നമുക്കൊരു അത്യാവശ്യം വന്നാല്‍ എ.ടി.എമ്മില്‍ പോയി കാശ് എടുക്കുന്ന പോലെ ഇവരില്‍ രണ്ടു പേരെ വിറ്റാല്‍ മതി. കാര്യം നടക്കും.
ഏറ്റവും വലിയ സന്തോഷം എന്താണെന്ന് ചോദിച്ചാല്‍?
കുറെക്കാലമായി അസുഖങ്ങള്‍ ഒന്നുമില്ല എന്നതാണ് ഏറ്റവും വലിയ സൗഭാഗ്യം. 10 വര്‍ഷമായി ഒരു മരുന്നും കഴിച്ചിട്ടില്ല. കൃഷി തന്നെയാണ് അതിന് കാരണം. ഞാന്‍ വളര്‍ത്തുന്ന പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ അടുത്തിരിക്കുമ്പോള്‍ നമ്മളെ ഒരു പ്രശ്നവും ബാധിക്കില്ല. മാനസികമായ അലട്ടലുകളില്ല. തോട്ടത്തില്‍ ഇറങ്ങി അവിടെ ഒരു പൂവ് ഉണ്ടായത് അല്ലെങ്കില്‍ ഒരു ചെടി തളിര്‍ത്തത് കാണുമ്പോള്‍ നമ്മുടെ വിഷമങ്ങളെല്ലാം മാറും. ഒരു തക്കാളി പഴുത്ത് നില്‍ക്കുന്നത് കാണുമ്പോഴുള്ള സന്തോഷം പറഞ്ഞാല്‍ മനസ്സിലാവില്ല. ഈ ചെടികളോടും പക്ഷികളോടും മൃഗങ്ങളോടും ഒക്കെ സംസാരിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം ലോകത്തിന്റെ ഏത് കോണില്‍പ്പോയാലും എനിക്ക് കിട്ടില്ല. എന്റെ ഊട്ടിയും കാശ്മീരുമൊക്കെ ഇതുതന്നെയാണ്.
സീനത്ത് തൊടിയിലിറങ്ങി കിങ്ങിണീ എന്ന് ഉറക്കെ വിളിച്ചു. ആ വിളികേട്ട് കൂട്ടിലെ കോഴികളും അപ്പുറത്ത് ചികഞ്ഞുകൊണ്ടിരുന്ന താറാവും കല പില കൂട്ടി. കൂട്ടിലെ ആടുകള്‍ ബഹളം വെച്ചു. ഈ തൊടിയിലെ എല്ലാ ജീവികളും സീനത്തിന് കിങ്ങിണിയാണ്. 'ചതിയും വഞ്ചനയും ഒക്കെയുള്ള മനുഷ്യന്മാരെക്കാള്‍ എത്രയോ നല്ലതാണ് ഞാനീ സഹവസിക്കുന്ന ജീവികള്‍. എന്റെയീ ലോകം അത്രയ്ക്കും സുന്ദരമാണെന്നേ....'. സീനത്തിന്റെ ആ തെളിഞ്ഞ ചിരിയില്‍ കാണാം സന്തോഷത്തില്‍ നിറഞ്ഞു ജീവിക്കുന്ന ഒരു മനുഷ്യജീവിയെ.
Content Highlights: extra ordinary life of an ordinary woman, Seenath Kokkur, She talks by Biju Raghavan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..