'അവര്‍ക്ക് സര്‍വകലാശാലകളെപ്പറ്റി മനസിലാകാന്‍ ബുദ്ധിമുട്ടായിരിക്കും'; കെ എന്‍ ബാലഗോപാല്‍ പറയുന്നു


കെ.എന്‍.ബാലഗോപാല്‍/ അനൂപ് ദാസ് 

Interview

കെ.എൻ. ബാലഗോപാൽ|Photo: Mathrubhumi

''ഞാന്‍ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് മിഡ്‌നാപ്പൂര്‍ സമ്മേളനത്തിലാണ്. അവിടുന്ന് കേരളത്തിലേക്ക് വരാതെ നേരെ പോയത് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലേക്കാണ്. അവിടെ പോകാന്‍ കാരണം അവിടെ വെടിവെപ്പു നടന്നു. അഞ്ചു വിദ്യാര്‍ഥികളെ വെടിവെച്ചു കൊന്നു. വലിയ അശാന്തിയുടെ അന്തരീക്ഷം, വെടിവെച്ചത് ആരാണെന്ന് അറിയുമോ? വൈസ് ചാന്‍സലറുടെ സെക്യൂരിറ്റി ഗാര്‍ഡാണ്. വൈസ് ചാന്‍സലര്‍ക്ക് 50 മുതല്‍ 100 വരെ സെക്യൂരിറ്റി ഗാര്‍ഡുണ്ട് യുപിയിലെ ബനാറസ് സര്‍വകലാശാലയില്‍. അവിടുത്തെ പല സര്‍വകലാശാലകളിലും അങ്ങനെയാണ്.

ഇങ്ങനെയുള്ള സര്‍വകലാശാലകള്‍ നടക്കുന്ന സ്ഥലത്തു നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക്, കേരളത്തിലെ സര്‍വകലാശാലകളെപ്പറ്റി മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. കേരളത്തിലെ സര്‍വകലാശാലകള്‍ എല്ലാ മേഖലയില്‍ നിന്നുമുള്ള ആളുകള്‍ പങ്കെടുക്കുന്ന, വളരെ ജനാധിപത്യപരമായി, അക്കാദമി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന, വലിയ മാറ്റമുണ്ടാക്കുന്ന ജനകീയമായ സംവിധാനങ്ങളാണ്. സര്‍വകലാശാലകളെ അതിന്റെ ജനാധിപത്യത്തെ ഉള്‍ക്കൊള്ളുവാനും ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തേക്കാളും വികസിതമായ പല നേട്ടങ്ങളുമുള്ള സ്ഥലമെന്ന നിലയില്‍ നമ്മുടെ വിദ്യാഭ്യാസത്തെ, വിവിധ തരത്തിലുള്ള ആളുകളുടെ പങ്കാളിത്തത്തെ ശക്തിപ്പെടുത്താനുള്ള ഏറ്റവും വലിയ ശ്രമം നടക്കേണ്ട ഘട്ടത്തിലാണ്.''കഴിഞ്ഞ ഒക്ടോബര്‍ 18-ന് കേരള സര്‍വകലാശാലയിലാണ് നമ്മുടെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇങ്ങനെ പ്രസംഗിച്ചത്. ഈ വാക്കുകള്‍ പിന്നീടുള്ള ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചലനമുണ്ടാക്കി. മന്ത്രി ബാലഗോപാലിലുള്ള പ്രീതി നഷ്ടപ്പെട്ടു, വേണ്ട നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. ബാലഗോപാലില്‍ തനിയ്ക്കുള്ള പ്രീതിയ്ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതോടെ ആ അധ്യായത്തിന്റെ ഒരു വശം അവസാനിച്ചു. പക്ഷേ, വിവാദം തുടരുക തന്നെയാണ്. ആ വിവാദത്തില്‍ അലിഞ്ഞ് ചേരേണ്ടതല്ല ഇന്ത്യയിലെ വിദ്യാര്‍ഥി സമരങ്ങളേയും രാജ്യത്തെ പല മേഖലകളിലുള്ള സംവിധാനങ്ങളേയും കുറിച്ചുള്ള ചര്‍ച്ചകള്‍ എന്ന് കരുതുന്നു. അതുകൊണ്ട് കെ.എന്‍ ബാലഗോപാലുമായി സംസാരിക്കുന്നു. ആഗോളവത്ക്കരണം രാജ്യത്ത് പുതിയ ഓളങ്ങള്‍ സൃഷ്ടിച്ച കാലം മുതല്‍ വര്‍ഗീയവത്ക്കരണം നമ്മുടെ സകല മേഖലകളേയും കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ കാലം വരെ മന്ത്രിയുടെ വിദ്യാര്‍ഥി മനസ് സഞ്ചരിക്കുകയാണ്. തണുപ്പ് തുടങ്ങിയ ഡല്‍ഹി നഗരത്തിലെ കേരളഹൗസിലുള്ള 206-ാം നമ്പര്‍ മുറിയിലിരുന്ന് കെ.എന്‍ ബാലഗോപാല്‍ വിദ്യാര്‍ഥി കാലത്തേയ്ക്ക് ഒരിക്കല്‍ കൂടി സഞ്ചരിക്കുന്നു.

വിവാദ പ്രസംഗം എന്ന് വിളിക്കപ്പെട്ട ആ പ്രസംഗം കേട്ടിരുന്നു. അങ്ങനെയൊരു അനുഭവ വിശദീകരണത്തിലേയ്ക്ക് കടക്കാനുള്ള കാരണമെന്തായിരുന്നു?

1997-ലാണ് ഞാന്‍ എസ്എഫ്ഐ അഖിലേന്ത്യാ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. ശേഷം ഡിവൈഎഫ്ഐ ഭാരവാഹിയായും ഡല്‍ഹിയില്‍ തുടര്‍ന്നു. 2006-ലെ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി വിജയിച്ചതിന് ശേഷം സഖാവ് വി.എസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കും വരെ ഡല്‍ഹിയില്‍ തുടരുകയും ചെയ്തു. അത്രയുംകാലം രാജ്യത്തിന്റെ പല ഭാഗങ്ങളിലൂടെ സഞ്ചരിച്ച്, വിദ്യാര്‍ഥികളും യുവജനങ്ങളുമായി സംവദിച്ചും അവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടുമാണ് പ്രവര്‍ത്തിച്ചത്. ഇന്ത്യയിലെ പല തരത്തിലുള്ള കാമ്പസുകളിലെ അനുഭവങ്ങളും എനിക്കുണ്ട്.

ഇന്നത്തെ കാലത്ത് അതിലും ഒരുപാട് അനുഭവങ്ങള്‍ ഉണ്ടെന്നാണ് എന്റെ അഭിപ്രായം. കാരണം, ഈ രോഹിത് വെമുലയുടെ അനുഭവം ഒരു കാമ്പസിലുണ്ടായത് ഇക്കാലത്താണ്. അത് എങ്ങനെയാണ് കാമ്പസുകളില്‍ ജാതീയമായും കുട്ടികള്‍ മറ്റും ഒറ്റപ്പെടുത്തപ്പെടുന്നു എന്നതിന് തെളിവാണ്. ജെഎന്‍യുവില്‍ ഒരിക്കലും ഇല്ലാത്ത തരത്തിലുള്ള അക്രമം അരങ്ങേറി. ജെഎന്‍യു എന്ന് പറഞ്ഞാല്‍കാമ്പ സമര്‍ത്ഥരായ കുട്ടികള്‍ ഉത്സാഹത്തോടെ പഠിക്കുന്നയിടമാണ്, ഏറ്റവും ജനാധിപത്യപരമായി ചിന്തിക്കുന്ന കുട്ടികള്‍ ഉള്ളയിടം. ഞാന്‍ ആദ്യമായി ഡല്‍ഹിയില്‍ വരുന്നത് കോളേജ് തല വിദ്യാര്‍ഥികളുടെ ഒരു കണ്‍വന്‍ഷനില്‍ പങ്കെടുക്കാനാണ്. അത് തൊണ്ണൂറുകള്‍ക്ക് മുന്‍പാണ്. പിന്നീട് എസ്എഫ്ഐ അധ്യക്ഷനായിരിക്കുമ്പോള്‍ പല തവണ അവിടെ പോകേണ്ടി വന്നിട്ടുമുണ്ട്. അവിടെ കുട്ടികളുടെ ഹോസ്റ്റലിന്റെ കാര്യം, അവരുടെ യൂണിയന്റെ കാര്യം തുടങ്ങി പലവിധ വിഷയങ്ങളിള്‍ സമയമെടുത്ത് ചര്‍ച്ച ചെയ്ത് തീരുമാനം എടുത്താണ് മുന്നോട്ട് പോകാറ്. അത്രയും ജനാധിപത്യപരമായ ക്യാമ്പസ്. രാത്രിവരെ കുട്ടികള്‍ വന്ന് ചായ കുടിക്കുന്ന കാന്റീന്‍, ധാരാളം ചര്‍ച്ച, ഇവരൊന്നും ഉഴപ്പിയടിച്ച് നടക്കുന്നവരല്ല. ഗൗരവപൂര്‍വ്വം പഠിച്ച് പല മേഖലകളിലേയ്ക്ക് പോകുന്നവരാണ്. അങ്ങനൊരു കാമ്പസില്‍ അടുത്ത കാലത്ത് വലിയ തരത്തില്‍ കുട്ടികളെ അക്രമിച്ചു. പ്രത്യേകിച്ച് പൗരത്വ നിയമത്തിനെതിരായി സമരം നടക്കുന്ന സമയത്ത്.

ഇടത്പക്ഷം രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഹിമാചലില്‍ വലിയ വിജയങ്ങള്‍ നേടുന്നില്ല. എങ്കിലും ഹിമാചല്‍ പ്രദേശ് സര്‍വ്വകലാശാലയില്‍ പണ്ടേ എസ്എഫ്ഐയാണ് വിജയിക്കുന്നത്. അവിടെ വിദ്യാര്‍ഥി നേതാക്കളെ കള്ളക്കേസില്‍ കുടുക്കുമായിരുന്നു. വിദ്യാര്‍ഥികളില്‍ ഇടത് സ്വാധീനം വരുന്നതിനെതിരായ സര്‍ക്കാര്‍ ഇടപെടലായിരുന്നു അത്. കേന്ദ്രസര്‍വകലാശാലകളിലും മറ്റും അടുത്തിടെ നടന്ന സംഭവങ്ങള്‍ നോക്കു, പോണ്ടിച്ചേരി, ഹൈദരാബാദ്, ജാമിയ മിലിയ തുടങ്ങി പലയിടത്തും പ്രശ്നങ്ങള്‍ രൂക്ഷമായത് അടുത്തകാലത്താണ്. അന്ന് ഞങ്ങള്‍ പോയ പല സര്‍വകലാശാലകളിലും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ബനാറസ് സര്‍വകലാശാലയിലെ പ്രശ്നം ഞാന്‍ പറയാന്‍ കാരണം അതൊരു വല്ലാത്ത ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു. സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലറും കുട്ടികളും തമ്മിലുള്ള ഒരു പ്രശ്നമാണ് സമരത്തിന് കാരണം. ഇതേത്തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്. അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ജനാധിപത്യപരമായി കാര്യങ്ങള്‍ നടന്ന സ്ഥലമാണ് ജെഎന്‍യു കാമ്പസ്. ജെഎന്‍യുവിലെ അത്രയില്ലെങ്കിലും വിവിധ അഭിപ്രായം ഉള്ളവര്‍ സ്വതന്ത്ര്യമായി അഭിപ്രായം പറയുകയും ചര്‍ച്ച ചെയ്യുകയും ഒക്കെ ചെയ്യുന്ന അന്തരീക്ഷം കേരളത്തിലെ കാമ്പസുകളില്‍ ഉണ്ടെന്ന് ആ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ പറഞ്ഞത്.

ഞങ്ങള്‍ പോകുന്ന സമയത്ത് കാമ്പസുകളില്‍ പല പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേന്ദ്ര സര്‍വകലാശാലകളില്‍ ബനാറസിലുണ്ടായ കാര്യം ഞാന്‍ പറഞ്ഞത്. അത് അന്നൊരു വല്ലാത്ത ഞെട്ടിക്കുന്ന സംഭവമായിരുന്നു. സര്‍വകലാശാലകളില്‍ വലിയ വിദ്യാര്‍ഥി സമരം. വൈസ് ചാന്‍സിലറും കുട്ടികളും തമ്മിലുള്ള പ്രശ്നത്തെത്തുടര്‍ന്ന് വെടിവെപ്പുണ്ടായ സംഭവമാണ്. അന്ന് പല പ്രശ്നങ്ങളുണ്ട്. വലിയ അനാര്‍ക്കിസവും ഉണ്ടായിരുന്നു. അതില്‍ നിന്ന് ഒക്കെ വ്യത്യസ്തമായി ജനാധിപത്യപരമായി കാര്യങ്ങള്‍ നടന്ന ജെഎന്‍യും കാമ്പസ്. കേരളത്തില്‍ കാമ്പസുകളില്‍ ജെഎന്‍യുവിലെ അത്രയില്ലെങ്കിലും വിവിധ അഭിപ്രായമുള്ളവര്‍ സ്വതന്ത്യരമായി അഭിപ്രായം പറയുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന അന്തരീക്ഷം ഉണ്ടെന്ന് ആ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്. ഇന്ത്യയിലെ പല സ്ഥലങ്ങളിലും പല തരത്തിലുള്ള ആളുകളല്ലേ?

ഇതിനേക്കാള്‍ എല്ലാം വ്യത്യസ്തമായ അനുഭവം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. അവിടെ വിദ്യാര്‍ഥി സംഘടനകള്‍ അതി ശക്തമായിരുന്നു. അവിടുത്തെ പ്രാദേശിക പ്രശ്നങ്ങളില്‍ ഉള്‍പ്പെടെ ഇടപെട്ട് വലിയ സമരങ്ങള്‍ അവര്‍ നടത്തിയിരുന്നു. അസമില്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍, ബോഡോ വിദ്യാര്‍ഥി സംഘടന, ഖാസി സ്റ്റുഡന്റ്സ് യൂണിയന്‍ തുടങ്ങി നിരവധി സംഘടനകള്‍. ആസു പോലുള്ള പല സംഘടനകളും അന്ന് ഉയര്‍ന്നു വന്നു, പിന്നീട് സ്വഭാവം മാറി. അത്തരം അനുഭവങ്ങള്‍ ഇപ്പോള്‍ പറയുമ്പോള്‍ എന്തോ മോശപ്പെടുത്താനാണ് എന്ന് കാര്യങ്ങള്‍ വരുന്നു എന്നതാണ് സ്ഥിതി. ഇന്ത്യയിലെ കാമ്പസുകളിലൊക്കെ അങ്ങനെ പല വ്യത്യസ്തങ്ങളായ അനുഭവങ്ങളും ഉണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആ വ്യത്യസ്തങ്ങളായ പല കാമ്പസുകള്‍ക്കും നല്ലതും ചീത്തയുമായിട്ടുള്ള പല അനുഭവങ്ങളും ഉണ്ട്. അത്തരം അനുഭവങ്ങള്‍ നമ്മള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഇങ്ങനത്തെ ചില കാര്യങ്ങള്‍ വരുന്നു.

എസ്എഫ്ഐ കാലത്ത് കണ്ട കാമ്പസുകളുടെ ജനാധിപത്യ സ്വഭാവത്തേക്കുറിച്ച് പറയാമോ?

ജെഎന്‍യുവില്‍ അന്ന് ഇത്രയൊന്നും കുട്ടികളില്ല. അവിടുത്തെ സ്റ്റുഡന്റ്സ് യൂണിയന്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുകയാണ് എന്ന് കരുതുക. അവര്‍ വലിയ ജനറല്‍ ബോഡിയൊക്കെ ചേര്‍ന്ന് അഭിപ്രായമൊക്കെ പറഞ്ഞ് അവിടെ വിശദമായി ചര്‍ച്ച ചെയ്യും. എന്നിട്ടേ പരിപാടിയില്‍ പങ്കെടുക്കു. അതൊരു ജനാധിപത്യപരമായ ഇടപെടലാണ്. അതൊരു സര്‍ഗാത്മകമായിട്ടുള്ളതും വലിയ അനുഭവ പരിചയവുമുള്ള കാമ്പസാണ്. എല്ലാ കാമ്പസിലും അത് സാധാരണ ഗതിയില്‍ പറ്റില്ല. പക്ഷേ, കോളേജ് കുട്ടികള്‍ എന്ന് പറയുന്നത് കുഞ്ഞുങ്ങളൊന്നും അല്ലല്ലൊ. അവരൊരു 17, 18 വയസ്സ് തൊട്ട് 25 വയസുവരെയൊക്കെയുള്ള പ്രായത്തില്‍ ഉള്ളവരല്ലേ. അവര്‍ക്ക് കുറച്ചു കൂടി ജനാധിപത്യപരമായി കാര്യങ്ങള്‍ ആലോചിക്കാനും ചര്‍ച്ച ചെയ്യാനും ഒക്കെ പറ്റുന്ന തരത്തില്‍ തന്നെ കാമ്പസുകളിലെ അന്തരീക്ഷം ഉണ്ടാകണം. ഇന്നത്തെ നമ്മുടെ കാമ്പസുകളെ നോക്കു, വളരെ അഡ്വാന്‍സ്ഡ് ആയി കാര്യങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നവരാണ് വിദ്യാര്‍ഥികള്‍. ചര്‍ച്ചകള്‍ കാമ്പസുകളില്‍ നടക്കണം. നമ്മുടെ അഭിപ്രായം പറഞ്ഞ് സ്ഥാപിക്കാന്‍ പറ്റാത്തിടത്താണല്ലൊ അക്രമത്തിലേയ്ക്കും ഏകാധിപത്യത്തിലേക്കുമെല്ലാം പോകുന്നത്. ഇതൊക്കെ വിദ്യാര്‍ഥി സംഘടനകളുടേയും രാഷ്ട്രീയത്തിന്റേയും മാത്രം പ്രശ്നമല്ല. മാനേജ്മെന്റുകളുടേയും ഭരണത്തിന്റെ ഭാഗത്ത് നിന്നു വരുന്ന സമീപനമായാലും അതൊക്കെ അതിനകത്ത് ബാധകമാണ്.

പ്രതിരോധിക്കാന്‍ മറ്റൊരെക്കാളും വിദ്യാര്‍ഥികള്‍ക്ക് കഴിയും എന്നാണോ?

അവര്‍ ചിന്തിക്കുന്നുണ്ട്, അവര്‍ മനസ്സിലാക്കുന്നുണ്ട്. അവര്‍ വളരെ ഇടുങ്ങിയ ചിന്താഗതിക്കാരല്ല. ഒറ്റപ്പെട്ട കേസുകള്‍ ഇതിന് അപവാദമായിക്കാണും. വിദ്യാര്‍ഥികള്‍ക്ക് ത്യാഗ മനോഭാവമുണ്ട്, കാര്യങ്ങള്‍ക്ക് ഇറങ്ങുന്നുണ്ട്. അര്‍പ്പണ ബോധമുണ്ട്, ടീം സ്പിരിറ്റ് ഉണ്ട്, മതേതര ബോധമുള്ളവരാണ്. വര്‍ഗീയ അജണ്ട ഏത് തലത്തിലുള്ളതായാലും അതിന് പുറകെപ്പോകുന്ന ഒരു ചെറിയ സംഘമുണ്ടാകും. മയക്കുമരുന്നു പോലുള്ളവയുടെ പിറകെ പോകുന്ന ഒരു സെറ്റ് ഉണ്ടാകും. എന്നാലും ഏറ്റവും നന്നായി ചിന്തിക്കാനും ചെയ്യാനും പറ്റുന്നത് വിദ്യാര്‍ഥി സമൂഹത്തിന് തന്നെയാണ്, ചെറുപ്പക്കാര്‍ക്കാണ്.

പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ വിലക്കപ്പെടുമ്പോള്‍ വിദ്യാര്‍ഥിത്വത്തിന് എന്ത് സംഭവിക്കും എന്നാണ് തോന്നുന്നത്?

ഏറ്റവും വേഗത്തില്‍ ചിന്തിക്കുന്നവര്‍ വിദ്യാര്‍ഥികള്‍ തന്നെയാണ്. നമ്മള്‍ എന്ത് പറഞ്ഞാലും കഴിഞ്ഞ 25 വര്‍ഷത്തേക്കാള്‍ പുരോഗമനപരവും ലിബറലും ഒക്കെയായിട്ടുണ്ട് നമ്മുടെ വിദ്യാര്‍ഥികള്‍ എന്നാണ് എന്റെ അഭിപ്രായം. വേഗത്തിലുള്ള ലോകത്ത് അതിന്റേതായ മാറ്റം അവര്‍ക്കിടയിലും വരുമല്ലൊ. പക്ഷേ, അഭിപ്രായത്തിന്റെ കാര്യത്തില്‍ വിദ്യാര്‍ഥി സമൂഹത്തിലെ ഭൂരിപക്ഷവും വളരെ സെക്കുലറാണ്. അതില്‍ കുറച്ച് പേര്‍ക്ക് സ്വാധീനമൊക്കെ വരുന്നുണ്ടാകും. എന്നാലും സമത്വം, പ്രത്യേകിച്ച് ലിംഗസമത്വം ഇതിലൊക്കെ ഒറ്റപ്പെട്ടിട്ടുള്ള അപാദങ്ങളേ ഉള്ളു എന്നാണ് പൊതുവില്‍ എനിയ്ക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെയാണ് ഈ അടിച്ചമര്‍ത്തലൊക്കെ വരുമ്പഴേയ്ക്ക് ഒരുമിച്ച് നേരിടുന്നത്. ഇപ്പൊ ജെഎന്‍യുവിലെയൊക്കെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ, ജോഥ്പൂരോ, ഹിമാചലിലോ ഹരിയാനയിലോ ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സ്ഥലത്തും ഏറ്റവും നല്ല പ്രതിരോധം ഉയര്‍ന്നു വരുന്നത് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ്. യാഥാസ്ഥിതികത്വത്തിനെതിരായ വിദ്യാര്‍ഥികളുടെ സമരം. കേരളത്തില്‍ തന്നെ എടുത്ത് കഴിഞ്ഞാല്‍ എംഎസ്എഫിലെ പെണ്‍കുട്ടികളുടെ സംഘടനയായ ഹരിത, അങ്ങനെയൊക്കെ വരിക എന്നുവെച്ചാല്‍ യുവ തലമുറ പ്രത്യേകിച്ച് വിദ്യാര്‍ഥി സമൂഹത്തിന് ഇക്കാര്യങ്ങളില്‍ വളരെ ശക്തമായ അഭിപ്രായമുണ്ട് എന്നാണ്. ഇപ്പോള്‍ ലോകത്താകെ എടുത്താലും ഇറാനില്‍ വിദ്യാര്‍ഥികളും അവിടുത്തെ സ്ത്രീകളും നടത്തുന്ന സമരം. ആ സമരം അപ്പോഴും ഒറ്റയടിയ്ക്ക് ജയിച്ചോളണം എന്നില്ല. വിജയത്തിനായി, ഡിജിറ്റല്‍ യുഗത്തിന്റെ സാധ്യതയും അതില്‍ നിന്ന് കിട്ടുന്ന വിവരങ്ങളും എല്ലാം അവരെ സഹായിക്കുന്നുണ്ട്. എന്റെ ആത്മവിശ്വാസം വിദ്യാര്‍ഥി സമൂഹം പ്രോഗ്രസീവായിത്തത്തെ നില്‍ക്കുകയും, കുറച്ചുകൂടി പ്രോഗ്രസീവാകുകയും ചെയ്യുമെന്നാണ്. ആത്മവിശ്വാസത്തോടുകൂടി വിശ്വസിക്കാവുന്ന യുവ തലമുറ തന്നെയാണ് നമ്മുടേത്.

തൊണ്ണൂറുകളിലെ കാമ്പസും ഇപ്പോഴത്തെ കാമ്പകളും തമ്മില്‍ കാതലായ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?

ലോകത്തുള്ള മാറ്റങ്ങളെ വേഗത്തില്‍ അറിഞ്ഞ്, കൈകാര്യം ചെയ്തിട്ടുണ്ട് കാമ്പസുകള്‍. കുറച്ചു കൂടി സൗഹാര്‍ദപരമായിട്ടുണ്ട് കാമ്പസുകള്‍ എന്ന് കാണാന്‍ കഴിയും. യാഥാസ്ഥിതികമായ കാമ്പസുകള്‍ പോലും ലിംഗസമത്വമൊക്കെ പ്രായോഗികമായി കുറച്ചു കൂടി മെച്ചപ്പെട്ടു. പെണ്‍കുട്ടികള്‍ ആണെങ്കില്‍ ഇന്ത്യ മൊത്തം യാത്ര ചെയ്യാം എന്നൊക്കെ ചിന്തിക്കുന്ന തരത്തില്‍, മൊത്തത്തിലൊരു ധൈര്യം വന്നിട്ടുണ്ട്. അന്തരീക്ഷം മാറിയിട്ടുണ്ട് എന്ന് തന്നെ പറയാം. എന്ത് പറഞ്ഞാലും ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ ഒരു അതിര്‍വരമ്പ് ഉണ്ടായിരുന്നു. അതിലൊക്കെ വലിയ മാറ്റമുണ്ട്. ഇപ്പോള്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കൊക്കെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യമായിത്തന്നെയാണ് സുഹൃത്തുക്കള്‍ എന്നാണ് ഞാന്‍ കരുതുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ കൂടുതല്‍ അടുപ്പം കാണിച്ചാല്‍ ഇവര്‍ തമ്മില്‍ പ്രേമമാണ് എന്ന് ഇപ്പോള്‍ ചിന്തിക്കുന്നില്ല. കഴിഞ്ഞ പത്ത്, പതിനഞ്ച് വര്‍ഷത്തെ വ്യത്യാസം ഭയങ്കരമാണ്, അത് നല്ലതാണ്.

കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ പുസ്തകങ്ങളിലേയ്ക്ക് ഇടപെട്ട് തുടങ്ങി എന്ന ആക്ഷേപം കുറച്ച് കാലമായി ഉയരുന്നുണ്ട്. വിദ്യാര്‍ഥികളുടെ പ്രതിരോധത്തേയും ജനാധിപത്യ ഇടങ്ങളേയും അത് എങ്ങനെ ബാധിക്കും എന്നാണ് വിലയിരുത്തല്‍?

ഇങ്ങനെയാണ് പോകുന്നത് എങ്കില്‍ അധികം ദൂരയല്ലാത്ത കാലത്ത് വിദ്യാര്‍ഥികളില്‍ അവ പ്രതിഫലിക്കും. പക്ഷേ, അങ്ങനെ കൊണ്ടു പോകാന്‍ പറ്റും എന്ന് തോന്നുന്നില്ല. ഞാന്‍ പറയട്ടെ. നമുക്ക് എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ ചരിത്രമുണ്ടല്ലൊ. അധിനിവേശത്തിലൂടെ പട്ടാളം ഒരു രാജ്യം കീഴടക്കിക്കഴിഞ്ഞാല്‍ അവിടുത്തെ പഴയ ചരിത്രം ഇല്ലാതാക്കുന്ന ഒരു പ്രവര്‍ത്തനമുണ്ട്. സാംസ്‌കാരികമായും അതുണ്ട്. സര്‍വകലാശാലകള്‍ തീയിട്ട് നശിപ്പിച്ചു എന്ന് പണ്ട് കേട്ടിട്ടില്ലേ? നമ്മുടെ നളന്തയുടേയും തക്ഷശിലയുടേയും എല്ലാം കാര്യം ഉദാഹരണമാണ്.. ഇഷ്ടമില്ലാത്ത ഒരു ആശയത്തെ മറ്റൊരു ആശയം ഇല്ലാതാക്കുന്നു എന്ന് നമ്മള്‍ വായിച്ചിട്ടുണ്ടല്ലോ? ഇവിടെ അതൊക്കെ ഉണ്ടാകാം. പക്ഷേ അതത്ര എളുപ്പമല്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

ആധുനിക കാലത്ത് നോക്കിക്കഴിഞ്ഞാല്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ബുദ്ധ വിഗ്രഹങ്ങള്‍ നശിപ്പിച്ചു എന്നതാണല്ലൊ നമുക്ക് കാണാവുന്ന ഏറ്റവും പ്രകടമായ ഒരു കാര്യം. സമാനമാണ്, ബുദ്ധ വിഹാരങ്ങളും ബുദ്ധവിഗ്രഹങ്ങളും പണ്ട് ഉണ്ടായിരുന്നു, അവ ഏറ്റവും ശക്തമായിരുന്നു. ലോകത്തെ ഏറ്റവും വലിയ ബുദ്ധവിഗ്രഹങ്ങള്‍ ആയിരുന്നു ബാമിയന്‍ ബുദ്ധ വിഗ്രഹങ്ങള്‍. എത്രകാലം ഇതിനെല്ലാം ശക്തമായി നിലനില്‍ക്കാന്‍ കഴിയും? അവിടെത്തന്നെയാണല്ലൊ ഒരു പതിന്നാലു വയസ്സുകാരി പെണ്‍കുട്ടി പറഞ്ഞത് ഞങ്ങള്‍ക്ക് അക്ഷരം പഠിക്കാതിരിക്കാന്‍ പറ്റില്ല എന്ന്. ഇറാനിലെ സമരം, സൗദിയില്‍ അടുത്തുണ്ടായ സമരങ്ങളിലെ പ്രശ്നമുണ്ട്, കിഴക്കന്‍ യറോപ്യന്‍ രാജ്യങ്ങളില്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയരുകയാണ്.

തൊട്ടടുത്ത അയല്‍ക്കാരെ നോക്കു, ബര്‍മയില്‍ വര്‍ഷങ്ങളോളം സര്‍വ്വകലാശാലകളും കോളേജുകളും പ്രവര്‍ത്തിച്ചിരുന്നില്ല. അവിടെ പട്ടാള ഏകാധാപത്യത്തിന്റേതായിരുന്നു കുറേയേറെക്കാലം. സര്‍വകലാശാലകളും കോളേജുകളുമൊക്കെ വളരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതാണ് ഈ പട്ടാള സര്‍ക്കാരിനെതിരായിട്ടുള്ള ചിന്ത വരുന്നത് എന്ന് ഭരണകൂടം വിലയിരുത്തി. കാമ്പസുകളെ ഇല്ലാതാക്കിയതും കോളേജുകള്‍ അടയ്ക്കുകയും ചെയ്ത റിപ്പോര്‍ട്ടുകള്‍ അവിടെ പലയിടത്ത് നിന്നും വന്നിരുന്നു. കാമ്പസുകളിലെ ജനാധിപത്യവും കാമ്പസുകളും വിദ്യാഭ്യാസം തന്നെയും ഇല്ലാതാക്കാനുള്ള ശ്രമം ലോകത്തെ പല രാജ്യങ്ങളിലും നടന്നിട്ടുണ്ട്.

അതുകൊണ്ട് അത്തരം ശക്തികള്‍ ആകെ നിര്‍ത്തിപ്പോകും എന്ന് നമ്മള്‍ കരുതരുത്. നമ്മള്‍ ഇതിനോടൊക്കെ പ്രതിരോധിക്കുകയും അഭിപ്രായം പറയുകയും ചെയ്തിട്ടില്ലെങ്കില്‍ അപകടകരമായ കാര്യങ്ങളിലേയ്ക്ക് സ്ഥിതി മാറാം. ഇന്നത്തെ യുവതലമുറ നല്ലത് പോല അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഇന്ത്യയില്‍ ഏത് വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥി സമൂഹമായാലും യുവജനങ്ങളായാലും അത് അംഗീകരിക്കുമെന്ന് എനിയ്ക്ക് തോന്നുന്നില്ല. എന്നാല്‍ നിരന്തരമായി അങ്ങനെ ഒന്നുണ്ടാവില്ല എന്ന് കരുതി ഇരിയ്ക്കാനും കഴിയില്ല. നിരന്തരം ഇത്തരം ആശയങ്ങള്‍ക്കെതിരെ നമ്മള്‍ ചിന്തിച്ചില്ലെങ്കില്‍ നമുക്ക് മോശമായ അനുഭവം ഉണ്ടാകും.

താങ്കളുടെ വിദ്യാര്‍ഥി കാലത്ത് അരാജത്വത്തിനും വര്‍ഗീയതയ്ക്കും എതിരായ പ്രതിരോധം അധികാരികള്‍ നേരിട്ട വിധം എങ്ങനെയായിരുന്നു?

വാജ്പേയി സര്‍ക്കാര്‍ വന്നപ്പോള്‍ വലിയ ഞെട്ടല്‍ രാജ്യത്തെ പുരോഗമന പ്രസ്ഥാനത്തിന് ഉണ്ടായതാണ്. പ്രത്യേകിച്ച് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്. അന്നും പ്രധാന അജണ്ട പാഠപുസ്തകങ്ങളിലെ വര്‍ഗീയ വത്ക്കരണം തന്നെയായിരുന്നു. ഞങ്ങള്‍ അതിനെതിരെ ദേശീയ വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പാഠപുസ്തകങ്ങളില്‍ കള്ളക്കഥകള്‍ എഴുതിത്തുടങ്ങുന്ന, കാവിവത്ക്കരണം തുടങ്ങുന്ന സമയമാണ്. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ വലിയ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പങ്കെടുത്ത കണ്‍വെന്‍ഷനായിരുന്നു അത്. വിദ്യാര്‍ഥികളുടെ ആ കാമ്പയിന്‍ വലിയ സ്വീധീനം ചെലുത്തുകയുണ്ടായി. പിന്നീട്, അതിന് ശേഷം 2014 കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ ചിത്രം പിന്നെയും മാറി. സാമ്പത്തിക തകര്‍ച്ചയില്‍, കൃത്യമായ നയങ്ങളോട് കൂടി സാധാരണ ജനങ്ങള്‍ക്ക് കുറച്ചു കൂടി സഹായം എത്തിക്കാന്‍ പറ്റുന്ന തരത്തിലേയ്ക്ക് സമീപനം എടുക്കാത്ത കോണ്‍ഗ്രസിന്റെ നയം ഉള്‍പ്പെടെയുള്ളതാണ് അതിന് കാരണം. ഇന്നത്തെപ്പോലെ അന്ന് എല്ലാ ഭരണകൂട സ്ഥാപനങ്ങളിലേയ്ക്കും ബിജെപിയ്ക്ക് കടന്നു വരാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് വല്ലാത്ത ഏകാധിപത്യ രീതിയിലേയ്ക്ക് ഭരണകൂടത്തിന്റെ പല തലങ്ങളിലേയ്ക്കും ബിജെപിയ്ക്ക് എത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്.

നരസിംഹറാവുവിന്റെ കാലത്തെയും യുപിഎ കാലത്തേയും വിദ്യാഭ്യാസരംഗം എങ്ങനെയായിരുന്നു?

ഇന്നത്തെപ്പോലെ ആയിട്ടില്ലെന്ന് പറയാം. വിദ്യാഭ്യാസത്തെ വല്ലാതെ കച്ചവടവത്ക്കരിക്കുന്നതിനുള്ള ശ്രമം അവര്‍ നടത്തിയിരുന്നു. അതില്‍ തര്‍ക്കമൊന്നുമില്ല, പക്ഷേ, അന്ന് കൊണ്ടു വന്ന ബില്ലുകളൊക്കെ ചര്‍ച്ചയോടെയേ സഭ കടന്നിരുന്നുള്ളു. പിന്നീട് യുപിഎ സര്‍ക്കാരിന്റെ കാലത്തും സമാനമായിരുന്നു സ്ഥിതി. ഞാന്‍ രാജ്യസഭയില്‍ ഉള്ളപ്പോള്‍ എഡ്യുക്കേഷന്‍ ട്രിബ്യൂണല്‍ ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. ഇന്ത്യയിലെ മൊത്തം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പരാതികള്‍ ഉണ്ടെങ്കില്‍ അതെല്ലാം ട്രിബ്യൂണല്‍ വഴിയാക്കുകയും അതിന്റെ അപ്ലറ്റ് അതോറിറ്റി ഡല്‍ഹി കേന്ദ്രീകരിച്ച് ആക്കുന്ന നിര്‍ദേശമാണ് ബില്ലില്‍ ഉണ്ടായിരുന്നത്. എന്നുവെച്ചാല്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതികള്‍ക്കും പോലും വിഷയങ്ങളില്‍ ഇടപെടാന്‍ അവകാശമില്ല എന്ന മാറ്റം. മാനേജ്മെന്റിനെ സഹായിക്കാന്‍ വേണ്ടിയായിരുന്നു ആ ബില്ല്. കപില്‍ സിബലാണ് അന്ന് മന്ത്രി. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യത്തില്‍ സംസ്ഥാനത്തിന് അവകാശമില്ലാതാകുന്ന അവസ്ഥകാട്ടി ഞാനാണ് അന്ന് സഭയില്‍ സിപിഎമ്മിന് വേണ്ടി ബില്ലിനെ എതിര്‍ത്ത് സംസാരിച്ചത്. അത്ഭുതകരമെന്ന് പറയട്ടെ, അന്ന് സഭയിലെ ബിജെപി നേതാവ് മായാ സിംഗാണ്. അവര്‍ വിഷയം ചര്‍ച്ച ചെയ്ത് നമ്മുടെ സ്റ്റാന്റിനൊപ്പം നിന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായിരുന്ന കേശവറാവു അന്നുണ്ട്. അദ്ദേഹം പിന്നീട് ടിആര്‍എസില്‍ ചേര്‍ന്നു, അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പിനെ പിന്തുണച്ചു. ചുരുക്കത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായ കപില്‍ സിബല്‍ കൊണ്ടുവന്ന ബില്ല് പിന്‍വലിക്കേണ്ടി വന്നു. അന്ന് കോണ്‍ഗ്രസിന് പാര്‍ലമെന്റി ജനാധിപത്യമൊക്കെ അംഗീകരിച്ച് അവിടെ ചര്‍ച്ച ചെയ്യുന്ന സ്വഭാവമൊക്കെ ഉണ്ടായിരുന്നു. പിന്നീട് ഇപ്പോള്‍ സഭയിലും വന്ന മാറ്റങ്ങള്‍ കൂടുതല്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.

എന്തുകൊണ്ടായിരിക്കും പ്രതിരോധത്തിന്റെ ആദ്യ ശബ്ദമായി വിദ്യാര്‍ഥി സമൂഹം എക്കാലവും ഉയര്‍ന്നു വരുന്നത്?

ആദര്‍ശപരമായ കാഴ്ചപ്പാടുകള്‍ ഏറ്റവും ഫലപ്രദമായി വരുന്ന കാലം വിദ്യാര്‍ഥികളുടേതാണ് എന്നതാണ് അതിന്റെ മനശാസ്ത്രം. അവര്‍ക്ക് വര്‍ഗീയമായും ജാതീയമായും ഉള്‍പ്പെടെ പ്രത്യേക നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഇല്ല. പൊതുവില്‍ എല്ലാം നല്ലതായി വരണം എന്നതാണ് വിദ്യാര്‍ഥികളുടെ ചിന്ത. നല്ല ഊര്‍ജ്ജം, ഇഷ്ടം പോലെ പുതിയ കാര്യങ്ങള്‍ പഠിയ്ക്കുന്നു, ധാരാളം ആളുകളുമായി ഇടപഴകുന്നു എന്നിവ വിദ്യാര്‍ഥിത്വത്തിന്റെ പ്രത്യേകതയാണ്. ലോകത്തെവിടെയും നോക്കു, ഏറ്റവും നല്ല കാര്യങ്ങള്‍ക്ക് മുന്‍പന്തിയില്‍ ഉള്ളത് വിദ്യാര്‍ഥികളായിരിക്കും. അവര്‍ വഴിതെറ്റിക്കഴിഞ്ഞാല്‍ മറ്റുള്ളവരെ വഴി തെറ്റിക്കാനും എളുപ്പം പറ്റും. വിദ്യാര്‍ഥി സമൂഹം നന്‍മയോടെ ചിന്തിയ്ക്കും. അവര്‍ക്ക് ധൈര്യമുണ്ടാകും. ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഗുണമുണ്ടാകും. പിന്നെ മറ്റു ബാധ്യതകളും ജീവിതത്തിന്റെ പ്രാരാബ്ദങ്ങളുടെ മാറാലകളും മാറാപ്പുമൊന്നും അവരുടെ തലയിലേയ്ക്ക് വരുന്നില്ല എന്നതും പ്രധാനമാണ്. അങ്ങനെയൊക്കെയുള്ള കാലത്താണ് അവര്‍ നന്നായി പ്രവര്‍ത്തിക്കുക. വിദ്യാര്‍ഥികള്‍ക്ക് ആശയത്തിനനുസരിച്ച് സാംസ്‌കാരികമായി മുന്നോട്ടു വരാനുള്ള എല്ലാ സഹായവും സാമൂഹം ചെയ്യേണ്ടതാണ്.

എന്നാല്‍ വിദ്യാര്‍ഥിത്വം തലതിരിഞ്ഞ് പോയാല്‍ വിദ്യാഭ്യാസവും തകര്‍ത്ത്, പിന്നാലെ എല്ലാം തകര്‍ത്ത്, വല്ലാതെ വര്‍ഗീയതയും വന്ന്, തലതിരിഞ്ഞു പോകുന്ന രാജ്യം സാമ്പത്തികമായും സാങ്കേതികമായുമെല്ലാം തകര്‍ന്ന് പോകും. അത് ഇരുളടഞ്ഞ ഒരു ഗുഹയ്ക്കകത്ത് ഇരിക്കുന്ന പോല ആയിപ്പോകും. വാസ്തവത്തില്‍ അത് തകര്‍ക്കുന്നത് ആളുകളുടെ ജീവിതകാലത്തെയാകെയാണ്. ലോകത്തുള്ള എല്ലാ ഏകാധിപത്യ ഭരണകൂടങ്ങളും ഏറ്റവും ഭയപ്പെടുന്നത് യുവജനങ്ങളേയും വിദ്യാര്‍ഥികളേയുമാണ്, അല്ലെങ്കില്‍ അവരുടെ സ്വാതന്ത്ര്യത്തേയാണ്. സ്വതന്ത്ര്യമായ അഭിപ്രായത്തെ ഏകാധിപതികള്‍ ഇഷ്ടപ്പെടില്ല.

Content Highlights: Exclusive Interview with K N Balagopal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented