'ഭയങ്കരമായ അപമാനവും വല്ലാത്ത വിഷമവും തോന്നിയ നീറുന്ന അനുഭവമായിരുന്നു അത്' - നീനാ പ്രസാദ്


രമ്യ ഹരികുമാര്‍

മോഹിനിയാട്ടം നര്‍ത്തകി ഡോ.നീന പ്രസാദ് സംസാരിക്കുന്നു

നർത്തകി ഡോ.നീന പ്രസാദ്

മോയന്‍ എല്‍.പി. സ്‌കൂളില്‍നടന്ന തന്റെ മോഹിനിയാട്ടക്കച്ചേരി പോലീസിടപെട്ട് നിര്‍ത്തിപ്പിച്ചതായി ആരോപിച്ച് നര്‍ത്തകി നീനാ പ്രസാദ് രംഗത്ത് വന്നത് രണ്ടുദിവസം മുമ്പാണ്. സ്‌കൂളിന് തൊട്ടുപിന്നില്‍ താമസിക്കുന്ന ജില്ലാ ജഡ്ജി കലാംപാഷയുടെ നിര്‍ദേശപ്രകാരമാണിതെന്നാരോപിച്ച് നീനാ പ്രസാദ് ഫെയ്സ് ബുക്കില്‍ കുറിപ്പിട്ടു.

'ഇന്നലെ ഇതുവരെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലാത്ത ഒരനുഭവം കലാകാരിയെന്നനിലയില്‍ എനിക്കുണ്ടായി' എന്ന വാക്കുകളോടെയാണ് നീന തനിക്കുണ്ടായ ദുരനുഭവം കേരളീയ സമൂഹവുമായി പങ്കുവെച്ചത്. പരിപാടി തുടങ്ങി അല്പസമയമാവുമ്പോഴേക്കും ജില്ലാ ജഡ്ജിക്ക് ശബ്ദംകാരണം ബുദ്ധിമുട്ടുണ്ടാകുന്നു എന്ന കാരണത്താല്‍ പോലീസെത്തി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ഒരു സ്ത്രീയെന്ന നിലയിലും കലാകാരിയെന്ന നിലയിലും പ്രതിഷേധം രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് തോന്നിയതിനാലാണ് പ്രതികരിക്കുന്നതെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

വര്‍ഷങ്ങളായി കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് വേദികളില്‍ നൃത്തം ചെയ്യുന്ന മോഹിനിയാട്ടം നര്‍ത്തകിയാണ് ഡോ.നീന പ്രസാദ്. നൃത്തത്തെ ഉപാസിക്കുന്ന ഒരു കലാകാരി മാത്രമല്ല കേരളത്തിന്റെ തനതുകലയായ മോഹിനിയാട്ടം തന്നെ അപമാനിക്കപ്പെടുകയായിരുന്നുവെന്ന് പറയുകയാണ് നീന.

കേരളത്തിന് അകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ നൃത്തം ചെയ്തിട്ടുളള കേരളത്തിന്റെ മുഖമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന നര്‍ത്തകിയാണ് ഡോ.നീന പ്രസാദ്. വര്‍ഷങ്ങളോളം നീണ്ടുനിന്ന ഈ കലാജീവിതത്തില്‍ ആദ്യമായിട്ടായിരിക്കില്ലേ ഇത്തരമൊരു അനുഭവം?

അതേ, ഇങ്ങനെയൊരു അനുഭവം ജീവിതത്തില്‍ ആദ്യമായിട്ടാണ്. ഇത്രയും വര്‍ഷത്തെ കലാസപര്യയില്‍ എനിക്കുണ്ടായ ഭയങ്കരമായ അപമാനവും വല്ലാത്ത വിഷമവും തോന്നിയ വല്ലാതെ നീറുന്ന ഒരു അനുഭവമായിരുന്നു അത്. ഇത്തരമൊരു അനുഭവമുണ്ടായപ്പോള്‍ പലവിധ ചോദ്യങ്ങളാണ് എന്റെ മനസ്സില്‍ ഒരേ സമയത്ത് ഉയര്‍ന്നത്. എന്തുകൊണ്ട് അദ്ദേഹം ഇതുപറഞ്ഞു. ഒരാളുടെ വ്യക്തിപരമായിട്ടുളള ഇഷ്ടക്കേടാണെങ്കില്‍ അതും നിയമവുമായി ബന്ധപ്പെട്ടുളള ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തികളാകുമ്പോള്‍ അതെല്ലാം നോക്കണമല്ലോ സംസാരിക്കാന്‍.

പത്തുമണി കഴിഞ്ഞാല്‍ ഉച്ചഭാഷിണി പാടില്ല എന്ന നിയമമാണെങ്കില്‍ പോലും എന്റെ പരിപാടി നടക്കുന്നത് സേഫര്‍സോണിലാണ്, എട്ടരയ്ക്ക്. ഒരു അഞ്ചാറു തവണ ജഡ്ജിയുടെ അറ്റന്‍ഡര്‍ വന്നു, പോലീസ് വന്നു ഇപ്പോ നിര്‍ത്തില്ലേ നിര്‍ത്തില്ലേ എന്ന് ചോദിച്ച്. അപ്പോഴുണ്ടാകുന്ന മാനസിക സംഘര്‍ഷം ആലോചിച്ചുനോക്കൂ. എനിക്ക് ഒരുപാട് മോഹിനിയാട്ട ആസ്വാദകരുണ്ട്. പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട് സഖ്യമെന്ന പ്രൊഡക്ഷന്‍ അവതരിപ്പിക്കുന്നുണ്ട് എന്ന് അറിയിച്ചതനുസരിച്ച് എന്റെ കച്ചേരി കാണാന്‍ വന്നിരിക്കുന്നവരാണ് അവിടെയുണ്ടായിരുന്നവര്‍. അവരോട് ഞാന്‍ ഉത്തരം പറയണ്ടേ?

ഫോട്ടോ:ജി.പ്രമോദ്

സര്‍ഗാത്മകതയും പ്രാഗത്ഭ്യവും കൊണ്ട് ആസ്വാദകരെ ഉണ്ടാക്കിയെടുക്കുകയും ഒരു കലയെ അതുവഴി ഒരു സമുന്നത സാംസ്‌കാരിക മണ്ഡലത്തില്‍ പ്രതിഷ്ഠിക്കുകയാണ് ഞാനുള്‍പ്പടെയുളള കലാകാരന്മാര്‍/കലാകാരികള്‍ ചെയ്യുന്നത്. മോഹിനിയാട്ടം പോലുളള കേരളത്തിന്റെ തനതുകലയെ സമകാലിക പ്രസക്തമാക്കി നിര്‍ത്തുന്നതില്‍, അതില്‍ കലയും ജീവിതവും എല്ലാം കലര്‍ത്തി വരുന്നതുകൊണ്ടാണ് ഞങ്ങളെ പോലുളള നര്‍ത്തകര്‍ സമൂഹത്തില്‍ പ്രസക്തരാകുന്നത്. വളര്‍ന്നു വരുന്ന തലമുറകള്‍ക്ക് ഞങ്ങളെ പോലുളളവര്‍ ഒരു മാര്‍ഗദര്‍ശികളാണ് എന്ന് നിങ്ങള്‍ പറയുമ്പോള്‍ ഈ രീതിയിലുളള തടസ്സങ്ങള്‍ അവര്‍ക്ക് വല്ലാത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. ഒരുപാട് പേര്‍ കലയെ സ്‌നേഹിക്കുന്നു. കലയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു. ഇതെല്ലാമാണ് നമ്മുടെ പൈതൃകം എന്നുപറയുന്നത്.

അന്ന് അവിടെ ശബ്ദമാണ് പ്രശ്‌നമെങ്കില്‍ ശബ്ദമുഖരിതമായ ഒരുപാട് കലകള്‍ നമുക്കുണ്ടല്ലോ. പഞ്ചവാദ്യം ശബ്ദമുഖരിതമായ ഒന്നാണ്. ഇനി നൃത്തമാണെങ്കില്‍ തട്ടുപൊളിപ്പന്‍ ബോളിവുഡ് ഡാന്‍സിങ്‌ അല്ല അവിടെ നടന്നത്. മോഹിനിയാട്ടത്തിന് എല്ലാം സോബര്‍ ഇന്‍സ്ട്രുമെന്റ്‌സാണ്. വയലിന്‍, ഫ്‌ളൂട്ട്, മൃദംഗം എന്നൊക്കെ പറഞ്ഞാല്‍ വളരെ സോഫ്റ്റായ പക്കം ഉളള ഒന്നാണ് മോഹിനിയാട്ട കച്ചേരി. മോഹിനിയാട്ടം തന്നെ സ്ലോ ആന്‍ഡ് സോബര്‍ ആണ്. കേരള സമൂഹത്തില്‍ നമ്മളെല്ലാവരും പരസ്പരം അത്തരത്തിലുളള ശബ്ദങ്ങളെയും അപശബ്ദങ്ങളെയും വഹിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. ഒരു ക്ഷേത്രത്തില്‍ ഉത്സവമാണെങ്കില്‍ പത്തുദിവസം അവിടെ താമസിക്കുന്ന മുഴുവന്‍ പേരും എത്ര ബഹളമയമായ അന്തരീക്ഷത്തിലായിരിക്കും കഴിയുക.എല്ലാവര്‍ക്കും അത് ആസ്വദിക്കാനാവില്ല. എല്ലാവര്‍ക്കും സഹിക്കല്‍ അല്ലെങ്കില്‍ ഒരു ത്യാഗം ഉണ്ട്. അത് ജീവിതത്തിന്റെ ഭാഗമാണ്. പളളിയുടെ കാര്യമാണെങ്കിലും അങ്ങനെയല്ലേ അവിടെ പ്രഭാഷണങ്ങളുണ്ടാകും. ഇതെല്ലാം കേരളീയ ജീവിതത്തിന്റെ ഭാഗമായിട്ടുളള കാര്യമാണ്. നമ്മുടെ സാംസ്‌കാരിക ജീവിതത്തെ, കൂട്ടായ്മയെ ഒരുമിച്ച് നിര്‍ത്തുന്നതില്‍ വലിയ പങ്കുളള ഒന്നാണത്. അതില്‍ നമുക്ക് എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഗൗരവമുളള തസ്തികകളില്‍ ഇരിക്കുന്നവര്‍ ഈ സാമൂഹിക ഉത്തരവാദിത്വത്തെ കുറിച്ച് കൂടുതല്‍ ബോധമുളളവരായിരിക്കേണ്ടതുണ്ട്.

ഇനി വേറൊരു വശമുണ്ട്. എല്ലാവരുടെയും തൊഴിലിടത്തിന് ഒരു പ്രാധാന്യമുണ്ട്. ഒരോരോ തൊഴിലും ബഹുമാനമര്‍ഹിക്കുന്നുണ്ട്. എന്റെ തൊഴിലിനും അതേ ബഹുമാനം അവകാശപ്പെട്ടതാണ്. ഞങ്ങളുടെ സമയം ഒമ്പതുമുതല്‍ അഞ്ചുവരെയാകില്ല. ഞങ്ങള്‍ക്ക് ഇത് തൊഴിലാണ്, ജീവിതമാണ്. ആ തൊഴിലിടം മറ്റൊരാള്‍ക്ക് അസ്വസ്ഥമാണെങ്കില്‍ കുറച്ചുകൂടി സ്വസ്ഥമായ ഇടത്തേക്ക് മാറി ജീവിക്കുന്ന കാര്യം ഒരു ഓപ്ഷനാണ്.

സംഭവം ചര്‍ച്ചയായതോടെ ഔദ്യോഗികതലത്തിലോ അല്ലാതെയോ ആരെങ്കിലും ബന്ധപ്പെട്ടിരുന്നോ?

ഇല്ല, എന്നെ ആരും ബന്ധപ്പെട്ടിട്ടില്ല.

കോവിഡിന് ശേഷം കലാ-സാംസ്‌കാരികവേദികള്‍ ഉണര്‍ന്നുവരുന്നതേയുളളൂ

കോവിഡിന് ശേഷം എവിടെ പോയാലും ജനപ്രളയമാണ്. കണ്ണടച്ച് ഇരുന്നാല്‍ ലോകത്ത് നടക്കുന്നത് അറിയില്ല. ഇന്ത്യയില്‍ നിരവധി ആര്‍ട്ടിസ്റ്റുകളുണ്ട്. ഒരുപാട് ഇക്കോണമി ഇതിന്റെ ഭാഗമായിട്ടും ചലിക്കുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ ജീവിച്ചുപോരുന്നത്. എല്ലാവരുടേയും തൊഴില്‍ നടന്നുപോകണം. കോവിഡ് കഴിഞ്ഞിട്ട് കലാകാരന്മാര്‍ ജീവിതം ആരംഭിക്കുമ്പോള്‍ ഇത്തരത്തിലുളള നിരാശാജനകമായ സമീപനം അപലപനീയമാണ്. കാരണം കലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന എത്രയോ പേരുണ്ട്. ഇതെല്ലാം മനസ്സിലാക്കുമ്പോഴാണ് വിവേകപൂര്‍വം സമൂഹത്തില്‍ ഇടപെടാന്‍ കഴിയുന്നത്. ഏറ്റവും രസം പാലക്കാട് പോലെ സാംസ്‌കാരികമായൊരു മണ്ഡലത്തില്‍, സംഗീത കോളേജിന്റെ തൊട്ടടുത്താണ് വേദി. ഇത്രയും കലയും സംഗീതവും ഉളള ഒരിടത്താണ് ഈയൊരു സംഭവം നടന്നത് എന്നത് എനിക്ക് വളരെ ആശ്ചര്യമായിട്ടാണ് തോന്നുന്നത്.

ചലച്ചിത്രോത്സവങ്ങള്‍ക്ക് കിട്ടുന്ന ഒരു പ്രചാരം, അതേ കുറിച്ച് നടക്കുന്ന ചര്‍ച്ചകള്‍..നൃത്തോത്സവങ്ങള്‍ എത്രത്തോളം സജീവമാണ്

മുദ്ര ഫെസ്റ്റിവലുണ്ട്, നിശാഗന്ധി ഫെസ്റ്റിവലുണ്ട്. അങ്ങനെ ഒരുപിടിയുണ്ട്. എങ്കിലും ഇതില്‍ക്കൂടുതല്‍ ഉണ്ടാകേണ്ടതുണ്ട്. യുവതലമുറയില്‍ വളരെ കഴിവുളളവരുണ്ട്. ഇന്നത്തെ കണക്കിന് 40 വയസ്സാകുമ്പോഴാണ് അവര്‍ ശ്രദ്ധിക്കപ്പെടുക. അതുപോര, അവര്‍ ചെറുപ്പത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടണം. ഞാനൊരു കലാതിലകമായിരുന്നു. 25-26 വയസ്സാകുമ്പോഴേക്കും ഞാന്‍ പ്രൊഫഷണല്‍ വേദിയിലേക്ക് വന്നുകഴിഞ്ഞു. നൂറിലധികം ക്രിയേറ്റീവ് വര്‍ക്‌സ് ഞാന്‍ ചെയ്തിട്ടുണ്ട്. ഒരു ആയിരത്തഞ്ഞൂറ്-രണ്ടായിരം വേദികള്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്. അതുപോലെ യുവതലമുറയിലെ ആളുകള്‍ എത്തേണ്ടതുണ്ട്, അതിന് ഒരുപാട് വേദികള്‍ ഉണ്ടാകേണ്ടതുണ്ട്.

കേരളത്തില്‍ കലാകാരന്മാര്‍ക്ക് വളരാനുളള ഒരു അന്തരീക്ഷമാണോ നിലവിലുളളത്, കലാകാരന്മാരോടുളള സമീപനമെങ്ങനെയാണെന്നാണ് വിലയിരുത്തുന്നത്?

കേരളത്തില്‍ കലയോടുളള മനോഭാവത്തിന് വലിയ കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല. രക്ഷിതാക്കള്‍ മനസ്സിലാക്കേണ്ടത് കുട്ടികള്‍ക്ക് മാനസിക-ശാരീരിക ആരോഗ്യമുണ്ടാകുന്നത് സ്‌പോര്‍ട്‌സ് അല്ലെങ്കില്‍ ആര്‍ട്‌സ് ചായ്‌വ് വരുമ്പോഴാണ്. ശാരീരിക്ഷമത ഉണ്ടാവുക എന്നുളളതിനാണ് പ്രഥമപരിഗണന. കലകളിലേക്ക് തിരിയുന്ന കുട്ടിയെ വ്യക്തിപരമായി തന്നെ അത് വളരെയധികം സ്വാധീനിക്കും. ശാസ്ത്രീയകലകളുടെ ഒരു ഗുണം അതാണ്. ശാസ്ത്രീയ കലകള്‍ ഓരോ ദിവസവും നമുക്ക് ഓരോ വെല്ലുവിളി തന്നുകൊണ്ടിരിക്കും. ആ വെല്ലുവിളിയെ അഭിമുഖീകരിച്ച് മുന്നോട്ട് പോവുക എന്ന അവസ്ഥയിലേക്ക് എത്തുമ്പോള്‍ ഒരു വ്യക്തിയെന്ന നിലയില്‍ കുട്ടിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. നമ്മുടെ വ്യഥയും വിഷാദവുമെല്ലാം ആഗിരണം ചെയ്ത് എടുക്കാനുളള കഴിവുണ്ട് കലകള്‍ക്ക്. ഞാന്‍ കുട്ടികളോട് പറയാറുണ്ട് പ്രൊഫഷണല്‍ നര്‍ത്തകരാകാനാണ് പഠിക്കുന്നത് എന്ന് വിചാരിക്കരുത്. നിങ്ങളെ നിങ്ങളാക്കാനാണ് നൃത്തം പഠിക്കുന്നത് നിങ്ങളുടെ കരുത്ത് മനസ്സിലാക്കാനാണ് അത് പഠിക്കുന്നത് എന്ന്.

നൃത്തം പലര്‍ക്കും പാഷനാണ്, എന്നാല്‍ പ്രൊഫഷനാക്കാന്‍ ഭയമാണ്, പലരുടേയും വീട്ടുകാരും പ്രൊഫഷനായി നൃത്തം അംഗീകരിക്കാറില്ല

പ്രൊഫഷനാക്കാന്‍ ഭയപ്പെടേണ്ടതില്ല. നിങ്ങള്‍ക്ക് വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണോ? നോക്കൂ, മോഹന്‍ലാല്‍-മമ്മൂട്ടി എന്നീ താരങ്ങളുടെ കരിയറിലെ ആദ്യ കാലഘട്ടങ്ങള്‍ എങ്ങനെയായിരുന്നു.ചലച്ചിത്ര താരങ്ങളുടെ കാര്യങ്ങള്‍ പറയുന്നത് എങ്കിലേ നിങ്ങള്‍ക്ക് മനസ്സിലാകൂ എന്നത് കൊണ്ടാണ്. ഇതാണ് ചെയ്യേണ്ടത് ഇതാണ് പാഷന്‍ എന്ന് തിരിച്ചറിഞ്ഞ് അവര്‍ മുന്നോട്ടുപോയി. എന്നുപറഞ്ഞതുപോലെ നിങ്ങള്‍ എത്രത്തോളം പാഷണേറ്റ് ആണ് എന്നതാണ് നിങ്ങള്‍ കുടുംബത്തില്‍ തെളിയിക്കേണ്ടത്.

തൊഴില്‍ എന്ന രീതിയില്‍ നൃത്തമെടുത്താല്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടതില്ല. ഒരു പത്തുപേര്‍ക്ക് ക്ലാസ് കൊടുത്താല്‍ തന്നെ സ്വയംതൊഴിലായി. നേരെ മറിച്ച് നിങ്ങള്‍ ഒരു പെര്‍ഫോമറാകുകയാണെങ്കില്‍ നിങ്ങള്‍ക്ക് അങ്ങേയറ്റം സമര്‍പ്പിത മനോഭാവമുണ്ടായിരിക്കണം. കൃത്യമായ ചിട്ടയുളള ജീവിതശൈലി ഉണ്ടായിരിക്കണം. വായന ഉണ്ടായിരിക്കണം, ചിന്തകള്‍ ഉണ്ടായിരിക്കണം. വെല്ലുവിളികള്‍ സ്വീകരിക്കാനുളള ധൈര്യവും ഉണ്ടായിരിക്കണം. അതാണ് സ്വയം ആലോചിക്കേണ്ടത്. നിങ്ങളീ വിഭാഗത്തിലാണ് പെടുന്നതെങ്കില്‍ പൂര്‍ണമായ വിശ്വാസം നിങ്ങളിലുണ്ടായിരിക്കുക, വിട്ടുവീഴ്ചകളില്ലാതെ പരിശ്രമിക്കുക. നിങ്ങള്‍ വിചാരിക്കാത്ത രീതിയിലേക്ക് കാലം നിങ്ങളെ നയിച്ചുകൊണ്ടുപോയ്‌ക്കോളും. അതുറപ്പ്.

കേരളത്തില്‍ പ്രഗത്ഭരായ നര്‍ത്തകര്‍ ഒരുപാടുണ്ട്, നൃത്തത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവര്‍. പക്ഷേ സിനിമയുടെ പശ്ചാത്തലമുളളവരാണ് പലപ്പോഴും നൃത്തവേദികളില്‍ ശ്രദ്ധ നേടുന്നത് എന്ന് തോന്നിയിട്ടുണ്ടോ?

കേരളത്തില്‍ മാത്രമേ അങ്ങനെയുളളൂ. എന്നാല്‍ സിനിമാതാരങ്ങള്‍ക്ക് ഒരു ഘട്ടത്തില്‍ മാത്രമാണ് തിളങ്ങാനാകുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുളളത്, അവര്‍ ലൈംലൈറ്റില്‍ നില്‍ക്കുമ്പോള്‍ മാത്രം. അതുകഴിഞ്ഞാല്‍ ഒരുപാട് വെല്ലുവിളികള്‍ അവര്‍ നേരിടേണ്ടി വരുന്നു. പക്ഷേ യഥാര്‍ഥ കലകളിലൂടെ വരുന്നവരുടെ കാര്യം അങ്ങനെയല്ല. നൈരന്ത്യരത അവര്‍ക്ക് ഒരു അനുഗ്രഹമായി തന്നെ ഇരിക്കും. അലര്‍മേല്‍ വള്ളി, രമാവൈദ്യനാഥന്‍ തുടങ്ങിയ നര്‍ത്തികമാരെ നോക്കൂ ഓരോ ദിവസവും അവരുടെ പ്രസക്തി വര്‍ധിച്ചുകൊണ്ടേയിരിക്കും. കലാപരമായ അവരുടെ അനുഭവജ്ഞാനം അതുല്യമായ ഒരു സമ്പത്തായി വരുമ്പോള്‍ അവര്‍ക്കുളള ബഹുമാനം ഉയരും.

നമ്മുടെ നാട്ടില്‍ സിനിമാകലകളിലുളള മൂല്യം താരമൂല്യമായി കണക്കിലെടുത്തുകൊണ്ടാണ് വന്‍പ്രതിഫലം നല്‍കി കൊണ്ടുവരുന്നത്. ഇതിനര്‍ഥം നടിമാര്‍ മോശം നര്‍ത്തകരാണെന്ന് എനിക്ക് അഭിപ്രായമുണ്ടെന്നല്ല. എന്നാല്‍ സംഘാടകര്‍ മറ്റു പ്രൊഷഫണല്‍സിനേയും അവരുടെ വൈദഗ്ധ്യത്തെ മാനിച്ചുകൊണ്ട് പ്രതിഫലം നല്‍കാന്‍ ബാധ്യസ്ഥരാണ്. പ്രൊഫഷണല്‍ നര്‍ത്തകര്‍ക്ക് മികവുണ്ടെങ്കില്‍ ഒരുകാലത്തും ആശങ്ക വേണ്ട. അവര്‍ക്ക് എവിടെ പോയാലും ആണ്‍-പെണ്‍വ്യത്യാസമില്ലാതെ പാക്ക്ഡ് ഓഡിയന്‍സ് ഉണ്ട്, കാത്തിരിക്കുന്ന ആസ്വാദകരുണ്ട്.

എന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ കഴിഞ്ഞ ദിവസമുണ്ടായത് ഒഴിച്ചാല്‍ ഇന്നുവരെ യാതൊരത്തിലുമുളള തിക്താനുഭവങ്ങളുമില്ല. ഞാന്‍ ചെയ്യുന്ന സര്‍ഗാത്മകമായ അവതരണങ്ങള്‍ കാണാനും അഭിപ്രായം പറയാനും വിമര്‍ശിക്കാനും സന്തോഷമുളള അനേകം ആസ്വാദകര്‍ ഉണ്ട് എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം. അവരുടെ മുന്നില്‍ ഞാന്‍ അങ്ങേയറ്റം വിനയാന്വിതയാണ്. അവരുളളതുകൊണ്ടാണ് ഞാനുളളത്.

കാലിക പ്രസക്തമായ വിഷയങ്ങളില്‍, സമൂഹത്തില്‍ കലയ്ക്ക് എങ്ങനെ ഇടപെടാന്‍ സാധിക്കും

കലകള്‍ക്കുളള സാധ്യത എന്താണ് എന്നുവെച്ചാല്‍ അതില്‍ ജീവിതം പ്രതിഫലിക്കും. ദേവയാനിയാണ് ഞാന്‍ അവസാനം ചെയ്ത പ്രൊഡക്ഷന്‍. ദേവയാനി കചനെ പ്രണയിച്ചു. യയാതിയുടെ ഭാര്യയായി. രണ്ടുപേര്‍ പ്രണയിക്കുന്നു. ആ പ്രണയം സഫലമായാല്‍ രണ്ടുപേരും സന്തുഷ്ടരാകും. അതല്ലെങ്കില്‍ ഇന്ന് ആസിഡ് ഒഴിക്കും,അല്ലെങ്കില്‍ വീട്ടില്‍ കയറി കുത്തിക്കൊല്ലും. പണ്ടാണേല്‍ ശപിക്കും. ഇങ്ങനെ മാനുഷിക ബന്ധങ്ങളിലുളള സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും ആഴമില്ലായ്മ ദേവയാനി തിരിച്ചറിയുന്നത് ഒരുപക്ഷേ നമ്മള്‍ തിരിച്ചറിയുന്നത് പോലെത്തന്നെയാണ്. ദേവയാനി ഒരുദാഹരണം മാത്രം. ഞാന്‍ ഉദ്യമിച്ചിട്ടുളള വിഷയങ്ങളില്‍ എല്ലാം നേടിയ തിരിച്ചറിവ് കല ജീവിതത്തിന്റെ പകര്‍ന്നാട്ടമാണ് എന്നതാണ്.

നൃത്തത്തില്‍ ലിംഗഭേദത്തിന് സ്ഥാനമുണ്ടോ? കഥകളിക്ക് കലാമണ്ഡലത്തില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയത് വാര്‍ത്തയായിരുന്നല്ലോ?

കലയില്‍ ജെന്‍ഡറിന് പ്രസക്തിയില്ല. കലയാണ് പ്രധാനം. കലയ്ക്ക് ജെന്‍ഡറില്ല. എന്നുവെച്ചാല്‍ കല- ആര്‍ട്ടിസ്റ്റിക് ജീനിയസ് ഇതുരണ്ടും മാത്രമാണ് വിഷയമാകുന്നത്. പുറകോട്ട് നടന്നുനോക്കൂ.. അമ്മന്നൂര്‍ മാധവ ചാക്യാര്‍, ഉഷാ നങ്ങ്യാര്‍ ഇവരെല്ലാവരും കൂടിയാട്ടത്തെ പ്രതിനിധീകരിക്കുന്നവരാണ്. അവിടെ ആണ്, പെണ്ണ് അതൊന്നും ഒരു കാര്യമല്ല. കഥകളിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ഒത്തിരി പെണ്‍കുട്ടികളുണ്ട്. അവരൊക്കെ വരട്ടേ. അങ്ങനെ വരുമ്പോള്‍ ജെന്‍ഡര്‍ എല്ലാം അപ്രസക്തമായി തീരും.

കാലത്തിന് അനുസരിച്ച് ക്ലാസിക്കല്‍ കലകള്‍ പ്രസക്തമായിക്കൊണ്ടിരിക്കും. കലകളുടെ പശ്ചാത്തലം തന്നെ അങ്ങനെയാണ്. അതിനകത്ത് ഒരു റീകണ്‍സ്ട്രക്ഷന്‍ നടക്കും. പണ്ട് ദൈവം, ഭക്തി എന്നിവയോട് ചേര്‍ന്നായിരുന്നു കല നിന്നിരുന്നത്, ഇന്ന് അങ്ങനെയല്ല നില്‍ക്കുന്നത്. സമൂഹവും ജീവിതവും ജീവിതത്തിന്റെ ചുറ്റുപാടുമായി അത് പ്രതിഫലിക്കുന്നുണ്ട്. കല സ്വയം ഉദ്ധരിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടാണ് അത് കാലത്തെ അതിജീവിക്കുന്നത്. സമൂഹത്തില്‍ എന്നും പ്രസക്തമായിരിക്കുന്നത്.

മോഹിനായട്ടത്തിന് ആധുനിക മുഖം നല്‍കിയ നര്‍ത്തകിയാണ്. മോഹിനിയാട്ടം എന്ന കലാരൂപത്തെ കുറിച്ച് പറയുമ്പോള്‍ ഭരതനാട്യത്തിനും കഥകളിക്കും ഇടയിലുളള ഒന്ന് എന്ന വിശദീകരണങ്ങളാണ് വരാറുളളത്. അതിനുപകരം മോഹിനിയാട്ടത്തിന് ഒരു നിര്‍വചനമൊരുക്കാന്‍ അല്ലെങ്കില്‍ ഒരു പാഠപുസ്‌കതമൊരുക്കണമെന്ന് നീന എപ്പോഴും ആഗ്രഹിച്ചിരുന്നല്ലോ?

അതേ, അതിന്റെ ജോലിയിലാണ്. അത് ഉടനെ ടെക്‌സ്റ്റായി വരും. കൊറോണ സമയത്ത് അത് ഇടയ്ക്ക് ഒന്ന് നിന്നുപോയി. ആധുനിക പ്രവര്‍ത്തനസമ്പ്രദായങ്ങള്‍, ബോധനവിദ്യ എന്നിവ മുന്നോട്ട് വെച്ചുകൊണ്ടുളള മോഹിനിയാട്ടത്തിന്റെ ശരീരഭാഷ..., മോഹിനിയാട്ടത്തിന്റെ ശരീരഭാഷയാണ് മാറിപ്പോയത്. ആ ശരീരഭാഷയെയാണ് പുതിയ ലിപികളില്‍ ഭാഷയില്‍ നിര്‍ണയിക്കുന്നത്. അത് ഭാവി തലമുറയ്ക്ക് ഒരു പാട് പ്രയോജനം ചെയ്യുന്ന ഒന്നായിരിക്കും.

Content Highlights: Dr. Neena Prasad special Interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented