ഡോ.അരുൺ സക്കറിയ, പിടി-7 : ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി, പിപി രതീഷ്
ചെറുപ്പത്തിലേ കാടിന്റെ വഴിയെ പോയ ആളാണ് ഡോ. അരുണ്‍ സക്കറിയ. കണ്ണടച്ചാല്‍ അദ്ദേഹം കാണുന്നത് കാടുകളാണ്. കാതില്‍ മുഴങ്ങുന്നത് കാടിന്റെ സംഗീതമാണ്. ആനയും കടുവയും പല തവണ ആക്രമിച്ചിട്ടും പരാതിയോ പരിഭവമോ ഇല്ല. ഏത് നിമിഷവും കൊടുങ്കാട് കയറാനും അക്രമിച്ച് കീഴടക്കാന്‍ എത്തുന്ന മൃഗങ്ങളെ പിടിച്ച് കെട്ടാനുമെല്ലാം അരുണ്‍ സക്കറിയ തയ്യാറാണ്. മനുഷ്യരെപ്പോലെ പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന് മൃഗങ്ങളും. മനുഷ്യരേക്കാള്‍ കൂടുതല്‍ അദ്ദേഹം പഠിച്ചതും മൃഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചാണ്. കാടുകയറിയ ജീവിതത്തെക്കുറിച്ച്, ജോലിയോടുള്ള പ്രണയത്തെക്കുറിച്ച് ഡോ. അരുണ്‍ സക്കറിയ സംസാരിക്കുന്നു.
പിറന്നാള്‍ സമ്മാനം കിട്ടിയ ഫോര്‍മാലിന്‍, കാടുകയറിയ വായന ഒടുവില്‍, കാടില്ലാതെ പറ്റില്ലെന്നായ ജീവിതം
ശരിക്കു പറഞ്ഞാല്‍ ഞാന്‍ കോഴിക്കോട്ടുകാരനാണ്, എന്റെ അമ്മ ബയോളജി ടീച്ചര്‍ ആയിരുന്നു, മിക്കവാറും പിറന്നാളിനൊക്കെ ഒരു കുപ്പി ഫോര്‍മാലിന്‍ ആണ് ഗിഫ്റ്റ് ആയി കിട്ടുക. പാമ്പിനെയൊക്കെ തല്ലിക്കൊന്ന് ഫോര്‍മാലിനില്‍ ഇടുന്ന പരിപാടിയൊക്കെ അന്നേ ചെയ്തിട്ടുണ്ട്, വായനാശീലവും അന്നേയുണ്ടായിരുന്നു, കാടിനെക്കുറിച്ചൊക്കെ ഞാന്‍ നന്നായി വായിച്ചു,അങ്ങനെ ചെറുപ്പത്തില്‍ തന്നെ വൈല്‍ഡ് ലൈഫ് ഒരു പാഷന്‍ ആയി. അതിനൊപ്പം വായനയും കൂടി, കാടിനോടുള്ള ഇഷ്ടം കൂടി, അതുപോലെ മൂത്ത സഹോദരന്‍ ഡോ. അനില്‍ സക്കറിയയുടെ ജോലിയോടുള്ള പാഷന്‍, അങ്ങനെ വീട്ടിലെ സാഹചര്യവും കാടിനോളുള്ള എന്റെ ഭ്രമവും കൂടി ചേര്‍ന്നപ്പോള്‍ ഞാന്‍ വിജയകരമായി ഈ പ്രൊഫഷനില്‍ എത്തിച്ചേര്‍ന്നു. അതിനോട് വല്ലാതെ അടുക്കുകയും ചെയ്തു. ഇന്ന് കാടില്ലാത്ത ജീവിതം എന്നെ സംബന്ധിച്ചിടത്തോളം പ്രായസകരമായ ഒന്നാണ്.
കൂടുതല്‍ പഠിച്ചത് ആനയെ, ആദ്യം മയക്കുവെടിച്ചതും ആനയെ
1999-ല്‍ കുറിച്യാട് റേഞ്ചില്‍ ആയിരുന്നു ആദ്യത്തെ മയക്കുവെടിവെക്കല്‍ ദൗത്യം. മുന്‍കാലില്‍ ബുള്ളറ്റ് കയറി പരിക്കേറ്റ് വ്രണമായി അങ്ങനെ കോണ്‍ഫ്‌ലിക്റ്റിലേക്ക് വന്ന ആനയായിരുന്നു അത്. ആദ്യമായി തോക്ക് എടുത്തത് അന്നാണ്. ഈ തോക്ക് ഇങ്ങനെ തന്നെയാണോ ഉപയോഗിക്കേണ്ടത് എന്ന് പോലും അന്ന് സംശയം ഉണ്ടായിരുന്നു. ഒരു പഴയ തോക്കാണ് കയ്യില്‍ ഉണ്ടായിരുന്നത് അത് ക്ലീന്‍ ചെയ്ത് എടുത്തു. മരുന്ന് ഒക്കെ സംഘടിപ്പിച്ച് ആനയെ മയക്കുവെടി വെച്ച് കീഴടക്കി. അതിന്റെ മുന്‍കാലിലെ മുറിവ് ഒരു മാസത്തോളം ചികിത്സിച്ചപ്പോള്‍ തന്നെ നല്ല വ്യത്യാസം വന്നു തുടങ്ങി. അതുവരെ ആ ആന ആ കാലില്‍ ഒട്ടും വെയിറ്റ് കൊടുക്കില്ലായിരുന്നു, പക്ഷെ അസുഖം ഭേദമായി തുടങ്ങി എന്ന് അതിന് തന്നെ തോന്നിയപ്പോള്‍ ഒരു ദിവസം കാലിന് വെയിറ്റ് കൊടുത്തു കാലില്‍ വീണ്ടും മുഴുവനായി പൊട്ട് വന്ന് ആ ആന വീണു. ആ വീഴ്ചയും എനിക്ക് പുതിയ പാഠം ആയിരുന്നു. ഒരു ആനയെ സംബന്ധിച്ച് അത് അതിന്റെ മുന്‍കാലിലാണ് അതിന്റെ മൊത്തം ഭാരത്തിന്റെ 60-70 ശതമാനം വെയിറ്റ് കൊടുക്കുക എന്ന് അങ്ങനെയാണ് പഠിച്ചത്. ആ ആനയെ നോക്കുമ്പോള്‍ അതിന്റെ മറ്റ് കാലുകള്‍ ശരിക്കും കുഞ്ഞുങ്ങളുടെ കാലിന്റെ അടി പോലെ ആയിരുന്നു. മുന്‍കാലില്‍ പരിക്കേറ്റ് ആന തളര്‍ന്നാല്‍ അതിനെ തിരിച്ച് കൊണ്ടുവരാന്‍ ആര് ശ്രമിച്ചാലും പ്രത്യേകിച്ച് കാര്യമില്ലെന്ന് അന്നാണ് തിരിച്ചറിയുന്നത്. അതാണ് ആദ്യത്തെ മയക്കുവെടി അനുഭവം.

കടിച്ചുകീറാന്‍ വന്ന കടുവ, ജീവന്‍ ബാക്കിയുണ്ടാവില്ലെന്ന് മനസ്സുപറഞ്ഞു
പല തവണ മരണം മുന്നില്‍ കണ്ടിട്ടുണ്ട്. അതില്‍ ഏറ്റവും നടുക്കമുള്ള ഓര്‍മ്മ എന്ന് പറയുന്നത് 2014-ലേതാണ്, ഒരു കടുവ വയനാട്ടില്‍ വാകേരി മേഖലയില്‍ പുറത്തിറങ്ങി. ഒരു തരത്തിലും ഇത് തിരിച്ച് കാടുകയറി പോവുന്നില്ല. അങ്ങനെ ഞങ്ങള്‍ കടുവയെ പിടിക്കാന്‍ വേണ്ടി പോയി. ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ ഒരു ചെറിയ കുന്നിന്റെ മുകളില്‍ കടുവ നില്‍ക്കുന്നു. കടുവയെ പിടിക്കുന്നത് കാണാന്‍ ആയിരക്കണക്കിന് ആളുകളും അവിടെ തമ്പടിച്ചിരിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞാനും എന്റെ രണ്ട് വാച്ചര്‍മാരും തോക്കും എടുത്ത് കടുവയെ നോക്കാനായി പോയി. പെട്ടന്ന് തന്നെ കടുവ തൊട്ടടുത്ത് എത്തി, അത് കൊല്ലാനായി ചാടി വീണു, കൂടെ ഉള്ളര്‍ ഓരോ സൈഡിലേക്ക് ഓടി. ഞാന്‍ നോക്കുമ്പോള്‍ എന്റെ പുറകില്‍ കടുവയുണ്ട്. ഞാന്‍ ഒന്നു തിരിഞ്ഞു. കടുവയും എന്റെ നേരെ തിരിഞ്ഞു. എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ ഞാന്‍ തോക്കുകൊണ്ട് അതിനെ അടിക്കാന്‍ നോക്കി. അതോടെ അത് മേലേയ്ക്ക് ചാടി വീണു. മരിച്ചു എന്ന് ഉറപ്പിച്ചതാണ്. പക്ഷെ, തലനാരിഴയ്ക്ക് എന്നൊക്കെ പറയാം. എനിക്ക് ബൂട്ട് കൊണ്ട് അതിന്റെ നെഞ്ചില്‍ ചവിട്ടാന്‍ പറ്റി. ചവിട്ടിയ ഉടനെ തോക്ക് എടുത്ത് അതിന്റെ വായില്‍ കുത്തിക്കയറ്റി. രണ്ടു മൂന്ന് മിനിറ്റ് അത്രയും വലിയ ഒരു മൃഗത്തോട് ജീവന്‍ തിരിച്ച് കിട്ടാന്‍ വേണ്ടി ഫൈറ്റ് ചെയ്യേണ്ടി വന്നു. അപ്പോഴേക്കും എന്റെ മുഴുവന്‍ സ്റ്റാഫും വന്നു. കടുവയെ വെടിവെച്ച് ഞങ്ങള്‍ ഓടി. അന്ന് ഞാന്‍ മരിച്ചുപോകുമെന്നു വിചാരിച്ചതാണ്, പക്ഷെ രക്ഷപ്പെട്ടു, അതിന് ശേഷവും സമാനമായി സാഹചര്യത്തിലൂടെ പല തവണ കടന്ന് പോയി.
ഇടയ്ക്ക് അധ്യാപനം, തിരിച്ചുവന്നത് ഫ്രീ റേഞ്ചിങ് കണ്‍സര്‍വേറ്റീവ് മെഡിസിനില്‍ ഇന്ത്യയിലെ തന്നെ തുടക്കക്കാരനായി
1998 ഡിസംബറിലാണ് ഞാന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോയിന്‍ ചെയ്യുന്നത്. വയനാട്ടില്‍ അസിസ്‌ററന്റ് ഫോറസ്റ്റ് ഓഫീസര്‍ ആയിട്ടായിരുന്നു നിയമനം. ഈ കാണുന്നതായിരുന്നില്ല അന്നത്തെ വനം വകുപ്പ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അവസ്ഥ. ജീവനക്കാരില്ല, വണ്ടിയില്ല, ലാബ് ഇല്ല, ഓഫീസ് ഇല്ല, ഒന്നുമില്ല. ആകെയുളളത് ഞാന്‍ മാത്രം. അവിടെനിന്ന് ഘട്ടംഘട്ടമായി വികസിപ്പിച്ചെടുത്താണ് ഇന്ന് കാണുന്ന സൗകര്യങ്ങളെല്ലാം. ആദ്യം ഓഫീസ് ഉണ്ടാക്കി. പിന്നെ ക്ലിനിക്ക് ഉണ്ടാക്കി, ലാബ് ഉണ്ടാക്കി, പിന്നീട് ഓരോ ജീവനക്കാരെയായി അനുവദിച്ച് തുടങ്ങി. അങ്ങനെ പതിയെപ്പതിയെ ആണ് ഇവിടെ വരെ എത്തിയത്. ഫ്രീ റേഞ്ചിങ് വൈല്‍ഡ് ലൈഫിലേക്ക് അന്ന് ആരും ഇറങ്ങിയിട്ടില്ല, ഞങ്ങളാണ് ആദ്യമായി ഇറങ്ങുന്നത്. പണ്ടുണ്ടായിരുന്ന പ്രധാന ജോലിയെന്നു പറയുന്നത് പിടിച്ച് കൂട്ടിലാക്കുന്ന ആനകളെ പരിപാലിക്കുക എന്നതായിരുന്നു. ഇത്തരം ക്യാമ്പ് എലിഫന്റുകളെ വിറ്റൊഴിവാക്കിയതോടെ ആ പണി കുറഞ്ഞു. അവിടുന്ന് പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. ഫ്രീ റേഞ്ചിങ് വൈല്‍ഡ് ലൈഫ് അല്ലെങ്കില്‍ ഫ്രീ റേഞ്ചിങ് കണ്‍സര്‍വേറ്റീവ് മെഡിസിന്‍ എന്ന മേഖലയിലേക്ക് അങ്ങനെയാണ് എത്തുന്നത്. ഇന്ത്യയില്‍ തന്നെ ഇതിന് തുടക്കമിട്ടത് ഞങ്ങളാണ്. പക്ഷെ, ആ ഒരു സമയത്ത് ഇന്ന് ഉള്ളത്രയും ഏറ്റുമുട്ടലുകളൊന്നും ഇല്ലായിരുന്നു. എന്നിരുന്നാലും ഈ മൃഗങ്ങളേയും അവരുടെ അസുഖങ്ങളേയും ഒക്കെ പഠിച്ചു തുടങ്ങി. അതിനിടെ, ഉന്നത പഠനത്തിനായി ഞാന്‍ യു.കെയിലേക്ക് പോയി. അതുകഴിഞ്ഞ് തിരിച്ചുവന്ന് ജോലിയില്‍ പ്രവേശിക്കുന്നത് 2007-ലാണ്. രണ്ടുമൂന്നു വര്‍ഷം വെറ്റിനറി യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ജോലി നോക്കിയിരുന്നു. പക്ഷെ, കാടില്ലാതെ എനിക്ക് പറ്റില്ലെന്നായപ്പോള്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് തിരിച്ചുവന്നു.

എല്ലാവരോടും ഞാന്‍ ചാടാന്‍ പറഞ്ഞു, ആന എന്റെ കാലില്‍ പിടിച്ചു, കടിയും കിട്ടി
വയനാട്ടില്‍ ആനയെ മയക്കുവെടി വെച്ച് കൂട്ടിലാക്കിയതിന് ശേഷമാണ് പരിക്ക് പറ്റിയത്. അന്ന് ആനയെ പിടിക്കാന്‍ അതിന് നല്ല ഡോസ് കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഡീപ്പ് സെഡേഷനില്‍ ആയിരുന്നു ആന. സാധാരണ മയക്കുവെടി വെച്ച ആനയെ ലോറിയില്‍നിന്ന് പുറത്തിറക്കാന്‍ കുങ്കിയെ ഉപയോഗിക്കും. പക്ഷെ അന്ന് കുങ്കി ഉണ്ടായിരുന്നില്ല. രണ്ട് കുങ്കികള്‍ പാലക്കാട് ആയിരുന്നു, മറ്റ് രണ്ട് പേര് ഈ ആനയെ മയക്കുവെടി വെച്ച സൈറ്റില്‍ ആയിരുന്നു, ആനയെ ലോറിയില്‍ കയറ്റാന്‍ അതിന് ആന്റി ഡോട്ട് കൊടുക്കണം. ഇന്‍ട്രാവീനിയസ് ആണ് കൊടുക്കേണ്ടത്. ആനയെ മുഴുവനായും റിവൈവ് ചെയ്ത് ലോറി കൂടിനോട് ഡോക് ചെയ്ത് വെച്ച് ഇറക്കാന്‍ ആയിരുന്നു പരിപാടി. ആനയുടെ ചെവിയില്‍ മാത്രമേ വെയിന്‍ കിട്ടുള്ളൂ, അങ്ങനെ ആനയുടെ അടുത്തുചെന്നു. ചെവിയില്‍ ഡോട്ട് കൊടുത്ത ഉടന്‍ തന്നെ അത് എഫക്ട് ചെയ്തു. അപ്പോ തന്നെ ആന തുമ്പിക്കൈ പൊക്കി കാലില്‍ പിടിച്ച് വലിച്ച് അകത്തിടാന്‍ നോക്കി. കൂടെ ഒരു കടിയും തന്നു. ആന എന്തെങ്കിലും ചെയ്യും എന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷെ, ഞാന്‍ കുറച്ച് കൂടി മുന്‍കരുതല്‍ എടുക്കേണ്ടതായിരുന്നു. ചില ആന്റി ഡോട്ട് അങ്ങനെയാണ്, പെട്ടെന്ന് ഫലിക്കും. അതിന്റെ റിസ്‌ക് ഉണ്ടായിരുന്നു, ആന ഉണരുന്നത് കണ്ട് ഞാന്‍ കൂടെ ഉള്ളവരോട് ചാടാന്‍ പറഞ്ഞു. മൂന്ന് പേരും ചാടി. പക്ഷെ, എന്റെ കാലിന് പിടി വീണു, കടിയും കിട്ടി. അതിന്റെ പരിക്ക് ഭേദമായി വരുന്നേയുള്ളൂ

ആന, പുലി, കടുവ.. മൃഗങ്ങളുടെ നീളുന്ന പട്ടിക, കട്ടയ്ക്ക് കൂടെനിന്ന കുടുംബം
മൃഗങ്ങളുണ്ടാക്കുന്ന കോണ്‍ഫ്‌ലിക്റ്റ് ഇടക്കാലത്ത് വല്ലാതെ കൂടി. ആളുകള്‍ക്ക് എന്റെ സേവനത്തിന്റെ ആവശ്യവും ജോലിയും കൂടി. സത്യം പറഞ്ഞാല്‍ നേരിടേണ്ടി വന്ന മൃഗങ്ങളുടെ എണ്ണം ഇടക്കാലത്ത് എന്റെ കയ്യില്‍നിന്ന് തന്നെ പോയി. ചികിത്സിക്കാനും പിടികൂടാനുമൊക്കെയായി അമ്പത്തഞ്ചിലധികം കാട്ടാനകളെ മയക്കുവെടിവെച്ച് പിടിച്ചിട്ടുണ്ട്. അതുപോലെ 37 കടുവ, നൂറിലധികം പുലികള്‍, കൂട്ടം തെറ്റി വന്നതും പലയിടത്തും കുടുങ്ങിപ്പോയതുമായി ഇരുപതോളം കരടികള്‍, കിണറ്റിലും മറ്റും വീണ കാട്ടുപോത്തുകള്‍... അങ്ങനെ എത്രയോ മൃഗങ്ങള്‍. കേരളത്തിന് പുറത്ത് പശ്ചിമ ബംഗാള്‍, കര്‍ണാടക, തമിഴ്‌നാട് അങ്ങനെ പലസ്ഥലത്തും പഠനത്തിന്റെ ഭാഗമായി ഇന്തോനേഷ്യന്‍ കാടുകളിലും ജോലിസംബന്ധമായി പോയിട്ടുണ്ട്. എപ്പോള്‍ എവിടെനിന്ന് വിളി വന്നാലും പോവാന്‍ റെഡിയാണ്. ഇപ്പോഴും കുടുബം അതേ നിലയ്ക്ക് സപ്പോര്‍ട്ട് ചെയ്യുന്നത് കൊണ്ട് ഇത്തരം കാര്യങ്ങള്‍ക്കൊക്കെ മുന്നിട്ടിറങ്ങാനും ഈ കരിയറില്‍ തുടരാനും പറ്റുന്നത്.
രണ്ട് മക്കളാണ്. ആദ്യത്തെയാള്‍ ഡോ. അഞ്ജലി. അവള്‍ ബാംഗ്ലൂര്‍ ഇംഹാന്‍സില്‍ ജോലി ചെയ്യുന്നു. രണ്ടാമത്തെയാള്‍ അപര്‍ണ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ടാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിയാണ്. ഭാര്യ ഡോ. സിന്ധു തിരുവനന്തപുരം അനിമല്‍ ഹസ്ബന്ററിയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്നു. ശരിക്കു പറഞ്ഞാല്‍ വെക്കേഷന്‍ ഇല്ല, ഹോളിഡേ ഇല്ല. ഞാന്‍ കൂടെയുള്ള സമയം കുറവ് അഥവാ അവര്‍ക്കൊപ്പം ഉണ്ടായാല്‍ പോലും ഏത് സമയവും തിരിച്ച് പോവേണ്ടി വരും. ഇതൊക്കെയാണ് എന്റെ പ്രൊഫഷന്‍ എന്ന് തിരിച്ചറിഞ്ഞ് കുട്ടികളും ഭാര്യയും അത്രയധികം അഡ്ജസ്റ്റ് ചെയ്യുകയും എന്നെ വല്ലാതെ മിസ് ചെയ്താലും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നത് തന്നെയാണ് എന്റെ വലിയ ഒരു ഭാഗ്യം എന്ന് പറയുന്നത്.
ധോണിയിലെ പിടി 7 പ്രതീക്ഷിച്ചത് 30 ദിവസത്തോളം, പിടകൂടിയത് 2 ദിവസം കൊണ്ട്
വയനാട്ടില്‍നിന്ന് കടുവയെ പിടികൂടിയ ശേഷം പിന്നീട് പോയത് പാലക്കാട്ടേക്ക് ആയിരുന്നു. ആളുകളൊക്കെ പേടിച്ചിരിക്കുന്നു. ദൗത്യത്തിന്റെ ആദ്യദിനം ആന മലയുടെ മുകളില്‍ കയറി നില്‍ക്കുകയായിരുന്നു. അത് ഒട്ടും അനുകൂലമായ ഒരു സാഹചര്യം ആയിരുന്നില്ല, മയക്കുവെടി വെക്കുക പ്രയാസം. മയക്കുവെടി വെച്ചാലും ആന താഴെക്ക് വീഴുമെന്ന പ്രതിസന്ധി. ആ മലയുടെ മുകളില്‍നിന്ന് താഴേക്ക് വണ്ടിയില്‍ കയറ്റി കൊണ്ടുവരാനുള്ള പ്രയാസം. അങ്ങനെ നിരവധി പ്രതിസന്ധികള്‍ ദൗത്യത്തിന്റെ ആദ്യദിനം ഉണ്ടായിരുന്നു. സാധാരണ 30 മുതല്‍ 35 ദിവസം വരെ ഒരു ആനയെ മയക്കുവെടി വെക്കാന്‍ വേണ്ടി വന്നേക്കും. ധോണിയിലെ പി.ടി 7-ന്റെ കാര്യത്തിലും അത്രയും ദിവസം വേണ്ടി വരുമെന്ന് പ്രതീക്ഷിച്ചാണ് ഞങ്ങള്‍ ദൗത്യത്തിന് ഇറങ്ങിയത്. പക്ഷെ, പ്രതീക്ഷിച്ചതിനേക്കാള്‍ എത്രയോ എളുപ്പത്തില്‍ രണ്ട് ദിവസം കൊണ്ട് നമുക്കത് സാധ്യമായി. 26 പേരുള്ള ഒരു കോര്‍ ടീം വയനാട്ടില്‍നിന്നും ഉണ്ടായിരുന്നു. 19 സ്റ്റാഫ് പാലക്കാട്ടുനിന്ന് ഉണ്ടായിരുന്നു. അങ്ങനെ ഒരു നല്ല ടീം ഉണ്ടായി. സാധാരണ അഞ്ച് ടീം ആയാണ് ദൗത്യത്തിന് ഇറങ്ങുക. ഒരു ട്രാക്കിങ് ടീം ഉണ്ടാവും വളരെ എക്‌സ്പീരിയന്‍സ്ഡ് ആയിട്ടുള്ള ട്രാക്കേഴ്‌സ് ആണ് ആ ടീമില്‍ ഉണ്ടാവുക. വന്യജീവിയുടെ അടുത്ത് അവരാണ് നമ്മളെ എത്തിക്കുക. അവരുടെ പ്രൊട്ടക്ഷന് വേണ്ടി മറ്റൊരു ടീം ഉണ്ടാവും. മയക്കുവെടി വെക്കുന്ന ഒരു ടീം. മരുന്ന്, വെള്ളം എന്നിവ കൊണ്ടുവരിക, മൃഗത്തെ ഹോള്‍ഡ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ ഒരു സപ്പോര്‍ട്ടിങ് ടീം. ഇതോടൊപ്പം കുങ്കി ആനകളും പാപ്പാന്‍മാരും ചേര്‍ന്ന ഒരു കുങ്കി ടീം. മയക്കുവെടി വെച്ചാല്‍ ആനയെ പരാമവധി ഒരു കിലോ മീറ്റര്‍ ഒക്കയെ നടത്തിക്കാന്‍ പറ്റൂ. അതുകൊണ്ട് ഇവയെ കാടിറക്കി കൊണ്ടുവരാന്‍ ഒരു ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടീം. ഇവര്‍ കാടുവെട്ടി തെളിച്ച് റാമ്പ് ഉണ്ടാക്കി, ആ റാമ്പിലൂടെ ലോറി കയറ്റി, ലോറിയിലേക്ക് ആനയെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇതൊക്കെ കണ്‍ട്രോള്‍ ചെയ്യാന്‍ ഒരു ഓഫീസേഴ്‌സ് ടീം അഥവാ മിഷന്‍ ടീം കൂടി ഉണ്ടാവും ഡി.എഫ്.ഒമാർ, സി.സി.എഫുമാർ, കണ്‍സര്‍വേറ്റര്‍ തുടങ്ങിയവരാണ് ഈ കണ്‍ട്രോണ്‍ ടീമില്‍ ഉണ്ടാവുക. ഇവരൊക്കെ ചേര്‍ന്നാണ് ഓരോ ദൗത്യവും വിജയിപ്പിക്കുന്നത്.

10 മീറ്റര്‍ അടുത്ത് എത്തിയാല്‍ കടുവ ചാടി വീഴും ഓടിയാലും രക്ഷയില്ല
ഒരു മൃഗത്തെ വെടിവെക്കുക എന്നത് ഒരിക്കലും ഒരു സുപ്രഭാതത്തില്‍ ഓടിപ്പോയി ചെയ്യാന്‍ പറ്റുന്ന കാര്യമല്ല. മൃഗത്തിന്റെ പെരുമാറ്റം അറിയണം. അത് എങ്ങനെ നമ്മളെ അപ്രോച്ച് ചെയ്യും എന്നും അതിനെ എങ്ങനെ നമ്മള്‍ അപ്രോച്ച് ചെയ്യണം എന്നും അറിയണം. എനിക്ക് ഒരു വാച്ചര്‍ ഉണ്ട്. കാട്ടാനയെ പുള്ളി തൊട്ട് കാണിച്ചു തരും. കാറ്റ് എവിടുന്നാണ് വരുന്നത്, ആനയുടെ ബിഹേവിയര്‍ എങ്ങനെയാണ് എന്നൊക്കെ നോക്കിയിട്ട്. ആനയെ ട്രാക്ക് ചെയ്ത് അതിന്റെ തൊട്ടടുത്ത് പോവാന്‍ ധൈര്യമുള്ള അദ്ദേഹത്തെ പോലെയുള്ള ആളുകള്‍ ഉണ്ട്. ഇതൊരു ലേണിങ് പ്രോസസ് ആണ്. ഇത് ടെക്സ്റ്റ് ബുക്കില്‍നിന്ന് പഠിച്ചെടുക്കാന്‍ പറ്റില്ല. ആനയെ മയക്കുവെടിവെക്കുന്നതിന്റെ ഡോസ് ഒക്കെ അങ്ങനെ മനസ്സിലാക്കി എടുക്കാം. പക്ഷെ, ഒരു കടുവയെ അപ്രോച്ച് ചെയ്യുമ്പോള്‍ എന്ത് ചെയ്യണം? ഒരു കടുവ അറ്റാക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ കൈകള്‍ ഒക്കെ സ്‌ട്രെച്ച് ചെയ്ത് നമ്മള്‍ നമ്മളെ ബിഗ് ആയി കാണിക്കുകയാണ് വേണ്ടത്. കടുവയുടെ 20 മീറ്റര്‍ അടുത്ത് എത്തുമ്പോള്‍ തന്നെ ഞാന്‍ ഇവിടെയുണ്ട് സൂക്ഷിച്ചോ എന്ന് കാണിക്കാനായി കടുവ ഒന്ന് മുരളും. വീണ്ടും ഒരു 10 മീറ്റര്‍ കൂടി നമ്മള്‍ മുന്നോട്ട് പോയാല്‍ ഉറപ്പായും കടുവ ചാടിവീഴും. അത് പിന്നെ കൊന്നിട്ടേ പോവൂ. ഇപ്പോള്‍ സ്ഥിരമായി ദൗത്യത്തിന് പോവുന്ന എട്ട് പേരടങ്ങുന്ന ഒരു ടീം ഉണ്ട്, മുമ്പില്‍ ഒരു ട്രാക്കര്‍, അവരെ പ്രൊട്ടക്റ്റ് ചെയ്യാന്‍ ഗണ്‍മാന്‍മാര്‍, നടുക്ക് ഞാന്‍, വീണ്ടും ഗണ്‍മാന്‍ ഒപ്പം സപ്പോര്‍ട്ടേഴ്‌സ് പിന്നെ ബയോളജിസ്റ്റ്. ഇങ്ങനെയാണ് ടീം. അസ്ത്രത്തിന്റെ രൂപത്തിലാണ് ഞങ്ങൾ സഞ്ചരിക്കുക. കാരണം തിരിഞ്ഞോടിയാൽ അപ്പോള്‍ മൃഗം അറ്റാക്ക് ചെയ്യും. അതുകൊണ്ടാണ് വെസ്റ്റ് ബംഗാള്‍ ഫോറസ്റ്റില്‍ ഉള്ള ആളുകള്‍ പുറകില്‍ മാസ്‌ക് വെച്ച് ഓടുന്നത്. കടുവയുടെ മുഖത്തേക്ക് നേരിട്ട് സൂക്ഷ്മമായി നോക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മള്‍ ഒരു ടീം ആവുമ്പോള്‍ വലുതായി 'ആരോ' പോലെ സഞ്ചരിക്കുമ്പോള്‍ പുറം തിരിഞ്ഞ് ഓടിയുണ്ടാവുന്ന അപകടവും ഒഴിവാകും. ഇതൊക്കെ ഒരു ലേണിങ് പ്രോസസിന്റെ ഭാഗമായി പഠിച്ചെടുക്കുന്ന കാര്യങ്ങളാണ്. തുടക്കത്തില്‍ അബദ്ധങ്ങള്‍ ഒക്കെ പറ്റിയിട്ടുണ്ട്, പിന്നെപ്പിന്നെയാണ് അനുഭവങ്ങളിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കുന്നത്.
പെട്ടന്ന് വന്യമൃഗത്തെ കണ്ടാല്‍?
വന്യമൃഗങ്ങള്‍ ധാരാളമുള്ള സ്ഥലങ്ങളിലേക്ക് ആകാംഷയോടെ കയറി ചെല്ലാതിരിക്കുക. അങ്ങനെ കയറുന്നത് പൂര്‍ണമായും ഒഴിവാക്കുക. ഏതെങ്കിലും സാഹചര്യവശാല്‍ ആനയുടെ മുന്നില്‍ ചെന്ന് പെട്ടാല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുക. കടുവയെ പോലെയുള്ള മൃഗങ്ങളാണെങ്കില്‍ ഓടിയിട്ടും കാര്യമില്ല. കാട്ടിനുള്ളിലേക്ക് കയറിപ്പോവുന്ന സാഹചര്യം ഒഴിവാക്കുക. റിസ്‌ക്ക് എടുക്കാതെ ഇരിക്കുക എന്നതാണ് പൊതുജനങ്ങളോട് പറയാനുള്ളത്.
ആനയെ തടവിലാക്കാന്‍ മനസ്സുണ്ടായിട്ടല്ല, കുങ്കി ആക്കുന്നത് അവസാനത്തെ വഴി
പിടിക്കുന്ന എല്ലാ ആനകളേയും കൊണ്ടു പോയി കുങ്കി ആക്കില്ല. തിരിച്ച് കാടുകയറ്റി വിട്ട സംഭവങ്ങള്‍ ധാരാളമായി ഉണ്ടായിട്ടുണ്ട്. രണ്ട് രീതിയിലാണ് കാര്യങ്ങള്‍. മൃഗങ്ങള്‍ ചിലപ്പോള്‍ ഹബിച്വുവേറ്റഡ് കോണ്‍ഫ്‌ലിക്റ്റ് ആനിമല്‍ ആവാം. ഇവരെ എവിടെ കൊണ്ടുപോയി ഇട്ടാലും അത് കോണ്‍ഫ്‌ലിക്റ്റ് ചെയ്യും. കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് ഒരു വലിയ മോഴയെ പിടിച്ചു. ട്യൂമര്‍ ഉള്ള ഒരു മോഴ. അത് വടക്കനാട് മേഖലയിലെ സ്ഥിരം ശല്യക്കാരന്‍ ആയിരുന്നു, അതിനെക്കൊണ്ട് ഒരു നിവൃത്തിയും ഇല്ലാതെയായപ്പോള്‍ അതിനെ മയക്കി പാലക്കാട് ശിരുവാണി എന്ന സ്ഥലത്ത് കൊണ്ടുപോയി വിട്ടു. പക്ഷെ, അതിന്റെ തൊട്ടടുത്ത ദിവസം ആ ആന ശിരുവാണി ജനവാസ മേഖലയില്‍ ഇറങ്ങി. ഇതാണ് ഇത്തരം മൃഗങ്ങളുടെ പ്രശ്‌നം. നേരെമറിച്ച്, കൂട്ടം തെറ്റി വന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ആനകള്‍ ഉണ്ട്. ഇവയെ തിരിച്ച് കാട്ടിലേക്ക് കയറ്റിവിട്ടാല്‍ പിന്നീട് ഇവരെ കൊണ്ട് പ്രശ്‌നവും ഉണ്ടാവില്ല. ഒരു മൃഗത്തെ അത് ഹബിച്വുവേറ്റഡ് കോണ്‍ഫ്‌ലിക്റ്റ് ആനിമല്‍ ആണോ എന്ന് ഉറപ്പാക്കയിട്ടേ അതിന് കുങ്കിയാക്കൂ. അത് കൃത്യമായി ആ മൃഗത്തെ പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ്. ഒരു മൃഗത്തെ പിടിച്ച് കൂട്ടിലാക്കുക എന്നത് ഏറ്റവും അവസാനത്തെ ഓപ്ഷന്‍ ആണ്. അങ്ങനെ ഒരു മൃഗത്തേയും തടങ്കലില്‍ വെക്കുന്നത് സന്തോഷമുള്ള കാര്യമല്ല. മുന്നില്‍ മറ്റൊരു വഴിയുമില്ലെങ്കില്‍ മാത്രമേ ആനയെ കുങ്കിയാക്കാറുള്ളൂ.
സര്‍ക്കാര്‍ നന്നായി പിന്തുണയ്ക്കുന്നു
മുമ്പ് വനം വകുപ്പില്‍ മൂന്ന് പോസ്റ്റ് ആണ് ഉണ്ടായിരുന്നത് ഒന്ന് എഫ്.സി.ഓ. രണ്ട് എ.എഫ്.സിമാര്‍. ഒരാള്‍ പീച്ചിയാറില്‍, ഒരാള്‍ ഇവിടെ. അതായിരുന്നു തുടക്കത്തിലെ സാഹചര്യം. എന്നാല്‍ ഇന്നതുമാറി. 14 പോസ്റ്റ് ഉണ്ട് ഇന്ന്. ഡോക്ടര്‍മാരുടെ പുതിയ ജനറേഷന്‍ ഈ മേഖലയിലേക്ക് വന്നുതുടങ്ങി. അന്നേ ഞാന്‍ ഈ മേഖലയിലേക്ക് ഇറങ്ങിയത് കൊണ്ട് എനിക്ക് എക്‌സ്പീരിയന്‍സ് ഉണ്ടായി എന്നേയുള്ളൂ. ടെക്‌നിക്കല്‍ കാര്യങ്ങളോടുള്ള കൂടുതല്‍ താല്‍പര്യം എന്നെ ഒരു ഓഫീസറായി ഇരുത്തിയില്ല. ആ രീതിയില്‍ തന്നെ ഉപയോഗിക്കാന്‍ സര്‍ക്കാരിനും പറ്റുന്നുണ്ട്.
ഇതൊരു പാഷനായിട്ട് കണ്ട് വന്ന പുതിയ തലമുറ കൂടി ഇപ്പോള്‍ ഒപ്പമുണ്ട്. ഡോ. അജേഷ്, നിഷ, ശ്യാം, സിബി ഇവരൊക്കെ ഇതിനോട് താല്‍പര്യമുള്ള പുതുതലമുറയാണ്. ഇവരൊക്കെ വരുന്നത് വലിയ സന്തോഷമാണ്. സര്‍ക്കാരും നല്ല സപ്പോര്‍ട്ട് ഇപ്പോള്‍ തരുന്നുണ്ട്. ആറ് സ്ഥലങ്ങളില്‍ ആറ് ഹോസ്പിറ്റലുകള്‍ വരുന്നു. ആര്‍.ആര്‍.ടി. സൗകര്യങ്ങള്‍ വരുന്നു. സുവോളജിക്കല്‍ മെഡിസിന്‍ എന്നതിന് ഒരുപാട് കാലത്തെ പഴക്കമുണ്ട്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ വൈല്‍ഡ് ലൈഫ് മെഡിസിന്‍ ഒരു പുതിയ ശാഖയാണ്. അത് വളര്‍ത്തിക്കൊണ്ടുവരാനുള്ള എല്ലാ സപ്പോര്‍ട്ടും ഗവണ്‍മെന്റ് തരുന്നുണ്ട്.
Content Highlights: dr. arun zachariah interview Operation PT 7
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..