അതിജീവിതമാരെ കോടതിയിൽ അപമാനിക്കുമ്പോൾ ജഡ്ജി ഷട്ട്അപ്പ് പറയണം-- ദീപിക സിങ് രജാവത്


ദീപിക സിങ് രജാവത്/ രമ്യ ഹരികുമാര്‍

നമ്മുടെ കോടതിമുറികള്‍ അതിജീവിത സൗഹൃദം (സര്‍വൈവര്‍ ഫ്രണ്ട്ലി) ആകേണ്ടതില്ലേ? സുപ്രീംകോടതി അഭിഭാഷക ദീപിക സിങ് രജാവത്തുമായുളള സംഭാഷണം. 

ദീപിക സിങ് രജാവത്

ലാത്സംഗം നേരിടുന്നവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ നിരവധിയാണ്. വിക്ടിം ഷെയ്മിങ്, കടുത്ത മാനസികാഘാതങ്ങള്‍, മുഖവും വ്യക്തിത്വവും നഷ്ടപ്പെട്ട് ഒരു സ്ഥലനാമത്തിലേക്കുളള ചുരുക്കം, വിചാരണയില്‍ നേരിടേണ്ടി വരുന്ന പ്രതിഭാഗത്തിന്റെ വിസ്താരം. എളുപ്പമല്ല, മുന്നോട്ടുള്ള ഓരോ ചുവടുമെന്ന് ഈ വഴി നടന്നവരും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നവരും ഒരുപോലെ ആവര്‍ത്തിക്കുമ്പോള്‍ തിരുത്തേണ്ടത് എവിടെയാണ് എന്ന വലിയൊരു ചോദ്യം ഉയരുകയാണ്. കാലോചിതമായ നവനിര്‍മിതികള്‍ എല്ലാ മേഖലയിലും നടന്നുകൊണ്ടിരിക്കുന്ന, 'ന്യൂ നോര്‍മലി'ലേക്കുള്ള സാമൂഹികപരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്ന ഇക്കാലത്ത് കോടതികള്‍ അപരിഷ്‌കൃതരീതികള്‍ തുടരണോ? നമ്മുടെ കോടതിമുറികള്‍ അതിജീവിത സൗഹൃദം (സര്‍വൈവര്‍ ഫ്രണ്ട്ലി) ആകേണ്ടതില്ലേ? സുപ്രീം കോടതി അഭിഭാഷക ദീപിക സിങ് രജാവത്തുമായുളള സംഭാഷണം.


ഇന്ത്യയിലെ കോടതികള്‍ അതിജീവിത സൗഹാര്‍ദമാണെന്ന് കരുതുന്നുണ്ടോ? അതിജീവിതമാര്‍ പലരും എതിര്‍ വിസ്താരങ്ങള്‍ മറ്റൊരു വാക് ബലാത്സംഗമാകുന്നു എന്ന് അഭിപ്രായപ്പെടാറുണ്ട്. താങ്കള്‍ എങ്ങനെയാണ് ഇതിനെ നോക്കിക്കാണുന്നത് ?

യഥാര്‍ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ട, ചെയ്യപ്പെടേണ്ട ഒരു വലിയ വിശാലമായ വിഷയമാണ് ഇക്കാര്യം. അതിജീവിത സൗഹാര്‍ദം എന്നുമാത്രം ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമല്ല. നിരവധി കാര്യങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ത്താണ് ഇക്കാര്യവും ചര്‍ച്ച ചെയ്യപ്പെടേണ്ടത്. പ്രതിഭാഗത്തിന് നിങ്ങളോട് എത്ര ചോദ്യങ്ങള്‍ വേണമെങ്കിലും ചോദിക്കാം. നിയമം അത് അനുവദിക്കുന്നുണ്ട്. അതിജീവിതയെ എതിര്‍വിസ്താരം ചെയ്യുന്ന സമയത്ത് അവര്‍ക്ക് മാനഹാനി ഉണ്ടാക്കരുതെന്ന് നിയമം പറയുന്നുണ്ട്. പ്രതിഭാഗത്തിന്റെ ഉദ്ദേശ്യം എന്നുപറയുന്നത് വിസ്താരത്തിലൂടെ അവര്‍ ലക്ഷ്യമിടുന്നത് ആരെയാണോ അയാളെ മാനസികമായി തകര്‍ക്കുക എന്നുളളതാണ്. ആരാണ് നിങ്ങളുടെ വസ്ത്രം നീക്കിയത്, നിങ്ങളുടെ അടിവസ്ത്രം അയാള്‍ അഴിച്ചുമാറ്റിയോ, എവിടെയാണ് അയാള്‍ ആദ്യം തൊട്ടത് എന്നെല്ലാം പ്രതിഭാഗം വക്കീല്‍ ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഡിഫന്‍സ് കൗണ്‍സില്‍ ചിലപ്പോള്‍ ഇതില്‍ ആഹ്ലാദം കണ്ടെത്തുന്നുമുണ്ട്.

അങ്ങനെയെങ്കില്‍ കോടതിമുറികള്‍ അതിജീവിത സൗഹാര്‍ദമാക്കാന്‍ എന്തെല്ലാം ചെയ്യേണ്ടതുണ്ട്?

ഈ വിഷയം സംബന്ധിച്ച് കഠിനമായി നാം പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ശക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണം. ഞാന്‍ നേരത്തേ പറഞ്ഞതുപോലെ ഇതൊരു വിശാലമായ വിഷയമാണ്. ഇവിടെ പ്രതിഭാഗം വക്കീല്‍ നന്നായി പെരുമാറിയതുകൊണ്ട് കാര്യമില്ല. കോടതിയും ജുഡീഷ്യല്‍ ഓഫീസറും വിശാലമനസ്ഥിതി ഉളളവരായിരിക്കണം. മികച്ച പരിശീലനം ലഭിച്ച, ഈ വിഷയം ഗ്രാഹ്യമുളള, പ്രാക്ടീസ് പരിചയമുളള ജുഡീഷ്യല്‍ ഓഫീസേഴ്‌സ് ആണ് നമുക്ക് വേണ്ടത്. സ്ത്രീകളെ കുറിച്ച് തികച്ചും വ്യത്യസ്തമായ മനഃസ്ഥിതിയുമായി ഇരിക്കുന്ന ആളുകളെ അല്ല നമുക്ക് ആ കസേരയില്‍ വേണ്ടത്. യോഗ്യതയുളള വ്യക്തിയായിരിക്കണം. ആരെയെങ്കിലും ആ ചെയറില്‍ ഇരുത്തരുത്. റേപ്പ് കേസില്‍ കുറ്റവാളിയായ ഒരു ജുഡീഷ്യല്‍ ഓഫീസറെ എനിക്കറിയാം. ബലാത്സംഗം നേരിട്ട യുവതി അദ്ദേഹത്തിനെതിരായി പരാതി പോലും നല്‍കിയില്ല. ഒന്നാലോചിച്ചുനോക്കൂ. അയാളെ അതിവേഗ കോടതിയില്‍ നിയമിച്ചിരുന്നെങ്കില്‍ അയാള്‍ കോടതിയില്‍ എങ്ങനെയായിരിക്കും എന്ന്. ഞാന്‍ കരുതുന്നത് ഇക്കാര്യത്തില്‍ ആദ്യമായും ഏറ്റവും പ്രധാനമായും നടപടികള്‍ കൈക്കൊള്ളേണ്ടത് ജുഡീഷ്യറിയാണ്. ഇത് വളരെ ആഴമേറിയ ഒരു വിഷയമാണ്.

മികച്ച ജഡ്ജ് വരുന്നതിലൂടെ കാര്യങ്ങളില്‍ മാറ്റമുണ്ടാകുമെന്നാണോ?

മികച്ച പരിശീലനം ലഭിച്ച ജഡ്ജുമാരെ ചുരുങ്ങിയത് ഫാസ്റ്റ് ട്രാക്ക്‌ കോടതികളിലെങ്കിലും നമുക്ക് ആവശ്യമുണ്ട്. നമുക്ക് മികച്ച പരിശീലനം ലഭിച്ച, ഗ്രാഹ്യമേറിയ, ജഡ്ജുമാരെ ആവശ്യമുണ്ട്. അവര്‍ ചെയ്യുന്ന ജോലി കൃത്യമായി വിലയിരുത്തപ്പെടണം. കോടതിമുറികളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയാണെങ്കില്‍ പ്രതിഭാഗം വക്കീലിനും പിന്നീട് ഉത്തരവാദിത്തം ഏല്‍ക്കേണ്ടിവരും. നേരത്തേ പറഞ്ഞപോലെ ശക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്ന് അതിന്റെ അടിസ്ഥാനത്തില്‍ മാത്രം എതിര്‍വിസ്താരം നടത്തണം. അങ്ങനെയല്ലെങ്കില്‍ തീര്‍ച്ചയായും അതൊരു വെര്‍ബല്‍ റേപ്പായി മാറും.

എങ്ങനെയാണ് ഒരു ജഡ്ജിനു മുന്നില്‍ ബലാത്സംഗം നേരിട്ടവര്‍ പകച്ച് നില്‍ക്കേണ്ടി വരുന്നത്. ഒരിക്കല്‍ എന്റെ കേസില്‍ ഇതുപോലെ പ്രതിഭാഗം വക്കീല്‍ വളരെ സ്മാര്‍ട്ടായി എന്നു അയാള്‍ക്ക് തോന്നിയ ചോദ്യം ചോദിച്ചു. ആ സമയത്ത് ജുഡീഷ്യല്‍ ഓഫീസര്‍ ഇടപെട്ടു. കാരണം അദ്ദേഹമാണ് കോടതിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍. കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. അതിരു കടക്കുമ്പോള്‍ 'ഷട്ട്അപ്പ്‌' എന്നുപറയാനുളള അധികാരം അദ്ദേഹത്തിനാണ്. ഇത്തരം അസംബന്ധ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഒഴിവാക്കാന്‍ ആവശ്യപ്പെടണം. കോടതിയില്‍ നടക്കുന്ന വിചാരണ നടപടികളില്‍ ബാലന്‍സ് കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിയണം. അതേസമയം, അദ്ദേഹം യഥാര്‍ഥ നിരീക്ഷകനായിരക്കുകയും വേണം.

വിക്ടിം ഷെയ്മിങ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടല്ലോ?

വിക്ടിം ഷെയിം എല്ലായ്‌പ്പോഴും അവിടെയുണ്ട്. നമ്മുടെ സാമൂഹിക വ്യവസ്ഥിതി അത്രയേറെ ധര്‍മിഷ്ഠമല്ല. അതുകൊണ്ട് നാം നമ്മുടെ കുട്ടികളെ മികച്ച രീതിയില്‍ പരിശീലിപ്പിച്ചെടുക്കണം. കരിക്കുലത്തിലും സ്‌കൂളിലും സെക്‌സ് എജുക്കേഷന്‍ ഉള്‍പ്പടെ കുട്ടികളെ പഠിപ്പിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ടായിരിക്കണം.

അതിജീവിതമാരുടെ പുനരധിവാസം മെച്ചപ്പെട്ട രീതിയിലാണോ?

പുനരധിവാസം വളരെ കുറവാണ്. വിക്ടിം കോംപെന്‍സേഷന്‍ ആക്ട് 2013 നിലവിലുണ്ടെങ്കിലും അത് നടപ്പാക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നമുക്ക് പുനരധിവാസവും അവര്‍ക്കായുളള ക്ഷേമപ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ട്. അത് വളരെ പ്രധാനപ്പെട്ടതാണ്. പോലീസിനും അവരുടേതായ കടമകള്‍ ചെയ്യാനുണ്ട്. പരാതി സ്വീകരിക്കണം, അവരുടെ വ്യക്തിത്വം പുറത്താകരുത്. അത് വളരെ പ്രധാനപ്പെട്ടതാണ്. പരാതി വന്നുപറയുമ്പോള്‍ അതില്‍ ചാര്‍ജ് ഫ്രെയിം ചെയ്യുന്നതില്‍ ശ്രദ്ധിക്കണം. കുറ്റമറ്റ രീതിയില്‍ ചാര്‍ജ് ഷീറ്റ് തയ്യാറാക്കുകയും വേണം. അതെല്ലാം പ്രധാനപ്പെട്ടതാണ്.

കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നതോടെ ഇര എല്ലായ്‌പ്പോഴും മാനഹാനി അഭിമുഖീകരിക്കുക മാത്രമല്ല, ഉപദ്രവങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇത് വിശാലമായ ഒരു വിഷയമാണ്. പാര്‍ലമെന്റില്‍ വലിയ ചര്‍ച്ചയാവണം. ജഡ്ജസിന്റെയും അഭിഭാഷകരുടെയും പിന്തുണയോടുകൂടി ഇത് ചര്‍ച്ച ചെയ്യപ്പെടണം. ഈ വിഷയത്തില്‍ എം.പിമാര്‍ക്ക് പോലും അറിവുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പാര്‍ലമെന്റ് മുതല്‍ ചര്‍ച്ച ഉയര്‍ന്ന് അത് ഉന്നതല കോടതികളിലേക്കും കീഴ്‌ക്കോടതികളിലേക്കും എത്തണം.

അവര്‍ക്കായി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരിക്കണം. നിയമം നടപ്പാക്കുന്നത്, കടുത്ത ഉത്തരവാദിത്തം, കോടതിയുടെ, നീതിന്യായവ്യവസ്ഥയുടെ പ്രവര്‍ത്തനം വിലയിരുത്തല്‍, ഒപ്പം നീതിന്യായ വ്യവസ്ഥയുടെ നിരീക്ഷണവും പ്രധാനമാണ്. കോടതിമുറികളില്‍ ക്യാമറകള്‍ സ്ഥാപിക്കപ്പെടുന്നതോടെ വിചാരണ നടപടികള്‍ നിരീക്ഷിക്കപ്പെടും. ജഡ്ജുമാരുടെ പെരുമാറ്റ രീതികള്‍ നിരീക്ഷിക്കപ്പെടും. പ്രോസിക്യൂട്ടര്‍ നിരീക്ഷിക്കപ്പെടും..ഇതിന്റെ അടിസ്ഥാനത്തിലാകണം സ്ഥാനക്കയറ്റമുള്‍പ്പടെയുളള നടപടികള്‍. അതുസംബന്ധിച്ചും ശക്തമായ നയം സ്വീകരിക്കണം. അങ്ങനെയെല്ലാം വന്നാല്‍ സ്ത്രീകള്‍ക്ക് തോന്നും അവര്‍ സുരക്ഷിതരാണെന്ന്. ഒരുമിച്ച് ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചെയ്യാനുണ്ട്. പൂര്‍ണമായ പരിവര്‍ത്തനവും നവനിര്‍മാണവുമാണ് ഇക്കാര്യത്തില്‍ വേണ്ടത്. അത് കടലാസില്‍ മാത്രം പോര നടപ്പാക്കണം.

വ്യാജ കേസുകള്‍ ഉണ്ടെന്ന വാദത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഞാനും അതിനെ അംഗീകരിക്കുന്നുണ്ട്. ഞാനും പ്രാക്ടീസ് ചെയ്യുന്ന ഒരു വക്കീലാണ്. കോടതിയില്‍ ഞാനൊരു ഫെമിനിസ്റ്റാണ്. പക്ഷേ, 10-15 ശതമാനം കേസുകള്‍ വ്യാജമായി ഫയല്‍ ചെയ്യപ്പെടുന്നുണ്ട്. എനിക്കത് നേരിട്ട് അനുഭവമുളളതാണ്. ഞാന്‍ വേണമെങ്കില്‍ ഒരു ഉദാഹരണം നല്‍കാം. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ഗ്യാങ്‌റേപ്പ് കേസ് വന്നു. കൂടുതല്‍ പഠിച്ചപ്പോഴാണ് സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട കെട്ടിച്ചമച്ച കേസാണ് അതെന്ന് ബോധ്യമായത്.

Content Highlights: deepika singh rajawat interview, survivor friendly court rooms

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented