എന്‍ഡോസല്‍ഫാന്‍ വിഷയത്തില്‍ ആത്മാര്‍ഥമായി ഇടപെട്ടത് വിഎസ്;പിന്നീട് വന്നവര്‍ ഒന്നും ചെയ്തില്ല-ദയാബായ്


സൂരജ് സുകുമാരന്‍Interviews

ഫോട്ടോ: പി. ജയേഷ്

ര്‍ഷങ്ങള്‍ക്ക് മുമ്പ് 1958 ലെ സൂര്യന്‍ തലയ്ക്കുമീതെ കത്തിനില്‍ക്കുന്ന ഒരു പകലിലാണ് പാലായിലെ പൂവരണി എന്ന കൊച്ചുഗ്രാമത്തില്‍നിന്ന് മേഴ്‌സി മാത്യു എന്ന പതിനാറുകാരി ഭൂമിയുടെ വിശാലതയിലേക്ക് ഇറങ്ങിനടന്നത്. ജീവിതവഴിയില്‍ ബീഹാറിലെയും മധ്യപ്രദേശിലെയും ഗ്രോത്രവിഭാഗങ്ങള്‍ക്കിടയില്‍ അവര്‍ നടത്തിയ ദയാവായ്പുകള്‍ പകരമായി മേഴ്‌സി മാത്യുവിനെ അവര്‍ സ്‌നേഹത്തോടെ ദയാബായ് എന്നുവിളിച്ചു, അങ്ങനെ അവര്‍ ലോകമറിയുന്ന ദയാബായി ആയി. 63 വര്‍ഷങ്ങള്‍, മറ്റൊരു പകല്‍, കത്തുന്ന വെയിലില്‍ കാസര്‍കോട്‌ ജില്ലയിലെ അമ്പലത്തറയില്‍ വണ്ടിയിറങ്ങിയപ്പോള്‍ ദയാബായിയെ സൂര്യന്‍ ഒന്നുപൊള്ളിക്കാന്‍ നോക്കി. എന്നാല്‍ നടന്നുവന്ന ജീവിതവഴികളിലെ അനുഭവങ്ങള്‍ക്കെല്ലാം അതിനെക്കാള്‍ പൊള്ളലുണ്ടായതിനാല്‍ ആ ചൂടിന് ദയാബായിക്ക് അത്ര ചൂട് തോന്നിയില്ല. അപ്പോഴേക്കും അമ്പലത്തറയിലെ നന്മയുടെ ഇളംകാറ്റ് വന്നു ദയാബായിയെ പൊതിഞ്ഞുപിടിച്ച് സ്‌നേഹവീട്ടിലേക്ക് വിളിച്ചു. എന്‍ഡോസല്‍ഫാന്‍ എന്ന മാരകവിഷത്തിന്റെ ചൂടില്‍ തളര്‍ന്നചിറകുകളുമായി ഈ ഭൂമിയിലേക്ക് പിറന്നുവീണ കുരുന്നുകള്‍ സ്‌നേഹവീട്ടില്‍ ചിരികളികളുമായി കാത്തുനില്‍പ്പുണ്ടായിരുന്നു. ബറൂള്‍ ഗ്രാമത്തില്‍ നിന്നും കൈയിലേന്തിയ മധുരമേറിയ പഴക്കുലയുമായി ദയാബായ് സ്‌നേഹവീടിന്റെ വാതില്‍കടന്നപ്പോള്‍ തന്നെ വിളികള്‍ നിറഞ്ഞു, ദയാമ്മ... ദയാമ്മ..... ഓരോരുത്തരെയും കെട്ടിപ്പിടിച്ച് കവിളിലൊരു മുത്തം നല്‍കി വിശേഷങ്ങള്‍ ചോദിച്ചറിയുമ്പോള്‍ ദയാബായില്‍ നിന്ന് നിറഞ്ഞൊഴുകിയതെല്ലാം അമ്മയുടെ വാത്സല്യമായിരുന്നു.

എഴുപതാം വയസ്സിന് ശേഷം മധ്യപ്രദേശിലെ ബറൂള്‍ ഗ്രാമത്തിലെ മടിത്തട്ടില്‍ വിശ്രമജീവിതം നയിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് ആദ്യമായി ദയാബായി കാസര്‍കോട്‌ എന്‍ഡോസല്‍ഫാന്‍ സമരമുഖത്തെത്തുന്നത്. ആദ്യവരവില്‍ കുട്ടികളെ കണ്ട് പൊട്ടിക്കരഞ്ഞാണ് ദയാബായ് മധ്യപ്രദേശിലേക്ക് മടങ്ങിയത്. അന്ന് തൊട്ട് പിന്നീട് സമരസമിതിക്കൊപ്പം സജീവ സാന്നിധ്യമായി അവരുണ്ട്. 83 ാം വയസ്സില്‍ ദയാബായ് സെക്രട്ടറിയേറ്റിന് മുന്നില്‍ വീണ്ടും നിരാഹാരസമരവുമായി എത്തിയിരിക്കുകയാണ്, എന്‍ഡോസല്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി. പന്തല്‍ കെട്ടാന്‍ പോലും അനുമതി നല്‍കാതെ സര്‍ക്കാര്‍ സമരത്തെ നേരിടുമ്പോള്‍ വെയിലും മഴയും കൊണ്ട് ദയാബായ് എന്ന അമ്മ വെറും നിലത്ത് മലയാളിയുടെ മുറ്റത്ത് പന്ത്രണ്ടാം ദിവസവും നിരാഹാരം തുടരുകയാണ്. കാസര്‍കോട്‌ ജില്ലയില്‍ വിദഗ്ധ ചികിത്സാ സംവിധാനം ഒരുക്കുക, ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തിലും ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, എന്‍ഡോസല്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക, എയിംസ് നിര്‍ദ്ദേശ പട്ടികയില്‍ കാസര്‍കോടിന്റെ പേര് കൂടി ചേര്‍ക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ഒരുനിമിഷം കൊണ്ട് ഭരണകൂടത്തിന് തീര്‍ക്കാവുന്ന ആവശ്യങ്ങള്‍ക്കായി പന്ത്രണ്ടാംദിനവും ദയാബായ് സെക്രട്ടറിയേറ്റ് പടിക്കലില്‍ വെയിലേറ്റ് കിടക്കുകയാണ്. ഒരുപാട് സമരങ്ങളുടെ ചൂടും ചൂരും അറിഞ്ഞയാളാണ് ദയാബായ്, വെയിലും മഴയുമേല്‍ക്കുന്തോറും വര്‍ധിത വീര്യത്തോടെ സമരപോരാട്ടം തുടരുന്നതാണ് ദയാബായിയുടെ ചരിത്രം. ജീവിതത്തെ കുറിച്ചും എന്‍ഡോസല്‍ഫാനില്‍ വിവിധ സര്‍ക്കാര്‍ കാണിച്ച മനുഷ്യത്വരരഹിതമായ നിലപാടുകളെക്കുറിച്ചും ദയാബായ് സംസാരിക്കുന്നു.

എന്‍ഡോസല്‍ഫാന്‍ വിഷയത്തില്‍ ഇടപെടണം എന്ന് ദയാബായ് തീരുമാനിക്കുന്നത് എപ്പോഴാണ്...?

ആദ്യമായി എന്‍ഡോസള്‍ഫാന്‍ ഇരകളായ ഈ കുരുന്നുകളെ കണ്ടപ്പോള്‍ ഞാന്‍ പൊട്ടിക്കരയുകയായിരുന്നു. സാക്ഷരത കേരളത്തില്‍ ഈ രീതിയില്‍ ദുരിതം അനുഭവിക്കുന്ന കുട്ടികളും അമ്മമാരുമുണ്ടെന്ന തിരിച്ചറിവ് ഹൃദയം തകര്‍ത്തുകളഞ്ഞു. ഞാന്‍ ആദ്യമായി ഇവിടെ വന്ന് തിരിച്ച് മധ്യപ്രദേശിലെ വീട്ടിലെത്തിയപ്പോള്‍ കതകടച്ചിരുന്നു കരഞ്ഞു. വീട്ടില്‍ കേള്‍ക്കാനും ആശ്വസിപ്പിക്കാനും വേറെ ആരുമില്ലായിരുന്നു. ഞാന്‍ ഒറ്റയ്ക്കാണ്. എന്റെ കരച്ചില്‍ കേട്ട് വളര്‍ത്തുപട്ടി വന്ന് വാതിലിന്റെ കതകില്‍ കുറേ മുട്ടി. വാതില്‍ തുറന്നുപ്പോള്‍ അവന്‍ ഓടിവന്ന് ദേഹത്തേക്ക് കയറി കണ്ണുനീരു നക്കിതുടച്ചു. ഈ സമരമുഖത്തേക്ക് എത്തുമ്പോള്‍ എന്റെ പ്രായം 75 ആയിരുന്നു. മധ്യപ്രദേശില്‍ തന്നെ കൃഷിപ്പണിയുമൊക്കെയായി ഒതുങ്ങിയിരിക്കാം എന്ന് വിചാരിക്കുമ്പോഴാണ് ഈ വിഷയം അറിയുന്നത്. ആ സമയത്ത് എന്റെ ആത്മകഥ എഴുതികൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഈ കുട്ടികളെ കണ്ട ശേഷം ആ എഴുത്ത് തുടരാന്‍ സാധിച്ചിട്ടില്ല. എന്നെ ശാരീരികമായും മാനസികമായും ഈ കാഴ്ചകള്‍ തളര്‍ത്തികളഞ്ഞു. ഒരു ഇമോഷണല്‍ ഷോക്ക് എന്ന് പറയാം. ഇപ്പോള്‍ കാസര്‍ഗോഡ് ഈ കുട്ടികള്‍ക്കൊപ്പം ചെലവഴിക്കുന്ന സമയവും ജീവിതവും എനിക്കേറെ സന്തോഷം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ മധ്യപ്രദേശില്‍ നിന്ന് മാറി മെല്ലെ ഇവരുടെ കൂടെ ഇവിടെ താമസിക്കണം എന്നൊരു ആഗ്രഹം കുറച്ചുനാളായിട്ടുണ്ട്. പക്ഷേ, കേരളത്തില്‍ താമസിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ആഗ്രഹം അറിയിച്ചപ്പോള്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലും എന്റെ സുഹൃത്തുക്കള്‍ ഓരോ സ്ഥലങ്ങള്‍ കണ്ടുവച്ചിട്ടുണ്ട്. അതില്‍ ഏതെങ്കിലും ശരിയായാല്‍ മധ്യപ്രദേശില്‍ നിന്ന് താമസം മാറും. ഇപ്പോള്‍ മധ്യപ്രദേശിലെ ചിന്ത് വാട ജില്ലയിലെ ബറൂള്‍ ഗ്രാമത്തിലാണ് ജീവിക്കുന്നത്.

കേരളക്കാരിയായ ദയാബായ് കേരളത്തില്‍ താമസിക്കാന്‍ ഇഷ്ടപ്പെടാത്തതിന് കാരണമെന്താണ്..?

പതിനാറാം വയസ്സില്‍ കേരളം വിട്ടയാളാണ് ഞാന്‍. പിന്നീട് ക്ലാസുകളെടുക്കാനും സമരങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ സ്വീകരിക്കാനുമൊക്കെയാണ് കേരളത്തിലേക്ക് വന്നിട്ടുള്ളത്. ആദ്യകാലത്തെ കേരളത്തിന്റെ ഭൂപ്രകൃതിയും കാഴ്ചകളുമൊക്കെ എന്നെ സന്തോഷവതിയാക്കിയിരുന്നു. ഞാനും മലയാളി എന്ന നിലയില്‍ അഭിമാനം കൊണ്ടിരുന്നു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇടപെട്ടതോടെ ആ അഭിമാനമെല്ലാം പോയി. പലര്‍ക്കും ചീഞ്ഞ മനസ്ഥിതിയാണ്. ആദ്യമായി എന്‍ഡോസള്‍ഫാന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചുപോകുന്ന വേളയില്‍ ട്രെയിന്‍ യാത്രയില്‍ എന്റെ സങ്കടങ്ങളെല്ലാം ചേര്‍ത്ത് മലയാളത്തില്‍ ഒരുപാട്ടെഴുതി. ആ കാലത്ത് എന്റെ ആരാധകന്‍ എന്ന് പറയുന്നൊരാള്‍ കൂടെ യാത്ര ചെയ്തിരിന്നു. ഈ പാട്ട് വീഡിയോ ചെയ്യണം എന്നൊരാഗ്രഹം ഞാന്‍ പ്രകടിപ്പിച്ചപ്പോള്‍ അയാളും അതിന് പിന്തുണനല്‍കി. അങ്ങനെ ഞാന്‍ കാശുമുടക്കി വീഡിയോ ഷൂട്ട് ചെയ്തു. എഡിറ്റിങ് കാര്യങ്ങളെ ആരാധകനെന്ന് അവകാശപ്പെടുന്നയാളാണ് മേല്‍നോട്ടം വഹിച്ചത്. അവസാനം അതിന്റെ ഔട്ട് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. വീഡിയോയുടെ അവസാനം ബന്ധപ്പെടേണ്ട നമ്പറെന്ന് പറഞ്ഞ് അയാളുടെയും സംഘടനയുടെയും നമ്പര്‍. വീഡിയോ കണ്ടവരെല്ലാം സാമ്പത്തികസഹായം നല്‍കാന്‍ അയാളുടെ നമ്പറിലേക്ക് വിളിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു അത്തരമൊരു ഇടപെടല്‍. മനുഷ്യര്‍ എത്രമാത്രം സ്വാര്‍ഥരാണെന്നാണ് ഞാനപ്പോള്‍ മനസ്സിലാക്കിയത്. അവനവന്റെ കാര്യസാധ്യത്തിനായി നല്ലവനായി അഭിനയിച്ച് കാര്യം നേടുന്ന രീതി. ഇതുവരെ ഞാന്‍ സാമ്പത്തികാവശ്യത്തിനായി ജീവിതത്തില്‍ ആരുടെ മുന്നിലും ഞാന്‍ കൈനീട്ടിയിട്ടില്ല. ആരാധകനെന്ന് പറഞ്ഞ് വേറെരാള്‍ എന്റെ പേരില്‍ ബക്കറ്റ് പിരിവ് നടത്തി. അതുകൂടിയായപ്പോള്‍ ആകെ നിരാശതോന്നി. മലയാളികള്‍ പലപ്പോഴും നമ്മളോട് ഇടപെടുന്നത് അവനെന്ത് ലാഭമുണ്ടാക്കാന്‍ പറ്റും എന്ന ചിന്തയോടെയാണ്. അതുകൊണ്ട് എന്തുകൊണ്ടേ കേരളത്തില്‍ താമസിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ആത്മാര്‍ഥതയുള്ള വളരെ കുറച്ച് മനുഷ്യരെ മാത്രമേ എനിക്ക് കേരളത്തില്‍ കാണാന്‍ സാധിച്ചിട്ടുള്ളൂ.

ഏത് തരത്തിലുള്ള ഇടപെടലുകളാണ് എന്‍ഡോസല്‍ഫാന്‍ വിഷയത്തില്‍ കഴിഞ്ഞനാളുകളില്‍ ദയാബായ് നടത്തിയത്..?

ഞാന്‍ കാസര്‍കോട്‌ അമ്പലത്തറയിലെ സ്‌നേഹവീട്ടിലേക്ക് ആദ്യമായി വരുമ്പോള്‍ ഇതൊരു ചെറിയൊരു സ്ഥലമായിരുന്നു. എന്‍ഡോസല്‍ഫാന്‍ ബാധിതരായ കുറച്ച് കുട്ടികളെ മാതാപിതാക്കള്‍ രാവിലെ ഇവിടെ കൊണ്ട് വിടും. അവര്‍ക്ക് ഒന്നിച്ച് കളിക്കും ഭക്ഷണം കഴിക്കും. വൈകുന്നേരം അതത് വീടുകളിലേക്ക് മടങ്ങിപ്പോകും. ഇവരുടെ ജീവിതം കൂടുതല്‍ നന്നാക്കാന്‍ എന്തുചെയ്യാന്‍ സാധിക്കും എന്നാണ് ഞാന്‍ ചിന്തിച്ചത്. അങ്ങനെ വടകരയിലെ തണല്‍ എന്ന സംഘടനയുമായി ബന്ധപ്പെട്ട്. കുട്ടികള്‍ക്ക് തെറാപ്പി നല്‍കാന്‍ അവര്‍ സഹായിക്കാം എന്നറിയിച്ചു. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയര്‍ തെറാപ്പി, സ്‌കില്‍ ഡെവലപ്പ്‌മെന്റ് അങ്ങനെ കുറേ ചികിത്സകള്‍ ഇവിടെ നടക്കാന്‍ തുടങ്ങി. അത് കുട്ടികളില്‍ വലിയ രീതിയുള്ള മാറ്റമുണ്ടാക്കി. ഇന്ന് ഈ ചെറിയൊരു കേന്ദ്രം മാത്രമേ ജില്ലയിലുള്ളൂ. ആറായിരത്തിലധികം വരുന്ന ആളുകള്‍ രോഗബാധിതരായി വിവിധ പഞ്ചായത്തുകളിലുണ്ട്. അവരിലേക്ക് കൂടി സ്‌നേഹവീടിന്റെ പ്രവര്‍ത്തണം എത്തണം. ചുരുങ്ങിയത് 15 കേന്ദ്രങ്ങളെങ്കിലും അതിനുവേണം. പിന്നെ കിടപ്പിലായ രോഗികളെ ചികിത്സിക്കാന്‍ മാതാപിതാക്കള്‍ക്ക് പരിശീലനം ലഭിക്കണം. അതിനുവേണ്ടി പാലിയേറ്റീവ് കെയര്‍ സെന്റേഴ്‌സ് ആരംഭിക്കണം. ഞാന്‍ പല പാലിയേറ്റീവ് സംഘടനകളെയും സമീപിച്ചെങ്കിലും അവരെല്ലാം പറഞ്ഞത് രാഷ്ട്രീയ ഇടപെടലുകള്‍ മൂലം ഇവിടെ അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുന്നില്ലെന്നതാണ്. നല്ല ഡോക്ടര്‍മാരുടെ സേവനം കാസര്‍ഗോഡിന് മാത്രം കേരള സര്‍ക്കാര്‍ നല്‍കില്ല. ചോദിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ കാസര്‍കോട്ടേക്ക് വരാന്‍ ഇഷ്ടപ്പെടുന്നില്ല എന്നൊരു ന്യായമാണ് മന്ത്രിമാര്‍ നിരത്തുന്നത്. മന്ത്രിമാര്‍ ഉത്തരവിട്ടാല്‍ വരാത്ത ഡോക്ടര്‍മാരുണ്ടോ..? അങ്ങനെയുള്ളവര്‍ക്ക് സര്‍ക്കാര്‍ എന്തിനാണ് ശമ്പളം നല്‍കുന്നത്..? കാസര്‍ഗോഡ് മികച്ചൊരു ആശുപത്രി എന്നത് ഇന്നും പാഴ്കിനാവ് മാത്രമായി അവശേഷിക്കുകയാണ്. എന്തിനും ഏതിനും മക്കളെയും നെഞ്ചോടുചേര്‍ത്ത് മംഗലാപുരത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ഓടേണ്ട ഗതികേടിലാണ് ഇവിടത്തെ അമ്മമാര്‍. കൊവിഡ് വന്നപ്പോള്‍ കര്‍ണാടക അതിര്‍ത്തികള്‍ അടച്ചപ്പോള്‍ കാസര്‍ഗോഡിന്റെ ആരോഗ്യ മേഖലയിലെ പ്രതിസന്ധി കൃത്യമായി എല്ലാവരും തിരിച്ചറിഞ്ഞതാണ്. അപ്പോള്‍ മലപോലെ ഒരുപാട് പ്രഖ്യാപനങ്ങള്‍ വന്നു, പക്ഷേ ഒന്നും നടന്നില്ല. മെഡിക്കല്‍ കോളജ് സംവിധാനം ഒരുനിഴല്‍രൂപം പോലെ മാത്രമാണ് ഇന്നും പ്രവര്‍ത്തിക്കുന്നത്. എല്ലാതരത്തിലും അവഗണനയാണ്. കേരളത്തില്‍ എയിംസ് അനുവദിക്കുകയാണെങ്കില്‍ അതിന് ഏറ്റവും അര്‍ഹതപ്പെട്ടത് കാസര്‍ഗോഡ് തന്നെയാണ്. മെഡിക്കല്‍ കോളജുകളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുള്ള ജില്ലകളെ മാറ്റി ആ ലിസ്റ്റില്‍ കാസര്‍കോഡിനെ ഉള്‍പ്പെടുത്തണം. കാസര്‍കോട്‌ കേരളത്തിന്റെ ഭാഗം തന്നെയാണ്. ഈ ആവശ്യം നേടിയെടുക്കാന്‍ ഈ നാട് എന്റെ കൂടെ നില്‍ക്കും എന്നാണ് പ്രതീക്ഷ. എത്ര അവഗണന നേരിട്ടാലും എന്റെ മരണംവരെ ഞാന്‍ ഈ കുട്ടികള്‍ക്ക് വേണ്ടി പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും.

നീതി, സ്വാതന്ത്ര്വം, തുല്യത എന്നീ ഭരണഘടന നല്‍കുന്ന ഒരുപരിരക്ഷയും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ സ്‌പോണ്‍സേഴ്‌സ് നരഹത്യയായിരുന്നു ഇത്. അപ്പോള്‍ അവര്‍ക്ക് നീതി നല്‍കേണ്ടതും ജീവിക്കാനുള്ള സാഹചര്യം നല്‍കേണ്ടതുമെല്ലാം സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. ഈ പാവങ്ങള്‍ക്ക് വേണ്ടി കേരളം ഒന്നാകെ വീണ്ടും കൈകോര്‍ക്കണം. തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താലും ബന്ദും നടത്തുന്ന ഈ നാട്ടില്‍ ഈ പാവങ്ങള്‍ക്ക് വേണ്ടി ഒരുദിവസം നമുക്കെല്ലാം ഒരുമിച്ച് നിന്നുകൂടെ. അങ്ങനെയെങ്കിലും സര്‍ക്കാറിന്റെ കണ്ണുതുറന്നാലോ.

എന്‍ഡോസല്‍ഫാന്‍ വിഷയത്തെ ഒരുസര്‍ക്കാരും പരിഗണിച്ചില്ല എന്നാണോ..?

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിഷയം പരിശോധിച്ചാല്‍ അതിന്റെ തുടക്കം മുതല്‍ കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ നടന്നതായി കാണാം. ഇത്രയും വര്‍ഷമായിട്ടും ഇതിന് അര്‍ഹമായ പരിഹാരം കാണാനും ദുരിതബാധിതരെ പുനരധിവസിപ്പിക്കാനേ കൃത്യമായ ചികിത്സ നല്‍കാനേ ഒന്നും സര്‍ക്കാര്‍ തയ്യാറാകാത്തത് ഒത്തുകളിയുടെ ഭാഗമായിട്ടാണ്. സര്‍ക്കാരും എന്‍ഡോസള്‍ഫാന്‍ കമ്പനിയും കൈകോര്‍ത്താണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ഈ ദുരിതബാധിതര്‍ മരിച്ചു ഇല്ലാതാകട്ടെ എന്നൊരു ചിന്തയാണ് ഇപ്പോള്‍ ഇവരെ മുന്നോട്ട് നയിക്കുന്നത്. ഉന്മൂലന സിദ്ധാന്തമാണ് ഏറ്റവും വലിയ വഴിയെന്ന് മനസ്സിലാക്കിയ സര്‍ക്കാരും കമ്പനിയുടെ അതിനുവേണ്ടി ഒരുപാട് ന്യായീകരണങ്ങളും കള്ളക്കഥകളുമൊക്കെ പ്രചരിപ്പിക്കുന്നു. ഒരല്‍പ്പമെങ്കിലും മനസ്സാക്ഷിയുള്ള ഒരാള്‍ക്കും ഇത്തരം നിലപാട് എടുക്കാന്‍ പറ്റില്ല. സാക്കോണ്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, മണിപ്പാല്‍ മെഡിക്കല്‍ കോളജ് തുടങ്ങി എത്രയോ പ്രമുഖ സ്ഥാപനങ്ങള്‍ ഇവിടെ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇവിടത്തെ മണ്ണ്, ജലം, മനുഷ്യ രക്തം, അമ്മമാരുടെ മുലപ്പാല്‍, ഇലകള്‍, ധാന്യങ്ങള്‍ അങ്ങനെ ഓരോന്നും പരിശോധിച്ച ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടുകളാണ് എല്ലാം. അവയിലെല്ലാം പറയുന്നത് എന്‍ഡോസള്‍ഫാന്‍ കീടനാശിനിയാണ് ഇവിടത്തെ മനുഷ്യരെ വൈകല്യമുള്ളതാക്കി മാറ്റിയതെന്നും അഞ്ച് തലമുറവരെ ഇതിന്റെ പരിണിതഫലങ്ങള്‍ തുടരുമെന്നും പറയുന്നുണ്ട്. 40ലധികം ലോകരാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി നിരോധിച്ചിട്ടുണ്ട്.

കമ്പനിയെ രക്ഷിക്കാനാണ് ഇതുവരെ എല്ലാ സര്‍ക്കാരുകളും ശ്രമിച്ചത്. കാസര്‍ഗോട്ടെ ഈ പാവം മനുഷ്യരും അവരുടെ ജീവിതവും അവരുടെ വിഷയമല്ല. ഇവിടത്തെ മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ഇങ്ങനെ ജനിതകവൈകല്യമുള്ള കുട്ടികളുണ്ടായിരുന്നെങ്കില്‍ ഇത്രയും മനുഷത്വരഹിതമായ നിലപാട് എടുക്കാന്‍ അവര്‍ക്ക് സാധിക്കില്ല. നാം അനുഭവിക്കാത്ത ജീവിതം അതുകൊണ്ട് അവര്‍ക്ക് കെട്ടുകഥയായി തോന്നും. ഞാന്‍ ഓരോ തവണയും സമരത്തിനിറങ്ങുമ്പോള്‍ എന്നെ പുച്ഛിക്കാനാണ് മന്ത്രിമാര്‍ സമയം കണ്ടെത്തിയത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സമരക്കാര്‍ക്കൊപ്പം നിന്ന അതേ നേതാക്കള്‍ ഭരണത്തിലെത്തിയാല്‍ ഭാവം മാറും. സര്‍ക്കാര്‍ പറഞ്ഞ ഉറപ്പുകള്‍ പാലിക്കാത്തതിനാലാണ് ഞാന്‍ നിരാഹാരം കിടക്കുന്നത്. അധികാരമില്ലാഞ്ഞപ്പോള്‍ ഇരയുടെ പക്ഷത്തും അധികാരം കിട്ടുമ്പോള്‍ വേട്ടക്കാരന്റെ പക്ഷത്തും എന്നതാണ് രാഷ്ട്രീയക്കാരുടെ മനോഭാവം. ഒരമ്മയുടെയോ അച്ഛന്റെയോ സ്ഥാനത്ത് നിന്ന് മന്ത്രിമാര്‍ ചിന്തിച്ചിരുന്നെങ്കില്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മികച്ച ഇടപെടലുകള്‍ നടത്താനാകുമായിരുന്നു. അതുണ്ടാകുന്നില്ല. പത്തുമാസം ഗര്‍ഭം ധരിച്ച് അതിന്റെ എല്ലാ ശാരീരിക ബുദ്ധിമുട്ടുകളും സഹിച്ച് ഒരുകുട്ടിക്ക് ജന്മംകൊടുക്കുകയും ആ കുട്ടിക്ക് വൈകല്യമുള്ളയാളാണ് എന്ന് തിരിച്ചറിയുകയും ചെയ്യുമ്പോള്‍ ഒരുമാതാവ് അനുഭവിക്കുന്ന വേദന തിരിച്ചറിയാനെങ്കിലും നമുക്ക് സാധിക്കേണ്ടേ. ഞാന്‍ ഇതുവരെ ഗര്‍ഭംധരിക്കുകയോ പ്രസവിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് പ്രസവവേദന എന്താണെന്ന് എനിക്കറിയില്ല. പക്ഷേ മനുഷ്യരുടെ വേദന തിരിച്ചറിയാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ആ തിരിച്ചറിവ് തന്നെയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.

പല സമരമുഖങ്ങളും ഭീഷണിയുടേത് കൂടിയാണ്, ധൈര്യത്തോടെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്നത് എന്താണ്...?

എന്താണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്നറിയില്ല. മനസ്സില്‍ ഒരു ലക്ഷ്യമുണ്ട്. അത് ചെയ്യണമെന്ന് വിചാരിച്ചാല്‍ എല്ലാ ചിന്തയും അതിലേക്ക് നീളും. പിന്നെ വേറെ കണക്കുകൂട്ടലുകളൊന്നുമില്ല. അതുകൊണ്ട് ഇതുവരെ ചെയ്ത കാര്യങ്ങളിലെല്ലാം ഞാന്‍ സന്തുഷ്ടയാണ്. പഴയൊരു സംഭവം പറയാം. ആദ്യകാലത്ത് ബംഗാളിലേക്ക് ഞാന്‍ സന്നദ്ധ സേവനത്തിനായി പോകാനൊരുങ്ങിയപ്പോഴാണ് ഇന്ത്യ-പാക് യുദ്ധം പ്രഖ്യാപിക്കുന്നത്. ഇതറിഞ്ഞ പല കുടുംബസുഹൃത്തുക്കും എന്റെ മാതാപിതാക്കളോട് മേഴ്‌സിയെ വിടരുത് അപകടമാണെന്ന് നിര്‍ദ്ദേശിച്ചു. കാരണം ബംഗ്ലാദേശ്, ബംഗാള്‍ മേഖലയിലാണ് യുദ്ധം. അപ്പോള്‍ അവര്‍ക്ക് പപ്പ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു '' മരണത്തെ ഞങ്ങള്‍ പേടിക്കുന്നില്ല. അവള്‍ക്ക് അപകടം സംഭവിക്കുമെന്ന് പറഞ്ഞ് യാത്ര തടഞ്ഞ് ഇവിടെ നിര്‍ത്തിയാല്‍ ചിലപ്പോള്‍ നാളെ മറ്റൊരു തരത്തില്‍ മരണം അവളെ കാത്തിരിക്കുന്നുണ്ടാകും. അങ്ങോട്ട് സന്തോഷത്തോടെ അവളെ പറഞ്ഞയച്ച് ബംഗാളില്‍ വച്ച് മേഴ്‌സിക്കെന്തെങ്കിലും സംഭവിച്ചാല്‍ സങ്കടമുണ്ടാകുമങ്കിലും ഇവളെയോര്‍ത്ത് ഞങ്ങള്‍ക്ക് അഭിമാനിക്കാം. മറിച്ചാണെങ്കില്‍ മനസ്താപം വരും.'. പോകുന്ന വഴിയില്‍ ട്രെയിനില്‍ വച്ച് ടി.ടിയും ഇതേ ചോദ്യം ആവര്‍ത്തിച്ചു. ''എല്ലാവരും യാത്രടിക്കറ്റും റദ്ദാക്കി വീട്ടിലിരിക്കുമ്പോള്‍ നിങ്ങള്‍ എന്തിനാണ് ബംഗാളിലേക്ക് പോകുന്നത്..?'' . ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ സുരക്ഷിതയായി യാത്ര ചെയ്യൂ എന്നദ്ദേഹം പറഞ്ഞു. ആ യാത്രക്കിടെ മുടിയെല്ലാം ഞാന്‍ മുറിച്ചു. ആ മുടി പാര്‍സലാക്കി കൊല്‍ക്കത്തയിലെ ഞങ്ങളുടെ ബന്ധുവിനെ ഏല്‍പിച്ചു. അഥവാ ഞാന്‍ കൊല്ലപ്പെടുകയാണെങ്കില്‍ എന്റെ ഓര്‍മ്മയ്ക്ക് മമ്മായ്ക്ക് അത് അയച്ചുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. ശേഷമാണ് ഞാന്‍ അഭയാര്‍ഥി ക്യാമ്പുകളിലേക്ക് പോയത്. അന്ന് തൊട്ട് ഏത് ധൈര്യമാണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്നറിയില്ല.

ദയാബായില്‍ ' ദയ' എന്ന വികാരം ഉടലെടുക്കാന്‍ സ്വാധീനിച്ച സംഭവങ്ങള്‍ ഓര്‍ക്കുന്നുണ്ടോ...?

ഏകദേശം മൂന്ന് വയസ്സുള്ളപ്പോള്‍മുതല്‍ ജീവിതത്തില്‍ സംഭവിച്ചതെല്ലാം എന്നെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഞാനും എന്റെ സഹോദരനും ഇരട്ടകളായിരുന്നു. അന്ന് മമ്മയുടെ വീട് കൊച്ചി സംസ്ഥാനത്തായിരുന്നു. ഞങ്ങളുടേത് പാലായിലും. കൊച്ചിയില്‍ നിന്ന് പപ്പ ഞങ്ങളെ പാലായിലേക്ക് കൊണ്ടുവരുന്ന യാത്ര ഇന്നും ഓര്‍മയിലുണ്ട്. വഴിയില്‍ പലതരം വൈകല്യമുള്ളവര്‍ സഹായം അഭ്യര്‍ഥിച്ച് നില്‍ക്കുന്നുണ്ടാകും. അപ്പോള്‍ അവരെക്കുറിച്ച് ഞാന്‍ പപ്പയോട് ചോദിക്കും. അവരുടെ അസുഖത്തെ കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചുമെല്ലാം പപ്പ എനിക്ക് പറഞ്ഞുതരും. ഒരിക്കല്‍ യാത്രയ്ക്കിടെ ഏറ്റുമാനൂരിലെത്തിയപ്പോള്‍ ബസ്സില്‍ വച്ച് സഹോദരന്‍ ഛര്‍ദ്ദിച്ചു. ഉടന്‍ ബസ് നിര്‍ത്തി അവന് കഴുകാനുള്ള സൗകര്യമൊരുക്കി കൊടുത്തു. ആ സമയം എന്നെ ഒരുപരിചയവുമില്ലാത്ത രണ്ടുസ്ത്രീകള്‍ മടിയിലിരുത്തി താലോലിച്ചു. അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു. യാത്ര തുടരുന്നതിനിടെ അവരാരാണെന്ന് ഞാന്‍ പപ്പയോട് അന്വേഷിച്ചു. കന്യാസ്ത്രീകളാണെന്ന് മറുപടി കിട്ടിയപ്പോള്‍ പിന്നെ അങ്ങനെ പറഞ്ഞാല്‍ എന്താണ് ജോലി എന്നായി എന്റെ ചോദ്യം. സൂക്കേടുള്ളവരെ ശ്രുശ്രൂഷിക്കുന്നവരാണെന്ന് പപ്പ പറഞ്ഞുതന്നു. അന്ന് ഞങ്ങളുടെ വീട് വലിയൊരു കൂട്ടുകുടുംബമായിരുന്നു. വീട്ടുജോലിക്കും പറമ്പിലെ പണിക്കുമൊക്കെയായി നിരവധി ആള്‍ക്കാര്‍ ഉണ്ടായിരുന്നു. ജോലിക്കാര്‍ക്ക് ഭക്ഷണം പുറത്താണ് നല്‍കുക. വീട്ടിനകത്ത് ചൈനീസ് സിറാമിക് പാത്രങ്ങളില്‍ ഭക്ഷണം വിളമ്പുമ്പോള്‍ പുറത്ത് പണിക്കാര്‍ക്ക് ഇലയിലും മണ്‍ച്ചട്ടിയിലുമായിരുന്നു ഭക്ഷണം നല്‍കുന്നത്. അതിലെന്തോ നീതികേടുണ്ടെന്ന് തോന്നിയെങ്കിലും വീട്ടുകാരോട് ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. ഒരുദിവസം ഞാന്‍ അവരോടൊപ്പം പാള പാത്രത്തില്‍ വെള്ളം കുടിച്ചു. ഇത് കണ്ട എന്റെ മുത്തശ്ശി എന്നെ വല്ലാതെ ചീത്ത പറഞ്ഞു ' ഇറങ്ങെടീ വെളിയില്‍..' . അതും കൂടി കേട്ടതോടെ എനിക്ക് വാശിയായി, ഞാന്‍ പണിക്കാരുടെ കൈയിലുണ്ടായിരുന്നു മണ്‍ചട്ടിയിലെ ഭക്ഷണം മുഴുവന്‍ കഴിഞ്ഞ് നാവുകൊണ്ട് നക്കുക കൂടി ചെയ്തു. അതോടെ എന്തെക്കെയോ പറഞ്ഞുകൊണ്ട് മുത്തശ്ശി ഉള്ളിലേക്ക് കയറിപ്പോയി. എനിക്കപ്പുറം ഒരു ശക്തിയുണ്ട്, അതാണ് എന്നെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്.

കന്യാസ്ത്രീ ജീവിതം നയിച്ചിട്ടുണ്ട്, പിന്നീട് സാമൂഹ്യപ്രവര്‍ത്തകയായി. ആരുടെയൊക്കെ ജീവിതമാണ് സ്വാധീനിച്ചത്...?

ഗാന്ധിജി, അദ്ദേഹത്തിന്റെ ജീവിതവും ചിന്തകളുമാണ് എന്നെ ഏറെ സ്വാധീനിച്ചത്. ചെറുപ്പത്തില്‍ പപ്പയുടെ കൂടെയായിരുന്നു ഞാന്‍ കിടന്നുറങ്ങിയിരുന്നത്. ഗാന്ധിജിയുടെ കഥകള്‍ അടക്കം ഒരുപാട് കഥകള്‍ അന്നദ്ദേഹം പറഞ്ഞുതന്നിരുന്നു. ഈ കഥകളൊക്കെ വിഷ്വലൈസ് ചെയ്യാന്‍ ഞാന്‍ ശ്രമിക്കുമായിരുന്നു. ആ കഥകളില്‍ നിന്ന് കിട്ടിയ കുറേ മൂല്യങ്ങളാണ് ജീവിതത്തില്‍ മുന്നോട്ട് നയിച്ചത്. അതുപോലെ മനുഷ്യനായ യേശു, കൊണ്ടുനടന്ന മൂല്യങ്ങളും സഞ്ചരിച്ചവഴികള്‍ വെളിച്ചം തെളിയിച്ചിട്ടുണ്ട്. ഒരു സംഭവം പറയാം, ഏഴാം വയസ്സില്‍ ക്രിസ്ത്യന്‍സിന്റെയിടയില്‍ ആദികുര്‍ബാന സ്വീകരിക്കുക എന്നൊരു ചടങ്ങുണ്ട്. വേദപാഠവും ബൈബിളുമൊക്കെ പഠിച്ച്, പുത്തന്‍ ഉടുപ്പിട്ട് നമ്മളെ ഒരുക്കി പള്ളിയില്‍ കൊണ്ടുപോയാണ് ഈ ചടങ്ങ്. പള്ളിയില്‍ അതിനുമുമ്പുള്ള ക്ലാസില്‍ ഇങ്ങനെ കഥ പറഞ്ഞു ' ഈശോ ഒരിക്കല്‍ മന്ദിരത്തില്‍ കയറിവന്നപ്പോള്‍ അവിടെ നിറയെ കച്ചവടം നടക്കുകയാണ്. കോഴിക്കുഞ്ഞ്, പ്രാവ്, മുട്ട..അങ്ങനെ പലതും. ഈശോ അവിടെയെത്തിയതും ചാട്ടവാറെടുത്ത് എല്ലാവരെയും അടിച്ചോടിച്ചു. ' കഥ കേട്ട് കഴിഞ്ഞതും എന്റെ സംശയമെത്തി ' അയ്യോ, ഈശോ എന്തിനാ അങ്ങനെ പാപം ചെയ്തത്. എന്തിനാണ് ഈശോ ആ പാവങ്ങളെ ചാട്ടവാറുകൊണ്ട് അടിച്ചത്' . ചോദ്യം കേട്ടതും എന്റെ ചീത്തപറഞ്ഞ് ഉത്തരം പറഞ്ഞുതരാതെ അവിടെയിരുത്തുകയാണ് അധ്യാപകന്‍ ചെയ്തത്. പക്ഷേ വളര്‍ന്നുവന്നപ്പോഴാണ് ഈശോ ചെയ്ത സംഭവത്തിന്റെ സത്യാവസ്ഥ എനിക്ക് മനസ്സിലായത്. മന്ദിരത്തില്‍ അര്‍പ്പിക്കാനായി കോഴിമുട്ടയും കോഴികുഞ്ഞുമൊക്കെയായി വരുന്ന പാവങ്ങളോട് അവര്‍ കൊണ്ടുവരുന്നതെല്ലാം മോശമാണെന്ന് പറയും. എന്നിട് മന്ദിരത്തിലെ കച്ചവടക്കാരില്‍ നിന്ന് നിര്‍ബന്ധിച്ച് പണം കൊടുത്ത് സാധനങ്ങള്‍ മേടിപ്പിക്കും. പാവങ്ങളെ ചൂഷണം ചെയ്തുകൊണ്ടാണ് ആ കച്ചവടം അവിടെ നടന്നിരുന്നത്. ആ ചൂഷണം മനസ്സിലാക്കിയ ഈശോ ചാട്ടവാറെടുത്ത് ആ കച്ചവടക്കാരെ അടിച്ചോടിക്കുകയായിരുന്നു. മന്ദിരത്തിനുള്ളിലെ ആ കച്ചവടക്കാരാണ് ഇന്നത്തെ കോര്‍പ്പറേറ്റുകള്‍. പാവപ്പെട്ടവന്റെ കൃഷിഉത്പന്നങ്ങളെ നശിപ്പിച്ച് നമ്മള്‍ എന്ത് മേടിക്കണം എന്ന് തീരുമാനിക്കുന്നത് അവരാണ്. ഈശോ അടിച്ചോടിച്ചത് പോലെ ഈ കോര്‍പ്പറേറ്റുകളെ അടിച്ചോടിക്കാന്‍ നേതാക്കന്‍മാര്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ ഈ ഭൂമി എത്രസുന്ദരമായേനേ.

ഒരു മനുഷ്യന് ഉണ്ടാകേണ്ട ഏറ്റവും പ്രധാനപ്പെട്ട മൂല്യം എന്താണ്...?

ഞാന്‍ എന്ന ചിന്ത മാറ്റിവെച്ച് നമ്മള്‍ എന്ന വിശാലതയിലേക്ക് നമ്മുടെ ചിന്തകള്‍ മാറണം. ചുറ്റുവട്ടത്തെ എല്ലാത്തിനോടും ഒരുബന്ധം നമുക്ക് വേണം. അങ്ങനെയുണ്ടായാല്‍ സമൂഹത്തിലുണ്ടാകുന്ന ഓരോ പ്രശ്‌നങ്ങളും നമ്മളുടെ പ്രശ്‌നമായി തോന്നുകയും അതിലിടപെടാന്‍ സാധിക്കുകയും ചെയ്യും. വിശാലമായി ചിന്തിക്കുന്ന മനുഷ്യര്‍ക്കാണ് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ പിറകില്‍ മാറിനിന്ന് അഭിപ്രായം പറയാതെ മുന്നില്‍ നിന്ന് ശബ്ദമുയര്‍ത്താനും ഏതെങ്കിലും രീതിയില്‍ പ്രതികരിക്കാനും സാധിക്കുന്നത്.

എന്താണ് ദയാബായിയുടെ രാഷ്ട്രീയം...?

' നമ്മള്‍ ഭാരതത്തിലെ ജനങ്ങള്‍, ഇന്ത്യയെ ഒരുപരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ- റിപ്പബഌക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്വം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സഹോദര്യം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയും ചെയ്യുന്നു. '' ഇന്ത്യന്‍ ഭരണഘടനയുടെ ഈ ആമുഖം തന്നെയാണ് ഞാന്‍ എന്നും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം. ഞാന്‍ കേരളത്തില്‍ വരാന്‍ ഒരിക്കലും പദ്ധതിയിട്ടതല്ല. പക്ഷേ ഈ അവകാശപ്പോരാട്ടം കണ്ടപ്പോള്‍ മുതല്‍ ഇതിനൊപ്പം നില്‍ക്കണം എന്നും ഒരുപരിഹാരം ഉണ്ടാക്കികൊടുക്കണം എന്നും തോന്നി. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. രാഷ്ട്രീയനേതാവായി ശോഭിക്കാന്‍ പറ്റുമെന്ന് തോന്നിയിട്ടില്ല. അതും കൂടികൊണ്ടാണ് രാഷ്ട്രീയത്തിലേക്കിറങ്ങാത്തത്. ജീവിതം കൊണ്ട് നമുക്കാവുന്നത് പോലെ മറ്റുള്ളവര്‍ക്ക് നല്ലത് ചെയ്യാന്‍ ശ്രമിക്കുക. അതിനായാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

ഏത് തരത്തിലുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ കാസര്‍കോട്‌ നടത്തേണ്ടത്..?

പരിസ്ഥിതിക്ക് കോട്ടംതട്ടാതെ രീതിയിലുള്ള വികസനപ്രവൃത്തികളെ കുറിച്ച് നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇപ്പോള്‍ സര്‍ക്കാര്‍ പ്രധാന്യംനല്‍കേണ്ടത് ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തികൊണ്ടുവരാനും തൊഴിലില്ലായ്മ പരിഹരിക്കുകാനുമാണ്. ഇവിടെ എന്‍ഡോസല്‍ഫാന് ഇരകളായവര്‍ക്ക് എന്തെങ്കിലും തരത്തിലും ഉപജീവനമാര്‍ഗങ്ങളും ചെറുകിടവ്യവസായ പദ്ധതികളും നല്‍കി സ്വയംപര്യാപ്തരാക്കാന്‍ സര്‍ക്കാരിന് സാധിക്കണം. കാസര്‍ഗോഡ് അമ്പലത്തറയിലെ സ്‌നേഹവീട് സര്‍ക്കാറിന്റെ ഒരുസഹായവുമില്ലാതെ പ്രവര്‍ത്തിക്കുന്ന കേന്ദ്രമാണ്. ഇതൊരു മാതൃകയാക്കി സര്‍ക്കാറിന് എന്‍ഡോസല്‍ഫാന്‍ ബാധിച്ച എല്ലാ പഞ്ചായത്തുകളിലും സ്‌നേഹവീടുകള്‍ തുടങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ അത് എത്ര നല്ല കാര്യമാണ്. പകലുകളില്‍ അമ്മമാര്‍ക്ക് മക്കളെ സ്‌നേഹവീട്ടില്‍ ഏല്‍പ്പിച്ച് ജോലിക്ക് പോകാന്‍ സാധിക്കും. കുട്ടികള്‍ക്ക് കുറച്ചുകൂടി സൗഹൃദപരമായ അന്തരീക്ഷത്തില്‍ പകലുകള്‍ ചെലവിടാനും തെറാപ്പി ചികിത്സകള്‍ ലഭ്യമാകുകയും ചെയ്യും. എന്നാല്‍ അത്തരമൊരു നീക്കം സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഇതുവരെയുണ്ടായിട്ടില്ല എന്നതാണ് സങ്കടം.

കമ്യൂണിസ്റ്റ് സര്‍ക്കാരാണ് ഭരിക്കുന്നത്, എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ പ്രതീക്ഷിച്ച രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന് തോന്നിയിട്ടുണ്ടോ...?

താഴെ കിടയിലുള്ള മനുഷ്യരുടെ കൈപിടിച്ച് അവരുടെ അവകാശങ്ങള്‍ നേടിയെടുത്ത് കൊടുക്കാനും അവരെ ഉയര്‍ത്തികൊണ്ടുവരാനും കമ്യൂണിസത്തിലൂടെ സാധിക്കും. അത്തരം കാര്യങ്ങള്‍ കേരളത്തിലടക്കം പലസ്ഥലങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇന്ന് കേരളത്തിലടക്കം സ്വാര്‍ഥമായ കച്ചവട താത്പര്യങ്ങളോടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് സ്വര്‍ണക്കടത്തും മരംമുറി അഴിമതിയുമടക്കം കമ്യൂണിസ്റ്റ് ഭരണത്തില്‍ ഉണ്ടാകുന്നത്. അഴിമതിരഹിത ഭരണം എന്ന് പ്രതീക്ഷിച്ച വോട്ട് ചെയ്ത ജനത്തിന് നേര്‍വിപരീത ചിത്രമാണ് കിട്ടുന്നത്. മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിക്കും എന്ന് പറഞ്ഞുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം മുമ്പ് അധികാരത്തിലേറിയത്. ഒരുപാട് വീട്ടമ്മമാര്‍ ആയൊരു വാഗ്ദാനം പ്രതീക്ഷയോടെ കണ്ട് വോട്ട് ചെയ്തു. എന്നാല്‍ അതേ കമ്യൂണിസ്റ്റ് സര്‍ക്കാറാണ് നാടെങ്ങും മദ്യഷാപ്പുകള്‍ തുറന്നത്. ഏത് വഴിയും പണമുണ്ടാക്കുക എന്നത് മാത്രമാണ് ലക്ഷ്യം. പാവപ്പെട്ട മനുഷ്യരെ ഉയര്‍ത്തികൊണ്ടുവരാനാനുള്ള എന്തെങ്കിലും കാര്യം ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടോ..?. പ്രതീക്ഷകള്‍ മുഴുവന്‍ അവതാളത്തിലാകുന്നു എന്നതാണ് സത്യം. എന്‍ഡോസല്‍ഫാന്‍ വിഷയത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ആത്മാര്‍ഥമായ ഇടപെടല്‍ നടത്തിയത് മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുകൂടിയായ വി.എസ്. അച്യുതാനന്ദനാണ്. മാനുഷിക പരിഗണനയോടെ ഈ വിഷയത്തെ പരിഗണിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ ഭരണക്കാലത്ത് എന്‍ഡോസല്‍ഫാന്‍ ഇരകള്‍ ഉന്നയിച്ച വിഷയത്തിന് പരിഗണന നല്‍കുകയും കുറേ ആവശ്യങ്ങള്‍ നടപ്പിലാക്കി തരികയും ചെയ്തു. പിന്നീട് വന്നവരെല്ലാം ചെയ്തത് കുറേ ചെന്ന് തെണ്ടിയാല്‍ ഒരുപിച്ചപോലെ എന്തെങ്കിലും പ്രഖ്യാപനം നടത്തും എന്ന രീതിയാണ്. മനുഷികപരിഗണനയോടെ ഈ വിഷയെത്തെ സമീപിക്കാന്‍ ആരും തയ്യാറായില്ല. ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഭരണരീതി കമ്യൂണിസമല്ല, ക്യാപിറ്റലിസമാണ്. കച്ചവടത്തിനാണ് പ്രഥമ പരിഗണന, മനുഷ്യര്‍ക്കല്ല.

(ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്‌)

Content Highlights: daya bai interview endosulfan kasaragod hunger strike


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്തില്‍ ചരിത്രവിജയത്തിലേക്ക് കുതിച്ച് BJP.;വന്‍ തകര്‍ച്ചയിലേക്ക് കോണ്‍ഗ്രസ്, വരവറിയിച്ച് AAP

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented