ഭരണകൂട വിമർശനം ദേശദ്രോഹമല്ല, നേതാവിന്റെ ശ്രദ്ധ സ്വന്തം പ്രതിച്ഛായയിൽ മാത്രം- തുഷാർ ഗാന്ധി


കെ.എ. ജോണി

മഹാത്മാ ഗാന്ധിയുടെ ചെറുമകനും സാമൂഹികപ്രവർത്തകനുമായ തുഷാർ ഗാന്ധിയുമായി നടത്തിയ അഭിമുഖം

തുഷാർ ഗാന്ധി | ഫോട്ടോ റിദിൻ ദാമു|മാതൃഭൂമി

ശനിയാഴ്ച രാവിലെ മാതൃഭൂമി ജീവനക്കാരുമായുള്ള സംഭാഷണത്തിൽ ഇന്ത്യയിലെ ഭരണഘടന സ്ഥാപനങ്ങളുടെ തകർച്ചയിൽ താങ്കൾ ആശങ്ക രേഖപ്പെടുത്തുകയുണ്ടായി. പാർലമെന്റ് അടക്കമുള്ള ജനാധിപത്യ സംവിധാനങ്ങൾ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. എന്താണ് താങ്കൾ കാണുന്ന പ്രതിവിധി?

ഇന്ത്യ ഇന്ന് നേരിടുന്ന വലിയൊരു പ്രശ്നം എന്താണ് ജനാധിപത്യം എന്നതിനെക്കുറിച്ച് പൊതു സമൂഹത്തിന് നൽകപ്പെടുന്ന വ്യാജ ചിത്രമാണ്. ജനാധിപത്യത്തെക്കുറിച്ചുള്ള വിദ്യാഭ്യാസം വല്ലാതെ അനുരഞ്ജനത്തിന് വിധേയമായിരിക്കുന്നു. അതുകൊണ്ട് ജനങ്ങൾക്ക് അവർ നേരിടുന്ന അപകടം ബോദ്ധ്യമാവുന്നില്ല. ഒരു തരം വ്യാജ ചരിത്ര നിർമ്മിതിയുടെ തടവിലാണ് പൊതുസമൂഹം ഇപ്പോൾ. ജനാധിപത്യ പ്രക്രിയയിൽ നിന്ന് പൊതു ജനങ്ങൾ വളരെ ആസൂത്രിതമായി മാറ്റി നിർത്തപ്പെടുന്നതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ സുപ്രധാന സ്ഥാപനങ്ങളല്ലാം തന്നെ ധാർമ്മികമായ അപചയത്തിന് വിധേയമായിരിക്കുന്നു. ഈ സ്ഥാപനങ്ങളെ നയിക്കുന്നവർ ഭരണകൂടത്തിന്റെ ഇംഗിതം നടപ്പാക്കുന്നവരായി മാറിയിരിക്കുന്നത് അതുകൊണ്ടാണ്.ഇന്ത്യൻ മന:സാക്ഷിയെ ജാഗരൂകമാവാൻ പ്രേരിപ്പിച്ചിരുന്ന ധാർമ്മിക ശക്തിയുള്ള നേതാക്കൾ നേരത്തെ ഇന്ത്യയിലുണ്ടായിരുന്നു. സ്വാതന്ത്ര്യ സമരക്കാലത്ത് ഗാന്ധിജിയെപോലുള്ളവർ , അടിയന്തരവാസ്ഥയിൽ ജയപ്രകാശ് നാരായണൻ. ഇന്നിപ്പോൾ ഇങ്ങനെയാരു ധാർമ്മിക ശക്തിയുടെ അഭാവമുണ്ട് എന്നതിലേക്കാണോ താങ്കൾ വിരൽ ചൂണ്ടുന്നത്?

തീർച്ചയായും. ഇന്നിപ്പോൾ ഇന്ത്യയിൽ ഏറ്റവുമധികം ആവശ്യമുള്ള സാന്നിദ്ധ്യം ധാർമ്മിക ശക്തിയുള്ള നേതൃത്വമാണ്. നിർഭാഗ്യകരമെന്ന് പറയട്ടെ, നമുക്കില്ലാത്തതും അതാണ്. ഇടക്കാലത്ത് പ്രതീക്ഷ നൽകിയ ചിലരുണ്ടായിരുന്നു. പക്ഷേ, അവരെല്ലാവരും തന്നെ വിട്ടുവീഴ്ചകൾക്ക് വിധേയരാവുകയും ധർമ്മത്തിന്റെ പാതയിൽ നിന്ന് വ്യതിചലിക്കുകയും ചെയ്തു.

അടിയന്തരവാസ്ഥയിൽ നിന്ന് ഇന്നത്തെ ഇന്ത്യയെ വ്യതിരിക്തമാക്കുന്ന ഒരു ഘടകം പ്രധാനമന്ത്രിയുടെ ജനപ്രീതിയാണ്. അടിയന്തരവാസ്ഥയിൽ വലിയൊരു വിഭാഗം ജനങ്ങൾ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ ഭരണത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ അണി നിരന്നു. എന്നാൽ ഇന്നിപ്പോൾ പ്രധാനമന്ത്രി മോദിയുടെ പിന്നിൽ വലിയൊരു ജനത അടിയുറച്ചു നിൽക്കുന്നുണ്ട്. ഭരണകൂടത്തിന്റെ എല്ലാ ചെയ്തികൾക്കും തലയാട്ടുകയും കൂടെ നിൽക്കുകയും ചെയ്യുന്ന ആൾക്കൂട്ടം. ഈ വൈരുദ്ധ്യത്തെക്കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്?

ഇന്ദിര കാര്യപ്രാപ്തിയും വ്യക്തിപ്രഭാവവമുള്ള ശക്തയായ നേതാവായിരുന്നു. അവരെ പിന്തുണയ്ക്കുന്നവരുടെ എണ്ണം ചെറുതായിരുന്നില്ല. പക്ഷേ, ജനാധിപത്യത്തെക്കുറിച്ചുള്ള വ്യക്തമായ ബോദ്ധ്യം അന്ന് പൊതു സമൂഹത്തിൽ ശക്തമായിരുന്നു. അതുകൊണ്ടാണ് അവർ ഇന്ദിരാഗാന്ധിയുടെ സേച്ഛ്വാധിപത്യത്തിനെതിരെ തിരിഞ്ഞത്. ഞാൻ ആദ്യം മുന്നോട്ടുവെച്ച പരികൽപനയിലേക്ക് വീണ്ടും വരികയാണ്. ഇന്നിപ്പോൾ ജനാധിപത്യം എന്ന ആശയം തന്നെ അപചയത്തിന് വിധേയമായിരിക്കുന്നു. അതുകൊണ്ടാണ് ഇന്നത്തെ പ്രധാനമന്ത്രിയുടെ എല്ലാ നടപടികളും ന്യായീകരിക്കപ്പെടുന്നതും ആ ന്യായീകരണങ്ങൾ സ്വീകരിക്കപ്പെടുന്നതും. ഇന്ദിരാഗാന്ധി നേരിട്ട പ്രതിസന്ധി മോദി നേരിടാതെ പോകുന്നത് ഇതുകൊണ്ടാണ്.

ഇവിടെയാണ് നമ്മൾ ഹിന്ദുത്വയുമായി മുഖാമുഖം വരുന്നത്. ഇന്നത്തെ ഭരണകൂടത്തിന് അതിശക്തമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ പിന്തുണയുണ്ട്. ഈ പ്രത്യയശാസ്ത്രമല്ലേ മോദി ഭരണകൂടത്തെ വ്യത്യസ്തമാക്കുന്നത്?

അതെ! ഹിന്ദുയിസവും ഹിന്ദുത്വയും തമ്മിൽ കൂട്ടിക്കലർത്തുന്നതിലുള്ള വിജയമാണിത്. ഗാന്ധിജി മുന്നോട്ടുവെച്ച സനാതന ഹിന്ദു ധർമ്മവും ഇന്നത്തെ ഭരണകൂടം ഉയർത്തിപ്പിടിക്കുന്ന ഹിന്ദുത്വയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ജനങ്ങൾക്കാവുന്നില്ല. ഹിന്ദുയിസവും ഹിന്ദുത്വയും രണ്ടാണ്. ക്രിസ്തു മതവും ഇസ്ലാമും പോലെയാണത്. ഹിന്ദുയിസത്തിന്റെ രാഷ്ട്രീയവത്കരിക്കപ്പെട്ട, മലീമസമായ രൂപമാണ് ഹിന്ദുത്വ.

ഈ ഹിന്ദുത്വയെ നേരിടുന്നതിൽ ഇന്ത്യയിലെ പ്രമുഖ പ്രതിപക്ഷമായ കോൺഗ്രസ് പരാജയപ്പെട്ടു എന്ന നിരീക്ഷണം എങ്ങിനെ കാണുന്നു?

കോൺഗ്രസ് മാത്രമല്ല എല്ലാ പ്രതിപക്ഷ പാർട്ടികളും പരാജയപ്പെട്ടു. നമ്മളോരോരുത്തരും പരാജയപ്പെട്ടു. ഈ പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ആർക്കും ഒളിച്ചോടാനാവില്ല. ഹിന്ദുത്വയുടെ അപകടങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിൽ എല്ലാവരും പരാജയപ്പെട്ടു. കോൺഗ്രസാണ് മുഖ്യപ്രതിപക്ഷമെന്നതിനാൽ ഈ പരാജയത്തിൽ വലിയൊരു പങ്ക് അവർക്കാണെന്ന് പറയാം. ഇന്നിപ്പോൾ നമുക്ക് ജനാധിപത്യത്തിനായി നിലകൊള്ളുന്ന പാർട്ടികളില്ല. നമുക്കുള്ളത് അധികാരത്തിനായി മാത്രം നിലക്കൊള്ളുന്ന പാർട്ടികളാണ്. ഇവിടെയാണ് നമ്മൾ നേരത്തെ പറഞ്ഞ ധാർമ്മിക അപചയം നമ്മളെ തുറിച്ചുനോക്കുന്നത്.

കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നത് പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉൾപാർട്ടി ജനാധിപത്യം വീണ്ടെടുക്കാൻ സഹായിക്കുമെന്നാണ്. ഈ തിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ചിടത്തേളം ഒരു വഴിത്തിരിവാകും എന്ന് താങ്കൾ കരുതുന്നുണ്ടോ?

ഇത് ഫലമുണ്ടാക്കും എന്നാണ് കോൺഗ്രസ് കരുതുന്നത്. എന്നാൽ ഈ ഫലങ്ങൾ നിലനിർത്താൻ കോൺഗ്രസിനാവുമോ എന്നതാണ് ചോദ്യം. ഉദാഹരണത്തിന് ഭാരത് ജോഡോ യാത്ര നോക്കാം. ജനങ്ങളിൽ നിന്ന് വളരെ നല്ല പ്രതികരണം ജോഡോ യാത്രയ്ക്ക് കിട്ടുന്നുണ്ട്. പക്ഷേ, ഈ യാത്ര സൃഷ്ടിക്കുന്ന ഉണർവ്വും ആവേശവും നിലനിർത്താനോ അതൊരു വോട്ട് ബാങ്കാക്കി മാറ്റാനോ ഉള്ള പദ്ധതികളും തന്ത്രങ്ങളും കോൺഗ്രസ് നേതൃത്വത്തിനുണ്ടെന്ന് ഞാൻ കരുതുന്നില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വോട്ട് ബാങ്കിന് സുപ്രധാന സ്ഥാനമുണ്ട്. വളരെ ശക്തമായൊരു വോട്ട് ബാങ്ക് രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞുവെന്നതാണ് ബിജെപിയുടെ വലിയൊരു നേട്ടം. ബിജെപിയുടെ നയപരിപാടികളെല്ലാം തന്നെ ഈ വോട്ട് ബാങ്കിനെ ലക്ഷ്യമിട്ടുള്ളതാണ്. രാജ്യത്തെയല്ല ഈ വോട്ട് ബാങ്കിനെ പരിപാലിക്കാനാണ് ബിജെപി സദാ ശ്രദ്ധിക്കുന്നത്. തങ്ങളുടെ വോട്ട് ബാങ്കിന്റെ താൽപര്യങ്ങൾ രാജ്യത്തിന്റെ താൽപര്യങ്ങളാണെന്ന് വരുത്തിത്തീർക്കാൻ ബിജെപിക്ക് കഴിയുന്നുണ്ട്. ഒരു വ്യക്തിയിലേക്ക് ചുരുങ്ങുമ്പോഴും ആ വ്യക്തി രാഷ്ട്ര താൽപര്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന പ്രതീതിയാണ് ബിജെപി സൃഷ്ടിക്കുന്നത്.

കോൺഗ്രസ് പ്രസിഡന്റ് സഥാനത്തേക്ക് മത്സരിക്കുന്ന രണ്ടു പേരും - ഖാർഗെയും തരൂരും- പറയുന്നത് പാർട്ടിക്ക് പുതു ജീവൻ നൽകാനുള്ള പദ്ധതികളും ദർശനവും തങ്ങൾക്കുണ്ടെന്നാണ്. ഇവരിൽ ആര് വിജയിച്ചാലും കോൺഗ്രസിൽ അതൊരു പുതിയ അദ്ധ്യായം തുറക്കുമെന്ന് തോന്നുന്നുണ്ടോ?

വ്യക്തികളല്ല കൂട്ടായ നേതൃത്വമാണ് കോൺഗ്രസിന് വേണ്ടത്. സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യത്തിന് ശേഷമുള്ള ആദ്യ ദശകങ്ങളിലും കോൺഗ്രസിന് കൂട്ടായ നേതൃത്വമുണ്ടായിരുന്നു. ജവഹർലാൽ നെഹ്രുവിനെപ്പോലൊരു ശക്തനായ നേതാവുണ്ടായിരുന്നപ്പോഴും വ്യക്തി മാത്രമായിരുന്നില്ല കോൺഗ്രസിനെ നയിച്ചിരുന്നത്. ഇന്ദിരാഗാന്ധിയുടെ കാലത്താണ് കോൺഗ്രസിൽ വ്യക്തി കേന്ദ്രീകൃത നേതൃത്വമുണ്ടാവുന്നത്. ഇന്ദിരയ്ക്ക് പക്ഷേ, ഒരു പാർട്ടിയെ തോളിലേറ്റാനുള്ള നേതൃശേഷിയുണ്ടായിരുന്നു. ഇന്നിപ്പോൾ അങ്ങിനെയൊരു നേതാവിനെ ഞാൻ കോൺഗ്രസിൽ കാണുന്നില്ല. വ്യക്തികളല്ല , കളകക്റ്റിവ് ലീഡർഷിപ്പാണ് കോൺഗ്രസിന് വേണ്ടത്. ഞാൻ ഇത് പറയുന്നതിനുള്ള ഒരു കാരണം സംഘപരിവാറിലുടലെടുത്തിട്ടുള്ള സംഘർഷവും ഭിന്നതയുമാണ്. എല്ലാ അധികാരവും തന്നിലേക്ക് കേന്ദ്രീകരിക്കുന്ന , സ്വന്തം വ്യക്തിത്വം മാത്രം ഉയർത്തിപ്പിടിക്കുന്ന ഒരു നേതാവ് സംഘപരിവാറിൽ അസ്വാസ്ഥ്യം ഉളവാക്കുന്നുണ്ട്.

ഇപ്പോൾ താങ്കൾ പറഞ്ഞത് ഒന്നുകൂടി വിശദമാക്കാമോ? മോദിയെപ്പോലെ താൻപ്രമാണിത്തം ഉയർത്തിപ്പിടിക്കുന്ന ഒരു നേതാവ് സംഘപരിവാറിൽ ഭിന്നതയുടെയും സംഘർഷത്തിന്റെയും വിത്തുകൾ വിതച്ചുകഴിഞ്ഞിട്ടുണ്ടെന്നാണോ താങ്കൾ പറഞ്ഞുവരുന്നത്?

അതെ! താനൊരാൾ മാത്രമേ നേതാവായുള്ളു, താൻ മാത്രമാണ് നേതാവ് എന്ന മനോഭാവം പ്രശ്നഭരിതമാണ്. അതിന്റെ ലക്ഷണങ്ങൾ സംഘപരിവാറിൽ കണ്ടുതുടങ്ങിയിട്ടുണ്ട്. പക്ഷേ, അത് സ്വയം ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് കരുതി പ്രതിപക്ഷം ആലസ്യം പൂണ്ടിരിക്കരുത്.

ഇന്ത്യയുടെ അന്തരീക്ഷത്തിൽ ഭീതിയുണ്ടെന്നും അത് തൊട്ടറിയാനാവുമെന്നും കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഗോപാൽകൃഷ്ണ ഗാന്ധി പറഞ്ഞിരുന്നു. വിമർശനങ്ങളോടുള്ള സഹിഷ്ണുത അനുദിനം കുറയുകയാണ്. ഗാന്ധിജിയും അംബദ്കറും ടാഗോറും നെഹ്രുവുമൊക്കെ ഉയർത്തിയിരുന്ന സംവാദങ്ങളും വിയോജിപ്പുകളും പഴങ്കഥയായിരിക്കുന്നു. താങ്കൾക്ക് എന്താണ് പറയാനുള്ളത്?

നമ്മൾ ജനാധിപത്യം മറന്നുപോയിരിക്കുന്നു. വിമർശനങ്ങൾ ഇപ്പോൾ ദേശദ്രോഹമാണ്. എന്തൊരു വിഡ്ഡിത്തമാണിത്. ഭരണകൂടത്തെ വിമർശിക്കുന്നത് എങ്ങിനെയാണ് ദേശദ്രോഹമാവുന്നത്? ശകതനായ നേതാവിനോടുള്ള അഭിനിവേശമാണ് ഇന്നിപ്പോൾ ഇന്ത്യ കാണുന്നത്. വാസ്തവത്തിൽ ശക്തമായ നേതൃത്വമുണ്ടാവുന്നത് കരുണയും സ്നേഹവും സഹാനുഭൂതിയുമുണ്ടാവുമ്പോഴാണ്. ഇന്ദിരാഗാന്ധിയിൽ ഇത് ദൃശ്യമായിരുന്നു. അതുകൊണ്ടാണ് അവർ അടിയന്തരാവസ്ഥ പിൻവലിക്കുകയും പൊതു തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തത്. പൊതു ജനവികാരം തനിക്ക് എതിരാണെന്നറിഞ്ഞുകൊണ്ടാണ് ഇന്ദിര തിരഞ്ഞെടുപ്പിനൊരുങ്ങിയത്. ഇന്നിപ്പോൾ അതല്ല അവസ്ഥ. പരമോന്നത നേതാവ് രാഷ്ട്രത്തെപ്പോലും ശ്രദ്ധിക്കുന്നില്ല. സ്വന്തം പ്രതിച്ഛായയിൽ മാത്രമേ അദ്ദേഹത്തിന് താൽപര്യമുള്ളു. ഒരുതരം ഉന്മാദത്തിന്റെ വക്കിലാണ് അദ്ദേഹം. ചരിത്രം പറയുന്നത് ഇത്തരം അവസ്ഥ അധികകാലം തുടരാനാവില്ലെന്നാണ്. അത് തകരുന്നതിനുള്ള വെടിമരുന്ന് അതിൽ തന്നെയുണ്ട്. അതൊരു പ്രത്യാശയാണ്. പക്ഷേ, അത് തകരുന്നതിന് മുമ്പുണ്ടാക്കുന്ന നാശം പിന്നീട് ഭേദമാക്കാനാവാത്ത വിധത്തിൽ ഭീകരമായിരിക്കും. അതുകൊണ്ടുതന്നെ അത് സ്വാഭാവികമായി തകരും എന്ന് കരുതി വെറുതെയിരിക്കുന്നത് മണ്ടത്തരമായിരിക്കും.

തുരങ്കത്തിനപ്പുറത്ത് വെളിച്ചമുണ്ടെന്നാണ് താങ്കൾ വ്യക്തമാക്കുന്നത്?

വെളിച്ചത്തിന്റെ ഒരു നേരിയ രേഖ ഞാൻ കാണുന്നുണ്ട്. അത് വലിയൊരു ജ്വാലയാവുമോ കെട്ടുപോവുമോ എന്നത് നമ്മളെ ആശ്രയിച്ചാണിരിക്കുന്നത്.

Content Highlights: Tushar Gandhi, Kozhikode Visit, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented