ഡോ. ഇന്ദു പി.എസ്.
കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ വാരാന്ത്യ ലോക്ഡൗണ്‍ ഉള്‍പ്പടെ ഏര്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍. കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ നാം സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെ കുറിച്ച് സംസാരിക്കുകയാണ് കൊല്ലം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. ഇന്ദു പി.എസ്.
കേരളത്തില്‍ മൂന്നാംതരംഗം എത്രത്തോളം രൂക്ഷമാകാനാണ് സാധ്യതയുളളത്?
ഒമിക്രോണ്‍ വളരെ വേഗത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നുളളത് നമുക്ക് മുന്നിലുളള ഒരു യാഥാര്‍ഥ്യമാണ്. കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടും വളരെ വേഗത്തിലാണ് ഒമിക്രോണ്‍ പടരുന്നത്. സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്നവരും സമ്പര്‍ക്കത്തിലൂടെ ബാധിച്ചവരും മറ്റുസംസ്ഥാനങ്ങളില്‍ വന്നവരും ഒക്കെയാണ് എന്നതിനാല്‍ തന്നെ നേരിട്ട് ജനിതക സീക്വന്‍സിങ്ങിലൂടെ ലഭിക്കുന്ന ഒമിക്രോണ്‍ സംഖ്യയേക്കാള്‍ വളരെയധികമായിരിക്കും സമൂഹത്തിലെ വ്യാപനം എന്ന് അനുമാനിക്കാവുന്നതാണ്.
ആഗോളതലത്തില്‍ നോക്കുമ്പോള്‍ കഴിഞ്ഞ 30 ദിവസത്തിനുളളില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന സീക്വന്‍സിങ് ഡേറ്റയില്‍ 72 ശതമാനം കേസും ഒമിക്രോണും 28 ശതമാനം ഡെല്‍റ്റയുമാണ്. ഡെല്‍റ്റയെ ഒമിക്രോണ്‍ അതിവേഗം മറികടക്കുന്നത് കാണാന്‍ കഴിയും. കേരളത്തില്‍ നിലവിലുളള 2,23,548 കേസുകളില്‍ മൂന്നുശതമാനമേ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുളളൂ എങ്കിലും വരും ദിവസങ്ങളില്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നത് അനുസരിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിക്കും എന്നതിനാല്‍ പ്രതിരോധം അതിപ്രധാനമാണ്. കേരളത്തില്‍ ഓരോ ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുകയാണ്.
ദക്ഷിണാഫ്രിക്കയിലും യുകെയിലുമെല്ലാം വളരെ വേഗത്തിലാണ് കേസുകള്‍ ഉയര്‍ന്നത്. ഉയര്‍ന്നു കഴിഞ്ഞാല്‍ അത് വേഗത്തില്‍ താഴുന്നുമുണ്ട്. ഉദാഹരണത്തിന് യുഎസില്‍ കഴിഞ്ഞ ആഴ്ച കേസ് വര്‍ധന ഉണ്ടായിട്ടില്ല. അതിന് മുമ്പത്തെ ആഴ്ചയും കഴിഞ്ഞ ആഴ്ചയും പോസിറ്റീവ് കേസുകളുടെ എണ്ണം ഒരുപോലെയാണ് വന്നിരിക്കുന്നത്. അതിന് തൊട്ടുമുമ്പുവരെ ഓരോ ആഴ്ചയും കേസുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയായിരുന്നു. യുകെയിലാണെങ്കില്‍ 33 ശതമാനം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ പല ഇളവുകളിലേക്കും കടക്കുന്നത്. അതായത് കേസുകള്‍ വളരെ പെട്ടെന്ന് ഉയരുകയും വളരെ വേഗത്തില്‍ താഴുകയും ചെയ്യുന്നു എന്ന സാധ്യതയാണ് കാണുന്നത്.
മൂന്നാംതരംഗത്തില്‍ ആശുപത്രിവാസം കുറവാണല്ലോ? മരണ നിരക്കിലും കുറവുണ്ട്.
ഒമിക്രോണിന് ഗുരുതരാവസ്ഥ കുറവാണ് എന്ന് കരുതി ലാഘവത്തോടെ കാണരുത്. എനിക്ക് വന്നാല്‍ കുഴപ്പമില്ല എന്ന മനോഭാവം പാടില്ല. പോസിറ്റീവായവരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ ശതമാനം നോക്കുമ്പോള്‍ കുറവാണ്. പുതിയ വേരിയന്റിന്റെ മാത്രം പ്രത്യേകത കൊണ്ടാണ് മരണം കുറയുന്നതെന്നും പറയാനാവില്ല. രോഗം ഗുരുതരമാകാത്തതിനും മരണസംഖ്യകുറയുന്നതിനും പ്രധാനമായും രണ്ടു കാരണങ്ങളാണ് ഉളളത്. ഒന്ന് പോപ്പുലേഷന്‍ ഇമ്യൂണിറ്റി വളരെ കൂടിയിട്ടുണ്ട്. കോവിഡ് ഒരുപാട് പേര്‍ക്ക് വന്നിട്ടുണ്ടെന്ന് മാത്രമല്ല വാക്‌സിനേഷന്‍ കവറേജ് കേരളത്തില്‍ വളരെ ഉയര്‍ന്നതാണ്. വൈറസിന്റെ രോഗശേഷിയില്‍ മാറ്റം വന്നതുകൊണ്ടുമാത്രമല്ല നമ്മുടെ ഇമ്യൂണിറ്റി കൂടുതലായതുകൊണ്ട് കൂടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുളളത്. വാക്‌സിനെടുക്കാത്തവര്‍ കൂടുതലുണ്ടായിരുന്ന അമേരിക്കന്‍ സംസ്ഥാനങ്ങളിലായിരുന്നു വാക്‌സിനേഷന്‍ കൂടുതല്‍ ഉളള സംസ്ഥാനങ്ങളേക്കാള്‍ ഗുരുതരാവസ്ഥയില്‍ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
വേരിയന്റിന്റെ പ്രത്യേകതകള്‍ തീര്‍ച്ചയായും ഉണ്ട്. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാനുളള വൈറസിന്റെ ജന്മസിദ്ധമായിട്ടുളള കഴിവ് വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ അപ്പര്‍ റെസ്പിരേറ്ററി ട്രാക്ടിലാണ് വൈറസ് കൂടുതലായി ഇരട്ടിക്കുന്നത്. അതുകൊണ്ടാണ് തൊണ്ടവേദന, ജലദോഷം പോലുളള രോഗലക്ഷണങ്ങള്‍ കൂടുന്നത് അപ്പര്‍ റെസ്പിരേറ്ററി ട്രാക്ടില്‍ നിന്ന് വേഗത്തില്‍ മറ്റൊരാളിലേക്ക് രോഗം പകരാനുളള സാധ്യതകള്‍ കൂടുതലാണ്.
മറ്റൊരു പ്രധാനകാര്യം നമ്മുടെ ഐസിയു അഡ്മിഷന്‍ റേറ്റ് ഓരോ ദിവസവും കൂടുന്നത് ശ്രദ്ധിച്ചുകാണുമല്ലോ. കഴിഞ്ഞ ആഴ്ചത്തെ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വെള്ളിയാഴ്ച ആകുമ്പോഴേക്കും 77 ശതമാനം വര്‍ധന ഓക്‌സിജന്‍ ബെഡുകളില്‍ വന്നു. ഐസിയു അഡ്മിഷന്‍ 56 ശതമാനം കൂടിയിട്ടുണ്ട്. വാക്‌സിനെടുക്കാത്ത നിരവധി ആളുകള്‍ ഐസിയു യൂണിറ്റില്‍ വരുന്നുണ്ട്. വാക്‌സിനെടുക്കാത്ത ആളുകളുടെ ശതമാനം എത്ര കുറവാണെങ്കിലും അവരുടെ വള്‍നറബിലിറ്റി വളരെ കൂടുതലാണെന്ന് നാം മറക്കരുത്.
രണ്ടു ഡോസ് വാക്‌സിനെടുത്ത് ഒരുതവണ കോവിഡ് വന്നവര്‍ മൂന്നാംതരംഗത്തില്‍ വീണ്ടും പോസിറ്റീവായിട്ടുണ്ടല്ലോ?
വൈറസിനെ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നത് ആന്റിബോഡികളാണ്. വാക്‌സിന്‍ എടുത്ത് ആറുമാസം കഴിയുമ്പോള്‍ ആന്റിബോഡി ലെവല്‍ കുറയുന്നുണ്ട്. അതുകൊണ്ട് ശരീരത്തില്‍ വൈറസ് പ്രവേശിക്കുകയും ഇരട്ടിക്കുകയും ചെയ്യും. വാക്‌സിനുളളത് സ്റ്റെറിലൈസിങ് ഇമ്യൂണിറ്റി അല്ല. സ്റ്റെറിലൈസിങ് ഇമ്യൂണിറ്റി എന്നുപറഞ്ഞാല്‍ നമ്മള്‍ ആ വാക്‌സിന്‍ എടുത്തുകഴിഞ്ഞാല്‍ ആ വൈറസിന് പിന്നെ നമ്മുടെ ശരീരത്തില്‍ പ്രവേശിച്ച് ഇരട്ടിക്കാന്‍ സാധിക്കില്ല. വാക്‌സിന് സ്റ്റെറിലൈസിങ് ഇമ്യൂണിറ്റി ഇല്ലാത്തതുകൊണ്ടാണ് രണ്ടുതവണ വാക്‌സിന്‍ എടുത്തവര്‍ക്കും ഒരു തവണ കോവിഡ് വന്നവര്‍ക്കും വീണ്ടും കോവിഡ് വരുന്നത്. മൂന്നാമത്തെ ഡോസ് എടുക്കുമ്പോള്‍ വേഗത്തില്‍ പ്രതിരോധശേഷി ഉയരും.
പക്ഷേ നമ്മുടെ നാട്ടില്‍ മൂന്നാമത്തെ ഡോസ് ലഭിക്കുന്നതിന് മുമ്പേ ആളുകള്‍ക്ക് രോഗം കിട്ടിത്തുടങ്ങി. രോഗത്തിന്റെ ഗുരുതരാവസ്ഥ തീരുമാനിക്കുന്നത് സെല്‍- മീഡിയേറ്റഡ് ഇമ്യൂണിറ്റിയാണ്. അത് വാക്‌സിന് നന്നായിട്ടുണ്ട്. അത് സാധാരണ വാക്‌സിന്‍ ഫലപ്രാപ്തി പഠനങ്ങളില്‍ കാര്യമായി കണക്കാക്കില്ല. സെല്‍- മീഡിയേറ്റഡ് ഇമ്യൂണിറ്റി പഠിക്കുന്നത് കൂടുതല്‍ സങ്കീര്‍ണമായതിനാല്‍ വാക്‌സിന്‍ ഫലപ്രാപ്തി ഗവേഷണങ്ങളില്‍ കാര്യമായി ഇതുള്‍പ്പെടുത്താറില്ല. എന്നാല്‍ സെല്‍- മീഡിയേറ്റഡ് ഇമ്യൂണിറ്റി വഴിയാണ് രോഗത്തിന്റെ ഗുരുതരാവസ്ഥയെ നിര്‍ണയിക്കുന്നത് എന്നതിനാല്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് ഗുരുതരമായ ലക്ഷണങ്ങളും സങ്കീര്‍ണതകളും കുറവായിരിക്കും. ഇതുകൊണ്ട് കൂടിയാണ് ഗുരുതരമായ കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിരിക്കുന്നത്.

ഫലപ്രാപ്തിയെ കുറിച്ചുളള ഗ്രാഫ്
ലക്ഷണത്തോടുകൂടിയുളള കോവിഡിനെതിരായ ഫലപ്രാപ്തി കോവിഷീല്‍ഡിന് 65 ശതമാനമാണെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് വിവിധ പഠനങ്ങളെ അടിസ്ഥാനമാക്കി സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശദമാക്കുന്നുണ്ട്. ആറുമാസം കഴിയുന്നതോടെ ഫലപ്രാപ്തി 44 ആയി കുറയും. മൂന്നാമത്തെ ഡോസ് എടുക്കുന്നതോടെ ഇത് 93 ശതമാനമായി ഉയരുകയും ചെയ്യും. അതായത് മൂന്നാമത്തെ ഡോസ് കഴിയുമ്പോള്‍ വളരെ പെട്ടെന്ന തന്നെ പ്രതിരോധം കൂടും. പക്ഷേ അതിന് മുമ്പ് മൂന്നാംതരംഗം വന്നു. വാക്‌സിന്‍ എടുക്കുമ്പോള്‍ തീരെ വരില്ല എന്നല്ല എന്നാല്‍ ഗുരുതരാവസ്ഥയിലാകുന്നത് കുറയ്ക്കാനാവും.
മാസ്‌ക് ധരിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? ഒമിക്രോണിനെ പ്രതിരോധിക്കാന്‍ സര്‍ജിക്കല്‍ മാസ്‌ക്, തുണി മാസ്‌ക് എന്നിവ എത്രത്തോളം ഫലവത്താണ്? പ്രതിരോധത്തിനായി ഒരോ വ്യക്തിയും പാലിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
പ്രതിരോധത്തില്‍ ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യം മാസ്‌ക് തന്നെയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ എന്‍95 മാസ്‌ക് തന്നെ വെക്കണം. ഒമിക്രോണ്‍ ട്രാന്‍സ്മിഷന്‍ എന്‍ 95 മാസ്‌ക് കുറയ്ക്കും എന്ന് പഠനങ്ങളുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ അല്ലാതെ തന്നെ ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന തൊഴിലുകള്‍ ഉണ്ടല്ലോ ഉദാഹരണത്തിന് തിരക്കുളള കടകളില്‍ ജോലി ചെയ്യുന്നവര്‍ അവരെല്ലാം എന്‍95 വെക്കുന്നതാണ് ഉചിതം. വൈറസിന്റെ ട്രാന്‍സ്മിഷന്‍ വളരെ വേഗത്തിലാണ്. ഒമിക്രോണിനെതിരേ പ്രതിരോധമുളളത് എന്‍95ന് തന്നെയാണ്, അത് ഇന്ന് സുലഭവുമാണ്. വീടുകളില്‍ രോഗികളെ പരിചിരിക്കുവന്നവര്‍ എന്‍ 95 തന്നെ വെക്കണം. പിന്നെ ഡബിള്‍ മാസ്‌ക് വെക്കുന്നവര്‍ അകത്ത് സര്‍ജിക്കല്‍ മാസ്‌കും പുറത്ത് തുണിമാസ്‌കും ധരിക്കണം. പക്ഷേ വലിയ തിരക്കുളളിടത്ത് ഇറങ്ങുമ്പോള്‍ എന്‍ 95 തന്നെ വെക്കണം.
ഒമിക്രോണ്‍ പ്രതിരോധത്തില്‍ വായുസഞ്ചാരം ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. നമ്മള്‍ ഇരിക്കുന്ന സ്ഥലത്തെ ജനലുകളും വാതിലുകളും തുറന്നിടണം. അങ്ങനെ ചെയ്താല്‍ വായുവില്‍ ഒരു ചലനമുണ്ടാവുകയും കണികള്‍ അതിനൊപ്പം സഞ്ചരിച്ച് നേര്‍ത്തുപോകും. ഇത് പടരല്‍ സാധ്യത വളരെ കുറയ്ക്കും. അല്ലെങ്കില്‍ കണികകള്‍ അതില്‍ തന്നെ തങ്ങി നില്‍ക്കും. അതുകൊണ്ടാണ് തുറന്ന സ്ഥലത്ത് വൈറസ് വ്യാപനം കുറവ് എന്ന് പറയുന്നത്.
ഏറ്റവും പ്രധാനപ്പെട്ട സന്ദേശം ഓരോ ദിവസത്തേയും സാഹചര്യം മനസ്സിലാക്കുക എന്നുളളതാണ്. ജലദോഷവും തൊണ്ടവേദനയും ഉളളവര്‍ ടെസ്റ്റ് ചെയ്താല്‍ മാത്രമേ കോവിഡ് ആണോ എന്ന് അറിയാനാവൂ. കോവിഡിന് റെസ്റ്റ് വളരെ അത്യാവശ്യമാണ്. ധാരാളം വെളളം കുടിക്കണം. വൈറസിനെ പ്രതിരോധിക്കുന്നത് ശരീരത്തിന്റെ ഒരു ഇമ്യൂണിറ്റിയാണ്.
ആശുപത്രി വാസം കൂടുന്നത് നാം പ്രതിരോധിക്കണം. ആശുപത്രിയില്‍ ധാരാളം ആരോഗ്യപ്രവര്‍ത്തകര്‍ പോസിറ്റീവാകുന്നുണ്ട്. അതിന് വേണ്ടിയുളള പ്രതിരോധം ശക്തിപ്പെടുത്തണം. ഏത് തൊഴിലാണെങ്കിലും ആളുകള്‍ പോസിറ്റിവീയാല്‍ ആ തൊഴിലിടത്തെ ബാധിക്കില്ലേ ജോലി നടക്കില്ലല്ലോ അതുകൊണ്ടുതന്നെ ജോലി നടക്കുന്ന സ്ഥലത്ത് ജനല്‍ തുറന്നിടുകയും ജോലിക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് വെക്കുകയും വേണം.
ഇനിയൊരു തരംഗത്തിന് സാധ്യതയുണ്ടോ?
മൂന്നാം തരംഗം എങ്ങനെ മാനേജ് ചെയ്യുന്നു എന്നുളളതിനെ അടിസ്ഥാനമാക്കിയായിരിക്കും. പാന്‍ഡമിക്കുകള്‍ സാധാരണയായി പിന്നീട് എന്‍ഡെമിക് ആയി മാറും. ഉദാഹരണത്തിന് ഫ്‌ളൂ പാന്‍ഡമിക്. എന്നുവെച്ചാല്‍ ഇടക്ക് ചിലര്‍ക്കെല്ലാം അസുഖം വന്നും പോയുമിരിക്കും എന്ന രീതിയില്‍. കോവിഡിന്റെ കാര്യത്തില്‍ ഒമിക്രോണ്‍ വന്ന സാഹചര്യം അറിയാമല്ലോ? ലോകത്തെ ആകെ വാക്‌സിനേഷന്‍ കവറേജ് നോക്കുകയാണെങ്കില്‍ ലോകജനസംഖ്യയുടെ 57 ശതമാനം പേര്‍ ഒരു ഡോസും 47 ശതമാനം പേര്‍ രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ വരുമാനം കുറഞ്ഞ രാജ്യങ്ങളിലെ വാക്‌സിനേഷന്‍ വിതരണം നോക്കുകയാണെങ്കില്‍ അവിടെ 9 ശതമാനം പേര്‍ക്ക് മാത്രമേ ഒരു ഡോസ് വാക്‌സിനെങ്കിലും കിട്ടിയിട്ടുളളൂ. അത്തരം സമൂഹങ്ങളില്‍ ഒരാളില്‍ നിന്ന് ഒരാളിലേക്ക് വൈറസ് വ്യാപകമായി പടരുന്നതാണ് പുതിയ ജനിതക വ്യതിയാനം സംഭവിക്കാന്‍ കാരണമാകുന്നത്.
ഒമിക്രോണ്‍ വന്നതിന് ശേഷം ഒന്നിച്ച് ലോകരാജ്യങ്ങള്‍ ലോകാരോഗ്യസംഘടനയുമായി സഹകരിച്ച് വാക്‌സിന്‍ ലഭ്യമാക്കാനുളള ശ്രമം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കോവാക്‌സ് സംരഭത്തോടൊപ്പം ആഫ്രിക്കന്‍ വാക്‌സിന്‍ അക്വിസിഷന്‍ ട്രസ്റ്റും മറ്റും രാജ്യങ്ങളും ചേര്‍ന്ന് വാക്‌സിന്‍ മൊബിലിറ്റി വര്‍ധിപ്പിക്കുന്നു. ആരോഗ്യരംഗത്ത് മാനവവിഭവശേഷി കുറഞ്ഞ രാജ്യങ്ങളില്‍ വാക്‌സിന്‍ എത്തിച്ചാല്‍ മാത്രം പോര അത് അത് കൃത്യമായി വിതരണം ചെയ്യുന്നതിന് ഒരു നയം വേണം, കുത്തിവെപ്പ് നല്‍കാനറിയുന്ന ആരോഗ്യപ്രവര്‍ത്തകര്‍ വേണം. വാക്‌സിന്‍ ലഭ്യതയും അതുകൊടുക്കാനുളള ആരോഗ്യ സംവിധാനത്തിന്റെ അപര്യാപ്തതയും തരണം ചെയ്ത് പോപ്പുലേഷന്‍ ഇമ്യൂണിറ്റി കൂട്ടിയില്ലെങ്കില്‍ വീണ്ടും വേരിയന്റ് ഓഫ് കണ്‍സേണ്‍ വരാനുളള സാധ്യതയാണ് ഒമിക്രോണില്‍ സംഭവിച്ചിരിക്കുന്ന പരിണാമം സൂചിപ്പിക്കുന്നത്.
എല്ലാ രാജ്യങ്ങളും ഒന്നിച്ച് നിന്നെങ്കില്‍ മാത്രമേ ഇതിനെ തരണം ചെയ്യാന്‍ പറ്റൂ. വാക്‌സിന്‍ കണ്ടുപിടിച്ചു എന്നുപറഞ്ഞതുകൊണ്ട് കൊറോണ അവസാനിക്കില്ല വാക്‌സിനേഷന്‍ എല്ലാ രാജ്യങ്ങളിലുമുളള എല്ലാ ജനങ്ങള്‍ക്കുമെത്തി എല്ലാവരും സുരക്ഷിതരാകണം.
വൈറസും മനുഷ്യരുമെല്ലാം ഈ ഭൂമിയില്‍ ഒന്നിച്ച് ജീവിക്കേണ്ട ജീവികളാണല്ലോ അതുകൊണ്ട് പരിണാമം സംഭവിച്ചുകൊണ്ടിരിക്കും. നമ്മള്‍ മനുഷ്യന് ഗുണകരമാകുന്ന രീതിയില്‍ ബുദ്ധിപൂര്‍വവും ശാസ്ത്രീയവുമായ രീതിയില്‍ അതിനെ നേരിടുക എന്നുളളതാണ് കാര്യം.
Content Highlights: Covid third wave, Omicron, Dr.PS Indu talks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..