'ഒരു വര്‍ഷം മുന്‍പ് തന്നെ സ്‌കൂളുകള്‍ തുറക്കണമായിരുന്നു; കുട്ടികളെ സ്‌കൂളുകളില്‍ പറഞ്ഞയയ്ക്കണം'


ദീപ ദാസ്

3 min read
Read later
Print
Share

ഡോ. ഗഗൻ ദീപ് കാങ് | Photo: Mathrubhumi

രു ഡോക്ടര്‍ക്ക് ഒരു സമയം ഒരാളെ മാത്രമേ സഹായിക്കാനാകൂ. പക്ഷേ ശാസ്ത്രജ്ഞയ്ക്ക് ആയിരക്കണക്കിനാളുകളേ രക്ഷിക്കാനാകും എന്ന തിരിച്ചറിവിലൂടെ വാക്‌സിന്‍ ഗവേഷണ രംഗത്തേക്കിറങ്ങിയ ഡോ. ഗഗന്ദീപ് കാങ് ലോക പ്രശസ്തിയാര്‍ജിച്ച മൈക്രോബയോളജിസ്റ്റും വൈറോളജിസ്റ്റുമാണ്. 'വാക്‌സിന്‍ ഗോഡ് മദര്‍' എന്ന് ലോകം വിശേഷിപ്പിക്കുന്ന അവര്‍ അനേകം കുഞ്ഞുങ്ങളുടെ ജീവനപഹരിച്ച റോട്ട വൈറസിനെതിരേ റോട്ടോവാക് വാക്‌സിന്‍ കണ്ടെത്തിയതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജിലെ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ സയന്‍സിലെ പ്രൊഫസറാണ്. 2016 ആഗസ്റ്റ് മുതല് 2020 ജൂലൈ വരെ ട്രാന്‍സ്‌ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്റ് ടെക്‌നോളജി ഇന്സ്റ്റിറ്റിയൂട്ടിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. തൃശ്ശൂരില്‍ വി. അരവിന്ദാക്ഷന്‍ സ്മാരക പുരസ്‌കാരം സ്വീകരിക്കാനെത്തിയ ഡോ. ഗഗന്‍ ദീപ് കാങ്ങുമായി നടത്തിയ സംഭാഷണം.

രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ തുറന്നുകഴിഞ്ഞു. കേരളത്തിലും നവംബറില്‍ സ്‌കൂള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ്. ശരിയായ തീരുമാനമാണോ ഇത്?

നൂറുശതമാനം ശരിയായ തീരുമാനം എന്റെ അഭിപ്രായത്തില്‍ ഒരു വര്‍ഷം മുന്‍പ് തന്നെ സ്‌കൂളുകള്‍ തുറക്കണമായിരുന്നു. 20 മാസമാണ് നമ്മുടെ കുട്ടികള്‍ സ്‌കൂളുകളില്‍ നിന്ന് മാറി നിന്നത്. വിദ്യാഭ്യാസം എന്നത് പരമ പ്രധാനമാണ്. ഓണ്‍ലൈന്‍ പഠനം വേണ്ടത്ര ഫലപ്രദമല്ല. ഒന്നരവര്‍ഷമായി ക്ലാസ്സ്മുറികളില്‍ നിന്ന് വിട്ടുനിന്നത് കൊണ്ട് അവര്‍ക്ക് എന്തോക്കെ നഷ്ടങ്ങളുണ്ടായിരിക്കും. ആ നഷ്ടം മുന്‍പോട്ടുള്ള ജീവിതത്തെ മുഴുവന്‍ ബാധിച്ചേയ്ക്കാം. അതുകൊണ്ട് കുട്ടികളെ സ്‌കൂളുകളില്‍ പറഞ്ഞയയ്ക്കുക തന്നെ വേണം.

സ്‌കൂളുകള്‍ തുറക്കുന്നത് സമൂഹവ്യാപനത്തിനിടയാക്കുമെന്നൊരു നിരീക്ഷണമുണ്ടല്ലോ

പല രാജ്യങ്ങളും സ്‌കൂളുകള്‍ അടച്ചിട്ടിട്ടില്ല. തുറന്ന് പ്രവര്‍ത്തിച്ച സ്‌കൂളുകളില്‍ കോവിഡ് വ്യാപനം വ്യാപകമായുണ്ടായിട്ടില്ല. ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അത് അവര്‍ക്കുള്ളില്‍ തന്നെ ഒതുങ്ങി നിന്നു. സമൂഹവ്യാപനത്തിനിടയാക്കിയിട്ടില്ല. അങ്ങിനെ എവിടെയും രേഖപ്പെടുത്തിയിട്ടുമില്ല. സ്‌കൂളുകളില്‍പ്പോയിത്തുടങ്ങിയാല്‍ കുട്ടികള്‍ക്ക് കോവിഡ് ബാധ ഉണ്ടാകില്ല എന്നല്ല ഞാനുദ്ദേശിക്കുന്നത്.

കോവിഡ് ബാധ പ്രതീക്ഷിക്കണം. ഇത് ശ്വാസകോശത്തെ ബാധിക്കുന്ന വൈറസാണ്. വ്യാപനശേഷിയേറിയതുമാണ്. പ്രത്യേകിച്ച് ഡെല്‍റ്റ വകഭേദത്തിന്റെ കാര്യത്തില്‍. എന്നാല്‍ കുട്ടികള്‍ക്കിടയില്‍ വ്യാപകമായി പടര്‍ന്നുപിടിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകാന്‍ സാധ്യത കുറവാണ്. ആരോഗ്യമുള്ള കുട്ടികളെ സംബന്ധിച്ച് നമ്മള്‍ വളരെക്കുറച്ചേ ആശങ്കപ്പെടേണ്ടതുള്ളൂ. അതേസമയം പ്രത്യേകം ശ്രദ്ധ വേണ്ട കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‌കേണ്ടതുണ്ട്.


വാക്‌സിനെടുക്കാത്ത കുട്ടികള്‍ സ്‌കൂളില്‍പ്പോകുമ്പോള്‍ എന്ത് ശ്രദ്ധിക്കണം.

വാക്‌സിനല്ല, മാസ്‌ക് തന്നെയാണ് പ്രധാനം. അധ്യാപകരും മറ്റ് ജീവനക്കാരും നിര്‍ബന്ധമായും രണ്ടുഡോസ് വാക്‌സിനെടുത്തവരാകണം. മാസ്‌ക് ധരിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല. ഒപ്പം ക്ലാസ്സ് മുറികള്‍ വായുസഞ്ചാരമുള്ളതായിരിക്കണം. ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ക്ലാസ്സ് റൂമിന് പുറത്ത് തുറസ്സായ സ്ഥലത്തായിരിക്കണം. കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ വീട്ടില്‍ തന്നെ ഇരിക്കണം. പരിശോധന നടത്തണം. വീട്ടിലുള്ള മുതിര്‍ന്നവര്‍ക്ക് രോഗബാധയുണ്ടാകുമോ എന്ന ആശങ്കയില്‍ അര്‍ഥമില്ല. അവരെല്ലാം വാക്‌സിനെടുത്തിരിക്കണം


15 വയസ്സിന് താഴെയുള്ള ആരോഗ്യമുള്ള കുട്ടികള്‍ക്ക് വാക്‌സിന് എടുക്കേണ്ട എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ.

തീര്‍ച്ചയായും ആരോഗ്യമുള്ള കുട്ടികളില്‍ കോവിഡ് ബാധ കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കില്ല. ലക്ഷണങ്ങള്‍ പോലുമുണ്ടാകില്ല. മാത്രമല്ല അവര്‍ക്ക് സ്വാഭാവികമായ പ്രതിരോധ ശേഷിയും ലഭ്യമാകും. രോഗബാധയില്‍ നിന്ന് ആരൊക്കെയാണ് സുരക്ഷിതര്‍ എന്ന് പരിശോധിക്കുമ്പോള്‍ അവരെ മൂന്നായി തിരിക്കാം. 1. രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചതിനൊപ്പം സ്വാഭാവികമായി കോവിഡ് ബാധ ഉണ്ടായവര്‍, 2. സ്വാഭാവികമായി രോഗം വന്നുപോയവര്‍, 3. രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചവര്‍.

കുട്ടികള്‍ക്കായി നിര്‍ദേശിച്ച വാക്‌സിനുകളെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്

നിലവില്‍ മികച്ച വാക്‌സിനില്ല എന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴുള്ളതില്‍ ഏറ്റവും മികച്ചത് എന്ന് കണക്കാക്കുന്ന എം.ആര്‍.എന്‍.എ. വാക്‌സിനുകള്‍ പല രാജ്യങ്ങളും 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് നല്കുന്നുണ്ടെങ്കിലും എത്ര ഡോസ് നല്കണമെന്ന കാര്യത്തില്‍ പലരും വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. യു.കെ.യില്‍ ഒരു ഡോസാണ് നല്കുന്നതെങ്കില്‍ യു.എസില്‍ രണ്ട് ഡോസ് നല്കുന്നുണ്ട്. അപ്പോള്‍ നമ്മള്‍ ഏത് വാക്‌സിന് സ്വീകരിക്കും. നമുക്ക് സ്വന്തമായി എം.ആര്‍.എന്‍.എ.വാക്‌സിനില്ല.

ഇന്ത്യയില്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ എന്ത് പഠനമാണ് നടന്നിട്ടുള്ളത്. നിലവില്‍ രാജ്യത്ത് രോഗവ്യാപനം കുറവാണ്. ഗവേഷണം നടത്തി കൃത്യമായ വാക്‌സിന്‍ പോളിസി രൂപപ്പെടുത്താന്‍ അനുയോജ്യമായ സമയമാണിത്. ശക്തമായ വിവരശേഖരണം നടത്തണം. നാല് മുതല്‍ ആറു മാസം വരെയുള്ള കാലയളവുകൊണ്ട് അതൊരുക്കാവുന്നതേയുള്ളൂ. അതിനെല്ലാം ശേഷം മാത്രം നമ്മുടെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങണം. ഈ വൈറസിനൊപ്പം കൂടുതല്‍ കാലം ജീവിക്കേണ്ടി വരിക അവരാണ്. അപ്പോള്‍ അവര്‍ക്ക് മികച്ച പ്രതിരോധം തന്നെ ഒരുക്കേണ്ടേ.

കുട്ടികള്‍ക്കായി കോവാക്‌സിന്‍ നിര്‍ദേശിക്കപ്പെടുമ്പോള്‍ വാക്‌സിനേഷന്‍ നടപ്പിലാക്കാനുള്ള അന്തിമ ഉപദേശക കമ്മിറ്റികളിലൊന്നിലുള്ള താങ്കളെന്ത് പറയുന്നു

12 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൈക്കോവ് -ഡി(zycov-d), 218 വയസ്സിനിടയിലുള്ളവര്‍ക്ക് കോവാക്‌സിന് എന്നിവയാണ് നമ്മുടെ രാജ്യത്ത് കുട്ടികള്ക്കായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള വാക്‌സിനുകള്‍. നിര്‍ദേശിക്കപ്പെടുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇതിനായുള്ള ലൈസന്‍സ് ലഭ്യമായിട്ടില്ല. പൊതുജനാരോഗ്യമേഖല വഴി കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ഇനിയും ഏറെ കടമ്പകള്‍ പിന്നിടേണ്ടതുണ്ട്. വിവിധ തലങ്ങളില്‍ അതിനായുള്ള പഠനവും ചര്‍ച്ചകളും തുടരുകയാണ്.

സൈക്കോവ്-ഡി 14,000 കുട്ടികള്‍ക്കിടയിലെ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശിക്കപ്പെട്ടത്. ഇവരില്‍ 700 പേര്‍ക്ക് വാക്‌സിന് നല്കിയിരുന്നു. ബാക്കി 700 പേര് വാക്‌സിനെടുക്കാത്തവരും. ഇവരിലാര്‍ക്കും കോവിഡ് ബാധയുണ്ടായില്ല. അതുകൊണ്ടുമാത്രം ആ പഠനത്തെ ശരിവെയ്ക്കാനാകുമോ. ഇവരില് 10 കുട്ടികളുടെ രക്തം മാത്രമാണ് ആന്റിബോഡിയുടെ സാന്നിധ്യമുണ്ടോ എന്നറിയാനായി പരിശോധിച്ചത്. ഈ പത്ത് കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനമാണോ രാജ്യത്തെ ബാക്കി കുട്ടികള്‍ക്ക് വാക്‌സിന് നന്‍കാന്‍ മാനദണ്ഡമാക്കുന്നത്.

അതേസമയം കോവാക്‌സിന് എടുത്ത ലക്ഷക്കണക്കിന് മുതിര്‍ന്നവരുണ്ട്. അത്രയും പേര്‍ക്ക് വാക്‌സിനെടുത്തതിന്റെ വിവരങ്ങള്‍ ലഭിക്കും അതുകൊണ്ടുതന്നെ പ്രതിരോധ ശേഷി കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് ഞാന് കോവാക്‌സിന് തന്നെ നിര്‍ദേശിക്കും. അപ്പോഴും ഞാന്‍ പറയും ആരോഗ്യമുള്ള 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ വാക്‌സിന് നല്‌കേണ്ടതില്ല.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented