'സിതാര നൃത്തം പഠിച്ചത് ഒറ്റദിവസം കൊണ്ട്, നല്ലൊരു നര്‍ത്തകിയാണെന്ന് തിരിച്ചറിഞ്ഞത് തരുണിയിലൂടെ'


രമ്യ ഹരികുമാര്‍

Biju
നൃത്തസംവിധായകന്‍ ബിജു ധ്വനിതരംഗ്

രു പേരിലെന്തിരിക്കുന്നു എന്ന് ചോദിച്ചാല്‍ നൃത്തസംവിധായകന്‍ ബിജു ധ്വനിതരംഗ് (ബിജു സേവ്യര്‍) രണ്ടാമതൊന്ന് ആലോചിക്കാതെ പറയും അതിലാണ് എല്ലാമിരിക്കുന്നത് എന്ന്.. സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ പേര് ഉള്‍പ്പെടുത്താതിനെ തുടര്‍ന്ന് ബിജുവിന് കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ടത് മികച്ച നൃത്തസംവിധായകനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമാണ്. അന്നുലഭിക്കാതെ പോയ പുരസ്‌കാരം അധികം വൈകാതെ തന്നെ ഇത്തവണ ബിജുവിനെ തേടിയെത്തി. എന്നാല്‍ അപ്പോഴും പേര് വില്ലനായി. പുരസ്‌കാരം നേടിയവരുടെ പട്ടികയില്‍ നൃത്തസംവിധായകന്റെ പേരിന് നേരെ എഴുതിയിരുന്നത് ബാബു സേവ്യര്‍ എന്നായിരുന്നു. ഒടുവില്‍ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ നൃത്ത സംവിധാനത്തിന് ബിജു സേവ്യറിന് തന്നെയാണ് ഇത്തവണ പുരസ്‌കാരം എന്നുറപ്പായതോടെ ചെറിയൊരു പിഴവില്‍ കൈവിട്ടുപോയ പുരസ്‌കാരം വൈകാതെ തന്നെ തേടിയെത്തിയതിന്റെ സന്തോഷത്തിലും ആശ്ചര്യത്തിലുമായി ബിജു.

ഇന്‍സ്റ്റഗ്രാം റീല്‍സിലെ നൃത്താസ്വാദകരുടെ ആരാധനാപാത്രമാണ് ബിജു. ഇന്‍സ്റ്റയില്‍ ഡാന്‍സിങ് മുത്തശ്ശി എന്ന പേരില്‍ വൈറലായ നൃത്താധ്യാപിക ശ്യാമള സേവ്യറിന്റെ മകന്‍. അമ്മയുടെ പാത പിന്തുടര്‍ന്ന് നൃത്തം കരിയറിയറാക്കുകയായിരുന്നു ബിജു. ബിജു നൃത്ത സംവിധാനം ചെയ്ത സിതാരയുടെ തരുണി എന്ന സംഗീത ആല്‍ബവും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. സ്റ്റേജ് ഷോകളിലൂടെ ആരംഭിച്ച തന്റെ നൃത്തയാത്രയെ കുറിച്ച് സംസാരിക്കുകയാണ് ബിജു.

ടൈറ്റില്‍ കാര്‍ഡില്‍ പേരില്ലാത്തതിന്റെ പേരില്‍ അവാര്‍ഡ് നഷ്ടം, അവാര്‍ഡ് ലഭിച്ചപ്പോള്‍ ബാബു സേവ്യര്‍ എന്ന പേരില്‍ കണ്‍ഫ്യൂഷന്‍..

ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ കേരളം അപ്രതീക്ഷിതമായുണ്ടായ പ്രളയത്തെ അഭിമുഖീകരിക്കുകയായിരുന്നു. അതിനാല്‍ തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കിയ വളരെ കുറച്ച് പേരുടെ പേരുകളാണ് ചാനലില്‍ ആദ്യം വന്നത്. എന്നെ സുഹൃത്ത് രമ്യാ നമ്പീശനാണ് വിളിച്ചുപറയുന്നത് അവാര്‍ഡ് പട്ടികയില്‍ സൂഫിയും സുജാതയും ബാബു സേവ്യര്‍ എന്ന് പേരുകാണുന്നുണ്ടെന്ന്. സൂഫിയും സുജാതയും ഞാന്‍ ചെയ്തതുകൊണ്ട് എനിക്ക് സംശയമായി. ചിത്രത്തിന്റെ പ്രൊഡ്യൂസറായ വിജയ്ബാബുസാറിനെ വിളിച്ച് അതുറപ്പിച്ചു. കുറച്ചുസമയത്തേക്ക് ഭയങ്കര അത്ഭുതം തന്നെയായിരുന്നു. ഒരിക്കല്‍ നഷ്ടപ്പെട്ട അവാര്‍ഡ് അധികം താമസിയാതെത്തന്നെ കിട്ടിയതിന്റെ സന്തോഷവും, അത്ഭുതവുമെല്ലാം ഉണ്ടായിരുന്നു. അരവിന്ദന്റെ അതിഥികള്‍ അല്ലാതെ ഞാന്‍ ജോലി ചെയ്ത മറ്റൊരു സിനിമയിലും ടൈറ്റില്‍ കാര്‍ഡില്‍ എന്റെ പേര് ഉണ്ടായിരുന്നില്ല. എനിക്ക് മാത്രമാണോ പേരിന്റെ ഈ പ്രശ്‌നം വരുന്നതെന്ന് അപ്പോഴൊക്കെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പക്ഷേ എന്തൊക്കെയായാലും ഇപ്പോള്‍ സംഭവിച്ചത് വളരെ സന്തോഷമുളള കാര്യമാണ്. ചലച്ചിത്ര അക്കാദമിയില്‍ നിന്ന് വിളിച്ച് പേര് ക്ലിയര്‍ ചെയ്തിരുന്നു.

ആദ്യ ഒടിടി മലയാള ചിത്രം, അതിമനോഹരമായ ഗാനങ്ങള്‍, സൂഫി നൃത്തം; സൂഫിയും സുജാതയിലേക്കുമെത്തുന്നത് എങ്ങനെയാണ്

എല്ലാ രീതിയിലും ആ ചിത്രത്തിന് വളരെയധികം പ്രാധാന്യമുണ്ട്. സൂഫിയും സുജാതയും ഭയങ്കര മ്യൂസിക്കലായിരുന്നു, അത്രതന്നെ അതിന് നൃത്തത്തിനും പ്രധാന്യമുണ്ട്. വിജയ് ബാബുസാറുമായി എനിക്ക് കുറേ വര്‍ഷത്തെ പരിചയമുണ്ട്. നമുക്ക് ഒരു സിനിമ ചെയ്യണം എന്നദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. ഒരു ദിവസം എന്നെ വിളിച്ചുപറഞ്ഞു ബിജു, കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ടുപോയ പുരസ്‌കാരം തിരിച്ചുപിടിക്കാന്‍ പറ്റിയ ഒരു സിനിമയുണ്ട്, ഓഫീസില്‍ വെച്ച് കഥകേള്‍ക്കാം എന്ന്. ചിത്രത്തിന്റെ സംവിധായകന്‍ നരണിപ്പുഴ ഷാനവാസും പ്രൊഡ്യൂസര്‍ വിജയ് ബാബുസാറും ആണ് സിനിമയുടെ കഥ എനിക്ക് പറഞ്ഞുതരുന്നത്. സിനിമയിലെ പാട്ടുകളെ കുറിച്ചും അവര്‍ സംസാരിച്ചു. എം.ജയചന്ദ്രന്‍ സാര്‍ എത്രമാത്രം ഇതിനകത്ത് റിസര്‍ച്ച് ചെയ്തു തുടങ്ങിയ കാര്യങ്ങളെല്ലാം. സിനിമയുടെ സ്‌ക്രിപ്റ്റ് മുഴുവന്‍ പറഞ്ഞുതരുമ്പോള്‍ നമുക്ക് അറിയാന്‍ സാധിക്കുമല്ലോ സംഗീതത്തിനും നൃത്തത്തിനും എത്രമാത്രം പ്രാധാന്യം ഉണ്ടെന്ന്.

പിന്നെ സൂഫി നൃത്തം, അത് ശരിക്കും ഒരു ഡാന്‍സ് ആര്‍ട്ട്‌ഫോമല്ല, അതിന്റെ ഒരു ഡിവൈന്‍ സ്‌റ്റൈല്‍ എല്ലാം മനസ്സിലാക്കിയാണ് കൊറിയോഗ്രഫി ചെയ്തത്. അതിമനോഹരമായ ഗാനമാണ് വാതില്‍ക്കലെ വെളളരിപ്രാവ്. ആ പാട്ടുകേട്ടപ്പോള്‍ തന്നെ ഞാന്‍ ഫ്‌ളാറ്റായതാണ്. ഒരു ഹോണ്ടിങ് സോങ്ങായിരുന്നു അത്. അത് ഷൂട്ട് ചെയ്യുമ്പോള്‍ ഭയങ്കരഭാഗ്യമായി തോന്നിയിരുന്നു. ഒരു കൊറിയോഗ്രാഫറെ സംബന്ധിച്ചിടത്തോളം നല്ല പാട്ടുകള്‍ കിട്ടുക എന്ന് പറുയുന്നത് ഭയങ്കര ഭാഗ്യമാണ്. ആ സോങ് ഹിറ്റാ വുക എന്നുളളതും നമ്മുടെ കരിയറില്‍ അത്യാവശ്യമാണ്. അതെല്ലാം സംഭവിച്ച ചിത്രമായിരുന്നു സൂഫിയും സുജാതയും.

ബിഗ് സ്‌ക്രീനില്‍ സൂഫിയും സുജാതയിലെയും ഗാനരംഗങ്ങള്‍ കാണണം എന്ന ഒരു ആഗ്രഹമുണ്ടായിരുന്നു. അതിനെനിക്ക് ഭാഗ്യം കിട്ടിയില്ല. പക്ഷേ ഞാന്‍ ഭയങ്കര സന്തോഷവാനാണ്. ഒടിടി പ്ലാറ്റ്‌ഫോമില്‍ ചിത്രം വന്നതുകൊണ്ട് തിയേറ്ററില്‍ വന്നതിനേക്കാളും കൂടുതല്‍ റീച്ച് കിട്ടി എന്നാണ് എന്റെ വിശ്വാസം. ആദ്യത്തെ മലയാളം ഒടിടി സിനിമ ആയതുകൊണ്ടും, കൊറോണ സമയത്ത് കൂടുതല്‍ ആളുകളും വീട്ടിലിരിക്കുന്ന സമയത്തുമായിരുന്നല്ലോ..എനിക്ക് തോന്നുന്നു തിയേറ്ററില്‍ പോയി കാണുന്നതിനേക്കാല്‍ കൂടുതല്‍ ആളുകള്‍ ആദ്യരണ്ടുമൂന്നു ദിവസങ്ങളില്‍ പടം കണ്ടു. സിനിമയുടെ റീച്ച് വളരെ ഫാസ്റ്റായിരുന്നു. ഫസ്റ്റ് ഷോ കഴിഞ്ഞപ്പോള്‍ തന്നെ നല്ല അഭിപ്രായം വന്നതോടെ ഭയങ്കര റീച്ച് കിട്ടി.

നിരവധി താരങ്ങളുടെ​ഗുരുവാണ്

ഞാനും പൂര്‍ണിമ ഇന്ദ്രജിത്തും ഒന്നിച്ചുവളര്‍ന്നവരാണ്. ഒന്നിച്ച് ഡാന്‍സ് ചെയ്തിട്ടുണ്ട്. പിന്നീട് പൂര്‍ണിമ സിനിമയില്‍ എത്തി. പൂര്‍ണിമയാണ് പറയുന്നത് ബിജു നമുക്ക് ഷോ ചെയ്യാം എന്ന്. പിന്നെ കുറച്ചുനാള്‍ ആ വഴിയിലൂടെ സഞ്ചരിച്ചു. സുജാ കാര്‍ത്തിക, ജ്യോതിര്‍മയി, പാര്‍വതി നമ്പ്യാര്‍, മുക്ത ഇവരൊക്കെയായി ഞാന്‍ ജോലി ചെയ്യാന്‍ ആരംഭിച്ചു. ഇവരൊക്കെ ആര്‍ട്ടിസ്റ്റാകും മുമ്പേ എനിക്കറിയാവുന്നവരായിരുന്നു. പിന്നെ ആശ ശരത്, ഞാന്‍ അവരുടെ കീഴില്‍ ജോലി ചെയ്തിരുന്ന ഒരു വ്യക്തിയാണ്. ഇവരുടെ കൂടെയെല്ലാം വര്‍ക്ക് ചെയ്ത് വന്ന് എന്റെ ഡാന്‍സിന്റെ ഔട്ട്പുട്ട് കണ്ട് പിന്നീട് എനിക്ക് കിട്ടിയ സൗഹൃദങ്ങളാണ് ശ്വേത മേനോന്‍, അനുശ്രീ, അനു സിതാര, സരയൂ അങ്ങനെ ഒരുപാട് പേര്‍. ഡാന്‍സര്‍ ആയതുകൊണ്ട് നമുക്ക് കുറേ കോണ്‍ടാക്ട് ഉണ്ടായിരുന്നു. അവരൊക്കെ ആര്‍ട്ടിസ്റ്റായി വന്നപ്പോള്‍ കൂടെ ഞാന്‍ അവരുടെ ഗുരുവായി മാറുകയായിരുന്നുവെന്ന് പറയാം.

സിനിമയിലേക്കുളള എന്‍ട്രി എങ്ങനെയായിരുന്നു

2012-13 സമയത്ത് ഫഹദ് ഫാസില്‍ നായകനായി മാളവിക മോഹന്‍ അഭിനയിച്ച ഒരു വല്യ സ്റ്റാര്‍കാസ്റ്റ് ഉളള ഒരു പടമുണ്ടായിരുന്നു, നാളെ എന്നായിരുന്നു മൂവിയുടെ പേര്. സിജു എസ് ബാവയായിരുന്നു സംവിധായകന്‍. അദ്ദേഹം എന്റെ സുഹൃത്താണ്, കോളേജ് മേറ്റാണ്. അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നു നാളെ. അതില്‍ നല്ലൊരു ഗാനമുണ്ടായിരുന്നു. ഒരു ആദിവാസി സംഗീതത്തിലുളള നല്ലരീതിയില്‍ ഷൂട്ട് ചെയ്തതാണ്, അതിന്റെ ഔട്ട് കാണാന്‍ ആഗ്രഹിക്കുകയും ചെയ്തതാണ്. പക്ഷേ ആ സിനിമ മുഴുവന്‍ നടന്നില്ല. അങ്ങനെ ആ സുഹൃത്തിന്റൈ സഹായത്തോടെയാണ് ഞാന്‍ സിനിമയിലേക്ക് ആദ്യം വരുന്നത്. പിന്നീട് ഒരു മുറൈ വന്ത് പാര്‍ത്തായാ, ആദ്യമായി ഞാന്‍ പൂര്‍ണമായി ചെയ്ത സിനിമയാണ് ഒരു മുറൈവന്ത് പാര്‍ത്തായാ, അതിലെ എല്ലാ പാട്ടുകളും ഹിറ്റായിരുന്നു.

ഞങ്ങളുടെയെല്ലാം ചെറുപ്പകാലത്ത് സിനിമയിലെ നൃത്തസംവിധാനം പൂര്‍ണമായും തമിഴ്‌നാട്ടില്‍ മുംബൈയില്‍ നിന്നും വരുന്ന ഡാന്‍സ് മാസ്റ്റേഴ്‌സിന്റെ മാത്രം കുത്തകയായിരുന്നു കേരളത്തില്‍ നിന്നുളള ഒരു നൃത്തസംവിധായകനെ കുറിച്ച് ഞാന്‍ കേട്ടിട്ടുപോലുമില്ല. എങ്കിലും എന്റെ ഉളളിലെ ആഗ്രഹം സിനിമകള്‍ ചെയ്യുക എന്നുളളത് തന്നെയാണ്. പക്ഷേ അതിനകത്തേക്കുളള വഴി അറിയില്ല. കേരളത്തിലെ പല ഡാന്‍സ് മാസ്റ്റേഴ്‌സിനും ഇതുസംബന്ധിച്ച് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. ആഗ്രഹങ്ങളും കഴിവുകളും എല്ലാവര്‍ക്കുമുണ്ടായിരുന്നു, ഇപ്പോഴും കഴിവുളള ധാരാളം മാസ്‌റ്റേഴ്സ് നമ്മുടെ നാട്ടില്‍ തന്നെയുണ്ട്. പിന്നീട് ഞങ്ങള്‍ക്ക് ഒരു അസോസിയേഷനുണ്ടാകുകയും സിനിമകള്‍ പതുക്കെ പതുക്കെ ഞങ്ങളെ തേടിയെത്തുകയുമായിരുന്നു.

പുറത്ത് നിന്ന് നോക്കുമ്പോള്‍ ഒരു ഗ്ലാമര്‍ ലോകമാണ് സിനിമ, പക്ഷേ ആ ലോകത്തെ അതിജീവനം എളുപ്പമല്ലല്ലോ?

ആദ്യകാലത്ത് കൂടുതലും സ്‌റ്റേജ്‌ഷോകളിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. അവിടെയും ഈ പറഞ്ഞപോലെ വെള്ളിവെളിച്ചത്തിനുളളിലാണ് നില്‍ക്കുന്നതെങ്കിലും സ്റ്റേജിന് പിറകില്‍ കാര്യങ്ങള്‍ വളരെ ബുദ്ധിമുട്ട് നിറഞ്ഞത് തന്നെയായിരുന്നു. നമ്മള്‍ ആദ്യം പറഞ്ഞ് ഉറപ്പിച്ച പേമെന്റ് നമുക്ക് കിട്ടില്ല, അല്ലെങ്കില്‍ പറഞ്ഞ പേമെന്റിന് വേണ്ടി അവരുടെ പിറകേ അലയുന്ന ഒരു അവസ്ഥ. ആ ഒരു അവസ്ഥ ഇപ്പോഴുമുണ്ട് എന്നുതന്നെയാണ് എന്റെ വിശ്വാസം. ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്ന ഒരു അവസരം എന്ന നിലയിലാണ് പല ആള്‍ക്കാരും ഇതിനെ കാണുന്നത്. നിങ്ങള്‍ അഡ്ജസ്റ്റ് ചെയ്ത് നിന്നാല്‍ എന്നും പ്രോഗ്രാം ഉണ്ടാകും. പലരും നമ്മളോട് പെരുമാറിയിരുന്നതും ഇപ്പോഴും പെരുമാറുന്നതും അങ്ങനെ തന്നെയാണ്. ഞാന്‍ ലോക്ഡൗണ്‍ സമയത്ത് ചെയ്ത പ്രമുഖ ചാനലിന്റെ പ്രോഗ്രാമിന് പോലും എല്ലാം കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞ പ്രതിഫലമല്ല ലഭിച്ചത്. എനിക്ക് വലിയൊരു തുക നഷ്ടമാണ് ഉണ്ടായത്. പിന്നെ അതേ കുറിച്ച് ചോദിക്കുമ്പോള്‍ തരില്ല എന്നു പറഞ്ഞിട്ടില്ലല്ലോ എന്നെല്ലാം പറയാം. പത്തുമാസം കഴിഞ്ഞു ഇപ്പോഴും കിട്ടിയിട്ടില്ല. ഞാന്‍ അറിയപ്പെടുന്ന വ്യക്തിയായി കഴിഞ്ഞു എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടാവില്ലെന്നാണ് കരുതുക, പക്ഷേ യാഥാര്‍ഥ്യം അതല്ല.

എന്നേക്കാള്‍ മുമ്പ് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ കുറേ മലയാളി കൊറിയോഗ്രാഫേഴ്‌സ് ഉണ്ട്. അവരെല്ലാമാണ് എനിക്ക് പ്രചോദനം. നമുക്ക് എന്തെങ്കിലും ചെയ്തുകാണിക്കാന്‍ പറ്റുന്ന സ്‌പേസ് ഉണ്ടാകുമെന്ന് തോന്നിത്തുടങ്ങി. പക്ഷേ അങ്ങനെ തോന്നിത്തുടങ്ങിയിട്ട് വളരെ കുറച്ച് കാലമേ ആയിട്ടുളളൂ. എന്നോട് എല്ലാവരും ചോദിക്കുന്നുണ്ട്. സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ട് എന്തുസംഭവിച്ചുവെന്ന് ഞാന്‍ പറഞ്ഞു ഒന്നും സംഭവിച്ചിട്ടില്ല. ഇനി എന്തെങ്കിലും സംഭവിക്കുമെന്നും വലിയ പ്രതീക്ഷയൊന്നുമില്ല. മലയാള സിനിമാമേഖലയെയും ഇതരഭാഷ സിനിമമേഖലയേയും നമുക്ക് നന്നായി അറിയാവുന്നതാണ്.

എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് കിട്ടിയ സിനിമകള്‍ എന്നെ അന്വേഷിച്ച് വന്നതാണ്. അവസാനം ചെയ്ത സിനിമ, ആശ ചേച്ചി അഭിനയിക്കുന്നതാണ്.. ആശചേച്ചി പറഞ്ഞിട്ട് എന്നെ അന്വേഷിച്ചുവന്നതാണ് അത്. അതുചെയ്തുകഴിഞ്ഞപ്പോള്‍ സംവിധായകന്‍ വളരെ ഹാപ്പിയായിരുന്നു. അങ്ങനെ വരുന്നതേ വരത്തുളളൂ, പോപ്പുലാരിറ്റിയുടെ പേരില്‍ സിനിമയൊന്നും ലഭിക്കില്ല. സിനിമയില്‍ ഓരോ ആസ്‌പെക്ട്‌സും കണ്‍ട്രോള്‍ ചെയ്യുന്നത് ഓരോരുത്തരാണ്.

biju

സ്‌റ്റേജ് ഷോ, സിനിമ കൊറിയോഗ്രാഫി..ഏതാണ് കൂടുതല്‍ സംതൃപ്തി നല്‍കുന്നത്?

എനിക്ക് സ്റ്റേജ് ഷോ ചെയ്യുമ്പോഴാണ് സന്തോഷം കിട്ടുന്നത്. കുറച്ചുദിവസം കഷ്ടപ്പെട്ട് സ്റ്റേജില്‍ അത് നല്ല രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ ആ കാണുന്ന പ്രേക്ഷകര്‍ അത് ആസ്വദിക്കുകയും അതു നേരിട്ട് കാണുകയും ചെയ്യുമ്പോള്‍ കിട്ടുന്ന ആ ഒരു നിമിഷത്തെ സന്തോഷം പിന്നെ കിട്ടാറില്ല. അപ്പോള്‍ കിട്ടുന്ന അഭിനന്ദനങ്ങളും വളരെ വലുതാണ്. അമ്പലത്തില്‍ പോയി കളിക്കുമ്പോഴെല്ലാം ആ നിമിഷം ലഭിക്കുന്ന കൈയടിയെല്ലാം അതൊക്കെ ഒരു വേറെ ഫീലാണ്.

ഇന്ന് സമൂഹിക മാധ്യമങ്ങള്‍ നര്‍ത്തകര്‍ക്ക് വേദിയായി മാറിക്കഴിഞ്ഞു

2007 വരെ ഞാന്‍ പുറത്തായിരുന്നു. ഞാന്‍ തിരിച്ചെത്തിയപ്പോള്‍ ഇവിടെ റിയാലിറ്റി ഷോകളുടെ കാലഘട്ടം ആരംഭിച്ചു. അന്നാണ് സത്യം പറഞ്ഞാല്‍ കലാകാരന്മാര്‍ക്ക് വേദി ഒരുങ്ങിത്തുടങ്ങിയത്. പാട്ടില്‍ തുടങ്ങിയ റിയാലിറ്റി ഷോകള്‍ ഡാന്‍സിലെത്തി. പിന്നെ എല്ലാതരം റിയാലിറ്റി ഷോകളും വന്നു. അപ്പോഴാണ് കൂടുതല്‍ ആളുകള്‍ക്ക് എക്‌സ്‌പോഷര്‍ ഉണ്ടായിത്തുടങ്ങിയതും കലാകാരന്മാര്‍ക്ക് കൂടുതല്‍ കയറിവന്നതെന്നും വ്യക്തമായി പറയാന്‍ സാധിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വന്നപ്പോള്‍ അതിനേക്കാള്‍ കൂടി. കണ്ടന്റ് ക്രിയേറ്റേഴ്‌സ് എന്ന രീതിയില്‍ കുറേ ആളുകള്‍ മാറി. ഞാന്‍ ആരാധിക്കുന്ന കുറേ കണ്ടന്റ് ക്രിയേറ്റേഴ്‌സ് ഉണ്ട്. ഇങ്ങനെ ഒരു വേദിയില്ലായിരുന്നെങ്കില്‍ അവര്‍ എന്ത് ചെയ്‌തേനെ. എത്ര ഉഗ്രന്‍ ഡാന്‍സാണ് പലരുടെയും. ഞാന്‍ അവരോട് പറയും, ഇത് നിങ്ങളുടെ വേദിയാണ് ഇവിടെ ഇത് ചെയ്യരുത് അത് ചെയ്യരുത് എന്ന് പറയാന്‍ ആരുമില്ല. നിങ്ങള്‍ക്ക് സമയം കിട്ടുമ്പോള്‍ ഈ ലഭിച്ച അവസരം മാക്‌സിമം ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇതില്‍ നിന്ന് എന്ത് നേടുന്നു എന്ന് നോക്കരുത്, സന്തോഷം കിട്ടുന്നുണ്ടോ എന്ന് മാത്രം നോക്കുക. അത് ചെയ്തുകൊണ്ടിരിക്കുക, പിന്നെയെല്ലാം വന്നുചേരും. അവരില്‍ പലരും സിനിമയിലേക്കെല്ലാം വന്നുതുടങ്ങി. നമുക്ക് ഇങ്ങനെ വേദികള്‍ ഉണ്ടായിരുന്നില്ല. ഇന്ന് ഞാനും ഇന്‍സ്റ്റഗ്രാമം റീല്‍സില്‍ സജീവമാണ്. റീല്‍സില്‍ സജീവമായത് ഇതില്‍ നിന്ന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കും എന്ന പ്രതീക്ഷയിലല്ല. എ്‌ന്റെ സന്തോഷം കണ്ടെത്താന്‍ വേണ്ടിയാണ്.

റിയാലിറ്റി ഷോകളെ കുറിച്ച് പറഞ്ഞതുകൊണ്ട് ചോദിക്കുകയാണ്. ചലച്ചിത്ര നടിയും നര്‍ത്തകിയുമായ ശോഭന ഒരിക്കല്‍ ഒരു വര്‍ക്ക്‌ഷോപ്പില്‍ ഇപ്പോള്‍ റിയാലിറ്റി ഷോകളില്‍ കാണുന്നത് നൃത്തത്തേക്കാള്‍ അക്രോബാറ്റിക്‌സ്​ ആണ്എന്ന് അഭിപ്രായപ്പെട്ടിരുന്നു

ശോഭന മാം പറഞ്ഞതിനോട് കുറച്ചൊക്കെ ഞാനും യോജിക്കുന്നുണ്ട്. മത്സരങ്ങളില്‍ നൃത്തത്തില്‍ 'ഗിമ്മിക്‌സ്'ഉണ്ടെങ്കില്‍ അതിനാണ് സമ്മാനം പോകുന്നത്. പക്ഷേ ശാസ്ത്രീയ നൃത്തങ്ങളിലെല്ലാം നമുക്ക് ഗിമ്മിക്‌സ് കാണിക്കാനാവില്ല. ഒരു കലാരൂപത്തെ മറ്റൊരുകലാരൂപമായി താരതമ്യം വരുന്നുമുണ്ട്. ഡാന്‍സില്‍ അക്രോബാറ്റിസം മിക്‌സ് ചെയ്യുന്നതിനെ ജഡ്ജസ് പോലും പിന്തുണയ്ക്കുന്നതാണ് കണ്ടിട്ടുളളത്. അതില്ലെങ്കില്‍ 'wow factor' ഇല്ല എന്ന് പറയും. നമുക്ക് എല്ലാ ഡാന്‍സിനും തലകുത്തി മറയാന്‍ പറ്റത്തില്ല.

പല ജഡ്ജസിന്റെയും കമന്റില്‍ ഞാന്‍ ശ്രദ്ധിച്ച കാര്യം ഒരു കാര്യമുണ്ട്. നല്ല ഡാന്‍സായിരിക്കും, നല്ല വൃത്തിയായി ചെയ്തിട്ടുമുണ്ടാകും അതില്‍ നമുക്ക് ഒരു കുറ്റം പറയാന്‍ പറ്റത്തില്ല പക്ഷേ ജഡ്ജസ് പറയും ഡാന്‍സ് ഒക്കെ നല്ലതായിരുന്നു പക്ഷേ 'wow factor' ഇല്ല എന്ന്. ഇങ്ങനെ ഒരു ഫാക്ടറിനെ കുറിച്ച് ഡാന്‍സ് പഠിപ്പിക്കുന്ന ഒരു നൃത്താധ്യാപകനും ഒരിക്കലും പഠിപ്പിച്ചുകൊടുത്തിട്ടുളള ഒന്നല്ല. മത്സരത്തിന് വേണ്ടി ആള്‍ക്കാര്‍ ഉണ്ടാക്കിക്കൊണ്ടുവന്ന ഒരു സംഭവമാണത്. അവസാനം ഡാന്‍ഡ് പോയിട്ട് 'wow factor' മാത്രമായി മാറിയിരിക്കുകയാണ്. ഇന്ന് കുട്ടികള്‍ ഡാന്‍സ് കളിക്കാനല്ല ശ്രദ്ധിക്കുന്നത്. ഇതുപോലെ എന്തെങ്കിലും ഗിമ്മിക്‌സ് കാണിക്കാനാണ് എന്നാലേ ശ്രദ്ധിക്കൂ, മാര്‍ക്ക് ലഭിക്കൂ..

പുരുഷന്മാര്‍ നൃത്തം പഠിച്ചാല്‍ സ്‌ത്രൈണത ഉണ്ടാകുമെന്ന വാദം

കേരളത്തിലെ ആള്‍ക്കാരുടെ ഒരു തെറ്റിദ്ധാരണയാണ് നൃത്തം പഠിച്ചാല്‍ പുരുഷന്മാരില്‍ സ്‌ത്രൈണത വരുമെന്നുളളത്. ഒരു ഡാന്‍സ് ഫോം അല്ലെങ്കില്‍ ആര്‍ട്ട് ഫോം പഠിച്ചതുകൊണ്ടൊന്നും ഒരു പുരുഷന്‍ സ്ത്രീയെപ്പോലെ നടക്കണമെന്ന് നിര്‍ബന്ധമില്ല, അതുപോലെ സ്ത്രീ പുരുനെപ്പോലെയും. സ്‌പോര്‍ട്‌സ് പേഴ്‌സണായിട്ടുളള പല സ്ത്രീകളുടെയും ശരീരം പുരുഷന്മാരുടെ പോലെയാണെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. അതൊരു തെറ്റായ ധാരണയാണ്. സത്രീയായാലും പുരുഷനായാലും ദേവിയെ കുറിച്ചുളള നൃത്തരൂപം സ്റ്റേജില്‍ അവതരിപ്പിക്കുമ്പോള്‍ ദേവിയായിരിക്കും. അവിടെ നിന്ന് ഇറങ്ങുമ്പോള്‍ അതുപോലെ നടക്കണമെന്ന് ഒരു നൃത്താധ്യാപകരും പഠിപ്പിക്കാറില്ല.

തരുണിയെ കുറിച്ച് പറയാതെ പൂര്‍ണമാകില്ല. സിതാരയെന്ന ഗായിക എത്ര മികച്ച നര്‍ത്തകിയാണെന്ന് തെളിയിച്ചതായിരുന്നു തരുണി

തരുണിയെക്കുറിച്ച് ഉറപ്പായും പറഞ്ഞേ പറ്റൂ. സിതാര ഒരു നല്ല നര്‍ത്തകിയാണെന്ന് സിതാരയുടെ ഭര്‍ത്താവ് പറഞ്ഞ് അറിയാമായിരുന്നു. അദ്ദേഹം ആണ് സിതാരയെ ഏററവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്നത്. എപ്പോഴും എന്നോട് പറയും മിസ്റ്റര്‍ ധ്വനിതരംഗ് നമുക്ക് ഒരു ഉഗ്രന്‍ വീഡിയോ ചെയ്യണം. ഞാന്‍ റെഡിയാണ് നിങ്ങള്‍ പറഞ്ഞാല്‍ മതിയെന്ന് ഞാനും പറയും. ആ ആശയം ഉരുത്തിരിഞ്ഞ് തരുണി സംഭവിച്ചു. സിതാരയാണ് പാട്ട് എനിക്ക് അയച്ചുതരുന്നത്. പാട്ട് ഗ്രേറ്റാണ് ഒന്നും പറയാനില്ല. സംഗീതം അതിഗംഭീരമാണ്. ഡാന്‍സിനുംകൂടി പറ്റുന്ന രീതിയില്‍ മിഥുന്‍ രാജ് ഗംഭീരമായി സംഗീതം ചെയ്തിട്ടുണ്ട്. എന്റെ ടാസ്‌ക് സിതാരയെ കളിപ്പിച്ചെടുക്കുക എന്നുളളതാണ്. സിതാര എങ്ങനെയാണ് കളിക്കാന്‍ പോകുന്നത് എന്ന് എനിക്കൊരു സംശയമുണ്ടായിരുന്നു. കാരണം ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണല്ലോ നൃത്തം ചെയ്യുന്നത്.

ഈ വീഡിയോയ്ക്ക് വേണ്ടി എത്രനാള്‍ റിഹേഴ്‌സല്‍ ചെയ്തു എന്നെല്ലാം ചോദിച്ചാല്‍ അതെല്ലാം വളരെ തമാശയുളള കാര്യമാണ്. ഒരു ദിവസമാണ് സിതാരവന്ന് നോക്കി റിഹേഴ്‌സല്‍ ചെയ്തത്. ഒരു ദിവസം ഗാനത്തിന്റെ പകുതി ഞാന്‍ കൊറിയോഗ്രാഫി ചെയ്തു. പിന്നീട് എന്റെ അസോസിയേറ്റിനെ വെച്ച് ബാക്കി കൊറിയോഗ്രഫി ചെയ്ത് അയച്ചുകൊടുത്തു. സിതാര കണ്ടു, കുഴപ്പില്ല നമുക്ക് ചെയ്യാം എന്നറിയിച്ചു. പിന്നീട് ലൊക്കേഷനില്‍ വെച്ചിട്ട് ചെറിയ മാറ്റങ്ങളും വരുത്തി. ബുദ്ധിമുട്ടുളളതെല്ലാം സിതാര കഷ്ടപ്പെട്ടുചെയ്തിട്ടുണ്ട്. സത്യം പറഞ്ഞാല്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഇത്രയും ദീര്‍ഘമായ ഇടവേളയില്‍ ഇത്രയും വൃത്തിയായിട്ട് കളിക്കണമെങ്കില്‍ ആ കുട്ടിയുടെ ബേസ് അല്ലെങ്കില്‍ കുട്ടി പഠിച്ചിരുന്ന ഗുരുക്കന്മാര്‍ എത്ര സ്‌ട്രോങ്ങായിട്ടാണ് അത് കൊടുത്തത്, അവള്‍ അത് പഠിച്ചിട്ടുളളത് എന്ന് ഓര്‍ക്കണം. അതാണ് തരുണിയുടെ വിജയം. ഇത്രയും നല്ല ഗായിക, ഇത്രയും നല്ലൊരു നര്‍ത്തകിയാണെന്ന് പലരും തിരിച്ചറിഞ്ഞത് ഈ ഒരു വീഡിയോയിലൂടെയാണ്. എന്നെ ഏല്‍പിച്ച കാര്യങ്ങള്‍ നന്നായി ചെയ്യാന്‍ പറ്റി എന്നുമാത്രമേ ഞാന്‍ വിശ്വസിക്കുന്നുളളൂ.

എന്റെ സന്തോഷം എന്താണെന്ന് വെച്ചാല്‍ ഡാന്‍സ് പഠിക്കുന്ന, പഠിച്ചിരുന്ന, പിന്നീട് നിര്‍ത്തിയ എല്ലാവരും വീഡിയോ കണ്ട് തരുണി റീല്‍സ് ചെയ്യാന്‍ തുടങ്ങി. ദിവസം 50 മുതല്‍ 60 ആളുകള്‍ വരെ എന്നെ ടാഗ് ചെയ്ത് റീല്‍സ് ഇടുന്നുണ്ട്. അത് ഒരു പ്രചോദനം ആണല്ലോ. ക്ലാസിക്കല്‍ ഡാന്‍സ് കണ്ടാല്‍ രണ്ടുസെക്കന്‍ഡിനുളളില്‍ ചാനല്‍ മാറ്റുന്ന ചെറുപ്പക്കാര്‍ പോലും തരുണി കണ്ടു. കുറേപേര്‍ നേരിട്ട് എന്നെ വിളിച്ചു. ഒരു കലാരൂപത്തെ അങ്ങനെ എത്തിക്കാന്‍ പറ്റുക എന്നുളളത് തന്നെ വലിയ സന്തോഷമാണ്.

ഇത് ശുദ്ധ ശാസ്ത്രീയനൃത്തമാണോ എന്ന് വിമര്‍ശനങ്ങള്‍ ഉയരാം. ഇതൊരു ഫ്യൂഷന്‍ ഡാന്‍സാണ്. ഞാന്‍ കംപോസ് ചെയ്ത നൃത്തം എല്ലാ ശാസ്ത്രീയ നൃത്തത്തിന്റെയും ചേരുവകള്‍ ഉളളതാണ്. അതിന്റെ ചിട്ടവട്ടങ്ങള്‍ വിട്ട് ഞാന്‍ കൊറിയോഗ്രഫി ചെയ്യാറില്ല.

Content Highlights: Biju Dhwani tarang interview, Tharuni Sithara Krishnakumar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022

Most Commented