ഭാരത് ജോഡോ യാത്രയിൽ രാഹുൽ |ഫോട്ടോ:PTI
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് വെള്ളിയാഴ്ച നൂറിന്റെ നിറവ്. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ യാത്ര എട്ടു സംസ്ഥാനങ്ങള്‍ പിന്നിട്ട് ഇപ്പോഴുള്ളത് രാജസ്ഥാനിലെ ദൗസയില്‍. 99 ദിവസങ്ങളിലായി 2833 കിലോമീറ്റര്‍ പിന്നിട്ട പദയാത്രികര്‍ക്ക് മുന്നിലുള്ളത് ഹരിയാണ, ഡല്‍ഹി, പഞ്ചാബ്, ജമ്മു-കശ്മീര്‍ എന്നിവിടങ്ങിലെ 737 കിലോമീറ്റര്‍ മാത്രം. നൂറാം ദിവസത്തെ യാത്രയ്ക്കു മുന്നോടിയായി ദൗസയിലെ വിശ്രമകേന്ദ്രത്തില്‍ മുഖ്യസംഘാടകനായ ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ യാത്രാനുഭവങ്ങള്‍ മാതൃഭൂമി ന്യൂഡല്‍ഹി ചീഫ് കറസ്പോണ്ടന്റ് ഡോ. പ്രകാശന് പുതിയേട്ടിയോട് പങ്കുവെക്കുന്നു...
? ഭാരത് ജോഡോ യാത്ര വെള്ളിയാഴ്ച നൂറു ദിവസം തികയ്ക്കുന്നു. യാത്ര കോണ്‍ഗ്രസ്സിലും രാഹുല്‍ ഗാന്ധിയിലും എന്തുമാറ്റമാണ് ഉണ്ടാക്കിയത്. യാത്രയെ മൊത്തം എങ്ങിനെ വിലയിരുത്തുന്നു.
വിസ്മയകരമായ പരിപാടിയാണിത്. മഹാത്മാഗാന്ധി നടത്തിയ ദണ്ഡിയാത്രയ്ക്കു ശേഷം ഇന്ത്യയിലൊരു രാഷ്ട്രീയപ്പാര്‍ട്ടിയും ഇത്തരമൊരു പരീക്ഷണത്തിന് മുതിര്‍ന്നിട്ടില്ല. 46 ദിവസം നീളുന്ന യാത്ര. 3570 കിലോമീറ്റര്‍. സെപ്റ്റംബര്‍ ഏഴിനു കന്യാകുമാരിയില്‍ തുടങ്ങി ജനുവരി 30-ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ശ്രീനഗറില്‍ സമാപിക്കുന്ന യാത്രയുടെ തുടക്കത്തില്‍ ഒരുപാട് വെല്ലുവിളികളുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ചൂടും തണുപ്പും മഴയുമൊക്കെയുള്ള വ്യത്യസ്ത കാലാവസ്ഥകള്‍. പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിലെ ദൗര്‍ബല്യങ്ങള്‍. ദിവസം ശരാശരി 23-25 കിലോമീറ്റര്‍ നടക്കുക എന്നതും എളുപ്പമല്ല. എങ്കിലും പാര്‍ട്ടിയെ മുന്നോട്ടുനയിക്കാന്‍ ഇത്രയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള പരിപാടി വേണം എന്നു തീരുമാനിച്ചു.

രാഹുല്‍ജിയുടെ മനസ്സില്‍ ഭാരതം മുഴുവന്‍ പര്യടനം നടത്തണം എന്ന ആഗ്രഹം നേരത്തെ ഉണ്ടായിരുന്നു. ഉദയ്പുര്‍ ചിന്തന്‍ ശിബിരത്തിലാണ് അന്തിമ തീരുമാനമായത്. നൂറു ദിവസം യാത്ര പിന്നിടുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവങ്ങളാണ് മുന്നിലുള്ളത്. പ്രതീക്ഷിച്ചതിലും എത്രയോ ഇരട്ടി സ്നേഹത്തോടെ ജനങ്ങള്‍ ഈ ജാഥയെ ഹൃദയത്തില്‍ ഏറ്റെടുത്തു. യാത്രയുടെ തുടക്കത്തില്‍ കേരളത്തിലെ ജനബാഹുല്യം കണ്ടപ്പോള്‍ ചിലര്‍ പറഞ്ഞത് അതു കേരളത്തിലായതിനാലെന്നാണ്. എന്നാല്‍ തമിഴ്നാട്ടില്‍ നാലു ദിവസം മാത്രമുള്ള യാത്രയില്‍ കിട്ടിയത് ഒരിക്കലും പ്രതീക്ഷിക്കാത്ത സാധാരണ ജനങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും സ്നേഹപ്രകടനം. രാഹുല്‍ജിയെ തമിഴ് ജനത അത്രയും നെഞ്ചോടുചേര്‍ത്തു. തമിഴ്നാട് കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമായിരുന്നു അത്. കര്‍ണാടകത്തിലെ റായ്ച്ചൂരില്‍ നടത്തിയ ജാഥയാകട്ടെ സമാനതകളില്ലാത്തതായിരുന്നു. കേരളത്തെക്കാള്‍ ജനങ്ങളാണവിടെ തടിച്ചുകൂടിയത്. 10 കിലോമീറ്ററോളം റോഡ് സ്തംഭിച്ചു. കോണ്‍ഗ്രസ്സ് ഇല്ലെന്നു തന്നെ പറയാനാവുന്ന ആന്ധ്രയിലെ തിരക്ക് ബോധ്യപ്പെടുത്തുന്നത് കോണ്‍ഗ്രസ് വേരുകള്‍ അവിടെയും ജനഹൃദയത്തില്‍ ഉണ്ട് എന്നാണ്. തെലങ്കാന, മഹാരാര്രാഷ്ട, മധ്യപ്രദേശ് എന്നിവിടങ്ങളിലും വലിയ ജനപിന്തുണ ലഭിച്ചു. ഇപ്പോള്‍ ഹിന്ദി മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. ഒരുപാട് അനുഭവങ്ങള്‍ അതേക്കുറിച്ച് പറയാനുണ്ട്.
?ഏതാണ് രാഹുല്‍ ഗാന്ധിയുടെ മനസ്സിനെ സ്വാധീനിച്ച വൈകാരികാനുഭവങ്ങള്‍
കേരളത്തിലെ യാത്ര ഭയങ്കര ചൂടും അന്തരീക്ഷ ഈര്‍പ്പവും ഉള്ള കാലത്തായിരുന്നു. ആളുകള്‍ പക്ഷേ, രാഹുല്‍ജിയെ കാണാന്‍ അഞ്ചു കിലോമീറ്ററോളം പിറകില്‍ വരെ ഓടി. തിരുവനന്തപുരത്ത് രണ്ടു കിലോമീറ്ററോളമാണ് 75-80 വയസ്സുള്ള ഉമ്മ പിന്നാലെ വന്നത്. അതു കണ്ട രാഹുല്‍ജി പെട്ടെന്ന് അവരെ ചേര്‍ത്തുപിടിച്ചു. അവര്‍ക്ക് ഒന്നും സംസാരിക്കാനാവുന്നുണ്ടായിരുന്നില്ല. നമ്മളൊക്കെ ഭയന്നു. എന്തെങ്കിലും സംഭവിച്ചാലോ എന്നോര്‍ത്ത്. രാഹുല്‍ജി വെള്ളം കൊടുത്തപ്പോള്‍ അവരുടെ മുഖത്തു കണ്ട സന്തോഷം മറക്കാനാവില്ല. ആലപ്പുഴയിലെത്തിയപ്പോള്‍ ഇവിടെ എന്താണ് പ്രത്യേകത എന്നു ചോദിച്ചു. വള്ളംകളി ആണെന്നു പറഞ്ഞപ്പോള്‍ അതു കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. വള്ളക്കാരോട് പറഞ്ഞപ്പോള്‍ അവര്‍ മൂന്നു വള്ളവുമായി വന്നു. അതില്‍ അദ്ദേഹം തുഴയാന്‍ കയറി. വള്ളക്കാര് തന്നെ പറഞ്ഞത് അവരെക്കാള്‍ നന്നായി തുഴഞ്ഞു എന്നാണ്. വള്ളം കളി സംഘാടകനായിരുന്നുവെങ്കിലും ഞാനിതുവരെ തുഴഞ്ഞിരുന്നില്ല. രാഹുല്‍ജി ആവശ്യപ്പെട്ടപ്പോഴാണ് ആദ്യമായി തുഴഞ്ഞതു തന്നെ.
?മറ്റെന്താണ് പ്രത്യേകതകളായി തോന്നിയത്
അദ്ദേഹത്തിന്റെ നിരീക്ഷണം. രണ്ടു വശവും തടിച്ചുകൂടിയ ജനങ്ങളെ നോക്കിക്കൊണ്ടു പോകുമ്പോള്‍ അദ്ദേഹത്തിന് അറിയാം. ആരെയാണ് കേള്‍ക്കേണ്ടത്, ആരാണ് അത്രയും അതാവശ്യപ്പെടുന്നത് എന്ന്. യാത്ര തുടങ്ങും മുമ്പുതന്നെ അദ്ദേഹം പറഞ്ഞിരുന്നു; വിവിധ തരത്തിലെ ആളുകളെ കേള്‍ക്കലാണ് നമ്മുടെ ജോലി എന്ന്. അതിനാല്‍തന്നെ സാധാരണക്കാരില്‍ സാധാരണക്കാരെയാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ കേട്ടത്. ഒരു ബിസിനസ്സുകാരന് വന്നാല്‍ അനുവദിക്കുന്ന സമയത്തെക്കാള്‍ കൂടുതലാണ് രാഹുല്‍ജി സാധാരണക്കാര്‍ക്ക് നല്‍കിയത് എന്ന് പരിശോധിച്ചാലറിയാം. അദ്ദേഹത്തെക്കുറിച്ച് പല ധാരണകളും വെച്ചുപുലര്‍ത്തിയിരുന്നവരെ തകര്‍ക്കുന്നതും അതുതന്നെയാണ്. മൈസൂരിലെത്തിയപ്പോള്‍ വന്‍ മഴയായിരുന്നു. എല്ലാ നേതാക്കളും വേഗത്തില്‍ നിര്‍ത്തിയാല്‍ മതി എന്നു ചിന്തിക്കുന്നിടത്താണ് രാഹുല്‍ജി കോരിച്ചൊരിയുന്ന മഴയത്ത് 25 മിനിറ്റ് പ്രസംഗിച്ചത്. അത് ഒരു പ്രശ്നവുമില്ലാതെ ജനങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ ഈ യാത്രയെ അവഗണിക്കുകയാണ്.
?കേരളത്തിലെ മാധ്യമങ്ങള്‍ നല്ല കവറേജ് നല്കുന്നുണ്ടല്ലോ
കേരളത്തില്‍പ്പോലും പ്രാധാന്യം നല്‍കുന്നില്ല. ഇന്ത്യയിലെ സമീപകാലത്തെ ഏറ്റവും വലിയ മുന്നേറ്റം ഭാരത് ജോഡോ യാത്രയാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക മാന്ദ്യം, ജാതിയും മതവും കൊണ്ടുള്ള വിഭജനം, ഏജന്‍സികളെ ഉപയോഗിക്കല്‍, തിരഞ്ഞെടുപ്പ് കമ്മിഷനെയും കോടതിയെയും ചങ്ങലക്കിടല്‍ തുടങ്ങിയ ഗൗരവവിഷയങ്ങളാണ് യാത്ര ഉന്നയിക്കുന്നത്. ഇതിനെവിടെയാണ് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നത്. മാധ്യമങ്ങള്‍ പല പരിപാടികളും ഏറ്റെടുക്കാറുണ്ടല്ലോ. അതിന്റെ ഫോളോ അപ്പും കര്‍മപരിപാടിയും ഉണ്ട്. അതുപോലെ ഇതിലുണ്ടോ? സുമിത്ര മഹാജന് ഉള്‍പ്പെടെയുള്ള എത്രയോ നേതാക്കള്‍ യാത്രയെപ്പറ്റി നല്ലതു പറഞ്ഞു. അവര്‍ കോണ്‍ഗ്രസ് അല്ലല്ലോ. എത്രയോ ബി.ജെ.പി. നേതാക്കള്‍ സ്വകാര്യമായി പറയാറുണ്ട്. ആരും ധൈര്യമില്ലാത്തതിനാലാണ് പുറത്തു മിണ്ടാത്തത്. ദേശീയ മാധ്യമങ്ങള്‍ പൂര്‍ണമായും അവഗണിക്കുകയാണ്. പ്രാദേശിക മാധ്യമങ്ങളാണ് കുറച്ചെങ്കിലും നല്‍കുന്നത്. എന്നാലും അര്‍ഹിക്കുന്ന പ്രാധാന്യമില്ല.
?ദേശീയ മാധ്യങ്ങള്‍ എന്തുകൊണ്ടാണ് പൂര്‍ണമായും അവഗണിക്കുന്നത്
സര്‍ക്കാരിനെ പേടിക്കുന്നതിനാല്‍. ഈ യാത്രയില്‍ ചേരാനാഗ്രഹിച്ച എത്രയോ പേര് അവസാന നിമിഷം ഒഴിഞ്ഞുമാറി. വരണമെന്നു താല്പര്യമുണ്ട്. പക്ഷേ, വന്നാല്‍ ബുദ്ധിമുട്ടാവും എന്ന് പലരും പിന്നീട് വിളിച്ചുപറഞ്ഞു. മേധാ പട്കറും രഘുറാം രാജനും ഉള്‍പ്പെടെ വന്നവരെല്ലാവരും ഭീരുത്വമില്ലാത്തവരാണ്. ഈ കാലഘട്ടത്തിന്റെ മുദ്രാവാക്യം വിളിച്ചുള്ള സാഹസികമായ പരിപാടിയില്‍ പങ്കെടുക്കേണ്ടത് എന്റെ കടമയാണ് എന്നു കരുതിയ സാമൂഹിക പ്രതിബദ്ധതയുള്ളവരെല്ലാം പങ്കെടുത്തു.
?കേന്ദ്രസര്‍ക്കാര്‍ ഭാരത് ജോഡോ യാത്രയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണോ പറയുന്നത്
സര്‍ക്കാരിന്റെ പ്രധാന അജന്‍ഡ അതു മാത്രമാണ്. ഭാരത് ജോഡോ യാത്രയക്ക് വരുന്നവരെ ഭീഷണിപ്പെടുത്തുകയും വിലക്കുകയും ചെയ്യുന്ന പണിയാണ് അവര്‍ക്ക്. ജാഥയില്‍ ഞങ്ങള്‍ വ്യാപൃതരായാതിനെക്കാള് അവര്‍ വ്യാപൃതരാണ്- ഇതിനെ തകര്‍ക്കാന്‍. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അവര്‍ ജനങ്ങളെ അകറ്റാന്‍ പോലീസിനെ പോലും ഉപയോഗിക്കുന്നു.
?ജാഥയുടെ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ
കന്യാകുമാരിയില്‍ നിന്ന് തുടങ്ങുമ്പോള്‍ ഏഴുമണിക്കായിരുന്നു യാത്ര ആരംഭിച്ചിരുന്നത്. 11 മണി വരെ. കേരളത്തിന്റെ സാഹചര്യത്തില്‍ കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ തന്നെ എല്ലാവരും തളര്‍ന്നു. വെയിലു വന്നാല്‍ വലിയ പാടാണ്. അതിനാല്‍ ആറര ആക്കി. മഹാരാഷ്ട്ര വന്നപ്പോള്‍ ആറാക്കി. 5.50-ന് രാഹുല്‍ജി റെഡിയാവും.
?അദ്ദേഹത്തിന്റെ ഒരു ദിവസത്തെ ദിനചര്യ എന്താണ്
(ചിരിച്ചുകൊണ്ട്) അത് ആര്‍ക്കും ചെയ്യാനാവുന്നതല്ല. ആറുമണിക്ക് യാത്രയാണെങ്കില്‍ അഞ്ചുമണിക്ക് എഴുന്നേല്ക്കും. കൃത്യം ആറുമണിക്ക് നടത്തം തുടങ്ങും. ഒന്നും കഴിക്കില്ല. എട്ടു കിലോമീറ്റര്‍ നടന്നാല്‍ ഏതെങ്കിലും ചെറിയ കട ഉണ്ടെങ്കില്‍ ലഘുഭക്ഷണം കഴിക്കും. ഉത്തരേന്ത്യയില്‍ അത്തരം കടകള്‍ കുറവായതിനാല്‍ നേരത്തെ സൗകര്യം ഒരുക്കാറുണ്ട്. കേരളത്തിലൊന്നും അത്തരം സൗകര്യം വേണ്ടിയിരുന്നില്ല. പലയിടത്തും കൊച്ചുകടകള്‍ ഉണ്ടല്ലോ. ചെറിയ എന്തെങ്കിലും ആണ് രാഹുല്‍ജി കഴിക്കുക. അതിനെക്കാള്‍ മറ്റുള്ളവര്‍ കഴിച്ചു എന്നുറപ്പുവരുത്തും. ഒരിക്കല്‍ അപ്രതീക്ഷിതമായി എല്ലാവര്ക്കും സമയത്ത് പ്രഭാത ഭക്ഷണം എത്തിയിക്കാനായില്ല. അതിനാല്‍ അദ്ദേഹവും കഴിച്ചില്ല. എല്ലാവര്ക്കും ഇല്ലെങ്കില്‍ തനിക്കും വേണ്ടെന്നു പറഞ്ഞു.

11 മണിയോടെ യാത്രയുടെ ഇടയ്ക്കുള്ള വിശ്രമ സ്ഥലത്തെത്തിയാലാണ് വിശ്രമിക്കുക. ഒന്നര മണിക്കൂറോളം ഉറങ്ങും. പിന്നെ വിവിധ ആള്‍ക്കാരുമായുള്ള കൂടിയാലോചനകള്‍. മൂന്നരയോടെ യാത്ര വീണ്ടും തുടങ്ങും. ഏഴുമണിയോടെ യാത്ര അവസാനിച്ചാല്‍ പൊതുയോഗം. എട്ടുമണിയോടെ തിരിച്ചെത്തും. അദ്ദേഹത്തിന് പാചകക്കാരനുണ്ട്. അവര്‍ തയ്യാറാക്കുന്ന ഭക്ഷണം പിന്നീട് കഴിക്കും. നമ്മളൊക്കെ ക്ഷീണിച്ചു തളര്‍ന്നു കിടക്കുമ്പോള്‍ അദ്ദേഹം ആയോധന കലകളില്‍ പരിശീലനമാണ് രണ്ടര മണിക്കൂര്‍. ഇപ്പോള്‍ ഫുട്ബോള്‍ കാണും. അതിന് സ്ക്രീന്‍ വെച്ചിട്ടുണ്ട്. ആദ്യ കളിയാണ് കാണുക. പിന്നെ ഫോണ്‍ വിളി. രാത്രി ഒരുമണിയോടെ ഉറക്കം. ദിവസം നാലുമണിക്കൂര്‍ മാത്രമാണ് ഉറക്കം. ആഴ്ചയിലൊരു വിശ്രമദിവസമുണ്ട്. അന്നു പൂര്‍ണമായി വിശ്രമിക്കും. എന്നാലും പൂര്‍ണവിശ്രമം എന്നു പറയാനാവില്ല.
?യാത്രയില്‍ എന്തൊക്കെ പ്രശ്നമുണ്ടായി. താങ്കളും കൂടെയുണ്ടായിരുന്നല്ലോ
യാത്രയുടെ തുടക്കത്തില്‍ എനിക്കും മറ്റുള്ളവര്‍ക്കും എല്ലാം പ്രശ്നങ്ങളായിരുന്നു. ആരോഗ്യപ്രശ്നം ഉള്‍പ്പെടെ. പത്തിരുപത് ദിവസത്തിലധികമെടുത്തു എല്ലാം ശരിയാവാന്‍. ഇപ്പോള്‍ എനിക്കു മാത്രമല്ല, ഏതു യാത്രികനോട് ചോദിച്ചാലും പറയും, യാത്രയില്ലെങ്കിലാണ് പ്രശ്നമെന്ന്. സംഘടനാ ആവശ്യങ്ങള്‍ക്കെല്ലാം ഒരു ദിവസം മാറി നിന്നാലാണ് ശരീരത്തിനിപ്പോള്‍ അസ്വസ്ഥത. നടക്കുമ്പോള്‍ സുഖമാണ്. രാവിലെ തണുപ്പില്‍ അഞ്ചുമണിക്കെഴുന്നേല്ക്കല് പ്രശ്നമായിരുന്നു. എന്നാല്‍ യാത്രികരെല്ലാം ഇപ്പോള്‍ ആ സമയം ഉത്സാഹത്തോടെ തയ്യാറായിരിക്കും.
?സാമ്പത്തിക ബാധ്യത ഉള്‍പ്പെടെ എങ്ങിനെ പരിഹരിച്ചു
ജാഥ തുടങ്ങുമ്പോള്‍ ഇതെങ്ങിനെ പൂര്‍ത്തിയാക്കാന്‍ പറ്റുമെന്ന ആശങ്ക ഉണ്ടായിരുന്നു. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയാണ്. പാര്‍ട്ടിക്ക് പണം കുറവാണെന്നത് സത്യമാണ്. പക്ഷേ, ഇതൊന്നും അറിയേണ്ടി വന്നില്ല. സഹായിക്കേണ്ടവരൊക്കെ കൈയ്യയച്ച് സഹായിച്ചു. നമ്മള് കരുതിയ പ്രതിബന്ധങ്ങളെല്ലാം അസ്ഥാനത്താക്കുന്ന സഹായമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചത്.
?സ്ഥിരം യാത്രികര്‍ 100 ആണെന്നു പറഞ്ഞല്ലോ. നൂറ്റമ്പതിലധികം യാത്രികരെ സ്ഥിരമായി കാണുന്നുണ്ടല്ലോ
തുടക്കത്തില്‍ പി.സി.സി.കളില്‍ നിന്ന് പട്ടിക വാങ്ങി അഭിമുഖം നടത്തി കായികക്ഷമത പരിശോധിച്ചാണ് ആള്‍ക്കാരെ എടുത്തത്. 118 പേരെ സ്ഥിരം യാത്രികരാക്കി. കന്യാകുമാരിയിലെത്തിയപ്പോള്‍ കുറേ പേര് കൂടെ നടക്കാന്‍ തുടങ്ങി. അറുപതിലധികം പേര്. അവര്‍ക്ക് കണ്ടെയ്നറില്‍ താമസിക്കാന്‍ സ്ഥലം പോലുമില്ല. എവിടെയൊക്കെയോ കിടന്നാണ് കൂടെ വരുന്നത്. അവരെയിപ്പോള്‍ താല്‍ക്കാലിക പാസ് നല്കി അംഗീകരിച്ചിട്ടുണ്ട്. കണ്ടെയ്നറില്‍ താമസമില്ലെങ്കിലും മറ്റെല്ലാ സൗകര്യങ്ങളും നല്‍കുന്നുണ്ട്. മുഴുവന്‍ സമയം നടന്നവരെയെല്ലാം സ്ഥിരം യാത്രക്കാരെപ്പോലെ എ.ഐ.സി.സി. അംഗീകരിക്കും.
?പ്രതിബന്ധങ്ങളില്ലാത്ത യാത്ര എന്നു പറയാമോ
അങ്ങിനെ പറയാന്‍ പറ്റില്ല. യാത്രയുമായി ബന്ധപ്പെട്ട് നാലുപേര്‍ മരിച്ചു. കര്‍ണാടകയിലെ ബല്ഗാമില് നിന്ന് മൈസൂരില്‍ യാത്ര കാണാനെത്തിയ പ്രവര്‍ത്തകനായിരുന്നു. രാഹുല്‍ ഗാന്ധി അവരുടെ കുടുംബത്തെ ബന്ധപ്പെട്ടു. അതു വലിയ വിഷമമായി. പിന്നീട് മഹാരാഷ്ട്രയില്‍ ത്രിവര്‍ണ പതാകയെടുത്ത് യാത്രയില്‍ നീങ്ങുകയായിരുന്ന സേവാദള്‍ പ്രവര്ത്തകന് കുഴഞ്ഞുവീണുമരിച്ചു. നന്ദേടിലും അപകത്തില്‍ മരണമുണ്ടായി. തമിഴ്നാട്ടിലെ ഒരാളും ഹൃദയസ്തംഭനത്താല് മരിച്ചു. പിന്നെയൊരിക്കല്‍ വൈദ്യുത കമ്പി കൊടിയില്‍ തട്ടി എട്ടുപോരോളം ഷോക്കേറ്റ് തെറിച്ചുവീണു. രാഹുല്‍ജിയുടെ മുന്നിലാണത്. റായ്ച്ചുരില്‍ റാലിക്കിടയിലേക്ക് രണ്ടു കാളകള്‍ വന്ന് എനിക്ക് കുത്തേറ്റു. വീണെങ്കിലും ഭാഗ്യത്തിന് വലിയ പരിക്കേറ്റില്ല. അഞ്ചെട്ടു ദിവസം മുമ്പ് ഡ്രോണ്‍ വന്നു പൊട്ടി. അതെങ്ങിനെ വന്നു എന്നറിയില്ല. അതേക്കുറിച്ച് രാജസ്ഥാന് പോലീസ് അന്വേഷിക്കുന്നുണ്ട്. മന്ത്രി പ്രതാപ് കച്ചറിയാസിന്റെ ശരീരത്തിലാണത് വീണത്.
?യാത്ര കടന്നു പോകുമ്പോള്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിക്ക് ജയ് വിളിച്ചല്ലോ
അതു മാധ്യമങ്ങള്‍ എഴുതിയ പോലല്ല. രാജസ്ഥാനിലെ ആദ്യദിനമാണത്. അവിടെ ബി.ജെ.പി. ഓഫീസില്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. രാഹുല്‍ജി അവര്‍ക്കു നേരെ കൈവീശിയപ്പോള്‍ അവിടെയുള്ളവരും തിരിച്ചു കൈവീശി. ഇതില്‍ അപകടം മണത്ത ചിലര്‍ മോദിക്കപ്പോള് മുദ്രാവാക്യം വിളിക്കുകയായിരുന്നു. അവര്‍ പ്രശ്നമുണ്ടാക്കാന്‍ ജയ് വിളിച്ചവരല്ല. അവര്‍ മനസ്സുകൊണ്ട് ജാഥയെ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ സവര്‍ക്കര്‍ക്ക് എതിരേ രാഹുല്‍ജി പ്രസംഗിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ ചിലര്‍ പൊതുയോഗത്തില്‍ പ്രശ്മുണ്ടാക്കാനെത്തിയിരുന്നു. അവരെ നമ്മുടെ പ്രവര്‍ത്തകര്‍ നീക്കി.
?മലയാളി മയമാണല്ലോ യാത്രയില്‍
മലയാളിമയം ഒന്നുമില്ല. മലയാളികള്‍ ഒട്ടേറെ ഉണ്ട് എന്നേയുള്ളൂ. റൂട്ട് തയ്യാറാക്കുന്നത് ബൈജുവാണ്. ബേസില്‍ മീഡിയ കോര്‍ഡിനേറ്റര്‍. ബാന്റ് വാദ്യക്കാര്‍ മലയാളികളാണ്. സാബിറും ഇബ്രാഹിമും സംഘവും ഇതിന്റെ കൂടെ വരികയായിരുന്നു. സത്യത്തില്‍ അവരുടെ കൈയ്യില്‍ ആവശ്യത്തിന് വസ്ത്രം പോലും ഉണ്ടായിരുന്നില്ല. നിശ്ചയിച്ചുവന്നവരല്ല. പിന്നീടവരെ ഔദ്യോഗിക മേളക്കാരാക്കി. യാത്രാംഗങ്ങളും 12 പേരുണ്ട്. അവര്‍ മുന്‍കൈയ്യെടുത്ത് ലൈബ്രറി ഉണ്ടാക്കിയിട്ടുണ്ട്. ആയിരത്തിലധികം പുസ്തകങ്ങളുണ്ടതില്. ഇതിപ്പോള്‍ കണ്ടെയ്നറില്‍ സഞ്ചരിക്കയാണ്. ഒരു ദിവസം അവധിയുള്ളപ്പോള്‍ ജാഥാംഗങ്ങളെല്ലാം വിവിധ കളികളിലാവും. ക്രിക്കറ്റ്, ഫുട്ബോള്‍ അങ്ങിനെ...
?യാത്ര ഹരിയാണ വഴി ഡല്ഹിയിലേക്കാണിനി. എന്താണ് തലസ്ഥാന പരിപാടി.
തലസ്ഥാനത്ത് 24-നാണ് എത്തുന്നത്. അന്ന് ഒരു ദിവസം മുഴുവന്‍ നടക്കുക എന്നാണുദ്ദേശിക്കുന്നത്. പ്രധാനപ്പെട്ട കേന്ദ്രങ്ങളെല്ലാം അന്ന് സന്ദര്‍ശിക്കും. ഒരു പൊതുയോഗം ഉണ്ടാവും. ഡല്‍ഹി കഴിഞ്ഞ് വീണ്ടും ഹരിയാണയിലെത്തി പഞ്ചാബ് വഴിയാണ് കശ്മീരിലെത്തുക. കശ്മീരിലെ സംഭവവികാസങ്ങളെക്കുറിച്ച് ലെഫ്റ്റനന്റ് ഗവര്‍ണറുമായി ചര്‍ച്ചനടത്താന്‍ സമയം ചോദിച്ചിട്ടുണ്ട്. കശ്മീരിലെ സാഹചര്യം പരിഗണിച്ച് സര്‍ക്കാരുമായി സഹകരിച്ചാവും പരിപാടി. റിപ്പബ്ലിക് ദിനത്തില്‍ പരിപാടി തീരില്ല എന്നതിനാല്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിലായിരിക്കും അവസാനിപ്പിക്കുക.
?യാത്രയുടെ സംഘാടകനെന്ന നിലയില്‍ എന്തു വെല്ലുവിളികളാണ് താങ്കള്‍ നേരിട്ടത്
എന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വെല്ലുവിളി നേരിട്ട സമയമാണിത്. ഒപ്പം ഏറ്റവും അഭിമാനം തോന്നുന്ന സന്ദര്‍ഭവും. കോണ്‍ഗ്രസ് പോലുള്ള കേഡര്‍ അല്ലാത്ത പാര്‍ട്ടിക്ക് ഇങ്ങനെ ഒരു പരിപാടി നടത്താന്‍ പറ്റുമോ എന്ന് എല്ലാവര്ക്കും സംശയമുണ്ടായിരുന്നു. അതെല്ലാം അസ്ഥാനത്താക്കുന്ന വിജയം നേടിയതില്‍ അതിന്റെ ഭാഗമായി നിന്ന ഒരാളെന്ന നിലയില്‍ വലിയ അഭിമാനമുണ്ട്. ജാഥയില്‍ നടക്കാനാണ് താല്പര്യം. പക്ഷേ, എല്ലാ സംഘടനാപരിപാടികളും ഇതിനിടയില്‍ നടത്തേണ്ടി വരാറുണ്ട്. എന്നാലും വേഗത്തില്‍ യാത്രയില്‍ തിരിച്ചെത്തും. പഴയ പ്രായമല്ല. എങ്കിലും സ്വന്തം ഫിറ്റ്നസ്സില്‍ ഒരു ആത്മവിശ്വാസം വന്നു.
?രാഹുല്‍ ഗാന്ധി പൂര്‍ണമായും യാത്രയിലാണ്. സംഘടനാ ചുമതല അപ്പോള്‍ പ്രശ്നമായി തോന്നിയില്ലേ.
കോണ്‍ഗ്രസ് സംഘടനാതിരഞ്ഞെടുപ്പ്, ഗുജറാത്ത്-ഹിമാചല്‍ തിരഞ്ഞെടുപ്പുകള്‍ എല്ലാം ഈ സമയം വന്നു. ഗുജറാത്തില്‍ പരാജയമുണ്ടായി. എന്നാല്‍ മറ്റെല്ലാം വിജയകരമായി നടത്താനായി.
?എന്നാലും ഗുജറാത്തിനെ അവഗണിച്ചത് തെറ്റായില്ലേ. കഴിഞ്ഞ തവണ രാഹുലിന്റെ സാന്നിധ്യം വിജയത്തിന് അടുത്തെത്തിച്ചു.
ഇത് നല്ല അഭിനന്ദനമാണല്ലോ. തോറ്റു കഴിഞ്ഞാലെല്ലാം നിങ്ങള്‍ പറയാറുള്ളത് അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടാണെന്നല്ലേ.
?അതല്ല, കേന്ദ്ര നേതൃത്വം തീരെ ശ്രദ്ധിച്ചില്ല
=അതു ശരിയല്ല, നമ്മള് തുടക്കം മുതല്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ, പ്രതീക്ഷിച്ച ഫലമല്ല വന്നത്. അതെന്തുകൊണ്ടാണെന്ന് പരിശോധിക്കുകയാണ്. യാത്ര തുടങ്ങുംമുമ്പ് രാഹുല്‍ജി നാലു ദിവസം ഗുജറാത്തിലെത്തിയിരുന്നു. മറ്റെല്ലാ നേതാക്കളും അവിടെ പോയിരുന്നു. ഖാര്‍ഗെ, ഗഹ്ലോത്, ബാഘേല്‍ എല്ലാവരും. തോല്‍വി പഠിക്കുന്നു.
?അടുത്ത വര്‍ഷം ഒമ്പതു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പാണ്. ഇതുപോലാകുമോ.
നമ്മള് നിയമസഭാ തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെ തന്നെയാണ് നേരിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പോരാടുന്നത് സംസ്ഥാന നേതൃത്വമാണ്. അതിന് പിന്തുണ മാത്രമാണ് ദേശീയ നേതൃത്വം നല്‍കുന്നത്. അതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
?രാഹുല്‍ ഗാന്ധിക്ക് യാത്രയിലൂടെ പുതിയ പ്രതിച്ഛായ ലഭിക്കുകയാണല്ലോ. അത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമോ
പുതിയ പ്രതിച്ഛായ എന്നു പറയുന്നത് ശരിയല്ല. രാഹുല്‍ ഗാന്ധി മാറിയിട്ടില്ല. അദ്ദേഹത്തെ അങ്ങിനെ അവതരിപ്പിച്ചതാണ്. ഇന്ത്യയിലെ മാധ്യമങ്ങളും സംഘപരിവാര്‍ സംഘടനകളും അദ്ദേഹത്തെ ലക്ഷ്യമിട്ട് നുണകള്‍ പടച്ചുവിടുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ബി.ജെ.പി. അതിനായി പ്രവര്‍ത്തിക്കുന്നു. താങ്കള്‍ വന്ന് 10 മിനിറ്റ് അദ്ദേഹവുമായി ചെലവിട്ടാല്‍ മനസ്സിലാവുമല്ലോ. രാഹുലിന്റെ ശരിയായ പ്രതിച്ഛായയാണ് യാത്ര പുറത്തുകൊണ്ടുവന്നത്. ഇത് കോണ്‍ഗ്രസ്സിന്റെയും പ്രതിപക്ഷത്തിന്റെയും ആത്മവിശ്വാസം കൂട്ടി, സംഘപരിവാറിന്റെ ചങ്കിടിപ്പും.
?കോണ്‍ഗ്രസ്സില്‍ ഇപ്പോഴും മിക്ക സംസ്ഥനങ്ങളിലും, ഹിമാചലിലും രാജസ്ഥാനിലും ഉള്‍പ്പെടെ, നേതാക്കളുടെ തമ്മിലടിയാണല്ലോ.
പാര്‍ട്ടി തിരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്തുകയാണ്. പ്രശ്നങ്ങള്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്. നിങ്ങള്‍ നമ്മുടെ പ്രശ്നങ്ങള്‍ മാത്രം പറയുന്നു. കോണ്‍ഗ്രസ് പോലുള്ള ജനാധിപത്യ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസങ്ങളെ മര്ക്കടമുഷ്ടിയോടെയല്ല പരിഹരിക്കുക. ഇതെല്ലാം നമ്മള് ചര്‍ച്ചചെയ്ത് ജനാധിപത്യ രീതിയില്‍ രമ്യമായി തീര്‍ക്കും.
?ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ച കോണ്‍ഗ്രസ്സിന്റെ സാധ്യതകളെ ഇല്ലാതാക്കുകയല്ലേ. ഗുജറാത്ത് ഉദാഹരണം
ജനങ്ങളുടെ മുന്നില്‍ അവര്‍ വെളിപ്പെട്ടു കൊണ്ടിരിക്കയാണ്. അവര്‍ ഗോവയില്‍ വന്ന് വലിയ വാഗ്ദാനങ്ങള്‍ നല്കി നമ്മുടെ വോട്ടുകളില്‍ കുറച്ച് പിളര്‍ത്തി. ഗുജറാത്തിലും അതുതന്നെ. പക്ഷേ, ജയിച്ചില്ല. ആം ആദ്മി ബി.ജെ.പി. ബി ടീം ആയാണ് പ്രവര്‍ത്തിക്കുന്നത്. ഒവൈസിയുടെ പാര്‍ട്ടിയും അങ്ങിനെ തന്നെയാണ്.
?എന്നാലും പ്രായോഗികമായി പ്രശ്നമല്ലേ. എന്തു തന്ത്രമാണിതില്‍ കോണ്‍ഗ്രസ് നടപ്പാക്കുക
സംഘടനാതലത്തില്‍ ശക്തിയാര്‍ജിച്ച് രാഷ്ട്രീയ പ്രചാരണത്തിന് കോണ്‍ഗ്രസ് തയ്യാറായിരിക്കയാണ്. ഭാരത് ജോഡോ യാത്ര കഴിഞ്ഞാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഇതിനായി നടക്കും. ആശയതലത്തിലും സംഘടനാ തലത്തിലും പാര്‍ട്ടി മാറും.
?ശശി തരൂര്‍ കേരളത്തില്‍ സമാന്തര പ്രവര്‍ത്തനം നടത്തുന്നു എന്നാണല്ലോ ആരോപണം
തരൂര്‍ കോണ്‍ഗ്രസ്സിന്റെ ശക്തനായ പ്രവര്‍ത്തകനാണ്. ചെറിയ വ്യാഖ്യാനങ്ങളൊക്കെ താല്‍ക്കാലികമായി ഉണ്ടാവും. അതൊന്നും എ.ഐ.സി.സി. ഇടപെടേണ്ട കാര്യമല്ല. കെ.പി.സി.സി. കൈകാര്യം ചെയ്യേണ്ട വിഷയമാണ്. കേരളത്തില്‍ എല്ലാ ഘടകകക്ഷികളെയും യോജിപ്പിച്ച് ഒത്തൊരുമയോടെ മുന്നോട്ടു പോയാല്‍ യു.ഡി.എഫിന് അടുത്ത തവണ ഭരണം നേടാം.
?മുസ്ലിം ലീഗ് കോണ്‍ഗ്രസ്സിനെ ഈയിടെയായി പല കാര്യങ്ങളിലും വിമര്‍ശിക്കുന്നുണ്ട്
സി.പി.ഐ. സി.പി.എമ്മിനെ വിമര്ശിക്കുന്നത്രയുണ്ടോ. മുസ്ലിം ലീഗ് വലിയ പാര്‍ട്ടിയാണ്. ഇത് മുന്നണിയാണ്. ആരോഗ്യകരമായ വിമര്‍ശനങ്ങളുണ്ടാവും.
?തരൂര്‍ വിഷയത്തില്‍ കെ.സി. വേണുഗോപാലിനെതിരേയും വിമര്‍ശനങ്ങളുന്നയിക്കുന്ന നേതാക്കളുണ്ട്
എന്നെ വിമര്‍ശിക്കുന്നവരോട് ശത്രുതാപരമായ സമീപനമില്ല. എല്ലാവരും കോണ്‍ഗ്രസ്സിലൂടെ വളര്‍ന്നുവന്നവരാണ്. ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാവൂ. ചുമരില്ലെങ്കില്‍ ചിത്രമില്ല. ആകാശത്ത് ചിത്രമെഴുതിയാല്‍ കാണില്ല. എന്റെ ആവശ്യം പാര്‍ട്ടിയുണ്ടാവണം എന്നുമാത്രമാണ്. എല്ലാവരും ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിലും സംഘടനയെ നവീകരിക്കുന്നതുമായ ശ്രമത്തിലാണ്. മറ്റെല്ലാം ചെറിയ കാര്യങ്ങളാണ്.
?അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആശയപരമായി എങ്ങിനെയാണ് ബി.ജെ.പി.യെ നേരിടുക
എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ആശയപരമായി സജ്ജീകരിച്ചാവും കോണ്‍ഗ്രസ് അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുക. അതിന് ഭരണഘടനയിലടക്കം ഭേദഗതി ഉണ്ടാവും. ഫെബ്രുവരിയില്‍ നടക്കുന്ന പ്ലീനറിയില്‍ ആശയതലത്തിലും സംഘടനാതലത്തിലും പരിപൂര്‍ണമായ മാറ്റം ഉണ്ടാക്കും. ബി.ജെ.പി ഇവിടെ ദളിത് വിഭാഗങ്ങളെയും ഒ.ബി.സി.കളെയും ന്യൂനപക്ഷങ്ങളെയും എല്ലാം ഉപദ്രവിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. വര്‍ഗീയത മാത്രം പറഞ്ഞാണ് വോട്ടു പിടിക്കുന്നത്. കോണ്‍ഗ്രസ് അതിന്റെ അടിസ്ഥാന സിദ്ധാന്തമായ സോഷ്യലിസം എന്നും ഉയര്‍ത്തിപ്പിടിക്കും. പക്ഷേ, കാലാനുസൃതമായ മാറ്റം ആശയതലത്തില്‍ വരുത്തും. ബി.ജെ.പി.ക്ക് കൃത്യമായ സവര്‍ണ അജന്‍ഡയാണ്. സംവരണത്തിന്റെ കാര്യത്തിലടക്കം ആര്.എസ്.എസ്. പാവപ്പെട്ടവര്‍ക്ക് എതിരാണ്.
? പ്ലീനറിയില്‍ എന്താണ്നടക്കുക
പ്രവര്‍ത്തക സമിതിയില്‍ തിരഞ്ഞെടുപ്പ് വരും. ആശയദൃഢത വരും. പരിശീലനം വരും. സംഘടനയില്‍ സമൂലമാറ്റം വരും.
? അപ്പോള്‍ രാഹുല്‍ ഗാന്ധിയും വേണുഗോപാലും സ്ഥാനമില്ലാതെ പ്രവര്‍ത്തിക്കും.
രാഹുല്‍ ഗാന്ധിയെ സ്ഥാനം കണ്ടല്ല ജനങ്ങള്‍ ഇഷ്ടപ്പെടുന്നത്. നിലപാടു കൊണ്ടാണ്. ആ നിലപാട് എല്ലാവരും അംഗീകരിക്കുന്ന തലത്തിലാവും ഭാരത് ജോഡോ യാത്രയുടെ സമാപനം. എന്റെ കാര്യം അദ്ദേഹത്തോട് കൂട്ടിക്കെട്ടേണ്ട. അതു ശരിയായ സമീപനവുമല്ല. എന്റെ പാര്‍ട്ടി പ്രവര്‍ത്തനം സ്ഥാനമില്ലാതിരുന്നപ്പോഴും ഉണ്ടായിരുന്നതാണ്. അത് ഇനി സ്ഥാനമില്ലെങ്കിലും മരണം വരെ തുടരും.
Content Highlights: Bharat Jodo Yatra live updates-Rahul Gandhi completes 100 days of yatra-interview kc venugopal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..