photo credit: PTI
ഈ രീതിയില്‍ പോയാല്‍ കോണ്‍ഗ്രസിന്റെ ഭാവി വിദൂരമാണെന്ന് അനില്‍ ആന്റണി. രാഹുല്‍ ഗാന്ധിയോട് ഇഷ്ടവും ബഹുമാനവുമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ചുറ്റുമുള്ളവരെ കാണുമ്പോഴും അണികളെ കാണുമ്പോഴും അദ്ദേഹത്തോട് സഹതാപമാണെന്നും അദ്ദേഹം പറയുന്നു. എന്തും പറയുന്ന ഒരു കാലത്തിലേക്ക് കോണ്‍ഗ്രസുകാര്‍ അധഃപതിച്ചത് കാരണമാണ് കോണ്‍ഗ്രസ് ഈ നിലയിലേക്ക് എത്തിയത്. ഇന്ന് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് പോകാന്‍ ആലോചിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അനില്‍, ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് പറഞ്ഞു. കോണ്‍ഗ്രസിലെ സ്ഥാനങ്ങള്‍ രാജിവച്ചതിന് ശേഷം മാതൃഭൂമി ന്യൂസ് സ്പെഷ്യല്‍ കറസ്പോണ്ടന്റ് ബി. ബാലഗോപാലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ആണ് അനില്‍ ആന്റണി മനസ്സ് തുറന്നത്.
എന്തുകൊണ്ടാണ് രാജി?
ഞാന്‍ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് രാജിവെച്ചു. രാജിവച്ചതിന്റെ കാരണം ആ കത്തില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. പല കാരണങ്ങള്‍ ഉണ്ട്. പക്ഷേ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നത് വളരെ ദുഃഖകരമായ ഒരുപാട് കാര്യങ്ങളാണ്. ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ ഭാരവാഹിത്വം വഹിക്കുന്നത് എനിക്കോ പാര്‍ട്ടിക്കോ ഗുണം ചെയ്യില്ലെന്ന വ്യക്തമായ ബോധ്യം ഉള്ളതിനാലാണ് രാജിവെച്ചത്.
ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ കോണ്‍ഗ്രസിലാണ്. ഞാന്‍ കോണ്‍ഗ്രസുകാരനാണ്. ജനിച്ചതു മുതല്‍ കണ്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയല്ല കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറായി കാണുന്നത്. ഞാന്‍ ആദ്യമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത് 2017-ലെ ഗുജറാത്ത് തിരഞ്ഞെടുപ്പ് മുതലാണ്. അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്റെ രാഷ്ട്രീയകാര്യ സെക്രട്ടറി നേരിട്ട് ആവശ്യപ്പെട്ടതുകൊണ്ടാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചത്. അതുകഴിഞ്ഞ് 2019-ല്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഡോ. ശശി തരൂരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡിജിറ്റല്‍ കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ചുതുടങ്ങിയത്. മക്കള്‍ രാഷ്ട്രീയമാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ പപ്പ പറഞ്ഞിട്ടല്ല ഞാന്‍ രാഷ്ട്രീയത്തിലെത്തിയത്. അതുകാരണമാണ് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ എല്ലാ മുതിര്‍ന്ന നേതാക്കളും മല്ലികാര്‍ജുന ഖാര്‍ഗെയുടെ കൂടെ നിന്നപ്പോള്‍, ഞാന്‍ ശശി തരൂരിന് ഒപ്പം നിന്നത്. 2019-ല്‍ തരൂരുമായി പ്രവര്‍ത്തിച്ച് തുടങ്ങിയപ്പോള്‍ വളരെ പ്രൊഫഷണലായ ഒരു നല്ല സിസ്റ്റം ഉണ്ടാക്കിയിരുന്നു. അത് മുന്നോട്ട് കൊണ്ടുപോകാന്‍ നിര്‍ഭാഗ്യവശാല്‍ പല കാരണങ്ങളാല്‍ സാധിച്ചില്ല.
ഞാനൊരു പരാമര്‍ശം നടത്തി. അത് സങ്കീര്‍ണ്ണമായ പരാമര്‍ശം അല്ല. വളരെ ലളിതമായ ഒന്നായിരുന്നു. ബിജെപിയുമായി ഒരുപാട് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ എനിക്കുണ്ട്. എങ്കില്‍പോലും രാജ്യത്തിന്റെ രൂഢമൂലമായ താത്പര്യങ്ങളായ അഖണ്ഡത, പരമാധികാരം എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോള്‍ രാഷ്ട്രീയത്തിനതീതമായ കാര്യങ്ങള്‍ കൂടി ആലോചിക്കണം. ഇത്രയും മാത്രമാണ് ഞാന്‍ പറഞ്ഞത്. വേറെ ഒന്നും ഞാന്‍ പാഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു നയത്തിനെതിരെയും പറഞ്ഞിട്ടില്ല. പല നേതാക്കളും അണികളും എന്നെ വിളിച്ച് ഇത് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടു. അത് സാധ്യമല്ലെന്ന് ഞാന്‍ വ്യക്തമായി അവരോട് പറഞ്ഞു. അതിന്റെ കാരണം ഇന്നലെ തന്നെ വ്യക്തമാക്കിയതാണ്.
എന്റെ ഫേസ്ബുക്കിലെ കമന്റുകള്‍ ഒന്നും ഞാന്‍ ഡിലീറ്റ് ചെയ്തിട്ടില്ല. എല്ലാവര്ക്കും അവിടെ പോയി നോക്കാം. അപ്പോള്‍ വ്യക്തമാകും. വാട്സ് ആപ്പ്, മെസ്സഞ്ചര്‍ എന്നിവയിലൂടെ അസഭ്യമായ മെസേജുകള്‍ ലഭിക്കുന്നു. പലതും മോശവും സംസ്കാര ശൂന്യവുമായ ഭാഷയിലാണ്. ഇത് എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയാം. മുല്ലപ്പള്ളി രാമചന്ദ്രനും ശശി തരൂരുമായി ഞാന്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ കോണ്‍ഗ്രസ് ഇങ്ങനെ ഒരു സംസ്കാര ശൂന്യമായ കോണ്‍ഗ്രസ്സായി അധഃപതിച്ചതില്‍ എനിക്ക് ഒരുപാട് ദുഃഖം ഉണ്ട്. ഇങ്ങനെയൊരു അന്തരീക്ഷത്തില്‍ എന്റെ പശ്ചാത്തലത്തില്‍ വരുന്നവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണ്. ഞാന്‍ സ്റ്റാന്‍ഡ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദധാരിയാണ്. കഴിഞ്ഞ പത്ത്, പന്ത്രണ്ട് വര്‍ഷമായി അന്ത്രാരാഷ്ട്ര തലത്തിലും ദേശീയതലത്തിലും സൈബര്‍, ഡിജിറ്റല്‍ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന വ്യക്തിയാണ്. അങ്ങനെയുള്ള എനിക്ക് ഇങ്ങനെ ഒരു അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണ്. അത് കാരണമാണ് ഞാന്‍ പദവികളില്‍ നിന്ന് രാജി വച്ചത്.
രാജിവയ്ക്കാനുള്ള തീരുമാനത്തെ കുറിച്ച് അച്ഛനോട് സംസാരിച്ചിരുന്നുവോ?
ഇല്ല സംസാരിച്ചിട്ടില്ല.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി സംസാരിച്ചിരുന്നുവോ?
കോണ്‍ഗ്രസ് നേതൃത്വത്തിലെ ആരുമായും സംസാരിച്ചിട്ടില്ല. എന്നെ വിളിച്ചിരുന്ന ചിലരുമായി മാത്രമാണ് സംസാരിച്ചത്. ഞാന്‍ ഒരുപാട് ചിന്തിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ എന്റെ മന:സാക്ഷിക്ക് ഇതാണ് ഏറ്റവും ഉചിതമായ തീരുമാനമെന്ന് തോന്നി. അതാണ് രാജിവച്ചത്.
അങ്ങയുടെ രാജിക്കത്തില്‍ സ്തുതിപാഠകരേകുറിച്ചും പറയുന്നുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസിലെ മെറിറ്റ് ഇതാണെന്നാണ് അങ്ങയുടെ ആരോപണം. അതേക്കുറിച്ച് വിശദീകരിക്കാമോ?
ഇന്ന് ഞാന്‍ അതേക്കുറിച്ച് വിശദീകരിക്കുന്നില്ല. പക്ഷേ മറ്റൊരവസരത്തില്‍ തീര്‍ച്ചയായും പറയും. ഇപ്പോള്‍ അതിന് പറ്റിയ ഒരു സന്ദര്‍ഭമല്ല. ഞാന്‍ പറഞ്ഞിട്ടുള്ളത് വ്യക്തമായി രാജിക്കത്തിലുണ്ട്. അത് മനസ്സിലാകേണ്ടവര്‍ക്ക് മനസിലാകും.
എ.കെ ആന്റണിയുടെ മകന് വിമര്‍ശനം ഉന്നയിക്കുന്നു. അഹമ്മദ് പട്ടേലിന്റെ കുടുംബം വിമര്‍ശനം ഉന്നയിക്കുന്നു. കോണ്‍ഗ്രസില്‍ എന്താണ് സംഭവിക്കുന്നത്?
അതുതന്നെയാണ് എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുന്നത്.
ആന്റണിയുടെ മകനുപോലും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത രീതിയില്‍ കോണ്‍ഗ്രസ് മാറിയോ?
ഞാന്‍ പറഞ്ഞെല്ലോ. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് വളരെ നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ്. കോണ്‍ഗ്രസ് ഒരു പ്രത്യേക രീതിയില്‍ പോകുന്നു. ഞാന്‍ ഒരു പ്രത്യേക പശ്ചാത്തലത്തില്‍ നിന്ന് വരുന്ന വ്യക്തിയാണ്. ഇന്നത്തെ കോണ്‍ഗ്രസില്‍ എന്നെ പോലുള്ള വ്യക്തി പ്രവര്‍ത്തിക്കുന്നത് അസാധ്യമായ കാര്യമാണ്.
ഈ രീതിയില്‍ പോകുകയാണെങ്കില്‍ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു ഭാവി ഉണ്ടോ?
അത് ഇന്ത്യയിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ചില കാര്യങ്ങള്‍ മാറ്റിയാല്‍ ഭാവിയുണ്ട്. ഇന്നത്തെ പോക്കുപോയാല്‍ ഭാവി വിദൂരമാണ്.
രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലേ?
എനിക്ക് വളരെ ബഹുമാനവും, ഇഷ്ടവും ഉള്ള വ്യക്തിയാണ് രാഹുല്‍ ഗാന്ധി. പക്ഷേ അദ്ദേഹത്തത്തിന്റെ ചുറ്റുമുള്ളവരെ കാണുമ്പോഴും അണികളെ കാണുമ്പോഴും എനിക്ക് അദ്ദേഹത്തോട് സഹതാപാണ്. അദ്ദേഹം ഇന്ത്യ മുഴുവന്‍ ഒരുമിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യ മുഴുവന്‍ സ്നേഹത്തിന്റെ ഒരു സന്ദേശം കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ ഇതുപോലെ വൈരാഗ്യവും വിദ്വേഷവും അസഭ്യവും പറയുന്ന ഒരുപറ്റം അണികള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായതില്‍ എനിക്ക് വിഷമം ഉണ്ട്.
ഒരുപറ്റം അണികള്‍ എന്ന് ഉദ്ദേശിക്കുന്നതാരെയാണ്. പേരുകള്‍ പറയാമോ?
പേരുകള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഇന്ന് ആരെയും വ്യക്തിപരമായി വിമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെയുള്ള ഒരു സംസ്കാരത്തില്‍ നിന്നല്ല ഞാന്‍ വരുന്നത്. മറ്റൊരു അവസരത്തില്‍ ഇതിനെക്കുറിച്ചെല്ലാം വിശദമായി സംസാരിക്കേണ്ടി വരാം.
അനില്‍ ഒരു മൃദുമോദി വാദിയെന്നും മൃദു ഹിന്ദുവാദിയെന്നുമുള്ള ആരോപണം ഉണ്ട്. ഭാവിയില്‍ ബിജെപിയിലേക്ക് പോകും എന്ന വിമര്‍ശനത്തിന് വരെ ഇത് കാരണമാകുന്നു.
എന്തും പറയുന്ന ഒരു കാലത്തിലേക്ക് കോണ്‍ഗ്രസുകാര്‍ അധ:പതിച്ചത് കാരണമാണ് കോണ്‍ഗ്രസ് ഈ നിലയിലേക്ക് എത്തിയിരിക്കുന്നത്.
ഇക്കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?
ഞങ്ങള്‍ തമ്മില്‍ ഉണ്ടായ ആശയ വിനിമയങ്ങളെ സംബന്ധിച്ച് ഇന്ന് പരസ്യമായി പറയാന്‍ ആഗ്രഹിക്കുന്നില്ല .
മാറ്റം ഉണ്ടായില്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് ഭാവി ഇല്ലെന്നാണോ?
ഞാന്‍ അതൊന്നും പറയില്ല. എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവുമുള്ള ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാവാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തെ കുറിച്ച് ഒരു വാക്ക് പോലും മോശമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ബിജെപിയിലേക്ക് പോകില്ല എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുമോ?
ഇന്ന് ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ പ്രൊഫഷണല്‍ ജോലിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
ഇന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് അടിവരയിട്ട് പറയണമോ? ഭാവിയില്‍ പോകില്ല എന്ന് പറയാമോ?
ഭാവിയെ കുറിച്ച് ആര്‍ക്കും ഒന്നും പറയാന്‍ സാധിക്കില്ല. ഇന്ന് ഇങ്ങനെയൊരു ദിവസം ഉണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല. എന്നാല്‍ അത് നടന്നു. അതുകൊണ്ട് ഭാവിയെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇപ്പോള്‍ രാഷ്ട്രീയത്തെ കുറിച്ച് ഒന്നും ചിന്തിക്കുന്നില്ല. എന്റെ പ്രൊഫഷണല്‍ ജീവിതത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്.
അമ്മയോട് സംസാരിച്ചോ?
ഞാന്‍ കുടുംബത്തിലെ ആരുമായും സംസാരിച്ചില്ല. അവര്‍ എല്ലാം ആലപ്പുഴയില്‍ ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കുകയാണ്.
അങ്ങയുടെ ട്വീറ്റ് ആന്റണിയെ പ്രതിസന്ധിയില്‍ ആക്കിയോ?
എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. അദ്ദേഹം വ്യക്തിപരമായ ജീവിതവുമായി മുന്നോട്ട് പോകുകയാണ്. അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്നും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച സാഹചര്യത്തില്‍ പ്രതിസന്ധി ആകില്ല.
Content Highlights: Anil Antony, BBC Interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..