45 ലക്ഷം രൂപയുടെ വീടും പണവും വാഗ്ദാനം ചെയ്തു; എങ്കിലും, കേസിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ല


അശ്വതി അനില്‍ | aswathyanil@mpp.co.inകൈ രണ്ടും കൂട്ടിക്കെട്ടിയിട്ട നിലയില്‍ മേലുമുഴുവന്‍ മണ്ണുപുരണ്ട് ദൈന്യതയോടെ ആള്‍ക്കൂട്ടത്തെ നോക്കിനില്‍ക്കുന്ന മധുവിന്റെ ആ ചിത്രം ഓര്‍മയില്ലേ, അത് കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് അക്രമികള്‍ പകര്‍ത്തിയതായിരുന്നു.

INTERVIEW

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിൻറെ അമ്മ മല്ലിയും സഹോദരി സരസുവും | ഫോട്ടോ: മധുരാജ് (ഫയൽ ഫോട്ടോ)

2018 ഫെബ്രുവരി 22. അന്നാണ് അട്ടപ്പാടി കടുകമണ്ണ ആദിവാസി ഊരിലെ 31 വയസ്സുകാരനായ മധുവെന്ന യുവാവ് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്. ഭക്ഷണം മോഷ്ടിച്ചുവെന്നായിരുന്നു ഈ ആദിവാസി യുവാവിനെതിരെയുണ്ടായിരുന്ന ആരോപണം. കൈ രണ്ടും കൂട്ടിക്കെട്ടിയിട്ട നിലയില്‍, ദേഹം മുഴുവന്‍ മണ്ണുപുരണ്ട്, ദൈന്യതയോടെ ആള്‍ക്കൂട്ടത്തെ നോക്കിനില്‍ക്കുന്ന മധുവിന്റെ ആ ചിത്രം ഓര്‍മയില്ലേ? അത് കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് അക്രമികള്‍ പകര്‍ത്തിയതായിരുന്നു! സംഭവം നടന്ന് നാല് വര്‍ഷം പിന്നിടുമ്പോഴും കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കി അക്രമികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. വിചാരണ നീണ്ടുപോവുകയും സാക്ഷികളുടെ കൂട്ടക്കൂറുമാറ്റം തുടരുകയും ചെയ്യുമ്പോള്‍ സ്വന്തം സഹോദരന്റെ ആത്മാവിനുപോലും നീതി ലഭിക്കില്ലേ എന്ന ആശങ്കയിലാണ് മധുവിന്റെ കുടുംബം. അട്ടപ്പാടി മധുവധക്കേസിലെ വിചാരണ വീണ്ടും തുടങ്ങാനിരിക്കെ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയാണ് മധുവിന്റെ സഹോദരി സരസു.

എന്താണ് കേസുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി? കൂട്ടക്കൂറുമാറ്റം ആശങ്കയുണ്ടാക്കുന്നില്ലേ?കേസില്‍ 16 പ്രതികളാണുള്ളത്. 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. ജാമ്യ ഉപാധികള്‍ ലംഘിച്ചതിനാലാണിത്. മൂന്നുപേരെ അറസ്റ്റ് ചെയ്തു. 9 പേര്‍ ഒളിവിലാണുള്ളത്. കേസിലെ 24 സാക്ഷികളെ വിസ്തരിച്ചതില്‍ 13 പേരാണ് ഇതുവരെ കൂറുമാറിയത്. ഇനി എത്ര പേര്‍ കൂറുമാറും എന്നൊന്നും അറിയില്ല. പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത്. ഇനി എല്ലാം വരുന്നതുപോലെ വരട്ടെ എന്ന് കരുതി ഇരിക്കുകയാണ് ഞങ്ങള്‍. ഓഗസ്ത് 24-ന് കേസിന്റെ വിചാരണ വീണ്ടും തുടങ്ങും. രാജേഷ് എം മേനോനാണ് പ്രോസിക്യൂട്ടര്‍.

പ്രതികള്‍ക്ക് ജാമ്യം കിട്ടിയതോടെ അവര്‍ സാക്ഷികളെ വലിയ രീതിയിലാണ് സ്വാധീനിച്ചത്. അതുകൊണ്ടാണ് കൂറുമാറുന്നത്. പണവും വാഹനവും ജോലിയും തുടങ്ങി വലിയ വാഗ്ദാനങ്ങളാണ് സാക്ഷികള്‍ക്ക് ലഭിച്ചത്. നിന്നനില്‍പ്പില്‍ പലരും മൊഴി മാറ്റിപ്പറഞ്ഞത് അതുകൊണ്ടാണ്. കേസില്‍ വിചാരണ തുടങ്ങാന്‍ വൈകിയത് കൂറുമാറ്റത്തിന് കാരണമായിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ തുടങ്ങിയിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. നാല് വര്‍ഷം പ്രതികള്‍ പ്രയോജനപ്പെടുത്തി.

കേസ് ഒഴിയണമെന്നും വലിയ വീടും പണവുമെല്ലാം തരാമെന്നും ഞങ്ങളോടുപോലും ചിലര്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ പിന്നെ അവര്‍ സാക്ഷികളെ സ്വാധീനിക്കുമെന്നുള്ളതും ഉറപ്പാണല്ലോ. അനുകൂല മൊഴി പറഞ്ഞവര്‍ പലരും ഞങ്ങളോട് പണം ചോദിച്ചിട്ടുണ്ട്. അരലക്ഷവും ഒരുലക്ഷവുമൊക്കെ തന്നാല്‍ മാത്രമേ കോടതിയില്‍ വരൂ എന്നുപോലും പറഞ്ഞവരുണ്ട്. അമ്പതിനായിരം പോയിട്ട് അയ്യായിരം പോലും എടുക്കാനില്ലാത്ത അവസ്ഥയായിരുന്നു ഞങ്ങള്‍ക്ക്. മധുവിന്റെ പേരും പറഞ്ഞ് വാങ്ങിവെച്ച കോടിക്കണക്കിന് രൂപ കയ്യിലില്ലേ എന്നൊക്കെ മുഖത്ത് നോക്കി ചോദിച്ചവരുണ്ട്.

നീതി ലഭിക്കുമെന്ന പ്രതീക്ഷ എപ്പോഴെങ്കിലും ഇല്ലാതായിട്ടുണ്ടോ?

വിചാരണ വൈകിയപ്പോഴും പ്രോസിക്യൂട്ടര്‍മാര്‍ മാറിമാറി വന്നപ്പോഴുമൊക്കെ ഞങ്ങള്‍ക്ക് നീതി ലഭിക്കില്ലേ എന്നായിരുന്നു മനസ്സിലെ പേടി. പ്രതികള്‍ പണവും സ്വാധീനവുമൊക്കെ ഉള്ള ആളുകളല്ലേ, ഞങ്ങള്‍ പാവം ആദിവാസികള്‍. എന്തുചെയ്യണമെന്നൊന്നും അറിയില്ല. യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. ഇപ്പോള്‍ പ്രതികളുടെ ജാമ്യം റദ്ദാക്കുകയും അറസ്റ്റ് ചെയ്യുകയുമൊക്കെ ചെയ്തപ്പോള്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷ വീണ്ടും വന്നു. പറ്റാവുന്നിടത്തോളം കേസുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് തീരുമാനം. വളരെ നല്ല രീതിയിലാണ് പ്രോസിക്യൂട്ടര്‍ രാജേഷ് സാര്‍ കേസുമായി മുന്നോട്ടുപോവുന്നത്.

കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സ്വാധീനിക്കാന്‍ ശ്രമം ഉണ്ടായോ?

ഉണ്ട്, ചിണ്ടക്കിയിലുള്ള ചികിത്സാകേന്ദ്രമായ വള്ളിയമ്മ ഗുരുകുലത്തിലെ അബ്ബാസ് വീട്ടില്‍ വന്ന് കേസില്‍ നിന്ന് പിന്മാറണമെന്ന് അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ആദ്യമായിട്ടൊന്നും അല്ലല്ലോ ഒരു ആദിവാസി മരിക്കുന്നത്, ഇതൊക്കെ പതിവല്ലേ, അവരൊക്കെ ഇങ്ങനെ കേസിന് നടക്കുന്നില്ലല്ലോ. കേസ് നിര്‍ത്തി സമാധാനമായിട്ട് ഒരു കല്ല്യാണമൊക്കെ കഴിച്ച് ജീവിക്കു എന്ന് അമ്മയോട് പറഞ്ഞു. അബ്ബാസും വേറെ ഒരാളും കൂടിയാണ് വന്നത്. മധു മരിച്ചപ്പോള്‍ പോലും വീട്ടില്‍ വരികയോ ഞങ്ങളെ കാണുകയോ സംസാരിക്കുകയോ ചെയ്യാത്തവരാണ് പിന്നീട് കേസില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് കാണാന്‍ വന്നത്. 45 ലക്ഷം രൂപയുടെ നല്ല വീടും പണവുമെല്ലാം തരാമെന്നൊക്കെ പറഞ്ഞിരുന്നു. പ്രതികളുമായി അടുത്ത ബന്ധമുള്ളവരാണ് ഇവര്‍. എന്നാല്‍ എത്ര കോടികള്‍ തരാമെന്ന് പറഞ്ഞാലും കേസില്‍ നിന്ന് ഒരിക്കലും പിന്മാറില്ല, ഇതും പറഞ്ഞ് ഇനി കാണാന്‍ വരേണ്ടെന്നാണ് അന്ന് അമ്മ അവരോട് പറഞ്ഞത്.

ഭയപ്പെടുത്തുന്ന തരത്തിലുള്ള ഭീഷണികള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ലേ?

കേസ് വിളിക്കുന്ന എല്ലാ ദിവസവും ഞങ്ങളും കോടതിയില്‍ പോകാറുണ്ട്. പക്ഷേ, ഞങ്ങള്‍ക്ക് വേണ്ടിവരുന്ന വാഹനത്തിന്റെ ഡ്രൈവറെ പോലും ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണുണ്ടായിരുന്നത്. അത്യാവശ്യത്തിന് വിളിച്ചാല്‍പോലും പിന്നെ വണ്ടി കിട്ടാതെയായി. ഇന്ന് വണ്ടിയും കൊണ്ട് കൂടെവന്നയാള്‍ നാളെ വരില്ല. വളരെ ദൂരത്ത് നിന്ന് കാറും ജീപ്പുമൊക്കെ ഓട്ടം വിളിച്ചാണ് കോടതിയിലേക്കും ആശുപത്രിയിലേക്കുമൊക്കെ പോയിരുന്നത്. ഒരു നിവൃത്തിയും ഇല്ലാതായപ്പോള്‍ അന്ന് മന്ത്രി എ.കെ. ബാലന്‍ തന്ന പണം വെച്ച് ഒരു ജീപ്പ് വാങ്ങി. പരിചയക്കാരായ കുട്ടികളെ ഡ്രൈവറായി കൂട്ടിയാണ് ഇപ്പോള്‍ കോടതിയിലേക്കും മറ്റുമെല്ലാം പോകുന്നത്. ഞങ്ങളെ കൊല്ലുമെന്നും പെട്രോളൊഴിച്ച് കത്തിക്കും എന്നൊക്കെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ ഒരുദിവസം രാത്രി വീട്ടിലേക്ക് രണ്ട് പേര്‍ മുഖംമൂടി ധരിച്ച് എത്തി. അവരുടെ കയ്യില്‍ വലിയ വടികള്‍ ഉണ്ടായിരുന്നു. അവരെ കണ്ടപ്പോള്‍ മകനേയും കൂട്ടി ഓടിരക്ഷപ്പെടുകയാണ് ചെയ്തത്. തല്ലാനോ കൊല്ലാനോ, ഞങ്ങളെ എന്തുചെയ്യാനാണ് വന്നത് എന്നൊന്നും അറിയില്ല. പേടിയോടെയാണ് എപ്പോഴും ജീവിക്കുന്നത്. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രതിഭാഗം പറയുന്നത്. പക്ഷെ എന്തുവന്നാലും ജീവനുള്ളിടത്തോളം നിയമപരമായി പോരാടും. കോടതിയിലും നിയമത്തിലുമാണ് ഇപ്പോള്‍ വിശ്വാസം. അതുകൊണ്ട് എല്ലാകാര്യങ്ങളും പോലീസിനെ അറിയിച്ചിട്ടുണ്ട്.

മധുവിനൊപ്പം പ്രതികളിലൊരാളായ ഉബൈദ് ഉമ്മര്‍ എടുത്ത സെല്‍ഫി

മധു പോലീസ് കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത് എന്നായിരുന്നല്ലോ പ്രതിഭാഗത്തിന്റെ വാദം?

ചിരിച്ചുകൊണ്ടാണ് മധു പൊലീസ് ജീപ്പില്‍ കയറിയതെന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് ശേഷമാണ് മരണം സംഭവിച്ചതെന്നൊക്കെയാണ് അവര്‍ പറയുന്നത്. വനത്തില്‍ കയറിപ്പോയ സംഘം മധുവിനെ തല്ലിച്ചതച്ചാണ് പുറത്തേക്ക് കൊണ്ടുവന്നത്. പട്ടിയെപ്പോലെ വലിച്ചിഴച്ചാണ് അവനെ വനത്തിന് പുറത്തേക്ക് കൊണ്ടുവന്നത്. പുറത്തുവരുമ്പോള്‍ മധുവിന്റെ കൈകള്‍ കെട്ടിയിട്ടിരുന്നു. ശരീരത്തിലാകെ മണ്ണ് പുരണ്ടിരുന്നു. ചുണ്ടിലും മുഖത്തും രക്തമുണ്ടായിരുന്നു. അവന്റെ വാരിയെല്ലുകള്‍ പോലും നുറുങ്ങിപ്പോയിരുന്നു. അവന് അല്‍പം മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അവര്‍ ചിരിക്കാന്‍ പറഞ്ഞപ്പോഴാണ് മധു ചിരിച്ചത്. അല്ലായിരുന്നെങ്കില്‍ ആ വേദനയിലും മധു ചിരിക്കുമായിരുന്നോ? മരിക്കാറായ അവസ്ഥയിലാണ് പോലീസ് എത്തി അവനെ ജീപ്പില്‍ കയറ്റിക്കൊണ്ടുപോയത്. മര്‍ദിച്ചതാണ് മരണത്തിന് കാരണമായത്. അതെങ്ങനെ കസ്റ്റഡി മരണമാവും. പോലീസ് അല്ല, വനത്തില്‍ കടന്ന ആ സംഘമാണ് അവനെ മര്‍ദിച്ച് മരണത്തിലേക്കെത്തിച്ചത്. പോലീസിന്റെ തലയില്‍ കെട്ടിവെയ്ക്കാനാണ് അവര്‍ ഇങ്ങനെ പറഞ്ഞത്.

എന്തിനാണ് അവനെ മര്‍ദിച്ചത് എന്നറിയണം. ഭക്ഷണം മോഷ്ടിക്കേണ്ട സ്ഥിതിയൊന്നും അവനുണ്ടായിരുന്നില്ല. മധു എത്രയോ കാലങ്ങളായി വനത്തിലായിരുന്നു കഴിഞ്ഞത്. ആളുകള്‍ വനത്തിനുള്ളില്‍ നടത്തുന്ന പല നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് മധു സാക്ഷിയായിട്ടുണ്ടാവാം. അതായിരിക്കാം അവര്‍ അവനെ മര്‍ദിച്ചത്. വലിയ ചെക്കിങ്ങ് ഒക്കെ നടത്തി മാത്രമേ വനത്തിലേക്ക് കടക്കാന്‍ കഴിയുകയുള്ളൂ. ആരാണ് ഇത്രയും ആളുകള്‍ക്ക് വനത്തിനുള്ളിലേക്ക് കയറാന്‍ അനുവാദം കൊടുത്തത്?

മധുവിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വലിയ ഐക്യദാര്‍ഢ്യ സദസ്സുകളും പരിപാടികളുമൊക്കെയാണ് നടന്നത്. നാല് വര്‍ഷം കഴിയുമ്പോള്‍ ആദ്യമുണ്ടായിരുന്ന അതേ പിന്തുണ ഇപ്പോഴും ഉണ്ടെന്ന് തോന്നുന്നുണ്ടോ?

മധു കൊല്ലപ്പെട്ടതിന് ശേഷം കേരളത്തില്‍നിന്നും പുറത്തുനിന്നുമൊക്കെയായി ആയിരക്കണക്കിന് ആളുകളാണ് ഞങ്ങളെ കാണാനെത്തിയത്. കൂടെയുണ്ടാവും എന്ന് പറഞ്ഞു. ഇപ്പോഴും പലരും വിളിച്ച് സ്‌ട്രോങ്ങ് ആയി നില്‍ക്കണം, മധുവിന് നീതി വാങ്ങിക്കൊടുക്കണം എന്നൊക്കെ പറയാറുണ്ട്. കാണാനെത്തിയവര്‍ പലരും ചെറുതും വലുതുമായ തുകകള്‍ തന്നിരുന്നു. സര്‍ക്കാരും നഷ്ടപരിഹാരം നല്‍കി. സര്‍ക്കാര്‍ ഒരു തുക ഞങ്ങളുടെ പേരില്‍ ബാങ്കില്‍ ഇട്ടിട്ടുണ്ട്. ഞങ്ങള്‍ക്ക് ആര്‍ക്കും കുറേ കാലം ജോലിക്ക് പോകാന്‍ പറ്റിയ മാനസികാവസ്ഥയൊന്നും ആയിരുന്നില്ല. ഇപ്പോഴാണ് സ്ഥിരമായി ജോലിക്കൊക്കെ പോകാന്‍ തുടങ്ങിയത്. ഇത്രയും കാലം ജീവിച്ചത് നഷ്ടപരിഹാരം കിട്ടിയ പണം കൊണ്ടാണ്. എന്നാല്‍ ഞങ്ങളുടെ കൈയില്‍ കുറേ പണം ഉണ്ടെന്ന് പറഞ്ഞ് നാട്ടുകാര്‍ ഒറ്റപ്പെടുത്തിയ ഒരു കാലം ഉണ്ടായിരുന്നു. ആരും ഞങ്ങളുടെ കൂടെ നിന്നില്ല. സംസാരിക്കാന്‍ പോലും മടിച്ചു. കേസും കോടതിയുമൊക്കെ ആയപ്പോള്‍ ഞങ്ങള്‍ക്ക് പേടിയായിരുന്നു. എന്തുചെയ്യണം എന്നൊന്നും അറിയില്ല. അന്ന് ഒന്ന് സമാധാനിപ്പിക്കാന്‍ പോലും ആരും വന്നിരുന്നില്ല. തീ തിന്ന് ജീവിക്കുകയായിരുന്നു ഞങ്ങള്‍. പക്ഷെ ഇപ്പോള്‍ നാട്ടുകാര്‍ കുറച്ചുകൂടി സംസാരിക്കുകയും സഹകരിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്.

മധു എന്തിനായിരുന്നു വനത്തില്‍ കഴിഞ്ഞിരുന്നത്? വീട് വിട്ട് പോവുകയായിരുന്നോ?

നാട്ടിലേയും വീട്ടിലേയും ജോലികള്‍ ചെയ്ത് ആരേയും ദ്രോഹിക്കാതെ കഴിഞ്ഞിരുന്ന ആളായിരുന്നു മധു. ആവശ്യത്തിന് മാത്രം സംസാരം. ഒരുപാട് കൂട്ടുകാരൊന്നും ഇല്ല. ഒരു ബഹളത്തിനും നില്‍ക്കില്ല. ഇടയ്ക്ക് ആശാരിപ്പണിക്കൊക്കെ പോയിരുന്നു. അങ്ങനെയുണ്ടായിരുന്ന മധുവിനെ പെട്ടന്നാണ് എന്തൊക്കയോ മാറ്റം കണ്ടുതുടങ്ങിയത്. ആരോടും സംസാരിക്കാതെയായി, ഒറ്റയ്ക്ക് ഇരിക്കാനാണ് താല്‍പര്യം, ഞങ്ങള്‍ സംസാരിക്കാന്‍ പോയാല്‍ പോലും വാതിലടച്ച് അകത്തിരിക്കും. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയാല്‍ പിന്നെ വരാതെയായി. പതിയെ വനത്തില്‍ തന്നെയായി താമസം. ആരേയും കാണാതെ വനത്തിലെ പല ഗുഹകളിലായിരുന്നു കഴിഞ്ഞിരുന്നത്. ഇടയ്ക്ക് വനത്തിലെ കിഴങ്ങും തേനും കൂണും പഴങ്ങളുമെല്ലാം വീട്ടില്‍ എത്തിക്കും. വീട്ടില്‍ നിന്ന് അരിയോ പച്ചക്കറിയോ ഒക്കെ കൊണ്ടുപോവും. വീട്ടില്‍ നില്‍ക്കാന്‍ പറഞ്ഞാലും കേള്‍ക്കില്ല. ഏതെങ്കിലും ഗുഹയില്‍ താമസിക്കുമ്പോള്‍ ആരെങ്കിലും കണ്ടാല്‍ അവിടുന്നു താമസം മാറി വേറെ സ്ഥലത്തേക്ക് പോകും. ഇടയ്ക്ക് ഞങ്ങള്‍ അവനെ തേടിപ്പോവാറുണ്ട്. അജിമുടിയിലെ ഗുഹയിലായിരുന്ന അവസാനകാലത്ത് മധു ഉണ്ടായിരുന്നത്. അങ്ങനെ ഒരുദിവസം വെള്ളമെടുക്കാന്‍ പോയപ്പോഴാണ് മധുവിനെ അവര്‍ കണ്ടതും മര്‍ദിച്ചതും. ചാരായം നിര്‍മിക്കല്‍, മരം മുറിക്കല്‍ പോലെയുള്ള കാര്യങ്ങള്‍ വനത്തില്‍ നടക്കുന്നുണ്ട്. മധു അത് കണ്ടതുകൊണ്ട് അവനെ വനത്തില്‍ നിന്ന് പുറത്താക്കാനാവാം അവര്‍ ഇങ്ങനെ ചെയ്തത്.

പ്രതികള്‍ക്ക് എന്ത് ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്?

വധശിക്ഷയെങ്കില്‍ അത്, ജീവപര്യന്തമെങ്കില്‍ അത്, ഞങ്ങളുടെ സഹോദരനെ കൊലപ്പെടുത്തിയവര്‍ക്ക് പരാമവധി ശിക്ഷ കിട്ടണം. ഒരു മനുഷ്യജീവനെയല്ലേ ഇല്ലാതാക്കിയത്. വധശിക്ഷയില്‍ കുറഞ്ഞതൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സ്വന്തം ചോരയെ ആണ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത്. മധുവിന്റെ മരണം അമ്മയേയും ഞങ്ങളേയും ചെറുതായിട്ടൊന്നുമല്ല തകര്‍ത്തത്. ഇളയ സഹോദരി ചന്ദ്രികയ്ക്ക് പോലീസില്‍ ജോലി കിട്ടിയെങ്കിലും എത്രയോ വര്‍ഷം ജോലിക്ക് പോകാന്‍ പോലും കഴിയാത്ത തരത്തില്‍ മാനസികമായി തകര്‍ന്നുപോയിരുന്നു. അങ്കണവാടി ടീച്ചറാണ് ഞാന്‍. ഒരുപാട് കാലം ജോലിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. മധുവിന്റേത് സാധാരണ മരണമായി ഒഴിവാക്കി കളയാന്‍ പറ്റില്ല. പുറംലോകമറിയാത്ത മരണങ്ങള്‍ അട്ടപ്പാടിയില്‍ പുതിയ കാര്യമല്ല. എന്നാല്‍ മധുവിന്റേത് അങ്ങനെ ഒഴിവാക്കി വിടാന്‍ പറ്റില്ല. ആദിവാസികളാണെങ്കിലും ഞങ്ങളും മനുഷ്യരല്ലേ, ഞങ്ങളുടെ ജീവന് ഇവിടെ വിലയില്ലേ!

Content Highlights: attappadi madhu murder case madhu sister sarasu interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented