ശ്രുതിലക്ഷ്മി
23 വര്‍ഷം പലവിധം ക്യാമറകള്‍ക്ക് മുന്നില്‍ ഏതൊക്കെയോ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നൊരാള്‍. അതുവരെയുള്ള വേഷപ്പകര്‍ച്ചകളെല്ലാം മാറ്റിവെച്ച് നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ക്യാമറകള്‍ക്ക് മുന്നില്‍ അവര്‍ സ്വന്തം ജീവിതം ജീവിച്ചുകാണിച്ചപ്പോള്‍ കുറെപ്പേരെങ്കിലും പറഞ്ഞു.'എന്താണീ ശ്രുതി ലക്ഷ്മി കാണിക്കുന്നത്. വിവാഹിതയായ ഒരു യുവതി ആ ചെറുപ്പക്കാരെ എന്തിനാണിങ്ങനെ കെട്ടിപ്പിടിക്കുന്നത്. ഇതൊക്കെ നാണക്കേടല്ലേ.?നമ്മുടെ സമൂഹത്തിന് നിരക്കുന്നതാണോ? അവരെന്തിനാണ് കരയുകയും ആക്രോശിക്കുകയും ചെയ്യുന്നത്.?' മുപ്പതിലേറെ സിനിമകളിലും നിരവധി ഹിറ്റ് സീരിയലുകളിലും പല വിധ വേഷങ്ങള്‍ കെട്ടിയാടിയതുകണ്ട് കൈയടിച്ചവര്‍ തന്നെയാണ് ക്യാമറയ്ക്ക് മുന്നില്‍ ശ്രുതിയുടെ യഥാര്‍ത്ഥ ജീവിതം കണ്ട് കല്ലെറിഞ്ഞതും. റിയാലിറ്റി ഷോ ബിഗ് ബോസിലെ 56 ദിവസത്തെ അതിജീവനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ശ്രുതിലക്ഷ്മിക്ക് നേരെ സൈബര്‍ ലോകത്തെ ഒളിചാവേറുകള്‍ യുദ്ധം തുടങ്ങിക്കഴിഞ്ഞു. സഹമത്സരാര്‍ത്ഥിയായ റിനോഷിനെ കെട്ടിപ്പിടിച്ച് കരഞ്ഞതും ഉമ്മവെച്ചതും അനിയന്‍ മിഥുന്റെ തോളില്‍ കൈയിട്ട് നടന്നതുമൊക്കെയാണ് സദാചാരവാദക്കാരുടെ ആയുധങ്ങള്‍.
'ഒരു ആണും പെണ്ണും കെട്ടിപ്പിടിക്കുന്നതിന് ഒരേയൊരു അര്‍ത്ഥം മാത്രം കല്‍പ്പിക്കുന്നവരോട് എനിക്കൊന്നും പറയാനില്ല. അവിടെ ഒരേയൊരു വികാരം മാത്രമേ ഉണ്ടാവു എന്ന് ചിന്തിക്കുന്നവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. 'സൈബര്‍ ആക്രമണങ്ങളെ മനക്കരുത്തോടെ തള്ളിക്കളയുകയാണ് ശ്രുതി ലക്ഷ്മി. 'ഒമ്പതാം വയസ്സില്‍ അഭിനയരംഗത്ത് വന്നയാളാണ് ഞാന്‍. ഒരുപാടാളുകളെ കണ്ടും പരിചയപ്പെട്ടും പലതരം സാഹചര്യങ്ങള്‍ അതിജീവിച്ചുമൊക്കെയാണ് മുന്നോട്ട് വന്നത്. അതുകൊണ്ടുതന്നെ ബിഗ് ബോസിലെത്തിയപ്പോള്‍ അവിടത്തെ ആളുകളെയും ആ സാഹചര്യത്തെയും ഒക്കെ എനിക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ പറ്റിയിരുന്നു. ഏതുതരം ആളുകളായാലും സംസാരിക്കാനോ ഇടപഴകാനോ ഒന്നും യാതൊരു പേടിയും തോന്നാറില്ല. ആ ഒരു തന്റേടത്തോടെതന്നെയാണ് സഹമത്സരാര്‍ത്ഥികളോട് ഇടപെട്ടതും.' പുറംലോകവുമായി ബന്ധമില്ലാത്ത 56 ദിവസങ്ങള്‍ക്ക് വിട പറഞ്ഞ് സ്വന്തം വീടിന്റെ ശാന്തതയില്‍ കുടുംബത്തിനൊപ്പം വിശ്രമിക്കുന്നതിനിടയില്‍ ശ്രുതിലക്ഷ്മി വിമര്‍ശനങ്ങളോട് പ്രതികരിച്ചു. അഞ്ചാം സീസണിലെ കരുത്തുറ്റ മത്സരാര്‍ത്ഥികളൊരാളായ ശ്രുതി ഈയടുത്ത ദിവസമാണ് ഷോയില്‍നിന്ന് പുറത്തായത്.
ഷോയിൽനിന്ന് പുറത്തായ ശേഷം ശ്രുതിയുടെ വ്യക്തിത്വത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായോ?
പുറത്ത് ഞാന്‍ എങ്ങനെയാണോ അതുപോലൊരു ആളായിട്ടാണ് അവിടെ പോയി നിന്നത്. ഇപ്പോള്‍ പുറത്തിറങ്ങിയ ശേഷവും എനിക്കങ്ങനെ വ്യത്യാസം ഒന്നും തോന്നുന്നില്ല. അവിടെയുള്ള ക്യാമറകളുടെയും മറ്റു ബഹളങ്ങളുടെയും ഒക്കെ നടുവില്‍നിന്ന് പെട്ടെന്ന് ഇറങ്ങി വന്നപ്പോള്‍ ഒരു ശൂന്യത തോന്നുന്നുണ്ട് എന്നുമാത്രം. ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ എല്ലാവര്‍ക്കും ഭയങ്കര ടെന്‍ഷനായിരുന്നു. എന്റെ പേരില്‍ വന്ന ട്രോളുകളെയും സൈബര്‍ വിമര്‍ശനങ്ങളെയുമൊക്കെ ഞാന്‍ എങ്ങനെയാണ് നേരിടുക എന്നായിരുന്നു വീട്ടുകാരുടെ പേടി. പൊതുവേ ട്രോളുകള്‍ കണ്ട് കൈകൊട്ടി ചിരിക്കാറുണ്ട്. ഷോയിൽ ഞാന്‍ എങ്ങനെയായിരുന്നു എന്നുള്ളതിനെക്കുറിച്ച് നല്ല ബോധ്യമുണ്ടായതുകൊണ്ട് ഇപ്പോഴത്തെ വിമര്‍ശനങ്ങളെയും കാര്യമായെടുക്കുന്നില്ല.
പൊതുവെ വൈകാരികമായി ദുര്‍ബലയാണ് ഞാന്‍. കുറെ മുന്നേവരെ ഒരു തൊട്ടാവാടി ആയിരുന്നു. പക്ഷേ ഈ ഷോയില്‍ ചെന്നപ്പോള്‍ ഞാന്‍ കുറച്ചു കരുത്തയായി. സ്‌ട്രോങ്ങ് ആയി സംസാരിക്കാന്‍ തുടങ്ങി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ ശരികളില്‍ ഉറച്ചുനില്‍ക്കുന്ന നിലപാടിലെത്തി. ആര് എന്ത് ചോദിച്ചാലും അതിന് മറുപടി കൊടുക്കാനുള്ള ഒരു മാനസികാവസ്ഥയുണ്ടായി. അതിന് കാരണം ഷോ ആണ്. അവിടെ എനിക്കുവേണ്ടി സംസാരിക്കാന്‍ ഞാന്‍ മാത്രമേയുള്ളൂ. മറ്റുള്ളവര്‍ നമ്മളെ കുറ്റപ്പെടുത്തുമ്പോഴും ഞാന്‍ അങ്ങനെയല്ലെന്ന് എനിക്ക് തന്നെ പറയേണ്ടി വരും. അതൊക്കെ എന്നിലുണ്ടായ മാറ്റമാണ്.
മുമ്പത്തെ തൊട്ടാവാടി സ്വഭാവം ജീവിതത്തില്‍ ദോഷം ചെയ്തിട്ടുണ്ടോ?
അഭിനയിക്കുന്ന സീരിയലുകളോ സിനിമകളോ കണ്ടിട്ടാണ് ആളുകള്‍ ഒരു നടിയെ തിരിച്ചറിയുന്നത്. അവരുടെ വ്യക്തിജീവിതത്തിലെ സ്വഭാവവും മറ്റും സ്വന്തം വീട്ടുകാര്‍ക്ക് മാത്രമേ അറിയൂ. പരമാവധി കൂടെയുള്ളവര്‍ക്ക് വിഷമം ഉണ്ടാക്കാതെ നില്‍ക്കുന്ന വ്യക്തിയാണ് ഞാന്‍. പെട്ടെന്ന് വിഷമം വരും, പെട്ടെന്ന് വിഷമം പോകും. അതാണ് എന്റെ സ്വഭാവം. എത്ര ദേഷ്യം ഉണ്ടെങ്കിലും പെട്ടെന്ന് ഒരാള്‍ വന്ന് എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ എനിക്കത് മാറിപ്പോവും. ആരോടും വെറുപ്പോ പകയോ ഉള്ളില്‍ വെക്കാറില്ല. അങ്ങനെ പിണങ്ങി നില്‍ക്കുന്ന ആളുമല്ല.
ഷോയില്‍നിന്ന് പുറത്താവുന്നതിന്റെ അവസാനഘട്ടം എത്തിയപ്പോള്‍ ശ്രുതിയുടെ ഉള്ളിലെ ദേഷ്യമൊക്കെ പുറത്തുചാടിയിരുന്നു. അത് ഒറിജിനല്‍ ആയതുകൊണ്ട് തന്നെയാണോ
ഞാനാരോടും അങ്ങോട്ട് പോയി വഴക്കുണ്ടാക്കാന്‍ നിന്നിട്ടില്ല. പക്ഷേ ഇങ്ങോട്ട് വന്ന് ചിലരൊക്കെ വഴക്കുണ്ടാക്കുമ്പോള്‍ പ്രതികരിച്ചു പോയിട്ടുണ്ട്. അത് സ്വാഭാവികമാണല്ലോ. പലരും വല്ലാതെ ഇറിറ്റേറ്റ് ചെയ്യും. അപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ പിന്നെ ഞാനെന്നു പറഞ്ഞ ആള്‍ക്ക് എന്ത് വില. പലരും ഇറിറ്റേറ്റ് ചെയ്യാന്‍ വന്നപ്പോഴാണ് വിട്ടുകൊടുക്കില്ല എന്ന രീതിയില്‍ ഞാന്‍ പൊട്ടിത്തെറിച്ചത്. പുറത്ത് കാണുന്ന പോലെയല്ല, ഹൗസിനകത്തെ അവസ്ഥ. വളരെ സമ്മര്‍ദ്ദമുള്ള ജീവിതമാണ്. തൊട്ടുമുന്നേ വഴക്കുണ്ടാക്കിയ ആളുകളെ തന്നെ നമ്മള്‍ പിന്നെയും കണ്ടുകൊണ്ടിരിക്കണം. അപ്പോള്‍ നമ്മള്‍ പ്രതികരിച്ചു പോകും. അത് സത്യമാണ്.
അപ്പോള്‍ വികാരങ്ങളെ മറച്ചുവെക്കാതെയാണ് അവിടെ ജീവിക്കാന്‍ ശ്രമിച്ചത് ?
അതെ. എല്ലാ ഇമോഷന്‍സും ഉണ്ടാകുമല്ലോ. അതൊരു സ്വാഭാവികമായ കാര്യമാണ്. എന്റെ ഒരു വികാരത്തെയും ഞാന്‍ അതിനകത്ത് മറച്ചു വെച്ചിട്ടില്ല. ചിരിക്കണം എന്ന് തോന്നിയപ്പോള്‍ പൊട്ടിച്ചിരിച്ചിട്ടുണ്ട്. വിഷമം വരുമ്പോള്‍ കരയുകയും ചെയ്തു. ക്യാമറ എന്തായാലും നമ്മളിലൊരാളായി അവിടെത്തന്നെ കൂടെയുണ്ട്. നമ്മുടെ ഓരോ നിമിഷവും അത് റെക്കോഡ് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഒരു പത്ത് ദിവസം കഴിയുമ്പോള്‍ ക്യാമറയും നമ്മളില്‍ ഒരാളായി മാറും. അപ്പോഴൊന്നും അയ്യോ ആളുകള്‍ കാണുന്നുണ്ടല്ലോ എന്നുകരുതി പെരുമാറാനാവില്ല. കെട്ടിപ്പിടിക്കാന്‍ തോന്നിയാലും ഉമ്മ വെക്കാന്‍ തോന്നിയാലും കരയണമെന്ന് തോന്നിയാലും എന്തിന് മടിക്കേണ്ടതില്ല.
മലയാളികള്‍ ചില വികാരങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നതായി കണ്ടിട്ടുണ്ട്. നിങ്ങള്‍ക്ക് ഒരാളോടൊത്ത് ഭക്ഷണം കഴിക്കാം. പക്ഷേ കെട്ടിപ്പിടിക്കാനോ ഉമ്മ വെക്കാനോ പറ്റില്ലെന്നാണ് നിലപാട്. എന്തുകൊണ്ടാവും ഈയൊരു ഇരട്ടത്താപ്പ് എനിക്കറിയില്ല. ഞാന്‍ എന്തായാലും അമേരിക്കയില്‍ ഒന്നും ജനിച്ചു വളര്‍ന്ന ആളല്ല. കണ്ണൂരിലെ ചുണ്ടപ്പറമ്പ് എന്ന ഗ്രാമത്തില്‍ 16 വയസ്സുവരെ ജീവിച്ചുവളര്‍ന്നതാണ്. എന്റെ അപ്പ നാട്ടുകാര്‍ പറയുന്നപോലെ ജീവിച്ച ഒരാളാണ്. മുതിര്‍ന്ന ശേഷം ഞാന്‍ കുറെ യാത്ര ചെയ്തു. ഒരുപാട് ജീവിതങ്ങള്‍ കണ്ടു. പലരുടെയും അവസ്ഥ മനസ്സിലാക്കി. അങ്ങനെ ആളുകളെ കാണുമ്പോള്‍ നമ്മള്‍ ചെറുപ്പത്തില്‍ പഠിച്ചുവളര്‍ന്ന കാര്യങ്ങളിലൊക്കെ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കും. എന്തായാലും ഞാന്‍ എന്റെ സുഹൃത്തുക്കളുടെ അടുത്തും കുടുംബത്തിനകത്തും ഇങ്ങനെയൊക്കെയാണ് പെരുമാറുന്നത്. അവിടെ എനിക്കൊരു പ്രശ്‌നവും തോന്നിയിട്ടില്ല. റിനോഷിനെ കെട്ടിപ്പിടിക്കുമ്പോഴും പുറത്ത് ഇത് അത്ര വലിയ പ്രശ്‌നമാവുമെന്ന് ഞാന്‍ വിചാരിച്ചിട്ടില്ല. ഇതിനെതിരെ ആളുകള്‍ പറയുമെന്ന് കരുതി കെട്ടിപ്പിടിക്കാനുള്ള തോന്നല്‍ എനിക്ക് മറച്ചുവെക്കാനായി പറ്റുമായിരുന്നു. നമ്മളെക്കുറിച്ച് മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാമായിരുന്നു. പക്ഷേ, എനിക്ക് ഇതിലൊന്നും ഒരു തെറ്റും തോന്നിയിട്ടില്ല. അതിനകത്ത് നമ്മള്‍ വിഷമിച്ചിരിക്കുമ്പോള്‍ അടുപ്പമുള്ള ഒരാളെ കെട്ടിപ്പിടിച്ചാല്‍ സമ്മര്‍ദങ്ങളൊഴിഞ്ഞുപോകും. മനസ്സൊന്ന് ശാന്തമാകും. ഒരാണും പെണ്ണും കെട്ടിപ്പിടിക്കുമ്പോള്‍ അതിനകത്ത് വേറൊരു വികാരം കൊണ്ടാണ്, അതു മാത്രമേയുള്ളൂ എന്ന് ചിന്തിക്കുന്നവരോട് എനിക്കൊന്നും പറയാനില്ല. ഞാനും റിനോഷും എന്തായാലും അങ്ങനെയല്ല. മുതിര്‍ന്ന സ്ത്രീയായ എനിക്ക് മോശം സ്പര്‍ശനവും പെരുമാറ്റവുമൊക്കെ തിരിച്ചറിയാനുള്ള ശേഷിയുണ്ട്. അവന്‍ എന്നെ കെട്ടിപ്പിടിച്ചതും ഞാന്‍ തിരിച്ച് പെരുമാറിയതുമൊക്കെ നല്ല ബോധ്യത്തോടെ തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ഞങ്ങള്‍ അതിനേക്കുറിച്ച് ഒരുപാട് ചിന്തിക്കാതിരുന്നത്. വിഷമം വരുമ്പോള്‍ ഞാന്‍ അങ്ങോട്ട് ചെന്നാണ് റിനോഷിനെ കെട്ടിപ്പിടിച്ചത്. അതിനെ വളരെ മനോഹരമായ അടുപ്പമായി കാണാതെ മറ്റ് പലതും പറയുന്നവരോട് എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല.
മനസ്സാവാചാ ചിന്തിക്കാത്ത കാര്യങ്ങളുടെ പേരിലുള്ള സൈബര്‍ ആക്രമണങ്ങളില്‍ വിഷമം തോന്നിയിട്ടുണ്ടോ?
ഒരു പോയിന്റ് പോലും ഞാന്‍ വിഷമിച്ചിട്ടില്ല. ഒരു നടിയായതുകൊണ്ട് കൗമാരപ്രായം തൊട്ട് നമ്മളെക്കുറിച്ച് പലരും പലതും പറഞ്ഞു പരത്തിയിട്ടുണ്ട്. അതിലൊക്കെ എത്ര മാത്രം ശരിയുണ്ടെന്ന് നമുക്കല്ലേ അറിയൂ. ഒന്നും നോക്കാതെ ഓരോരുത്തരെയും എന്തെങ്കിലുമൊക്കെ പറയുക എന്നത് മലയാളികളില്‍ കുറച്ചു പേരുടെയെങ്കിലും സ്വഭാവമാണ്. ഒരാളെ വളരെ മോശമായി ചിത്രീകരിക്കുക എന്നത് ചിലരുടെ മാനസിക വൈകൃതമാണ്.
സൈബര്‍ ലോകത്ത് ശരിയായ ഐഡന്റിറ്റി വെളിപ്പെടുത്താത്തവരാണ് ആക്രമണം നടത്തുന്നത്. ഈ മറഞ്ഞു നിന്നിട്ട് പോരാടുന്നവര്‍ക്കൊക്കെ എന്ത് വ്യക്തിത്വമാണ് ഉള്ളത്? ശരിയായ വ്യക്തിത്വം പുറത്തുകാണിച്ചുകൊണ്ട് പ്രതികരിക്കട്ടെ. എന്തായാലും ഞാന്‍ ചെയ്തതെല്ലാം എന്റെ ശരികളാണ്. പലര്‍ക്കും യോജിപ്പുണ്ടാവും. ചിലര്‍ക്ക് വിയോജിപ്പും കാണും. അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ്. ഈ കണ്ട ആളുകളുടെ അഭിപ്രായം കേട്ടു കൊണ്ടല്ല ഞാന്‍ അവിടെ പോയത്. എന്റെ ഇഷ്ടത്തിന് പോയി, ഇഷ്ടത്തിന് കളിച്ചു വന്നു.
റിനോഷും മിഥുനുമായുള്ള സൗഹൃദം ഗെയിമില്‍ മുന്നോട്ടു പോകാന്‍ വേണ്ടി ശ്രുതി ഉപയോഗിക്കുകയായിരുന്നു എന്ന് വിമര്‍ശിച്ചവരും ഉണ്ട്
അവിടെ ചെല്ലുമ്പോള്‍ എനിക്ക് പരിചയമുള്ള ഒരേയൊരാള്‍ ഷിജുവാണ്. റിനോഷിനെയും മിഥുനെയുമൊന്നും എനിക്ക് അറിയുക പോലുമില്ല. അങ്ങനെ ഒരാളെ ചാരിനിന്നുകൊണ്ട് മുന്നോട്ടു പോകണം എന്നായിരുന്നുവെങ്കില്‍ അഖില്‍ മാരാരുടെ കൂടെ കൂടിയാല്‍ മതിയായിരുന്നു. ഞാനും അത്യാവശ്യം ബോധമൊക്കെ ഉള്ള ഒരാളാണല്ലോ. വളരെ ബ്രില്ല്യന്റായ കളിക്കാരനാണ് അഖില്‍ മാരാര്‍. അഖിലിനാണ് പുറത്ത് പ്രേക്ഷക പിന്തുണ ഉണ്ടാകുക എന്ന് എനിക്കും ഊഹിക്കാം.ആ ഷോയെ സംബന്ധിച്ച് അദ്ദേഹം ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ഉപ്പു പോലെയാണ്. അപ്പോള്‍ എനിക്ക് വേണമെങ്കില്‍ കമ്പനി കൂടി അങ്ങനെ നിന്നാല്‍ മതിയായിരുന്നു. പക്ഷേ, അവിടെ എന്റെ വൈബ് സെറ്റായത് റിനോഷും മിഥുനുമായിട്ടാണ്. പത്ത് പേരുള്ള സ്ഥലത്ത് പോയാല്‍ അവിടെയുള്ള 10 പേരുമായിട്ടും ഒരേ കണക്ഷന്‍ നമുക്ക് തോന്നണമെന്നില്ല. ഒറ്റ ഗെയിമില്‍ പോലും റിനോഷും മിഥുനും എന്നെ സപ്പോര്‍ട്ട് ചെയ്യുകയോ ഞാന്‍ അവരുടെ സഹായം ചോദിച്ചു പോവുകയോ ചെയ്തിട്ടില്ല. ഗെയിമില്‍ നമ്മുടെ സൗഹൃദം കൊണ്ടുവരരുത് എന്നു പറഞ്ഞ വ്യക്തിയാണ് ഞാന്‍. അവിടെ വ്യക്തിപരമായിട്ടേ ഞാന്‍ കളിച്ചിട്ടുള്ളൂ. അതുകഴിഞ്ഞ് വെറുതെ ഇരിക്കുന്ന സമയത്താണ് ഞങ്ങള്‍ സംസാരിക്കുന്നത്. അവര്‍ രണ്ടു പേരും ശാന്തസ്വഭാവക്കാരാണ്. നല്ല ഉദ്ദേശ്യവുമായി അതില്‍ പങ്കെടുക്കാന്‍ വന്നവരാണ്. വെറുതെ ചെന്ന് ഒരു ബഹളത്തിലും തലയിടാത്തവരാണ്. ആള്‍ക്കാര്‍ക്ക് ഞങ്ങളുടെ അടുപ്പം കാണുന്നത് ഒത്തിരി ഇഷ്ടമായിരുന്നു എന്ന് ഞാന്‍ പുറത്തു വന്ന ശേഷം കുറെപ്പേര്‍ പറയുന്നുണ്ട്. നിങ്ങളുടെ കോമ്പോ നല്ല രസമായിരുന്നുവെന്ന്. അതൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്.
വ്യക്തിപരമായി ഗെയിം കളിച്ചിട്ടും ശ്രുതിയെ റിനോഷിനും മിഥുനുമൊപ്പം ചേര്‍ത്തുപറയുന്നത് ഒറ്റയ്ക്ക് ഒരു സ്ത്രീക്ക് തന്റേടത്തോടെ മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് വിശ്വസിക്കുന്നവരാണോ. അതിലൊരു സ്ത്രീവിരോധ ചിന്തയുണ്ടോ?
അതറിയില്ല. എന്തായാലും എത്ര തന്റേടമുണ്ടെങ്കിലും ഭര്‍ത്താവ് കൂടെയുള്ളതാണ് ഏറ്റവും വലിയ കരുത്തും വിജയവുമെന്ന് ചിന്തിക്കുന്നയാളാണ് ഞാന്‍. കൂട്ടില്ലാതെ ജീവിതത്തിലോ പ്രൊഫഷണിലോ ഒറ്റയ്ക്ക് മുന്നോട്ടുപോകാന്‍ എനിക്ക് പറ്റില്ല. കുടുംബ ജീവിതത്തില്‍ എന്റെ ഭര്‍ത്താവ് എവിന്‍ തരുന്ന പിന്തുണ കാരണമാണ് ഞാന്‍ ഇത്രയും സ്‌ട്രോങ്ങായി സംസാരിക്കുന്നതുപോലും. ആണും പെണ്ണും തുല്യരാണ് എന്ന് പറയുന്നതിനോടൊക്കെ ഞാന്‍ യോജിക്കുന്നു. പക്ഷേ, എന്റെ കാഴ്ചപ്പാടില്‍ ഭര്‍ത്താവിന്റെ പിന്തുണ ഉണ്ട് എന്ന് പറയുന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ആ ചിന്ത എനിക്ക് മാറ്റാന്‍ പറ്റില്ല.
ബിഗ്‌ബോസില്‍ അതിഥിയായി വന്ന മുന്‍സീസണിലെ മത്സരാര്‍ത്ഥി രജിത് കുമാര്‍ ശ്രുതിക്ക് പല സൂചനകളും നല്‍കിയിരുന്നു എന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട് അത് കേള്‍ക്കാതിരുന്നത് കൊണ്ടാണ് ശ്രുതി പുറത്തായതെന്നും അദ്ദേഹം പറയുന്നു. എന്താണ് വാസ്തവം?
പുറത്തുനിന്നുള്ള ഒരാള്‍ വന്ന് അഭിപ്രായം പറഞ്ഞ ശേഷം മാറ്റേണ്ട വ്യക്തിത്വം അല്ല എന്റേത്. ഇതൊരു ഗെയിം ആണ് എന്ന് മാത്രം നോക്കി യാതൊരു മനുഷ്യത്വവും കാണിക്കാതെ മുന്നോട്ടുപോകാന്‍ വേണമെങ്കില്‍ പറ്റും. പക്ഷേ, ഞാന്‍ അങ്ങനെയല്ല. രജിത്തേട്ടനോടും ഞാന്‍ ഇതുതന്നെയാണ് പറഞ്ഞത്. കിരീടം ചൂടാന്‍ യോഗ്യതയുള്ള ഒരാള്‍ എന്ന നിലയില്‍ അദ്ദേഹം എന്നെ കുറിച്ച് സംസാരിച്ചിരുന്നു. ഞാന്‍ വളരെ കരുത്തോടെ തന്നെയാണ് അവിടെ നിന്നതും. ഷോയില്‍നിന്ന് ഇറങ്ങിയ ശേഷം ചിലരൊക്കെ ഒരു സൗഹൃദത്തിന്റെ പേരില്‍ മാത്രം എന്നെ ഒതുക്കി കളഞ്ഞു എന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ വ്യക്തിപരമായി ചെയ്ത കാര്യങ്ങള്‍ ഒന്നും ഒരാളും പറഞ്ഞു കേട്ടിട്ടില്ല. അവസാനത്തെ ഗെയിമില്‍ പോലും ഞാന്‍ ഒറ്റയ്ക്കാണ് നിന്നത്. ആളുകള്‍ എന്റെയും റിനോഷിന്റെയും അടുപ്പം മാത്രമാണ് കണ്ടത്. എവിടെയും നെഗറ്റീവായ കാര്യങ്ങള്‍ ശ്രദ്ധിക്കാനാണ് ആളുകള്‍ ഉള്ളത്.ഇത് ഞാന്‍ കൂടെ അടങ്ങുന്ന മലയാളികളുടെ മനസ്സിന്റെ ഒരു പ്രത്യേകതയാണ്. നമ്മള്‍ എത്ര നന്മ ചെയ്തു എന്നും നമ്മള്‍ എത്ര നന്നായി ചെയ്തു എന്നുമൊക്കെ പറയുന്ന കുറച്ചുപേരെ ഉണ്ടാവൂ.
വളരെ പുരോഗമനപരമായ ഒരു സമൂഹമാണെന്ന് പറയുന്നുണ്ടെങ്കിലും ഒരു ആലിംഗനത്തെ പോലും നേരെ ചൊവ്വേ സ്വീകരിക്കാന്‍ മലയാളിക്ക് പറ്റുന്നില്ല, അല്ലേ?
കഴിഞ്ഞ ദിവസം ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാനായി പോയി. അവിടെ സ്ത്രീകളാണ് കൂടുതലുണ്ടായിരുന്നത്.ദൈവമേ ഈ സ്ത്രീകളെല്ലാം കൂടി എന്നെ കല്ലെറിയുമോ എന്ന് പേടിച്ചാണ് ഞാന്‍ അവിടെ ചെല്ലുന്നത്. പക്ഷേ, അവരെല്ലാം ഞാന്‍ അടിപൊളിയായി കളിച്ചു എന്ന് പറഞ്ഞപ്പോള്‍ ഒരുപാട് ആശ്വാസമായി. സ്ത്രീകളാണ് എന്നെ പിന്തുണയ്ക്കുകയും ഇഷ്ടമാണെന്ന് പറയുകയും ചെയ്തവരില്‍ കൂടുതലുമുള്ളത്. അല്ലെങ്കിലും ഇന്നത്തെ കാലത്ത് ഒരു ആണും പെണ്ണും തമ്മില്‍ കെട്ടിപ്പിടിക്കുന്നതില്‍ എന്താണ് തെറ്റ്? ഇപ്പോഴത്തെ ചില ചിന്താഗതികളില്‍ എനിക്ക് പേടി തോന്നുന്നുണ്ട്. നമുക്കൊരു പെണ്‍കുട്ടി ജനിച്ചാല്‍ അവള്‍ക്ക് സുരക്ഷിതമായൊരു ലോകം ഉണ്ടാക്കി കൊടുക്കണം എന്ന് ആഗ്രഹിച്ചാല്‍ പോലും ഇങ്ങനെയുള്ള ആളുകള്‍ ജീവിക്കുന്ന സ്ഥലത്ത് അതെങ്ങനെ സാധ്യമാവും?ഇത്തരം കാഴ്ചപ്പാടുള്ള വ്യക്തികളുള്ള സമൂഹത്തില്‍ ഒരു പെണ്ണ് എങ്ങനെയാണ് സുരക്ഷിതയായിരിക്കുന്നത്?
എന്റെ ജീവിതത്തില്‍ വളരെയധികം ഒതുങ്ങി കൂടുന്ന ഒരാളാണ് ഞാന്‍. സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്നും അത്ര സജീവവും അല്ല. എന്നിട്ടും എനിക്കെതിരായി ഇങ്ങനെയൊരു പ്രചാരണം വന്നപ്പോഴാണ് നമ്മുടെ സമൂഹത്തില്‍ ഒരു സ്ത്രീ എത്രമാത്രം സുരക്ഷിതയാണെന്ന് ഞാന്‍ ആലോചിച്ചുപോകുന്നത്. ആണും പെണ്ണും ശാരീരികമായി തൊടുന്നത് തെറ്റാണെന്ന് കുട്ടികളെപ്പോലും പഠിപ്പിച്ചു കൊടുക്കുകയാണ്. ഒരു ആണും പെണ്ണും കെട്ടിപ്പിടിക്കുമ്പോള്‍ അതൊരു രക്തബന്ധമല്ല എങ്കില്‍പോലും അതില്‍ വേറൊരു ഫീല്‍ മാത്രമല്ല ഉള്ളതെന്ന് ഇവര്‍ക്കൊക്കെ എപ്പോഴാണ് മനസ്സിലാവുക?
ഒരു വശത്ത് പുരോഗമനപരമായി ചിന്തിക്കുന്ന യുവതലമുറയുണ്ട്. അവര്‍ പറയുന്നത് ഇത് പഴയ തലമുറയുടെ പ്രശ്‌നമാണെന്നാണ്.
എന്റെ പപ്പയ്ക്ക് 62 വയസ്സായി. ഇത്തരം കാര്യങ്ങളെയൊക്കെ പോസിറ്റീവായി കാണുന്നയാളാണ് അദ്ദേഹം. പണ്ടൊക്കെ ഏതെങ്കിലും സിനിമ ചര്‍ച്ചകള്‍ക്ക് വേണ്ടി വിളിക്കുമ്പോള്‍ പേടിച്ചിരുന്ന കുട്ടിയാണ് ഞാന്‍. അതുകൊണ്ട് പപ്പയെ കൂട്ടിയേ പോവാറുള്ളൂ. പപ്പയും മമ്മയുമില്ലാതെ ഒരു ഷൂട്ടിങ്ങിനു പോലും ഞാന്‍ പോയിട്ടില്ല. എപ്പോഴും അവര്‍ കൂടെ വന്നിരുന്നു. ഇപ്പോഴത്തെ കുട്ടികള്‍ ഒക്കെ ബോള്‍ഡാണ്. അവര്‍ തനിയെ യാത്ര ചെയ്യുന്നു. വലിയൊരു മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. നമ്മള്‍ ബോള്‍ഡ് ആയിക്കഴിഞ്ഞാല്‍ ഒരു കാര്യത്തിന് നോ പറഞ്ഞാല്‍ അതിന് നോ എന്നുതന്നെയാണ് അര്‍ത്ഥം. യെസ് എന്ന് പറയുന്നത് നമ്മുടെ മാത്രം തീരുമാനമാണ്. ബോള്‍ഡ് ആയി നില്‍ക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്തു കഴിഞ്ഞാല്‍ നമുക്ക് പല കാര്യങ്ങളും മറ്റുള്ളവരെ പഠിപ്പിക്കാനും പറ്റും. എന്നിട്ടും കുറച്ചുപേര്‍ മാത്രം ഇതിനെയൊക്കെ വേറെ രീതിയില്‍ കാണുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല.
ഞാന്‍ ഇങ്ങനെയൊക്കെ ചെയ്തത് എന്റെ ഭര്‍ത്താവിന് നട്ടെല്ലില്ലാത്തതുകൊണ്ടാണ്, അയാള്‍ക്ക് അവളെ നിയന്ത്രിക്കാന്‍ പറ്റുന്നില്ല എന്നൊക്കെ പറയുന്നത് ഏത് അര്‍ത്ഥത്തിലാണെന്ന് മനസ്സിലാവുന്നില്ല. ഞങ്ങള്‍ എത്രത്തോളം സ്‌നേഹത്തിലാണ് ജീവിക്കുന്നത് എന്ന് അടുത്ത് അറിയുന്നവര്‍ക്ക് മനസ്സിലാകും.അതുമതി.
ഞങ്ങള്‍ക്ക് അന്തസ്സായി ജീവിക്കാന്‍ അറിയാം. അല്ലെങ്കില്‍ തന്നെ ഡോക്ടറായി ജോലി ചെയ്യുന്ന ഒരാള്‍ ഒരു നടിയെ കല്യാണം കഴിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് അവളോട് എത്രമാത്രം അടുപ്പവും സ്‌നേഹവുമൊക്കെ ഉണ്ടെന്ന് ഊഹിക്കാമല്ലോ. ഈയൊരു ഷോ കണ്ട ആരെങ്കിലും പറയുന്ന അഭിപ്രായം കേട്ട് അദ്ദേഹം എന്നെ ഡിവോഴ്‌സ് ചെയ്യുമെന്നൊക്കെ പറയുന്നവരുടെ ബോധനിലവാരം ആലോചിച്ച് ചിരി വരുന്നുണ്ട്.
23 വര്‍ഷമായി അഭിനയരംഗത്തുണ്ട് ശ്രുതി. മുപ്പതിലേറെ സിനിമകളില്‍ അഭിനയിച്ചു. പണ്ട് കലാഭവന്‍ മണിയുടെ കൂടെ 'ആഴക്കടലി'ല്‍ അഭിനയിച്ച കൗമാരക്കാരിയെ ഓര്‍ക്കാറുണ്ടോ
'നിഴലുകള്‍' സീരിയലില്‍ ബാലതാരമായി അഭിനയിക്കുന്ന സമയത്തെ എനിക്ക് കലാഭവന്‍ മണിച്ചേട്ടനെ അറിയാമായിരുന്നു. ആദ്യമായി ലാന്‍ഡ് ഫോണില്‍ എന്നെ വിളിക്കുന്ന സിനിമാനടനാണ് അദ്ദേഹം. മോളെ സീരിയലില്‍ നന്നായി അഭിനയിച്ചു എന്നൊക്കെ പറഞ്ഞ് മണിച്ചേട്ടന്‍ അഭിനന്ദിച്ചു. അന്നത് വലിയ കാര്യമാണ്. നമ്മുടെ നമ്പര്‍ സംഘടിപ്പിച്ച് വീട്ടിലേക്ക് വിളിക്കുക,അഭിനയത്തെക്കുറിച്ച് നല്ലതുപറയുക എന്നതൊക്കെ ഒരുകാലത്തും മറക്കാന്‍ പറ്റില്ല. അതിനുശേഷം വര്‍ണ്ണക്കാഴ്ചകള്‍ എന്ന സിനിമയില്‍ ഞാന്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അതിലും മണിച്ചേട്ടനുണ്ട്.
ഞാന്‍ 'ആഴക്കടലി'ല്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ മണിച്ചേട്ടന്‍ ചെറിയ ബുദ്ധിമുട്ട് പ്രകടിപ്പിച്ചിട്ടുണ്ട്. ശ്രുതിയെ ഞാന്‍ ചെറുതിലെ കാണുന്നതാണ്, ഇനിയിപ്പോള്‍ ശ്രുതിയുടെ നായകനായി അഭിനയിക്കാനൊക്കെ എനിക്ക് ചമ്മലാണെന്ന് അദ്ദേഹം പറഞ്ഞു. ആ സിനിമയില്‍ ഞങ്ങള്‍ തമ്മിലുള്ള പ്രേമം വരുന്ന ഗാനരംഗമുണ്ട്. അത് ശരിയാവില്ലെന്ന് പറഞ്ഞ് അദ്ദേഹം അഭിനയിക്കാന്‍ തയ്യാറായില്ല. ആ സമയത്ത്‌പോലും സെറ്റില്‍ എനിക്കുള്ള ചോക്ലേറ്റും വാങ്ങി വരുന്ന മണിച്ചേട്ടന് അങ്ങനെ തോന്നിയതില്‍ യാതൊരു അത്ഭുതവുമില്ല. എന്നെയൊരു കൊച്ചുകുട്ടിയായാണ് അദ്ദേഹം കണ്ടിരുന്നത്.അതുപോലെ അടുപ്പമുണ്ട് ജയറാമേട്ടനോടും. ചില സിനിമകളുടെ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ഞാന്‍ സീരിയലില്‍ പറയുന്ന ഡയലോഗുകളൊക്കെ അതേ ട്യൂണില്‍ അനുകരിക്കുമായിരുന്നു ജയറാമേട്ടന്‍.
ചെറുപ്പത്തിലെ ശ്രുതി ജോസ് മുതിര്‍ന്നപ്പോള്‍ എങ്ങനെയാണ് ശ്രുതി ലക്ഷ്മി ആകുന്നത്
എന്റെ ഔദ്യോഗികനാമം ശ്രുതി ജോസ് എന്ന് തന്നെയാണ്. 'നിഴലുകളി'ലെ കഥാപാത്രം ഹിറ്റ് ആയ സമയത്ത് എല്ലാവരും ശ്രുതി മോളെ എന്നായിരുന്നു വിളിക്കുന്നത്. അതിന്റെ സംവിധായകനാണ് ശ്രുതിലക്ഷ്മി എന്നു പേരുമാറ്റാമെന്ന് പറഞ്ഞത്. അങ്ങനെ പേരിട്ടതാണ്. പിന്നെ അത് മാറ്റാന്‍ പോയില്ല. അമ്മയെ കണ്ടാണ് ഞാനും അഭിനയത്തിലേക്ക് വരുന്നത്. അമ്മ (ലിസി ജോസ്)നാടകത്തിലും സിനിമയിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. അമ്മയ്ക്ക് നാടക ട്രൂപ്പ് ഉണ്ടായിരുന്നു.
എന്തൊക്കെയാണ് ശ്രുതിയുടെ ഭാവിപദ്ധതികള്‍?
പ്രത്യേക പദ്ധതികള്‍ ഒന്നുമില്ല. ഭാവിയെക്കുറിച്ച് ഒട്ടും പ്ലാന്‍ ചെയ്യാത്ത ഒരാളാണ് ഞാന്‍. ഷോയിൽനിന്ന് പുറത്തിറങ്ങിയ ശേഷം എവിടെയെങ്കിലുമൊക്കെ യാത്ര പോകണമെന്നു മാത്രമേ ആലോചിച്ചിരുന്നുള്ളൂ. ഇനി അഭിനയിക്കാനുള്ള അവസരങ്ങളൊക്കെ വന്നാല്‍ അതൊക്കെയായി മുന്നോട്ട് പോകണം. ഇപ്പോള്‍ വേറെ അധികം ചിന്തകളൊന്നുമില്ല.
Content Highlights: Artist Sruthilakshmi interview


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..