'എന്നെമാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടുകൊടുത്തത് പ്രതിഭ എംഎല്‍എ'


അരിത ബാബു/ അഖില്‍ ശിവാനന്ദ്

അരിത ബാബു (ഫയൽ ചിത്രം)

സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് ഉണ്ടാകുന്നതെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരിത ബാബു മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി രംഗത്ത് വന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ അനുയായികളും പാര്‍ട്ടിക്കാരും തനിക്കെതിരേ അധിക്ഷേപങ്ങളും അപഹാസങ്ങളും തുടരുകയാണെന്നും അവര്‍ കത്തില്‍ പറഞ്ഞിരുന്നു. 'കറവ വറ്റിയോ ചാച്ചീ', 'നിനക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു മുത്തേ, നമുക്ക് അല്പം പാല്‍ കറന്നാലോ ഈ രാത്രിയില്‍?' എന്നൊക്കെ ചോദിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ചിത്രങ്ങളാണ് കവര്‍ ചിത്രമായി കൊടുക്കുന്നതെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അരിത ബാബു മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു....

തിരഞ്ഞെടുപ്പ് കാലം മുതല്‍ തുടരുന്ന സൈബര്‍ ആക്രണമം

എനിക്ക് നേരെ തിരഞ്ഞെടുപ്പ് കഴിഞ്ഞ കാലം മുതല്‍ തുടരുന്ന സൈബര്‍ ആക്രമണമാണ്. അലപ്പുഴ എംപിയും സിപിഎമ്മിന്റേയും ഡിവൈഎഫ്‌ഐയുടേയും സൈബര്‍ കേന്ദ്രങ്ങളും തിരഞ്ഞെടുപ്പ് കാലത്ത് തന്നെ സമൂഹമാധ്യമങ്ങളില്‍ അക്രമണം നടത്തിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷവും സിപിഎം കേന്ദ്രങ്ങള്‍ അത് നിര്‍ത്തിയിരുന്നില്ല. ഏത് പോസ്റ്റ് ഇടുമ്പോഴും അവരുടെ സംസ്‌ക്കാരം അതിന് താഴെ അവര്‍ കാണിച്ചിരുന്നു. എന്നാല്‍ അതിലൊന്നും ഞാന്‍ പലപ്പോഴും പ്രതികരിച്ചിരുന്നില്ല. രാഷ്ട്രീയമായ എതിര്‍പ്പുകള്‍ അങ്ങനെ തന്നെ കാണണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. പക്ഷേ, വ്യക്തിപരമായ അതിക്ഷേപം, അല്ലെങ്കില്‍ സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന തലത്തിലേക്ക് അത് പോകുമ്പോള്‍ പ്രതികരിക്കണമെന്ന് തോന്നി.

ആ പ്രൊഫൈലുകളിലെ ​കവര്‍ ചിത്രങ്ങള്‍ മുഖ്യമന്ത്രിയുടേത്

സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി വളരെ മോശമായ അധിക്ഷേപങ്ങളും അപഹാസങ്ങളുമാണ് എനിക്കെതിരേ നടക്കുന്നത്. അത് കണ്ടു മടുത്താണ് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതുന്നത്. അദ്ദേഹമാണല്ലോ, സിപിഎമ്മിന്റെ ഇത്തരത്തിലുള്ള സൈബര്‍ ഘടകങ്ങള്‍ക്ക് കടിഞ്ഞാണിടേണ്ടത്. നമുക്കെതിരേ ഏത് പ്രൊഫൈലില്‍ നിന്ന് അനാവശ്യമായ കമന്റ് വന്നാലും അവരുടെ പ്രൊഫൈല്‍, കവര്‍ ചിത്രങ്ങള്‍ മുഖ്യമന്ത്രിയുടേതാകും. അല്ലെങ്കില്‍ പ്രണയമാണ് ചുവപ്പിനോട്, ആവേശമാണ് ചെങ്കൊടിയോട് എന്നൊക്കെ പ്രൊഫൈലില്‍ എഴുതി വെക്കുന്നവര്‍ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആക്രണത്തിനെതിരേ പ്രതികരിക്കണം എന്ന് ബോധ്യമായത് കൊണ്ട് തന്നെയാണ് പരസ്യമായി പ്രതികരിച്ചത്.

aritha babu
അരിത ബാബു തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ (ഫയല്‍ ചിത്രം)

തുടക്കത്തിലേ മുഖ്യമന്ത്രിക്ക് നിയന്ത്രിക്കാമായിരുന്നു

സമൂഹമാധ്യമങ്ങളില്‍ മുമ്പും ഇത്തരം ആക്രണങ്ങള്‍ നേരിട്ടപ്പോള്‍ നിയമപരമായി മുന്നോട്ട് പോകുകയാണ് ചെയ്തത്. അതിന്റെ അന്വേഷണം നടന്നുവരികയാണ്. അതൊന്നും സമൂഹമാധ്യമങ്ങളില്‍ കൂടി പങ്കുവെച്ചിരുന്നില്ല എന്ന് മാത്രം. സമൂഹമാധ്യമങ്ങളില്‍ എനിക്കെതിരായ അധിക്ഷേപങ്ങള്‍ക്കെതിരേ പ്രതികരിച്ചിരുന്നു. പക്ഷ, രണ്ട് പേരും ഒരുപോലെ പ്രതികരിച്ചു തുടങ്ങുന്ന ഒരു സംസ്‌ക്കാരമല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എനിക്ക് പറഞ്ഞുതന്നിട്ടുള്ളത്. അതുകൊണ്ടാണ് അതിനെതിരേ നിയമ നടപടിയുമായി മുന്നോട്ട് പോയതും കായംകുളം ഡിവൈഎസ്പി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയതും.

പക്ഷേ, തുടക്കത്തില്‍ തന്നെ മുഖ്യമന്ത്രി ഇതിനെ നിയന്ത്രിച്ചിരുന്നെങ്കില്‍ പെണ്‍കുട്ടികളും ചാനല്‍ അവതാരികമാര്‍ക്കും എതിര്‍ പക്ഷത്തുള്ള വനിതാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുമൊന്നും ഇങ്ങനെ ഒരു അവസ്ഥ സൈബര്‍ സഖാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലല്ലോ?

എന്നെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു

പുതിയ തലമുറയില്‍ നിന്നുള്ള ഒരാള്‍ എന്ന നിലയിലാകാം എനിക്ക് നേരെ ഇത്തരം സൈബര്‍ ആക്രമണം തുടരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയും വനിതയാണ് എന്ന പരിഗണന കൊടുത്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. രാഷ്ട്രീയം പറഞ്ഞു എന്നതിലപ്പുറം ഒരു രീതിയിലും വ്യക്തിഹത്യയിലേക്ക് പോയിട്ടില്ല. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് വളര്‍ന്നുവരുന്ന ഒരു പെണ്‍കുട്ടി എന്ന നിലയിലുള്ള രസക്കേടുകളായിരിക്കാം ഇതിന് പിന്നിലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഇല്ലെങ്കില്‍ പിന്നെ, ലിന്റോ ജോസഫ് ആര്‍. ബിന്ദു, പി.പ്രഭാകരന്‍, എല്‍ദോ എബ്രഹാം, ഷെല്‍ന നിഷാദ് എന്നീ ഇടത് സ്ഥാനാര്‍ത്ഥികളുടെയൊക്കെ കഥകള്‍ ഇതേ രീതിയില്‍ ഇതേ ചാനലിന്റെ ഇതേ പരിപാടിയില്‍ തന്നെ വന്നിരുന്നു. പക്ഷേ എന്നെ മാത്രം തിരഞ്ഞുപിടിച്ചാക്രമിക്കുന്നു. ഒരു പക്ഷേ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയുന്ന, പ്രതികരണ ശേഷിയുള്ളവരെ ഇല്ലാതാക്കുക എന്നതായിരിക്കാം അവരുടെ അജണ്ട.

പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടുകൊടുത്തത് എംഎല്‍എ

ഇപ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടുകൊടുത്തതും യു. പ്രതിഭ എംഎല്‍എ തന്നെയാണ്. എംഎല്‍എയുടെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് എല്ലാത്തിനും തുടക്കമിട്ടത്. ഒരു ന്യൂസ് പോര്‍ട്ടലുമായി ബന്ധപ്പെട്ട് എംഎല്‍എ ഇട്ട പോസ്റ്റ് ആരിഫ് എംപിയും പി.വി. അന്‍വര്‍ എംഎല്‍എയും അടക്കമുള്ളവര്‍ പങ്കുവെയ്ക്കുകയും പിന്നാലെ ഡിവൈഎഫ്‌ഐക്കാര്‍ അതിനെ ഏറ്റെടുക്കുകയുമായിരുന്നു.

എംഎല്‍എ ഇട്ടത് ആ മാധ്യമത്തിന് എതിരായ പോസ്റ്റാണെങ്കിലും അങ്ങനെ ഒരു പോസ്റ്റ് ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചത് എന്നെയാണ്. അത് ഡിവൈഎഫ്‌ഐയുടെ കൈയിലേക്ക് പോകാനും ഇങ്ങനെ ഒരു ചര്‍ച്ചയിലേക്ക് കൊണ്ടുവരാനും കാരണം എംഎല്‍എ തന്നെയാണ്. ഡിവൈഎഫ്‌ഐയുടെ സൈബര്‍ ഗുണ്ടകള്‍ എനിക്ക് നേരെയുള്ള അക്രമമായാണ് അതിനെ അഴിച്ചുവിട്ടത്. യു. പ്രതിഭ എംഎല്‍എയും ഒരു വനിതയാണ് എന്നകാര്യം അവര്‍ മറന്നു.

aritha babu
അരിത ബാബു തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ (ഫയല്‍ ചിത്രം)

അരിത ബാബു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച തുറന്ന കത്ത്

അഭിവന്ദ്യനായ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്,
ഞാന്‍ അരിത ബാബു, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും അങ്ങയുടെ അനുയായികളും പാര്‍ട്ടിക്കാരും അനുഭാവികളുമായ ചിലര്‍ എനിക്കെതിരെ നിര്‍ത്താതെ തുടരുന്ന അധിക്ഷേപങ്ങളെ കുറിച്ചും അപഹാസങ്ങളെ കുറിച്ചും പറയാനാണ് ഈ കുറിപ്പ്.
എന്‍രേതുപോലുള്ള ജീവിത, സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുള്ള ഒരു സ്ത്രീക്ക് ഒരു മുഖ്യധാരാ മുന്നണിയുടെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുന്നത് തന്നെ വലിയ കാര്യമായി ഞാന്‍ കാണുന്നു. പശുക്കളെ വളര്‍ത്തിയും പാല്‍ കറന്നുവിറ്റുമാണ് ഞാന്‍ ഉപജീവനം നടത്തുന്നത്. ചെത്തുകാരന്റെ മകനായതില്‍ അഭിമാനിക്കുന്നു എന്ന അങ്ങയുടെ പ്രസ്താവന, രാഷ്ട്രീയമായി അങ്ങയുടെ മറുചേരിയില്‍ നിന്നുകൊണ്ടുതന്നെ, ആഹ്ലാദത്തോടെ കേട്ട ഒരാളാണ് ഞാന്‍. എന്നാല്‍ അങ്ങയുടെ അനുയായികളെന്ന് ഉച്ചത്തില്‍ വിളംബരം ചെയ്യുന്ന ചിലര്‍ ഫെയ്‌സ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും എന്നെക്കുറിച്ച് നടത്തുന്ന അധിക്ഷേപങ്ങള്‍ ഒരു സ്ത്രീ എന്ന നിലയിലും പൊതുരംഗത്തു നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയിലും സാമൂഹിക ശ്രേണിയിലെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഒരാളെന്ന നിലയിലും എന്നെ വേദനിപ്പിക്കുന്നു.

എന്റേതുപോലുള്ള ജീവിതസാഹചര്യങ്ങളില്‍ നിന്ന് വരുന്ന സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളില്‍ സവിശേഷമായ ശ്രദ്ധ കിട്ടാറുണ്ട്. ക്ഷീരകര്‍ഷകന്‍ ആയ സി.കെ.ശശീന്ദ്രന്‍ കല്‍പ്പറ്റയില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ലളിത ജീവിതവും കാര്‍ഷിക ചുറ്റുപാടുകളുമൊക്കെ മാധ്യമങ്ങള്‍ ആഘോഷിച്ചത് അങ്ങേയ്ക്ക് ഓര്‍മ കാണുമല്ലോ. കര്‍ഷക ത്തൊഴിലാളിയായ കെ.രാധാകൃഷ്ണന്‍ ചേലക്കരയില്‍ ആദ്യം മത്സരിച്ചപ്പോള്‍ മാത്രമല്ല, ഒടുവില്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പോലും തലയില്‍ തോര്‍ത്ത് കെട്ടി കൃഷിയിടത്തില്‍ ഇറങ്ങുന്നതിന്റെ വിഷ്വല്‍ സ്റ്റോറികള്‍ പുറത്തു വന്നു. എസ്.എഫ്.ഐയുടെ അഖിലേന്ത്യാ നേതാവും പിഎച്ച്ഡി ഹോള്‍ഡറുമായ പി.കെ.ബിജു ആലത്തൂരില്‍ മത്സരിച്ചപ്പോള്‍ വന്ന ഒരു വാര്‍ത്ത ഞാനോര്‍ക്കുന്നു. ബിജു സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശം നല്‍കുന്ന ദിവസം, കോട്ടയത്തെ പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന് വയലില്‍ കറ്റ കെട്ടാന്‍ പോയി മടങ്ങി വരുന്ന അമ്മയെ കുറിച്ചായിരുന്നു ആ വാര്‍ത്ത. ബിജുവിന്റെ അമ്മ 20 വര്‍ഷം മുമ്പ് നിര്‍ത്തിയ ഒരു ജോലി, മകന്റെ തിരഞ്ഞെടുപ്പ് കാലത്ത് ക്യാമറയ്ക്ക് വേണ്ടി മാത്രമായി പോസ് ചെയ്യുകയായിരുന്നുവെന്ന് അത് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. പക്ഷേ പികെ ബിജുവിന്റെ രാഷ്ട്രീയം രൂപപ്പെടുന്നത് ആ അമ്മയുടെ ഭൂതകാലം കൂടിച്ചേര്‍ന്നാണ് എന്ന് മനസ്സിലാക്കുന്ന ഒരാള്‍ക്ക് അതിനെ അധിക്ഷേപിക്കാന്‍ കഴിയില്ല. ഞാനത് ചെയ്യില്ല.

കോണ്‍ഗ്രസ് പാര്‍ട്ടി എന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്ന ദിവസം വരെ ഞാന്‍ ചെയ്ത ജോലിയാണ് പാല്‍ വില്പന. തിരഞ്ഞെടുപ്പുകാലത്ത് മാറ്റിവെച്ചത് ഒഴിച്ചാല്‍ അതാണ് എന്റെ ജോലി. ഇപ്പോഴും ഇത് എഴുതുന്ന ദിവസവും അത് തന്നെയാണ് ഞാന്‍ ചെയ്യുന്ന ജോലി. സ്വാഭാവികമായും ആ ജോലി മുന്‍നിര്‍ത്തിയാണു എന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ തയ്യാറാക്കപ്പെട്ടത്. ആ ജോലിയുടെ പേര് പറഞ്ഞാണ് അങ്ങയുടെ അനുയായികള്‍ ഇപ്പോഴും എന്നെ അപഹസിക്കുന്നത്. എന്റെ ദാരിദ്ര്യത്തെയും തൊഴിലിനെയും സാമൂഹികമായ അധസ്ഥിതാവസ്ഥയേയും പരിഹസിക്കുകയാണോ നിങ്ങള്‍?
ഏഷ്യാനെറ്റിലെ ലക്ഷ്മിപത്മ എന്ന മാധ്യമപ്രവര്‍ത്തക എന്നെക്കുറിച്ച് തയ്യാറാക്കിയ ഒരു പ്രോഗ്രാമിന്റെ പേരില്‍ അവരെയും എന്നെയും അധിക്ഷേപിക്കുന്നത് ഇപ്പോഴും തുടരുകയാണ്. 'പാല്‍ക്കാരീ' 'കറവക്കാരീ ' എന്നുമൊക്കെയുള്ള വിളികള്‍ അതിന്റെ നേരിട്ടുള്ള അര്‍ത്ഥത്തില്‍ ആണെങ്കില്‍ സന്തോഷത്തോടെ കേള്‍ക്കാവുന്ന രാഷ്ട്രീയ ബോധ്യം എനിക്കുണ്ട്. എന്നാല്‍, 'കറവ വറ്റിയോ ചാച്ചീ', 'നിനക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു മുത്തേ, നമുക്ക് അല്പം പാല്‍ കറന്നാലോ ഈ രാത്രിയില്‍?' എന്നൊക്കെ ചോദിക്കുന്നവര്‍ അങ്ങയുടെ ചിത്രങ്ങളാണ് സഖാവേ കവര്‍ ചിത്രമായി കൊടുക്കുന്നത്. പ്രണയമാണ് ചുവപ്പിനോട്, ആവേശമാണ് ചെങ്കൊടിയോട് എന്നൊക്കെ പ്രൊഫൈലില്‍ എഴുതി വെക്കുന്നവര്‍ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്.

എന്നെ കുറിച്ച് വന്ന വാര്‍ത്തകള്‍ ഞാന്‍ പണം കൊടുത്തു ചെയ്യിച്ചതാണ് എന്ന നുണക്കഥ ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ അവര്‍ പ്രചരിപ്പിക്കുന്നു. മാത്രമല്ല ലിന്റോ ജോസഫ് (തിരുവമ്പാടി), ആര്‍.ബിന്ദു (ഇരിഞ്ഞാലക്കുട) , പി.പ്രഭാകരന്‍ (മലമ്പുഴ), എല്‍ദോ എബ്രഹാം (മൂവാറ്റുപുഴ) ,ഷെല്‍ന നിഷാദ് (ആലുവാ) എന്നീ ഇടത് സ്ഥാനാര്‍ത്ഥികളുടെയൊക്കെ കഥകള്‍ ഇതേ രീതിയില്‍ ഇതേ ചാനലിന്റെ ഇതേ പരിപാടിയില്‍ തന്നെ വന്നിരുന്നു. അവരുടെ ഒന്നും എതിര്‍ സ്ഥാനാര്‍ത്ഥികളോ അണികളോ ഈ വിധം അസഹിഷ്ണുക്കളായി കണ്ടില്ല. ഈ അധിക്ഷേപ വര്‍ഷത്തിന്റെ തുടക്കത്തില്‍ സിപിഐഎമ്മിനാല്‍ നിയോഗിക്കപ്പെട്ടവരാണ് ഇവര്‍ എന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ ഒരു പൊതു പ്രവര്‍ത്തകയായ ഞാനും മാധ്യമപ്രവര്‍ത്തകയായ ലക്ഷ്മി പത്മയും ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ആരും തന്നെ അതിനെ തള്ളിപ്പറഞ്ഞിട്ടില്ല എന്നത് എന്നെ നിരാശപ്പെടുത്തുന്നു. മാറ്റി ചിന്തിപ്പിക്കുന്നു.

ഈ അധിക്ഷേപം നടത്തിയവരില്‍ ചിലര്‍ വ്യാജ ഐഡി കള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്ന ക്രിമിനലുകളാണ് എന്ന് എനിക്കറിയാം. ഭീരുക്കളായ നിങ്ങളുടെ കിങ്കരന്മാര്‍. എന്നാല്‍ അവരെ ഓര്‍ത്തല്ല, അവരിലൂടെ ജനങ്ങളോട് രാഷ്ട്രീയം പറയാമെന്ന് തീരുമാനിച്ച രാഷ്ട്രീയ നേതൃത്വത്തെ ഓര്‍ത്താണ് ഇന്ന് ഞാന്‍ ലജ്ജിക്കുന്നത്. നിങ്ങള്‍ പറയുന്ന പുരോഗമന പക്ഷ/സ്ത്രീപക്ഷ രാഷ്ട്രീയം ആത്മാര്‍ത്ഥത ഉള്ളതാണെങ്കില്‍ സംസ്‌കാര ശൂന്യമായ ഈ വെട്ടുകിളികളെ നിലക്ക് നിര്‍ത്തൂ. അതല്ല, എകെജി സെന്ററിന്റെ അടുക്കളപ്പുറത്തല്ല ഇവറ്റകളുടെ നിത്യഭക്ഷണമെങ്കില്‍, ദയവായി അവരെ തള്ളിപ്പറയൂ.

- അരിത ബാബു

Content Highlights: Aritha Babu on cyber attack in facebook


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented