അരിക്കൊമ്പന്‍ ശാന്തന്‍,  വനം വകുപ്പിന്റെ വാഹനം ആക്രമിച്ചിട്ടില്ല- ശ്രീനിവാസ് ആര്‍ റെഡ്ഡി ഐ.എഫ്.എസ്


വിനയ് ഉണ്ണി/ ശ്രീനിവാസ് ആര്‍ റെഡ്ഡി ഐ.എഫ്.എസ്

3 min read
Read later
Print
Share

അരിക്കൊമ്പനെ മയക്കുവെടി വെച്ചപ്പോൾ | (ഫയൽഫോട്ടോ: ശ്രീജിത്ത് പി രാജ് /മാതൃഭൂമി

കേരളം കടന്ന് തമിഴ്‌നാട്ടിലെ മേഘമലൈ കടുവാ സങ്കേതത്തില്‍ എത്തിയ അരിക്കൊമ്പന് ഗുഡ് സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരിക്കുകയാണ് തമിഴ്‌നാട് വനം വകുപ്പ്. അരിക്കൊമ്പന്‍ അപകടകാരിയായ ആനയല്ലെന്നും മേഘമലയിലെ പുല്‍തകിടികള്‍ നിറഞ്ഞ പുതിയ ആവാസവ്യവസ്ഥ അരിക്കൊമ്പന് അനുയോജ്യമായ ആവാസവ്യവസ്ഥയായാണ് കരുതുന്നതെന്നും തമിഴ്‌നാട് വനം വകുപ്പ് പ്രിന്‍സിപ്പിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ശ്രീനിവാസ് ആര്‍ റെഡ്ഡി ഐ.എഫ്.എസ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. മാതൃഭൂമി ന്യൂസ് പ്രതിനിധി വിനയ് ഉണ്ണിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ശ്രീനിവാസ് ആര്‍ റെഡ്ഡി ഐ.എഫ്.എസ് അരിക്കൊമ്പന്റെ പുതിയ വിശദാംശങ്ങള്‍ പങ്കുവച്ചത്. അഭിമുഖത്തിന്റെ പൂര്‍ണ രൂപം ചുവടെ.

  • അരിക്കൊമ്പന്‍ പെരിയാര്‍ കടുവാ സങ്കേതം വിട്ട് തമിഴ്‌നാട്ടിലേക്ക് എത്തിയിരിക്കുകയാണ്. ഈ ആന ഏതെങ്കിലും തരത്തില്‍ അപകടകാരിയായി തമിഴ്‌നാട് വനം വകുപ്പ് വിലയിരുത്തിയിട്ടുണ്ടോ?
അരിക്കൊമ്പന്‍ ഇപ്പോള്‍ തമിഴ്‌നാട് വനം വകുപ്പിന് കീഴിലുള്ള വനമേഖലയിലാണ് നിലവിലുള്ളത്. മേഘമലയിലെ ഒരു ലയത്തിലുള്ള തൊഴിലാളിയുടെ വീട് തുറന്ന് അരിക്കൊമ്പന്‍ അരിയും ആട്ടപ്പൊടിയും കഴിച്ചിരുന്നു. ഏന്നാല്‍ ഏതെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ ആ വീടിന് വരുത്തിയിട്ടില്ല.

  • അരിക്കൊമ്പന്‍ വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതായി പറയുന്നു? ഇത് സത്യമാണോ?
ഇല്ല. അരിക്കൊമ്പന്‍ വനം വകുപ്പിന്റെ വാഹനത്തിന് തൊട്ടടുത്തുവരെ എത്തിയെന്നത് സത്യമാണ്. എന്നാല്‍ വാഹനത്തെ ആക്രമിച്ചിട്ടില്ല. വനം വകുപ്പ് അരിക്കൊമ്പനെ സസൂക്ഷമം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

  • മേഘമലയില്‍ അരിക്കൊമ്പന്‍ തുടരുകയാണെങ്കില്‍ എന്തായിരിക്കും തമിഴ്‌നാട് വനം വകുപ്പിന്റെ പദ്ധതി? റീ വൈല്‍ഡിംഗ്(വീണ്ടും കാട്ടിലേക്ക് പിടിച്ചുകൊണ്ടുവിടാന്‍) ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
കേരള വനം വകുപ്പ് അരിക്കൊമ്പനില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്. റേഡിയോ കോളര്‍ വഴിയുള്ള സിഗ്‌നല്‍ ലഭിക്കാനുള്ള ടെലിമെട്രി ഉപകരണവും കേരളം തമിഴ്‌നാട് വനം വകുപ്പിന് കൈമാറിയിട്ടുണ്ട്. അരിക്കൊമ്പനെ വനം വകുപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ ജനവാസമേഖലയില്‍ നിന്ന് കുറച്ചു ദൂരെ മാറിയുള്ള കുന്നിലാണ് അരിക്കൊമ്പന്‍ വിഹരിക്കുന്നത്. അവിടെ പുല്‍ത്തകിടികള്‍ നിറഞ്ഞ പ്രദേശമാണ്. അരിക്കൊമ്പന്‍ അവിടെ തന്നെ തുടരുമെന്നാണ് കരുതുന്നത്. പട്ടയഭൂമിയിലേക്കോ ജനങ്ങള്‍ അധിവസിക്കുന്ന സമതലപ്രദേശങ്ങളിലേക്കോ ആന ഇറങ്ങി വരാതിരിക്കാനുള്ള നടപടികളും തമിഴ്‌നാട് വനം വകുപ്പ് എടുത്തിട്ടുണ്ട്. പോലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. ജനവാസം കുറഞ്ഞ ഒരു മേഖലയിലാണ് അരിക്കൊമ്പന്‍ ഇപ്പോള്‍ ഉള്ളത്. കൂടതലും എസ്റ്റേറ്റുകളാണ് ഇവിടെ. ഇവിടങ്ങളിലെ ലയങ്ങളിലുള്ള തൊഴിലാളികള്‍ക്ക് കൃത്യമായി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

  • അരിക്കൊമ്പന്‍ ഇപ്പോഴുള്ള തെന്‍പളനി ചെക്ക്‌പോസ്റ്റ് മേഖല ഏതെങ്കിലും തരത്തില്‍ ജനങ്ങള്‍ക്ക് ഭീഷണിയാണോ?
തെന്‍പളനി ചെക്ക് പോസ്റ്റ്, കഡാന എസ്റ്റേറ്റ്, കളക്ടര്‍ കാട് ഈ പ്രദേശങ്ങളിലെ കുന്നിന്‍ ചെരുവുകളിലാണ് അരിക്കൊമ്പന്‍ നിലവിലുള്ളത്. ഇവിടങ്ങളില്‍ പുല്ല് അധികമായുള്ളത് അരിക്കൊമ്പന്‍ ഈ മേഖലയില്‍ തന്നെ തുടരുന്നതിന് കാരണമാണ്. ഒരു തരത്തിലുള്ള ബുദ്ധിമുട്ടും അരിക്കൊമ്പന്‍ ഈ മേഖലയില്‍ ഇല്ല.

  • കേരള വനം വകുപ്പില്‍ നിന്ന് അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച എല്ലാ വിവരങ്ങളും തമിഴ്‌നാടിന് ലഭിക്കുന്നുണ്ടോ?
കേരളത്തില്‍ നിന്ന് അരിക്കൊമ്പനെ നിരീക്ഷിക്കാനുള്ള ടെലിമെട്രി ഉപകരണം ലഭിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് അരിക്കൊമ്പന്റെ നീക്കം വനം വകുപ്പ് നിരീക്ഷിക്കുകയാണ്. ദിവസേന നാല് തവണയാണ് ഈ ഉപകരണത്തില്‍ നിന്ന് അരിക്കൊമ്പന്റെ സ്ഥാനം സംബന്ധിച്ച വിവരം ലഭിക്കുക.

  • തമിഴ്‌നാട് വനം വകുപ്പ് മുന്‍പ് നിരവധി തവണ ആനകളെയും കടുവകളെയും റീവൈല്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കാടുകയറ്റിയ കറുപ്പന്‍ എന്ന കാട്ടാന കഴിഞ്ഞ ദിവസങ്ങളില്‍ ഈറോഡ് മേഖലയില്‍ ഇറങ്ങി പ്രശ്‌നം സൃഷ്ടിക്കുകയും ഒരു കര്‍ഷകത്തൊഴിലാളിയെ ചവിട്ടിക്കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ റീവൈല്‍ഡിംഗ് പ്രക്രിയ വിജയകരമാണോ?
റീവൈല്‍ഡിംഗ് എന്നത് മാംസഭോജികളായ മൃഗങ്ങളിലാണ് നടപ്പാക്കുന്നത്. ആനയെ പോലുള്ള മൃഗങ്ങളില്‍ അവയെ അവയുടെ ആവാസവ്യവസ്ഥക്ക് അനുയോജ്യമായ ഇടങ്ങളില്‍ തുറന്നുവിടുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഇതിനായി കുംകി ആനകളുടെ സഹായം തേടാറുണ്ട്. തുടര്‍ച്ചയായി ഇത്തരത്തില്‍ കാട്ടിലേക്ക് തുറന്നുവിട്ട ആന വീണ്ടും നാട്ടിലിറങ്ങി പ്രശ്‌നം സൃഷ്ടിക്കുകയാണെങ്കില്‍ മാത്രമേ മറ്റു പോംവഴികള്‍ തേടുകയുള്ളൂ.

  • അരിക്കൊമ്പനെ പോലെ കറുപ്പനെയും റേഡിയോ കോളര്‍ ഘടിപ്പിച്ച് വീണ്ടും കാട്ടിലേക്ക് തുറന്നുവിടാനാണോ വനം വകുപ്പ് ഉദ്ദേശിക്കുന്നത്?
അതെ. അതിനായ് വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വേള്‍ഡ് വൈള്‍ഡ് ലൈഫ് ഫണ്ടില്‍ (wwf) നിന്നാണ് നമുക്ക് റേഡിയോ കോളറുകള്‍ ലഭിക്കുന്നത്. പുതിയ റേഡിയോ കോളറുകള്‍ വാങ്ങാനുള്ള അപേക്ഷ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അത് ലഭിച്ചാലുടന്‍ കറുപ്പന്‍ ഉള്‍പ്പടെയുള്ള മൃഗങ്ങളില്‍ റേഡിയോ കോളര്‍ ഘടിപ്പിക്കും.

  • അരിക്കൊമ്പന്‍ വളരെ ശാന്തനായാണോ പെരുമാറുന്നത്?
അരിക്കൊമ്പന്‍ നിലവില്‍ വളരെ ശാന്തസ്വഭാവക്കാരനായാണ് പെരുമാറുന്നത്. ലഭിച്ച ദൃശ്യങ്ങളില്‍ നിന്ന് വനം വകുപ്പിന് അതാണ് വ്യക്തമാകുന്നത്. മേഘമലയില്‍ 144-ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള എല്ലാ നീക്കങ്ങളും ക്രമീകരിച്ചിട്ടുണ്ട്. എപ്പോഴാണോ അരിക്കൊമ്പന്‍ ജനവാസമേഖലയില്‍ ഇറങ്ങി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്, ആ നിമിഷം അവിടെ 144 നിലവില്‍ വരും.

Content Highlights: Arikomban In meghamalai TN principle chief wildlife warden sreenivas reddy interview

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
daya bai
Interviews

11 min

എന്‍ഡോസല്‍ഫാന്‍ വിഷയത്തില്‍ ആത്മാര്‍ഥമായി ഇടപെട്ടത് വിഎസ്;പിന്നീട് വന്നവര്‍ ഒന്നും ചെയ്തില്ല-ദയാബായ്

Oct 13, 2022


Manoj Gopinath

3 min

വേണ്ടത് പുതുമയുള്ള ഫോണ്ടുകൾ; ടൈപ്പോഗ്രാഫിയിലെ ന്യൂ നോർമൽ

Aug 16, 2022


Most Commented