സ്വയം പരിമിതി നിശ്ചയിക്കാതെ സ്വയം പര്യാപ്തരാകുക; പരിഗണനയും അംഗീകാരവുമാണ് ഈ പദവി-ജയ ഡാളി


സ്വീറ്റി കാവ്‌

6 min read
Read later
Print
Share

പക്ഷെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പരാജയങ്ങളും അവഗണനയും ജയയെ ഒരുകാലത്തും ഒരുഘട്ടത്തിലും ജയയുടെ ആത്മവിശ്വാസത്തേയും ദൃഡനിശ്ചയത്തേയും തളര്‍ത്തിയില്ല

അഡ്വക്കേറ്റ് ജയ ഡാളി | ഫോട്ടോ : എം.പ്രവീൺദാസ് / മാതൃഭൂമി

1984 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് നടന്ന പൊതുതിരഞ്ഞെടുപ്പ് സമയത്താണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ അച്ഛന്‍ വില്‍സന്റെ കൈപിടിച്ച് തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ അനൗണ്‍സ്‌മെന്റിനെത്തിയ ജയ ഡാളിയെന്ന ചെറിയപെണ്‍കുട്ടിയെ അദ്ഭുതത്തോടെയാണ് ഏവരും ശ്രദ്ധിച്ചത്. ഒന്നരവയസ്സില്‍ പോളിയോ ബാധിച്ച് തളര്‍ന്ന കാലുകള്‍ക്ക് പകരം അവള്‍ നടന്നുനീങ്ങിയത് ക്രച്ചസിന്റെ സഹായത്തോടെയാണ്. പിന്നീട് കോണ്‍ഗ്രസ്സിന്റെ പൊതുവേദികളില്‍ തീപ്പൊരി പ്രസംഗങ്ങളിലൂടെ ജയഡാളി വലിയൊരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയായി മാറി. കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ അധിനിവേശിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതികളെ കുറിച്ചും താന്‍ നേരിടുന്ന അവഗണനയെ കുറിച്ചും ഏതോ ഘട്ടത്തിലുണ്ടായ തിരിച്ചറിവാണ് 2011ല്‍ തന്റെ ദീര്‍ഘകാലപ്രവര്‍ത്തനം അവസാനിപ്പിച്ച് ഇടതുരാഷ്ട്രീയത്തിലേക്ക് ചേക്കേറാന്‍ ജയയെ പ്രേരിപ്പിച്ചത്. അക്കൊല്ലം സിപിഎമ്മിന്റെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും വിജയം ജയയെ കൈവിട്ടു.

പക്ഷെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പരാജയങ്ങളും അവഗണനയും ജയയെ ഒരുകാലത്തും ഒരുഘട്ടത്തിലും ജയയുടെ ആത്മവിശ്വാസത്തേയും ദൃഡനിശ്ചയത്തേയും തളര്‍ത്തിയില്ല. തന്റെ ശാരീരിക പരിമിതികള്‍ നിര്‍ലോഭം അവഗണിച്ചുകൊണ്ട് സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ക്രച്ചസിന്റെ സഹായത്തോടെ ജയ ഓടിനടന്നു. ഇതിനിടെ ബിരുദവും നിയമബിരുദവും ജയ നേടിയെടുത്തു. പിണറായിസര്‍ക്കാര്‍ സംസ്ഥാനവികലാംഗ ക്ഷേമ കോര്‍പറേഷന്റെ അധ്യക്ഷസ്ഥാനം ജയയ്ക്ക് നല്‍കിയതില്‍ അവരുടെ സഹജീവികളോടുള്ള സഹാനുഭൂതിയും കാരണമായി. ഒരാഴ്ച മുമ്പ് കോര്‍പറേഷന്റെ ചെയര്‍പേഴ്‌സണ്‍ ചുമതല ഏറ്റെടുത്ത അഡ്വക്കേറ്റ് ജയ ഡാളി വികലാംഗക്ഷേമ കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും തന്റെ രാഷ്ട്രീയജീവിതത്തെ കുറിച്ചും നിലവിലെ രാഷ്ട്രീയസ്ഥിതിഗതികളെ കുറിച്ചും സംസാരിക്കുന്നു.

രണ്ടാം പിണറായിസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള പുനഃസംഘടനയുടെ ഭാഗമായാണല്ലോ സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ ചെയര്‍ പേഴ്‌സണായി ജയയുടെ നിയമനം. നിയമനത്തെ കുറിച്ച് എന്താണ് പറയാനുള്ളത് ?

ഒന്നാം പിണറായി സര്‍ക്കാരാണ് സംസ്ഥാനത്താദ്യമായി വികലാംഗക്ഷേമ കോര്‍പറേഷനില്‍ ഭിന്നശേഷിക്കാരായ വ്യക്തികള്‍ തന്നെ ബോര്‍ഡ് മെമ്പര്‍മാരായി വരണമെന്ന് തീരുമാനിക്കുകയും ആ തീരുമാനം നടപ്പിലാക്കുകയും ചെയ്തത്. ചെയര്‍പേഴ്സൺ മാത്രമല്ല മറ്റ് അണ്‍ഒഫിഷ്യല്‍ മെമ്പേഴ്‌സും ഭിന്നശേഷിക്കാര്‍ തന്നെ വേണമെന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഭിന്നശേഷി വിഭാഗത്തോടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ മനോഭാവം, പ്രതിബദ്ധത എന്നിവയുടെ ഒരു പരസ്യപ്രഖ്യാപനമായിട്ടാണ് ആ തീരുമാനത്തെ അന്ന് ഞങ്ങള്‍ കണ്ടത്. ഭിന്നശേഷി ശാക്തീകരണത്തിന് ആത്മാര്‍ഥവും സുദൃഢവുമായ നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന കാര്യം അടിവരയിട്ടുറപ്പിക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാരും എന്നാണ് എന്റെ അഭിപ്രായം.

സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ ?

കേരളസര്‍ക്കാരിന്റെ സാമൂഹിക നീതിവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനമാണ് സംസ്ഥാനവികലാംഗക്ഷേമ കോര്‍പറേഷന്‍. 1979 ലാണ് ഇത് സ്ഥാപിതമായത്. തുടക്കകാലം മുതല്‍ ഭിന്നശേഷി ക്ഷേമത്തിന് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഏറെ കാര്യക്ഷമമായും മികവാര്‍ന്നതുമായ പദ്ധതികള്‍ക്ക് രൂപം നല്‍കാനും നടപ്പിലാക്കാനും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചുവെന്ന് മാത്രമല്ല ക്ഷേമപദ്ധതികള്‍ കൂടുതല്‍ ഗുണഭോക്താക്കളിലേക്കെത്തിക്കുന്നതിനും സാധിച്ചു. ഭിന്നശേഷിക്കാര്‍ക്കായി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച സംസ്ഥാനമെന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡുകളും അംഗീകാരങ്ങളും നമുക്ക് ലഭിച്ചിട്ടുണ്ട്. മാതൃകാപരമായ അത്തരം കാര്യങ്ങള്‍ തുടരണം, പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യണം, സാങ്കേതികസംവിധാനങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തി സഹായഉപകരണങ്ങള്‍ കൂടുതലായി നിര്‍മിച്ച് വിതരണം ചെയ്യണം ഇതൊക്കെയാണ് പുതിയ അധ്യക്ഷ എന്ന നിലയില്‍ ആഗ്രഹിക്കുന്നത്. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ക്ഷേമത്തിനായി നടപ്പിലാക്കുമെന്ന് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ ഉറപ്പുനല്‍കിയ കാര്യങ്ങള്‍ കൂടി നടപ്പിലാക്കണം.

ശാരീരിക, മാനസിക വൈകല്യമുള്ളവരുടെ ക്ഷേമവും പുനരധിവാസവുമാണല്ലോ സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ പ്രധാനലക്ഷ്യം. കോര്‍പറേഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ പുതിയ ഭാരവാഹി എന്ന നിലയില്‍ ജയ എങ്ങനെയാണ് വിലയിരുത്തുന്നത് ?

സര്‍ക്കാരിന്റെ പതിനേഴിന ഭിന്നശേഷി ക്ഷേമപദ്ധതികള്‍ കോര്‍പറേഷന്‍ മുഖേന നടത്തി വരുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് ശുഭയാത്ര, ആശ്വാസം, ഹസ്തദാനം, ഒപ്പം തുടങ്ങിയ പദ്ധതികള്‍. വീല്‍ചെയര്‍, ക്രച്ചസ്, ശ്രവണസഹായി, കൃത്രിമകൈകാലുകള്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങി ഭിന്നശേഷിക്കാരുടെ അംഗപരിമിതി ലഘൂകരിക്കുന്നതിന് വേണ്ട സഹായോപകരണങ്ങള്‍ വിതരണം ചെയ്യുന്നതാണ് ശുഭയാത്രാപദ്ധതി. സ്വയംതൊഴില്‍ വായ്പ സബ്‌സിഡി നിരക്കില്‍ നല്‍കുകയും അഞ്ച് പേരോ അതില്‍കൂടുതലോ ഭിന്നശേഷിക്കാര്‍ ഉള്‍പ്പെട്ട സ്വയം സഹായ സംഘങ്ങള്‍ക്ക് ചെറുകിടസംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ധനസഹായം നല്‍കുകയും ചെയ്യുന്നതാണ് ആശ്വാസം പദ്ധതി. എസ്എസ്എല്‍സി, പ്ലസ് ടു വിജയികള്‍ക്ക് പ്രോത്സാഹനമായി 5000 രൂപ കാഷ് അവാര്‍ഡ് നല്‍കുന്ന ഹസ്തദാനം പദ്ധതിയുണ്ട്. പന്ത്രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള ഭിന്നശേഷിക്കുട്ടികള്‍ക്ക് 20,000 രൂപ സ്ഥിരനിക്ഷേപമായി നല്‍കുന്ന പദ്ധതിയും നിലവിലുണ്ട്. കിടപ്പുരോഗികളല്ലാത്ത അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ള വ്യക്തികളെ സംരക്ഷിക്കുന്ന സാഫല്യം പരിചരണകേന്ദ്രം സ്ഥാപനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആറ് ശതമാനം പലിശനിരക്കില്‍ ജീവനക്കാര്‍ക്ക് വാഹനവായ്പയും ലഭ്യമാക്കുന്നു.

ശാരീരികമായ ബലഹീനതകള്‍ ജയയുടെ സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും പ്രതിബന്ധമായിരുന്നില്ല. ശാരീരികവൈകല്യം ഒരു ഭാരമായി ജയ ഒരുകാലത്തും കണ്ടിട്ടുമില്ല. അങ്ങനെ കരുതുന്നവരോട് എന്താണ് പറയാനുള്ളത് ?

ഫോട്ടോ : എം.പ്രവീണ്‍ദാസ് / മാതൃഭൂമി

ആര്‍പിഡബ്ല്യുഡി ആക്ട് 2016 അനുസരിച്ച് 21 തരത്തിലുള്ള ശാരീരിക മാനസിക അവസ്ഥകളെ ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാനപരമായ ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഒരു വ്യക്തി അഭിമുഖീകരിക്കേണ്ടി വരുന്ന പരിമിതിയേയാണ് പൊതുവെ ഭിന്നശേഷി എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഈ ലോകത്ത് ജനിച്ചുവീഴുന്ന ഓരോ മനുഷ്യരും വ്യത്യസ്തരാണെന്നും രൂപഘടനയില്‍ മാത്രമല്ല കായികക്ഷമതയില്‍, ഭൗതികതലത്തില്‍, ചിന്താശേഷിയില്‍ എന്നുതുടങ്ങി വിവിധതലങ്ങളില്‍ ആ വ്യത്യസ്ഥത നിലനില്‍ക്കുന്നുവെന്നും ഒരാളെപ്പോലെ മറ്റൊരാളില്ല എന്ന വസ്തുത അംഗീകരികരിക്കുക, സ്വയം പരിമിതി നിശ്ചയിക്കാതെ പരമാവധി സ്വയം പര്യാപ്തരാകാന്‍ ശ്രമിക്കുക സാധ്യതകളും അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തുക-സര്‍ക്കാര്‍ ഒപ്പമുണ്ടെന്നാണ് അവരോട് പറയാനുള്ളത്.

നിയമബിരുദധാരി കൂടിയായ ജയയ്ക്ക് നിയമകാര്യങ്ങളിലുള്ള അറിവ് വികലാംഗക്ഷേമകാര്യങ്ങള്‍ക്കായി കൂടി ഉപയോഗിക്കാനാവുമോ ?

എല്ലാ മേഖലയിലും കൃത്യമായി നടപ്പാക്കേണ്ട നിയമങ്ങള്‍ ധാരാളമുള്ള രാജ്യമാണ് നമ്മുടേത്. നമുക്ക് ലഭ്യമായിട്ടുള്ള അവകാശങ്ങളെ കുറിച്ചുള്ള വ്യക്തമായ അറിവാണ് ഓരോ വ്യക്തിയേയും അത് നേടിയെടുക്കാന്‍ സഹായിക്കുന്നതും പ്രേരിപ്പിക്കുന്നതും. ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് ലഭ്യമാക്കേണ്ട പ്രത്യേക അവകാശങ്ങളെ കുറിച്ചും അത് നടപ്പിലാക്കേണ്ട ആവശ്യകതയെ കുറിച്ചും ലഭ്യമായ നിയമപരിരക്ഷയെ കുറിച്ചും വ്യക്തമാക്കുന്ന നിയമമാണ് ആര്‍പിഡബ്ല്യുഡി ആക്ട് 2016. ഭിന്നശേഷിക്കാരുടെ അന്തസ്സും വ്യക്തിത്വവും സ്വാതന്ത്ര്യവും മാനിക്കുക, സമൂഹത്തില്‍ സജീവവും പൂര്‍ണവുമായ പങ്കാളിത്തം ഉറപ്പുവരുത്തുക, വിവേചനം ഒഴിവാക്കുക, തുല്യഅവസരം ലഭ്യമാക്കുക, ഭിന്നശേഷിക്കാരുടെ കഴിവുകളേയും സവിശേഷതകളേയും വ്യക്തിത്വത്തേയും മാനിക്കുക എന്നിങ്ങനെയുള്ള അവകാശങ്ങള്‍ ഭിന്നശേഷിക്കാര്‍ക്കുണ്ട്. ഇത് നിഷേധിക്കപ്പെടുകയോ ലംഘിക്കപ്പെടുകയോ ചെയ്താല്‍ നിയമപരിരക്ഷ ഉറപ്പുവരുത്തുവെന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത. പക്ഷെ പലര്‍ക്കും ഇത് അറിയില്ലെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സഹായങ്ങള്‍ ആവശ്യമായവര്‍ക്ക് അതിനെ കുറിച്ച് അറിവ് പകരാനും അത് നേടിയെടുക്കാന്‍ ആവശ്യമായ സഹായം നല്‍കാനും സാധിക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്.

ഇടതുപാര്‍ട്ടിയ്ക്ക് വേണ്ടിയുള്ള ജയയുടെ വിശ്വസ്തസേവനത്തിനുള്ള പ്രതിഫലമായി ഈ സ്ഥാനനേട്ടത്തെ കാണാനാവുമോ?

പ്രതിഫലമെന്ന നിലയിലല്ല മറിച്ച് പാര്‍ട്ടി നല്‍കിയ പരിഗണനയും അംഗീകാരവുമായാണ് കരുതുന്നത്.

ഒരുകാലത്ത് ഇന്ത്യയുടെ നെടുംതൂണായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശക്തിക്ഷയത്തിന് കാരണമെന്താണെന്നാണ് ദീര്‍ഘകാലം മുന്‍കാലപ്രവര്‍ത്തകയായിരുന്ന ജയയുടെ വിലയിരുത്തല്‍ / കോണ്‍ഗ്രസിന് ഇനിയൊരു ഉയര്‍ത്തെഴുന്നേല്‍പ് സാധ്യമാണോ ?

ഒരേ ലക്ഷ്യത്തിലേക്കുള്ള ഒരുപാട് പേരുടെ കൂട്ടായ്മയാണ് ഓരോ സംഘടനയും. ലക്ഷ്യമെന്താണെന്നും എന്തിനുവേണ്ടിയാണെന്നും വ്യക്തമായ കാഴ്ചപ്പാട് അതിലെ ഓരോ വ്യക്തിയ്ക്കും ഉണ്ടാകണം. ശക്തവും വ്യക്തവുമായ ആശയവും അടിത്തറയും ഉണ്ടാകണം. നേതൃത്വത്തേയും തീരുമാനത്തേയും അംഗീകരിക്കുന്നവരാകണം അണികള്‍. ഈ പ്രത്യേകതകള്‍ സിപിഎം എന്ന പ്രസ്ഥാനത്തില്‍ കാണാന്‍ സാധിക്കും. ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടാറുള്ള കോണ്‍ഗ്രസ്സിന് ഈ ഗുണങ്ങളും പ്രത്യേകതകളും നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്നത്തെ കോണ്‍ഗ്രസ്സിന് നിലപാടും നിലവാരമില്ല. ലക്ഷ്യവും മാര്‍ഗ്ഗവുമില്ല. നാഥനില്ലാ കളരിയെന്ന് പറയാം. നാനാത്വത്തില്‍ ഏകത്വമെന്നതാണ് ഇന്ത്യയുടെ പ്രത്യേകത. ആ വൈവിധ്യവും ഏകത്വവും സമന്വയിച്ച് മുന്നോട്ടുപോയാല്‍ മാത്രമേ ഇന്ത്യ ഇന്ത്യയാകൂ. മതേതരമൂല്യങ്ങളും മതസൗഹാര്‍ദവും കളഞ്ഞുകുളിച്ചാല്‍ രാജ്യത്തിന്റെ അടിത്തറ ഉലയും. നിര്‍ഭാഗ്യമെന്ന് പറയട്ടെ ജാതിമതവര്‍ഗ്ഗീയവാദികളെ എതിര്‍ക്കാനുള്ള പ്രാപ്തി നഷ്ടപ്പെടുത്തി എന്നുമാത്രമല്ല അതിന്റെ വക്താക്കള്‍ക്ക് മുന്നില്‍ മുട്ടുവിറയ്ക്കുന്ന, മുട്ടുമടക്കുന്ന അവസ്ഥയില്‍ കോണ്‍ഗ്രസ്സെത്തി. കോണ്‍ഗ്രസ്സിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളത്. കോണ്‍ഗ്രസ്സിന് ഇനിയൊരു ഉയിര്‍ത്തെഴുന്നേല്‍പുണ്ടാകുമെന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് പോലും പറയാനാകില്ല.

കോണ്‍ഗ്രസിലെ വനിതാനേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ അര്‍ഹമായ സ്ഥാനമാനങ്ങള്‍, പ്രത്യേകിച്ച് കേരളത്തില്‍ ലഭിക്കുന്നില്ല എന്നൊരു ആക്ഷേപം നിലവിലുണ്ട്. ഇടതുകക്ഷിയില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ ?

സ്ത്രീകൾക്ക് അർഹമായ പദവിയും അംഗീകാരവും നൽകാത്ത സമൂഹം വികസനകാര്യത്തിൽ പൂർണ്ണത കൈവരിക്കില്ല എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. വനിതകൾക്ക് എന്ന് മാത്രമല്ല യുവാക്കൾക്കും പുതുമുഖങ്ങൾക്കും സംഘടനാ രംഗത്തും ഭരണരംഗത്തും ഇടതുപക്ഷം നൽകുന്നത് പോലുള്ള അവസരങ്ങളും അംഗീകാരങ്ങളും കോൺഗ്രസ് മാത്രമല്ല മറ്റൊരു രാഷ്ട്രീയ പാർട്ടിയും കേരളത്തിൽ നൽകുന്നില്ല. അധികാര മാറ്റവും തലമുറ മാറ്റവും എത്ര ലളിതമായാണ് സിപിഎം നടപ്പാക്കുന്നത്. പാർട്ടി സമ്മേളനങ്ങൾ മുതൽ മന്ത്രിസഭാ രൂപീകരണം വരെയുള്ള കാര്യത്തിൽ അത് വ്യക്തമാണ്. വാഗ്വാദങ്ങളും വെല്ലുവിളികളും വിലപേശലും ഭീഷണികളും ഇല്ല. ഇങ്ങനെ ഒരു സംഘടനാസംവിധാനം സ്വപ്നം കാണാൻ പോലും കോൺഗ്രസിന് സാധിക്കില്ല.

രാജ്യത്തെ നിലവിലെ രാഷ്ട്രീയവികാസങ്ങള്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തകയെന്ന നിലയില്‍ എങ്ങനെ നോക്കിക്കാണുന്നു / ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥിതിയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള ഭീഷണിയുണ്ടോ ?

ആശങ്കാജനകമായ കുറെയേറെ കാര്യങ്ങൾ കേന്ദ്രഭരണത്തിന് കീഴിൽ കാണാൻ സാധിക്കും സാമൂഹികരംഗത്തും സാമ്പത്തികരംഗത്തും കാർഷികരംഗത്തും എല്ലാം രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴം ചുരുക്കം വാക്കുകളിൽ പറയാൻ കഴിയില്ല രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ആകെ കുത്തകകൾക്കും കോർപ്പറേറ്റുകൾക്കും മുന്നിൽ അടിയറ വയ്ക്കുകയാണ് ജാതി മത സമുദായ ചിന്തകൾ വേഗം ശക്തിപ്രാപിക്കുന്നു മതപരമായ ആഘോഷങ്ങളുടെ മറവിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെ അതിക്രമങ്ങൾ അരങ്ങേറുന്നു. തൊഴിലില്ലായ്മ രൂക്ഷമാകുന്നു എന്ന് മാത്രമല്ല ഉള്ള തൊഴിലവസരങ്ങൾ കൂടെ നഷ്ടമാകുന്ന സ്ഥിതിയാണ്. പെട്രോൾ, ഡീസൽ പാചകവാതക വില വർധന സാധാരണക്കാർക്ക് താങ്ങാൻ സാധിക്കാത്ത അവസ്ഥയിൽ എത്തി. മനുഷ്യർ എന്ത് കഴിക്കണം എന്ത് ധരിക്കണം എന്ത് വിശ്വസിക്കണം എന്നൊക്കെ ഭരണകൂടം തീരുമാനിക്കുന്ന സ്ഥിതി ഉണ്ടാകുന്നത് അഭിലഷണീയമല്ല. സാമൂഹികമായും സാംസ്കാരികമായും പ്രാദേശികമായും രാജ്യത്ത് നിലനിൽക്കുന്ന വൈവിധ്യങ്ങളെ ഉൾക്കൊണ്ടു കൊണ്ടും എല്ലാവരെയും ഒന്നായി കണ്ടുകൊണ്ടും വേണം സർക്കാർ മുന്നോട്ട് പോകേണ്ടത്. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഭിന്നതകൾ സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുകയല്ല ചെയ്യേണ്ടത്.

രാജ്യത്തിന്റെ ഭരണഘടനയുടെ കെട്ടുറപ്പിൽ വിശ്വസിക്കുന്നതുകൊണ്ട് തത്ക്കാലം ജനാധിപത്യ ഭരണസംവിധാനത്തിന് ഭീഷണി ഉണ്ടാവും എന്ന് കരുതുന്നില്ല. എന്നാൽ ജനാധിപത്യത്തിന് മേൽ പണാധിപത്യം, മതാധിപത്യം എന്നിവയുടെ സ്വാധീനം ഉണ്ടാകാൻ പാടില്ല.

ജനക്ഷേമത്തിനായി ഇടതുസര്‍ക്കാര്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് ?

സംസ്ഥാനത്തിന്റെ സമഗ്രമായ വികസനം മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് ഇടതുപക്ഷ സർക്കാർ നേതൃത്വം നൽകുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരം ഏറ്റെടുക്കുമ്പോൾ നാല് മിഷനുകൾ പ്രഖ്യാപിക്കുകയും അവ കാര്യക്ഷമതയോടെ നടപ്പിലാക്കുകയും ചെയ്തു. പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും ഒന്നിന് പിറകെ ഒന്നായി ഭീഷണിയുയർത്തിയ സന്ദർഭങ്ങളിലും പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ട് പോയില്ല.എന്ന് മാത്രമല്ല സാമൂഹിക സുരക്ഷയുടെ മേഖലയിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താനും സമൂഹത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജനവിഭാഗത്തെ ചേർത്ത് നിർത്താനും സാധിച്ചു. സാമൂഹ്യസുരക്ഷാ പെൻഷനുകൾ കൃത്യമായി ഭവനങ്ങളിൽ എത്തിച്ചു നൽകിയും പെൻഷൻ തുക വർധിപ്പിച്ചും സാമൂഹിക അടുക്കളകൾ സ്ഥാപിച്ച് ആരും പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയും ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തിയും സർക്കാർ മുന്നോട്ടു പോയി. പലതരത്തിലുള്ള ആരോപണങ്ങളും ആക്ഷേപങ്ങളും അതിജീവിച്ചുകൊണ്ട് തുടർ ഭരണത്തിൽ എത്താൻ സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിച്ചു. രണ്ടാം പിണറായി സർക്കാരും ജനക്ഷേമത്തിനും അടിസ്ഥാനമേഖലയിലെ വികസനത്തിനും ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളുമായാണ് മുന്നോട്ടുപോകുന്നത്.

ജയയും കുടുംബവും

കെഎസ്‌സിബിയില്‍ ലൈന്‍മാനായി പ്രവര്‍ത്തിക്കുന്ന സുനില്‍ ജെ. ആണ് ജയയുടെ ജീവിതപങ്കാളി. 12 വയസ്സുകാരന്‍ അനശ്വര്‍ എസ്.ജെയും നാല് വയസ്സുകാരന്‍ ഐശ്വര്‍ എസ്.ജെയുമാണ് കുട്ടികള്‍. ജീവിതത്തില്‍ കൂട്ടായെത്തിയ കാലം മുതല്‍ ജയയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുമായി സുനില്‍ എപ്പോഴും ഒപ്പമുണ്ട്. തിരുവന്തപുരം നെയ്യാറ്റിന്‍കരയിലാണ് ജയയും കുടുംബവും താമസിക്കുന്നത്. ജയയ്ക്ക് പതിനൊന്ന് വയസ്സുള്ളപ്പോഴായിരുന്നു അമ്മ മേരിയുടെ മരണം. ജയറാണി, ജയസോണി എന്നിവരാണ് ഇളയ സഹോദരിമാര്‍. ഇരുവരും വിവാഹിതരായി സന്തുഷ്ടജീവിതം നയിക്കുന്നു.

Content Highlights: Interview with Adv. Jaya Dali Chair Person The Kerala State Handicapped Persons’ Welfare Corporation

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sruthilakshmi

9 min

'ആണും പെണ്ണും കെട്ടിപ്പിടിക്കുന്നതിന് ഒരര്‍ഥം മാത്രം കല്പിക്കുന്നവരോട് ഒന്നുംപറയാനില്ല'

May 27, 2023


.
interview

6 min

ചൈനയുടേതു പോലെയല്ല; വരുന്നത് ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്ന സ്‌പേസ് സ്റ്റേഷന്‍

Jul 29, 2022


കാട്ടിലെ ആ കാലം... വീരപ്പനും സംഘവും

8 min

'പ്രശസ്തിവാക്കുകളില്‍ വീണുപോകുന്ന ആളായിരുന്നു വീരപ്പന്‍'

Dec 19, 2021


Most Commented