'നമ്മുടെ സമൂഹത്തില്‍ ജാതി വളരെ അടിസ്ഥാനപരമായ യാഥാര്‍ഥ്യമാണ്'| അഡ്വ.എ.ജയശങ്കര്‍ അഭിമുഖം ഭാഗം 2


അഡ്വ. എ. ജയശങ്കർ/കെ. വിശ്വനാഥ്

തന്നെ രൂപപ്പെടുത്തിയ ചുറ്റുപാടുകളെക്കുറിച്ചും സി.പി.എമ്മിനോടും പിണറായി വിജയനോടുമുള്ള തന്റെ നിലപാടുകളെക്കുറിച്ചും വിശദീകരിച്ചശേഷം അഡ്വ. എ. ജയശങ്കർ ജാതിയെക്കുറിച്ചും ജവാഹർലാൽ നെഹ്രുവിനെക്കുറിച്ചും സിനിമയെക്കുറിച്ചും സംസാരിക്കുന്നു

അഡ്വ.എ.ജയശങ്കർ (Photo: ബി.മുരളീകൃഷ്ണൻ)

സ്വരാജ് നായർ എന്നൊക്കെ താങ്കൾ പറയാറുണ്ട്. ഏതുകാര്യവും ഇങ്ങനെ ജാതിയെ മുൻനിർത്തി പറയുന്നു എന്നൊരു ആരോപണവും ഉണ്ട്

അതിൽ രണ്ട് കാര്യമുണ്ട്. ഒന്നാമത്, സ്വരാജ് നായർ എന്നൊക്കെ, ടെലിവിഷനിൽ വാരാന്ത്യം പരിപാടി നടത്തുമ്പോൾ വാർത്തകളുടെ ഹാസ്യാത്മക അവതരണം എന്ന നിലയിൽ പറയുന്നതാണ്. പിന്നെ നമ്മുടെ സമൂഹത്തിൽ ജാതി വളരെ അടിസ്ഥാനപരമായ യാഥാർഥ്യമാണ്. ജാതിയില്ല എന്നുപറയുന്നവരാണ് ഏറ്റവും കൂടുതൽ ജാതിയെക്കുറിച്ച് ചിന്തിക്കുന്നത്. അയ്യപ്പപ്പണിക്കർ പറഞ്ഞതുപോലെ, ‘ജാതി ചോദിക്കരുത്, ജാതി പറയരുത്, ജാതിയെ മറന്നൊന്നും ചെയ്യരുത്.’ അതാണ് ഇവിടെ യാഥാർഥ്യം. പ്രത്യേകിച്ച് തിരുവിതാംകൂർ രാഷ്ട്രീയം അടിസ്ഥാനപരമായി ജാതിരാഷ്ട്രീയമാണ്. അത് തിരുവിതാംകൂറുകാരുടെ കുഴപ്പമല്ല, മറിച്ച് നമ്മുടെ സാമൂഹികഘടന ആ രീതിയിലാണ്. മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ, നിവർത്തന പ്രക്ഷോഭം, ഉത്തരവാദഭരണ പ്രക്ഷോഭം ഇതൊക്കെത്തന്നെ വളരെ കൃത്യമായുള്ള ജാതീയമായ സമവാക്യങ്ങളുടെ അടിസ്ഥാനത്തിൽ നടന്നതാണ്. സി.പി. രാമസ്വാമി അയ്യർക്ക് എതിരായി നടന്ന സമരം, അദ്ദേഹത്തെ അനുകൂലിച്ച് നടന്ന സമരം ഇതെല്ലാം ജാതീയമായ അടിയൊഴുക്കുകളിൽ നടന്നതാണ്. സ്വാതന്ത്ര്യത്തിനുശേഷവും അതുപോലെത്തന്നെ, അല്ലെങ്കിൽ അതിലും മോശപ്പെട്ട രീതിയിൽ തുടർന്നിട്ടുണ്ട്. എസ്.എൻ.ഡി.പി., എൻ.എസ്.എസ്., കത്തോലിക്ക സഭ തുടങ്ങിയവരൊക്കെ രാഷ്ട്രീയത്തിൽ ദൈനംദിന അടിസ്ഥാനത്തിൽ ഇടപെടുന്നുണ്ട്. വിമോചനസമരം എങ്ങനെയുണ്ടായതാണ് എന്നൊന്ന് ഓർത്തുനോക്കൂ. കേരള കോൺഗ്രസ് എങ്ങനെയുണ്ടായി? അതും സാമുദായികം തന്നെ. ഇങ്ങനെ സ്ഥാനാർഥികളെ നിർണയിക്കുന്നതിലടക്കം ഓരോ കാര്യത്തിലും ജാതി വലിയ പങ്കുവഹിക്കുന്നുണ്ട്. അങ്കമാലിയിലെ സ്ഥാനാർഥി സിറിയൻ കത്തോലിക്കനായിരിക്കണം, ആലുവയിൽ മുസ്‌ലിമായിരിക്കണം, പറവൂര് നായരായിരിക്കണം, പെരുമ്പാവൂര് സിറിയൻ ജാക്കോബിറ്റ് ആവണം എന്നുമാത്രമല്ല ബാവാ കക്ഷിക്കാരനും കൂടിയായിരിക്കണം. അത്രയും സമുദായവത്കരിക്കപ്പെട്ടിട്ടുണ്ട് ഇവിടത്തെ രാഷ്ട്രീയം. രണ്ട് മുന്നണികളും സ്ഥാനാർഥികളെ നിർണയിക്കുമ്പോൾ ഈ പാത പിന്തുടരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർണയിച്ച രീതി നമ്മൾ കണ്ടതാണ്. അങ്ങനെ ഒരുപാട് ഘടകങ്ങൾ ഇതിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് യു.ഡി.എഫ്. സംവിധാനത്തിൽ വളരെ കൂടുതലാണ്, എൽ.ഡി.എഫിൽ അത്രത്തോളമില്ല.

ജാതിരാഷ്ട്രീയത്തിന് ഒരു ഗുണവശവുമുണ്ടെന്ന് പറഞ്ഞാൽ, മായാവതിയെപ്പോലെ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീ യു.പി. മുഖ്യമന്ത്രിയായത് അതുകൊണ്ടാണല്ലോ

കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ, അഞ്ച് ഗ്രൂപ്പുകൾക്കുമാത്രമേ ഇവിടെ ശക്തിയുള്ളൂ. ‘പൊളിറ്റിക്കൽ ബാർഗെയിനിങ് പവർ’ നായർ, ഈഴവർ, മുസ്‌ലിം, സിറിയൻ കത്തോലിക്, ലാറ്റിൻ കത്തോലിക് വിഭാഗങ്ങൾക്കേയുള്ളൂ. ഇതിൽത്തന്നെ ലാറ്റിൻ താരതമ്യേന ദുർബലമാണ്. ഈ സമുദായങ്ങൾ തമ്മിലുള്ള അധികാരത്തിനു വേണ്ടിയുള്ള പിടിവലിയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. സംവരണം ഒഴിച്ചുകഴിഞ്ഞാൽ ഇതിന് പുറമേയുള്ള സമുദായങ്ങൾക്ക് പുറത്തുനിന്ന് ഒരാൾ ഈ സമീപകാലത്തൊന്നും വന്നിട്ടില്ല. ഉദാഹരണത്തിന് പരിവർത്തിത ക്രിസ്ത്യാനികളിൽനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഇത്തരത്തിലുള്ള വിഭാഗങ്ങൾ പൂർണമായും തമസ്കരിക്കപ്പെടുകയാണ്. അതുകൊണ്ടാണ് പട്ടികജാതിക്കാർ ബാർഗെയിനിങ് പവർ ഇല്ലാതെ ഒന്നുകിൽ കോൺഗ്രസിന്റെ അല്ലെങ്കിൽ സി.പി.എമ്മിന്റെ വാലായി മാറുന്നത്. നേരെമറിച്ച് മായാവതി സ്വന്തമായി ഒരു വോട്ട് ബേസ് ഉണ്ടാക്കി ഉയർന്നുവന്ന ഒരാളാണ്.

അപ്പോൾ ജാതിബോധം മലയാളിക്കാണോ, മറ്റുള്ളവർക്കാണോ കൂടുതൽ

അങ്ങനെ പറയാനാവില്ല. ഇന്ത്യയിൽ എല്ലാ സ്ഥലത്തും ഏറിയും കുറഞ്ഞുമുണ്ട്. അത് ഹിന്ദുക്കളിൽ മാത്രമല്ല, മറ്റ് സമുദായക്കാരിലുമുണ്ട്. മുസ്‌ലിമിൽ തന്നെ പതിനഞ്ച് വിഭാഗക്കാരുണ്ട് വടക്കെ ഇന്ത്യയിൽ. സവർണ മുസ്‌ലിങ്ങളുണ്ട്, ഒ.ബി.സി. മുസ്‌ലിങ്ങളുണ്ട്, ഷെഡ്യൂൾഡ് കാസ്റ്റുമുണ്ട്. അതുപോലെ ക്രിസ്ത്യൻ സമൂഹത്തിലുമുണ്ട്. ആന്ധ്രയിലൊക്കെ പോയാൽ ക്രിസ്ത്യൻ റെഡ്ഡിമാർ, കമ്മ, തുടങ്ങി ഷെഡ്യൂൾഡ് കാസ്റ്റ് ക്രിസ്ത്യൻ വരെയുണ്ട്. ഒരു ക്രിസ്ത്യൻ റെഡ്ഡിയും ഹിന്ദു റെഡ്ഡിയും തമ്മിൽ വിവാഹം കഴിക്കുന്നതിൽ തടസ്സമില്ല. ഇന്ത്യൻ രാഷ്ട്രീയക്കാർ ജാതി എന്ന അവസ്ഥയെ വേണ്ടരീതിയിൽ അഡ്രസ്‌ ചെയ്തിട്ടില്ല. അത് ചെയ്ത രണ്ടുപേരെയുള്ളൂ, ഒന്ന് ഡോക്ടർ അംബേദ്കർ, പിന്നെ ലോഹ്യ. പക്ഷേ, ലോഹ്യയുടെ ശിഷ്യന്മാർ പിൽക്കാലത്ത് തനി ജാതിരാഷ്ട്രീയത്തിന്റെ വക്താക്കളായി മാറി. ലോഹ്യയാണ് ഒ.ബി.സി. പൊളിറ്റിക്സ് മുന്നോട്ടുവെച്ചത്. അദ്ദേഹത്തിന്റെ കാലത്ത് അത് വിജയിച്ചില്ലെങ്കിലും പിന്നീട് അത് സംഭവിച്ചു. മണ്ഡൽ കമ്മിഷനൊക്കെ അതിന് ഉദാഹരണമാണ്. നിതീഷ് കുമാറും ലാലു പ്രസാദ് യാദവുമൊക്കെ അദ്ദേഹത്തിന്റെ പിന്മുറക്കാരാണ്. വരുന്ന ഒരു നൂറുവർഷത്തേക്ക് നമുക്ക് ജാതിയിൽനിന്ന്‌ മുക്തരാവൻ കഴിയും എന്ന് തോന്നുന്നില്ല.

ഇന്ത്യൻരാഷ്ട്രീയത്തിൽ ഏറ്റവും ആദരിക്കുന്ന നേതാവ് നെഹ്രുവായിരിക്കുമല്ലേ

അതെ, ഒരു സംശയവുമില്ല. നെഹ്രുവിന്റെ പ്രസക്തി ഓരോദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. നെഹ്രുവിനെപ്പോലെ നെഹ്രു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം ജന്മംകൊണ്ട് ഇന്ത്യക്കാരനാണെങ്കിലും ചിന്തകൊണ്ടും കർമം കൊണ്ടും യൂറോപ്യനാണ്. ബ്രിട്ടീഷ് ലിബറലിസത്തിന്റെ ഒരു പ്രതിനിധിയാണ്. ആ തരത്തിലുള്ള സ്വാതന്ത്ര്യത്തിന്റെയും മാനവികതയുടെയുമൊക്കെ ഒരു ദർശനമാണ് അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിൽ അവതരിപ്പിച്ചത്. അതു തന്നെയാണ് ഇന്ത്യൻ ഭരണഘടനയുടെ കാതലായ ഒരു വശവും. സ്വാതന്ത്ര്യത്തിലും പ്രതിപക്ഷ ബഹുമാനത്തിലും ഊന്നിയ ജനാധിപത്യബോധം കൊണ്ടുവന്നത് നെഹ്രുവാണ്. നെഹ്രുവിന്റെ ഹൃദയമാണ് ഇന്ത്യൻ ഭരണഘടനയിൽ തുടിക്കുന്നത്. നമ്മുടെ കഷ്ടകാലത്തിന് ഇന്ത്യയിൽ ആകെ ഒരു നെഹ്രുമാത്രമേ ഉണ്ടായുള്ളൂ. ഞാൻ നെഹ്രുവിന്റെ ആരാധകനോ ഭക്തനോ ഒന്നുമല്ല, പക്ഷേ, അദ്ദേഹത്തിന്റെ പ്രസക്തി ഓരോ ദിവസം ചെല്ലുമ്പോഴും ബോധ്യപ്പെട്ടു വരുന്നുണ്ട്.

Read More: 'പിണറായി-അച്യുതാനന്ദന്‍ കാലം കഴിഞ്ഞു, ആന്റണി-കരുണാകരന്‍ കാലവും ഉമ്മന്‍ചാണ്ടി യുഗവും അവസാനിച്ചു'

ഇവിടെ മാധ്യമങ്ങളെ നിയന്ത്രിച്ചുനിർത്താനുള്ള ഭരണകൂടങ്ങളുടെ ശ്രമങ്ങൾ എത്രത്തോളം ഫലപ്രദമാവും

അത് വളരെയൊന്നും ഫലപ്രദമാവില്ല. ചെറിയ പരിധിവരെ മാധ്യമങ്ങളെ പീഡിപ്പിക്കാനും ഭയപ്പെടുത്താനും നിയന്ത്രിക്കാനുമൊക്കെ പറ്റും. പക്ഷേ, മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിൽ വലിയ അപകടമുണ്ട്, ആളുകൾ മാധ്യമങ്ങളെ വിശ്വസിക്കാതാവും. കിംവദന്തികളിൽ വിശ്വസിക്കുകയും ചെയ്യും. ഇന്ദിരാഗാന്ധിക്ക് പറ്റിയ തെറ്റ് അതാണ്. ഇന്ദിരാഗാന്ധി പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി. ഹിന്ദുസ്ഥാൻ ടൈംസിലോ, ടൈംസ് ഓഫ് ഇന്ത്യയിലോ, അല്ലെങ്കിൽ ഹിന്ദുവിലോ ഒന്നും വാർത്തകൾ സത്യസന്ധമായി വന്നില്ല. അപ്പോൾ ആളുകൾ ബി.ബി.സി. ശ്രദ്ധിക്കാൻ തുടങ്ങി. അന്ന് ബി.ബി.സി. കേൾക്കുന്നവർ വളരെ കുറവാണ്. ബി.ബി.സി. കേട്ടവർ എന്ന് അവകാശപ്പെടുന്ന ചില ആളുകൾ, ബി.ബി.സി.യിൽ വന്നതായി പറഞ്ഞ് ചില വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതുപോലെയുള്ള ആർധസത്യങ്ങൾ പ്രചരിക്കാൻ തുടങ്ങി. ആളുകൾ ഈ അസത്യങ്ങൾ കൂടുതലായി വിശ്വസിച്ചു. അന്ന് തുർക്ക്‌മാൻ ഗേറ്റിലുണ്ടായ വെടിവെപ്പിൽ കുറെപ്പേർ മരിച്ചു. എത്രപേർ മരിച്ചു എന്ന കൃത്യമായ സംഖ്യയില്ല. നൂറിൽ താഴെ ആളുകൾ മരിച്ചിരുന്നു. പക്ഷേ, അത്‌ പറഞ്ഞുപറഞ്ഞ് ഇവിടെയെത്തിയപ്പോൾ ആയിരം പേര് മരിച്ചു എന്നായി. പിന്നീട് അത്രപേരേ മരിച്ചിട്ടുള്ളൂ എന്നുപറഞ്ഞാൽ ആരും വിശ്വസിക്കില്ല. അതുപോലെ നിർബന്ധിത വന്ധ്യംകരണത്തെക്കുറിച്ചും തെറ്റായ വാർത്തകൾ പരന്നു. വിവാഹം കഴിക്കാത്തവരെപ്പോലും വന്ധ്യംകരിക്കുന്നു എന്നൊക്കെ. ഇത്തരം കാര്യങ്ങൾ പടർന്നുപിടിക്കുകയും ജനങ്ങൾ വിശ്വസിക്കുകയും ചെയ്തു. മോശപ്പെട്ട വാർത്തകൾ വിശ്വസിക്കാനുള്ള താത്‌പര്യം ജനങ്ങൾക്കുണ്ടുതാനും.

ആർ.എസ്. എസുമായൊക്കെ കൈകോർത്ത് നിൽക്കുന്നു താങ്കളെന്നും ആരോപണമുണ്ട്. രക്ഷാബന്ധന്റെ കാര്യത്തിലൊക്കെ അങ്ങനെയല്ലേ

സമീപകാലത്തായി എസ്.ഡി.പി.ഐ.ക്കാർ പ്രചരിപ്പിച്ചുകൊണ്ടിരുന്ന ഒരു കാര്യമാണിത്. മിക്കവാറും എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും സമുദായസംഘടനകളുടെയും പരിപാടികളിൽ പങ്കെടുക്കുന്ന ആളാണ് ഞാൻ. എന്നെ പരിപാടികളിൽ പങ്കെടുപ്പിക്കാത്ത രണ്ട് കൂട്ടരേയുള്ളൂ, മാർക്സിസ്റ്റുകാരും എൻ.എസ്.എസുകാരും. എന്നെ പരിപാടികളിൽ പങ്കെടുപ്പിക്കരുത് എന്ന് എൻ.എസ്.എസിന്റെ എല്ലാ കരയോഗങ്ങൾക്കും ഫത്‌വ ഉണ്ട്‌. കോട്ടയത്ത് നടന്ന യോഗക്ഷേമസഭയുടെ സമ്മേളനത്തിന് പോയിട്ടുണ്ട്, എസ്.എൻ.ഡി.പി.യുടെ വലിയ ചിന്തൻ ശിബിർ പോലെയുള്ള പരിപാടി കന്യാകുമാരിയിൽ വെച്ച് നടന്നപ്പോൾ അതിലും പോയി പങ്കെടുത്തു. പുലയ മഹാസഭ ഇപ്പോൾ രണ്ട് ഗ്രൂപ്പാണ്, പുന്നല ഗ്രൂപ്പുകാർ എറണാകുളത്ത് സമ്മേളിച്ചപ്പോൾ എന്നെ വിളിച്ചു, ഞാൻ പോയി. ബാബു ഗ്രൂപ്പുകാർ തൊടുപുഴയിൽ സമ്മേളിച്ചപ്പോൾ അവിടെയും പോയി പങ്കെടുത്തു. എൻ.എസ്.എസുകാർ വിളിക്കാത്തതുകൊണ്ടാണ് പോകാത്തത്, അല്ലെങ്കിൽ േപാകുമായിരുന്നു. അതുപോലെത്തന്നെ രാഷ്ട്രീയപ്പാർട്ടികളുടെ യോഗങ്ങൾക്കും വിളിച്ചാൽ പോവാറുണ്ട്.

ഇങ്ങനെ എല്ലാ പരിപാടികളിലും പോകുന്നതിന് കാരണമെന്താണ്

പങ്കെടുക്കുന്നതുകൊണ്ട് എന്താ കുഴപ്പമുള്ളത്? എനിക്ക് ഒരു പ്രശ്നവും വരുന്നില്ല. സി.പി.ഐയുടേതു മാത്രമല്ല ആർ.എസ്‌.എസിന്റെയും കോൺഗ്രസ്സിന്റെയും മുസ്‌ലിംലീഗിന്റെയും കേരള കോൺഗ്രസ്സിന്റെയും നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്‌. ബി.ഡി.ജെ.എസ്‌. രൂപീകരിക്കുന്നതിന്‌ മുമ്പ്‌ വെള്ളാപ്പള്ളി നടേശൻ ചേർത്തലയിൽ വിളിച്ചുചേർത്ത യോഗത്തിലും പങ്കെടുത്തു. അത്‌ വിവാദമാക്കാൻ ചിലർ ശ്രമിക്കുകയും ചെയ്തു. എന്റെ അഭിപ്രായത്തിൽ മറ്റ് രാഷ്ട്രീയപ്പാർട്ടിക്കാരെക്കാൾ കുറച്ചുകൂടെ സ്നേഹവും നന്മയുമുള്ള ആളുകൾ ലീഗുകാരാണ്. കാന്തപുരത്തിന്റെ പരിപാടിക്ക് കാരന്തൂര് പോയി പ്രസംഗിച്ചിട്ടുണ്ട്. കാന്തപുരം മുസ്‌ല്യാരുമായി എനിക്ക് വ്യക്തിപരമായി വലിയ അടുപ്പമായിരുന്നു. പേരോട്‌ അബ്ദുറഹ്മാൻ സഖാഫി ഇവിടെ വന്ന് നിങ്ങളിരിക്കുന്ന ഈ കസേരയിലിരുന്ന് എനിക്കുവേണ്ടി പ്രാർഥിച്ചിട്ടുണ്ട്. ശ്രേഷ്ഠ കാതോലിക്ക ബാവ തോമസ്‌ പ്രഥമനുമായും നല്ല അടുപ്പമാണ്‌.

സ്വയം ഒരു വിശേഷണം സ്വീകരിക്കുകയാണെങ്കിൽ എന്താണത്. രാഷ്ട്രീയ നിരീക്ഷകൻ, നിയമവിദഗ്ധൻ

രാഷ്ട്രീയവിമർശകൻ എന്നുവേണമെങ്കിൽ പറയാം, പറഞ്ഞേ തീരൂ എന്നാണെങ്കിൽ മാത്രം. ഇന്ത്യാവിഷൻ ചാനൽ ഒരിക്കൽ ചാർത്തിത്തന്നതാണ് രാഷ്ട്രീയവിമർശകൻ എന്ന പദവി. പേരിനടിയിൽ എന്തെങ്കിലുമൊന്ന് എഴുതിക്കാണിക്കണ്ടേ. അങ്ങനെ ആലോചിച്ചപ്പോൾ വന്നൊരു പേരാണ്. എ. സഹദേവൻ സാറാണ് ഈ പേര് നിർദേശിച്ചത്. അങ്ങനെ പറയുമ്പോൾ കേരളത്തിൽ ആദ്യത്തെ രാഷ്ട്രീയനിരീക്ഷകൻ ഞാനാണ്.

മലയാള സിനിമയും അതിന്റെ സംഘടനയുമായി നടക്കുന്ന വിഷയം വലിയ ചർച്ചയാവുന്നുണ്ട്. സാധാരണ രാഷ്ട്രീയം എന്നതിനൊക്കെ പുറത്തു നിൽക്കുന്ന ഒരു കാര്യമാണ്. എന്നാലും ഇപ്പോൾ മലയാള സിനിമയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു കാഴ്ചപ്പാടുണ്ടോ

സിനിമയുടെ ലോകം ഏതുകാലത്തും സത്യത്തിൽ ഒരു ‘മോറൽ സ്ലം’ ആണ്. ഈ പ്രയോഗം രാഷ്ട്രീയത്തിനെക്കുറിച്ച് ടോയ്ൻബീ പറഞ്ഞതാണ്. ‘‘Politics is a slum, a moral slum.’’ ഗാന്ധിജി ഈ സ്ലം വൃത്തിയാക്കാൻ ശ്രമിച്ച ആളാണ് എന്നാണ് പറയുന്നത്. അതുപോലെയുള്ള ഒരു മോറൽ സ്ലം ആണ് സിനിമയും. അതിനെയിപ്പോൾ ഈ സംഘടനകൾകൊണ്ടൊക്കെ വിമലീകരിക്കാൻ ശ്രമിച്ചാലും നമ്മൾക്കറിയാം മൊത്തം സംവിധാനവും വേറൊരു രീതിയിലാണ് പ്രവർത്തിക്കുന്നത് എന്ന്. അത്ര എളുപ്പത്തിൽ പരിഹരിക്കാൻ പറ്റിയ പ്രശ്നങ്ങളല്ല. മാത്രമല്ല, കാലം ചെല്ലുംതോറും ഇത് കൂടുതൽ മോശമാവുകയല്ലാതെ ഒട്ടും നന്നായിട്ടില്ല. പണ്ട്‌ നിർമാതാക്കളായിരുന്നു സിനിമയുടെ അധിപർ. കുഞ്ചാക്കോ ഒരു ഭാഗത്ത്, സുബ്രഹ്മണ്യം മറുഭാഗത്ത്. അവരുമായി ചുറ്റിപ്പറ്റി നിൽക്കുന്ന കുറെ സാങ്കേതിക വിദഗ്ധരും കുറെ നടീനടന്മാരും. പിന്നീട് സംവിധായകന്മാർ പ്രബലരായി. പ്രത്യേകിച്ച്, സേതുമാധവനുശേഷം. അദ്ദേഹമാണ് മലയാളത്തിൽ സംവിധായകൻ എന്ന ബ്രാൻഡ് ഉണ്ടാക്കിയത്. അടുത്തഘട്ടത്തിൽ ഐ.വി. ശശിയെയും ഹരിഹരനെയും ജോഷിയെയും പോലെയുള്ള സൂപ്പർ സംവിധായകരുടെ സമയത്ത് പുതിയൊരു സിനിമാസംസ്കാരം വന്നു. ഇവരൊക്കെ വലിയ വലിയ ഹിറ്റുകൾ ഉണ്ടാക്കി. സംവിധായകനാണ് നടൻ ജയൻ വേണോ, സോമൻ വേണോ, സുകുമാരൻ വേണോ എന്നൊക്കെ തീരുമാനിച്ചിരുന്നത്. അതിന്റെ അടുത്ത ഘട്ടത്തിലാണ് താരാധിപത്യം വരുന്നത്. നസീറിനെയും സത്യനെയും സോമനെയും സുകുമാരനെയുമൊക്കെപ്പോലെ വലിയ താരങ്ങളൊക്കെ മുമ്പുണ്ടായിരുന്നെങ്കിലും അവർക്ക് ഒരു പരിമിതിയുണ്ടായിരുന്നു. പിന്നീട് അതിനെയും മറികടന്നു. സംവിധായകൻപോലും അപ്രസക്തനായി. സംവിധായകർ ആരാവണം, തിരക്കഥാകൃത്ത് ആരാവണം എന്നൊക്കെ നടന്മാർ തീരുമാനിക്കാൻ തുടങ്ങി. മമ്മൂട്ടി ഒരു വശത്തും മോഹൻലാൽ മറുവശത്തും. ഇവരുടെ നടുക്ക് ഒരു മൂന്നാം ചേരി ഉണ്ടാക്കിയ ആളാണ് ദിലീപ്. എന്റെ വീടിന് തൊട്ടടുത്താണ് അയാളുടെ വീട്. ഞങ്ങൾ ബന്ധുക്കളുമാണ്.

നല്ല രാഷ്ട്രീയക്കാർ, ചീത്ത രാഷ്ട്രീയക്കാർ- എന്നൊരു വർഗീകരണം സാധ്യമാണോ

ഇന്നത്തെക്കാലത്ത് അങ്ങനെ വലിയ ഒരു വർഗീകരണം നടക്കില്ല. എന്നാലും ബഹുമാനം തോന്നുന്ന കുറച്ചുപേരുണ്ട്. മുൻ തലമുറയിൽ അച്യുതമേനോൻ, ആർ. സുഗതൻ, എം.എൻ. ഗോവിന്ദൻ നായർ, ഇ.എം.എസ്., എ.കെ.ജി., സി.കെ. ഗോവിന്ദൻ നായർ തുടങ്ങി കുറെയേറെ പേരുണ്ടായിരുന്നു. സമീപ കാലത്തെ നേതാക്കളിൽ വി.എം. സുധീരൻ, പി.ടി. തോമസ്, സി.കെ. ചന്ദ്രപ്പൻ പോലെയുള്ള രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വങ്ങളുണ്ട്. ഏതു കാര്യത്തെക്കുറിച്ചും വ്യക്തതയുള്ള, രാഷ്ട്രീയബോധ്യമുള്ള, പ്രത്യയശാസ്ത്രപരമായ അടിത്തറയുള്ളവരാണ് ഇവരൊക്കെ. പിന്നെ, അഴിമതിക്കെതിരേ നിൽക്കുകയും ശക്തമായ നിലപാടെടുക്കുകയും ചെയ്ത നേതാവാണ് വി.എസ്. അച്യുതാനന്ദൻ. ഞാനൊരു പിണറായിവിരുദ്ധനായി മുദ്രകുത്തപ്പെട്ടതുതന്നെ അവർ തമ്മിലുള്ള സംഘർഷത്തിന്റെ സമയത്ത് വി.എസിനെ അനുകൂലിച്ചുനിന്നു എന്നതുകൊണ്ടാണ്.

നമ്മുടെ സാംസ്കാരികനായകരെക്കുറിച്ച് എന്താണ് അഭിപ്രായം

സാംസ്കാരികനായകന്മാരെ നിശിതമായി വിമർശിക്കുന്നയാളാണ് ഞാൻ. സ്വയം ഒരു സാംസ്കാരികവില്ലനായി കരുതുന്ന വ്യക്തിയുമാണ്. നമ്മുടെ നാട്ടിലെ സാംസ്കാരികനായകരിൽ അധികംപേരും ഇടതുപക്ഷരാഷ്ട്രീയത്തോടും പ്രത്യയശാസ്ത്രത്തോടും പ്രത്യേകിച്ച് ഒരു പ്രതിപത്തിയുമില്ലെങ്കിലും കാര്യസാധ്യത്തിനും സ്ഥാനലബ്ധിക്കും വേണ്ടിമാത്രം ഇടതുപക്ഷക്കാരായി അഭിനയിക്കുന്ന ആത്മവഞ്ചകരാണ്. ഇവരുടെയൊക്കെ പ്രതികരണശേഷിയുടെ സ്വിച്ച് ഇരിക്കുന്നത് എ.കെ.ജി. സെന്ററിലാണ്. സ്വിച്ചിട്ടാൽ ശേഷികിട്ടും; ഓഫ് ചെയ്താൽ അത് ഇല്ലാതാകും. സുകുമാർ അഴീക്കോടുവരെ അവസാനകാലത്ത് മാർക്സിസ്റ്റുപാർട്ടിയുടെ ഒരു കൂലിത്തല്ലുകാരനായിമാറി. അഴീക്കോടിനെക്കാളും നിലപാടുള്ള ആളാണ് പ്രൊഫ. എം.കെ. സാനു. നമ്മുടെ നാട്ടിൽ ഏതുകാര്യത്തെക്കുറിച്ചായാലും സത്യസന്ധമായും ആത്മാർഥമായും അഭിപ്രായംപറയുന്ന വ്യക്തി ഡോ. എം.എൻ. കാരശ്ശേരി മാത്രമാണ്. ബാക്കി ഏറെക്കുറെയെല്ലാം കള്ളനാണയങ്ങളാണ്.

നമ്മുടെ ഭരണഘടനയ്ക്കുേനരെ പലകോണുകളിൽനിന്ന്‌ വിമർശനമുയരുന്ന കാലമാണല്ലോ ഇത്. ഇത്തരം പ്രവണതകളെ എങ്ങനെ കാണുന്നു

ഇന്ത്യൻ ഭരണഘടന പലരീതിയിലുള്ള വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽവരുകയും 2019-ൽ കൂടിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരുകയുംചെയ്യുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും അതങ്ങനെയാണ്. വരുന്ന തിരഞ്ഞെടുപ്പിൽ അവർ ഇനിയും കേവലഭൂരിപക്ഷത്തോടെ അധികാരത്തിൽവന്നാൽ ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും കൂടുതൽ അപകടത്തിലായേക്കും. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ചെയ്തപോലെ ഭരണഘടന നിസ്സാരമായി ഭേദഗതിചെയ്ത് സമൂലമായ പരിവർത്തനമുണ്ടാക്കാനല്ല ബി.ജെ.പി. സർക്കാർ ഇതുവരെ ശ്രമിച്ചിട്ടുള്ളത്. നേരെമറിച്ച് ഭരണഘടനാവ്യവസ്ഥകൾ നിലനിർത്തിക്കൊണ്ടുതന്നെ അതിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഉദാഹരണത്തിന് 370-ാം അനുച്ഛേദം നിലനിർത്തിക്കൊണ്ടുതന്നെ ജമ്മുകശ്മീരിന്റെ പ്രത്യേകപദവി മാത്രമല്ല, സംസ്ഥാനപദവിതന്നെ ഇല്ലായ്മചെയ്തു. അതുപോലെ ഭരണഘടനാശില്പികൾ വിഭാവനംചെയ്തതിന് നേർവിപരീതമായി മുന്നാക്കസമുദായങ്ങളിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിഭാഗങ്ങൾക്ക് പത്തുശതമാനം സംവരണമേർപ്പെടുത്തി. സുപ്രീംകോടതി, തിരഞ്ഞെടുപ്പുകമ്മിഷൻ, കൺട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ എന്നിങ്ങനെയുള്ള ഭരണഘടനാസ്ഥാപനങ്ങൾപോലും കേന്ദ്രസർക്കാരിന്റെ വലിയ സമ്മർദത്തിനുവിധേയമായാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് കോടതിയിൽനിന്നെല്ലാം വളരെ വിചിത്രമായ വിധിന്യായങ്ങൾ പുറത്തുവരുന്നത്. അയോധ്യക്കേസിലെ വിധിയൊന്നും വെറുതേയുണ്ടായതല്ല. ന്യായാധിപന്മാരെ തിരഞ്ഞെടുക്കുന്നതിലും നിയമിക്കുന്നതിലുമൊക്കെ കേന്ദ്രസർക്കാർ മുമ്പത്തേക്കാളുമൊക്കെ സ്വാധീനവും സമ്മർദവും ചെലുത്തുന്നുണ്ട്. സത്യത്തിൽ നമ്മുടെ ഭരണഘടനാസംവിധാനത്തെ കൂടുതൽ അപകടത്തിലാക്കുന്നത് ഭരണപക്ഷത്തിന്റെ മുഷ്കിനെക്കാൾ പ്രതിപക്ഷത്തിന്റെ ദൗർബല്യമാണ്. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതിരുന്നിട്ടുപോലും എല്ലാ നിയമങ്ങളും നിസ്സാരമായിട്ട് പാസാക്കിയെടുക്കാൻ ബി.ജെ.പി.ക്ക് സാധിക്കുന്നുണ്ട്. പ്രതിപക്ഷപാർട്ടികൾക്കിടയിൽ ഐക്യമില്ലെന്നുമാത്രമല്ല അവർക്ക് ദിശാബോധവും നഷ്ടമായിരിക്കുന്നു. കോൺഗ്രസും ഇടതുപക്ഷവുമൊക്കെ ഭരണഘടനയെ സംരക്ഷിക്കും, ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കും എന്നൊക്കെ പ്രസംഗിക്കുകയും പ്രഖ്യാപിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഭരണഘടനാസംരക്ഷണസദസ്സുകൾ സംഘടിപ്പിക്കുന്നുമുണ്ട്. പക്ഷേ, ഭരണഘടനയുടെ ശരിയായമൂല്യം ഇവർ മനസ്സിലാക്കിയിട്ടുണ്ടോ എന്നകാര്യം സംശയമാണ്. അതുകൊണ്ടാണ് മന്ത്രിപദവിയിലിരുന്ന് സജി ചെറിയാനെപോലുള്ള ആളുകൾ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തി സ്വയംപരിഹാസ്യരായി തീരുന്നത്.

തിരക്കുകൾക്കിടയിൽ വായിക്കാനുള്ള സമയം കണ്ടെത്തുന്നത് എങ്ങനെയാണ്, ഏതുതരം പുസ്തകങ്ങളാണ് വായിക്കുന്നത്

വായിക്കാൻ അങ്ങനെ പ്രത്യേകിച്ച് നേരവും കാലവുമൊന്നുമില്ല. എപ്പോഴും വായിക്കാം, എവിടെവെച്ചും എന്തും വായിക്കാം. സാഹിത്യമോ ചരിത്രമോ തത്ത്വചിന്തയോ കലാ, സിനിമാ നിരൂപണങ്ങളോ അങ്ങനെ എല്ലാം വായിക്കാം. അതെല്ലാം താത്‌പര്യമുള്ള കാര്യങ്ങൾത്തന്നെ. 2018-ലെ പ്രളയത്തിൽ എന്റെ പുസ്തകശഖരത്തിന്റെ ഏതാണ്ട് അറുപത്തിയഞ്ചുശതമാനത്തോളം നഷ്ടപ്പെട്ടത് ജീവിതത്തിലെ വലിയദുരന്തം എന്നുതന്നെ പറയാവുന്ന സംഗതിയാണ്.

ആലുവ ദേശത്തെ തറവാട് വീട്ടിൽ താമസിക്കുന്ന ജയശങ്കർ തിരക്കുപിടിച്ച അഭിഭാഷകവൃത്തിക്കൊപ്പം വായനവും രാഷ്ട്രീയ, സാംസ്‌കാരിക വിശകലനങ്ങളും സജീവമായി തുടരുന്നു. ഏറെ വൈകിയാണ് വിവാഹിതനായത്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോക്ടർ ജയയാണ് ഭാര്യ

Content Highlights: Adv. A Jayasankar Interview

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented