'പിണറായി-അച്യുതാനന്ദന്‍ കാലം കഴിഞ്ഞു, ആന്റണി-കരുണാകരന്‍ കാലവും ഉമ്മന്‍ചാണ്ടി യുഗവും അവസാനിച്ചു'


അഡ്വ. എ. ജയശങ്കര്‍/കെ. വിശ്വനാഥ്

8 min read
Read later
Print
Share

ജീവിതത്തെയും നിലപാടുകളെയും തന്നെ രൂപപ്പെടുത്തിയ അന്തരീക്ഷങ്ങളെയും കുറിച്ചാണ് തുടര്‍ലക്കങ്ങളില്‍ അവസാനിക്കുന്ന ഈ അഭിമുഖത്തില്‍ ജയശങ്കര്‍ വിശദീകരിക്കുന്നത്.

അഡ്വ.എ.ജയശങ്കർ

കേരളത്തിന്റെ പൊതുമണ്ഡലത്തിലെ സുപരിചിതസാന്നിധ്യമാണ് അഡ്വ.എ. ജയശങ്കര്‍. രാഷ്ട്രീയവും സാമൂഹികവുമായ കേരളത്തിന്റെ വര്‍ത്തമാനകാല ജീവിതത്തെ അഗാധമായ ചരിത്രബോധത്തോടെയും അതിലേറെ മൂര്‍ച്ചയേറിയ വിദൂഷക പരിഹാസങ്ങളിലൂടെയും ഈ മനുഷ്യന്‍ ഇഴകീറുമ്പോള്‍ അവ പലപ്പോഴും ഒരു പൊതുജനവിചാരണ തന്നെയാവുന്നു. ഓരോ വിഷയത്തിലും ജയശങ്കറിന്റെ അഭിപ്രായങ്ങള്‍ക്ക് കാതോര്‍ക്കുന്നവര്‍ ഏറെയുണ്ട്. തന്റെ ജീവിതത്തെയും നിലപാടുകളെയും തന്നെ രൂപപ്പെടുത്തിയ അന്തരീക്ഷങ്ങളെയും കുറിച്ചാണ് തുടര്‍ലക്കങ്ങളില്‍ അവസാനിക്കുന്ന ഈ അഭിമുഖത്തില്‍ ജയശങ്കര്‍ വിശദീകരിക്കുന്നത്.

ജയശങ്കറിന്റെ കുടുംബപശ്ചാത്തലം, ബാല്യം ഇതൊക്കെ അറിയണമെന്നുണ്ട്

= ആലുവയിലെ ദേശമാണ് എന്റെ ജന്മനാട്. അച്ഛന്‍ വാസുദേവന്‍ പിള്ള. അമ്മ സൗദാമിനിയുടെ സ്ഥലം ഇടപ്പള്ളിക്കടുത്ത് ചേരാനല്ലൂരാണ്. അമ്മയ്ക്ക് സഹകരണവകുപ്പില്‍ ജോലിയുണ്ടായിരുന്നു. ഡെപ്യൂട്ടി രജിസ്ട്രാറായാണ് റിട്ടയര്‍ ചെയ്തത്. അച്ഛന് എഫ്.എ.സി. ടി.യിലായിരുന്നു ജോലി. ഞങ്ങള്‍ മൂന്നുപേരായിരുന്നു, മൂത്തത് ഞാന്‍, പിന്നെ അനിയനും ഒരു അനിയത്തിയും. നാലാംക്ലാസുവരെ ഇവിടെ അടുത്തുള്ള സര്‍ക്കാര്‍ എല്‍.പി. സ്‌കൂളിലാണ് പഠിച്ചത്. അതുകഴിഞ്ഞ് പത്തുവരെ നെടുമ്പാശ്ശേരി മാര്‍ അത്തനേഷ്യസ് സ്‌കൂളില്‍ പഠിച്ചു. ഡിഗ്രി യൂണിയന്‍ ക്രിസ്ത്യന്‍ കോളേജിലായിരുന്നു. ചരിത്രമായിരുന്നു വിഷയം.

രാഷ്ട്രീയ നിരീക്ഷകനായാണല്ലോ അറിയപ്പെടുന്നത്, ഈ താത്പര്യം ചെറുപ്പത്തിലേ ഉണ്ടായിരുന്നോ

= അച്ഛന്‍ ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. ഞങ്ങളുടെ നാട്ടില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം തുടങ്ങിവെച്ചത് കെ. വാസു എന്നയാളാണ്. അദ്ദേഹത്തെക്കുറിച്ച് ഞാനൊരിക്കല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയിട്ടുണ്ട്. ഇത് ഒരു സവര്‍ണഗ്രാമമാണ്. വാസു എസ്.എന്‍.ഡി.പി. പ്രവര്‍ത്തകനായിരുന്നു. അമ്പത് കാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് വന്നു. അദ്ദേഹത്തെയൊക്കെ പിന്തുടര്‍ന്നാണ് അച്ഛന്‍ പാര്‍ട്ടിയില്‍വരുന്നത്. അന്ന് നായന്മാരാരും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരില്ല, പക്ഷേ, അച്ഛന്‍ ചേര്‍ന്നു. ഈ പ്രദേശത്ത് പാര്‍ട്ടിയില്‍ ചേര്‍ന്ന ആദ്യ നായരായിരിക്കും അച്ഛന്‍. അന്നൊക്കെ ഇവിടെ ബഹുഭൂരിപക്ഷം പേരും കോണ്‍ഗ്രസുകാരായിരുന്നു. പക്ഷേ, അറുപത്തിനാലില്‍ അച്ഛന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് രണ്ട് മെമ്പര്‍മാരേ ജയിച്ചിരുന്നുള്ളൂ, അച്ഛനും പിന്നെ സംവരണസീറ്റില്‍ ജയിച്ച മറ്റൊരാളും. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അദ്ദേഹം സി.പി.എമ്മില്‍ പോയി. ആ ഒരു സി.പി.എം. പൊളിറ്റിക്‌സാണ് ഞാനൊക്കെ കുട്ടിക്കാലത്ത് കാണുന്നത്.

പക്ഷേ, അമ്മ അടിയുറച്ച കോണ്‍ഗ്രസുകാരിയായിരുന്നു. അതായത്, കോണ്‍ഗ്രസിന്റെ ചിഹ്നം നുകംവെച്ച കാളയായിരുന്ന കാലത്ത് കാളയ്ക്കും പശുവും കിടാവുമായിരുന്ന കാലത്ത് അതിനും കൈപ്പത്തി ആയപ്പോള്‍ കൈപ്പത്തിക്കും മാത്രം വോട്ടുചെയ്ത ആള്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്കാവട്ടെ സംഘടനാപ്രവര്‍ത്തനമൊന്നും ഉണ്ടായിരുന്നില്ല. കാരണം, സ്‌കൂളില്‍ അന്ന് വിദ്യാര്‍ഥിസംഘടനകള്‍ ഇല്ലായിരുന്നു. പക്ഷേ, ഞാനുള്‍പ്പെടെയുള്ള കുട്ടികള്‍ രാഷ്ട്രീയം ശക്തമായിത്തന്നെ പിന്തുടര്‍ന്നിരുന്നു. അച്യുതമേനോന്‍ മന്ത്രിസഭയുടെ കാലമായിരുന്നു. വളരെ പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലാവസ്ഥയായിരുന്നല്ലോ അന്ന്. ദൈനംദിന അടിസ്ഥാനത്തില്‍ത്തന്നെ സമരങ്ങളും ആസിഡ് ബള്‍ബേറും കത്തിക്കുത്തുമെല്ലാം നടന്നിരുന്ന കാലം. മിച്ചഭൂമിസമരമൊക്കെ നടക്കുന്ന സമയം. നാട്ടില്‍ വലിയ ഭക്ഷ്യക്ഷാമമുണ്ട്. ആ സമയത്ത്, 1972-ലാണ് ഞാന്‍ നെടുമ്പാശ്ശേരി സ്‌കൂളില്‍ ചേരുന്നത്. പുറത്ത് രാഷ്ട്രീയം തിളച്ചുമറിയുകയാണ്. വലിയ കുഴപ്പം പിടിച്ച കാലം. അതൊക്കെ സ്‌കൂളിലും പ്രതിധ്വനിക്കാതിരിക്കില്ലല്ലോ? അധ്യാപകരും കുട്ടികളുമെല്ലാം നാട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ആശങ്കാകുലരായിരുന്നു. സംഘടനാ പ്രവര്‍ത്തനം അനുവദനീയമായിരുന്നില്ലെങ്കിലും പുറത്തെ സംഘര്‍ഷങ്ങള്‍ സ്‌കൂളിലേക്ക് വ്യാപിച്ചിരുന്നു.

ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങളൊക്കെ അവിടെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഞങ്ങളുടെ ഹെഡ്മാസ്റ്റര്‍ ഫാ. കെ.വി. തര്യന്‍ രാഷ്ട്രീയത്തില്‍ വലിയ താത്പര്യമുള്ള ആളായിരുന്നു. അക്കാലത്ത് ടൈംമാഗസിന്‍ സ്ഥിരമായി തപാലില്‍ വരുത്തി വായിക്കുന്ന ആളാണദ്ദേഹം. ഏത് വിഷയത്തെക്കുറിച്ചും സ്‌കൂള്‍ അസംബ്ലികളില്‍ അദ്ദേഹം ദീര്‍ഘമായി സംസാരിക്കും. ഉദാഹരണത്തിന്, അന്ന് മ്യൂണിക് ഒളിമ്പിക്‌സ് നടന്നുകൊണ്ടിരിക്കുകയാണ്. ഒളിമ്പിക് ഗ്രാമത്തില്‍ ബ്ലാക്ക് സെപ്റ്റംബര്‍ എന്ന തീവ്രവാദ സംഘടന നുഴഞ്ഞുകയറി ഇസ്രയേല്‍ കായികതാരങ്ങളെ കൂട്ടക്കൊല ചെയ്തു. അതിനെക്കുറിച്ച് അദ്ദേഹം അന്ന് പ്രസംഗിച്ചത് ഓര്‍മയുണ്ട്. ഒളിമ്പിക്‌സ് കേവലമൊരു കായിക വിനോദമല്ല, അതിനുപരിയായി അഞ്ച് ഭൂഖണ്ഡങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമാണ്. അങ്ങനെ ഒരു സൗഹാര്‍ദത്തിന്റെ വേദിയില്‍ ഇങ്ങനെ ഒരു കൂട്ടക്കൊല നടന്നത് ഹീനവും ഖേദകരവുമാണ് എന്നെല്ലാം അദ്ദേഹം പ്രസംഗിക്കുന്നത് ഇപ്പോഴും എന്റെ മനസ്സില്‍ തെളിഞ്ഞുകിടക്കുന്നുണ്ട്.

എഴുപത്തിമൂന്നില്‍ ഉണ്ടായ അറബ്-ഇസ്രയേല്‍ യുദ്ധവും ഞങ്ങള്‍ ആവേശത്തോടെ ചര്‍ച്ചചെയ്തിരുന്നു. അപ്പോഴും സ്‌കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ പ്രസംഗിച്ചു. അദ്ദേഹം പറഞ്ഞു, ഇത് കുട്ടികള്‍ കരുതുന്നപോലെ ചെറിയ കാര്യമല്ല, മറിച്ച് ലോകസമാധാനത്തെ ബാധിക്കുന്ന വിഷയമാണ്. ഒരു ഭാഗത്ത് അമേരിക്കയും മറു ഭാഗത്ത് സോവിയറ്റ് യൂണിയനും ശീത സമരത്തിലാണ്. അടുത്ത ഘട്ടത്തില്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ പെട്രോളിയത്തിന്റെ വില വര്‍ധിപ്പിക്കും. പെട്രോളിയത്തിന്റെ വില വര്‍ധിപ്പിച്ചാല്‍ അത് സ്‌കൂള്‍ കുട്ടികളുടെ കണ്‍സഷനെപ്പോലും ബാധിക്കും. പത്തു പൈസയ്ക്ക് സ്‌കൂളില്‍ വരാന്‍ പറ്റാത്ത അവസ്ഥയാവും. ആ രീതിയില്‍ ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ അവതരിപ്പിച്ച ആളായിരുന്നു ഞങ്ങളുടെ ഹെഡ്മാസ്റ്റര്‍. അതൊക്കെയായിരുന്നു സ്‌കൂളിലെ ഒരു രീതി. അടിയന്തരാവസ്ഥ വന്നപ്പോള്‍ പെട്ടെന്ന് നാട്ടിലെ അവസ്ഥയെല്ലാം ശാന്തമായി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സമരങ്ങളില്ല, കത്തിക്കുത്തില്ല, ആസിഡ് ബള്‍ബില്ല. മൊത്തത്തില്‍ ശാന്തി, സമാധാനം. ട്രാന്‍സ്‌പോര്‍ട്ട് ബസ് സമയത്തിന് ഓടും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ സമയത്തിന് എത്തും. അങ്ങനെ അതിന്റെ ഒരു പോസിറ്റീവ് വശമാണ് ഇവിടെ കൂടുതലായി അനുഭവപ്പെട്ടത്. അഭിപ്രായ പ്രകടനസ്വാതന്ത്ര്യം ഇല്ലാതായതൊന്നും സാധാരണ മനുഷ്യരെ അത്രത്തോളം ബാധിച്ചില്ലെന്നുതോന്നുന്നു. അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷമാണ് പോലീസ് അതിക്രമവും മനുഷ്യാവകാശലംഘനവുമൊക്കെ രാജ്യത്ത് നടന്നിരുന്നുവെന്ന് സാധാരണക്കാര്‍ അറിയുന്നത്. ജനങ്ങള്‍ നോക്കുമ്പോള്‍ അടിയന്തരാവസ്ഥപോലെ ഇത്രയ്ക്ക് സമാധാനവും ശാന്തിയുമുള്ള കാലഘട്ടം കേരളത്തില്‍ മുമ്പുണ്ടായിട്ടില്ല. അതാവും അതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രതിഫലിച്ചത്.

വായന എത്രത്തോളമുണ്ടായിരുന്നു അന്ന്

= മാതൃഭൂമി പത്രം സ്ഥിരമായി വീട്ടില്‍ വരുത്തിയിരുന്നു. അത് വായിക്കും. അങ്ങനെ വായിച്ചും കേട്ടും കണ്ടുമൊക്കെയാണ് ഞാന്‍ പൊളിറ്റിക്കലാവുന്നത്. സ്‌കൂളില്‍ നല്ലൊരു ലൈബ്രറിയുണ്ടായിരുന്നു. അവിടെനിന്നാണ് കുല്‍ദീപ് നയ്യാറിന്റെ ദ ജഡ്ജ്മെന്റ്, ലാരി കോളിന്‍സും ഡൊമിനിക് ലാപിയറും ചേര്‍ന്നെഴുതിയ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, എം.ഒ. മത്തായിയുടെ റെമ്നിസന്‍സ് ഓഫ് നെഹ്രു ഏജ് തുടങ്ങിയ പുസ്തകങ്ങള്‍ ഞാന്‍ വായിക്കുന്നത്. പത്താംക്ലാസ് കഴിഞ്ഞ് യു.സി. കോളേജില്‍ എത്തിയപ്പോള്‍ കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. വായനയും രാഷ്ട്രീയാവബോധം ഉണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. യു.സി. കോളേജിലാവട്ടെ, എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും വിദ്യാര്‍ഥിസംഘടനകളുണ്ടായിരുന്നു. എല്ലാവരും സമാധാനത്തോടെ പ്രവര്‍ത്തിക്കുന്ന കോളേജായിരുന്നു അത്. തിരഞ്ഞെടുപ്പിന്റെ രണ്ടാഴ്ചമുമ്പ് മാത്രമേ കാര്യമായ പ്രവര്‍ത്തനമുണ്ടാവൂ. കെ.എസ്.യു.വിന് മേല്‍ക്കൈയുള്ള ഒരു കാമ്പസ് ആയിരുന്നു അത്. സ്വതന്ത്രചിന്തയുടെ വലിയൊരു അന്തരീക്ഷമുണ്ടായിരുന്നു. പ്രഗല്ഭരായ അധ്യാപകര്‍ ഒരുപാടുപേരുണ്ടായിരുന്നു. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഴിമതിയില്ലാത്ത ഒരു കോളേജ്. കുട്ടികളെ പ്രവേശിപ്പിക്കുമ്പോഴും അധ്യാപകരെ നിയമിക്കുമ്പോഴും കോഴ വാങ്ങിയിരുന്നില്ല. അധ്യാപകരൊക്കെ സ്വതന്ത്ര ചിന്താഗതിയുള്ളവരായിരുന്നു. ക്രിസ്ത്യന്‍ മാനേജ്മെന്റ് ആണെങ്കിലും അടിച്ചമര്‍ത്തി ഭരണം ഇല്ല. ഗംഭീരമായ ലൈബ്രറിയുമുള്ള കാമ്പസ്. ഏതു വിഷയത്തെക്കുറിച്ചും കൂടുതലായി അറിയാനും പഠിക്കാനും സാധ്യതയുള്ള ലൈബ്രറിയായിരുന്നു. ആ സമയത്തും പുറത്ത് ദേശീയവും അന്തര്‍ദേശീയവുമായ വലിയ സംഭവങ്ങള്‍ നടക്കുന്നുണ്ട്. പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ തൂക്കിക്കൊല്ലുന്നതും അമേരിക്കന്‍ പ്രസിഡന്റായി റെയ്ഗന്‍ വരുന്നതും ഇറാനില്‍ വിദ്യാര്‍ഥികളുടെ പ്രക്ഷോഭം നടക്കുന്നതുമൊക്കെ ആ സമയത്താണ്. ഇന്ദിരാഗാന്ധിയുടെ പരാജയം, തിരിച്ചുവരവ്, കൊലപാതകം, സിഖ് കലാപം ഒക്കെ ആ സമയത്തെ അടയാളപ്പെടുത്തുന്ന കാര്യങ്ങളാണ്. 1985-ല്‍ എം.എ. പാസായി ഞാന്‍ എറണാകുളം ലോ കോളേജില്‍ ചേര്‍ന്നു. ലോ കോളേജ് ഇന്നത്തെപ്പോലെ അങ്ങനെ രാഷ്ട്രീയമുള്ള ഒരു സ്ഥലമല്ലായിരുന്നു. 1988-ല്‍ എല്‍എല്‍.ബി. പാസായി എറണാകുളത്ത് എം. രാമചന്ദ്രന്റെ ഒപ്പം പ്രാക്ടീസ് തുടങ്ങി. വളരെയധികം ലേബര്‍ കേസുകള്‍ കൈകാര്യംചെയ്തിരുന്ന അദ്ദേഹവും രാഷ്ട്രീയമൊക്കെ പ്രോത്സാഹിപ്പിക്കുന്ന ഒരാളായിരുന്നു. ഏഴുകൊല്ലം അദ്ദേഹത്തോടൊപ്പമായിരുന്നു.

സത്യത്തില്‍ ജയശങ്കറിന്റെ രാഷ്ട്രീയമായ ചായ് വ് എങ്ങോട്ടാണ്

= 1986തൊട്ട് സി.പി.ഐ. പാര്‍ട്ടി അംഗമാണ്. സാങ്കേതികമായി ഇപ്പോഴുമാണ്. പ്രത്യയശാസ്ത്രപരമായി ഞാനൊരു കമ്യൂണിസ്റ്റ് തന്നെയാണ്, പക്ഷേ, സ്റ്റാലിനിസത്തോട് എതിര്‍പ്പുണ്ട്.

പക്ഷേ, പിണറായി വിരുദ്ധനായാണ് ഇപ്പോള്‍ അറിയപ്പെടുന്നത്

= അടിസ്ഥാനപരമായി സമഗ്രാധിപത്യത്തിന് എതിരാണ് ഞാന്‍. സ്റ്റാലിനിസം, മാര്‍ക്‌സിസം, ഫാസിസം എല്ലാം ഇതിന്റെ തന്നെ വകഭേദങ്ങളാണ്. ഇതിന്റെയെല്ലാം അടിസ്ഥാനംതന്നെ സ്വതന്ത്രചിന്തയും സ്വതന്ത്രമായ ആശയപ്രകടനവും അനുവദിക്കാതിരിക്കുക എന്നതാണ്. അവരുടെ കര്‍ണേജപന്മാര്‍ക്കുമാത്രം അവസരം കൊടുക്കുക എന്നതാണ്. തന്നോടൊപ്പം നില്‍ക്കാത്തവരെല്ലാം തനിക്കെതിരാണ് എന്ന് വിശ്വസിക്കുന്ന ചിന്താഗതി വെച്ചുപുലര്‍ത്തുന്നവരാണ്. കഴിഞ്ഞ ലക്കങ്ങളിലൊന്നിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ രാമചന്ദ്ര ഗുഹയുടെ ഒരു ലേഖനമുണ്ട്, 'ഒരു ദേശീയ മോദിയും ഏഴ് സംസ്ഥാന മോദിമാരും' എന്ന പേരില്‍. പിണറായിയും മമതാ ബാനര്‍ജിയും അശോക് ഗഹ്ലോതും യോഗി ആദിത്യനാഥുമെല്ലാം അതില്‍ ഉള്‍പ്പെടുന്നവരാണെന്ന് ഗുഹ നിരീക്ഷിച്ചിട്ടുണ്ട്. എല്ലാ അധികാരങ്ങളും ഒരാളില്‍ കേന്ദ്രീകരിക്കുന്നതാണ് ഇവരുടെ പ്രശ്‌നം. ഇന്ദിരാഗാന്ധിയുടെയും പ്രശ്‌നം ഇതുതന്നെയായിരുന്നു. പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും ഭൂരിപക്ഷമുണ്ടാവുക, എല്ലാ സംസ്ഥാനങ്ങളിലും ഒരേ മുന്നണിയുടെ സര്‍ക്കാര്‍ ഭരിക്കുക. അപ്പോള്‍ ഭരണഘടന എങ്ങനെ വേണമെങ്കിലും മാറ്റാം, സുപ്രീംകോടതിയെ വെല്ലുവിളിക്കാം. ഇതായിരുന്നു ഇന്ദിരാഗാന്ധിയുടെ ധൈര്യം.

1967മുതല്‍ 1971വരെയുള്ള ഇന്ദിരാഗാന്ധിയല്ലായിരുന്നല്ലോ '71 തൊട്ട് '77 വരെയുള്ള ഇന്ദിരാഗാന്ധി. പാര്‍ലമെന്റിലും സംസ്ഥാനങ്ങളിലും ഭൂരിപക്ഷമുണ്ടാവുന്നതാണ് ഇതിന്റെ പ്രഭവകേന്ദ്രം. പിന്നെ അത്രയും അധികാരം കിട്ടിയത് നരേന്ദ്രമോദിക്കാണ്. രണ്ടാമതും ഭരണത്തില്‍വന്നപ്പോള്‍ എല്ലാ അധികാരങ്ങളും മോദിയില്‍ കേന്ദ്രീകരിച്ചു. 2014-ല്‍ ബി.ജെ.പി.യുടെ സര്‍ക്കാരാണെങ്കില്‍, 2019-ല്‍ വന്നത് മോദിയുടെ സര്‍ക്കാരാണ്. 1999-ല്‍ വാജ്പേയിയുടെ സര്‍ക്കാര്‍ വരുമ്പോള്‍ 24 പാര്‍ട്ടികളുള്ള ഒരു സഖ്യമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് അങ്ങനെ സമഗ്രാധിപത്യം പുലര്‍ത്താന്‍ പറ്റുമായിരുന്നില്ല. 23 ഘടകകക്ഷികളെയും പ്രീണിപ്പിക്കണം എന്നുള്ളതുകൊണ്ട് ഏകാധിപതിയായി മാറാന്‍ കഴിയില്ലായിരുന്നു. കൂടാതെ, ശക്തമായ പ്രതിപക്ഷമുണ്ടായിരുന്നു. മാധ്യമങ്ങളെയും സുപ്രീം കോടതിയെയുമൊക്കെ ഭയപ്പെടണം. 2014 ആയപ്പോഴേക്കും ബി.ജെ.പി.ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമായി. അപ്പോഴും പാര്‍ട്ടിക്കകത്ത് സുഷമാ സ്വരാജ്, രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയ കരുത്തരായ നേതാക്കളുണ്ടായിരുന്നു. 2019 ആയപ്പോഴേക്കും ഇത്തരത്തില്‍ ഒരു പ്രശ്‌നവുമില്ല. മോദിക്ക് പരിപൂര്‍ണമായ അധികാരവും ശക്തിയും ലഭിച്ചു. അധികാരം ഒരാളില്‍ കേന്ദ്രീകരിച്ചു.

ഇപ്പോള്‍ കേരളത്തില്‍ സംഭവിക്കുന്നതും ഇതുതന്നെയാണ്. പിണറായിക്ക് പാര്‍ട്ടിയടക്കം കീഴ്‌പ്പെട്ടിരിക്കുന്നു. നായനാര്‍ക്കോ അച്യുതാനന്ദനോ ഇങ്ങനെ ഒരു സൗകര്യമുണ്ടായിരുന്നില്ല. പാര്‍ട്ടിയുടെ ഒരു നിയന്ത്രണം ഉണ്ടായിരുന്നു. അങ്ങനെ ഒരു നിയന്ത്രണവുമില്ലാത്ത അവസ്ഥയെയാണ് ഞാന്‍ എതിര്‍ക്കുന്നത്.അല്ലാതെ പിണറായിയുമായി എനിക്കെന്ത് വ്യക്തിവിരോധം? മമതാ ബാനര്‍ജിക്ക് സംഭവിച്ചതും ഇതുതന്നെയാണ്. അവര്‍ എത്രയോ കാലം സി.പി.എമ്മിനോട് എതിര്‍ത്തുനിന്ന ഒരാളാണ്. അവര്‍ക്ക് അധികാരം കിട്ടുകയും പ്രതിപക്ഷം ദുര്‍ബലമാവുകയും ചെയ്തപ്പോള്‍ എതിരാളികളേയില്ല എന്ന അവസ്ഥ വന്നു. രണ്ടാമതും ഭൂരിപക്ഷം കിട്ടിയപ്പോള്‍ കൂടുതല്‍ കരുത്തയായി. പാര്‍ട്ടിക്കകത്തും എതിര്‍ക്കാന്‍ ആളില്ല. മൂന്നാമതും ഭൂരിപക്ഷം കിട്ടി, ഇനിയിപ്പോള്‍ ഒന്നും നോക്കാനില്ല എന്ന അവസ്ഥ. ഇതുതന്നെയാണ് ചന്ദ്രശേഖര്‍റാവുവിന്റെ കാര്യത്തിലും സംഭവിച്ചത്. യോഗി ആദിത്യനാഥിന്റെ കാര്യത്തിലും അതേ. ഉത്തര്‍പ്രദേശിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ അഞ്ചുകൊല്ലം തികച്ച് രണ്ടാമതും തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യപോലുള്ള ഒരു രാജ്യത്തില്‍ ജനാധിപത്യത്തിന് കുറെ പരിമിതികളുണ്ട്. അല്ലെങ്കില്‍പ്പിന്നെ ജവാഹര്‍ലാല്‍ െനഹ്രുവിനെപ്പോലെ അധികാരംകൊണ്ട് സ്വയം ദുഷിക്കാതിരിക്കുന്ന ആളാവണം.

സമഗ്രാധിപത്യം ശരിക്കും കമ്യൂണിസത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ത്തന്നെയുള്ള കാര്യമല്ലേ. ജനങ്ങളല്ല കമ്യൂണുകളാണ് പരമപ്രധാനം എന്നൊക്കെ പറഞ്ഞുവെക്കുന്നില്ലേ

= അതെ, കമ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്കുതന്നെ ആത്യന്തികമായി കാരണമാക്കിയത് ഇതാണ്. ജനാധിപത്യമില്ലായ്മ. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പില്ല എന്നതു മാത്രമല്ല. സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍, തെറ്റ് ചൂണ്ടിക്കാണിക്കാനുള്ള അവസരം, അതൊന്നുമില്ല. കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങളിലും സോവിയറ്റ് യൂണിയനിലുമെല്ലാം സംഭവിച്ചത് അതുതന്നെ. ആന്തരികമായുള്ള ഒരു ഛിദ്രം ആത്യന്തികമായി അതിന്റെ പതനത്തില്‍ ചെന്ന് അവസാനിക്കും. പശ്ചിമബംഗാളില്‍ സംഭവിച്ചതും മറ്റൊന്നല്ല.

ഫാസിസത്തിലും നാസിസത്തിലും സ്റ്റാലിനിസത്തിലുമെല്ലാം അടിസ്ഥാനപരമായി ഏകാധിപത്യസ്വഭാവമുണ്ട്. മുതലാളിത്തത്തില്‍ അതില്ല. എന്തൊക്കെ തകരാറുകളുണ്ടെങ്കിലും അമേരിക്കന്‍ പ്രസിഡന്റിന് ഒരിക്കലും ഒരു സ്റ്റാലിനായി മാറാന്‍ കഴിയില്ല. അവിടത്തെ സംവിധാനം അങ്ങനെയാണ്. ബ്രിട്ടനില്‍ എഴുതപ്പെട്ട ഒരു ഭരണഘടനയില്ല, മൗലികാവകാശങ്ങളില്ല, കോടതിക്ക് പാര്‍ലമെന്റ് പാസാക്കിയ നിയമം അസ്ഥിരപ്പെടുത്താനുള്ള അധികാരമില്ല. കേവലഭൂരിപക്ഷത്തില്‍ ഏത് നിയമവും പാസാക്കാം, അമ്പതിനെതിരേ അമ്പത്തൊന്നുപേര്‍ വോട്ടുചെയ്താല്‍ നിയമം പാസായി. യുദ്ധംവരെ പ്രഖ്യാപിക്കാം. പക്ഷേ, ഇതൊക്കെയുണ്ടെങ്കിലും ബ്രിട്ടനില്‍ പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് എങ്ങനെയാണ്? അവിടത്തെ സംവിധാനം അങ്ങനെയായതുകൊണ്ടാണ്. നിലവിലെ സമ്പ്രദായം വിട്ട് അപ്പുറത്തേക്ക് ഒന്നുംചെയ്യാന്‍പറ്റില്ല. ബ്രിട്ടീഷ് പാര്‍ലമെന്റിന് സ്ത്രീയെ പുരുഷനാക്കുന്നതും പുരുഷനെ സ്ത്രീയാക്കുന്നതും ഒഴിച്ച് ബാക്കിയെന്തും ചെയ്യാന്‍കഴിയും എന്നൊരു പറച്ചിലുണ്ട്. പക്ഷേ, അവിടെ അങ്ങനെ വലുതായൊന്നും നടക്കില്ല, കാരണം, ജനാധിപത്യസംസ്‌കാരം അങ്ങനെയാണ്. അതോടൊപ്പം മാധ്യമങ്ങളാവട്ടെ വളരെ ശക്തരും പ്രതിപക്ഷം ഏറെ ജാഗരൂകരുമാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ചെറിയൊരു വീഴ്ചപോലും പ്രതിപക്ഷം ചൂണ്ടിക്കാണിക്കും. ഇതുകൊണ്ടാണ് യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ ജനാധിപത്യം നിലനില്‍ക്കുന്നത്. നേരെമറിച്ച് ഇന്ത്യ പോലത്തെ ഒരു രാജ്യത്ത് ഇതൊന്നും പ്രാവര്‍ത്തികമാവില്ല. സത്യത്തില്‍ വളരെ വികസിതമായ മുതലാളിത്ത സമൂഹത്തില്‍ മാത്രമേ പശ്ചാത്യരീതിയിലുള്ള ജനാധിപത്യം വിജയിക്കുകയുള്ളൂ. മുതലാളിത്തത്തിന്റെ ഉപോത്പന്നമാണ് ശരിക്കും ജനാധിപത്യം. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യ വളരെ പ്രാകൃതമായ ഒരു ഫ്യൂഡല്‍ സൊസൈറ്റിയാണ്. ഇവിടെ അമേരിക്കയിലും ബ്രിട്ടനിലും ഒക്കെയുള്ള വിധത്തില്‍ ജനാധിപത്യസംവിധാനം വിജയിക്കില്ല. ഇവിടത്തെ ജനാധിപത്യം പറിച്ചുനട്ട ചെടിയാണ്, ഈ മണ്ണില്‍ പൊട്ടിമുളച്ചു വന്ന ഒന്നല്ല. അതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുരടിപ്പിന് കാരണം.

സി.പി.എമ്മിനെ നിശിതമായി വിമര്‍ശിക്കുമ്പോള്‍ ഭയം തോന്നാറുണ്ടോ

= അങ്ങനെ ഒരു ഭയം ഒരിക്കലും ഉണ്ടായിട്ടില്ല. കാരണം, ഞാന്‍ പറയുന്നതൊക്കെ സത്യമാണെന്ന് സി.പി. എമ്മിന്റെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമറിയാം. ഞാന്‍ വ്യക്തിലാഭത്തിനുവേണ്ടിയോ അല്ലെങ്കില്‍ സി.പി.എം. എന്ന പാര്‍ട്ടിയോടുള്ള വിദ്വേഷം കാരണമോ പറയുന്നതല്ല. അവരുടെ ചില പ്രവണതകളെ ഞാന്‍ എതിര്‍ക്കുന്നു എന്നുമാത്രം. കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്ത് അവരെയും രൂക്ഷമായി ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. അവരുടെയും ഭരണത്തിലെ പോരായ്മകളെയാണ് ഞാന്‍ എതിര്‍ക്കുന്നത്.

പിണറായി വിജയനുമായി നേരിട്ട് എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടോ

= ഇല്ല. ഒരിക്കല്‍ തൃശ്ശൂര്‍ പൂരത്തിനിടയ്ക്ക് ഇലഞ്ഞിത്തറ മേളം നടക്കുമ്പോള്‍ അദ്ദേഹം പെരുവനം കുട്ടന്‍മാരാരെ ഹാരാര്‍പ്പണം ചെയ്യാന്‍ വന്നു. അതുകഴിഞ്ഞ് ഉടനെ തിരിച്ചുപോയി. അന്നാണ് അദ്ദേഹത്തെ നേരിട്ട് കാണുന്നത്, നേര്‍ക്കുനേര്‍ കണ്ടിട്ടില്ല.

കെ. കരുണാകരനെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്.

= കെ. കരുണാകരന്‍ ഒരു ഗംഭീരകഥാപാത്രമായിരുന്നു. കോണ്‍ഗ്രസ്പോലെയുള്ള ഒരു പാര്‍ലമെന്ററി പാര്‍ട്ടിയില്‍ മുപ്പതുകൊല്ലം ലീഡറായി ഇരിക്കുക എന്നത് ചില്ലറക്കാര്യമാണോ? പ്രായോഗിക രാഷ്ട്രീയത്തിന്റെ എല്ലാ അടവുകളും പഠിച്ച് പയറ്റിയ ഒരു അങ്കച്ചേകവരായിരുന്നു കെ. കരുണാകരന്‍.

കേരളരാഷ്ട്രീയത്തിന്റെ ഭാവി എങ്ങനെയാണ്

= വളരെ മോശപ്പെട്ട രീതിയിലേക്കാണ് പോവുന്നത്. ഇനി വരാന്‍പോവുന്നത് ഇതിലും ജീര്‍ണിച്ച ആളുകളാണ്. വലിയ മുതലാളിമാര്‍ രാഷ്ട്രീയക്കാരുടെ സ്ഥാനം ഏറ്റെടുക്കും. പിണറായി-അച്യുതാനന്ദന്‍ കാലം കഴിഞ്ഞു, ആന്റണി-കരുണാകരന്‍ കാലവും ഉമ്മന്‍ചാണ്ടി യുഗവും ഒക്കെ അവസാനിച്ചു. ഇനി ഇങ്ങനെയുള്ളവര്‍ക്ക് വലിയ സ്‌കോപ്പില്ല. മൂലധനശക്തികളുടെ സ്വാധീനം വര്‍ധിക്കും. അത് ഇപ്പോള്‍ത്തന്നെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ അജന്‍ഡകള്‍ക്ക് യോജിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കും. ദേശീയ രാഷ്ട്രീയത്തില്‍ അങ്ങനെയായിക്കഴിഞ്ഞു. ടാറ്റ-ബിര്‍ള കാലം കഴിഞ്ഞു, അംബാനിയും അദാനിയും വന്നപ്പോഴുള്ള മാറ്റം നമ്മള്‍ കണ്ടു. ഏതുപാര്‍ട്ടി ജയിച്ചാലും ഇവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചേ കാര്യങ്ങള്‍ നടക്കുകയുള്ളൂ. അധോലോകരാഷ്ട്രീയം എന്നുപറഞ്ഞാല്‍ ഇതാണ്.

ഈ ഒരു സാഹചര്യത്തിലും വോട്ടര്‍മാര്‍ക്ക് രാഷ്ട്രീയപ്പാര്‍ട്ടികളോടും നേതാക്കന്മാരോടുമുള്ള വിധേയത്വം കേരളത്തില്‍ വളരെ പ്രകടമാണ്

= അത് വളരെ പരിമിതമാണ്. ഈ കരുതുന്നപോലെയുള്ള വിധേയത്വമൊന്നും ആര്‍ക്കുമില്ല. ജാഥകള്‍ക്ക് പോവുന്ന ആള്‍ക്കാര്‍ക്ക് പോലും ആത്മാര്‍ഥമായ കൂറോ, പ്രതിപത്തിയോ, വിധേയത്വമോ ഒന്നുമില്ല. താത്കാലികമായ നിലനില്‍പ്പിനുവേണ്ടി ഏതെങ്കിലും പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ കോഴിക്കോട്, വടകര, കാസര്‍കോട് മണ്ഡലങ്ങളിലെ വോട്ടിന്റെ ഒരു പാറ്റേണ്‍ എടുത്തു നോക്കിയാല്‍ ഇത് കൃത്യമായി മനസ്സിലാവും. ഇതിന് അത്ര വലിയ വിശദീകരണമൊന്നും ആവശ്യമില്ല. കള്ളവോട്ട് ചെയ്യാന്‍ പോയ ആളുകള്‍ വരെ വോട്ട് മാറ്റിച്ചെയ്യും അതാണ് കാലം.

(തുടരും)

Content Highlights: Adv. A Jayasankar Interview

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Lekshmi Menon
Premium

9 min

ചേക്കുട്ടിപ്പാവ, അമ്മൂമ്മത്തിരി, ചൂലാല, ശയ്യ....! പുത്തനാശയങ്ങളുടെ ആശാനാണീ ലക്ഷ്മി

May 4, 2023


P Prabhakar
Premium

14 min

വംശഹത്യയ്ക്കുള്ള ആഹ്വാനം ചെങ്കോട്ടയിൽനിന്ന് മുഴങ്ങുന്ന കാലം വിദൂരമല്ല: പറക്കാല പ്രഭാകർ

Jul 10, 2023


Rajasenan
Premium

4 min

കലാകാരന്മാര്‍ക്ക് പിന്തുണയില്ല, കൈയില്‍നിന്ന് കാശിറക്കി ബി.ജെ.പിയെ സഹായിച്ചു- രാജസേനന്‍

Jun 9, 2023


Most Commented